ആലപ്പുഴ: '' ഞാന്‍ മാമോദീസ മുങ്ങിയ ക്രിസ്ത്യാനി, പ്രളയവും പേമാരിയുമെല്ലാം എന്നെ കണ്ടാല്‍ വിറച്ച് നില്‍ക്കും''. സദസ്സിനെ നോക്കി ഔത അഹങ്കാരത്തോടെ ഇങ്ങനെ പറയുമ്പോള്‍ ആലപ്പുഴയിലെ നാടക വേദി ഒരിക്കല്‍ കൂടി ആ പ്രളയ ദിനത്തിലേക്ക് പോയി. മരിക്കാന്‍ പോവുമ്പോഴും മതത്തേയും ജാതിയേയും കെട്ടിപ്പിടിച്ച് പാരമ്പര്യം കാക്കുന്നുവെന്ന് പറഞ്ഞ നമ്മള്‍ക്കിടയിലെ മലയാളിയെ കണക്കറ്റ് പരിഹസിക്കുന്നു മാവേലിക്കര സെന്റ് ജോണ്‍സ് സ്‌കൂള്‍ അവതരിപ്പിച്ച ഔതയെന്ന നാടകം.

പ്രളയം വന്ന് സര്‍വതും നശിച്ചപ്പോള്‍ ഒത്തൊരുമിച്ച് നിന്നതായിരുന്നു മലയാളി. പക്ഷെ അവിടേയും കണ്ടൂ അന്യമതസ്ഥരോടൊപ്പം  ക്യാമ്പിലേക്ക് പോവാനും താന്‍  വെട്ടിപ്പിടിച്ചതെല്ലാം വിട്ട് പോവാനും മടികാണിച്ച് നിന്ന മലയാളിയെ. എന്ത് പേമാരി വന്നാലും ഓരോ മലയാളിയുടേയും ഉള്ളില്‍ ജാതിബോധവും മതബോധവും ദിവസങ്ങള്‍ക്കകം തികട്ടി തികട്ടി വരുമെന്ന് സദസ്സിനെ നോക്കി മുന്നറിയിപ്പ് നല്‍കുകയാണ് ഔതയെന്ന നാടകം. എന്നെക്കാള്‍ വിളച്ചില്‍ പഠിച്ച ഔതമാര്‍ നിങ്ങള്‍ക്കിടയിലുണ്ട് എന്ന് നാടകം സദസ്സിനെ നോക്കി പറയുന്നതും ഈ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ്.  

കുട്ടനാട്ടിലെ പാവപ്പെട്ടവരുടെ സമ്പത്തും ജീവനോപാതിയും വെട്ടിപ്പിടിച്ച ഔതയെന്ന ജന്മിയുടെ കഥയാണ് നാടകം പറയുന്നത്. വീട്ടുകാരടക്കം വീട് വിട്ട് പോയപ്പോഴും ഔതയുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മതബോധവും ഫ്യൂഡല്‍ മനോഭാവവും വെട്ടിപ്പിടിച്ചതൊന്നും വിട്ടുകൊടുക്കാന്‍ മനസ്സ് കാണിക്കുന്നില്ല. കൂരയ്ക്ക് മുകളില്‍ അഭയം പ്രപിച്ചപ്പോഴും പ്രളയം ഔതയെ വിട്ടുപോവുന്നില്ല. കൂരയിലെത്തുന്ന ഔതയെ പാമ്പും ക്ഷുദ്ര ജീവികളും അവിടേയും ചോദ്യങ്ങളുമായി നേരിടുന്നു. ഒടുവില്‍ പ്രകൃതിയുടെ വിധിക്കൊപ്പം  ജീവിതം വിട്ടൊഴിഞ്ഞ് ഔതയ്ക്കും പോവേണ്ടി വരുന്നിടത്ത് നാടകത്തിന് തിരശ്ശീല വീഴുന്നു. 

നിനക്ക് പോവാന്‍ ഇടങ്ങള്‍ ഒരുപാടുണ്ടായിരുന്നു, പക്ഷെ നിന്റെ ഫ്യൂഡല്‍ മനോഭാവം അവിടെ പ്രളയത്തേക്കാള്‍ ശക്തമായി. അതുകൊണ്ടു തന്നെ നിനക്ക് ഞങ്ങളുടെ ഇടങ്ങളിലും പ്രവേശനമില്ല. ഇങ്ങനെ പറഞ്ഞ് കൂരയിലേക്ക് വരുന്ന പാമ്പുകള്‍ ഔതയെ ആട്ടിയോടിക്കുമ്പോഴാണ് നമ്മള്‍ നമ്മളെ തന്നെ തിരിച്ചറിയുന്നത്. അതീജവീനത്തിന്റെ കഥയാണ് നാടകം പറയുന്നതെങ്കിലും അതീജിവനം എന്നത് അര്‍ഹതയുള്ളവര്‍ക്ക് മാത്രമാണ് എന്ന് നാടകം വരികള്‍ക്കിടയിലൂടെ പറയുകയും ചെയ്യുന്നു. 

മാവേലിക്കര സെന്റ് ജോണ്‍സ് സ്‌കൂളില്‍ നിന്ന് ജോബ് മഠത്തിലാണ് ഔതയെ വേദിയിലെത്തിച്ചത്. സി.ഹണിയും, ജോബ് മഠത്തിലുമാണ് നാടകത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlights: 59th Kerala School Kalolsavam 2018, Drama Contest, Alapuzha