പ്രതീകാത്മക ചിത്രം
'ഒരുങ്ങിക്കഴിഞ്ഞ് എന്നെയൊരു പെണ്ണായി കാണുമ്പോഴുള്ള സന്തോഷവും അനുഭൂതിയും എങ്ങനെ പറയുമെന്നറിയില്ല. സത്യമായും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭവം ആണത്. എന്റെ ശരീരത്തെ ഞാനേറ്റവുമധികം സ്‌നേഹിക്കുന്നതും ബഹുമാനിക്കുന്നതും ക്രോസ് ഡ്രസ്സ് ചെയ്യുമ്പോഴാണ്.. പുരുഷജീവിതത്തില്‍ ഞാനെന്റെ ശരീരത്തില്‍ കാണാത്ത സൗന്ദര്യം സാരിയുടുക്കുമ്പോള്‍ മാത്രമാണ് കാണാന്‍ കഴിയുക.. എന്റെയുള്ളിലെ പെണ്ണിനെയാണ് നേരില്‍ കാണുന്നതും അവളുടെ സൗന്ദര്യമാണ് ആ സമയം ഞാന്‍ ആസ്വദിക്കുന്നതും.. ഒരു ഓര്‍ഗാസത്തെക്കാള്‍ കൂടുതല്‍ സുഖവും സന്തോഷവും ക്രോസ്‌ഡ്രെസ്സിങ്ങിലൂടെ പെണ്ണായിരിക്കുന്ന അത്രയും സമയത്താണ് ഞാന്‍ അനുഭവിച്ചിട്ടുളളത്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഡ്രസ്സ് ചെയ്തിരിക്കുന്ന സമയത്തുള്ള എന്റെ ഏറ്റവും നല്ല സ്വഭാവസവിശേഷതകള്‍ എനിക്കെപ്പോഴും ഉണ്ടായിരുന്നെങ്കിലെന്ന്. പുറമേയുള്ള പുരുഷന്റെ എല്ലാ അഹങ്കാരവും പ്രത്യേകാധികാരങ്ങളും ഇടക്ക് അഴിച്ച് വെക്കുന്നതുകൊണ്ട് ഒരു പെണ്ണിന്റെ ഭാഗത്ത് നിന്ന് കാര്യങ്ങളെ സമീപിക്കാനും എനിക്ക് സാധിക്കാറുണ്ട്. ഇത്തരം രാഷ്ട്രീയബോധ്യങ്ങള്‍ ഉണ്ടാക്കിയെടുത്തതിന് എന്റെ ക്രോസ് ഡ്രസിങ്ങിനുളള സ്വാധീനം വലുതാണ്.' -കുട്ടിക്കാലം മുതല്‍ ക്രോസ് ഡ്രസിങ് ചെയ്യുന്ന രാകേഷ്(പേര് യഥാര്‍ഥമല്ല) തന്റെ ജീവിതം പറഞ്ഞു.
കേള്‍ക്കുന്നവര്‍ക്ക് കെട്ടുകഥ പോലെ തോന്നിയേക്കാവുന്ന അനുഭവങ്ങളാണ് രാകേഷ് ഉള്‍പ്പടെയുളള ക്രോസ് ഡ്രസേഴ്‌സ് പലരും പങ്കുവെച്ചത്. ജീവിതം പറഞ്ഞവരില്‍ കൂടുതല്‍ പേര്‍ക്കും ചെറുപ്പം മുതല്‍ തന്നെ സ്ത്രീകളുടെ വസ്ത്രങ്ങളോടും ആഭരണങ്ങളോടും എന്തെന്നറിയാത്ത ആകര്‍ഷണം തോന്നിയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സാഹചര്യങ്ങള്‍ നോക്കി അവരത് ധരിക്കും. പതിയെ പെണ്ണായി ഒരുങ്ങുന്ന ഇടവേളകള്‍ കുറയും. ഇന്റര്‍നെറ്റിന്റെ സാധ്യതകളാണ് തനിക്ക് സംഭവിക്കുന്നത് എന്താണെന്നും തന്നെപ്പോലുളളവര്‍ വേറെയും ഉണ്ടോയെന്നും കണ്ടെത്താന്‍ തുടക്കത്തില്‍ പലരും ഉപയോഗിച്ചത്.
ഏതുരീതിയില്‍ ഉള്‍ക്കൊളളുമെന്ന ഭയമുളളതിനാല്‍ കൂട്ടുകാരോടോ വീട്ടുകാരോടോ ഇക്കാര്യം തുറന്നുപറയുക എളുപ്പമല്ല. പെണ്ണായുളള രഹസ്യ ഒരുക്കങ്ങള്‍ പിടിക്കപ്പെടുമ്പോഴാണ് പലരും കുടുംബത്തോട്/ സുഹൃത്തുക്കളോട് കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറായിട്ടുളളത്. ഇത് സങ്കല്പിക്കാനാകാത്ത തരത്തിലുളള പ്രത്യാഘാതങ്ങളാണ് കുടുംബത്തിലും അവരുടെ വ്യക്തിജീവിതത്തിലും ഉണ്ടാക്കുന്നതും. അതേസമയം തുറന്നുപറയാതെ അതീവജാഗ്രതയോടെ വര്‍ഷങ്ങളായി ക്രോസ് ഡ്രസിങ് നടത്തുന്നവരും മനസ്സ് തുറന്നവരില്‍ ഉണ്ടായിരുന്നു. ക്രോസ് ഡ്രസിങ് ചെയ്യുന്ന ഓരോ വ്യക്തിയും അടുത്തയാളില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്. ഒരാളുടെ ജീവിതത്തിലൂടെ ക്രോസ് ഡ്രസിങ് ചെയ്യുന്നവരെയെല്ലാം സാമാന്യവല്‍ക്കരിക്കുന്നത് മഠയത്തരവുമാണ്. അതുകൊണ്ടുതന്നെ പരിചയപ്പെട്ടവരില്‍ ചിലരുടെ ജീവിതങ്ങള്‍ അവരുടെ അനുവാദത്തോടെ ഇവിടെ അവതരിപ്പിക്കുകയാണ്. പാകതയെത്താത്ത ഈ സമൂഹത്തില്‍ അവര്‍ക്ക് തുടര്‍ന്നും ജീവിക്കേണ്ടതിനാല്‍ ഈ ജീവിതങ്ങളില്‍ പരാമര്‍ശിക്കുന്ന പേരുകളും സ്ഥലങ്ങളും യാഥാര്‍ഥ്യമല്ല.
'കുട്ടിക്കാലം മുതല്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ആഭരണങ്ങളോടൊക്കെ എനിക്ക് ഒരു പ്രത്യേകതരം ആകര്‍ഷണമുണ്ടായിരുന്നു. ചേച്ചി നൃത്തം ചെയ്തിരുന്നതിനാല്‍ അതിനായുളള ഉടയാടകളും ആഭരണങ്ങളും വീട്ടിലുണ്ടായിരുന്നു. കൗമാരത്തില്‍ അതെല്ലാം എടുത്ത് തൊട്ടും തലോടിയും നോക്കുക, ഇടയ്ക്ക് അണിഞ്ഞ് നോക്കുക ഇതൊക്കെയായിരുന്നു തുടക്കം. അങ്ങനെ ചെയ്യുമ്പോള്‍ ലിംഗോദ്ധാരണം ഉണ്ടായിരുന്നതായി ഓര്‍മയുണ്ട്. കൂട്ടുകാരികള്‍ക്കൊപ്പമുള്ള കളികള്‍ക്കിടയിലും മറ്റും രഹസ്യമായി ഞാന്‍ അവരുടെ ഉടുപ്പൊക്കെ ചോദിച്ച് വാങ്ങി ഇടുമായിരുന്നു. അതിനിടയിലെപ്പഴോ അമ്മയുടെ ഒരു സാരി ബ്ലൗസിനോട് ഒരു പ്രിയം തോന്നി. അത് ഇടയ്ക്ക് അണിഞ്ഞ് തുടങ്ങി. പിന്നെ അമ്മയുടെ നൈറ്റി. പിന്നെ പിന്നെ ഓരോ തവണയും കുറേക്കൂടി കൂടുതല്‍ പെണ്ണാവണമെന്ന് തോന്നിതുടങ്ങിയ സമയത്ത് വീട്ടിലാരുമില്ലാത്തപ്പോള്‍ കണ്ണൊക്കെ എഴുതി ഡ്രസ്സ് ചെയ്ത് തുടങ്ങി.പെണ്ണായി അണിഞ്ഞൊരുങ്ങുമ്പോഴാണ് എനിക്ക് എന്നെ തന്നെ കൂടുതല്‍ ഇഷ്ടമെന്ന് മനസ്സിലായി. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് അന്നൊക്കെ വലിയ ആശയക്കുഴപ്പമായിരുന്നു. സുഹൃത്തുക്കളൊക്കെ ക്ലാസ്സിലെ ടീച്ചര്‍മാരില്‍ ആകൃഷ്ടരായപ്പോള്‍ ഞാന്‍ അവരുടെ വസ്ത്രധാരണവും ആഭരണങ്ങളും കൂടി ശ്രദ്ധിച്ച് തുടങ്ങി. അന്നെനിക്ക് വീടിനടുത്ത് ഒരു പ്രണയമുണ്ടായിരുന്നു. ഒരു സാഹചര്യത്തില്‍ അവളോട് ഞാന്‍ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. അവള്‍ പിന്തുണച്ചു. പക്ഷേ പിന്നീട് ആ ബന്ധം തകര്‍ന്നു. ഡിഗ്രിക്ക് പഠിച്ചിരുന്നത് മൂവാറ്റുപുഴയിലെ ബന്ധുവീട്ടില്‍ നിന്നാണ്. ഇതിനിടയിലൂടെ അറിയാവുന്ന പദങ്ങളെല്ലാം വച്ച് ഇന്റര്‍നെറ്റ് കഫെയില്‍ കയറി ക്രോസ് ഡ്രസിങ്ങിനെ കുറിച്ച് തിരഞ്ഞുതുടങ്ങി. ഫസ്റ്റ് ഇയറില്‍ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ കിട്ടിയതോടെയാണ് ക്രോസ് ഡ്രസിങ്ങിനെ കുറിച്ച് കൂടുതല്‍ മനസ്സിലാകുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ എന്നെപ്പോലുളളവരെ കണ്ടെത്തുന്നതും.'
എന്റെ ജെന്‍ഡര്‍, സെക്ഷ്വല്‍ ഐഡന്റിറ്റിയില്‍ തുടക്കത്തില്‍ വ്യക്തതയില്ലായിരുന്നു. ഡിഗ്രി പഠനത്തിനൊക്കെ ശേഷം വായനകളിലൂടെയും ചില സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴൊക്കെയാണ് ജെന്‍ഡറും സെക്ഷ്വല്‍ ഐഡന്റിറ്റിയും ഞാന്‍ തിരിച്ചറിയുന്നത്. എനിക്ക് പുരുഷന്മാരില്‍ നിന്ന് ലൈംഗികോപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യശ്രമം ഞാന്‍ അഞ്ചാംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു. ഉപദ്രവിക്കാന്‍ എത്തിയ ആള്‍ ലിംഗം പ്രദര്‍ശിപ്പിച്ചതോടെ ഓടി രക്ഷപ്പെട്ടു. രണ്ടാമത്തെ തവണ എന്റെ മലയാളം അധ്യാപകനായിരുന്നു പ്രതി. ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കലാസാഹിത്യവേദിയുടെ ക്യാമ്പിന്റെ ഭാഗമായി ഒരു ദിവസം രാത്രി ഞാന്‍ അയാളുടെ വീട്ടിലാണ് താമസിച്ചത്. അന്ന് അയാള്‍ എന്നെ ഉമ്മവെച്ചു, അയാളുടെ ജനനേന്ദ്രിയത്തില്‍ എന്നെക്കൊണ്ട് പിടിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ എതിര്‍ത്ത് നിലവിളിക്കുമെന്നായതോടെ അയാള്‍ ഉപദ്രവം നിര്‍ത്തുകയായിരുന്നു. എന്നാല്‍ കോളേജ് പഠനകാലത്ത് പുരുഷന്മാരോടും എനിക്ക് ലൈംഗികതാല്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ഞാനൊരു പാന്‍ ആണെന്ന് തിരിച്ചറിയുന്നത് കുറച്ചുകൂടി കഴിഞ്ഞാണ്.' ഇത് രാകേഷിന്റെ മാത്രം ജീവിതം. ക്രോസ് ഡ്രസ് ചെയ്യുന്ന എല്ലാവരും പാന്‍ ആണെന്ന് ഈ അനുഭവസാക്ഷ്യത്തിലൂടെ സാധൂകരിക്കുന്നില്ല.
നിയുക്തലിംഗവും ലിംഗസ്വത്വവും -ഡോ.സ്മിത സി.എ.(അസി. പ്രൊഫസര്‍, സൈക്യാട്രി ഡിപ്പാര്‍ട്ട്‌മെന്റ്, ഗവ.മെഡിക്കല്‍ കോളേജ് കോഴിക്കോട്) ![]() സെക്‌സ്, ജെന്‍ഡര്‍ എന്നീ വാക്കുകള്‍ക്കു പലരും ഒരേ അര്‍ത്ഥമാണ് കണക്കാക്കാറുള്ളത്. ജൈവപരമായി ലിംഗം (Biological Sex) എന്നാല്‍ ജനിതകഘടകങ്ങളുടെയും, പ്രത്യുത്പാദനാവയവങ്ങളുടെയും സെക്‌സ് ഹോര്‍മോണുകളുടെയും അനുബന്ധശരീരഘടനയുടെയും ആകെത്തുകയാണ്. ജെന്‍ഡര്‍ കൊണ്ടുദ്ദേശിക്കുന്നത്,ഏറ്റവും ലളിതമായി പറഞ്ഞാല്‍ തന്റെ ലിംഗപരമായ സ്വത്വത്തെക്കുറിച്ചും താല്‍പര്യങ്ങളെക്കുറിച്ചും വ്യക്തികള്‍ക്കുള്ള തിരിച്ചറിവും തല്‍ഫലമായി അവര്‍ കൈക്കൊള്ളുന്ന വ്യക്തിപരവും സാമൂഹികവുമായ പെരുമാറ്റരീതികളുമാണ്. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ശരീരസവിശേഷതകളുടെ അടിസ്ഥാനത്തില്‍ സമൂഹം അവരുടെടെ ലിംഗം തീരുമാനിക്കുന്നു.ഇതാണു നിയുക്തലിംഗം (assigned sex). പെണ്ണെന്നും ആണെന്നുമുള്ള രണ്ടുരൂപങ്ങള്‍ മാത്രമേ പൊതുസമൂഹത്തിന്റെ ''നോര്‍മല്‍'' ലിംഗസങ്കല്‍പത്തിലുള്ളൂ. ബഹുഭൂരിപക്ഷവും യാതൊരസ്വസ്ഥതയും കൂടാതെ ഇതംഗീകരിക്കുകയും വലിയൊരുശതമാനം ഇതില്‍ അഭിമാനം കൊള്ളുകകയും ചെയ്യുന്നു. ഈ പാരമ്പര്യരീതിക്കു വഴങ്ങാത്ത ചിലരുമുണ്ട്. Gender non-confirmity എന്നറിയപ്പെടുന്ന തികച്ചും സ്വാഭാവികമായ ഈയവസ്ഥ പൊതുബോധത്തെ വല്ലാതെ അലോസരപ്പെടുത്താറുമുണ്ട്. എന്നാല്‍ ചിലരുടെയെങ്കിലും ജീവിതത്തില്‍, അടിച്ചേല്‍പ്പിക്കപ്പെടുന്ന ഇത്തരം ലിംഗസങ്കല്‍പം അസ്വസ്ഥതകളും ശ്രുതിഭംഗങ്ങളുമുണ്ടാക്കുന്നു. ബാഹ്യശരീരഘടനയാല്‍ നിയുക്തമായ ലിംഗവും വളര്‍ന്നു വരുമ്പോള്‍ സ്വന്തം ലൈംഗികസ്വത്വത്തെക്കുറിച്ചുണ്ടാകുന്ന തിരിച്ചറിവുകളും തമ്മിലുള്ള ഇത്തരം അസ്വാരസ്യങ്ങള്‍ ജീവിതത്തിലെപ്പോഴെങ്കിലും സമ്മര്‍ദ്ദവും പിരിമുറുക്കവുമുണ്ടാകാനിടവരുത്തുകയും അത് നിത്യജീവിതത്തെ ബാധിക്കുകയും ചെയ്യുമ്പോള്‍ ആ അവസ്ഥയെ gender dysphoria എന്നുപറയുന്നു. നിയുക്തലിംഗവും ലിംഗസ്വത്വവും ചേരുംപടി ചേര്‍ന്നവര്‍ക്കായി മാത്രം സ്വസ്ഥജീവിതത്തിന്റെ വാതിലുകള്‍ തുറന്നു വച്ചിരിക്കുന്ന ഒരു സാമൂഹ്യസാഹചര്യത്തില്‍ മറിച്ചൊന്നു ചിന്തിക്കാന്‍ പോലും ശേഷിയില്ലാത്തവരാണ് നമ്മിലധികവും. എന്നാല്‍ പെണ്ണെന്നും ആണെന്നും ഉള്ള രണ്ടു കളങ്ങള്‍ക്കുമപ്പുറം പരന്നു കിടപ്പാണ് യഥാര്‍ത്ഥത്തില്‍ ലിംഗവൈവിധ്യം.ശരീരഘടന മാത്രം കണക്കിലെടുത്താല്‍ പോലും ഈ കളങ്ങളിലൊതുക്കി നിര്‍ത്താനാവില്ല അതിനെ. പ്രത്യുത്പാദന അവയവങ്ങളുടെ ഘടനയില്‍ത്തന്നെ ഭിന്നത കാണിക്കുന്ന അവസ്ഥാവിശേഷങ്ങള്‍ ആധുനിക വൈദ്യശാസ്ത്രം വിവരിച്ചിട്ടുണ്ട്. ആണ്‍പെണ്‍ദ്വയത്തിനുമുപരി ഒരു വലിയ സ്‌പെക്ട്രം തന്നെയുണ്ട് ലിംഗസ്വത്വപരമായ വൈവിധ്യങ്ങള്‍.ക്രോമോസോമുകളും ഹോര്‍മോണുകളും ചുറ്റുപാടുകളും സാംസ്‌കാരികസവിശേഷതകളും മാനസികമായ പ്രത്യേകതകളുമെല്ലാം ഒറ്റയ്ക്കും ഒരുമിച്ചും പ്രത്യക്ഷമായും പരോക്ഷമായും ഇവിടെ ഇടപെടുന്നുണ്ട്. |
.jpg?$p=155dbd4&&q=0.8)
'ട്രാന്‍സ്‌വെസ്റ്റിസത്തിന് പല ലെയറുകളും ഡെപ്തും ഉണ്ടെന്നാണ് രാകേഷിന്റെ പക്ഷം. തന്റെ സിഡി സുഹൃത്തുക്കളില്‍ പലര്‍ക്കും ജെന്‍ഡറിന്റേയും സെക്ഷ്വാലിറ്റിയുടെയും അടിസ്ഥാനത്തില്‍ പലവിധ താല്പര്യങ്ങളുളളതായാണ് അനുഭവപ്പെട്ടിട്ടുളളതെന്നും രാകേഷ് പറയുന്നു. 'ചിലര്‍ സെക്‌സിന് വേണ്ടി മാത്രം ഡ്രസ്സ് ചെയ്യാറുണ്ട്.അവര്‍ക്ക് ഒരു babydoll,bra,panty ഒക്കെ മാത്രം ഉണ്ടെങ്കിലും ക്രോസ് ഡ്രസിങ് നടക്കും.. എന്നെ സംബന്ധിച്ച് അത് നടക്കില്ല.ചില സുഹൃത്തുക്കള്‍ മറ്റ് പല kinky, fetish ഫാന്റസികളും ഉള്ളവരാണ്. അത്യന്തികമായി ഒരു ഓര്‍ഗാസത്തിനപ്പുറത്തേക്ക് ചിലരുടെ ക്രോസ്സ്‌ഡ്രെസ്സിങ് നീളാറില്ലെങ്കിലും അങ്ങനെയല്ലാത്തവയും അനേകമുണ്ട്.. Androgyn ആയിട്ടുള്ളവരെ സംബന്ധിച്ച് അവരുടെ ക്രോസ് ഡ്രസിങ് വ്യത്യസ്തമാണല്ലോ? അടിസ്ഥാനപരമായി എതിര്‍ലിംഗത്തെപോലെ വസ്ത്രധാരണം നടത്തുക എന്നത് വ്യക്തിയുടെ താല്‍പ്പര്യങ്ങള്‍ അനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കുന്നു.. അതൊരു ഫെറ്റിഷം മാത്രമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമായി ഞാന്‍ കരുതുന്നില്ല. സാമൂഹിക അന്തരീക്ഷം അനുകൂലമെങ്കില്‍ ക്രോസ് ഡ്രസ് ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ച് ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നതുകാരണമുളള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തിടത്തോളം കാലം അതൊരു ഡിസോര്‍ഡറായി കാണുന്നില്ല. അതേസമയം ഉപയോഗിച്ച വസ്ത്രങ്ങള്‍ നല്‍കുന്ന ഉന്മാദാവസ്ഥ പോലെയുള്ള ചില ക്രോസ്സ്‌ഡ്രെസ്സിങ് രീതികളൊക്കെ കളവ് പോലെയുള്ള കുറ്റകൃത്യമാവുമ്പോഴാണ് ചികിത്സ വേണ്ടി വരിക.. അതുകൊണ്ട് ക്രോസ്ഡ്രസ് ചെയ്യുന്ന എല്ലാവരെയും ഒരുപോലെ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്.' രാകേഷ് പറയുന്നു.
പല അബദ്ധധാരണകളും ട്രാന്‍സ് വെസ്റ്റിസവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ടെന്ന് ഡോ.സ്മിതയും അഭിപ്രായപ്പെട്ടു. 'Anomalous target preference എന്ന തരം പാരാഫീലിയ ഗണത്തില്‍പ്പെട്ട ഒരു മാനസിക രോഗാവസ്ഥയായി, കണക്കാക്കപ്പെടുന്ന ഈയവസ്ഥയെ, മാനസികരോഗചികിത്സാരംഗത്തെ രോഗാവസ്ഥകളെ ക്രോഡീകരിച്ചു വിശദമാക്കുന്ന, ലോകാരോഗ്യസംഘടനയുടെ ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കഷേന്‍ ഓഫ് ഡിസീസസ് (ICD-11 ) എന്ന ഗ്രന്ഥത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍ മാനസികരോഗങ്ങളുടെ പട്ടികയില്‍ നിന്നും ഈയിടെ നീക്കം ചെയ്തിട്ടുണ്ട്.' ഡോക്ടര്‍ പറയുന്നു.
എന്താണ് ജെന്‍ഡര്‍ ഫ്ളൂയിഡിറ്റി
ഖരങ്ങളുടെയും (solid)കളുടെയുംവാതകങ്ങളുടെയും( fluids) സവിശേഷ സ്വഭാവങ്ങളെക്കുറിച്ച് ചെറിയ ക്ലാസ്സുകളില്‍ നാം പഠിച്ചിട്ടുണ്ട്. ഖരവസ്തുക്കള്‍ക്ക് നിയുക്തരൂപം മാറാന്‍ സാധിക്കില്ല. ദ്രാവകങ്ങള്‍ക്കും വാതകങ്ങള്‍ക്കുമാകട്ടെ സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ ആകൃതിയിലേക്ക് രൂപമാറ്റം സാധ്യവുമാണ്. പൊതുസമൂഹത്തിന്റെ ഖരസമാനമായ ലിംഗബോധത്തിനൊരു വെല്ലുവിളിയാണ് 'gender fluidity' എന്ന ആശയം. ''പരിപൂര്‍ണ്ണ സ്ത്രീ'', ''പരിപൂര്‍ണ്ണ പുരുഷന്‍'' എന്ന ചിന്താഗതിക്കുമപ്പുറം ഓരോരുത്തര്‍ക്കും വ്യക്തിത്വത്തില്‍ സ്‌ത്രൈണതയും പൗരുഷവും പ്രതിഫലിപ്പിക്കുന്ന വിവിധ സവിശേഷതകള്‍ ഉണ്ടാകാം. ചിലരില്‍ ഇവയേതെങ്കിലും കൂടുതലായി പ്രകടമാകുന്നു. ചിലരില്‍ ചില സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ഈ സവിശേഷതകളെ കൂടുതലായി പുറത്തുകാട്ടും. പുതുതലമുറ, പ്രത്യേകിച്ചും വിദേശരാജ്യങ്ങളില്‍, നെഞ്ചിലേറ്റിക്കഴിഞ്ഞ ഒരു സങ്കല്പമാണിത്. ജെന്‍ഡര്‍ ഫ്ളൂയിഡ് ആയിട്ടുളള Gen Z വ്യക്തികള്‍ സ്ഥിരമായ ഒരു ലിംഗസ്വത്വം (gender identity) എന്നരീതിയല്ല മറിച്ച് മാറിക്കൊണ്ടിരിക്കുന്ന ലിംഗസ്വത്വത്തെയാണ് ആവിഷ്‌കരിക്കുന്നത്. വസ്ത്രധാരണത്തിലും നിത്യജീവിതത്തിലെ മറ്റു കാര്യങ്ങളിലുമെല്ലാം സ്ഥിരമായ ലിംഗസങ്കല്‍പ്പങ്ങളും രീതികളും പിന്തുടരുന്നില്ല gender fluidity അവര്‍. അതായത് കറുപ്പും വെളുപ്പുമായി തരം തിരിച്ചു വച്ചിരിക്കുന്ന സ്ത്രീ പുരുഷന്‍ എന്നീ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്കും ഉപരിയായി, ചായം ഉരുകിയൊലിച്ചു പടര്‍ന്ന ഒരു മഴവില്ലിലെ പോലെ അതിരുകള്‍ പ്രഖ്യാപിക്കാന്‍ കഴിയാത്ത വിധം കൂടിക്കലര്‍ന്നുകിടക്കുകയാണ് ലിംഗസ്വത്വമവരില്‍. |
രാകേഷിന്റെ കാര്യത്തില്‍ അമ്മ ആദ്യം പിന്തുണച്ചെങ്കിലും സ്വാഭാവികമായും മകന്റെ ഭാവിയെക്കുറിച്ചുളള ചിന്തയില്‍ അമ്മ ഭയക്കുകയാണ് ഉണ്ടായത്. വിശ്വാസിയായതിനാല്‍ ചെയ്യുന്നതെല്ലാം തെറ്റാണെന്ന കുറ്റബോധത്തിലാണ് രാകേഷ് ദിവസങ്ങള്‍ തളളിനീക്കിയത്.' ചെറുപ്പം മുതലേ ആരാധനാലയവുമായി അടുത്തുനിന്നതുകൊണ്ട് കടുത്തപാപഭാരം എനിക്കുണ്ടായിരുന്നു. മറ്റൊന്ന് ആരെങ്കിലും അറിയുമോ എന്നുള്ള ഭയം. ആ സമ്മര്‍ദ്ദം എന്നുമുണ്ട്. നീണ്ട മുടി വെട്ടിയ ശേഷം നാല് വര്‍ഷം മുന്‍പാണ് ഒരു വിഗ് മേടിച്ചത്. സ്വന്തമായി വരുമാനമായപ്പോള്‍ അല്പം മേക്കപ്പ് ഐറ്റംസ് വാങ്ങി. അതോടുകൂടി കുറേകൂടി ആത്മവിശ്വാസം വന്നു. ആരെങ്കിലും ഒന്നുപിന്തുണച്ചിരുന്നെങ്കില്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അമ്മയോടാണ് ഞാന്‍ ആദ്യം കാര്യം അവതരിപ്പിക്കുന്നത്. ഒരു ഷോര്‍ട് ഫിലിമില്‍ അഭിനയിക്കാന്‍ പെണ്ണാകുന്നു എന്നുപറഞ്ഞാണ് തുടങ്ങിയത്. അമ്മ ആദ്യം തമാശയായി കണ്ട് വീട്ടില്‍വെച്ച് ഡ്രസ് ചെയ്യിച്ചു. ഞാന്‍ സാരിയുടുത്തത് കണ്ട് ഒരുപാട് അഭിനന്ദിച്ചു. ആ രാത്രി നൈറ്റി ഇട്ട് ഉറങ്ങാനും അനുവദിച്ചു. പിന്നീടും അമ്മയുടെ അനുവാദത്തോടെ ഞാന്‍ ഡ്രസ് ചെയ്തിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായിരുന്നു അത്. പിന്നെ പിന്നെ എന്റെയീ ഇഷ്ടം സ്ഥിരമായിപോകുമോ, കുറച്ച് കഴിയുമ്പോള്‍ എപ്പഴും പെണ്ണാവണമെന്ന് തോന്നി തുടങ്ങുമെന്നൊക്കെ പറഞ്ഞ് വഴക്കായി. അപ്പോഴാണ് ഞാന്‍ എന്റെ ഇടക്കിടക്കുണ്ടാവുന്ന ഈ ആഗ്രഹത്തെപ്പറ്റി മനസ്സ് തുറന്നത്. ചില സമയങ്ങളില്‍ മാത്രം മതിയെന്ന് പറഞ്ഞപ്പോഴും ഒരുപാട് വഴക്ക് പറഞ്ഞു. ഇനി വേണ്ടെന്ന് പറഞ്ഞ് വിലക്കി.. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഒരു രാത്രി കൂടി ചെയ്‌തോട്ടെയെന്ന് അനുവാദം ചോദിച്ചത് അനുവദിച്ചില്ല. അന്ന് എനിക്ക് ഭ്രാന്താണെന്നും ദൈവവിശ്വാസമില്ലെന്നും പറഞ്ഞ് അമ്മ ബഹളം വെച്ചു. എന്റെ ഭാവി, വിവാഹം, കുട്ടികള്‍ തുടങ്ങി അവര്‍ പലകാര്യങ്ങള്‍ പറഞ്ഞ് ഉപദേശിക്കുന്നു. എന്റെ മുന്‍കാമുകി ഇപ്പോള്‍ നല്ലൊരു ഫ്രണ്ട് ആണ്. അവളും ഇതൊക്കെ തന്നെ പറയുന്നു. പിന്തുണ ആഗ്രഹിച്ചപ്പോഴാണ് ഞാന്‍ തുറന്നുപറയാന്‍ തീരുമാനിച്ചത്. ഞാന്‍ മനസ്സ് തുറന്നവര്‍ വളരെ മനോഹരമായി ഡ്രസ് ചെയ്യുന്ന സ്ത്രീകളുമായിരുന്നു. അവരുടെ വസ്ത്രങ്ങള്‍ അനുവാദത്തോടെ ഉപയോഗിക്കാന്‍ വേണ്ടി കൂടിയായിരുന്നു തുറന്നുപറച്ചില്‍.
എന്റെ പുരുഷ സുഹൃത്തുക്കളോടൊന്നും ഞാനിക്കാര്യം പറഞ്ഞിട്ടേയില്ല. അവര്‍ക്കത് മനസ്സിലാക്കാനാവില്ല. അമ്മയും മറ്റും പറഞ്ഞപോലെ ഭാവിയെപ്പറ്റി ആശങ്കയുണ്ട്. ചില സമയത്ത് സര്‍ജറി ചെയ്ത് പെണ്ണായാലോ എന്ന തോന്നല്‍ ഉണ്ടാവും. ഉള്ളിലെ പെണ്ണ് കുറച്ച് നാള്‍ ഉറങ്ങികഴിയുമ്പോള്‍ ഒരാണായി തന്നെ മുന്നോട്ട് പോകണമെന്ന് തോന്നും. പക്ഷേ വീണ്ടും ഉള്ളിലെ പെണ്ണുണര്‍ന്നാല്‍ ചിന്തകള്‍ മാറും. ചില സമയത്ത് വല്ലാത്ത വിഷാദത്തിലേക്ക് പോകും. പുരുഷന്‍ ആയിരിക്കുമ്പോഴത്തെ ഞാന്‍ വളരെ വേഗത്തില്‍ ദേഷ്യം വരുന്ന ഒരു സഹനം അറിയാത്ത ഒരു ഊളയാണ്. പെണ്ണാണെങ്കില്‍ മറിച്ചും. അപ്പോഴാണ് ഭാവി ഓര്‍ത്ത് എനിക്ക് സങ്കടം വരുന്നത്. അമ്മ ഡ്രസ്സിങ് സപ്പോര്‍ട്ട് ചെയ്തിരുന്ന ആ കുറച്ച് ദിവസങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങള്‍. ഒരു സാധാരണക്കാരിയായ അമ്മയുടെ ചിന്തകള്‍ ഞാനും വിലമതിക്കുന്നുണ്ട്. ആ ദിവസങ്ങള്‍ പോലെ ഞാനെന്നെ സ്‌നേഹിച്ച ദിവസങ്ങള്‍ തന്നെ കുറവായിരിക്കും ജീവിതത്തില്‍. പക്ഷേ,അതോടുകൂടി പിന്നെയെനിക്ക് ഡ്രസ്സ് ചെയ്യാന്‍ പറ്റിയിട്ടില്ലെന്ന് വേണം പറയാന്‍. ഇപ്പോള്‍ സാമ്പത്തികവും മാനസികവുമൊക്കെയായി ചില പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് കുറേയായി ക്രോസ് ഡ്രസ് ചെയ്തിട്ട്. ബ്രസ്റ്റ് ഫോമൊക്കെ പാറ്റ തിന്നിട്ടുണ്ടാവാനാണ് സാധ്യത.' രാകേഷ് പറഞ്ഞു.
വസ്ത്രധാരണത്തിലും ലിംഗബോധത്തിലുമെല്ലാം പൊതു ധാരണകളും സാമ്പ്രദായിക രീതികളും പിന്തുടരാത്തവരുടെ മാനസികാസ്വാസ്ഥ്യങ്ങള്‍ക്കു പിന്നില്‍ ചുറ്റുപാടുകളുടെ സ്വാധീനം വലുതാണെന്ന് ഡോക്ടര്‍ സ്മിത ചൂണ്ടിക്കാട്ടി 'കുട്ടിക്കാലം മുതല്‍ ക്രോസ് ഡ്രസിങ് താല്പര്യപ്പെടുന്നവരുണ്ടാകാം. അത് സമൂഹത്തിന് മുന്നില്‍ അവര്‍ തുറന്ന് പറയാത്തത് ഉത്കണ്ഠ കൊണ്ടും ഭയം കൊണ്ടുമാകാം. പുരോഗമനാത്മകമായ ഒരു സമൂഹത്തില്‍ ഓരോ വ്യക്തിക്കും അവരുടെ താല്പര്യമുളള വസ്ത്രങ്ങള്‍ ഭയമില്ലാതെ ധരിച്ചു നടക്കാന്‍ സാധിക്കും. നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ പുരുഷന്മാരുടെതെന്നു കരുതുന്ന വസ്ത്രം ധരിക്കുന്നതിന് ഇക്കാലത്തു അത്രയേറെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നില്ല. ജീന്‍സും ടീഷര്‍ട്ടും ധരിച്ചു സ്ത്രീകള്‍ നടക്കുന്നതിനെ നഗരങ്ങളിലൊന്നും വിമര്‍ശിക്കാറില്ലല്ലോ. അതേസമയം സാരിയുടുത്ത് ഒരു പുരുഷന്‍ നടക്കുന്നത് ആലോചിക്കൂ. എന്തായിരിക്കും അയാള്‍ നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളുടെ രൂക്ഷത?! വ്യത്യസ്തതയുള്ളവരെ ഉള്‍ക്കൊള്ളാന്‍ മടിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.'
(തുടരും)
Content Highlights: transvestism, cross-dressing, gender fluidity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..