'പദ്ധതി രൂപീകരിച്ചാല്‍ മാത്രം പോരാ, നടപ്പാക്കുകയും വേണം, അവകാശസംരക്ഷണത്തിനാണ് ഈ പോരാട്ടം'


അശ്വതി അനില്‍ | aswathyanil@mpp.co.in



മിഥ്യാധാരണകള്‍ തിരുത്തണം, മാറ്റം വേണം പാഠ്യപദ്ധതിയിലും- പൊതുഇടം ഞങ്ങളുടേതും കൂടി

PART-4

പ്രതീകാത്മക ചിത്രം

കേരളം ഭിന്നശേഷി സൗഹൃദമാണെന്ന് പ്രഖ്യാപിച്ചത് 2017ലാണ്. ഇതിനു പിന്നാലെ വിനോദസഞ്ചാരവകുപ്പ് മുന്‍കൈയെടുത്ത് ബാരിയര്‍ ഫ്രീ കേരള എന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എല്ലാവര്‍ക്കും പ്രവേശനക്ഷമതയുള്ള വിദോനസഞ്ചാരകേന്ദ്രങ്ങളായിരുന്നു പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. 2021ഓടെ കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് 2019ലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വീല്‍ചെയറുകള്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന റാമ്പുകള്‍, വീല്‍ചെയര്‍ സൗഹൃദ ടോയ്‌ലെറ്റ്, വീല്‍ചെയര്‍ സൗഹൃദ പാര്‍ക്കിങ് എന്നിവയായിരുന്നു നല്‍കിയ ഉറപ്പുകള്‍.

2016ല്‍ കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 'അനുയാത്ര' എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കാമ്പയിനും രൂപം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. വീല്‍ചെയര്‍ സൗഹൃദത്തിനായി സംസ്ഥാനത്തിന്റെ പദ്ധതികള്‍ക്ക് പുറമേ കേന്ദ്രപദ്ധതികള്‍ വേറെയുമുണ്ട്. പദ്ധതിയുടെ ചുവടുപിടിച്ച് പല വിനോദസഞ്ചാരകേന്ദ്രങ്ങളിലും പുതിയ കെട്ടിടങ്ങളും വീല്‍ചെയര്‍ സൗഹൃദമായിട്ടുണ്ടെങ്കിലും പല സര്‍ക്കാര്‍ കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും പൊതുഗതാഗത കേന്ദ്രങ്ങളും വീല്‍ചെയറിലുളളവര്‍ക്ക് ഇപ്പോഴും 'വിലക്കപ്പെട്ട' അവസ്ഥയിലാണ്‌. കേരളത്തെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കി പ്രഖ്യാപിച്ച് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും കേരളം ഇപ്പോഴും പൂര്‍ണമായും വീല്‍ചെയര്‍ സൗഹൃദം അല്ലെന്നാണ് ഭിന്നശേഷി സമൂഹം ഒന്നടങ്കം പറയുന്നത്.

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ അധ്യക്ഷന്‍ വാസുണ്ണി പട്ടാഴി, ജനറല്‍ സെക്രട്ടറി ബദറുസ്മാന്‍ എന്നിവര്‍

അവകാശ സംരക്ഷണമാണ് ലക്ഷ്യം, ഞങ്ങളെ പരിഗണിക്കണം

'വീല്‍ചെയറിലുള്ളവര്‍ക്ക്/ ഭിന്നശേഷിക്കാര്‍ക്ക് പൊതുസ്ഥലങ്ങളില്‍ 100 ശതമാനം പ്രവേശനക്ഷമതയുള്ള കേരളം അതാണ് ഭിന്നശേഷി സൗഹൃദമായ കേരളം എന്ന ആശയം കൊണ്ട് നടപ്പാകേണ്ടത്‌.'-കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ അധ്യക്ഷന്‍ വാസുണ്ണി പട്ടാഴി പറഞ്ഞു. മാറ്റങ്ങളില്ലെന്നല്ല, എന്നാല്‍ കേരളം പൂര്‍ണമായി മാറിയെന്ന് പറയാറായിട്ടില്ല. സര്‍ക്കാര്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഭിന്നശേഷി സമൂഹത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചുകൊണ്ട് ഭിന്നശേഷി സൗഹൃദ കേരളമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് നോക്കിയാല്‍ 'വീല്‍ചെയര്‍ സൗഹൃദം' എന്ന വിശേഷണം കേരളത്തിന് ചേരുന്നതല്ലെന്ന് വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍ സെക്രട്ടറി ബദറുസമാൻ മൂർക്കനാട് അഭിപ്രായപ്പെട്ടു. ഭിന്നശേഷി സൗഹൃദമെന്ന പേരിനെ അര്‍ഥവത്താക്കുന്ന നിര്‍മാണങ്ങളല്ല കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ളത്. ആളുകളുടെ ചിന്താഗതി മാറേണ്ടതുണ്ട്. ഭിന്നശേഷി എന്താണെന്നും ഭിന്നശേഷിക്കാരോട് എങ്ങനെ പെരുമാറണമെന്നും കേരളം ഇതുവരെ മനസ്സിലാക്കിയിട്ടില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരെ ഇതിനായി ബോധവത്കരിക്കണം. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ പാഠ്യപദ്ധതിയിയിലടക്കം ഉള്‍പ്പെടുത്തണം. എങ്കില്‍ മാത്രമേ ആളുകളുടെ മനോഭാവം മാറുകയുള്ളൂ. കെട്ടിടങ്ങളില്‍ റാമ്പുകള്‍ ഉണ്ടെങ്കിലും നിയമം അനുശാസിക്കുന്നതരത്തിലുള്ള അളവല്ല പലയിടത്തുമുള്ളത്. എന്തെങ്കിലും ഒരു ചെരിവ് ഉണ്ടാക്കിവെയ്ക്കുന്നതല്ല റാമ്പ് എന്തെന്ന് ആദ്യം മനസ്സിലാക്കണം. വീല്‍ചെയറുകള്‍ക്ക് പോയിട്ട് സാധാരണ ഒരാള്‍ക്ക് നടന്നുകയറാന്‍ പോലും ബുദ്ധിമുട്ടുള്ളതാണ് പലയിടത്തേയും റാമ്പുകള്‍. ആശുപത്രികളില്‍ പോലും ഞങ്ങള്‍ക്കുള്ള പാര്‍ക്കിങ് ഇല്ലാത്ത സ്ഥിതിയുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാല്‍ മാത്രമേ കേരളത്തെ പൂര്‍ണമായും വീല്‍ചെയര്‍ സൗഹൃദമെന്ന് പറയാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണകുമാര്‍ പി.എസ്

ബോധവത്കരണമാണ് മുഖ്യം, മാറ്റം പാഠ്യപദ്ധതി മുതല്‍ തുടങ്ങട്ടെ

ഭിന്നശേഷി സമൂഹത്തെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ധാരണകള്‍ തിരുത്തിക്കൊണ്ടുള്ള സാമൂഹികമാറ്റം ഉണ്ടാവണമെന്ന് പറയുകയാണ് മസ്‌കുലര്‍ അട്രോഫി ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈന്‍ഡ് എന്ന സംഘടനയുടെ വൈസ് ചെയര്‍മാനായ പി.എസ് കൃഷ്ണകുമാര്‍. തൊഴിലെടുക്കാനും ജീവിക്കാനുമൊക്കെയുള്ള അവകാശം എല്ലാവരേയും പോലെ ഭിന്നശേഷിക്കാര്‍ക്കുമുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കണം. അതിനായി ഏറ്റവും താഴേത്തട്ട് മുതലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പദ്ധതികളും നടപ്പാക്കണം.

"ഭിന്നശേഷിക്കാരനായ എന്നെ മുഖ്യാതിഥി ആയി ക്ഷണിച്ചിട്ടുളള പരിപാടികള്‍ക്ക് പോലും റാമ്പ് ഇല്ലാത്തതിനാല്‍ വേദിയിലേക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. വേദിയിലേക്ക് വീല്‍ചെയറടക്കം എടുത്തുയര്‍ത്തിയാണ് എത്തിച്ചിട്ടുള്ളത്. സര്‍ക്കാര്‍ പരിപാടികള്‍ക്ക് പോയിട്ട് പോലും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്."

RPWD നിയമം പ്രകാരം ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രധാന തടസങ്ങളിലൊന്ന് Environmental Barriers ആണ്. പൊതുസ്ഥലങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രവേശനക്ഷമത ഇല്ലായ്മ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുക. ഇതാണ് ഏറ്റവും പ്രാഥമികമായി പരിഹരിക്കപ്പെടേണ്ടത്. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കെത്താന്‍ ചില കടമ്പകള്‍ കൂടിയുണ്ട്. അതിന് വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കുളള സൗകര്യങ്ങള്‍ ഉറപ്പാക്കാനായി കൃത്യമായ നയരൂപീകരണം വേണം.യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിയമങ്ങള്‍ നടപ്പാക്കാന്‍ ശക്തമായ ഭരണസംവിധാനവും വേണം. രണ്ട് കാര്യങ്ങളാണ് അതിനായി വേണ്ടത്. ഒന്ന് അടിസ്ഥാനസൗകര്യങ്ങളിലെ പരിഷ്‌കാരവും അതിനുള്ള സാമ്പത്തികസഹായവും. മറ്റൊന്ന് ബോധവത്കരണമാണ്.

വീല്‍ചെയറിലുള്ളവരോ ഭിന്നശേഷിക്കാരോ ആയിട്ടുള്ളവരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തണം. കൃത്യമായി അവബോധമുള്ള സമൂഹത്തിന് മാത്രമേ ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങളില്‍ ഉചിതമായി ഇടപെടാന്‍ സാധിക്കുകയുള്ളൂ. അതിനായി അവബോധമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തലം മുതല്‍ ആരംഭിക്കണം. ഭിന്നശേഷി എന്താണെന്നും ഭിന്നശേഷിക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്താണെന്നും അവയെ ഏത് രീതിയില്‍ പരിഹരിക്കണമെന്നതും പഠനത്തിന്റെ ഭാഗമായി മാറ്റണം. ഭാവിതലമുറയെങ്കിലും ഭിന്നശേഷിക്കാരെ പൂര്‍ണമായും പരിഗണിക്കുന്നവരായി വളര്‍ന്നുവരണം. പൊതുജനങ്ങള്‍ക്കായി സര്‍ക്കാര്‍ മാധ്യമങ്ങളിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തണം. പൊതുസമൂഹവുമായി നേരിട്ട് സംവദിക്കാനുള്ള അവസരങ്ങളുമുണ്ടാക്കാം. ഇത്തരത്തില്‍ നിരന്തരമുള്ള പരിശ്രമത്തിലൂടെ Enviornmental Barriersനെ മറികടക്കാന്‍ സാധിക്കും. ഇത്തരം സംവാദങ്ങളിലൂടെ ഈ ബോധവത്കരണം നടക്കുമോ എന്ന ചോദ്യം സംശയമായി ഉയര്‍ന്നേക്കാം. എന്നാല്‍ ഒരുദാഹരണമായി പറയാനുള്ളത് സമൂഹത്തിന് ഇന്ന് കാന്‍സറിനോടുളള കാഴ്ചപ്പാടിനെ കുറിച്ചാണ്.

ഒരു പത്ത് വര്‍ഷം മുന്‍പുവരെ ചികിത്സയില്ലാത്ത, മരണം മാത്രമാണ് അനന്തരഫലമെന്ന് വിശ്വസിച്ചിരുന്ന മാരകരോഗങ്ങളുടെ കൂട്ടത്തിലായിരുന്നു കാന്‍സര്‍. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ, കാന്‍സറിനെ കുറിച്ചുള്ള ആളുകളുടെ മിഥ്യാധാരണകള്‍ മാറി. നിരന്തരമായ ബോധവത്കരണമാണ് ഇത്തരമൊരു സാഹചര്യത്തിലേക്കെത്തിച്ചത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ചും ഇത്തരമൊരു അവബോധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം.

സംസ്ഥാനത്ത് നിലവിലുള്ള ഭിന്നശേഷി സൗഹൃദ സംവിധാനങ്ങളിലെ പോരായ്മകള്‍ അടിയന്തരമായി പരിഗണിക്കണമെന്നാണ് ഭിന്നശേഷി സമൂഹത്തിന്‍റെ മുഖ്യ ആവശ്യം. ഒപ്പം കേരളത്തെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കി മാറ്റാനായുള്ള ചില നിര്‍ദേശങ്ങളും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. പ്രത്യേക നയരൂപീകരണം നടത്തി കര്‍മപദ്ധതി പ്രഖ്യാപിച്ച് കേരളത്തെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കി മാറ്റണമെന്നാണ് ഇവരുടെ പ്രധാന നിര്‍ദേശം.

  • ആക്‌സസബിള്‍ കേരള എന്ന ലക്ഷ്യത്തില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ പൊതുസ്ഥലങ്ങളും വീല്‍ചെയര്‍ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കര്‍മപദ്ധതി രൂപീകരിക്കുക. പദ്ധതി സംബന്ധിച്ച് ഭിന്നശേഷി സമൂഹത്തില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശം തേടുക. പദ്ധതി പൂര്‍ത്തീകരിക്കാന്‍ വിവിധ സമൂഹിക-സാംസ്‌കാരിക-സന്നദ്ധ സംഘടനകളുടേയും സഹായം തേടാം. ജില്ലാ അടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തിയാക്കുക.
  • നിലവില്‍ സംസ്ഥാനത്ത് പല സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളിലും റാമ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പൂര്‍ണമായും വീല്‍ചെയര്‍ സൗഹൃദമല്ല. ഒന്നാംനിലയിലേക്ക് കയറാന്‍ മാത്രമാണ് പലയിടത്തും റാമ്പുകള്‍ ഉള്ളത്. ഇതിന് മാറ്റം വരുത്താന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടണം. എല്ലാ നിലകളിലേക്കും റാമ്പുകളും കൈവരികളും വീല്‍ചെയര്‍ സൗഹൃദമായ ടോയ്‌ലെറ്റും ഇല്ലാത്ത കെട്ടിടങ്ങള്‍ക്ക് നിര്‍മാണത്തിന് പെര്‍മിറ്റ് കൊടുക്കാന്‍ പാടില്ല. ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ നിയമം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്ത കെട്ടിടങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കരുത്.
  • എല്ലാ കെട്ടിട്ടങ്ങളിലും എല്ലാവര്‍ഷവും ആക്‌സസബിലിറ്റി ഓഡിറ്റ് നടത്തുക. കെട്ടിടം ഭിന്നശേഷിക്കാര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ പാകത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തുക. റാമ്പുകള്‍ സ്ഥാപിച്ചാല്‍ കെട്ടിടം വീല്‍ചെയര്‍ സൗഹൃദമായി എന്നാണ് പൊതുവായിട്ടുള്ള ഒരു തെറ്റിദ്ധാരണ. എന്നാല്‍ കൃത്യമായ മാനദണ്ഡം പാലിക്കാതെ റാമ്പുകള്‍ സ്ഥാപിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ഭിന്നശേഷി സമൂഹത്തോട് ചെയ്യുന്നത്. 1:12(ഒരടി ഉയരം:12 അടി നീളം) എന്ന അനുപാതത്തിലാണ് റാമ്പ് നിര്‍മിക്കേണ്ടത്. എന്നാല്‍ ഈ അനുപാതം പാലിക്കാതെ കൂടുതല്‍ ചെരിവ് നല്‍കുന്നത് വീല്‍ചെയറുകളുടെ യാത്രയെ ബുദ്ധിമുട്ടുള്ളതാക്കി മാറ്റും. ഇത്തരം റാമ്പിലൂടെ പരസഹായമില്ലാതെ വീല്‍ചെയറിലുള്ളൊരാള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കില്ല. RPWD നിയമപ്രകാരമുള്ള അളവ് മാനദണ്ഡം പാലിക്കാത്ത റാമ്പുകള്‍ പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുക.
  • കെട്ടിടങ്ങളിലേക്ക് കയറാനുള്ള പ്രവേശനകവാടത്തിനരികില്‍ വീല്‍ചെയറിലുള്ളവര്‍ക്കുള്ള പാര്‍ക്കിങ് സ്ഥലം നിര്‍ബന്ധമായും സ്ഥാപിക്കാനുള്ള നിര്‍ദേശം നല്‍കുക. റാമ്പുകള്‍ക്ക് ഇരുവശത്തും റെയിലുകള്‍, കെട്ടിടത്തിനുള്ളില്‍ വീല്‍ചെയര്‍ സൗഹൃദമായ ടോയ്‌ലെറ്റ് എന്നിവ ഉറപ്പുവരുത്തുക.
  • ഭിന്നശേഷി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് മാത്രമാണ് വ്യക്തമായി മനസ്സിലാവുകയെന്നിരിക്കെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും പ്ലാനിങ് കമ്മിറ്റികളില്‍ വീല്‍ചെയര്‍ ഉപയോക്താവായ ഒരാളെയെങ്കിലും താല്‍ക്കാലിക അംഗമായി ചേര്‍ക്കുക. അവരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുക.
  • ഭിന്നശേഷിക്കാര്‍ക്കുള്ള പാര്‍ക്കിങ്ങിലടക്കം മറ്റുള്ളവര്‍ക്ക് പാര്‍ക്ക് ചെയ്യുന്ന സ്ഥിതിയുണ്ട്. അധികൃതരോട് പരാതി പറഞ്ഞാലും ഫലമില്ലാത്ത അവസ്ഥയാണുള്ളത്. ഇത് പരിഹരിക്കപ്പെടണം. അതിനായി റാമ്പ്, പാര്‍ക്കിങ്, ടോയ്‌ലെറ്റ് തുടങ്ങിയ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കുക.
  • വീല്‍ചെയറിലുള്ളവരുടെ ജീവിതത്തോട് സമൂഹത്തിനുള്ള മനോഭാവമാണ് ആദ്യം മാറേണ്ടത്. അതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഭിന്നശേഷി സമൂഹത്തിന് നല്‍കേണ്ട പരിഗണനയെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക. പാഠ്യപദ്ധതിയിലടക്കം ഇതിനുള്ള പരിഷ്‌കാരം കൊണ്ടുവരിക.
തങ്ങള്‍ക്ക് അവകാശപ്പെട്ട സാമൂഹിക ജീവിതത്തിന് വേണ്ടിയാണ് ഭിന്നശേഷിക്കാര്‍ ശബ്ദമുയര്‍ത്തുന്നത്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നല്ല പരാതി, മറിച്ച് പൂര്‍ണമായും ഉപയോഗപ്രദമായ രീതിയിലുളളതല്ല നിലവിലെ സംവിധാനങ്ങള്‍ എന്നാണ് ഇവര്‍ പങ്കുവെയ്ക്കുന്ന ആശങ്ക. അതേസമയം നിലവിലെ സംവിധാനങ്ങളില്‍ പോരായ്മകളുണ്ടെങ്കിലും മറ്റ് ചില മികച്ച മാതൃകകളും നമുക്ക് ചുറ്റുമുണ്ട്. പ്രതീക്ഷയേകുന്ന ആ മാതൃകകളെ കുറിച്ച് അടുത്ത ഭാഗത്തില്‍.

(തുടരും..)

കൂടുതല്‍ വായനയ്ക്ക്

ഒറ്റയ്ക്കൊരു യാത്ര,ഷോപ്പിങ്..നിങ്ങള്‍ അനുവദിക്കാത്ത ഞങ്ങളുടെ സ്വപ്‌നങ്ങള്‍| പൊതുഇടം ഞങ്ങളുടേതുംകൂടി

'തീയേറ്റര്‍, ടെക്സ്റ്റൈല്‍സ്, ഹോട്ടല്‍..ഞങ്ങളിവിടെ അന്യരോ?

റാമ്പില്‍ മാത്രം തീരുന്നതല്ല ഞങ്ങളുടെ പ്രശ്‌നങ്ങള്‍


Content Highlights: wheelchair accessibility in kerala Ways Cities Should Improve Their Accessibility for Disabled

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented