പഠനം ഒമ്പതില്‍, സ്മാര്‍ട്‌ഫോണ്‍ മുതല്‍ ഗാഡ്ജറ്റുകള്‍ വരെ സ്വന്തം;സമയമില്ലാത്ത രക്ഷിതാക്കള്‍


അഖില സെല്‍വംപലപ്പോഴും സ്‌കൂളില്‍ നിന്നോ മറ്റോ കുട്ടികളെ കുറിച്ച് രക്ഷിതാക്കളോട് പറയുമ്പോള്‍ എന്റെ കുട്ടി അങ്ങനെയൊന്നും ചെയ്യില്ലെന്നും ഞാന്‍ അവരെ അങ്ങനെയാണ് വളര്‍ത്തിയതെന്നുമാണ് രക്ഷിതാക്കളുടെ മറുപടി.

പ്രതീകാത്മക ചിത്രം

സ്വന്തം കുട്ടികളോട് അര മണിക്കൂര്‍ പോലും സംസാരിക്കാന്‍ സമയമില്ലാതായി തീര്‍ന്നിട്ടുണ്ട് പുതിയ കാലത്തെ രക്ഷിതാക്കള്‍ക്ക്. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുംബത്തിലേക്ക് പുതിയ കാലം വഴിമാറിയപ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടത് ബന്ധങ്ങള്‍ മാത്രമായിരുന്നില്ല, നല്ല രക്ഷിതാക്കളെ കൂടിയായിരുന്നു.മുതിര്‍ന്നവരുടെ ശ്രദ്ധയായിരുന്നു. തിരക്കുള്ള ജോലി, അതിലപ്പുറമുള്ള സ്‌ട്രെസ്സ്, പണമുണ്ടാക്കാനുള്ള ഓട്ടപ്പാച്ചില്‍. ഇതിനിടയില്‍ തങ്ങള്‍ക്കൊരു കുട്ടി കൂടിയുണ്ടെന്ന് പോലും മറന്നുപോവുന്നു. മക്കള്‍ പറയുന്നതെല്ലാം സ്മാര്‍ട്ട് ഫോണ്‍ മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഗാഡ്ജറ്റ് വരെ ഒറ്റക്ലിക്കില്‍ കൈയിലെത്തിച്ച് കൊടുത്ത് കടമ നിറവേറ്റുന്നുണ്ട് നമ്മുടെ രക്ഷിതാക്കള്‍. പലപ്പോഴും രക്ഷിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡ് പോലും കൈകാര്യം ചെയ്യുന്നത് മക്കളായിരിക്കും. ഇതിനപ്പുറം ഞങ്ങള്‍ എന്താണ് അവര്‍ക്ക് ചെയ്ത് കൊടുക്കേണ്ടതെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് മുന്നോട്ട് പോവുന്നതെന്ന് പറയുന്നു മാനസികാരോഗ്യ വിദഗ്ധരും ഡേക്ടര്‍മാരുമെല്ലാം. പലപ്പോഴും സ്‌കൂളില്‍ നിന്നോ മറ്റോ കുട്ടികളെ കുറിച്ച് രക്ഷിതാക്കളോട് പറയുമ്പോള്‍ എന്റെ കുട്ടി അങ്ങനെയൊന്നും ചെയ്യില്ലെന്നും ഞാന്‍ അവരെ അങ്ങനെയാണ് വളര്‍ത്തിയതെന്നുമാണ് രക്ഷിതാക്കളുടെ മറുപടി. ഇവിടെ നിന്ന് മാറാന്‍ തുടങ്ങണം. ദിവസത്തില്‍ അരമണിക്കൂറെങ്കിലും അവരെ കേള്‍ക്കാന്‍ തയ്യാറാവണമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം മകനേയും കൊണ്ട് സംസ്ഥാനത്തെ ഒരു ലഹരി വിരുദ്ധ കേന്ദ്രത്തിലെത്തിയ രക്ഷിതാക്കളുടെ കഥ അധികൃതര്‍ പറയുന്നതിങ്ങനെ. രാഹുലിന് വേണ്ട (യഥാര്‍ഥ പേരല്ല) എല്ലാ കാര്യങ്ങളും ആ രക്ഷിതാക്കള്‍ ചെയ്തു കൊടുത്തിരുന്നു. ഒറ്റ മകനായത് കൊണ്ട് തന്നെ ജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും നല്‍കണമെന്നും അവര്‍ ആഗ്രഹിച്ചിരുന്നു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന അവന് സ്മാര്‍ട്ട് ഫോണ്‍ മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള ഗാഡ്ജറ്റുകള്‍ വരെ ആ രക്ഷിതാക്കള്‍ നല്‍കി. ആരുടെ മുന്നിലും മകന്‍ ചെറുതായി പോകരുതെന്ന് ചിന്ത മാത്രമേ ആ രക്ഷിതാക്കള്‍ക്കുണ്ടായിരുന്നുള്ളൂ. ഓവര്‍ ടൈം അടക്കമുള്ള തിരക്കുള്ള ജോലിക്കിടെ മകന് അതില്‍ കൂടുതല്‍ എന്ത് നല്‍കണമെന്ന ചിന്തയിലുള്ളവര്‍. പക്ഷെ അവര്‍ അറിയാതെ തന്നെ തങ്ങളുടെ മകന്‍ ലഹരിയുടെ നീരാളി പിടിയില്‍ പെട്ടുപോവുന്നുണ്ടെന്ന് അറിയാന്‍ ആ രക്ഷിതാക്കള്‍ വൈകിപ്പോയി. ഇത് മെച്ചപ്പെട്ട ജീവിത സാഹചര്യം കുടുംബത്തിന് നല്‍കണമെന്ന് ചിന്തിച്ച് രാവെന്നും പകലെന്നുമില്ലാതെ തിരക്കില്‍ മുങ്ങിപ്പോയ പുതിയ കാലത്തെ ഒരു കുടുംബത്തിന്റെ ദുരവസ്ഥയാണ്. സ്വന്തം കുട്ടികള്‍ക്ക് വേണ്ടി അരമണിക്കൂര്‍ പോലും മാറ്റിവെക്കാനില്ലാത്ത പുതിയ കാലത്ത രക്ഷിതാക്കളുടെ കഥ.തുടക്കത്തിലൊക്കെ പഠനത്തില്‍ വലിയ മിടുക്കനായിരുന്നു രാഹുല്‍. എല്ലാവരോടും ഇടിച്ചു കയറി സംസാരിക്കുന്ന സ്വഭാവം. പക്ഷെ എപ്പഴോ എവിടെയോ അവന്റെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പെടുത്താനായി ലിസ്സി മിസ്സ് വേണ്ടി വന്നൂവന്ന് പറയുന്നു ഈ രക്ഷിതാക്കള്‍. പലപ്പോഴും ക്ലാസ്സ് പിടിഎ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ആ രക്ഷിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. ടീച്ചര്‍ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞപ്പോള്‍ സമയമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും ടീച്ചറിന്റെ കടുത്ത സ്വരമാണ് അവരെ സ്‌കൂളിലെത്തിച്ചത്. ഞങ്ങളുടെ കുടുംബത്തെ ഉയരത്തില്‍ നിന്നും പടുകുഴിയിലേക്ക് തള്ളിവിട്ട ഒരു കൂടിക്കാഴ്ചയായിരുന്നു അതെന്ന് പറയുന്നൂ ഈ ദമ്പതികള്‍. നിങ്ങള്‍ക്ക് രാഹുലെന്ന് ഒരു മകനുണ്ടെന്ന് ഓര്‍മ്മയുണ്ടോ? ഇടയ്ക്കെങ്കിലും അവനെ പറ്റി ഒന്നന്വേഷിക്കണമെന്നുണ്ടോ? ടീച്ചറിന്റെ പരുക്കനായ ചോദ്യങ്ങളാണ് അവരെ യാഥാര്‍ഥ്യത്തിലേക്കെത്തിച്ചത്.

ഓടിച്ചാടി നടക്കുന്ന ആ മിടുക്കന്‍ ആരോടും സംസാരിക്കാതെ മൂലയ്ക്ക് ചുരുണ്ടിരിക്കുന്ന രംഗം സ്‌കൂളിലെ ഓരോ കുട്ടിയും മനസ്സിലാക്കി. അമ്മയായ നിങ്ങള്‍ അത് ശ്രദ്ധിച്ചിരുന്നില്ല! പഴയപോലെയല്ല പഠനത്തില്‍ യാതൊരുവിധ ശ്രദ്ധയുമില്ല. മുഴുവന്‍ സമയം ഒറ്റയ്ക്കിരിപ്പാണ്. കഴിഞ്ഞ ദിവസം ഇത് ചോദ്യം ചെയ്ത സുഹൃത്തിനെയും അവന്‍ കയ്യേറ്റം ചെയ്തിരുന്നു. ഇതൊക്കെ പറയാന്‍ നിങ്ങളെ കുറേ ദിവസമായി ബന്ധപ്പെടാന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും വളരെ നിസാരമായാണ് നിങ്ങള്‍ അതൊക്കെ കണ്ടത്. എന്തോ അവനു സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ കുറച്ചധികം അവനെ ശ്രദ്ധിക്കണം. ടീച്ചറുടെ ഈ വാക്കുകള്‍ ഈ രക്ഷിതാക്കളെ ചെറുതായൊന്നുമല്ല പേടിപ്പിച്ചത്.

സ്‌കൂളില്‍ നിന്ന് നേരെ വീട്ടിലേക്ക് പോയി. ആദ്യം ചെന്നത് അവന്റെ മുറിയിലേക്കാണ്. അലങ്കോലമായി കിടക്കുന്ന മുറി. പാഠപുസ്തകങ്ങള്‍ സ്റ്റഡി ടേബിളില്‍ അടുക്കിവെച്ചിരുന്ന അവന്റെ ശീലങ്ങളെല്ലാം എന്നേ നഷ്ടപ്പെട്ടുവെന്നത് പോലും ശ്രദ്ധിച്ചിരുന്നില്ല. ചിതറിക്കിടക്കുന്ന പുസ്തകങ്ങളായിരുന്നു തെളിവ്. കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന അമ്മയായിരിക്കണം എന്ന ആദര്‍ശത്തെ തല്‍ക്കാലം മാറ്റിവെച്ച് ഞാനവന്റെ മുറി പരിശോധിച്ചുതുടങ്ങി. അധികം തിരയുന്നതിന് മുമ്പേ കണ്ടെത്തി. ചുരുട്ടിയ നിലയിലുള്ള നോട്ടുകള്‍, ടേബിളിന്റെ മുകളിലെ എടിഎം കാര്‍ഡ് അതിന് ചുറ്റുമുള്ള വെള്ളനിറത്തിലുള്ള പൊടി. സിനിമകള്‍ കാണുന്നത് കൊണ്ട് തന്നെ ഇത് എന്താണെന്ന് മനസ്സിലാക്കാന്‍ വലിയ സമയം വേണ്ടി വന്നില്ല. പരാജയപ്പെട്ടുപോയ അമ്മയായി അവര്‍ തളര്‍ന്നിരുന്നു.

സ്‌കൂള്‍ വിട്ട് രാഹുല്‍ വീട്ടിലെത്താന്‍ വൈകുന്നുണ്ടെന്ന് പോലും അന്നാണ് മനസ്സിലാക്കിയത്. രാഹുലിനെ ഞാന്‍ സൂക്ഷിച്ച് നോക്കി. തളര്‍ന്ന കണ്ണുകള്‍, മെലിഞ്ഞ ശരീരം എന്റെ മകനിലുണ്ടായ മാറ്റങ്ങള്‍ ഗൗരവത്തിലെടുക്കാത്തതിനെ ഞാന്‍ അപലപിച്ചു. 'മമ്മിയെന്താ നേരത്തെ? ഇന്ന് ഹാഫ് ഡേ എടുത്തിരുന്നോ?' അവന്റെ ഈ ചോദ്യത്തിന് ചുരുട്ടിയ നോട്ടുകളും എടിഎം കാര്‍ഡ് എറിഞ്ഞുകൊടുത്തായിരുന്നു എന്റെ മറുപടി. ആദ്യം അവന്‍ ഓടിച്ചെന്ന് മുറിയുടെ കബോഡിന് മുകളില്‍ പരിശോധിച്ചു അവന്‍ വെച്ച എന്തോ അവിടെ തന്നെയില്ലേയെന്ന് ഉറപ്പ് വരുത്തി. അത് അവന്റെ കൈയില്‍ നിന്നും തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ എന്റെ നേര്‍ക്ക് ആക്രോശിച്ചെത്തി. അവന്റെ വായില്‍ നിന്നോ എന്നെന്നെ ഞെട്ടിച്ച അസഭ്യവാക്കുകള്‍ എന്റെ മുഖത്തേക്കെറിഞ്ഞു.

'നിങ്ങളാരുമില്ലായിരുന്നു. എന്റെ ഒറ്റപ്പെടലില്‍ എനിക്ക് കൂട്ടായത് ഇതാണ്. എനിക്ക് അതു വേണം അതില്ലെങ്കില്‍ ഞാന്‍ എന്തും ചെയ്യും.'അവന്റെ മാറ്റങ്ങള്‍ക്ക് എനിക്ക് കൃത്യമായ ഉത്തരം ലഭിച്ചിരിക്കുന്നു. അവനെ മുറിയിലിട്ടുപൂട്ടി ഭര്‍ത്താവിനെ വിളിച്ചുവരുത്തി. മകന്റെ ഈ അവസ്ഥയ്ക്ക് കാരണം ഞങ്ങള്‍ തന്നെയാണെന്ന് പരസ്പരം പറഞ്ഞു കരഞ്ഞു. അവനെ തിരിച്ചുകൊണ്ടുവരാന്‍ വൈദ്യസഹായവും നിയമസഹായവും തേടാന്‍ മടിച്ചില്ല. പക്ഷേ ആ ദിവസങ്ങള്‍ നരക തുല്യമായിരുന്നുവെന്ന് ഇവര്‍ ഓര്‍ത്തെടുക്കുന്നു. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒന്ന് കിട്ടാതെ വന്നപ്പോഴുളള അവന്റെ ഭ്രാന്ത് പിടിച്ച അവസ്ഥ കണ്ടിട്ട് സഹിക്കാനായില്ല. രാവും പകലും ഞാനും ഭര്‍ത്താവും കഷ്ടപ്പെട്ടത് മകനെ ഇല്ലാതാക്കാനായിരുന്നോ എന്ന ചിന്ത ഞങ്ങളെ രണ്ടാളേയും വേട്ടയാടി.

മകന്റെ ദുരവസ്ഥയ്ക്ക് തങ്ങളാണ് കാരണക്കാരെന്ന് നീറിനീറി കഴിയുന്ന ഒരു മാതാപിതാക്കളുടെ നേര്‍ച്ചിത്രമാണിത്. ഈ കാഴ്ചയിന്ന് സര്‍വസാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. കുടുംബത്തിന് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഒരുക്കുന്നതിനുളള തിരക്കുപിടിച്ച ഓട്ടപ്പാച്ചിലിനിടയില്‍ ബന്ധങ്ങള്‍ക്കും കുടുംബത്തിനും വില നല്‍കാനും സമയം ചെലവഴിക്കാനുമെല്ലാം പലരും മറന്നു പോകുന്നു. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ അവര്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന തികഞ്ഞ മാതാപിതാക്കളാകാനുളള ശ്രമത്തിനിടയില്‍ അവരുടെ ആവശ്യങ്ങള്‍ ഉല്‍പന്നങ്ങളായി മാത്രം നല്‍കിയോ എന്നാണ് തീരുമാനിക്കേണ്ടത്. അവര്‍ക്കൊപ്പം ക്വാളിറ്റി ടൈം കണ്ടെത്തുന്നതും അത്യാവശ്യം തന്നെയാണ്. സമയമില്ല എന്ന ന്യായീകരണത്തില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല കുട്ടികള്‍.

തിരക്കിനിടയില്‍ നല്‍കണം ഇത്തിരി നേരം-

ഡോക്ടര്‍ വര്‍ഷ, സൈക്കാട്രിസ്റ്റ് കാലിക്കറ്റ് മെഡിക്കല്‍ കോളേജ്

'തൊണ്ട വേദനയായിട്ട് കോഴിക്കോട് ഒരു ക്ലിനിക്കില്‍ ഡോക്ടറെ കാണാന്‍ ഒരു കുട്ടി എത്തിയിരുന്നു. അവന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട് ഡോക്ടറാണ് അവനെ എന്റെയടുത്തേക്ക് വിട്ടത്. കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി. ഹാന്‍സ്, മദ്യം എന്നിവ അവന്‍ കുറച്ച് മാസങ്ങളായി ഉപയോഗിക്കുന്നുണ്ട്. പത്താം ക്ലാസില്‍ തന്നെ പഠിത്തം നിര്‍ത്തിയിരുന്നു. കുറച്ച് നാളായി പുറത്തോട്ട് ഇറങ്ങാതെ ആരോടു മിണ്ടാതെ ഇരിപ്പായിരുന്നു. മാതാപിതാക്കള്‍ പുറത്ത് ഇറങ്ങാനും കൃത്യമായി കുളിക്കാനും വസ്ത്രം മാറാനുമെക്കെ ഇവനോട് പറഞ്ഞിരുന്നു. പക്ഷേ സുഹൃത്തുക്കള്‍ അവനെ ഉപദ്രവിക്കാന്‍ നോക്കുന്നു, അവര്‍ സ്‌കെച്ച് ചെയ്യുന്നു. അവന്റെ യാത്രകളൊക്കെ നിരീക്ഷിക്കുന്നു, അവന്‍ ഒരു ക്യാമറയ്ക്കുള്ളില്‍ അകപ്പെട്ടു എന്നൊക്കെ സൈക്കോട്ടിക്ക് ലക്ഷണങ്ങള്‍ കാട്ടി തുടങ്ങിയിരുന്നു. ആളുകളെ അഭിമുഖീകരിക്കാന്‍ മടിയായി, ഉറക്കമില്ലാതൊയി. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പേറിയാണവന്‍ ജീവിച്ചിരുന്നത്. പക്ഷേ മാതാപിതാക്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. ഇതൊരു അസുഖമാണെന്ന് തിരിച്ചറിയാനുള്ള മാനസിക സ്ഥിതി പോലും അവനുണ്ടായിരുന്നില്ല. അവന്റെ അമ്മയ്ക്ക് ഇത് വലിയ പ്രയാസമായിരുന്നു. അച്ഛന്‍ മദ്യപാനിയായത് കൊണ്ടാവാം ഇത് ചികിത്സിക്കാനായി ഒന്നുമില്ലെന്ന മനോഭാവമായിരുന്നു ഉണ്ടായിരുന്നത്. എങ്ങനെയൊക്കെയോ ചികിത്സയ്ക്കായി സമ്മതിച്ചു. വാര്‍ഡില്‍ വെച്ച് വല്ലാത്ത അസ്വസ്ഥതകള്‍ അവന്‍ കാണിച്ചിരുന്നു. കുറയേ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കണം വീട്ടില്‍ പോകണം ഇതൊക്കെ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. അവന്റെ ചികിത്സയ്ക്കായി കൂടുതല്‍ പ്രയത്‌നിക്കേണ്ടി വന്നിട്ടുണ്ട്.

കൗമാരപ്രായത്തില്‍ കുട്ടികളുടെ കൈവശമൊക്കെ പണ്ടെത്തിയിരുന്ന ലഹരി സാധനങ്ങള്‍ ഹാന്‍സ്,കൂള്‍ എന്നിവയൊക്കെ ആയിരുന്നു. ഇപ്പോഴൊക്കെ പലയിടത്തു നിന്നും പ്രത്യേകിച്ച് സ്‌കൂളുകള്‍ക്ക് ചുറ്റും നിന്നും കഞ്ചാവും മറ്റു ലഹരികളായ എം.ഡി.എം.എ, എല്‍.എസ്.ഡി എന്നിവ ലഭിക്കുന്നുണ്ട്. പെയിന്റില്‍ ഒഴിക്കുന്ന തിന്നര്‍, സാധരണയുള്ള മരുന്നുകളുടെ ഓവര്‍ഡോസ് എന്നിവയും ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ലഹരി ഉപയോഗിക്കുന്ന എല്ലാവരും അതിന് അഡിക്ടാവണെമെന്നില്ല. ചിലയാളുകള്‍ ഒരു കൗതുകത്തിന് ഉപയോഗിച്ച് നിര്‍ത്തും. മറ്റു ചിലരാകട്ടെ ശാരീരിക മാനസ്സിക പ്രശ്നങ്ങളൊന്നും വക വെക്കാതെ അത് തുടര്‍ച്ചയായി ഉപയോഗിക്കുന്നു. ഇതില്‍ തന്നെ ഡിപ്പന്‍ഡന്റ് സിന്‍ഡ്രം എന്നൊരു അവസ്ഥയുമുണ്ട്. തുടര്‍ച്ചയായി പല ലക്ഷണങ്ങളും അവര്‍ കാണിക്കും. ജീവിതത്തിലെ മറ്റു പ്രഥമ കാര്യങ്ങളെയൊക്കെ മാറ്റിവെച്ചുകൊണ്ടായിരിക്കുമത്. ഉപയോഗിക്കാത്ത സമയങ്ങളിലാകട്ടെ പിന്‍വലിയല്‍ ലക്ഷണങ്ങള്‍ കാണിക്കും. ആധുനിക കാലത്ത് കുടുംബങ്ങള്‍ ചെറുതായി കൊണ്ടിരിക്കുകയാണ്. ലഹരി എങ്ങനെയാണ് കുട്ടികളില്‍ എത്തുന്നതെന്ന് കണ്ടുപ്പിടിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. പക്ഷേ അവരെ അപ്പാടെ കുറ്റം പറായാനുമാകില്ല. അവരുടെ ജോലി തിരക്കും,സ്ട്രെസ്സും, സാമ്പത്തിക പ്രശ്നങ്ങളെല്ലാം കുട്ടികളെ ശ്രദ്ധിക്കുന്നതില്‍ അവരെ പരാജയപ്പെടുത്തുന്നു. എന്നാലും കുട്ടികളിലെ മാറ്റങ്ങള്‍ വൈകി അറിഞ്ഞാലും മാതാപിതാക്കള്‍ അവരെ ചികിത്സയ്ക്കായി കൊണ്ടു വരണം. ഏത് തരം ലഹരിയാണ്, എത്ര വര്‍ഷത്തെ ഉപയോഗം, കുട്ടിയുട പ്രായം ഇതൊക്കെ നോക്കിയാണ് ചികിത്സ ഉറപ്പാക്കുന്നത്. അതിനോടൊപ്പം തന്നെ വൈകാരിക,മാനസിക, സ്വഭാവ പ്രശ്നങ്ങളോടൊപ്പമുള്ള ലഹരി ഉപയോഗത്തെയും വിലയിരുത്തും. പേരന്റല്‍ മനേജ്മെന്റ് ട്രെയിനിങ്ങ്, ഫാമിലി സപ്പോര്‍ട്ട്, മോട്ടിവഷന്‍ ആന്റ് എന്‍ഹാന്‍സ്മെന്റ്, മരുന്നു ആവശ്യമുണ്ടെങ്കില്‍ അങ്ങനെ ചികിത്സ ഉറപ്പാക്കുന്നു.

പലപ്പോഴും കുട്ടികളിലും കൗമാരക്കാരിലും അനുബന്ധപ്രശ്ങ്ങളോടൊപ്പം ലഹരി ഉപയോഗം കണ്ടു വരുന്നു. അറ്റന്‍ഷന്‍ ഡെഫിസിറ്റ്, ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍, പേഴ്സണാലിറ്റി പ്രശ്നങ്ങള്‍, വൈകാരിക പ്രശ്നങ്ങള്‍, കൂട്ടുകെട്ടിലെ പ്രശ്നങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍ പോലുളളവ യാഥാസമയം ചികിത്സിച്ചാല്‍ കുറേയൊക്കെ അവരെ ലഹരിയില്‍ നിന്നും വിട്ട് നിര്‍ത്താനാകും. ഇന്നത്തെ കാലത്തെ രക്ഷിതാക്കള്‍ പഠനരംഗത്ത് മാത്രമാണ് കുട്ടികളെ പ്രധാന്യം കൊടുക്കാന്‍ പറയുന്നത്. ഇത് കുട്ടികളില്‍ ശക്തമായ മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. നേരെ മറിച്ച് പഠനത്തോടൊപ്പം തന്നെ ലൈഫ് സ്‌കില്‍സും കുട്ടികളെ പഠിപ്പിക്കാം. പത്ത് ലൈഫ് സ്‌കില്‍സാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പറയുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ക്രിട്ടിക്കല്‍ തിങ്കിങ്ങ്. ഏതവസരത്തില്‍ എങ്ങനെ പെരുമാറണം, സ്ട്രെസ്സ് വന്നാല്‍ എങ്ങനെ മാനേജ് ചെയ്യണം, ആള്‍ക്കാരോട് ശരിയായി കമ്യൂണിക്കേറ്റ് ചെയ്യണം എന്നിവയെല്ലാം പഠിപ്പിക്കണം. ഇതിലൊക്കെ ശരിയായി പരിശീലനം കിട്ടുന്ന കുട്ടികള്‍ ലഹരിയിലേക്ക് പോകാനുള്ള സാധ്യത തീരേ കുറവാണ്. കൂടുതല്‍ സമയം കുട്ടികളോടൊപ്പം ചിലവഴിച്ച് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാന്‍ മാതാപിതാക്കള്‍ക്കാവണം.'

രക്ഷിതാക്കളുടെ വഴക്കില്‍ കൈവിട്ട് പോവുന്ന കുട്ടികള്‍

അച്ഛനമ്മമാരുടെ വഴക്ക് ജനിച്ച അന്നു മുതല്‍ കാണുന്നുണ്ടായിരുന്നു അലീന. തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കിടുന്ന അച്ഛന്‍. അവള്‍ ജനിച്ചത് ഒരു ശാപമാണെന്ന് തരത്തിലുള്ള സംസാരം അവരുടെ വഴക്കില്‍ നിന്നും പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാം. ആദ്യമൊക്കെ പിടിച്ചുമാറ്റാന്‍ പോയിരുന്നുവെങ്കിലും മനസ്സ് മടുത്തു നിര്‍ത്തി അവരുടെ വഴക്ക് ജീവിത ശൈലിയുടെ ഭാഗമായി മാറി തുടങ്ങി. ഇതിനിടയില്‍ അച്ഛന് വേറെ സ്ത്രീയോട് അടുപ്പമുള്ളതായി കൂട്ടുകാര്‍ക്കിടയിലെ ചില കളിയാക്കലുകള്‍. അത്തരം സാഹചര്യങ്ങളൊഴിവാക്കാന്‍ പുറം ലോകത്തിനിടയില്‍ നിന്നും അവള്‍ പിന്‍വാങ്ങി ജീവിക്കാന്‍ തുടങ്ങി. മനസ്സു തുറന്നൊന്നു സംസാരിക്കാനും ഉറക്കേ കരയാനും പറ്റാത്ത അവസ്ഥ. സിനി മാത്രമായിരുന്നു അവളുടെ ഉറ്റ സുഹൃത്ത്. തന്റെ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാനായി ഇത് മാത്രം മതിയാകുമെന്ന് പറഞ്ഞ് സിനി കൈയില്‍ കൊടുത്ത വസ്തു ജീവിതത്തില്‍ അവളെ വേറൊരു തലത്തിലെത്തിക്കുമെന്ന് അവള്‍ അറിഞ്ഞിരുന്നില്ല. ലഹരിക്കായി വഴിവിട്ട ബന്ധങ്ങളില്‍ പോലും സഞ്ചരിക്കേണ്ടി വന്നു. വീട്ടിലറിഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ അവളെ പിടിച്ചിരുത്തി സംസാരിക്കുന്നതിന് പകരം തല്ലിച്ചതച്ചു പൂട്ടിയിടുന്നു. കുറച്ചു കഴിഞ്ഞു വാതില്‍ തുറക്കുന്ന വീട്ടുകാര്‍ക്ക് കാണേണ്ടി വന്നത് ചേതനയറ്റ് തൂങ്ങി നില്‍ക്കുന്ന അവളുടെ ശരീരമാണ്.അലീന ഒരുപാടുപേരുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒരു സാങ്കല്‍പ്പിക പേരാണ്. പക്ഷെ പേര് മാത്രമാണ് സാങ്കല്‍പ്പികം.

മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹം കണ്ട് വളര്‍ന്നു വരേണ്ടവരാണ് കുട്ടികള്‍ എന്നത് പണ്ടു തൊട്ടേ കേട്ടു വരുന്ന ഒരു ആശയമാണല്ലോ. ബന്ധങ്ങളിലെ തകര്‍ച്ച കുട്ടികളുടെ മാനസികാരോഗ്യത്തെ നാം പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശമായ രീതിയിലാണ് ബാധിക്കുന്നത്. അവര്‍ നിരന്തരം കേള്‍ക്കുന്ന ശാപവാക്കുകളും പഴിചാരലുകളുമെല്ലാം ആത്മവിശ്വാസത്തെ പോലും തച്ചുടയ്ക്കാം. വിവാഹബന്ധം വേര്‍പ്പെടുത്തിയ മാതാപിതാക്കളോടൊപ്പം അവിടെയും ഇവിടെയുമായി ജീവിക്കുന്ന കുട്ടികളും കടുത്ത മാനസിക പിരിമുറുക്കത്തിലൂടെ കടന്നുപോകുന്നുണ്ട്. അവനെ കണ്ട് പഠിക്ക് ഇവനെ കണ്ട് പഠിക്ക് എന്ന് എന്ന താരതമ്യം, പരീക്ഷകളിലെ പരാജയം, കൂട്ടുകാരുടെ നിര്‍ദോഷമെന്ന് മുതിര്‍ന്നവര്‍ക്ക് തോന്നുന്ന കളിയാക്കലുകള്‍, ടോക്ക്‌സിക്ക് പാരന്റിങ് തുടങ്ങി കുട്ടികളെ ലഹരിയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. തങ്ങളാഗ്രഹിക്കുന്ന സ്‌നേഹമോ പിന്തുണയോ ലഭിക്കാതാകുമ്പോഴാണ് എന്തിനും പരിഹാരം ഉപദേശിക്കുന്ന സുഹൃത്തായി ലഹരിയിലേക്കുളള ആദ്യ കണ്ണി കുട്ടിയെ പിടിമുറുക്കുന്നത്. അത് സഹപാഠിയാകാം, അവര്‍ പരിചയപ്പെടുത്തുന്നവരാകാം. ഈ സുഹൃത്തുക്കള്‍ ലഹരിവാഹകരായിരിക്കും. ഇവ ഉപയോഗിക്കാനായി നിര്‍ബന്ധിക്കുമ്പോള്‍ ആരുമില്ലാത്ത തനിക്ക് ഇവ നിരാകരിച്ചാല്‍ സൗഹൃദം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ പല കുട്ടികളും ഉപയോഗിച്ചു തുടങ്ങുന്നു. ലഹരിക്കടിമപ്പെടുന്നതോടെ പണം കണ്ടെത്തുന്നതിനുള്‍പ്പടെ വാഹകരാകാനും നിര്‍ബന്ധിതരാകുന്നു. അവര്‍പോലുമറിയാതെ അവരെത്തിപ്പെടുന്നത് ലഹരിയെന്ന വലിയ ചതിക്കുഴിയിലേക്കാണ്.

അവരോട് സംസാരിക്കണം, ഉളളുതുറന്നുതന്നെ. അവരുടെ ദൈനംദിന കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കണം. തങ്ങളെ പരിഗണിക്കുന്നുണ്ടെന്ന തോന്നല്‍ മനസ്സിലുടലെടുക്കണം. ചെറിയ ഇടപെടലുകള്‍ വലിയ മാറ്റങ്ങളായിരിക്കും ചിലപ്പോള്‍ സൃഷ്ടിക്കുക. ഇതെല്ലാം ചെയ്തിട്ടും മക്കള്‍ ലഹരിയില്‍ അടിമപ്പെടുന്നുവെങ്കില്‍. അമിതലാളന വിഷമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുത്ത് അവരെ വഷളാക്കാതിരിക്കുക. പ്രശംസയും ഉപദേശങ്ങളും എല്ലാം അവരര്‍ഹിക്കുന്നുണ്ട്.

നമ്മുടെ കുട്ടികള്‍ വിഷപ്പുകയില്‍ മറയാതിരിക്കാന്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  • കുട്ടികളുടെ കൂട്ടുകെട്ടിന് അവരുടെ ജീവിതത്തിന്റെ ഗതി മാറ്റി മറിക്കാനാകും. പുതിയ ആളുകളെ കുട്ടികള്‍ ദിനം പ്രതി കാണുന്നതും പരിചയപ്പെടുന്നതുമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരില്‍ പലരും അവരെ ഇതിലേക്ക് എത്തിക്കാനുള്ള ചാന്‍സ് കൂടുതലായത് കൊണ്ട് മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണം.
  • കുട്ടികളുടെ മുന്നില്‍ വെച്ച് മദ്യപിക്കുന്നതും മറ്റു വസ്തുക്കള്‍ ഉപയോഗിക്കുന്നതെല്ലാം അവരുടെയുള്ളില്‍ തെറ്റായ ചിന്തകള്‍ വളര്‍ത്തും. ഈ ഒരു പ്രായത്തില്‍ കോപ്പി ക്യാറ്റ് മനോഭാവമുള്ളവര്‍ക്ക് പിന്നീട് പഠിക്കാന്‍ വേറൊന്നും വേണ്ട.
  • ടീനേജ് പ്രായത്തിലെ കുട്ടികള്‍ എവിടെ പോകുന്നു എന്ത് ചെയ്യുന്നുവെന്ന് ശരിയായി വിലയിരുത്തണം. അവരുടെ റൂമും ബാഗുമല്ലൊം ഇടയ്ക്കിടയ്ക്ക് പരിശോധിക്കുന്നതും ഉചിതമായിരിക്കും. അസ്വാഭാവികമായ എന്തെങ്കിലും കണ്ടാല്‍ ഹെല്‍പ്പ്‌ലൈനില്‍ വിളിക്കാനും അവര്‍ക്കെങ്ങനെയാണ് മയക്കമരുന്ന് പോലുള്ളവ കിട്ടുന്നെന്ന് ചോദിച്ചറിഞ്ഞു പോലീസില്‍ പറയുകയും വേണം.
  • കുട്ടികളുടെ സ്വഭാവത്തില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുകയാണെങ്കില്‍ അവരെ വിളിച്ചിരുത്തി കാര്യങ്ങള്‍ ചോദിച്ചറിയാം. അതില്‍ പരാജയപ്പെട്ടാല്‍ ഒരു സൈക്കോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്യുന്നതാവും ഉചിതം.
  • വിദ്യാലയങ്ങളാണല്ലോ കുട്ടികളുടെ അടുത്ത വീട്. അതുകൊണ്ട് തന്നെ അവരുടെ ടീച്ചര്‍മാരുമായി നല്ല ബന്ധം ഓരോ മാതാപ്പിതാക്കളും സൂക്ഷിക്കണം. രാഹുലിനുണ്ടായ മാറ്റങ്ങള്‍ അമ്മയേക്കാള്‍ മുന്നേ കണ്ടെത്തിയത് അവന്റെ അധ്യാപികയാണെന്ന് ഓര്‍ക്കാം.
  • മയക്കമരുന്നുകളെയും മറ്റു ലഹരി വസ്തുക്കളെയും കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാം. 'നോ' എന്നുതീര്‍ത്തു പറയുന്ന തരത്തില്‍ മയക്കമരുന്നുകളുടെ ദൂഷ്യവശങ്ങള്‍ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്.
  • കേരള സര്‍ക്കാരിന്റെ ലഹരി വിമുക്ത പ്രചരണ പരിപാടിയായ വിമുക്തിയെ കുറിച്ച് മാതാപിതാക്കളും മക്കളും കൂടുതല്‍ അവബോധരാകണം. ലഹരിക്കടിമപ്പെട്ട കുട്ടികളെ കൗണ്‍സിലിങ്ങിനും റീഹാബിനും പങ്കെടുപ്പിക്കാനും അല്ലാത്തവരെ സമയോചിതമായി വിമുക്തിയുടെ ബോധവല്‍കരണ പരിപാടിയില്‍ പങ്കാളികളാക്കുകയും ചെയ്യാം. 14405 എന്ന ടോള്‍ ഫ്രീ നമ്പര്‍ കുട്ടികളും മാതാപിതാക്കളും സേവ് ചെയ്യണം.
  • ഒരു ദിവസം കൊണ്ടൊന്നും വിപ്ലവം സൃഷ്ടിക്കാനാവില്ലെന്നത് സത്യമാണ്. പക്ഷേ നമ്മുടെ മക്കളെ സംരക്ഷിച്ചു കൊണ്ട് ആ വിപ്ലവത്തിന് തുടക്കം കുറിക്കാവുന്നതാണ്.

Content Highlights: valicheriyoo vishalokam anti drugs campaign 2022 parenting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented