കണ്ടനാർ കേളൻ തെയ്യം | ഫോട്ടോ: രാമനാഥ് പൈ | മാതൃഭൂമി
തെയ്യക്കോലങ്ങളുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങള്‍ ഏത് ഫോട്ടോഗ്രാഫര്‍മാരുടേയും സ്വപ്‌നമാണ്. എത്രയെടുത്താലും മതിവരാത്ത വര്‍ണലോകമാണ് തെയ്യം. തെയ്യക്കാലം എന്ന ഈ പരമ്പരയില്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ തെയ്യം ഫോട്ടോഗ്രഫി അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്.
1. വിണ്ണില്‍ നിന്നും മണ്ണിലേക്ക്
ലതീഷ് പൂവത്തൂര്‍
കണ്ണൂര്‍ ചാല കടാങ്കോട് മാക്കം ഭഗവതി ക്ഷേത്രത്തില്‍ പുലര്‍ച്ചെ കെട്ടിയാടുന്ന മാക്കവും മക്കളും തെയ്യം ഫോട്ടോ പ്രതീക്ഷിച്ചിറങ്ങിയതാണ്. തലേന്നാള്‍ രാത്രി തന്നെ തെയ്യപ്പറമ്പില്‍ എത്തി. അപ്പോഴാണ് ഗുളികന്‍ തെയ്യത്തിന്റെ വെള്ളാട്ടം എന്ന് വിളിക്കുന്ന ഇളം കോലമിറങ്ങിയത്. അധികമൊന്നും ചമയങ്ങള്‍ ഇല്ലാതെയുള്ള കോലമാണിത്. എന്നാല്‍ കുറേയേറേ അഭ്യാസ പ്രകടനങ്ങള്‍ നടത്തും. അതിലൊന്നാണ് പീഠത്തിനു മുകളില്‍ കയറി നിന്ന് വായുവിലേക്ക് ചാടി കറങ്ങിക്കൊണ്ടുള്ള ചുവട്.
പൂര്‍ണ്ണമായും വൈഡ് ആംഗിള്‍ ലെന്‍സില്‍ പശ്ചാത്തലത്തില്‍ തെയ്യം ആസ്വദിക്കുന്ന ഭക്തര്‍ നിറഞ്ഞ ഗാലറി. ഒപ്പം വാദ്യക്കാരുടെ നിര. അങ്ങനെയാണ് എല്ലാം ചേര്‍ത്ത് ഉല്‍സവത്തിന്റെ ഭാവം മുഴുവനും ഉള്‍ക്കൊണ്ടു എന്ന് നാം വിശ്വസിക്കുന്ന ചിത്രം പിറന്നത്. സാധാരണ നിലയില്‍ പൂര്‍ണ്ണമായ കോലങ്ങളാണ് പത്രത്തില്‍ പ്രസിദ്ധീകരിക്കാറുളളത്. എന്നാല്‍ ഈ ഗുളികന്‍ തെയ്യത്തിന്റെ ഇളം കോലത്തിന്റെ അഭ്യാസ പ്രകടനം നിശ്ചലചിത്രമായി മാറി. തെയ്യം കാണുന്നവര്‍ ഒരു ഗാലറി കണക്കേ പശ്ചാത്തലമാവുകയും അസുരവാദ്യത്തിന്റെ അകമ്പടിയും ഇരുട്ടില്‍ കുഞ്ഞ് വെട്ടങ്ങളാല്‍ തിളങ്ങുന്ന കുരുത്തോല വസ്ത്രവും എല്ലാം ഒരുപോലെ ഇഴുകിച്ചേര്‍ന്നു.

2. ആദ്യം കുടിവീരൻ, പിന്നാലെ കണ്ടനാര്‍ കേളന്‍
രാമനാഥ് പൈ
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന മഹാത്മാ ഗാന്ധിയുടെ വചനം സത്യമാകുന്ന നന്മയുള്ള മനുഷ്യരുള്ള ഗ്രാമങ്ങള്‍ ഒട്ടേറെയുണ്ട് കാസര്‍കോട് ജില്ലയില്‍. അതിലൊന്നാണ് വലിയപറമ്പ്. കിഴക്ക് ഭാഗം കവ്വായി പുഴയും പടിഞ്ഞാറ് അറബിക്കടലും. തെക്ക് ഭാഗം എഴിമലയുടെ താഴവരയോട് ചേര്‍ന്ന് ഒഴുകുന്ന കടലും വടക്ക് നീലേശ്വരം അഴി ഇങ്ങനെ പോകുന്നു വലിയ പറമ്പിന്റെ അതിരുകള്‍. കേരളത്തിലെ എറ്റവും വലിയ ദ്വീപ് പഞ്ചായത്തും കൂടിയാണ് ഇവിടം. തീരദേശ പരിപാലന നിയമം കര്‍ശനമായതിനാല്‍ കാര്യമായി വികസനം വന്നിട്ടേയില്ല. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ജനുവരി മാസത്തില്‍ ഒരു രാത്രി ഈ ഗ്രാമത്തിലെത്തും. കണ്ടനാര്‍ കേളന്റെ അഗ്നിപ്രവേശം നടക്കുന്ന തൃക്കരിപ്പൂര്‍ കടപ്പുറം തൊണ്ടച്ചന്‍ ദേവസ്ഥാനത്തേക്കാണ് ക്യാമറയും തൂക്കിയുള്ള എന്റെ യാത്ര.
ഈ ദ്വീപിലെ താമസക്കാരെല്ലാവരും പരസ്പരം അറിയുന്നവരാണ്. മിക്കവരും ബന്ധുക്കള്‍. ഈ ദിവസങ്ങളില്‍ ഇന്നാട്ടുകാരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി വളരെയേറെ ആളുകള്‍ ഈ ഗ്രാമത്തിലെത്തും തെയ്യം കാണാന്‍. കാസര്‍കോട് നിന്ന് അറുപത് കിലോമീറ്റര്‍ ദൂരമുണ്ട് തൃക്കരിപ്പൂര്‍ മാടക്കാല്‍ കടവിലേക്ക്. തെയ്യം കെട്ടിയാടുന്ന ദിവസങ്ങളില്‍ രാത്രി വൈകിയും യമഹ എഞ്ചിന്‍ വെച്ച കടത്തു തോണിയുണ്ട്. ആ തോണിയിലേറി വേണം ഗ്രാമത്തിന്റെ ആത്മാവിലേക്ക് ഇറങ്ങാന്‍. എന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ പ്രദീപേട്ടന്റെ വീട്ടിലേക്ക്. ഷീജ ചേച്ചി എനിക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്ന സാമ്പാറും തോരനും കഴിച്ച് (മറ്റുളളവര്‍ക്ക് ചിക്കന്‍ ഒക്കെയുള്ള സുഭിക്ഷമായ ഭക്ഷണമാണ്) ക്യാമറയില്ലാതെ ഒരു പോക്കാണ്, തെയ്യം കെട്ടിയാടുന്ന തൊണ്ടച്ചന്‍ ദേവസ്ഥാനത്തിന്റെ മുന്നിലെ പറമ്പിലേക്ക്. എത്തുമ്പോഴേക്കും തെയ്യത്തിന്റെ കുളിച്ചേറ്റം (വെള്ളാട്ടം) ഒരുങ്ങിയെന്ന് നാട്ടുകാരെ അറിയിച്ചുകൊണ്ടുള്ള വെടിയും ചെണ്ടകൊട്ടും കേള്‍ക്കാറാവും.

ഞാന്‍ ചെറുപ്പത്തില്‍ മാത്രം കണ്ട പാനീസിന്റെ വെളിച്ചം ഇപ്പോള്‍ ഇവിടെ മാത്രമേ കാണാറുള്ളൂ ദൈവങ്ങളുടെ ചിത്രത്തില്‍ ചില്ലറ നാണയങ്ങള്‍ വെച്ചുള്ള കുലുക്കി കുത്ത് കാണാനുള്ള യാത്രയാണ്. നാരങ്ങ പിഴിഞ്ഞ കട്ടന്‍ ചായയും (സുലൈമാനി) കഴിച്ച് ചൂടു നിലക്കടലയും തിന്നു കൊണ്ട് മണലിലൂടെ ഒരു നടപ്പാണ്. ചിലപ്പോ അവിടത്തെ താല്‍ക്കാലിക കടകളില്‍ ചൂടു പഴംപൊരിയും പരിപ്പുവടയും കിട്ടും. വളയം എറിഞ്ഞ് സോപ്പുപെട്ടി മുതല്‍ ബിസ്‌കറ്റ് വരെ സ്വന്തമാക്കാനാവുന്ന കളികളും ഒക്കെയുണ്ടാവും. അതൊക്കെ നോക്കി സമയം കളയും. എത്ര ഗംഭീരമായ ഗാനമേള നടന്നാലും ക്രമസമാധാന പ്രശ്നം ഉണ്ടാവാറേയില്ല. അതുകൊണ്ട് പോലീസും ഇല്ല.

പ്രദീപേട്ടന്റെ മകന്‍ ആദിത്ത് എന്നെ ബന്ധുക്കളുടെ ആരുടെയെങ്കിലും വീട്ടിലെത്തിക്കും. അവിടെ രണ്ടുമണിക്കൂര്‍ ഉറക്കം. തെയ്യം തുടങ്ങാറാകുമ്പോള്‍ അവര്‍ ഉണര്‍ത്തി കട്ടന്‍ ചായയും കുടിപ്പിച്ച് തെയ്യത്തെ കാണാന്‍ വീട്ടുമുറ്റത്തു കൂടിയും ഇടവഴികളിലൂടെയും ഒക്കെയായി കൊണ്ടുപോകും. തൃക്കരിപ്പൂര്‍ തൊണ്ടച്ചന്‍ ദേവസ്ഥാനത്ത് അര്‍ധ രാത്രി കഴിയുമ്പോള്‍ കെട്ടിയാടുന്ന ആദ്യത്തെ തെയ്യം കുടിവീരനാണ്. വാഴപ്പോള മുന്നടി ഉയരത്തില്‍ അലങ്കരിച്ച് വെച്ച് അതില്‍ കത്തിച്ചു വെച്ച പന്തത്തിന്റെ വെളിച്ചത്തില്‍ കുടിവീരൻ വരും. അത് ക്യാമറയില്‍ പകര്‍ത്തിക്കഴിയുമ്പോള്‍ കണ്ടനാര്‍ കേളന്‍ തയ്യാറായിട്ടുണ്ടാവും. കാസര്‍കോട് ജില്ലയില്‍ മറ്റൊരിടത്തും ഈ തെയ്യം ഞാന്‍ കണ്ടിട്ടില്ല. ക്ഷേത്രമുറ്റത്ത് വിറക് കത്തിച്ച് കനല്‍ക്കൂന ഉണ്ടാക്കി അതില്‍ ഉണങ്ങിയ ഓലക്കടി കത്തിച്ചുണ്ടാക്കിയ തീയിലൂടെ രണ്ടു സഹായികളുടെ കൈയ്യും പിടിച്ച് ഓട്ടവും ചാട്ടവുമുണ്ട് കണ്ടനാര്‍ കേളന്. ആ കാഴ്ച അത് ഒരിക്കല്‍ കണ്ടാല്‍ മറക്കാനാവില്ല. എത്ര ക്യാമറ ക്ലിക്കായാലും എത്ര ചിത്രം കിട്ടിയാലും തൃപ്തിയാവില്ല, എനിക്കെന്നല്ല ഒരു ഫോട്ടോഗ്രാഫര്‍ക്കും. ഇനിയും പോകണം. കണ്ടനാര്‍ കേളന്റെ മികച്ച ചിത്രം കിട്ടുമോ എന്ന് നോക്കാന്‍.

3. കണ്ണീരണിഞ്ഞ അന്തിത്തിരിയന്‍
സി. സുനില്‍കുമാര്‍
തെയ്യം വര്‍ണ്ണങ്ങളുടെ തിറയാട്ടമാണ്. പെരുങ്കളിയാട്ട പറമ്പിലെ ഗുളികനെപ്പോലെ ഏറെ ശ്രദ്ധിക്കപ്പെടാത്ത കാഴ്ചകള്‍ ഓരോ തെയ്യപ്പറമ്പിലുമുണ്ട്. മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി കൈലാസ കല്ലില്‍ നിവരുന്നതും കാത്തിരിക്കുന്ന ഭക്തരില്‍ പലരും പുലിയൂര്‍ കാളിയുടെ മുടി നിലീ തുടച്ച് ഉയരുന്നത് കാണാറില്ല. ഏതൊരു തെയ്യ പ്രേമിയും കാണേണ്ട ഒരു കാഴ്ചയാണ് പുലിയൂര്‍ കാളിയുടെ ഈ മെയ്യഭ്യാസം.
മുച്ചിലോട്ടു കാവുകളില്‍ നിന്ന് മുച്ചിലോട്ടമ്മയുടെ പടമാണ് ഭക്തര്‍ അടുത്ത ദിവസത്തെ പത്രങ്ങളില്‍ പ്രതീക്ഷിക്കുക. അതു വന്നില്ലെങ്കില്‍ പ്രതിഷേധവുമുയരാറുണ്ട്. ഭക്തസാഗരത്തില്‍ കാറ്റത്താടുന്ന വഞ്ചി പോലെ മുച്ചിലോട്ടമ്മയുടെ മുടി ഉയര്‍ന്നു നില്‍ക്കുന്നതാണ് കളിയാട്ടക്കാലത്തെ പത്രങ്ങളില്‍ വരുന്ന ചിത്രങ്ങളിലേറെയും. ഇതില്‍ മാറ്റംവരുത്താന്‍ ആരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ഇതിനൊരു മാറ്റം വരുത്തണമെന്ന ചിന്തയോടെയാണ് ഞാന്‍ ഓരോ തെയ്യപ്പറമ്പിലും പോകാറുള്ളത്. ചില പരീക്ഷണങ്ങള്‍ വിജയിച്ചിട്ടുമുണ്ട്. അതിലൊന്നാണ് 2016 ല്‍ കടമ്പൂര്‍ മുച്ചിലോട്ട് കാവില്‍ വെച്ചെടുത്ത അന്തിത്തിരിയന്റെ ചിത്രം.

കണ്ണീരണിഞ്ഞ് അന്തിത്തിരിയനും അമ്മയെ കണ്ണിൽ നിറച്ച് കോമരവും
| ഫോട്ടോ: സി.സുനിൽ കുമാർ\ മാതൃഭൂമി
കൈലാസക്കല്ലിനരികെ മുടിയുയരുന്നതും കാത്ത് കാവിന്റെ ഓരത്തെ തിരക്കില്‍ കാമറയുമായി നില്‍ക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചുനില്‍ക്കുന്ന അന്തിത്തിരിയനെ ഞാന്‍ കണ്ടിരുന്നു. ഒരു സാധാരണ കാഴ്ച. അരിയിട്ട് തിരുമുടി ഉയര്‍ന്നപ്പോള്‍ പൊയ്കണ്ണണിഞ്ഞ അമ്മയുടെ രൂപം. മനസ്സിലാവാഹിച്ച് ആനന്ദാശ്രു പൊഴിച്ചുനില്‍ക്കുന്നതായി ആമുഖം. ആദ്യ കണ്ണീര്‍ തുള്ളി ഉരുണ്ടിറങ്ങിയപ്പോള്‍ എന്റെ കാമറയ്ക്കത് കിട്ടിയില്ല. എങ്കിലും കണ്ണീരണിഞ്ഞ ആ ഭക്തന്റെ ഭാവം എന്റെ കാമറയില്‍ പതിഞ്ഞു. വൈഡ് ആംഗിള്‍ ലെന്‍സാണ് കാമറയിലുണ്ടായത്. അതിനെ അതിജീവിച്ചുവേണമായിരുന്നു എനിക്ക് ആ പടമെടുക്കാന്‍. അരിയിട്ട് പ്രാര്‍ത്ഥിച്ച് വിറയാര്‍ന്ന കൈകൂപ്പി നില്‍ക്കുന്ന ആ ദേവീദാസന്റെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്.
Content Highlights: theyyakkalam series part 5, theyyam, photographers experience
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..