സ്‌കൂൾ കലോത്സവങ്ങളെ  മത്സരമായി കാണുന്നത് ശരിയല്ല. മത്സരം എനിക്ക് ഇഷ്ടമല്ല. ജീവിതത്തിൽ നമ്മൾ എന്താകുമെന്നും എങ്ങനെയാകുമെന്നും മത്സരപരീക്ഷകളല്ല നിശ്ചയിക്കുന്നത്. തൊടുപുഴയിൽ സംസ്ഥാന കലോത്സവവേദിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ പത്താംക്ലാസുകാരിയാണ് ഇന്നിങ്ങനെ പറയുന്നതെന്ന് ഓർക്കണം. അന്നത്തെ ശരി അതായിരുന്നു. ആ കണ്ണീർ സത്യമായിരുന്നെന്ന് അന്നും ഇന്നും പറയും. കലാതിലകപ്പട്ടം വലിയ സ്വപ്നമായിരുന്നു. അത് നഷ്ടപ്പെട്ടപ്പോൾ കരഞ്ഞുപോയി. ഇപ്പോൾ അതേപ്പറ്റി ചിന്തിക്കുമ്പോൾ തമാശയായി തോന്നും. അന്നത്തെ നഷ്ടം എന്റെ ജീവിതത്തെ ഒരുതരത്തിലും ബാധിച്ചില്ല. അതുകൊണ്ടു കൂടിയാകാം അങ്ങനെ ചിന്തിക്കാൻ കഴിയുന്നത്.

സംസ്ഥാന കലോത്സവം കഴിഞ്ഞ് വിങ്ങിപ്പൊട്ടിയാണ് എന്റെ സ്‌കൂളിലെത്തിയത്. അധ്യാപകരും കൂട്ടുകാരും അവിടെ ഒരുക്കിയ വരവേൽപ്പ് ജീവിതം മാറ്റിമറിച്ചു. അവരുടെ സ്‌നേഹത്തിന് മുന്നിൽ സങ്കടമെല്ലാം പമ്പകടന്നു.
മോഡൽ പരീക്ഷയുടെ ദിവസങ്ങളിൽ വീട്ടിലിരുന്ന് പഠിക്കാനുള്ള അനുവാദം കിട്ടി. കലാകാരിയായതിൽ ആദ്യമായി അഭിമാനം തോന്നിയ നിമിഷമായിരുന്നത്.  ആയിരംപേർ സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുമ്പോൾ ഒരാളായിരിക്കും അവിടെ എത്തിപ്പെടുന്നത്. ശതമാനക്കണക്കിൽ തീരെക്കുറവാണ്. മനസ്സിനുള്ളിലെ ആഗ്രഹം തീവ്രമാണെങ്കിൽ, സത്യസന്ധമാണെങ്കിൽ നാം ലക്ഷ്യത്തിലെത്തുമെന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. 
 കലോത്സവത്തിനുവേണ്ടി നൃത്തം പഠിക്കുന്ന രീതി മുൻപുമുണ്ടായിരുന്നു. എങ്കിലും അത്യാവശ്യം പഠിച്ചായിരുന്നു അന്ന് കുട്ടികൾ വേദിയിലെത്തിയിരുന്നത്. ഇന്നിപ്പോൾ അത്തരം പഠിത്തമൊന്നുമില്ല. 15 മിനിട്ടിനുള്ള ചുവട് പഠിച്ച് മത്സരിക്കുകയാണ്. ഇതിലെ ശരിതെറ്റുകൾ പറയുന്നില്ല. നൃത്തത്തിൽ വിജയിക്കാനുള്ള വഴി ഇതല്ലെന്ന് ഉറപ്പിച്ചുപറയാം. ഗുരുമുഖത്തുനിന്ന് ചിട്ടയോടെ, ഭക്തിയോടെ വേണം പഠിക്കാൻ.
 
നൃത്തത്തിൽ മാത്രമല്ല, മോണോ ആക്ടിലും ഇഷ്ടംപോലെ സമ്മാനം വാങ്ങിയിട്ടുണ്ട്. മോണോ ആക്ടിൽനിന്നാണ് ശബ്ദനിയന്ത്രണത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കിയത്. കഥാപാത്രങ്ങളുടെ പ്രായത്തിനും രൂപത്തിനുമൊപ്പം ശബ്ദം വ്യത്യാസപ്പെടുത്തണം. ഇങ്ങനെ സ്വായത്തമാക്കിയ ശബ്ദനിയന്ത്രണം സിനിമയിൽ ഏറെ ഗുണകരമായിട്ടുണ്ട്.  അതിജീവനത്തിന്റെ കലോത്സവമാണ് ഇത്തവണത്തേത്. ശരിയായ പരിശീലനമില്ലാതെയാണ് പലരും വേദികളിലെത്തുന്നത്. അവർക്ക് വിജയവും തോൽവിയും പ്രശ്‌നമല്ല. എല്ലാം തകർന്നിടത്തുനിന്ന് തിരിച്ചുകയറാനുള്ള ശ്രമത്തിലാണ് അവർ. അങ്ങനെയുള്ളവർക്കൊപ്പം നിൽക്കാനുള്ളതാണ് ഇത്തവണത്തെ സംസ്ഥാന കലോത്സവം.

Content Highlights: Malayalam Actress NavyaNair SchoolYouthFestival School Kalolasavam