പമാനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മുകളില്‍ ആഷിഖ് പറന്നുയരുകയാണ്, ഒരു ഫിനിക്‌സ് പക്ഷിയേപ്പോലെ. എല്ലാം പ്രകൃതി തന്നെയാണെന്ന്  ഉറക്കെ പറഞ്ഞു കൊണ്ട്. ആലപ്പുഴയില്‍ നടന്ന 59-ാം സ്‌കൂള്‍ കലാത്സവവേദിയില്‍ കുച്ചിപ്പുടി അവതരിപ്പിക്കുന്നതിനിടയിലായിരുന്നു തലയിലെ വാര്‍മുടി അഴിഞ്ഞു വീണ് ആഷിഖ് വേദിയില്‍ വീണുപോയത്. ഇടുക്കി മുരിക്കാശ്ശേരി സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ആഷിഖ്.

വീണിടത്തു നിന്ന്  എഴുന്നേറ്റ് അവന്‍ നൃത്തം തുടര്‍ന്നു. വീണുപോകാന്‍ പാടില്ല. ജീവനാണ്, ജീവിതമാണ് ആഷിഖിന് ഈ നൃത്തം. നൃത്തമില്ലായിരുന്നെങ്കിൽ ആത്മഹത്യ ചെയ്യുമായിരുന്നു എന്ന അവന്റെ വാക്കുകളുടെ പിന്നാലെ അവനൊപ്പം നടന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അവഗണനയുടേയും അപമാനത്തിന്റെയും വേദന കിനിയുന്ന ഭൂതകാലമായിരുന്നു. 

സമുദായത്തിലെ എതിര്‍പ്പുകളെ അവഗണിച്ച് നൃത്തം പഠിച്ചതിന്റെ പേരില്‍ നേരിടേണ്ടിവന്ന കടുത്ത അവഗണനകള്‍. ശബ്ദത്തിലും രൂപത്തിലും സ്‌ത്രൈണതയുള്ളതു കൊണ്ട് സഹിക്കേണ്ടി വന്ന അപമാനങ്ങള്‍. ശിഖണ്ഡിയെന്ന വിളികള്‍. ഇതിനെയെല്ലാം മറികടക്കാന്‍ ഒരു മരുന്നുപോലെ ആഷിഖ് തന്റെ നൃത്തത്തെ ചേര്‍ത്തു പിടിക്കുന്നു. സ്വത്വത്തിന്റെ പേരിലും നൃത്തത്തിന്റെ പേരിലും ആഷിഖ് നേരിട്ട അപമാനത്തെക്കുറിച്ച് സംസ്ഥാന സ്കൂൾ കലോത്സവ വേദിയില്‍ നിന്ന് മാതൃഭൂമി ഡോട്‌ കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുശേഷം തന്റെ ജീവിതത്തില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത മാറ്റങ്ങള്‍ വന്നുവെന്ന് സന്തോഷത്തോടെ ആഷിഖ് പറയുന്നു.

സ്വത്വത്തിന്റെ പേരില്‍ അപമാനിച്ചവരും മാറ്റി നിര്‍ത്തിയവരും ആഷിഖിന്റെ അടുത്തെത്തി അവനെ ചേര്‍ത്തു പിടിച്ചു. ഒഴിവാക്കി നടന്നിരുന്നവരില്‍ പലരും ഓടി അരികിലെത്തി. ഇത്രയും ഭാരം നീ ഉള്ളില്‍ വഹിച്ചിരുന്നോ എന്ന് അനുകമ്പയോടെ ചോദിച്ചു. 

storyചിലര്‍ ഓടിയെത്തി എന്റെ  കൈകളില്‍ ചുംബിച്ചു. പിണക്കത്തിലായിരുന്ന സുഹൃത്തുക്കള്‍ വീണ്ടും സൗഹൃദവുമായി എത്തി. മകന്‍ എവിടെ? അവന്‍ എത്തിയാല്‍ പറയണേ എന്ന് ഒഴിവാക്കിപ്പോയിരുന്ന പലരും ആഷിഖിന്റെ അമ്മയോട് ചോദിച്ചു തുടങ്ങി. അതേ, ജീവിതത്തില്‍ ഇപ്പോള്‍ നല്ല മാറ്റമുണ്ട്. ആളുകള്‍ തന്നെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്.

തന്റെ ജനറേഷനിലുള്ളവര്‍ ഇപ്പോള്‍ ഒഴിവാക്കനല്ല ഒപ്പം നടക്കാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ തന്റെ രൂപത്തെയും ഭാവത്തെയും അംഗീകരിച്ചു കഴിഞ്ഞുവെന്ന് ആഷിഖ് പറയുന്നു. എന്നാല്‍ ഇനിയും അംഗീകരിക്കാത്തവരുമുണ്ട്. താന്‍ മാത്രമല്ല, തന്നെ പോലെയുള്ളവര്‍ എല്ലാം നേരിടുന്നത് ഈ അവഗണനയും അപമാനവുമാണ്.  മലയാളികളില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ അപമാനം നേരിടേണ്ടി വരുന്നത്-അനുഭവങ്ങളിൽ തൊട്ട് ആഷിഖ് പറയുന്നു.

Read More: 'ശിഖണ്ഡി, നീ എന്തിന് ജീവിക്കുന്നു'.... ആ വിളിക്കും തകര്‍ക്കാന്‍ കഴിഞ്ഞില്ല അവന്റെ ആത്മവിശ്വാസത്തെ

 ഒരു സത്വവും പ്രകൃതിയില്ല നിന്നു ഭിന്നമല്ല. എല്ലാം പ്രകൃതിയാണ്. പ്രകൃതിയില്‍ നിന്നാണ് ആരേയും അവഗണന നേരിടേണ്ടവരല്ല. എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ സമൂഹത്തിന് കഴിയണം. പ്രായത്തെക്കാള്‍ വളര്‍ന്ന പക്വതയില്‍ ആഷിഖ് പറഞ്ഞു. മാതാപിതാക്കള്‍ മിശ്ര വിവാഹിതരാണെങ്കിലും ആഷിഖും സഹോദരനും വളരുന്നത് മുസ്ലീം വിശ്വാസത്തിലാണ്. പത്തു വര്‍ഷം മുമ്പ് ആഷിഖിന്റെ പിതാവ് ഹൃദയാഘാതം വന്നു മരിച്ചതിനു ശേഷം ആഷിഖും ചേട്ടനും ആയുര്‍വേദ ഡിസ്‌പെന്‍സറി ജീവനക്കാരിയായ അമ്മയ്ക്കൊപ്പമായിരുന്നു. 

മകന്റെ നൃത്തത്തിലും ജീവിതത്തിലും അമ്മയും സഹോദരനും ഏറെ സന്തുഷ്ടരാണ്. ഒപ്പം ആഷിഖിന്റെ നൃത്താധ്യാപകന്‍ കുമാര്‍. വിയും. നൃത്തത്തില്‍ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്ന് ആഷിഖ് പറയുന്നു. ക്ലാസിക്കല്‍ നൃത്തമെല്ലാം പരിശീലിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷമായി കുച്ചിപ്പുടിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രതിബന്ധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ആക്ഷേപങ്ങള്‍ക്കും മേല്‍ നൃത്തം മാത്രം ലക്ഷ്യം വച്ച് അവന്‍ പറന്നുയരുകയാണ്. ഒരു ഫീനിക്സ് പക്ഷിയേപ്പോലെ.  

Content Highlights: aashiq hanifa- kalolsavam 2018