ആലപ്പുഴ: അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ ഇത്തവണയും കയ്യടി നേടിയത് കാറല്‍സ്മാന്റെ വീരചരിതം. ഗോതുരുത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് നാടകം അവതരിപ്പിച്ചത്. കാറല്‍സ്മാന്‍ നാടകത്തില്‍ നിന്നുള്ള യുദ്ധഭാഗമായിരുന്നു വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്.

എറണാകുളം വടക്കന്‍ പറവൂരിൽ നിന്നുള്ള തമ്പി പയ്യപ്പള്ളിയാണ് വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചത്. എട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന പ്രതാപശാലിയായ ചക്രവര്‍ത്തിയായിരുന്നു ചാള്‍സ് മെയ്ന്‍ എന്ന കാറല്‍സ്മാന്‍. അദ്ദേഹത്തിന്റെ വീരയോദ്ധാക്കളായ പന്ത്രണ്ടുപേരും തുര്‍ക്കിദേശത്തിന്റെ അധിപന്‍ അള്‍ബ്രാര്‍ ചക്രവര്‍ത്തിയുമായുള്ള പോര്‍വിളിയുടേയും യുദ്ധത്തിന്റേയും കഥയാണ് നാടകത്തിന്റെ ഇതിവൃത്തം. കാറല്‍സ്മാന്‍ നാടകമാണ് താന്‍ ഉറച്ചുപഠിച്ചതെന്നും ഏറ്റവും കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

ആലപ്പുഴ കലോത്സവത്തില്‍ ചവിട്ട് നാടകങ്ങളില്‍ പങ്കെടുക്കുന്നവരില്‍ എട്ടു ടീമുകളേയും പരിശീലിപ്പിച്ചത് ഇദ്ദേഹമാണ്. ചെന്തമിഴാണ് നാടകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ. രണ്ട് ടീമുകളാണ് ഈ കലോത്സവത്തില്‍ അതും ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കാറല്‍സ്മാന്‍ നാടകം അവതരിപ്പിച്ചത്. പത്ത് പേരാണ് ഒരു കലോത്സവ നാടകസംഘത്തില്‍ ഉണ്ടാവുക.

Content Highlights: Charlemagne Chavittunadakam, 59th State School Yoth Festival