മാരകലഹരിയോട്‌ ജനകീയയുദ്ധം


എം.ബി രാജേഷ്

നിയമം കർശനമായി നടപ്പാക്കുകയും വിശാലമായ സാമൂഹിക പ്രതിരോധം തീർക്കുകയും ചെയ്യുന്ന ദ്വിമുഖതന്ത്രമാണ് കേരളം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്.

എം.ബി രാജേഷ് | Photo - Mathrubhumi archives

നാടിന്റെ ഭാവിയിൽ ഇരുൾമൂടുന്നവിധം മയക്കുമരുന്ന് എന്ന മഹാവിപത്ത് പടരുകയാണ്. കേരളം ആർജിച്ച ഉയർന്ന ജീവിതനിലവാരത്തിനും സാമൂഹിക പ്രബുദ്ധതയ്ക്കും ഭീഷണിയാണിത്. ലഹരിയുയർത്തുന്ന ആരോഗ്യപരവും മാനുഷികവുമായ പ്രതിസന്ധികളെ അഭിസംബോധന ചെയ്യേണ്ടത് ഈ കാലത്തിന്റെ അടിയന്തര കർത്തവ്യമാണ്.

നിയമം കർശനമായി നടപ്പാക്കുകയും വിശാലമായ സാമൂഹിക പ്രതിരോധം തീർക്കുകയും ചെയ്യുന്ന ദ്വിമുഖതന്ത്രമാണ് കേരളം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നേതൃത്വത്തിൽ എല്ലാവിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന മയക്കുമരുന്നിനെതിരായ ഒരു ജനകീയയുദ്ധമാണ് കേരളത്തിൽ ഒക്ടോബർ രണ്ടുമുതൽ ആരംഭിക്കുന്നത്.സാമൂഹിക പ്രതിരോധം ഉണ്ടാവണം

നിയമനടപടികൾക്കുപുറമേ എന്തുകൊണ്ടാണ് സാമൂഹിക പ്രതിരോധംകൂടി സൃഷ്ടിക്കുന്നത്? മയക്കുമരുന്നിന്റെ തീവ്രവ്യാപനത്തിന് സാമൂഹികമായ കാരണങ്ങൾ കൂടിയുണ്ട് എന്നതിനാലാണത്. ലോകമാകെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾകൊണ്ടുണ്ടായ മാറ്റങ്ങൾ ഒരുഭാഗത്ത് ജീവിതവീക്ഷണത്തിൽ വളരെ പ്രതിലോമകരമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ലാഭം പരമപ്രധാനമായിത്തീർന്ന നവലിബറൽ ലോകത്ത് പണമുണ്ടാക്കാൻ ഏതുമാർഗവും അവലംബിക്കുന്നത് അധാർമികമായി കാണുന്നില്ല. മറുഭാഗത്ത് വർധിച്ച ജീവിതസംഘർഷങ്ങൾ, തൊഴിൽപരവും മറ്റുമായ സമ്മർദങ്ങൾ, കടുത്ത മത്സരങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിതത്വവും അതിന്റെയെല്ലാം ഫലമായി കുടുംബാന്തരീക്ഷത്തിലും മനുഷ്യബന്ധങ്ങളിലാകെയുമുണ്ടാകുന്ന ആഘാതങ്ങൾ എന്നിവയെല്ലാം പുതുതലമുറയെ വിശേഷിച്ചും ലഹരിയിൽ മുങ്ങാൻ പ്രേരിപ്പിക്കുന്നു. ഈ സാമൂഹികവശം കണക്കിലെടുക്കാതെ മയക്കുമരുന്നിനെ നിയമനടപടികൾ കൊണ്ടുമാത്രം സമഗ്രമായി നേരിടാനാവില്ല.

കുട്ടികളിലെയും കൗമാരക്കാരിലെയും ലഹരി ഉപഭോഗത്തിനെതിരേയുള്ള കർശനനടപടികൾ സാമൂഹിക പങ്കാളിത്തത്തോടെ ഏറ്റെടുത്തുകൊണ്ട് സർക്കാർ മുന്നോട്ടുപോവുകയാണ്. ഇതിനായുള്ള വിപുലമായ പ്രചാരണപരിപാടികൾക്കാണ് ഈ ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാവുന്നത്. സംസ്ഥാനതലത്തിലും ജില്ല, തദ്ദേശസ്വയംഭരണ വാർഡ്, വിദ്യാലയ തലത്തിലുമായി നിരീക്ഷണസമിതികളുടെ വിപുലമായ ശൃംഖലതന്നെ സംസ്ഥാനത്താകെ നിലവിൽവരും. ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരേ കരുതൽത്തടങ്കലിനും കാപ്പ രജിസ്റ്റർ തയ്യാറാക്കുന്ന മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കും. ഇത്തരക്കാർക്ക് ഇപ്പോൾ ജാമ്യം എളുപ്പമാക്കുന്ന കേന്ദ്രനിയമത്തിൽ (എൻ.ഡി.പി.എസ്‌.) ഭേദഗതിവരുത്താൻ കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെട്ടുകഴിഞ്ഞു.

പോരാട്ടത്തിൽ കണ്ണിചേരണം

ലഹരിക്കെതിരേയുള്ള ബോധവത്കരണം ശക്തമാക്കിയും ലഹരിക്കടത്തിന് തടയിട്ടും ലഹരിക്കടിമകളായവർക്ക് ചികിത്സയിലൂടെ മോചനം ഉറപ്പാക്കിയുമേ ഈ പോരാട്ടം നമുക്ക് വിജയിക്കാനാകൂ. വിദ്യാർഥികളിലും യുവജനങ്ങളിലും അവബോധം സൃഷ്ടിക്കലാണ് ലഹരി തടയാനുള്ള ഒന്നാമത്തെ മാർഗം. മഹാഭൂരിപക്ഷവും കൗതുകംമൂലമാണ് ആദ്യമായി ലഹരി ഉപയോഗിക്കുന്നത് എന്നാണ് എക്‌സൈസ് വകുപ്പ് കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ലഹരിക്കെതിരേയുള്ള സാമൂഹിക പ്രതിരോധമാണ് അനിവാര്യമായ മാർഗം. സർക്കാർ വിപുലമായി ഈ കാമ്പയിൻ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ്. ലഹരിക്കെതിരേയുള്ള ഈ പോരാട്ടത്തിൽ കണ്ണിചേരാൻ ഓരോ വ്യക്തിയും തയ്യാറാകണം.

സ്കൂളുകളും കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവത്കരണ പ്രചാരണപരിപാടികളും എക്സൈസും വിമുക്തിമിഷനും ചേർന്ന് സംസ്ഥാനത്താകെ നടപ്പാക്കുന്നുണ്ട്. വിദ്യാർഥികളും യുവാക്കളും, ലഹരിക്കടത്തും ഉപയോഗവും തടയാനുള്ള സന്നദ്ധപ്രവർത്തകരായി മാറാനുള്ള ശ്രമമാണ് നടത്തേണ്ടത്.

തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയാണ്‌ ലേഖകൻ

Content Highlights: valicheriyoo vishalokam mb rajesh anti drugs campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented