ലഹരി ഉപയോഗത്തിനും വില്‍പ്പനയ്ക്കും മറയാക്കി ലിവിങ് ടുഗെദര്‍; എന്തു ചെയ്യും പോലീസ്...!


അഫീഫ് മുസ്തഫ

പ്രതീകാത്മക ചിത്രം

ലഹരി ഉപയോഗിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും ലിവിങ് ടുഗെദര്‍ മറയാക്കി പുതിയ വഴി തേടുന്നത് പോലീസുകാരേയും എക്‌സൈസ് ഉദ്യോഗസ്ഥരേയും ചെറുതായല്ല കുഴക്കുന്നത്. ലഹരി വില്‍പ്പനയുടേയും ഉപയോഗത്തിന്റേയും സൂചന പോലീസിന് ലഭിച്ച് പരിശോധനയ്‌ക്കെത്തുമ്പോഴാണ് ലിവിങ് ടുഗെദാറാണെന്ന സൂത്രം പറഞ്ഞ് ഇവര്‍ രക്ഷപ്പെടുന്നത്. ഇത് പോലീസിനേയും എക്‌സൈസിനേയും പരിശോധനയില്‍ പരിമിതിയുണ്ടാക്കുകയും ചെയ്യുന്നു. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറി ലഭിക്കുന്നതിനും മറ്റും ലിവിങ് ടുഗെദര്‍ ഇത്തരക്കാര്‍ക്ക് എളുപ്പമാക്കുകയും ചെയ്യുന്നു. കഴിഞ്ഞവര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്ത ടൂറിസ്റ്റ് ഹോമില്‍ നടന്ന ലഹരി ഉപയോഗവും കൂട്ടബലാത്സംഗവും സമാന രീതിയില്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തതിന് ശേഷം നടന്നതായിരുന്നു. പെണ്‍കുട്ടികളെ കൂടെ കൂട്ടിയാല്‍ പോലീസ് റെയ്ഡില്‍നിന്നും മറ്റും എളുപ്പം രക്ഷപ്പെടാനാവുമെന്നതും ലഹരി വില്‍പ്പനക്കാരെ ലിവിങ് ടുഗെദര്‍ വഴി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

എറണാകുളത്ത് കിലോക്കണക്കിന് കഞ്ചാവ് പിടിച്ച കേസില്‍ രണ്ട് യുവാക്കളും യുവതിയും പിടിയിലായിരുന്നു. അറസ്റ്റിലായ 21-കാരിയും പ്രതികളിലൊരാളും ലിവിങ് ടുഗെദറായിരുന്നുവെന്ന് പിന്നീട് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയെ ലഹരിക്കടത്തിനുള്ള കാരിയറായി ഉപയോഗിച്ചുവരികയാണെന്നും അന്വേഷണത്തില്‍ മനസ്സിലായി. 18-ാം വയസ്സില്‍ 18-കാരനുമായി വീട് വിട്ടിറങ്ങിയതായിരുന്നു പെണ്‍കുട്ടി. നിയമപരമായി വിവാഹം കഴിക്കാന്‍ കഴിയാത്തതിനാല്‍ ഇരുവരും ഒരുമിച്ച് താമസം തുടങ്ങുകയായിരുന്നു.

16-ാം വയസ്സിലായിരുന്നു പെണ്‍കുട്ടിയുടെ പ്രണയം തുടങ്ങിയത്. 18 വയസ്സായപ്പോള്‍ വീട് വിട്ടിറങ്ങുകയും ചെയ്തു. വീട്ടുകാര്‍ പരാതിപ്പെട്ടുവെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 18-കാരനായ കാമുകനൊപ്പം പോകണമെന്ന് പെണ്‍കുട്ടി പറയുകയായിരുന്നു. ഇതോടെ കാമുകനൊപ്പം വിട്ടയക്കുകയായിരുന്നു.കാമുകന്‍ പക്ഷെ കഞ്ചാവിനും മയക്കുമരുന്നിനും അടിമയായിരുന്നു. പ്രണയകാലത്ത് പെണ്‍കുട്ടി ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നതാണ് സത്യം. പെണ്‍കുട്ടി കാമുകന്റെ വീട്ടിലെത്തിയതോടെ പ്രണയസല്ലാപങ്ങള്‍ കൊടും മര്‍ദനത്തിലേക്ക് വഴിമാറി. പെണ്‍കുട്ടിക്കും കാമുകന്‍ ലഹരിമരുന്ന് നല്‍കിതുടങ്ങി. ഒപ്പം നിരന്തരമായ ഉപദ്രവവും. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഈ സമയത്ത് കാമുകന്‍ മോഷണക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായി. കാമുകന്‍ ജയിലിലായതോടെ പെണ്‍കുട്ടിയുടെ അമ്മ അവരെ സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു.

മകളെയും അവരുടെ കുഞ്ഞിനെയും ആ പ്രായമായ മാതാപിതാക്കള്‍ കഷ്ടപ്പെട്ട് പരിചരിച്ചു. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടി സാമൂഹികമാധ്യമത്തിലൂടെ മറ്റൊരു യുവാവുമായി അടുപ്പത്തിലാവുകയും ചെയ്തു. അയാളും ലഹരിക്ക് അടിമയായിരുന്നു. ഒപ്പം ലഹരിമരുന്ന് കച്ചവടക്കാരനും.സിനിമാപ്രവര്‍ത്തകനാണെന്നെല്ലാം പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ വീഴ്ത്തിയത്. പിന്നാലെ യുവതിയെയും കുഞ്ഞിനെയും യുവാവ് കൂട്ടിക്കൊണ്ടുപോയി. ഇതോടെ തന്റെ ലഹരിമരുന്ന് കടത്തിന് യുവതിയെയും ഇയാള്‍ ഉപയോഗിച്ചുവന്നു. ഒപ്പം പരിധിയില്ലാതെ ലഹരിമരുന്ന് ഉപയോഗിക്കാന്‍ നല്‍കുകയും ചെയ്തു.

യുവതിയെ ലഹരിക്കടത്തിന് ഒപ്പംകൂട്ടിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നും പോലീസിന്റെ പരിശോധനകളില്‍നിന്ന് രക്ഷപ്പെടാമെന്നുമായിരുന്നു യുവാവിന്റെ കണക്കുക്കൂട്ടല്‍. കാറിന്റെ മുന്‍സീറ്റുകളിലിരുന്ന് ദമ്പതിമാരെന്നപ്പോലെയാണ് ഇവര്‍ യാത്രചെയ്തിരുന്നത്. കുടുംബസമേതമുള്ള യാത്രയെന്ന് തോന്നിപ്പിക്കും വിധം ഒട്ടേറെ ബാഗുകളും വാഹനത്തില്‍ കരുതും. എന്നാല്‍ എറണാകുളത്തുവെച്ച് ഇവര്‍ രണ്ടുപേരെയും വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളെയും പോലീസ് വളഞ്ഞിട്ട് പിടികൂടി. കിലോക്കണക്കിന് കഞ്ചാവും വാഹനത്തില്‍നിന്ന് പിടിച്ചെടുത്തു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ തനിക്കൊന്നും അറിയില്ലെന്നായിരുന്നു യുവതിയുടെ മൊഴി. യുവതിയുടെ സാമൂഹികമാധ്യമത്തില്‍ കഞ്ചാവുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും പോലീസ് കണ്ടിരുന്നു. ചോദ്യംചെയ്യലില്‍ അത് എന്താണെന്ന് പോലും തനിക്കറിയില്ലെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞുമാറി. യുവതി ലഹരി ഉപയോഗിക്കുന്നുണ്ടോ അല്ലയോ എന്നതിന് കേസില്‍ വലിയ പ്രധാന്യമില്ലാത്തതിനാല്‍ പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യലിന് മുതിര്‍ന്നതുമില്ല. എന്നാല്‍ റിമാന്‍ഡിലായി രണ്ടാഴ്ച കഴിഞ്ഞതോടെ യുവതിയുടെ പെരുമാറ്റത്തിലെല്ലാം മാറ്റങ്ങള്‍ പ്രകടമായി തുടങ്ങി. ലഹരിമരുന്ന് കിട്ടാതായതോടെ പരാക്രമവും പരസ്പരവിരുദ്ധമായ സംസാരവും തുടങ്ങി. ഇതോടെ യുവതിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

പ്രണയമാണ് ആ പെണ്‍കുട്ടിയെ ലഹരി ഉപയോഗത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. പഠനകാലത്ത് ആരംഭിച്ച പ്രണയത്തിലൂടെ ലഹരിമരുന്നുകളുടെ നിലയില്ലാക്കയത്തിലേക്കാണ് പെണ്‍കുട്ടി വീഴുകയായിരുന്നു.

ബെംഗളൂരുവിലെ ലഹരിപാര്‍ട്ടികള്‍,
ഉന്മാദത്തില്‍ മതിമറന്ന് കുട്ടികള്‍

എറണാകുളം ജില്ലയില്‍ തന്നെ അടുത്തിടെ എം.ഡി.എം.എ. പിടികൂടിയ കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. സംഭവത്തില്‍ ലഹരിമരുന്നിന്റെ ഉറവിടം തേടിപ്പോയ പോലീസ് എത്തിയത് ബെംഗളൂരുവിലായിരുന്നു. അങ്കമാലിയില്‍ പിടിയിലായ രണ്ടുപേരും ബെംഗളൂരുവില്‍ താമസിച്ച് പഠിക്കുന്നവരായിരുന്നു. ഒരു നൈജീരിയക്കാരനായിരുന്നു മലയാളി യുവാക്കള്‍ക്ക് ഇത് പ്രധാനമായും വിതരണം ചെയ്തിരുന്നത്. ബെംഗളൂരുവില്‍ എം.ഡി.എം.എ അടക്കമുള്ള ലഹരിമരുന്നുകള്‍ നല്‍കി പാര്‍ട്ടി നടത്തിയശേഷം ബാക്കിയുള്ളത് കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇതോടെ ബെംഗളൂരുവില്‍ നടന്ന ലഹരിപാര്‍ട്ടിയുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. എന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങളും കാഴ്ചകളുമാണ് പോലീസിന് ലഭിച്ചത്.

എം.ബി.ബി.എസ്, എല്‍.എല്‍.ബി, ബി.ടെക്ക് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളുമായിരുന്നു പ്രതികള്‍ നടത്തിയ ലഹരിപാര്‍ട്ടികളില്‍ സ്ഥിരം പങ്കെടുത്തിരുന്നത്. ഏതെങ്കിലും ഫ്‌ളാറ്റുകളില്‍ ഒത്തുകൂടി വന്‍തോതില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായിരുന്നു പതിവ്. ഇവരെക്കുറിച്ചെല്ലാം അന്വേഷിച്ചപ്പോള്‍ നാട്ടിലെ ഉന്നത കുടുംബങ്ങളില്‍പ്പെട്ടവരും. നാട്ടില്‍ നല്ലരീതിയില്‍, യാതൊരു സംശയത്തിനും ഇടനല്‍കാതെ ജീവിക്കുന്നവര്‍. എന്നാല്‍ ബെംഗളൂരുവില്‍ എത്തുന്നതോടെ കെട്ടുപൊട്ടിയ പട്ടം പോലെ രാസലഹരിയുടെ ഉന്മാദത്തില്‍ സമയം ചിലവിടുന്നവരായിരുന്നു ഇവരെല്ലാം.

അങ്കമാലിയില്‍ പിടിയിലായ യുവാക്കള്‍ ബെംഗളൂരുവില്‍ അവസാനം നടത്തിയ ലഹരിപാര്‍ട്ടിയില്‍ മൂന്ന് ആണ്‍കുട്ടികളും മൂന്ന് മലയാളി പെണ്‍കുട്ടികളുമാണ് പങ്കെടുത്തിരുന്നത്. ബെംഗളൂരുവിലെ ഒരു ഫ്ളാറ്റില്‍ ലിവിങ് ടുഗദറായി ജീവിക്കുകയായിരുന്നു ഇവരെല്ലാം. കേരളത്തിലെ വിവിധയിടങ്ങളിലെ വലിയ കുടുംബങ്ങളില്‍പ്പെട്ടവര്‍. വീട്ടില്‍നിന്ന് പഠനാവശ്യത്തിനും മറ്റും നല്‍കുന്ന പണത്തില്‍ ഭൂരിഭാഗവും ലഹരിക്ക് വേണ്ടിയും ഫ്‌ളാറ്റുകളിലെ പാര്‍ട്ടികള്‍ക്ക് വേണ്ടിയും ഇവര്‍ ചിലവഴിച്ചു. വീട്ടുകാര്‍ ഇതൊന്നും അന്വേഷിച്ചതുമില്ല, അറിഞ്ഞതുമില്ല.

ബെംഗളൂരുവിലെ പഠനകാലം കഴിഞ്ഞാല്‍ യാതൊരു ബന്ധവുമില്ലെന്ന കരാറിലാണ് പലരും ഇത്തരം ബന്ധങ്ങളിലേര്‍പ്പെടുന്നത്. ഈ സമയത്ത് അമിതമായ ലഹരി ഉപയോഗവും പാര്‍ട്ടികളും പതിവാണ്. ബെംഗളൂരുവിലെ പഠനകാലം കഴിഞ്ഞാല്‍ പിന്നീട് പരസ്പരം കാണുക പോലും ചെയ്യരുതെന്നാണ് പലരുടെയും ഡിമാന്‍ഡ്.

ബെംഗളൂരുവിലെ ഫ്‌ളാറ്റുകളില്‍ മലയാളി വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന ഇത്തരം പാര്‍ട്ടികളെക്കുറിച്ച് പോലീസിന് പലവിവരങ്ങളും കിട്ടിയെങ്കിലും അവരുടെ ഭാവിയെ കരുതിയാണ് അതിനുപിന്നാലെ പോകാതിരുന്നതെന്നായിരുന്നു പോലീസ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ അത്രയേറെ അപകടകരമായ സാഹചര്യത്തിലൂടെയാണ് പല വിദ്യാര്‍ഥികളും കടന്നുപോകുന്നതും ഉദ്യോഗസ്ഥര്‍ പറയുന്നു.

ലഹരി വരുന്ന വഴി

ഇടുക്കിയിലെ കഞ്ചാവ് തോട്ടങ്ങളില്‍ മിക്കതും അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചതോടെ ഇടുക്കി ഗോള്‍ഡ് എന്ന പേരിലറിയപ്പെട്ടിരുന്ന ഇടുക്കി കഞ്ചാവിന്റെ ലഭ്യതയും കുറഞ്ഞു. ഇടുക്കി ഗോള്‍ഡെന്ന പേരില്‍ ആന്ധ്രയിലെയും ഒഡീഷയിലെയും കഞ്ചാവ് വില്‍പ്പനക്കാര്‍ വിറ്റഴിക്കാന്‍ തുടങ്ങി. നിലവില്‍ കഞ്ചാവ്, ഹാഷിഷ് ഓയില്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ കേരളത്തിലേക്ക് എത്തുന്ന പ്രധാനമായും ആന്ധ്രപ്രദേശില്‍നിന്നാണ്. ഒപ്പം ഒഡീഷയില്‍നിന്നും. ഇവിടങ്ങളിലെ നക്‌സല്‍ ശക്തികേന്ദ്രങ്ങളില്‍ വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. മലയാളികള്‍ക്ക് വരെ ഇവിടെ തോട്ടങ്ങളുണ്ടെന്നും വിവരങ്ങളുണ്ടായിരുന്നു.

പ്രദേശവാസികളെ ഉപയോഗിച്ച് വന്‍തോതില്‍ കഞ്ചാവ് കൃഷി നടത്തുന്നതാണ് ആന്ധ്രയിലെ രീതി. പോലീസിന് പോലും ഇവിടങ്ങളിലേക്ക് കടന്നുചെല്ലാനാകില്ല. എന്തെങ്കിലും നടപടിക്ക് മുതിര്‍ന്നാല്‍ അത് ജീവന് വരെ ഭീഷണിയാകും. ഈ കൃഷിയിടങ്ങളില്‍നിന്ന് വിവിധ ഏജന്റുമാര്‍ മുഖനെയാണ് കേരളത്തിലെ ചെറുകിട വില്‍പ്പനക്കാരിലേക്ക് കഞ്ചാവ് എത്തുന്നത്. സ്വന്തം വാഹനവുമായി ആന്ധ്രയിലെത്തി ഏജന്റിനെ കണ്ടാല്‍ ബാക്കി കാര്യങ്ങള്‍ അവര്‍നോക്കും. പണം നല്‍കി വാഹനവും വിട്ടുനല്‍കിയാല്‍ ഫുള്‍ലോഡ് കഞ്ചാവുമായി അവര്‍ വാഹനം തിരിച്ചെത്തിക്കും. എവിടെനിന്നാണ് സാധനം കയറ്റുന്നതെന്നോ ആരാണെന്നോ ആര്‍ക്കും അറിയില്ല. ചില കേസുകളില്‍ കേരള പോലീസ് കഞ്ചാവിന്റെ ഉറവിടം തേടി ആന്ധ്രയിലെ പലയിടങ്ങളിലും അന്വേഷണം നടത്തിയിട്ടുണ്ട്. അടുത്തിടെ ബോഞ്ചി ബാബു എന്ന പ്രധാന കഞ്ചാവ് വില്‍പ്പനക്കാരനെ അയാളുടെ ഗ്രാമത്തിലെത്തി അതിസാഹസികമായാണ് കേരള പോലീസ് പിടികൂടിയത്. എന്നാല്‍ മിക്ക കേസുകളിലും ഇത്തരം സാഹസികതയ്ക്ക് പോലീസ് മുതിരാറില്ല

കൈവിട്ട് പോവുന്ന കുട്ടികള്‍

ഒരു സ്‌കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന്‍ നടക്കുന്ന സമയം എക്സൈസിന്റെ രണ്ട് ജീപ്പുകളാണ് അവിടേക്ക് ഇരച്ചെത്തിയത്. ആ ജീപ്പിലുണ്ടായിരുന്നത് സ്‌കൂളിലെ ചില പ്ലസ്ടു വിദ്യാര്‍ഥികളും. എല്ലാവരെയും ലഹരി ഉപയോഗത്തിനിടെ പിടികൂടിയതായിരുന്നു. ഏഴാംക്ലാസ് മുതല്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന കുട്ടിയും ആ കൂട്ടത്തിലുണ്ടായിരുന്നു. വിദ്യാര്‍ഥികളുമായി എക്സൈസുകാര്‍ സ്‌കൂളില്‍ എത്തിയപ്പോളാണ് അധ്യാപകര്‍ പോലും ഇതെല്ലാം അറിയുന്നത്.

ബസില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഒരു കൗമാരക്കാരനെ തൃശ്ശൂരില്‍ പിടികൂടിയത്. എന്നാല്‍ അവന്റെ ബാഗില്‍ മയക്കുമരുന്നിനൊപ്പം ബോംബ് പോലെയുള്ള ഒരു സ്‌ഫോടക വസ്തുവും ഉണ്ടായിരുന്നു. പിന്നീട് ഈ പയ്യനെ കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോളാണ് സ്‌ഫോടക വസ്തു ഉണ്ടാക്കാന്‍ വരെ പയ്യന്‍ പഠിച്ചിട്ടുണ്ടെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്. കൗണ്‍സിലിങ്ങിനിടെ എത്ര ചില്ല് കഷണം ചേര്‍ക്കണം എന്നതടക്കം സ്‌ഫോടകവസ്തു നിര്‍മിക്കുന്നരീതിയും അവന്‍ വിശദീകരിച്ചുനല്‍കി. പൊട്ടുമ്പോള്‍ ഒരു വൈബ് ഉണ്ടാവണമെന്നായിരുന്നു അവന്റെ വാക്കുകള്‍. ആള്‍ക്കാര്‍ക്കെല്ലാം ഒരു ഫീല്‍ കിട്ടേണ്ടയെന്നും പയ്യന്‍ പറയുന്നത് കേട്ട് കൗണ്‍സിലിങ്ങ് നടത്തിയവര്‍ വരെ ഞെട്ടിപ്പോയി.

മാജിക് മഷ്റൂം എന്ന പേരിലറിയപ്പെടുന്ന ലഹരിക്കൂണ്‍ ഉപയോഗിക്കാനായാണ് കൗമാരക്കാരായ വിദ്യാര്‍ഥികള്‍ കൊടൈക്കനാലിലേക്ക് പോയത്. അവിടെയത്തി ഇത് ഉപയോഗിച്ചതോടെ പലരുടെയും നില കൈവിട്ടുപോയി. മണിക്കൂറുകളോളം ലഹരിയുടെ പിടിയിലമര്‍ന്ന ഇവര്‍ ചില ചിത്രങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് ഇതിലുള്‍പ്പെട്ട കുട്ടികളെ കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരണമാണ് കേട്ടത്. ലഹരി ഉപയോഗിച്ച സമയത്ത് അവര്‍ പകര്‍ത്തിയ ചിത്രങ്ങളും ഭീതിയുണ്ടാക്കുന്നതായിരുന്നു. കണ്ണുകള്‍ ചുവന്ന് കൃഷ്ണമണികള്‍ മുകളിലോട്ട് ഉയര്‍ന്നുനില്‍ക്കുന്ന നിലയിലായിരുന്നു അവരുടെ മുഖങ്ങള്‍.

പലരും ഒരു കൗതുകത്തിന് വേണ്ടിയാണ് ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങുന്നത്. പിന്നീടവര്‍ അതിന് അടിമപ്പെടുകയും ലഹരി ഇല്ലാതെ പറ്റില്ല എന്ന നിലയിലേക്ക് എത്തുകയും ചെയ്യുന്നു. ചില കുട്ടികളെ അവരുടെ ജീവിതസാഹചര്യങ്ങളും മറ്റും മുതലെടുത്ത് ലഹരിക്കെണിയിലേക്ക് വലവീശിപ്പിടിക്കുന്ന സംഘങ്ങളുമുണ്ട്.

ലഹരിസംഘത്തില്‍ ചേര്‍ക്കാന്‍ പലവിധ ടെസ്റ്റുകള്‍

വീട്ടിലും സ്‌കൂളുകളിലും ഒറ്റപ്പെടുന്നുവര്‍, നിരന്തരം കുറ്റപ്പെടുത്തല്‍ കേള്‍ക്കുന്ന കുട്ടികള്‍ എന്നിവരെല്ലാം ഇത്തരക്കാരുടെ വലയില്‍ വീണാല്‍ പിന്നെ രക്ഷയില്ല. ഗുണ്ടകള്‍ അടക്കം ഉള്‍പ്പെടുന്ന ലഹരിസംഘങ്ങള്‍ പലവിധ 'ടെസ്റ്റുകള്‍' കഴിഞ്ഞേ കുട്ടികളെ തങ്ങളുടെ സംഘത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. തങ്ങള്‍ക്ക് വയ്യാവേലിയാകില്ലെന്ന് ഉറപ്പിക്കുന്നതോടെ കുട്ടികള്‍ക്ക് ഇവര്‍ ചെറിയരീതിയില്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ നല്‍കുന്നു. പതിവായി 'സ്‌കോറിങ്ങി'ന് സാധനം കിട്ടുന്നതോടെ കുട്ടികള്‍ പതിയെ പതിയെ ഇതിന് അടിമപ്പെടും. ഇതോടെ ലഹരിസംഘം അടുത്ത 'ആയുധം' പുറത്തെടുക്കും. ലഹരിമരുന്ന് വേണമെങ്കില്‍ ഇനി സാധനം കടത്താന്‍ ആവശ്യപ്പെടും. പ്രതിഫലമായി പണവും വാഗ്ദാനം ചെയ്യും.

എന്തും ഏതും ചെയ്യാന്‍ തുനിഞ്ഞിറങ്ങുന്ന കൗമാരക്കാലത്താണ് പലരും ലഹരിമാഫിയകളുടെ കെണിയില്‍ വീഴുന്നത്. ബൈക്ക് ഓടിക്കുന്നതിലായിരുന്നു കൗമാരക്കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് കമ്പം. അങ്ങനെ വീട്ടുകാര്‍ അറിയാതെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ബൈക്ക് വാടകയ്ക്ക് എടുത്ത് ഓടിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനിടെ അപകടം സംഭവിച്ചതോടെ പണിപാളി. ബൈക്ക് ശരിയാക്കി നല്‍കാന്‍ പണംവേണം. ഒടുവില്‍ ആ പണം കണ്ടെത്താന്‍ മോഷണത്തിനിറങ്ങുകയായിരുന്നു. ഒപ്പം ലഹരിമരുന്ന് ഉപയോഗവും കടത്തും തുടങ്ങി.

കൂട്ടുകാര്‍ക്കിടയില്‍ ലഭിക്കുന്ന ഹീറോ പരിവേഷമാണ് മറ്റുചില കുട്ടികളെ ലഹരിമരുന്ന് ഉപയോഗത്തിലേക്ക് നയിച്ചത്. നാട്ടിലും വീട്ടിലും പതിവായി കുറ്റപ്പെടുത്തല്‍ കേട്ടിരുന്ന കൗമാരക്കാരനെ 'അംഗീകരിച്ചത്' ആ നാട്ടിലെ ഗുണ്ടാസംഘമായിരുന്നു. ഒടുവില്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് ലഹരി ഉപയോഗം തുടങ്ങിയതോടെ കൂട്ടുകാര്‍ക്കിടയില്‍ പയ്യന്‍ ഹീറോയായി. ഗുണ്ടാസംഘത്തിലെ മുതിര്‍ന്നവരോടുള്ള ആരാധന മൂത്ത് അവരുടെ പേരുകള്‍ കൈകളില്‍ ടാറ്റൂ ചെയ്തു. അവര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ആ കൗമാരക്കാരന്റെ വാക്കുകള്‍.

നോ പറയേണ്ടിടത്ത് നോ പറയണം

റിസ്‌ക് ടേക്കിങ് ബിഹേവിയര്‍ ആണ് കൗമാരക്കാരുടെ പ്രത്യേകത. അവര്‍ എന്ത് റിസ്‌ക് എടുക്കാനും തയ്യാറാണ്. അതിനാല്‍തന്നെയാണ് ഇത്തരം ചതിക്കുഴികളില്‍ അവര്‍ വീണുപോകുന്നതും. സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണ് അവര്‍. സ്വാതന്ത്ര്യത്തോടെ എല്ലകാര്യങ്ങളും ചെയ്യാന്‍ ആഗ്രഹിക്കുന്ന സമയം. എന്നാല്‍ കാര്യങ്ങളുടെ ഗൗരവം അതേരീതിയില്‍ എടുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.

ആണെന്നോ പെണ്ണെന്നോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ വ്യത്യാസമില്ല. പല സിനിമകളും വെബ് സീരിസുകളുമെല്ലാം കുട്ടികളെ സ്വാധീനിക്കുന്നു.

മാതാപിതാക്കള്‍ കുട്ടികളുടെ കൂട്ടുകാരെ മനസിലാക്കുക, അവര്‍ ചെയ്യുന്നകാര്യങ്ങള്‍ ശ്രദ്ധിക്കുക. അവരോട് ആശയവിനിമയം നടത്തുക. നോ പറയേണ്ട ഇടത്ത് നോ പറയണം. കുട്ടികള്‍ക്ക് നല്‍കുന്ന സമ്മര്‍ദം കുറയ്ക്കുകയും വേണം. അത്രമാത്രം മയക്കുമരുന്നാണ് ഇന്ന് നമ്മുടെ നാട്ടില്‍ എത്തുന്നത്. ഇതിന്റെ ലഭ്യത ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളും സ്വീകരിക്കണം.''- സ്മിത സതീഷ്( ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍ അംഗം)

Content Highlights: valicheriyoo vishalokam anti drugs campaign 2022 drugs usage and selling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented