മകാലീന വിഷയങ്ങള്‍ കുറവായിരുന്നെങ്കിലും അതിന് അപവാദമായി ഒരു പ്രകടനമുണ്ടായിരുന്നു ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്ത മത്സരത്തില്‍. ജി.എച്ച്.എസ്.എസ് കാവനോടിലെ അര്‍ജുനാണ് നൃത്തം വേദിയിലെത്തിച്ചത്. ആദിവാസി ഭൂസമരമായിരുന്നു വിഷയം. 

ഒരു ആദിവാസി ഊരില്‍ നിന്ന് തുടങ്ങുന്ന സമരത്തിന്റെ മുഖങ്ങളായിരുന്നു അര്‍ജുന്റെ നൃത്തത്തില്‍ പ്രതിഫലിച്ചത്. ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം ആദിവാസികള്‍ക്കുമുണ്ട് എന്ന് പറഞ്ഞുകൊണ്ട് നൃത്തം അവസാനിക്കുമ്പോള്‍ സദസ്സില്‍ നിന്നുയര്‍ന്നത് നിലയ്ക്കാത്ത കരഘോഷം. കഴിഞ്ഞ രണ്ട് വര്‍ഷമായി കേരള നടനത്തിലും ഭരതനാട്യത്തിലും മത്സരിക്കുന്ന അര്‍ജുന്‍ ഇതാദ്യമായാണ് നാടോടി നൃത്തത്തില്‍ കൈനോക്കുന്നത്. എങ്കിലും അതിന്റെ ടെന്‍ഷനൊന്നും ഈ നര്‍ത്തകനില്ല. 

ഇപ്പോള്‍ ഏറെ പ്രസക്തിയുള്ള ഒരു വിഷയമായതിനാലാണ് ഈ വിഷയം തിരഞ്ഞടെുത്തതെന്ന് അര്‍ജുന്‍ പറയുന്നു. ഏഴ് വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന അര്‍ജുന്‍ വെക്കേഷന്‍ മുതല്‍ തന്നെ സംസ്ഥാന കലോല്‍സവത്തില്‍ മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. നന്നായി കഷ്ടപ്പെട്ടുവെന്നും അര്‍ജുന്‍ പറഞ്ഞു. റവന്യൂ ജില്ലാമത്സരത്തില്‍ കേരളനടനത്തിനും നാടോടിനൃത്തത്തിനും അര്‍ജുന് എ ഗ്രേഡുണ്ടായിരുന്നു. കോഴിക്കോട് കൂമ്പാറ സ്വദേശിയായ ശിഹാബ് ആണ് അര്‍ജുന്റെ നാടോടിനൃത്തത്തിലെ ഗുരു. അര്‍ജുന്‍ ഏഴാം തരത്തില്‍ പഠിക്കുമ്പോഴാണ് ശിഹാബിന്റെ അടുത്തെത്തുന്നത്. സംസ്ഥാന കലോത്സവത്തിലും ശിഷ്യന്‍ നന്നായി ചെയ്തുവെന്നാണ് ഇദ്ദേഹം പറയുന്നത്.

അമ്മ, അമ്മായി, സഹോദരന്‍, സഹോദരി എന്നിവര്‍ക്കൊപ്പമാണ് അര്‍ജുന്‍ ആലപ്പുഴയിലെത്തിയത്.

Content Highlights: 59th Kerala School Kalolsavam 2018, Alapuzha, Folk Dance