പ്രതീകാത്മക ചിത്രം (Photo: .)
"എന്റെ പേര് സാവന്ന.
അഭിഭാഷകനാണ്, ഒരു എഴുത്തുകാരനാണ്, ഒരു പോഡ്കാസ്റ്ററാണ്, ഒരു ക്രോസ് ഡ്രസറും.
ഞാന്‍ ഒരു ക്രോസ് ഡ്രസറാണ് എന്ന് പറയുമ്പോള്‍ ആളുകള്‍ പതിവായി എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.
'ഓ, നിങ്ങള്‍ അപ്പോള്‍ ഡ്രാഗ് ക്വീന്‍ ആണല്ലേ?'
'അല്ല, ഞാനവരുടെ അത്ര വിസ്മയപ്പെടുത്തുന്ന ഒരാളോ വിനോദം നല്‍കുന്ന ഒരാളോ അല്ല.'
'ഓഹോ, അപ്പോള്‍ നിങ്ങള്‍ സ്ത്രീയായി മാറണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണല്ലേ?'
'അല്ല, ഞാന്‍ എന്റെ പുരുഷശരീരത്തില്‍ വളരെയധികം സന്തുഷ്ടനാണ്. എന്നാല്‍, ചില സമയത്ത് എന്നെ എനിക്ക് ഒരു പെണ്ണായി പ്രകടിപ്പിക്കാന്‍ ഇഷ്ടമാണ്.'
'നിങ്ങളൊരു ഗേ ആണല്ലേ?'
'അല്ല. എനിക്ക് ആകര്‍ഷണം തോന്നാറുളളത് സ്ത്രീകളോടാണ്..' "
യു.എസിലെ ഡീത്രോയിൽ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച സാവന്ന ഹോക്ക് തന്നെ കുറിച്ച് 'ടെഡ് എക്‌സി'(TED X)ല്‍ പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്.ഗേ ആയ അയല്‍ക്കാരന്‍ ചെറുപ്പക്കാരനെ കുറിച്ച് എല്ലായ്‌പ്പോഴും സഹതപിച്ചിരുന്ന സ്വന്തം മാതാപിതാക്കളോട് തന്റെ രഹസ്യം തുറന്നുപറയാന്‍ ഭയമായിരുന്നു ഹോക്കിന്. തന്നെപോലുളള ഒരാളെ കണ്ടെത്താന്‍ സാധിക്കാതിരുന്ന കൗമാരത്തില്‍നിന്ന് മുന്നോട്ടുളള വളര്‍ച്ചയില്‍, തന്നെ തിരിച്ചറിയുന്ന ഘട്ടങ്ങളെ കുറിച്ചും നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചുമെല്ലാം ഹോക്ക് മനസ്സ് തുറക്കുന്നുണ്ട്. ജെന്‍ഡറിന് ഉപരിയായി ഓരോ മനുഷ്യര്‍ക്കും വില കല്പിക്കേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു ക്രോസ് ഡ്രസിങ്ങിനെ കുറിച്ചുളള രഹസ്യാത്മക ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'ടെഡ് എക്‌സി'ല്‍ സാവന്ന നടത്തിയ തുറന്നുപറച്ചില്‍.
പദോല്‍പത്തി
ലാറ്റിനില്‍നിന്നാണ് ട്രാന്‍സ് വെസ്റ്റിസത്തിന്റെ ഉല്പത്തിയെന്നാണ് ശബോദ്‌ല്പത്തിശാസ്ത്രത്തില്‍ പറയുന്നത്. trans, vestio എന്ന പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ട്രാന്‍സ് വെസ്റ്റിസം എന്ന വാക്കുണ്ടാക്കുന്നത് 1910-ല്‍ ജര്‍മന്‍ സെക്‌സോളജിസ്റ്റായ മാഗ്നസ് ഹിര്‍സ്‌ഫെല്‍ഡ് ആണ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷേ താന്‍ വിരചിച്ച പദത്തില്‍ അദ്ദേഹം തൃപ്തനായിരുന്നില്ലെന്നും ചില പഠനങ്ങളില്‍ പറയുന്നുണ്ട്. |
അതീവരഹസ്യമായി നടത്തുന്ന ക്രോസ് ഡ്രസിങ് പിടിക്കപ്പെടുന്നതോടെ ഇവരെ കാത്തിരിക്കുന്നത് പല തരത്തിലുളള പ്രതിസന്ധികളാണ്. തുടക്കത്തില്‍ ഭ്രാന്തനെന്നുതന്നെ മുദ്രകുത്തിയേക്കാം. ഈശ്വരവിശ്വാസം കുറഞ്ഞതു കൊണ്ടാണെന്ന് പറഞ്ഞു ആരാധാനാലയങ്ങളില്‍ കയറിയിറങ്ങേണ്ടി വന്നേക്കാം. പിന്തുണയ്ക്കാന്‍ ആരുമില്ലാതെ കുറ്റപ്പെടുത്തലുകള്‍ മാത്രം നിരന്തരം കേള്‍ക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന മാനസികാഘാതം താങ്ങാനാകാത്തവരുണ്ട്. ക്രോസ് ഡ്രസിങ് ചെയ്യുന്നത് കണ്ടെത്തിയ സുഹൃത്തിന്റെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായവരുണ്ട്. ഇക്കാര്യം പുറത്തുപറയുമെന്ന ഭീഷണിയില്‍ പ്രിയപ്പെട്ടവരില്‍ നിന്ന് ഇന്നും ലൈംഗികപീഡനം സഹിക്കുന്നവരുണ്ട്.
ആരാണ് ഡ്രാഗ് ക്വീന്‍?
സ്ത്രീയായി അണിഞ്ഞൊരുങ്ങുന്ന പുരുഷന്മാര്‍. പക്ഷേ, ക്രോസ് ഡ്രസേഴ്‌സിന്റേതില്‍നിന്ന് വ്യത്യസ്തമാണ് സ്ത്രീ വേഷങ്ങള്‍ ധരിക്കുന്നതിന് പിന്നിലുളള ഇവരുടെ പ്രേരകം. ഗേ മെയ്‌ലുകളാണ് പൊതുവേ ഡ്രാഗ് ക്വീനുകളാകാറുളളത്. ഇവര്‍ പരിപൂര്‍ണമായും എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയാണ് ഇത്തരത്തില്‍ അണിഞ്ഞൊരുങ്ങുന്നതും. ഡ്രാഗ് ക്വീനുകള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അല്ല.(അവലംബംഎല്‍ജിബിടിക്യു ഗ്രൂപ്പ് GLAAD) അവര്‍ നിയുക്തലിംഗത്തില്‍ തന്നെ തുടരുന്നവരാണ്. പെര്‍ഫോമേറ്റീവ് ക്രോസ് ഡ്രസിങ് ചെയ്യുന്നവരാണ് ഡ്രാഗ് ക്വീനുകള്‍. 'men in dresses' എന്ന പേരില്‍ ഇവരെ വിശേഷിപ്പിക്കാറുണ്ട്. |
സ്വീഡനില്‍ താമസിക്കുന്ന നാല്‍പതുകാരനായ ജഗന്റെ അനുഭവം നോക്കാം. വിവാഹം കഴിഞ്ഞ ആദ്യവര്‍ഷങ്ങളില്‍ ക്രോസ് ഡ്രസിങ് ചെയ്യുന്ന കാര്യം അതീവരഹസ്യമാക്കി സൂക്ഷിക്കാന്‍ ജഗന് സാധിച്ചു. ഇതിനിടയില്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞു ജനിച്ചു. ഒരിക്കല്‍പെണ്‍വേഷത്തില്‍ നില്‍ക്കുന്ന ജഗനെ ഭാര്യ കണ്ടെത്തി. ജഗന് മറച്ചുവെക്കാനാകുമായിരുന്നില്ല. എല്ലാം ഭാര്യക്ക് മുന്നില്‍ തുറന്നുപറഞ്ഞു. അസ്വസ്ഥയായ ഭാര്യ സ്വയം കൗണ്‍സിലിങ്ങിന് പോവുകയാണ് ചെയ്തത്. സ്വരച്ചേര്‍ച്ചയില്ലെന്ന് പറഞ്ഞ് ജഗനില്‍നിന്ന് പിരിഞ്ഞു താമസിക്കാനും തുടങ്ങി. പക്ഷേ, ഭര്‍ത്താവ് ഒരു ക്രോസ് ഡ്രസറാണെന്ന കാര്യം അവര്‍ രഹസ്യമായി തന്നെ സൂക്ഷിച്ചു. കാര്യമറിയാത്ത ബന്ധുക്കള്‍ ഇരുവരെയും ഒരുമിപ്പിക്കാനുളള ശ്രമം തുടങ്ങി. ഇതിനിടയിലാണ് ജഗന് സ്വീഡനില്‍ ജോലി ശരിയാകുന്നതും അങ്ങോട്ടേക്ക് പോകുന്നതും. പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും മകനുവേണ്ടി ഒന്നിച്ചു താമസിക്കാന്‍ ഇരുവരും തീരുമാനിച്ചു. ജഗനൊപ്പം കുഞ്ഞുമായി ഭാര്യയും സ്വീഡനിലെത്തി. ഇതിനിടയില്‍ സ്വീഡനിലെ ക്രോസ് ഡ്രസേഴ്‌സുമായി ജഗന്‍ സൗഹൃദം സ്ഥാപിച്ചു. അവരുടെ കുടുംബാംഗങ്ങള്‍ അവര്‍ക്ക് നല്‍കുന്ന പിന്തുണ ജഗനും ഭാര്യയും പലപ്പോഴും നേരിട്ട് കാണുകയും ചെയ്തു. ഇതോടെ ഭാര്യക്ക് തന്നോടുളള കാഴ്ചപ്പാടില്‍ മാറ്റം വന്നു തുടങ്ങിയെന്നാണ് ജഗന്‍ പറയുന്നത്.
സമൂഹത്തിന്റെ കാഴ്ചപ്പാടിന് അനുസരിച്ചായിരിക്കും വ്യക്തിയുടെ അംഗീകാരം എന്നതില്‍ തനിക്കത്ര വിശ്വാസമില്ലെന്ന് ജഗന്‍ പറയുന്നു. കാരണം സ്വീഡനിലും ഈ വിഭാഗത്തെ ഉള്‍ക്കൊളളുന്നവരും ഉള്‍ക്കൊളളാത്തവരും ഉണ്ട്. ഒരു വ്യക്തിയുടെ സ്വഭാവം ഏതു സമൂഹത്തിലായാലും ഒരുപോലെയായിരിക്കും. അംഗീകരിക്കുന്നവരാണെങ്കില്‍ തുടക്കത്തില്‍ തന്നെ അംഗീകരിക്കും. ഒരു പക്ഷേ ഇതെല്ലാം അംഗീകരിക്കുന്ന ഒരു നാടുണ്ടെങ്കില്‍ അവിടെ പോയി താമസിക്കാനേ അവര്‍ പറയൂ. എന്റെ വൈഫ് പുറത്തുനിന്ന് നോക്കിയിട്ട് അതുകൊണ്ട് അവര്‍ക്കൊരു കുഴപ്പവുമുണ്ടാകില്ലെന്ന് ഉറപ്പു വരുത്തിയിട്ടാണ് എന്നോടുളള മനോഭാവം മാറ്റിയത്. അതായത് പിന്തുണയ്ക്കുന്ന സമൂഹത്തില്‍ പോയതുകൊണ്ട് കാര്യമില്ല, അവര്‍ക്കത് വേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ബോധ്യപ്പെടുമ്പോഴാണ് അംഗീകരിക്കുന്നത്. മറ്റൊന്നുകൂടി ജഗന്‍ പറഞ്ഞുവെച്ചു, 'How can people stay in India, I am glad that I am escaped..'
![]() നിഹാരിക, ക്വീര്‍ ആക്ടിവിസ്റ്റ് ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റി എന്നുപറയുമ്പോള്‍ ആ ഫ്‌ളൂയിഡിറ്റി അനുഭവിക്കുന്നത് ഐഡന്ററ്റിയുടെ പേരിലോ ആവിഷ്‌ക്കാരത്തിന്റെ പേരിലോ ആയിരിക്കാം. ആവിഷ്‌കാരം എന്നുപറയുന്നത് നമ്മുടെ വസ്ത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. നടത്തവും മേക്കപ്പും എല്ലാം ആവിഷ്‌ക്കാരത്തില്‍ വരും. അതില്‍ ട്രാന്‍സ്‌വെസ്റ്റിസത്തെ കുറിച്ച് സംസാരിക്കാറില്ല. അടിസ്ഥാനപരമായി വസ്ത്രങ്ങള്‍ക്ക് ജെന്‍ഡര്‍ ഇല്ലല്ലോ. അതിന് ജെന്‍ഡര്‍ കൊടുക്കുന്നത് മനുഷ്യനാണ്. പിങ്ക് എന്ന കളര്‍ പൗരുഷത്തിന്റെയും യുദ്ധത്തോട് ചേര്‍ന്നുനില്‍ക്കുന്ന, പോരാട്ടത്തിന്റെ എല്ലാം നിറമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സ്‌ത്രൈണതയുടെ നിറമായി മാറിയിരിക്കുകയാണ്. അതുപോലെ പാവാട. അത് പുരുഷന്മാരുടെ വസ്ത്രമായിരുന്നു. ഗ്രീക്ക്, റോമന്‍ സംസ്‌കാരം നോക്കിയാല്‍ അത് മനസ്സിലാകും. അത് പിന്നീട് സ്ത്രീയുടെ വസ്ത്രമായി മാറുന്നത് സംസ്‌കാരിക പരിവര്‍ത്തനത്തില്‍ നിന്നാണ്. അതുകൊണ്ട് എതിര്‍ലിംഗത്തിന്റെ വസ്ത്രം എന്നുപറയുന്നത് തന്നെ ശരിയല്ല. ഒരു സാമൂഹിക സദാചാരബോധത്തില്‍ നിന്ന് വരുന്നതാണ് അതിനെ ഒരു മാനസികരോഗമായിട്ടുളള ചിത്രീകരിക്കല്‍. ഒരുപാട് മാനസികരോഗങ്ങള്‍ തന്നെ സാമൂഹികസദാചാരത്തില്‍നിന്ന് വരുന്നതാണ്. ട്രാന്‍സ്‌വെസ്റ്റിസത്തെ ഒരിക്കലും ഒരു മാനസികരോഗമായി കാണാന്‍ സാധിക്കില്ല. ജെന്‍ഡര്‍ ഫ്‌ളൂയീഡിറ്റി എന്നുപറയുന്നത് ഫ്‌ളൂയിഡ് ഫോം ഓഫ് ഐഡന്റിറ്റിയായിരിക്കാം. അതായത് ഒരു വ്യക്തിക്ക് ഓരോ സമയത്ത് സ്ത്രീയായിട്ടും പുരുഷനായിട്ടും അജെന്‍ഡറായിട്ടും അത്തരത്തില്‍ പല ജെന്‍ഡറായിട്ട് അനുഭവപ്പെട്ടേക്കാം. പല പല എക്‌സ്പ്രഷന്‍ ആണെങ്കില്‍ അത് ആവിഷ്‌ക്കരിക്കാനായിട്ട് ആഗ്രഹിക്കുന്നതാണ് ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റിയില്‍ വരുന്നത്. ജെന്‍ഡര്‍ ഫ്‌ളൂയിഡ് ആയ വ്യക്തി വൈവിധ്യമുളള വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. സമൂഹം നിശ്ചയിക്കപ്പെട്ട ലിംഗഭേദം നോക്കി അതുമായി ബന്ധപ്പെട്ട് ഇടണം എന്നുപറയുന്ന വസ്ത്രങ്ങള്‍ക്ക് അപ്പുറത്തേക്കുളള വസ്ത്രം ധരിക്കുമ്പോള്‍ ആ വ്യക്തി ട്രാന്‍സ്‌വെസ്റ്റിസം ചെയ്യുന്ന ഒരാളാണെന്ന് പറയുകയാണെങ്കില്‍ ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റിയിലും ട്രാന്‍സ്‌വെസ്റ്റിസം വരും. പക്ഷേ, പൊതുവായി ഇത് ഒരുമിച്ച് സംസാരിച്ച് കേട്ടിട്ടില്ല. അതു വേറെത്തന്നെയായിട്ടാണ് പറഞ്ഞുകേട്ടിട്ടുളളത്. നാം ട്രാന്‍സ്‌വെസ്റ്റിസം എന്ന വാക്ക് ഉപയോഗിക്കുന്നതിന്റെ കാരണം പോലും ബൈനറിയുടെ ഉളളില്‍ ആളുകള്‍ നില്‍ക്കുന്നതിന് വേണ്ടിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതായത് പുരുഷനാണെങ്കില്‍ പുരുഷന്റേത് എന്നു പറയുന്ന വസ്ത്രങ്ങള്‍ ധരിക്കണം. അതിനപ്പുറത്തേക്കുളള വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ടെങ്കില്‍ അതൊരു തോന്ന്യവാസമാണ് എന്ന നിര്‍വചനം കൊടുക്കാനാണ് ട്രാന്‍സ്‌വെസ്റ്റിസം എന്ന വാക്കു നല്‍കുന്നത്. ആ വാക്കുതന്നെ നോക്കൂ.. ട്രാന്‍സ് എന്നാല്‍ എതിരായത് എന്നും വെസ്റ്റ് എന്നാല്‍ വസ്ത്രം എന്നുമാണ് അര്‍ഥം. അതായത് എതിര്‍ലിംഗത്തിന്റെ വസ്ത്രം ധരിക്കുന്നത്. അങ്ങനെ പറയുമ്പോള്‍ ഏതാണ് എതിര്‍ലിംഗത്തിന്റെ വസ്ത്രം എന്ന ചോദ്യം തന്നെ ഉയരുന്നില്ലേ? ജെന്‍ഡര്‍ ഫ്‌ളൂയിഡ് ആളുകളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും ജെന്‍ഡര്‍ ഫ്‌ളൂയിഡ് ആണ് എന്നുപറയുന്നവരേയും ആ ബോക്‌സിലേക്ക് ഇടാനാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. |

![]() ഡോ. സ്മിത സി.എ.(അസി. പ്രൊഫസര്‍, സൈക്യാട്രി ഡിപ്പാര്‍ട്ട്‌മെന്റ്, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്) Gender neutral വസ്ത്രങ്ങളെക്കുറിച്ച് കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. സ്വന്തം അഭിരുചികള്‍, ചില വസ്ത്രങ്ങളോടുള്ള താല്പര്യം, വ്യക്തിത്വം, അണിയാനുള്ള സൗകര്യം, ജോലി സംബന്ധമായ മുന്‍ഗണനകള്‍, സാഹചര്യങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ അണിയുന്നവരുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണവും ട്രാന്‍സ്‌വെസ്റ്റിസവും ഒന്നായിക്കണക്കാക്കാനാവില്ല. ജെന്‍ഡര്‍ ഫ്‌ലൂയിഡ് വ്യക്തികള്‍ തങ്ങളുടെ ലിംഗസ്വത്വത്തിന്റെ എക്സ്പ്രഷന് വേണ്ടിയാണ് ' ക്രോസ് ഡ്രസ് ' ചെയ്യുന്നത്. ജെന്‍ഡര്‍ ഫ്ളൂയിഡ് ആയിട്ടുളള ആളുകള്‍ക്ക് ഇത് ചെയ്യുന്നത് കൊണ്ട് ലൈംഗിക ഉത്തേജനം ഉണ്ടാകണം എന്നില്ല. ട്രാന്‍സ് ജെന്‍ഡര്‍ ആയിട്ടുളള വ്യക്തി കൗമാരത്തില്‍ നിയുക്തലിംഗത്തില്‍നിന്നു വ്യത്യസ്തമാണ് തന്റെ ലിംഗസ്വത്വം എന്ന് തിരിച്ചറിഞ്ഞാല്‍ അതിനനുസൃതമായ വസ്ത്രധാരണം താല്പര്യപ്പെടും. അത് സ്വാഭാവികമാണ്; രോഗാവസ്ഥയല്ല. സ്വത്വം മനസ്സിലാക്കിയ അവര്‍ സമൂഹത്തോട് തന്റെ ജെന്‍ഡര്‍ എക്സ്പ്രസ് ചെയ്യുന്നതിന് വേണ്ടി ആ ഐഡന്റിറ്റിക്ക് സമൂഹം അംഗീകരിച്ച വസ്ത്രം ധരിക്കുന്നതാണ് ഇത്. തങ്ങളുടെ ലിംഗസ്വത്വവുമായി താദാത്മ്യം പ്രാപിക്കാന്‍ ഒരു പരിധി വരെ ഇതവരെ സഹായിക്കും. ട്രാന്‍സ്‌വെസ്റ്റിസം എന്ന അവസ്ഥയില്‍ എതിര്‍ലിംഗത്തിന്റേതെന്നു കണക്കാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനുള്ള ശക്തമായ താല്പര്യവും,നിയന്ത്രിക്കാനാകാത്ത ത്വരയും വ്യക്തികളിലുണ്ടാകും. പൊതുസമൂഹത്തില്‍ അപൂര്‍വ്വമായിക്കാണുന്ന ഇത്തരം പ്രകൃതം ആറു മാസത്തിലധികം നീണ്ടുനില്‍ക്കുകയും വേണം. ഇത് ചെയ്യുന്ന വ്യക്തികളില്‍ ഉത്കണ്ഠയും അസ്വസ്ഥതയുമുണ്ടാകാം. സാമൂഹ്യജീവിതം തകരാറിലാകാം. അത്തരമവസരങ്ങളില്‍, അവര്‍ക്കു മാനസികാരോഗ്യ പ്രൊഫഷണലുകളുടെ സഹായം തേടാവുന്നതുമാണ്. എതിര്‍ലിംഗത്തിന്റേത് എന്നുകരുതുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും അതിലൂടെ ലൈംഗിക ഉത്തേജനം ലഭിക്കുകയും ചെയ്യുന്ന ഒരു വിഭാഗവുമുണ്ട്. കുട്ടികളോടോ എതിര്‍ലിംഗക്കാരോടോ മോശമായി പെരുമാറുന്നതോ നേരിട്ടുള്ള ലൈംഗിക ചേഷ്ടകളോ പൊതുവെ ഇത്തരക്കാരുടെ രീതിയല്ല. Fetishism എന്ന ഒരവസ്ഥയുമുണ്ട്. എതിര്‍ലിംഗത്തിലുളളവരുടേതായ ചില വസ്തുക്കള്‍ ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതാണ് ഇതിന്റെ പ്രത്യേകത. അവസ്ഥയാണ്. ഇത്തരക്കാര്‍ക്ക് അത്തരം വസ്തുക്കള്‍ കണ്ടാലോ തൊട്ടാലോ അതിന്റെ സാന്നിധ്യത്തിലോ ലൈംഗിക ഉത്തേജനം ഉണ്ടായെന്ന് വരാം. ഫെറ്റിഷിസത്തിന്റെ ഭാഗമായി സ്ത്രീകളുടെ വസ്ത്രങ്ങളും ചെരിപ്പുമെല്ലാം മോഷ്ടിച്ചുകൊണ്ടുപോയി സൂക്ഷിച്ചുവെക്കുന്നവരുണ്ട്. മോഷ്ടിക്കുന്ന വസ്തുക്കള്‍ അവര്‍ക്കു ധരിക്കാനല്ല മറിച്ച് അത് കാണുക തൊടുക എന്നിവയിലൂടെ ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതിനാണ് ഉപയോഗിക്കാറുള്ളത്. എങ്ങനെ സഹായിക്കാം? പല വിധ പ്രശ്‌നങ്ങള്‍ മൂലം ഇവര്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുമ്പോള്‍, അവര്‍ക്കെന്താണോ അസ്വസ്ഥതയുണ്ടാക്കുന്നത് എന്നതനുസരിച്ചായിരിക്കണം സഹായം നല്‍കാറുള്ളത്. ക്ലയന്റ് ആവശ്യപ്പെടുന്ന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ സഹായിക്കുക എന്നുളളതാണ് രീതി. പൊതുബോധത്തിനു നിരക്കുന്ന രീതിയില്‍ അവരെ മാറ്റാനാകരുത് ശ്രമം. ട്രാന്‍സ്‌വെസ്റ്റിസം മാത്രമാണോ അതോ ലിംഗസ്വത്വവുമായി ബന്ധപ്പെട്ടുളള താല്പര്യങ്ങളുണ്ടോ ലൈംഗിക ഉത്തേജനം ഒരു കാരണമാണോ എന്നെല്ലാം വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കണം. ഇത്തരത്തിലുളള വസ്ത്രധാരണത്വര അവരില്‍ ദുരവസ്ഥ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതു കുറയ്ക്കുന്നതിനു വേണ്ട ചികിത്സകള്‍ നല്‍കും. ചിലരുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. സാമൂഹിക അവഗണനയും ഒറ്റപ്പെടലും ആള്‍ക്കൂട്ടത്തിന്റെ ആക്രമണവും നേരിടേണ്ടിവരുന്നവരും ഉണ്ടാകാം. ഇതുമൂലവും വിഷാദം , ഉത്കണ്ഠ, കുറ്റബോധം എന്നിവ സ്വാഭാവികമായും അവര്‍ക്കുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് മാനസികമായ പിന്തുണയും വേണ്ട ചികിത്സകളും നല്‍കണം. കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് വ്യക്തമായ ശാസ്ത്രീയമായ വിവരങ്ങള്‍ അവരുമായി പങ്കുവയ്ക്കുകയും ചെയ്യണം.അവരെന്താണെന്നു മനസ്സിലാക്കാന്‍ അവരുടെ കുടുംബത്തെ സഹായിക്കുകയും വേണ്ട പിന്തുണ നല്‍കുകയും വേണ്ടതാണ്. എല്ലാം ചികിത്സിച്ചു മാറ്റി നിങ്ങളെ 'സോ കോള്‍ഡ് നോര്‍മല്‍ സൊസൈറ്റി'യില്‍ ഫിറ്റ് ചെയ്യിക്കാം എന്നുപറയുന്നതിനേക്കാള്‍ ക്ലയന്റിന്റെ താല്പര്യം,അവരുടെ വിഷമം കുറയ്ക്കുക എന്നുളളതിലാണ് ചികിത്സകര്‍ ലക്ഷ്യം വെക്കേണ്ടത്. ഇതിനെല്ലാമുപരി, സഹിഷ്ണുതയും വ്യത്യസ്തതകളെ ഉള്‍ക്കൊള്ളാന്‍ കഴിവുമുള്ള ഒരു സമൂഹവും ഇവരുടെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ അത്യന്താപേക്ഷിതമാണ്.ആഴത്തില്‍ ചിന്തിക്കുമ്പോള്‍, എല്ലാം ഉൾക്കൊള്ളുന്നഒരു സമൂഹം ഉണ്ടെങ്കില്‍ ഇത്തരം അവസ്ഥകളെ രോഗാവസ്ഥയായി തരംതിരിക്കുകയോ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ 'മൈനോറിറ്റി സ്‌ട്രെസ്' അനുഭവിക്കുകയോ ചെയ്യേണ്ടി വരില്ല എന്നു മനസ്സിലാക്കാം. |

പാര്‍ലറില്‍ നിന്നുളള ചിത്രം
വസ്ത്രധാരണം ആരുടെ തീരുമാനം
മുടി വളര്‍ത്തി, മുഖച്ചമയവും ആഭരണങ്ങളും അണിയുന്ന, പാവാട, ഗൗണ്‍ (രാജ്യങ്ങള്‍ക്കും ദേശങ്ങള്‍ക്കും അനുസരിച്ച് അതു വ്യത്യാസപ്പെടാം) മുതലായ വസ്ത്രങ്ങള്‍ ധരിക്കുന്നവളാണ് സ്ത്രീ. പുരുഷനാകട്ടേ മുടി മുറിച്ച് ഷോര്‍ട്‌സോ പാന്റോ ധരിക്കുന്നവന്‍. സ്ത്രീ-പുരുഷ സങ്കല്പങ്ങള്‍ മാത്രം ഉണ്ടായിരുന്ന കാലഘട്ടത്തിന്റെ, അന്നത്തെ സാമൂഹിക സംസ്‌കാരത്തിന്റെ, സാഹചര്യങ്ങളുടെ ഉല്പ്പന്നമായിരുന്നു സ്ത്രീക്കും പുരുഷനും വേഷഭൂഷാദികളിലുളള വേര്‍തിരിവ്. പോക്കറ്റില്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ക്കുളളതായിരുന്നു പഴ്‌സ്. കാഴ്ചയില്‍ തന്നെ സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയുക. ചെയ്യുന്ന തൊഴിലിന് ചേര്‍ന്ന രീതിയില്‍ സൗകര്യപ്രദം ഇതെല്ലാമായിരിക്കണം ലിംഗം നോക്കി വസ്ത്രം തീരുമാനിക്കപ്പെട്ടതിനുളള കാരണങ്ങള്‍.
പക്ഷേ, തുല്യതയിലേക്കുളള മുന്നേറ്റത്തില്‍ മാറിയ സാമൂഹിക സാഹചര്യങ്ങളെ വേഗത്തില്‍ ഉള്‍ക്കൊണ്ടത് സ്ത്രീകളാണ്. ഉന്നതവിദ്യാഭ്യാസം നേടുകയും തൊഴിലെടുക്കാനും പുരുഷകേന്ദ്രീകൃതമായ പല മേഖലകളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാനും തുടങ്ങിയതിനൊപ്പം തന്നെ അവര്‍ പുരുഷന്മാരുടേതെന്ന് കല്പിച്ചിരുന്ന പാന്റും ടീഷര്‍ട്ടും മടി കൂടാതെ ധരിച്ചു. മുടി വളര്‍ത്താനും കാതു കുത്താനും ചിലരെങ്കിലും മുതിര്‍ന്നു എന്നല്ലാതെ സ്ത്രീകളുടേത് എന്ന് കരുതപ്പെട്ട വസ്ത്രാലങ്കാരങ്ങള്‍ മടികൂടാതെ സ്വീകരിക്കാനുതകുന്ന മാറ്റങ്ങളൊന്നും പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഉണ്ടായില്ല.
പുരുഷത്വത്തിന്റെ പ്രതീകമായി ആദ്യകാലങ്ങളില്‍ കണ്ടിരുന്നത് സൈനികരെ ആയിരുന്നുവെന്നും അവര്‍ യൂണിഫോമിന്റെ ഭാഗമായി തുടര്‍ന്ന മുടിമുറിക്കല്‍ ഉള്‍പ്പടെയുളള വേഷവിധാനങ്ങളെ അതേപടി പിന്തുടരുകയായിരുന്നുവെന്നും ചില പഠനങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വസ്ത്രധാരണത്തില്‍ മാത്രമല്ല പെരുമാറ്റത്തിലും ഒരു പുരുഷന്‍ പാലിക്കേണ്ട രീതികള്‍ നിഷ്‌കര്‍ഷിക്കപ്പെട്ടു. കരയുന്നതുള്‍പ്പടെയുളള വികാരപ്രകടനങ്ങള്‍ അവന് നിഷിദ്ധമായിരുന്നു. മറ്റൊരര്‍ഥത്തില്‍ നോക്കുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് മുന്നിലുണ്ടായിരുന്ന വിശാലമായ തിരഞ്ഞെടുപ്പു സാധ്യതകള്‍ പുരുഷന് മുന്നിലുണ്ടായിരുന്നില്ല. സാമൂഹിക കല്പനകളെ സ്ത്രീ ചോദ്യം ചെയ്തപ്പോള്‍ 'മെയില്‍ സ്റ്റീരിയോടൈപ്പു'കളെ അതേപടി പിന്തുടരാന്‍ മാത്രമായിരുന്നു പുരുഷന്റെ ശ്രമം. അതല്ലാത്ത ശ്രമങ്ങള്‍ തന്റെ പൗരുഷത്തെ ചോദ്യം ചെയ്യുമെന്ന് അവന്‍ ഭയപ്പെടുകയും ചെയ്തിരിക്കണം.
ഇന്ന ലിംഗത്തിലുളളയാള്‍ ഇങ്ങനെ എന്ന നിയന്ത്രണങ്ങള്‍ സ്ത്രീയേക്കാള്‍ പുരുഷനായിരുന്നു കൂടുതല്‍. എന്തായാലും അക്കാലത്തുനിന്നും ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങളെ കുറിച്ചുളള ചര്‍ച്ചകള്‍ നടക്കുന്ന കാലത്തേക്ക് നാം പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു.
നാം എന്നു തയ്യാറാകും?
'സെ്ക്‌സ്, ജെന്‍ഡര്‍, സെക്ഷ്വാലിറ്റി. ഇവ മൂന്നും വ്യത്യസ്തമാണ് എന്ന അടിസ്ഥാനപരമായ അറിവുപോലും നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തിന് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അല്പം സ്ത്രീസ്വഭാവങ്ങളുളള ഒരു ആണ്‍കുട്ടിയെ പൊതുസമൂഹം എങ്ങനെഉപദ്രവിക്കുന്നുവെന്ന് അറിയുന്നതുകൊണ്ട് തന്നെ ക്രോസ് ഡ്രസിങ് ചെയ്യുന്നുണ്ട് എന്നുപറഞ്ഞാല്‍ മാത്രം മറ്റുളളവര്‍ക്ക് മനസ്സിലാകുന്ന ഞാന്‍ ഇക്കാര്യം ഒരുതരത്തിലും പുറത്താകാതിരിക്കാനാണ് ശ്രമിക്കാറുളളത്. സാമൂഹികമായും സാമ്പത്തികമായും അത്രയധികം പ്രിവിലെജ് ആയിട്ടുളളവര്‍ക്ക് മാത്രമേ ബുദ്ധിമുട്ടിയാണെങ്കിലും പുറത്തുവരാനാകൂ. Gender Identity യിലൊക്കെ അറിവുള്ള, രാഷ്ട്രീയമുള്ള,പുതിയ കാഴ്ച്ചപ്പാടുകളുള്ള വളരെ കുറച്ച് പേരെ ഇതെല്ലാം അംഗീകരിക്കൂ. അംഗീകരിക്കുന്നു എന്നുകരുതി പിന്തുണയ്ക്കണമെന്നില്ല. മതത്തിന്റെ സ്വാധീനം വളരെ വലുതാണല്ലോ സമൂഹത്തില്‍.. മതബോധം ആഴത്തില്‍ വേരോടിയിട്ടുളള നമ്മുടെ സമൂഹത്തില്‍ അതില്ലാകുന്ന, ആധുനിക വിദ്യാഭ്യാസം നേടുന്ന ഒരു തലമുറയില്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷയുളളൂ. ചില മതാനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി ക്രോസ് ഡ്രസിങ് അനുവദിച്ചേക്കാം. കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് പോലെ. ആചാരത്തിനായി പിന്തുണയ്ക്കുന്നവര്‍ യഥാര്‍ഥ ജീവിതത്തില്‍ അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല.' ക്രോസ് ഡ്രസിങ് ചെയ്യുന്ന രാകേഷ് സമൂഹത്തെ കുറിച്ചുളള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത് ഇപ്രകാരമാണ്.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കുറവുകളിലേക്ക് തന്നെയാണ് വീണ്ടും ചൂണ്ടുവിരല്‍ ഉയര്‍ത്തപ്പെടുന്നത്. സെക്‌സ് എജുക്കേഷന്‍ എന്നുകേട്ടപാടെ, സെക്‌സെന്ന വാക്കിന്റെ വിശാല അര്‍ഥത്തെ കുറിച്ച് ചര്‍ച്ച ചെയ്യാതെ, അതിലെ അശ്ലീലതയിലേക്ക് മാത്രം കണ്ണും കാതും തുറന്നുവെച്ച് എത്ര കാലം നാം ഇനിയും മുന്നോട്ടുപോകും. ലിംഗ ന്യൂനപക്ഷങ്ങളെകുറിച്ചും വൈവിധ്യങ്ങളെ കുറിച്ചും ബോഡി ഷെയ്മിങ്ങിനെ കുറിച്ചുമെല്ലാം അറിഞ്ഞു വളരേണ്ടവരാണ് വിദ്യാര്‍ഥികള്‍. കുഞ്ഞുമനസ്സില്‍ രൂപത്തെ ചൊല്ലി പതിയുന്ന കളിയാക്കലുകളില്‍ ആത്മവിശ്വാസം തകര്‍ന്നവര്‍ നമുക്കിടയില്‍ തന്നെയില്ലേ? കാലാഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായവും മാറിയ കാലത്തിനനുസരിച്ച് മാറാന്‍ കൂട്ടാക്കാത്ത അധ്യാപകരും നമുക്കുചുറ്റും ഇപ്പോഴുമുണ്ട്.
കുട്ടികള്‍ക്കുമേലുളള നിയന്ത്രണങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെ ഒരു അധ്യാപക സുഹൃത്ത് ഒരിക്കല്‍ പങ്കുവെച്ച കവിത പരാമര്‍ശിക്കട്ടെ..അത് ഏകദേശം ഇങ്ങനെയാണ്
'എന്റെ കുഞ്ഞിക്കൈകള്‍ കൊണ്ട്
വെളുത്ത കടലാസില്‍ ഞാന്‍ ഒരു വര വരച്ചു.
അച്ഛന്‍ മുകളിലും അമ്മ താഴെയും ഒരു വര വരച്ചു.
ഞാന്‍ വരച്ചത് ആകാശമായിരുന്നു.
അവര്‍ വരച്ചത് മതിലുകളും..' - ഈ വരികളിലുണ്ട് യാഥാര്‍ഥ്യം. കുട്ടിക്കാലത്ത് മനസ്സില്‍ പതിഞ്ഞുപോയത് മാറ്റുക പ്രായമായവര്‍ക്ക് എളുപ്പമല്ല. അതുകൊണ്ടുതന്നെ തനിക്കു പരിചിതമല്ലാത്ത എന്തിനോടും അവര്‍ മുഖം തിരിക്കും. സമഗ്രമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പുതുതലമുറയിലൂടെ മാത്രമേ സാധിക്കൂ. 'സമൂഹം മാറേണ്ടത് സമഗ്രമായ ലൈംഗികവിദ്യാഭ്യാസത്തിലൂടെയാകണം. ഇപ്പോഴുളള തലമുറയ്ക്ക് ഉള്‍ക്കൊളളാന്‍ സാധിച്ചില്ലെങ്കിലും വീട്ടിലൊരാള്‍ മനസ്സു തുറക്കുമ്പോള്‍ ഇതാണ് സംഗതി എന്നു മനസ്സിലാക്കാനെങ്കിലും അതിലൂടെ സാധിക്കും. ഇടയ്‌ക്കൊരു സ്ത്രീയായി കഴിയാന്‍ ഇഷ്ടമുള്ള ഒരു ആണിനെ സഹായിച്ചില്ലെങ്കിലും മറ്റൊരാള്‍ക്ക് ഉപദ്രവമാവാത്തിടത്തോളം അവരെ അവരുടെ പാട്ടിന് വിടേണ്ടതുണ്ട്.' രാകേഷിന്റെ ഈ വാക്കുകള്‍ നാം ശ്രവിക്കേണ്ടത് അനുതാപത്തോടെയാണ്.
പുതുതലമുറയില്‍ പ്രതീക്ഷയറ്റിട്ടില്ല. ഉള്‍ച്ചേര്‍ക്കാന്‍ മനസ്സുളള ഒരു പുതുതലമുറയാണ് വളര്‍ന്നുവരുന്നത്. ബന്ധുവായ യുവതി പ്രസവിച്ച സന്തോഷവാര്‍ത്ത വിളിച്ചുപറഞ്ഞ വ്യക്തിയോട് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്നുചോദിച്ചതിന് തന്നെ വഴക്കുപറഞ്ഞ പ്ലസ്ടുക്കാരി മകളെ കുറിച്ച് അഭിഭാഷകയായ അമ്മ അഭിമാനത്തോടെ പങ്കുവെച്ച അനുഭവം, ഗായിക പ്രാര്‍ത്ഥന ഇന്ദ്രജിത്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ചിത്രത്തിന് കീഴെ എനിക്കും പെണ്‍കുട്ടിയെ പോലെ അണിഞ്ഞൊരുങ്ങാനാഗ്രഹമുണ്ടെന്ന് കമന്റിട്ട യുവാവിന് അവര്‍ നല്‍കിയ അതിമനോഹരമായ മറുപടി. ഇതെല്ലാം പ്രതീക്ഷകളാണ്.....!
(അവസാനിച്ചു)
Content Highlights: Transvestism, cross-dressing, gender fluidity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..