ലൊക്കേഷന്‍ അയച്ചുകൊടുത്ത് പതിനഞ്ചുകാരി; ലഹരിയുമായി രാത്രിയെത്തി യുവാവ്‌ ‌| വലിച്ചെറിയൂ ഈ വിഷലോകം


അരുണ്‍ ജയകുമാര്‍ചെറിയ അളവില്‍ ലഹരി ഉപയോഗിക്കുന്നത് നല്ല ഊര്‍ജവും ഉന്‍മേഷവും സമ്മാനിക്കുമെന്ന പ്രചാരണമാണ് കുട്ടികളെ കൂടുതല്‍ ലഹരിയുടെ വലയിലാക്കപ്പെടുന്നത്

പ്രതീകാത്മക ചിത്രം

ദിവസേനയുള്ള പോലീസ് പരിശോധനയ്ക്കിടെയാണ് അസാധാരണമായി ഒരു യുവാവ് റസിഡന്‍ഷ്യല്‍ ഏരിയയില്‍ കോഴിക്കോട്ടെ പോലീസുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. സമയം രാത്രി ഏറെ വൈകിയിരുന്നു. ഇയാളുടെ ബൈക്ക് പരിശോധിച്ചപ്പോള്‍ പോലീസിന് ലഭിച്ചത് മാരകമായ സിന്തറ്റിക് ലഹരിമരുന്നുകളാണ്. ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞത് വാട്സാപ്പില്‍ കിട്ടിയ ലൊക്കേഷനിലേക്ക് ലഹരി മരുന്ന് വിതരണം ചെയ്യാന്‍ പോവുകയാണെന്ന വിവരമാണ്. പക്ഷെ ആരാണ് ഓര്‍ഡര്‍ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ കാരിയറായി വന്ന ഈ യുവാവിന് ആളെ അറിയില്ല. മറ്റൊരു ഏജന്റ് ലൊക്കേഷന്‍ അയച്ചുകൊടുത്തത് പ്രകാരം എത്തിയതാണയാള്‍.

അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് 15 വയസ്സുള്ള പെണ്‍കുട്ടിയെ. കോഴിക്കോട്ട് സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. ഉമേഷിന്റെ ഈ വാക്കുകള്‍ നമ്മുടെ ഓരോരുത്തരുടേയും കണ്ണ് തുറപ്പിക്കേണ്ടതാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇത്തരത്തില്‍ ലഹരിക്ക് അടിമപ്പെടുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന സംഘവും സജീവമാണെന്നാണ് പോലീസുകാര്‍ നല്‍കുന്ന വിവരം. എനിക്ക് പ്രായമായി, ഞാന്‍ മുതിര്‍ന്ന കുട്ടിയായി എന്ന് കാണിക്കാന്‍ ലഹരി ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കുകയാണെന്നും പോലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈനില്‍ വസ്ത്രങ്ങളും ഭക്ഷണങ്ങളും മാത്രമല്ല, ലഹരിമരുന്നുകളും ആരുമറിയാതെ യഥേഷ്ടം കുട്ടികള്‍ക്കിടയിലേക്ക് എത്തുന്നുവെന്ന് പറയുന്നുണ്ട് പോലീസുകാര്‍.ചെറിയ അളവില്‍ ലഹരി ഉപയോഗിക്കുന്നത് നല്ല ഊര്‍ജവും ഉന്‍മേഷവും സമ്മാനിക്കുമെന്ന പ്രചാരണമാണ് കുട്ടികളെ കൂടുതല്‍ ലഹരിയുടെ വലയിലാക്കപ്പെടുന്നത്. ഉറക്കം വരാതെ ദീര്‍ഘനേരം ഊര്‍ജസ്വലരായി കാര്യങ്ങള്‍ ചെയ്യാനാവുമെന്ന തെറ്റായ ബോധവും കുട്ടികളിലേക്ക് വില്‍പ്പനക്കാരെത്തിക്കുന്നു. എന്നാല്‍, ഇത് ശരിയല്ലെന്ന് മാത്രമല്ല തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്.

കാന്‍സര്‍ മരുന്നുപോലും ലഹരിക്ക് ഉപയോഗിക്കുന്നു- ഡോ.പി.എന്‍, സുരേഷ് കുമാര്‍(മാനസികാരോഗ്യ വിദഗ്ധന്‍)

ഡോ.പി.എന്‍ സുരേഷ് കുമാര്‍

കാന്‍സര്‍ മരുന്ന് പോലും യഥേഷ്ടം കുട്ടികള്‍ക്ക് കിട്ടുകയും അവ ലഹരിക്കായി ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണത കുട്ടികളില്‍ കണ്ടുവരുന്നതായി പറയുന്നു മാനസികാരോഗ്യ വിദഗ്ധനും ഐ.എം.എ. കമ്മിറ്റി ഫോര്‍ മെന്റല്‍ ഹെല്‍ത്ത് കണ്‍വീനറമായ ഡോ. പി.എന്‍. സുരേഷ് കുമാര്‍. കാന്‍സറിന്റെ ഏറ്റവും അവസാന സ്റ്റേജില്‍ മറ്റൊരു മരുന്നുകൊടുക്കാനില്ലാതെ വരുമ്പോള്‍ വേദന കുറക്കാന്‍ നല്‍കുന്ന ഗുളികകള്‍ പോലും ഇവരുടെ കയ്യിലെത്തുന്നു. ഇത്തരം മരുന്നകള്‍ യഥേഷ്ടം കുട്ടികളിലെത്തിക്കാന്‍ വലിയ ചെയിന്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പല ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളും ഇത്തരം മരുന്ന് ഒരു കുറിപ്പടിയും ആവശ്യമില്ലാതെ വില്‍പ്പന നടത്തുന്നു. പെണ്‍കുട്ടികളും ഇത്തരം മരുന്നിന്റെ അടിമകളാണ്. കാന്‍സര്‍ മരുന്നിന് പുറമെ ഹൃദയാഘാതം ഉണ്ടായവര്‍ക്ക് വേദന കുറക്കാന്‍ നല്‍കുന്ന മരുന്നുകളും, ഓപ്പറേഷന് ശേഷം വേദന കുറക്കാന്‍ നല്‍കുന്ന മരുന്നുകളുമെല്ലാം യഥേഷ്ടം കുട്ടികള്‍ക്ക് ലഭിക്കുന്നു. ചില മെഡിക്കല്‍ സ്റ്റോറുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. കൃത്രിമ ഉറക്കം സമ്മാനിക്കുമെന്നതിനാലാണ് കുട്ടികള്‍ ഇത്തരം ഗുളികകള്‍ക്ക് അടിമകളാവുന്നത്)

ലഹരിമരുന്ന് ഉപയോഗം അപകടകരമായ ഉന്‍മേഷവും ഊര്‍ജവും മാത്രമേ നല്‍കുകയുള്ളൂവെന്ന് പറയുന്നു വിദഗ്ധര്‍. തലച്ചോറിന്റെ മുന്‍ഭാഗത്ത് ഡോപമിന്‍ എന്ന രാസവസ്തുവുണ്ട്. നമ്മുടെ ശരീരത്തില്‍ ഏറെ ശ്രദ്ധയോടെയും ഏകാഗ്രതയുടെയും നിയന്ത്രണം വഹിക്കുന്ന രാസവസ്തു. ഡോപമിന്‍ കൂടുമ്പോഴാണ് സന്തോഷം കിട്ടുക. കളിക്കുമ്പോള്‍, പാട്ടു കേള്‍ക്കുമ്പോള്‍, മറ്റുള്ളവരുമായി നല്ല കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍. അങ്ങനെ ആരോഗ്യകരമായ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴൊക്കെ ഡോപമിന്റെ അളവ് വളരെ സാവധാനംകൂടും. അതും ഒരു പരിധിവരെ മാത്രം. പിന്നെ പതിയെ ആ അളവു കുറഞ്ഞ് സാധാരണനിലയിലാകും.

ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോഴും ഡോപമിന്റെ അളവുകൂടും. പൊടുന്നനെ, കുത്തനെയാണ് ഈ അളവ് കൂടുക. അത് മിഥ്യാനുഭവങ്ങളും മിഥ്യാവിശ്വാസങ്ങളും നമ്മളിലുണ്ടാക്കും. ഇല്ലാത്തത് ഉണ്ടെന്ന് തോന്നുക, ആരോ ഉപദ്രവിക്കാന്‍ വരുന്നുണ്ടെന്ന് തോന്നുക, ചെവിയില്‍ അശരീരി ശബ്ദങ്ങള്‍ മുഴങ്ങുന്നതായി അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ കാണിക്കും. കുത്തനെ കൂടുന്ന ഡോപമിന്‍ കുത്തനെത്തന്നെ കുറയുകയാണ് ചെയ്യുക. അങ്ങനെ കുറയുമ്പോള്‍ ഒന്നും ചെയ്യാന്‍ താല്‍പര്യമില്ലാത്ത അവസ്ഥയിലേക്ക് മനസ്സു മാറും. പഠിക്കാന്‍ താല്‍പര്യമില്ല, ജോലി ചെയ്യാന്‍ ഇഷ്ടമില്ല, സംസാരിക്കാന്‍ വിമുഖത. ഇതൊക്കെ ലഹരി ഉപയോഗം വര്‍ധിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളാണ്.

അര്‍ധരാത്രി പ്രായപൂര്‍ത്തിയാവാത്ത മകളെ തേടിയെത്തിയ യുവാവ്

അവിശ്വസനീയമെന്ന് തോന്നിപ്പോവും ലഹരി വിരുദ്ധ സ്‌ക്വാഡിലെ പോലീസുകാരും എക്സൈസ് ഉദ്യോഗസ്ഥരുമെല്ലാം പറയുന്ന ചില അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍. എന്റെ കുട്ടിക്കായി അവര്‍ പറയുന്നതെല്ലാം ചെയ്ത് കൊടുക്കുന്നുണ്ടെന്നും അവര്‍ ഒരിക്കലും വഴിതെറ്റില്ലെന്നും വിശ്വസിക്കുന്ന രക്ഷിതാക്കള്‍ ഇത്തരത്തിലുള്ള പൊള്ളുന്ന അനുഭവങ്ങള്‍ നിര്‍ബന്ധമായും കേള്‍ക്കുക തന്നെ വേണം. അതുകൊണ്ടു തന്നെയാണ് പതിവായുള്ള വെറും കണക്കുകള്‍ക്ക് പകരം അനുഭവങ്ങളിലേക്കും ഞെട്ടിക്കുന്ന യാഥാര്‍ഥ്യത്തിലേക്കും കണ്ണു തുറപ്പിക്കാന്‍ മാതൃഭൂമി ഡോട്കോം കാമ്പയിന് തുടക്കമിട്ടതും.

തൃശ്ശൂരിലെ ലഹരി വിരുദ്ധ സ്‌ക്വാഡിലെ ഒരു അനുഭവം എങ്ങനെ നമ്മുടെ കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ അവര്‍ പോലുമറിയാതെ ലഹരിയുടേയും അതുവഴി ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിന്റേയും ഇരയായി മാറുന്നുവെന്ന് കണ്ണു തുറപ്പിക്കുന്നതാണ്. പോലീസിന് ലഭിച്ച വീട്ടുകാരുടെ ഒരു പരാതിയിലാണ് തുടക്കം. അച്ഛനും അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് വീട്ടിലെ താമസക്കാര്‍. ചുറ്റുമതിലുള്ള സാമാന്യം ഭേദപ്പെട്ട ഒരു വീട്. വീട്ടുവളപ്പില്‍ പെട്ടെന്ന് ഒരു ദിവസം മദ്യക്കുപ്പിയും സിറിഞ്ചും ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളും മറ്റും കണ്ടെത്തി. ആദ്യം ഇത് കാര്യമാക്കാതെ വീട്ടുകാര്‍ നശിപ്പിച്ചു കളഞ്ഞു.

സംഭവം സ്ഥിരമായതോടെ സാമൂഹിക വിരുദ്ധരാകാം പിന്നിലെന്ന് കരുതിയാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തി. ഒന്ന് രണ്ട് ദിവസത്തെ മേഖലയിലെ പോലീസ് പട്രോളിങ് കൊണ്ട് തന്നെ വീട്ടുകാരുടെ പരാതിക്ക് ഫലമുണ്ടായി. പോലീസ് പട്രോളിങ് അവസാനിച്ചതോടെ വീണ്ടും വീട്ടുവളപ്പില്‍ മുമ്പ് കണ്ടെത്തിയ അതേ സാധനങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അങ്ങനെ വീണ്ടും വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തി കയ്യോടെ പിടികൂടാന്‍ തീരുമാനിച്ച പോലീസ് ഇത്തവണ പട്രോളിങ് ഒഴിവാക്കി മഫ്തിയില്‍ രണ്ട് പോലീസുകാരെ നിയോഗിച്ചു. ഈ പരിശോധനയില്‍ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരമാണ്. രണ്ട് നിലകളുള്ള വീട്ടിലേക്ക് പിന്‍വശത്ത് കൂടി ഒരു യുവാവ് കയറില്‍ തൂങ്ങി രണ്ടാം നിലയില്‍ കയറുന്നു. പെണ്‍കുട്ടി വാതില്‍ തുറന്ന് കൊടുത്തപ്പോള്‍ ഇയാള്‍ അകത്തേക്ക് കയറുകയും ചെയ്തു.

വീട്ടിലെത്തിയ യുവാവ് ഗുണ്ടാ ആക്ടില്‍ മുന്‍പ് അറസ്റ്റിലായിട്ടുള്ള വ്യക്തിയായിരുന്നു. ഇയാളെ ഈ കേസില്‍ പോക്‌സോ വകുപ്പ് ചുമത്തി ശിക്ഷിച്ചു. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ഇയാള്‍ മദ്യവും മയക്കുമരുന്നും നല്‍കി കുട്ടിയെ ശീരീരികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ലഹരിക്ക് അടിമ; ചോദ്യം ചെയ്തപ്പോള്‍ അമ്മയക്ക് മര്‍ദനം

പെണ്‍കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് എത്രമാത്രം വര്‍ധിച്ചിരിക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവാണ് കോഴിക്കോട് സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാരുടെ അനുഭവം. വീട്ടില്‍ അച്ഛനും അമ്മയും ഡോക്ടര്‍മാരാണ്. ഇവരുടെ ഏക മകള്‍ ലഹരിക്ക് അടിമയായ വിവരം വീട്ടുകാര്‍ അറിയുന്നത് അക്രമാസക്തമായി അമ്മയെ മര്‍ദിച്ചപ്പോഴാണ്. അത് ചോദ്യം ചെയ്ത പിതാവിന് നേരെ മകള്‍ കൈ ഉയര്‍ത്തുകയും ചെയ്തു.

വീട്ടില്‍ രണ്ട് മുറികളിലായാണ് അച്ഛനും അമ്മയും പ്രാക്ടീസ് ചെയ്യുന്നത്. മകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അമ്മയാണ് അകത്തേക്ക് പോകാറുള്ളത്. ശേഷം ഇവര്‍ പുറത്തേക്ക് വരും. ഒരു ദിവസം മകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അമ്മ അകത്തേക്ക് പോയ ശേഷം പുറത്തേക്ക് വന്നില്ല. അകത്ത് ബഹളം കേട്ട് അച്ഛന്‍ ചെന്ന് നോക്കിയപ്പോള്‍ കണ്ടത് അമ്മയെ മകള്‍ മര്‍ദിക്കുന്നതാണ്. ഇത് ചോദ്യം ചെയ്ത പിതാവിനെ അടിക്കാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ കൈയില്‍ ലഹരി മരുന്ന് കുത്തിവെച്ചതിന്റെ പാടുകള്‍ കാണുകയും ചെയ്തു.

മുന്‍പ് ഇതേ പാടുകള്‍ കണ്ട് ചോദിച്ചപ്പോള്‍ കൊതുക് കടിച്ചതാണെന്നാണ് മകള്‍ പറഞ്ഞത്. ഇത്രയും കാലമായിട്ടും ഇത് മാറിയില്ലെന്നതില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയാണ് പരിശോധന നടത്തിയത്. മകള്‍ ലഹരിമരുന്നിന് അടിമയായെന്ന് മനസ്സിലാക്കിയ കുടുംബം പോലീസിന്റെ സഹായം തേടുകയും മകളെ ലഹരിമുക്തി കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ലഹരി ഉപയോഗത്തില്‍നിന്ന് മുക്തി നേടിയ പെണ്‍കുട്ടി ജീവിതത്തിലേക്ക് തിരികെ വരികയും ചെയ്തു.

വിതരണക്കാരനാവുന്ന ഉപഭോക്താവ്

കഴിഞ്ഞ കുറച്ചുകാലമായി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വാഹന മോഷണക്കേസുകളുടേയും പിടിച്ചുപറി കേസുകളുടേയുമെല്ലാം മൂലകാരണത്തിലേക്ക് പോലീസ് അന്വേഷിച്ച് പോവുമ്പോള്‍ കണ്ടെത്തുന്നത് ലഹരിവസ്തുക്കളുടെ ഉപയോഗമാണ്. അധികം പണം ചെലവാക്കാതെ ചെറിയ അളവില്‍ ലഹരി ഉപയോഗിച്ച് തുടങ്ങുന്നതാണ് തുടക്കം. ലഹരി വില്‍പ്പനക്കാര്‍ വിദ്യാര്‍ഥികളേയടക്കം കെണിയില്‍ വീഴ്ത്തുന്നത് ഇങ്ങനെയാണ്. ആദ്യം വെറുതേയും പിന്നീട് ചെറിയ പണം വാങ്ങിയും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കും.

പതിയെ സാധനം നല്‍കുന്നതിന്റെ അളവ് കൂട്ടി ഒരു സുപ്രഭാതത്തില്‍ കൊടുക്കുന്നത് നിര്‍ത്തും. അപ്പോഴേക്കും സാധാനം കിട്ടാതെ പറ്റാത്ത അവസ്ഥയിലാവും. ഉപയോഗം കൂടുന്നത് അനുസരിച്ച് ആവശ്യത്തിന് ലഹരിമരുന്ന് വാങ്ങാന്‍ കൈയില്‍ പണമില്ലാതാകും. ഒടുവില്‍ പരിഹാരമെന്നോണം വില്‍പ്പനക്കാരനാക്കും ഉപയോഗിക്കാനുള്ള ലഹരിമരുന്നും കൊടുക്കും. കൂടുതല്‍ ലഹരിമരുന്ന് കിട്ടാനും അത് വില്‍പ്പന നടത്താനുമുള്ള പണത്തിനായി മോഷണം തുടങ്ങുകയും ചെയ്യുമെന്ന് പറയുന്നു പോലീസ്.ഈ കെണിയില്‍ വീണാല്‍ പിന്നെ സ്വയം ആഗ്രഹിച്ചാലും ഒരു തിരിച്ചുപോക്ക് ഏറെക്കുറേ അസാധ്യമാണെന്നും ഉദ്യോഗസ്ഥര്‍.

കഞ്ചാവിനെ അപേക്ഷിച്ച് സൂക്ഷിക്കാനും കൊണ്ട് നടന്ന് വില്‍പ്പനയ്ക്കും കൂടുതല്‍ സൗകര്യമാണെന്നതിനാലാണ് സിന്തറ്റിക് ലഹരിയിലേക്ക് ഇവയുടെ വില്‍പ്പനക്കാരെ എത്തിക്കുന്നതന്ന് പറയുന്നു ശംഖുമുഖം എ.സി.പി. ഡി.കെ. പൃത്വിരാജ് പറയുന്നു. ഒപ്പം കൈയില്‍ എത്തുന്ന നോട്ടുകെട്ടുകളുടെ എണ്ണവും കൂടുതലാണെന്നത് ആകര്‍ഷണം കൂട്ടുന്നു. ഉപയോഗിക്കുന്നവര്‍ക്കും താല്‍പര്യം ഇതാണ്. എം.ഡി.എം.എ. കാരിയര്‍മാരെ പിടികൂടുമ്പോള്‍ ഭൂരിഭാഗവും പണ്ട് കഞ്ചാവ് കേസുകളില്‍ പോലീസിന്റേയും എക്സൈസിന്റേയും പിടിയിലായവരാണെന്നാണ് മനസ്സിലാകുന്നതെന്നും പൃത്വിരാജ് ചൂണ്ടിക്കാട്ടുന്നു.

Content Highlights: valicheriyoo vishalokam anti drugs campaign 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented