കൂട്ടുകാരാവുന്ന രക്ഷിതാവാകാം, പറ്റിക്കപ്പെടുന്നതില്‍ ജാഗ്രത വേണം; കൗമാരം ലഹരി നുകരുകയാണ്


ഡോ.ഡെയ്സൻ പാണേങ്ങാടൻ (അസി.പ്രഫസർ സെന്റ് തോമസ് കോളേജ് തൃശ്ശൂർ)

വീടുകളില്‍ നടക്കുന്ന മദ്യപാര്‍ട്ടികളില്‍ കുട്ടികള്‍ പങ്കെടുപ്പിക്കുമ്പോഴും , മദ്യപിക്കുന്നതിനുള്ള മൗനാനുവാദം കൊടുക്കുമ്പോഴും അവരിലുണ്ടാക്കുന്ന ഉത്തേജനം ചെറുതല്ല. വാതിലിനു പുറകില്‍ കൗതുകത്തോടെ നോക്കിനില്‍ക്കുന്ന കുട്ടിയുടെ മനസ്സില്‍ അവന്‍ പോലുമറിയാതെ രൂപപ്പെടുന്ന ലഹരിയോടുള്ള ഒരുതരം താല്‍പ്പര്യം അയാളുടെ മുന്നില്‍ കുടുംബാംഗങ്ങള്‍ തുറന്നിടുന്ന വലിയ വാതിലുകള്‍ തന്നെയാണെന്ന് നാമറിയുന്നില്ല.

പ്രതീകാത്മക ചിത്രം

ഈയടുത്ത നാളുകളിലായുള്ള മാധ്യമ വാര്‍ത്തകളിലെ വിദ്യാര്‍ഥികള്‍ക്കും കൗമാരക്കാര്‍ക്കുമിടയിലുള്ള ലഹരി ഉപയോഗത്തിന്റെ വാര്‍ത്ത വലിയ ആശങ്ക പൊതുസമൂഹത്തിൽ ഉണ്ടാക്കിയിട്ടുണ്ട്.കൗണ്‍സലിംഗ് വിദഗ്ദരുടേയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും ഈ വിഷയം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍, ലഹരിയുപയോഗത്തിന്റെ അസാമാന്യ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം മലയാളി അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും കുറ്റകൃത്യങ്ങളുടെ ബാഹുല്യവും ആത്മഹത്യയുമൊക്കെ കണക്കിലെടുക്കുമ്പോള്‍ ലഹരി, സമൂഹത്തില്‍ തീര്‍ക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. കൗമാരക്കാര്‍ക്കുമിടയിലും നമ്മുടെ കുട്ടികള്‍ക്കിടയിലും ഗ്രാമ നഗരഭേദമില്ലാതെയുള്ള ലഹരിയുപയോഗത്തെക്കുറിച്ച് സമൂഹവും മാതാപിതാക്കളും ഏറെ വേദനയോടെയാണ് കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്.

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍.ഡി.പി.എസ്) പ്രകാരം 2021 കലണ്ടര്‍ വര്‍ഷം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ എണ്ണം ഇന്ത്യയില്‍ 27,072 ആണ്. ജനസംഖ്യാ ക്രമത്തില്‍ ഇന്ത്യയില്‍ 13-ാം സ്ഥാനത്തുള്ള കേരളം ലഹരി സംബന്ധമായ കേസ്സുകളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ്.കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സുകളുടെ എണ്ണത്തിന്റെ മൂന്ന് മടങ്ങാണ് 2022 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിലേറെ വേദനാജനകമാണ് പിടിയിലായവരുടെ എണ്ണത്തില്‍ 25 ശതമാനത്തോളം പേര്‍ 21 വയസ്സില്‍ താഴെയുള്ളവരാണെന്ന വസ്തുത.

ലഹരിയെ ജീവിതശൈലിയാക്കുന്ന സിനിമകള്‍

ഈയടുത്ത നാളുകളിലായി ഇറങ്ങുന്ന സിനിമകളില്‍, പ്രാധാന്യമുള്ള വേഷങ്ങളിലഭിനയിക്കുന്നവരുടെ ലഹരിയുപയോഗം, നമ്മുടെ കുട്ടികളില്‍ തീര്‍ക്കുന്ന അനുകരണ ശീലത്തെപ്പറ്റി പരാമര്‍ശിക്കാതെ വയ്യ. സീനുകളില്‍ കാണിക്കുന്ന വിദ്യാര്‍ഥികളും യുവാക്കളുമുള്‍പ്പെടുന്നവരുടെയും ഉദ്യോഗസ്ഥരുടേയും പുകവലിയും മദ്യപാനവും ഒരു പരിധി വരെ, അവയുടെ ഉപയോഗത്തെ മഹത്വവല്‍ക്കരിക്കുകയും ജനകീയവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകളുള്‍പ്പടെയുള്ള കഥാപാത്രങ്ങളുടെ ലഹരിയുപയോഗ സീനുകളും, കഥാപാത്രം ആവശ്യപ്പെടുന്ന സീനെന്ന പേരില്‍ ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ സിനിമയില്‍ പതിവായിരിക്കുന്നു. വലിയ സ്‌ക്രീനില്‍, ചെറുതായെഴുന്ന ലഹരിവിരുദ്ധ കുറിപ്പിനേക്കാള്‍ എത്രയോ ഭയാനകമാണ്, ആ സീന്‍ ഹൃദയത്തില്‍ പേറുന്ന ആയിരക്കണക്കിനു വ്യക്തികള്‍ക്കിടയില്‍ അതു തീര്‍ക്കുന്ന അനുകരണത്തിന്റെ അനുരണനം. അങ്ങിനെ സിനിമ തീര്‍ക്കുന്ന ലഹരിയുടെ ഉപയോഗശൈലി സമ്മര്‍ദത്തിലും സന്തോഷത്തിലും ദേഷ്യപ്രകടനത്തിലും ഒരു അനിവാര്യതയായി തന്നെ സാമാന്യവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നുവെന്ന് ചുരുക്കം.

ലഹരി രുചിച്ചു തുടങ്ങുന്നവരില്‍ 20 ശതമാനം പേരും കാലാന്തരത്തില്‍ സ്ഥിരമായി ലഹരി ഉപയോഗിച്ചു തുടങ്ങുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. അതായത് കൗതുകത്താലോ നിര്‍ബന്ധത്തിന് വഴങ്ങിയോ ലഹരി രുചിച്ചു നോക്കുന്ന അഞ്ചുപേരിലൊരാള്‍ പില്‍ക്കാലത്ത് ലഹരിക്കു അടിമപ്പെടുമെന്ന് വ്യക്തം. അനേകായിരങ്ങളിലേക്ക് സാംക്രമികരോഗം കണക്കെ പകരാനിടയുള്ള ഈ ദുര്‍മാതൃക നിര്‍ബന്ധബുദ്ധ്യാ ഒഴിവാക്കാനുള്ള ആര്‍ജവം ബന്ധപ്പെട്ടവര്‍ കാണിക്കേണ്ടിയിരിക്കുന്നു.

കുടുംബങ്ങളിലെ സാമാന്യവല്‍ക്കരണവും
സുഹൃത്തുക്കളില്‍ നിന്നുള്ള പ്രോല്‍സാഹനവും

കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ മദ്യപാനവും പുകവലിയും സ്വാഭാവികമായുള്ള സാമാന്യവല്‍ക്കരണത്തിലേക്കു നമ്മുടെ മക്കളെ നയിക്കുമെന്നു തീര്‍ച്ചയാണ്. മദ്യപാനവും പുകവലിയുമില്ലാത്ത മാതാപിതാക്കളുടെ മക്കള്‍ പോലും വഴി തെറ്റി പോകുന്ന ഇക്കാലത്ത്, അത്തരമൊരുശൈലി പിന്തുടരുന്ന കുടുംബത്തിന്റെ ശൈലി തീര്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ പറയേണ്ടതില്ലല്ലോ. വീട്ടിലെ ആഘോഷങ്ങളും സന്തോഷങ്ങളും ഉല്‍ത്സവ- തിരുനാള്‍ വേളകളുമൊക്കെ മദ്യപാന സല്‍ക്കാരങ്ങള്‍ കൊണ്ട് നിറയുമ്പോള്‍ നാമറിയാതെ നമ്മുടെ കുട്ടികളിലേയ്ക്ക് ലഹരിയുപയോഗത്തിന്റെ സാധ്യതകളും സാധുതകളും പകരുകയാണ്. ഇതു നിരീക്ഷിക്കുന്ന കുട്ടികളെ സംബന്ധിച്ചടത്തോളം മദ്യപാനമെന്നത് പക്വതയെത്തുമ്പോള്‍ അനിവാര്യമായുണ്ടാകേണ്ട
ശൈലിയെന്ന നിലയിലേക്ക് അവരുടെ മനസ്സിനെ സുസജ്ജമാക്കുന്നു.

വീടുകളില്‍ നടക്കുന്ന മദ്യപാര്‍ട്ടികളില്‍ കുട്ടികള്‍ പങ്കെടുപ്പിക്കുമ്പോഴും , മദ്യപിക്കുന്നതിനുള്ള മൗനാനുവാദം കൊടുക്കുമ്പോഴും അവരിലുണ്ടാക്കുന്ന ഉത്തേജനം ചെറുതല്ല. വാതിലിനു പുറകില്‍ കൗതുകത്തോടെ നോക്കിനില്‍ക്കുന്ന കുട്ടിയുടെ മനസ്സില്‍ അവന്‍ പോലുമറിയാതെ രൂപപ്പെടുന്ന ലഹരിയോടുള്ള ഒരുതരം താല്‍പ്പര്യം അയാളുടെ മുന്നില്‍ കുടുംബാംഗങ്ങള്‍ തുറന്നിടുന്ന വലിയ വാതിലുകള്‍ തന്നെയാണെന്ന് നാമറിയുന്നില്ല. താന്‍ വലിയ ആളായെന്ന തോന്നലും, താനറിയുന്ന പലരും കഞ്ചാവുള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന ചിന്തയും അതൊക്കെ ഇന്ന് സര്‍വ്വ സാധാരണമാണെന്ന അയാളുടെ സാമാന്യവല്‍ക്കരണവും വഴി മാറി ചിന്തിക്കാനുള്ള പ്രചോദകങ്ങളായി മാറുന്നത് ഇന്നിന്റെ നേര്‍ക്കാഴ്ചകളാണ്

ഇതിനുമപ്പുറത്താണ് സുഹൃദ് വലയത്തിന്റെ സ്വാധീനം. കൂട്ടം കൂടുമ്പോള്‍ എന്തും ചെയ്യാവുന്ന മാനസികാവസ്ഥ കൗമാരത്തിന്റെയും യുവത്വത്തിന്റേയും മാനസിക പ്രത്യേകതയാണ്. ഇതോടൊപ്പം തന്നെയാണ്, അവരില്‍ ചിലര്‍ വീടുകളില്‍ നിന്നും നുകരുന്ന മദ്യത്തിന്റെ വീമ്പിളക്കലുകളും . ഇതു സ്വാഭാവികമായും മറ്റു കുട്ടികളിലും സ്വാഭാവികമായ ഒരു താല്‍പര്യം ജനിപ്പിക്കുന്നുണ്ട്. ഇത് വലിക്കാനും കുടിക്കാനുമുള്ള വലിയ പ്രചോദനമാകുകയും ചെറിയ രീതിയിലുള്ള ഉപയോഗ ക്രമം, പിന്നീട് നിയന്ത്രണാതീതമായ രീതിയിലേക്കു മാറുകയും ചെയ്യുന്നു. ഭുരിഭാഗം കൗമാരക്കാരിലും ലഹരിയുപയോഗത്തിന്റെ തുടക്കം ഇപ്രകാരം തന്നെയാണെന്നതാണ്, വാസ്തവം. ഇങ്ങിനെ പ്രാഥമികമായി തുടങ്ങിയവരാണ്, പിന്നീട് സ്ഥിരോപയാക്താക്കളാകുന്നതും ഉപയോഗക്രമത്തിനാവശ്യമായ സാമ്പത്തിക ലഭ്യതക്കായി കാരിയറാകുന്നതും. മിക്കവാറും കേസുകളില്‍ ലഹരിയുമായി ബന്ധപ്പെട്ട ആദ്യ അനുഭൂതി കുട്ടിയ്ക്കുണ്ടാകുന്നത് അടുത്ത കൂട്ടുകാരില്‍ നിന്നോ അല്ലെങ്കില്‍ കുടുംബവുമായി ബന്ധപ്പെട്ട ഏറ്റവും അടുത്ത ബന്ധുവില്‍ നിന്നോ ആയിരിക്കും, അല്ലാതെ ഇവയുടെ മൊത്ത കച്ചവടക്കാരെ നേരിട്ടു ബന്ധപ്പെട്ടിട്ടല്ല.

മാറുന്ന ലഹരിയുടെ ലോകം

നാം കണ്ടു ശീലിച്ച സാമ്പ്രദായിക ലഹരിയുപയോഗമൊക്കെ കാണാമറയത്താകുകയും ലഹരിയുടെ മേച്ചില്‍പ്പുറങ്ങള്‍ മാറി മറയുകയും ചെയ്തിരിക്കുന്നു. മദ്യപാനം, പുകവലി, പുകയിലയുല്‍പന്നങ്ങളുടെ ഉപയോഗമെന്നിവയൊക്കെ കുടുംബാംഗങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ പ്രയാസമെങ്കിലും ഒരു പരിധിവരെ സാധ്യമാണ്. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന പുതിയ ലഹരികളുടെ ഉപയോഗ ക്രമം, സൂചനകള്‍ പോലുമില്ലാത്ത വിധം കൈകാര്യം ചെയ്യാന്‍ നമ്മുടെ പുതിയ തലമുറ പഠിച്ചുകഴിഞ്ഞിരിക്കുന്നു. നാവിനടിയില്‍ ഒട്ടിക്കാവുന്ന സ്റ്റിക്കറുകളായും നഖത്തിനിടയില്‍ പോലും തിരുകി വെയ്ക്കാവുന്ന സിന്തറ്റിക് മയക്കുമരുന്നായും അവ വിപണിയില്‍ സുലഭമായുണ്ട്. കിലോഗ്രാമുകളില്‍ വാര്‍ത്തകളായിരുന്ന റെയ്ഡു വിവരങ്ങള്‍, ഗ്രാമിലേക്കും മില്ലിഗ്രാമിലേക്കും മാറിയതൊക്കെ പുതിയ കാലത്തിന്റെ സവിശേഷതകൂടിയാണ്. ചുരുക്കി പറഞ്ഞാല്‍, പുതിയ കാലഘട്ടത്തിന്റെ സിന്തറ്റിക് ലഹരിയുപയോഗം കണ്ടുപിടിക്കാന്‍ പ്രയാസമാണെന്നു മാത്രമല്ല; അവയുടെ സൂചനകളൊക്കെ സാധാരണ കുടുംബാംഗങ്ങളുടെ കൈപ്പിടിയിലൊതുങ്ങുന്നതുമല്ല. അതുകൊണ്ട്തന്നെ, ലഹരിയുപയോക്താള്‍ പൊതുവില്‍ പ്രകടമാക്കാറുള്ള ലക്ഷണങ്ങളെപ്പറ്റി അത്യാവശ്യ അവബോധം നേടുന്നത് ഇക്കാര്യം മുളയിലേ തിരിച്ചറിയാനുള്ള സാധ്യതയായും കുടുംബാംഗങ്ങള്‍ കാണേണ്ടതുണ്ട്. ഇത് സ്വാഭാവികമായും അവരുടെ നിങ്ങള്‍ എന്നെ ചുമ്മാ സംശയിക്കുകയാണ് എന്ന പ്രതിരോധത്തെ കൃത്യമായി തടയിടാനും സാധിക്കും.

പൊതുലക്ഷണങ്ങള്‍

ശാരീരിക ക്ഷീണം, നിരാശാബോധം, കൃത്യനിഷ്ഠയില്ലാതെ പെരുമാറല്‍, കുടുംബാംഗങ്ങളെ അഭിമുഖീകരിക്കാതിരിക്കാതെ മുറിയില്‍ കതകടച്ചിരിക്കല്‍, വ്യത്യസ്ത ആവശ്യങ്ങളുടെ പേരില്‍ വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങല്‍, പണത്തിനു വേണ്ടി പുതിയ സാധ്യതകള്‍ കണ്ടെത്തല്‍, പതിവു സുഹൃത്തുക്കളില്‍ നിന്നും മാറി പുതിയ സൗഹൃദങ്ങള്‍ തേടല്‍, മണം പുറത്തറിയാതിരിക്കാനുള്ള ചൂയിംഗത്തിന്റേയും മറ്റു അനുബന്ധ വസ്തുക്കളുടേയും അമിതമായ ഉപയോഗം, പഠനത്തിലും അനുബന്ധ കാര്യങ്ങളിലും ശ്രദ്ധയില്ലാതെ അലസരായി തുടരുക തുടങ്ങിയവയൊക്കെ പ്രത്യക്ഷത്തില്‍ കാണാവുന്ന ശാരീരിക സൂചനകളാണ്.

ചെറിയ കാര്യങ്ങള്‍ക്കു പോലും ദേഷ്യപ്പെടുക എന്തിനേയും എതിര്‍ക്കുന്ന മനോഭാവം, സംശയാസ്പദ രീതിയിലുള്ള പെരുമാറ്റം, വീട്ടുകാരോടും കുടുംബാംഗങ്ങളോടും അധ്യാപകരോടും മുന്‍ വൈരാഗ്യമുള്ളതുപോലെയുള്ള സംസാരം ഇവയൊക്കെ മാനസികമായി തന്നെ കാണാവുന്ന സൂചകങ്ങളാണ്. ഇതു കൂടാതെ വൃത്തിയിലും വെടിപ്പിലും ശ്രദ്ധ കുറയുക. ഹോബികളില്‍ താല്‍പര്യം പോവുക. പഠനത്തില്‍ പിന്നാക്കമാവുക. മുന്‍കോപം, അമിതോല്‍ക്കണ്ഠ, എല്ലാറ്റിനോടുമുള്ള നിസംഗത, പതിവില്ലാത്ത അലസത.
സ്വയംമതിപ്പു നഷ്ടമായ മട്ടിലുള്ള പെരുമാറ്റം, ഏകാഗ്രതയും ഓര്‍മയും ദുര്‍ബലമാവുക, ശാരീരികാരോഗ്യം വഷളാവുക,ഇടയ്ക്കിടെയുള്ള ഓക്കാനം, അമിതമായ വിയര്‍പ്പ്, മുഖം നീരുവെച്ചപോലെ തോന്നിക്കുക, ഉറക്കത്തിന്റെയും ആഹാരം കഴിക്കുന്നതിന്റെയും സമയക്രമം മാറിമറയുക,
രഹസ്യാത്മകതയോടെ പെരുമാറാന്‍ തുടങ്ങുകയും കൂടുതല്‍ സ്വകാര്യത ആവശ്യപ്പെടുകയും ചെയ്യുക, പുതിയ കൂട്ടുകാര്‍ പ്രത്യക്ഷപ്പെടുക, നേരം തെറ്റിയ നേരങ്ങളിലുള്ള വരവും പോക്കും, വീട്ടില്‍ വരുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കു മുഖംകൊടുക്കാതെ മുറിയില്‍ കയറുക, വ്യത്യസ്ത ആവശ്യങ്ങളുമായി നിരന്തരം പണം ആവശ്യപ്പെടുക, എന്നിവയൊക്കെ കുറച്ചു കൂടി കൃത്യതയുള്ള ലക്ഷണങ്ങളാണ്.

കുടുംബങ്ങളിലേക്കു മടങ്ങാം

കുട്ടികളെ സ്‌നേഹിക്കുന്നതോടൊപ്പം സ്‌നേഹം അവരെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ സ്‌നേഹിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയെന്നതിനാണ് പ്രഥമ പരിഗണന കൊടുക്കേണ്ടത്.കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ കുടുംബങ്ങളില്‍ സാഹചര്യമൊരുക്കണം. കുട്ടികളില്‍ സമ്മര്‍ദം ചെലുത്തുന്ന രക്ഷിതാക്കളുടെ പ്രതിനിധികളാകാതെ അവരെ പ്രോല്‍സാഹിപ്പിക്കുകയും വീഴ്ചകളില്‍ കൈ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്യുന്ന നല്ല മാതൃകകള്‍ നല്‍കുന്ന മാതാപിതാക്കളാകുകയെന്നതാണ് പ്രധാന പോംവഴി. മക്കളെ സഹഗമിക്കുന്ന അവരുടെ സുഹൃത്തുക്കളിലെ നെല്ലും പതിരും തിരിച്ചറിയുന്ന അവരിലെ ആത്മവിശ്വാസം വളര്‍ത്തുന്ന മക്കളോട് വൈകാരികമായി അടുപ്പം പുലര്‍ത്തുന്ന രക്ഷിതാക്കളാവുകയെന്നതും ഉചിതമാണ്.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മാതാപിതാക്കളോട് സംസാരിക്കുമ്പോള്‍ ബഹുഭൂരിപക്ഷവും പറയുക എന്റെ മകന്‍-മകള്‍ അതു ചെയ്യില്ലെന്നാണ്. ഇതോടൊപ്പം അവരുടെ കയ്യിലൊന്നും അതിനുള്ള പണമില്ലെന്നുകൂടി അവര്‍ കൂട്ടിചേര്‍ക്കും. മക്കളെ സുഹൃത്തുക്കളായി കാണുന്ന മാതാപിതാക്കളുടെയെണ്ണം കൂടി വരുന്ന ഈ കാലഘട്ടത്തില്‍ പറ്റിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. അതു കരുതി സംശയദൃഷ്ടിയോടെ അവരെ നോക്കി കാണണമെന്നല്ല മറിച്ച് അവരെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നോര്‍മ്മിപ്പിക്കുന്നുവെന്നു മാത്രം.

ലഹരിയുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍
മക്കളോ നാമറിയുന്നവരോ ലഹരിക്കടിമപ്പെട്ടിട്ടുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അവരെ ഒറ്റപ്പെടുത്തുകയോ തെറ്റുകാരായി മുദ്രകുത്തുകയോ ചെയ്യുകയല്ല; പോംവഴി. കുട്ടി ലഹരിയുപയോഗിക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ ആകുലത പ്രകടിപ്പിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യാതെ, സമചിത്തതയോടും ഉത്തരവാദിത്തബോധത്തോടും പ്രശ്‌നം കൈകാര്യംചെയ്യാന്‍ നമുക്കാവണം. കുട്ടികള്‍ അവരുടെ മാനസികസംഘര്‍ഷങ്ങള്‍ അവരുടെ സംസാരം, പെരുമാറ്റം, മൂഡ് എന്നിവയിലൂടെ സ്വാഭാവികമായും പ്രകടിപ്പിക്കും. അതു ഗൗരവത്തോടെ കണ്ട് അവയെ ലഘൂകരിക്കുകയും
ബോധത്തോടെയുള്ള ശ്രമങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും സമ്മര്‍ദങ്ങള്‍ കുറയ്ക്കുകയും ചെയ്യണം.

നമ്മുടെ പരിധിക്കപ്പുറമാണ് കാര്യങ്ങളെങ്കില്‍ ലഹരിയുടെ അടിമത്വത്തില്‍ നിന്ന് അവരെ അകറ്റുന്നതിനുള്ള കൗണ്‍സിലിംഗുള്‍പ്പടെയുള്ള സംവിധാനങ്ങളും മറ്റു ചികില്‍സകളും ലഭ്യമാക്കുകയും കുറ്റപ്പെടുത്തി മാറ്റി നിര്‍ത്താതെ അവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താനും നമുക്കു സാധിക്കണം. വിദ്യാലയങ്ങളും സന്നദ്ധ സംഘടനകളും കേന്ദ്രീകരിച്ച്, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രായോഗിക തലത്തിലെത്തിക്കേണ്ടതുണ്ട്. അങ്ങേയറ്റത്തെ കണ്ണികളായ ലഹരിമാഫിയകളെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കാനുള്ള ആര്‍ജവം സര്‍ക്കാരധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുകയും അണുവിട വ്യത്യാസമില്ലാതെ നിയമം നടപ്പിലാക്കുകയും വേണം.

ഏതുതരം ലഹരിയും പ്രാഥമിക തലത്തില്‍ നമ്മുടെ കുട്ടികളേയും യുവാക്കളേയും സ്വാധീനിക്കുകയും അവരുടെ സിരകളെ ത്രസിപ്പിക്കുകയും ചെയ്യുന്ന വലിയൊരു ജിജ്ഞാസയോ ആകാംക്ഷയോ ആണ്. ഈ ജിജ്ഞാസയെ ഫലപ്രദമായും ക്രിയാത്മകമായും ഉപയോഗിയ്ക്കാന്‍ പരിശീലിപ്പിച്ചില്ലെങ്കില്‍ വന്‍ വിപത്തിലേക്കാണ് അവരെത്തിപ്പെടുന്നത്. സൂക്ഷ്മം നിരീക്ഷിച്ചാല്‍ ഇന്നത്തെ ലഹരിയുടെ അടിമകളില്‍ ബഹുഭൂരിപക്ഷവും ഒരു പഫിന്റെ സിപ്പിന്റെ ഡ്രിപ്പിന്റെയൊക്കെ ആകാംക്ഷയുടെ ജീവിക്കുന്ന ഇരകളാണ്. ലഹരിയുണ്ടാക്കുന്ന ഏതൊരു ആസക്തിയെയും കൃത്യമായ ഇടപെടലുകളിലൂടെയും സൗഹാര്‍ദ്ദ സഹവര്‍ത്തിത്വത്തിലൂടെയും മാറ്റിയെടുക്കാവുന്നതേയുള്ളു. അതിനുള്ള പക്വത നാം ആര്‍ജിച്ചെടുക്കണമെന്നു മാത്രം.

Content Highlights: valicheriyoo vishalokam anti drugs campaign 2022 students and drugs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented