സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ആദ്യദിനം നേരം ഏറെ വൈകി. തിരുവാതിരക്കളിയുടെ ഫലം വരാനുള്ള കാത്തിരിപ്പിലായിരുന്നു ടീച്ചര്‍. ആപ്പില്‍ തള്ളിയതുകൊണ്ട് കോടതി ഉത്തരവ് സമ്പാദിച്ച് എത്തിയ കുട്ടികളാണ്. കാത്തിരിപ്പിനൊടുവില്‍ ഫലം വന്നു. സുധ ടീച്ചറുടെ കുട്ടികള്‍ ആഘോഷതിമിര്‍പ്പിലാണ്. ജില്ലയില്‍ നിന്ന് തഴയപ്പെട്ടെങ്കിലും സംസ്ഥാനത്ത് അവര്‍ എ ഗ്രേഡ് നേടിയിരിക്കുന്നു. കുട്ടികള്‍ക്കൊപ്പം ടീച്ചറും വീകാരധീനയായി, സന്തോഷം കൊണ്ട് വാക്കുകള്‍ മുറിഞ്ഞു, കണ്ണുകള്‍ നിറഞ്ഞു. 

ഇക്കുറിയും തൃശൂര്‍ സ്വദേശിയായ തിരുവാതിര ടീച്ചര്‍ സുധ കുറൂറിന് സംസ്ഥനതലത്തില്‍ മത്സരിക്കാന്‍ 10 ടീമുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി തുടര്‍ച്ചയായി സുധ ടീച്ചറിന്റെ കുട്ടികള്‍ തന്നെയാണ് തിരുവാതിരകളിയില്‍ ഒന്നാമതെത്തുന്നത്. പതിവ് തെറ്റിയില്ല. മത്സരിച്ച പത്തു ടീമുകള്‍ക്കും എ ഗ്രേഡ് ഉണ്ടായിരുന്നു. ഇതില്‍ ചില ടീമുകള്‍ ജില്ലയില്‍ നിന്ന് അപ്പില്‍ തള്ളി കോടതി ഉത്തരവ് വഴി എത്തിയവരാണ്. ജില്ലയിലും ടീച്ചര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ തമ്മിലാണ് എപ്പോഴും മത്സരം വരിക. അവര്‍ പരസ്പരം മത്സരിച്ച് ഒന്നാമതെത്തും. എന്താണ് ഇതിന്റെ രഹസ്യം എന്നു ചോദിച്ചാല്‍ കുട്ടികളെ അറിഞ്ഞ് ചുവടുകള്‍ നല്‍കുമെന്നാണ് ടീച്ചറിന്റെ പക്ഷം.

കഴിഞ്ഞ് 14 വര്‍ഷമായി തിരുവാതിര പഠിപ്പിക്കുന്നുണ്ട്. 10 വര്‍ഷമായി ടീച്ചറുടെ ടീമുകള്‍ക്കു തന്നെയാണ് ആദ്യ ഗ്രേഡുകള്‍. അനുഷ്ഠാന കലയായതുകൊണ്ട് തന്നെ പാരമ്പര്യമായി അമ്മയില്‍ നിന്ന് തിരുവാതിര അഭ്യസിപ്പിച്ചിരുന്നു. ഈ പാരമ്പര്യം ചോരാതെ ചുവടുകളിലും സംഗീതത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍ ടീച്ചര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ സുധ ടീച്ചറുടെ തിരുവാതിര മറ്റെല്ലാ ടീമുകളില്‍ നിന്നും വ്യത്യസ്തമാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ തിരുവാതിര അഭ്യസിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിനു കുട്ടികള്‍ക്ക് തിരുവാതിരയുടെ ചുവടുകള്‍ പകര്‍ന്നു നല്‍കിക്കഴിഞ്ഞു.

സ്‌കൂളുകളില്‍ മാ്രതമല്ല കോളേജുകളിലും പ്രായമായവരെയും അഭ്യസിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ മറക്കാനാവാത്ത സംഭവങ്ങളില്‍ ഒന്ന് ജോലിയില്‍ നിന്ന് വിരമിച്ചവരെ തിരുവാതിര പഠിപ്പിച്ചതാണെന്ന് സുധ ടീച്ചര്‍ പറയുന്നു. തിരുവാതിര കളിച്ചു തുടങ്ങിയതോടെ അവര്‍ വീണ്ടും ചെറുപ്പമായി. കൂടുതല്‍ ഊര്‍ജ്ജസ്വലരായി.

മറ്റു നൃത്തരൂപങ്ങളെ അപേക്ഷിച്ച് തിരുവാതിര ഇപ്പോഴും യുവജനോത്സവ വേദികളില്‍ കടുത്ത അവഗണനയാണ് നേരിടുന്നത്. തിരുവാതിരയ്ക്ക് മാത്രമായി ഒരു വിധികര്‍ത്താവില്ല എന്നതും പ്രശ്‌നമാണ്. മറ്റു നൃത്തരൂപങ്ങള്‍ പഠിച്ചവരാണ് തിരുവാതിരയ്ക്കും മാര്‍ക്കിടാനായി എത്തുന്നത്. അതൊരു വലിയ പോരായ്മയായി ടീച്ചര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മാര്‍ക്കിടുമ്പോള്‍ പാട്ടിന് മാര്‍ക്കില്ല എന്നതും വലിയ വെല്ലുവിളിയാണ്. പാട്ടില്ലാതെ എങ്ങനെ ഒരു നൃത്തത്തിന് ജീവനുണ്ടാകുമെന്ന് സുധ ടീച്ചര്‍ ചോദിക്കുന്നു.

കലോത്സവം കഴിഞ്ഞാലും ടീച്ചര്‍ക്ക് വിശ്രമമില്ല. ഇനി യൂണിവേഴ്സ്റ്റിയിലേയ്ക്കുള്ള കുട്ടികളെ പരിശീലിപ്പിക്കണം. തിരക്കിനിടയില്‍ ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യുന്നു എന്നു ചോദിച്ചാല്‍ ചിരിച്ചുകൊണ്ടു ടീച്ചര്‍ പറയും അടുക്കളയില്‍ ആഹാരം പാചകം ചെയ്യുമ്പോഴും ഞാന്‍ കൊറിയോഗ്രഫി ചെയ്യും. കൂട്ടമായി ചെയ്യേണ്ട ചുവടുകള്‍ തനിച്ചു് ചെയ്തുനോക്കും. എന്റെ രക്തത്തില്‍ ഇതുണ്ട്. തിരുവാതിരയോട് അടങ്ങാത്ത അവേശവും ആഗ്രഹവുമാണ് അതുകൊണ്ട് തന്നെ ഇതില്ലാതെ എനിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല-ടീച്ചര്‍ പറഞ്ഞു.

Content Highlights: Kalolsavam2018 State School Youth Festival