ശബ്ദാനുകരണത്തിലെ സ്വന്തം ​ഗുരുവായ ടി.വി.നാരായണന്റെ കൈപിടിച്ചാണ് അഭിഷേക് കലോത്സവ വേദിയിലെത്തിയത്. ആദ്യ ക്ലസ്റ്ററിലെ രണ്ടാം മത്സരാർഥിയായി മൈക്കിനരികിലേക്ക്. പ്രളയദുരന്തത്തെ ഓർത്തെടുത്ത് മത്സരിക്കാൻ തുടങ്ങി. രാമഭദ്രൻ എന്ന സാങ്കൽപ്പിക കഥാപാത്രത്തിന്റെ ഒരു ദിവസത്തെ സഞ്ചാരമായിരുന്നു വിഷയം. വേദിയിൽ നിന്നിറങ്ങുമ്പോൾ നിലയ്ക്കാത്ത കയ്യടി അഭിഷേകിന്റെ കാതുകളിൽ പതിച്ചു.

കാസർ​ഗോഡ് ജി.വി.എച്ച്.എസ്.എസിലെ എട്ടാം തരം വിദ്യാർത്ഥിയായ അഭിഷേകിന് ജന്മനാ കാഴ്ചശക്തിയില്ല. ആറാം ക്ലാസുമുതലാണ് അഭിഷേക് മിമിക്രി ഒരു ​ഗുരുവിന് കീഴിൽ അഭ്യസിക്കാൻ തുടങ്ങുന്നത്. ഈ വർഷമാണ് ഇപ്പോൾ പഠിക്കുന്ന സ്കൂളിലേക്ക് അഭിഷേക് എത്തുന്നത്. സ്കൂൾ തല മത്സരത്തിലെ പ്രകടനമാണ് നാരായണൻ മാഷിനെ അഭിഷേകിലെ പ്രതിഭയെ കണ്ടെത്താൻ സഹായിച്ചത്. പിന്നീട് കഠിനമായ പരിശീലനമായിരുന്നു.  എന്തിനെ അനുകരിക്കുമ്പോഴും സംഭാഷണം തെറ്റാൻ പാടില്ല എന്നതാണ് നാരായണൻ മാസ്റ്റർ തനിക്ക് നൽകിയ ഉപദേശമെന്ന് അഭിഷേക് പറയുന്നു. ശബ്ദം കൃത്യമായി നല്ല ഉച്ചത്തിൽ വരണം. ഇതൊക്കെയാണ് നാരായണൻ മാസ്റ്റർ അഭിഷേകിന് നൽകിയിരിക്കുന്ന മറ്റ് ഉപദേശങ്ങൾ. 

ശിഷ്യനേക്കുറിച്ച് പറയുമ്പോൾ ​ഗുരുവിന്റെ വാക്കുകളിൽ അഭിമാനവും ആത്മവിശ്വാസവും നിറഞ്ഞുനിൽക്കുന്നു. ശബ്ദങ്ങൾ വാട്സാപ്പിൽ അയച്ചുകൊടുത്താണ് നാരായണൻ മാസ്റ്റർ അഭിഷേകിനെ മിമിക്രി അഭ്യസിപ്പിച്ചത്. സ്കൂളിൽ ഒഴിവുവരുന്ന പീരിയഡുകളും പരിശീലനത്തിനായി ഉപയോ​ഗിച്ചു. ജില്ലാതലത്തിലേതുപോലെ സംസ്ഥാന കലോത്സവത്തിലും അഭിഷേക് മികച്ച പ്രകടനം കാഴ്ചവെച്ചെന്നാണ് നാരായണൻ സാറിന്റെ അഭിപ്രായം.

വലുതാവുമ്പോൾ ആരാവണം എന്ന ചോദ്യം ചോദിച്ചപ്പോൾ അഭിഷേകിന് മറുപടി പറയാൻ ഒട്ടും ആലോചിക്കേണ്ടിവന്നില്ല. എനിക്ക് മിമിക്രിക്കാരനാവണം എന്നായിരുന്നു ആ മറുപടി.