മകളെ നർത്തകിയായി വളർത്താൻ ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന അമ്മ. അവരുടെ ആഗ്രഹം പോലെ തൊട്ടതെല്ലാം പൊന്നാക്കുന്ന മകൾ. ഹൈസ്‌കൂൾ കുച്ചുപ്പുഡിയിലും ഭരതനാട്യത്തിലും എ ഗ്രേഡ് ജേതാവ്. കയ്യൂർ ജി.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ്സുകാരി പാർവതീകൃഷ്ണയുടെ ജീവിതം ഇങ്ങനെ ചുരുക്കിപ്പറയാം. പാർവതി അരങ്ങിൽ നേട്ടങ്ങൾ കൊയ്തുകൂട്ടുമ്പോൾ കുടുംബത്തിന്റെ കടബാധ്യതകൾ പെരുകുകയാണ്. അഞ്ചുലക്ഷത്തിലധികം രൂപയുടെ ബാധ്യതയ്ക്ക് മീതെയാണ് അത്. അരങ്ങുകളിൽനിന്ന് അരങ്ങുകളിലേക്കുള്ള യാത്രയുണ്ടാക്കിയ ബാധ്യതയാണിത്. അച്ഛൻ ഉണ്ണിക്കൃഷ്ണൻ 22 വർഷമായി സ്വകാര്യബസ് കണ്ടക്ടറാണ്.

പാർവതി രണ്ടര വയസുള്ളപ്പോൾ നൃത്തം പഠിച്ചുതുടങ്ങി. എൽ.പി.തലത്തിൽ കലോത്സവങ്ങളിൽ നൃത്ത ഇനങ്ങളിലെല്ലാം ഒന്നാമതായിരുന്നു. യു.പി. ക്ലാസ്സിലെത്തിയപ്പോഴേക്കും കലോത്സവങ്ങളിൽ പങ്കെടുക്കാൻ കൂടുതൽ ചെലവായി. ഇതോടെ, വീട് പട്ടിണിയിലാകുന്ന സ്ഥിതിയായി. അങ്ങനെയാണ്, അമ്മ ബിന്ദു ബസ് കണ്ടക്ടറാകുന്നത്. കലോത്സവങ്ങളുടെ കാലമാകുമ്പോൾ സഹകരണ ബാങ്കുകളിൽനിന്നും മറ്റുമായി വലിയതുക വായ്പയെടുക്കേണ്ടിവരും. ഇരുവരും ഒരു വർഷത്തോളം ജോലി ചെയ്ത് കടം ഏകദേശം വീട്ടിവരുമ്പോൾ, അടുത്ത വർഷത്തെ കലോത്സവമാകും.
കഴിഞ്ഞവർഷം കുച്ചുപ്പുഡി, ഭരതനാട്യം, നാടോടി നൃത്തം എന്നിവയിൽ എ ഗ്രേഡുണ്ടായിരുന്നു. അന്ന് രണ്ടുലക്ഷം രൂപയോളം ചിട്ടിപിടിച്ചു. ഈ ബാധ്യത ഇപ്പോഴും തുടരുന്നു.

ഇത്തവണത്തെ മത്സരങ്ങൾക്കായി ചീമേനി, ക്ലായിക്കോട് ബാങ്കുകളിൽനിന്നായി ഒന്നരലക്ഷം  രൂപ വായ്പയെടുത്തു. സ്വർണാഭരണങ്ങൾ പണയപ്പെടുത്തി 50,000 രൂപ കൂടി സംഘടിപ്പിച്ചു. പലവഴികളിലായി രണ്ടുലക്ഷം രൂപകൂടി ബാധ്യതയുണ്ടെന്ന് ബിന്ദു പറയുന്നു. മൂത്ത മകൻ ബെംഗളൂരുവിൽ പഠിക്കുന്നു. വിദ്യാഭ്യാസ വായ്പയുടെ ഇനത്തിലെ ബാധ്യത വേറെയും.

ബിന്ദുവിന്റെ അമ്മ യശോധയ്ക്ക് പഞ്ചായത്തിൽനിന്ന് അനുവദിച്ച വീട്ടിലാണ് ഇവരുടെ താമസം. കിടപ്പിടം ഇല്ലെങ്കിലും ജീവിക്കാം. മകളുടെ കഴിവിനൊപ്പം നിൽക്കാൻ കഴിയാതിരിക്കുന്നതിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ലെന്ന് ബിന്ദു പറഞ്ഞു. നാടോടിനൃത്തത്തിലും പാർവതി മത്സരിക്കുന്നുണ്ട്. ഞായറാഴ്ച ഇതുകൂടി എ ഗ്രേഡിൽ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അമ്മയും മകളും.

Content Highlights: 59th Kerala School Kalolsavam 2018