സ്‌കൂളിന്റെ ഒന്നാംനില മുങ്ങിപ്പോയി. ബെഞ്ചും ഡെസ്‌കും ഉള്‍പ്പെടെയെല്ലാം നഷ്ടപ്പെട്ടു. ലാബുകളില്‍ ഒന്നും മിച്ചമുണ്ടായില്ല- മഹാപ്രളയത്തിന്റെ നാളുകള്‍ ഓര്‍ത്തെടുത്തപ്പോള്‍ പത്തനംതിട്ടയിലെ ആറന്മുള കിടങ്ങന്നൂര്‍ എസ്.വി.ജി.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഷ്ടമി ആര്‍.നായര്‍ക്ക് ഇപ്പോഴും അങ്കലാപ്പ്. സെയ്ന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളിലെ വേദിയില്‍ കുച്ചിപ്പുഡിക്ക് ഊഴം കാത്ത് നില്‍ക്കുകയായിരുന്നു ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന അഷ്ടമി.

'ഒരാഴ്ചയോളം നാടെല്ലം വെള്ളത്തിലായിരുന്നു. വൈദ്യുതിയില്ല. കുടിവെള്ളമില്ല. ഉറ്റവരെല്ലാം പലവഴിക്കായി. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ലോകാവസാനമാണെന്ന് പറഞ്ഞവരുണ്ട്. വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് നഷ്ടങ്ങളുടെ കണക്കറിയുന്നത്. ഒത്തിരി വീടുകളും കടകളും മുങ്ങിയിരുന്നു. സാധനങ്ങളെല്ലാം ഒഴുകിപ്പോയി.

അടുത്ത കൂട്ടുകാരിയും നര്‍ത്തകിയുമായ ശ്രേയയുടെ വീട്ടില്‍ വലിയ നഷ്ടമുണ്ടായി. വീട്ടുസാധനങ്ങളെല്ലാം നശിച്ചു. കൂട്ടത്തില്‍ ശ്രേയയുടെ ചിലങ്കയും നൃത്തത്തിനുള്ള വസ്ത്രങ്ങളും. ഞങ്ങള്‍, നൃത്തം പഠിക്കുന്ന ആറന്മുള സത്രം കടവിലെ കളരിയില്‍ ഒന്നും മിച്ചമുണ്ടായിരുന്നില്ല. സ്‌കൂളിന്റെ മുകള്‍നിലയിലെ സാധനങ്ങള്‍ മാത്രമാണ് സുരക്ഷിതമായുണ്ടായിരുന്നത്- പ്രളയകാലത്തെപ്പറ്റി പറയുമ്പോള്‍ അരങ്ങിലേക്കായി എഴുതി ഒരുക്കിയ അവളുടെ കണ്ണ് നിറഞ്ഞു. പ്രശസ്തമായ കടമ്മനിട്ട പടയണി നടക്കുന്ന കടമ്മനിട്ട ദേവീ ക്ഷേത്രത്തിനടുത്താണ് അഷ്ടമിയുടെ വീട്.

ഉയര്‍ന്ന പ്രദേശമായതിനാല്‍ വീട്ടില്‍ വെള്ളമെത്തിയില്ല. പക്ഷേ, നാട്ടുകാരനുഭവിച്ച ദുരന്തങ്ങള്‍ അഷ്ടമിയുടെ വാക്കുകളില്‍ നിറയുന്നുണ്ടായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രേയയ്ക്ക് ഇത്തവണ മത്സരത്തിനിറങ്ങാനെ കഴിഞ്ഞില്ല. പ്രളയം അവളുടെ ചുവടുകള്‍ക്ക് മീതെയാണ് പടര്‍ന്നൊഴുകിയത്. ആടയാഭരണങ്ങളും ചിലങ്കയും പ്രളയമെടുത്തുപോയി.

വലിയ പ്രതീക്ഷയോടാണ് ശ്രേയ ഇത്തവണ പരിശീലനം തുടങ്ങിയതെന്ന് പരിശീലകനായ ദീപക് നായര്‍ പറഞ്ഞു. ശ്രേയയ്ക്കും ഇവരുടെ സ്‌കൂളിനും അതിജീവനത്തിനുള്ള ഊര്‍ജം പകരാനുള്ള ചുവടുകളാണ്, കുച്ചിപ്പുഡി വേദിയില്‍ അഷ്ടമി ആടിത്തീര്‍ത്തത്. പത്തനംതിട്ട റവന്യൂ ജില്ലയില്‍ 13 വര്‍ഷമായി പോയിന്റ് നിലയില്‍ ഒന്നാമതെത്തുന്ന സ്‌കൂളാണ് കിടങ്ങന്നൂര്‍. ഇത്തവണ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും പോയിന്റ് നിലയിലെ മേധാവിത്വം തുടരാനായി.

Content Highlights: Alapuzha, 59th Kalolsavam 2018, Kuchippudi