പ്രതീകാത്മക ചിത്രം
മനോരോഗം ഭേദമായവരുടെ പുനരധിവാസം പോലെ തന്നെ സങ്കീര്‍ണമാണ് മനോരോഗത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണയും. മനസിന്റെ ഏതൊരു ചാഞ്ചല്യത്തെയും മനോരോഗം എന്ന ഒരൊറ്റ ബ്രാക്കറ്റില്‍ കൊള്ളിക്കുക എന്നതാണ് പൊതുവേ കണ്ടുവരുന്ന ഒരു പ്രവണത. ഇതാണ് ഇവരുടെ പുനരധിവാസത്തിനുളള പ്രധാന കടമ്പ. മനസിന്റെ താളംതെറ്റലിന് പല തലങ്ങളുണ്ടെന്ന് തിരിച്ചറിയാത്തതാണ് അത് കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും വരുന്ന പ്രധാനപ്പെട്ട പ്രശ്‌നം.
1999 ഡിസംബര്‍ ഒന്നിനു മൊകേരി ഈസ്റ്റ് യുപി സ്‌കൂളിലെ ആറ് ബി ക്ലാസ് മുറിയില്‍ കയറി അക്രമിസംഘം യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കൊലപ്പെടുത്തി. പക്ഷെ, ആ കൃത്യം കണ്‍മുന്നില്‍ കാണേണ്ടിവന്ന ഷെസിന നീണ്ടകാലത്തെ മാനസിക സമ്മര്‍ദങ്ങളും വിഷാദത്തിന്റെ പിടിയിലുമമര്‍ന്ന് ജീവനൊടുക്കിയത് കേരളം വേദനയൊടെയാണ് കേട്ടത്. വിഷാദരോഗമെന്നാല്‍ എത്രത്തോളം തീവ്രമാണെന്ന് ഓര്‍മിപ്പിക്കാനാണ് ഇതിവിടെ കുറിച്ചത്.
വൈപ്പിന്‍ കരയില്‍ ഒന്നര വര്‍ഷമായി കാണാനില്ലാതിരുന്ന ഭാര്യയെ താന്‍ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയപ്പോള്‍ നാടൊന്നാകെ ഞെട്ടി. ഭാര്യ രമ്യയ്ക്ക് മറ്റുള്ളവരുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് സജീവന്‍ കൊലപ്പെടുത്തിയത്. ഇത്തരത്തില്‍ സംശയത്തിന്റെ പേരില്‍ എത്രയെത്ര ജീവിതങ്ങളാണ് ഇല്ലാതായത്.ഈ രണ്ട് രോഗാവസ്ഥകളും സ്വയം ജീവനൊടുക്കുകയോ മറ്റുള്ളവരുടെ ജീവനെടുക്കുകയോ ചെയ്യാന്‍ തക്ക ശേഷിയുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായില്ലെ?
ചിലര്‍ ചെറുപ്പം തൊട്ടേ വളരെ സെന്‍സിറ്റീവ് ആയിരിക്കും. ചെറിയ പ്രശ്‌നം മതി അവരുടെ മനസ്സാകെ മാറ്റിമറിക്കാന്‍. ചെറിയ സമ്മര്‍ദങ്ങള്‍പോലും താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട് പങ്കുവെച്ചാല്‍ ആശ്വാസം ലഭിച്ചേക്കാം. എന്നാല്‍, മാനസികമായി ഉള്ളിലുറഞ്ഞിട്ടുള്ള അപകര്‍ഷതയും മറ്റു കാരണങ്ങള്‍ മൂലവും അവരുടെ മനസ്സ് മറ്റുള്ളവരോട് പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ അനുവദിക്കാറില്ല. ഫലമോ, പ്രശ്‌നങ്ങള്‍ അബോധമനസ്സില്‍ കിടന്ന് പെരുകി, വളര്‍ന്ന് വേറൊരു വ്യക്തിയായി താദാത്മ്യം പ്രാപിച്ച് സംസാരം ആ വ്യക്തിയെ പോലെയിരിക്കുക എന്നതാണ് ഇത്തരം മാനസിക രോഗങ്ങളുടെ പാരമ്യത. ഇങ്ങനെയുള്ള മനോവിഭ്രാന്തിക്കും ആധുനിക മനഃശാസ്ത്രത്തില്‍ ചികിത്സയുണ്ട്.
മാനസികരോഗത്തിന്റെ തടവറയില്‍നിന്ന് പുറത്തുവന്നവരാണെങ്കില്‍ പോലും രോഗത്തിന്റെ നിഴലാട്ടങ്ങള്‍ പലരിലും ഏറെക്കാലം നിലനിന്നേക്കാം. പ്രത്യേകിച്ച് വിഷാദരോഗം, സ്‌ക്രീസോഫ്രീനിയ തുടങ്ങിയ രോഗങ്ങള്‍ വന്നവരില്‍. തലച്ചോറിലെ രാസമാറ്റങ്ങളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കാ കാരണമെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ മറ്റുള്ളവരില്‍ നിന്ന് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. അത്തരക്കാരെ മുന്നോട്ടുപോകാന്‍ സഹായിക്കുന്നത് കൗണ്‍സിലിങ് മുഖേനെയാണ്.
Also Read
* ശീലങ്ങളിലും ശ്രദ്ധയിലും നാടകീയ മാറ്റങ്ങള്‍
* സമൂഹത്തില്‍നിന്നും ഒറ്റപ്പെടല്‍
* യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക
* അനുകരിക്കുവാന്‍ പ്രയാസം തോന്നുക
* ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത
* അകാരണമായ പേടി
* മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം
* അമിതമായ ദേഷ്യം
ഇതൊക്കെ ഒരാള്‍ക്ക് മാനസികമായ രോഗങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടെന്നുള്ളതിന്റെ സൂചനകളാണ്. അമിത കോപം, ആത്മനിന്ദ, വിഷാദരോഗം, സംശയരോഗം അങ്ങനെ നിരവധി മാനസിക പ്രശ്‌നങ്ങളാണ് മനുഷ്യരെ അലട്ടുന്നത്. തുടക്കത്തിലേ കണ്ടെത്തി ചികില്‍സിച്ചില്ലെങ്കില്‍ ഇത് ഒരു വ്യക്തിയുടെ ജീവിതത്തെതന്നെ ബാധിക്കുന്നവയാണ് ഇത്തരം രോഗങ്ങളൊക്കെ.
ചിത്തഭ്രമം
സ്‌കിസോഫ്രീനിയ അഥവാ ചിത്തഭ്രമം എന്നത് ഗൗരവമേറിയ ഒരു മനോരോഗമാണ്. 100 പേരില്‍ ഒരാള്‍ക്ക് വീതം ഏറിയോ കുറഞ്ഞോ ഈ രോഗം കണ്ടുവരുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കേരളത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ക്ക് വിവിധ തരത്തില്‍ ഈ രോഗാവസ്ഥയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനും യുക്തിപൂര്‍വം ചിന്തിക്കാനുമുള്ള വ്യക്തികളുടെ കഴിവ് ഭാഗികമായോ പൂര്‍ണമായോ ഇല്ലാതാകുക, അയഥാര്‍ഥ്യങ്ങളായ ചിന്തകള്‍, മിഥ്യാധാരണകള്‍, അടിസ്ഥാനമില്ലാത്ത സംശയങ്ങള്‍, ഇല്ലാത്ത കാര്യങ്ങള്‍ കാണുക, ശബ്ദങ്ങള്‍ കേള്‍ക്കുക, അതിനനുസരിച്ച് പ്രവര്‍ത്തിക്കുക, ഇല്ലാത്ത വസ്തുക്കള്‍ മണക്കുന്നതായും രുചിക്കുന്നതായുമുള്ള തോന്നല്‍, യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ചിന്തകള്‍, തൊട്ടതിനും പിടിച്ചതിനും സംശയം, താന്‍ ദൈവമാണ് എന്ന രീതിയിലുള്ള അസാധാരണമായ ചിന്തകള്‍, തന്നെ ആരോ ആക്രമിക്കാനോ അപായപ്പെടുത്താനോ ശ്രമിക്കുന്നെന്ന തോന്നല്‍, അവനവന്റെ ചിന്തയിലുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കുന്നുവെന്നും അവര്‍ തങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള തോന്നല്‍ ഇങ്ങനെ നിരവധി ലക്ഷണങ്ങളാണ് ചിത്തഭ്രമത്തിനുള്ളത്. തലച്ചോറിലെ ചില രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകളാണ് രോഗകാരണം. സ്‌കിസോഫ്രീനിയ പാരമ്പര്യമായി വരാനുള്ള സാധ്യതയുമുണ്ട്. അതിനാലാണ് കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം രോഗമുണ്ടെങ്കില്‍ ആളുകള്‍ പുറത്തുപറയാന്‍ മടിക്കുന്നതും ഭാവിയെ ബാധിക്കാമെന്ന ഭയത്താല്‍ രോഗബാധിതനെ മനഃപൂര്‍വം മറക്കാന്‍ ശ്രമിക്കുന്നതും. മസ്തിഷ്‌കത്തിലെ ഗ്‌ളൂട്ടമേറ്റ് (glutamate), ഡോപമൈന്‍ (dopamine) എന്നീ രാസസംയുക്തങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ തുടര്‍ന്നാണ് വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് മനോരോഗ വിദഗ്ധര്‍ പറയുന്നത്. ആധുനിക ചികിത്സയില്‍ ഈ രാസവസ്തുക്കളുടെ സാന്നിധ്യം മരുന്നുകള്‍ ഉപയോഗിച്ച് സാധാരണ നിലയിലാക്കുകയാണ് ചെയ്യുന്നത്. മരുന്നുകളോടൊപ്പം സൈക്കോതെറാപ്പിയും നല്‍കും. സ്‌കിസോഫ്രീനിയ അഥവാ ചിത്തഭ്രമം ബാധിച്ചവരില്‍ 30 മുതല്‍ 40 ശതമാനം വരെ രോഗികള്‍ വിദഗ്ധ ചികിത്സയുടെ സഹായത്തോടെ രോഗമുക്തി നേടുമ്പോള്‍ 40 ശതമാനത്തോളം പേര്‍ മരുന്നുകളുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണയോടെ സ്വാഭാവിക ജീവിതം നയിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വിദഗ്ധ ചികിത്സയിലൂടെ രോഗിയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന ഒരു രോഗമായി സ്‌കിസോഫ്രീനിയ ഇന്ന് മാറിയിട്ടുണ്ട്. മരുന്നുകളോടൊപ്പം ആവശ്യമായ സാമൂഹിക പിന്തുണയും കുടുംബാംഗങ്ങളുടെ സഹകരണവുമുണ്ടെങ്കില്‍ ഈ രോഗത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയും |
ന്യൂറോട്രാന്‍സ്മിറ്ററുകളായ സെറോടോണിന്റെയും നോര്‍എപിനെഫ്രിന്റെയും വ്യതിയാനമാണ് വിഷാദരോഗത്തിന് കാരണമാകുന്നത്. വിഷാദരോഗത്തിന്റെ ഭാഗമായി അനുഭവപ്പെടുന്ന സങ്കടാവസ്ഥ കൂടുതല്‍ തീവ്രവും സങ്കീര്‍ണവുമാണ്. ലോകത്താകമാനമുള്ള ജനങ്ങളുടെ മാനസികാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഡിപ്രഷന്‍ അഥവാ വിഷാദരോഗം. ലോകത്ത് 35 കോടി ജനങ്ങള്‍ക്ക് വിഷാദരോഗമുള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ മാനവരാശിക്ക് ഭീഷണിയായിട്ടുള്ള രോഗങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഈ രോഗത്തിനുള്ളത്.
ഒരു കാര്യത്തിലും ആഹ്‌ളാദിക്കാന്‍ കഴിയാത്ത അവസ്ഥ വന്നുചേരുകയും രോഗിയുടെ ഊര്‍ജം നഷ്ടമാവുകയും പകരം നിഷേധവികാരങ്ങള്‍ നിറയുകയും ചെയ്യുന്നു. രോഗിയുടെ മനസ്സില്‍ തന്റെ ജീവിതം അവസാനിക്കാന്‍ പോകുന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. കുറ്റബോധവും ആത്മനിന്ദയും നിരന്തരം മനസ്സിനെ അലോസരപ്പെടുത്തുന്നു. തലച്ചോറിലെ ഇത്തരം രാസവസ്തുക്കള്‍ ക്രമപ്പെടുത്താനുള്ള മരുന്നുകളാണ് രോഗത്തിനുള്ള പ്രധാന ചികിത്സ. ഇതിനൊപ്പം സൈക്കോ തെറാപ്പിയും കൗണ്‍സിലിങ്ങും ചിലര്‍ക്ക് വേണ്ടി വരും.
സാധാരണ മനുഷ്യര്‍ക്കുള്ള സങ്കടവും സന്തോഷവും പോലെ തന്നെയുള്ള വികാരമാണ് കോപം. എന്നാല്‍, ചിലരില്‍ അതൊക്കെ അതിര് കടക്കുന്നുണ്ട്. ഇത്തരത്തില്‍ ദേഷ്യം പ്രകടിപ്പിക്കുന്നവരില്‍ ചിലരെങ്കിലും ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഉള്ളവരാകാമെന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം, ഈ രോഗം വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായതിനാല്‍ അതിനെ തള്ളിപ്പറയുവാനോ രോഗമാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കാനോ രോഗമുള്ളവര്‍ പലപ്പോഴും തയാറാവാറില്ല.
ഫലമോ ദാമ്പത്യത്തിലും സൗഹൃദങ്ങളിലുമുണ്ടാകുന്ന തകര്‍ച്ച, മറ്റ് കുടുംബാംഗങ്ങളോടുള്ള പെരുമാറ്റത്തിലും ജോലിസ്ഥലത്തുമുണ്ടാകുന്ന തുടര്‍ച്ചയായ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഇതിന്റെ ദൂഷ്യഫലങ്ങള്‍. പലപ്പോഴും ചികിത്സ കിട്ടാതെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വിമര്‍ശനത്തിനും വെറുപ്പിനും അകല്‍ച്ചക്കും ഇരയായി ജീവിതം തള്ളിനീക്കേണ്ടി വരുന്നു. കൗണ്‍സിലിങ്ങിലൂടെ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കും. രോഗത്തെ മനസ്സിലാക്കി അതിനെ മറികടക്കുകയാണ് വേണ്ടത്.
കൗണ്‍സിലിങ്ങിന്റെ മനഃശാസ്ത്രം
പലപ്പോഴും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാകാതെ വരുമ്പോള്‍ ആരോടെങ്കിലും ഒന്ന് തുറന്ന് പറയാനും ആരെങ്കിലും ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറായിരുന്നെങ്കിലെന്നുമൊക്കെ സാധാരണക്കാര്‍ക്ക് പോലും തോന്നാറുള്ളതാണ്. വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഉണ്ടാവുന്ന തകര്‍ച്ചയില്‍നിന്ന് മോചനം നേടാനും ലഹരിയില്‍നിന്ന് മോചനം നേടാനുമൊക്കെയാണ് കൗണ്‍സിലിങ് നല്‍കുന്നത് എന്നുള്ള ധാരണയാണ് പലപ്പോഴും പൊതുസമൂഹത്തിനുള്ളത്.
അപകര്‍ഷതാബോധം, പരാജയഭീതി, ആത്മവിശ്വാസക്കുറവ്, കുറ്റബോധം തുടങ്ങി നിരവധി മാനസികാവസ്ഥകളില്‍നിന്ന് മോചനം നേടാനും മനോരോഗ ചികിത്സകര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ ഇന്ന് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സക്കൊപ്പം കൗണ്‍സലിങ്ങ് കൂടുതലായി നിര്‍ദേശിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു പ്രശ്‌നം അഭിമുഖീകരിക്കുമ്പോള്‍ ഒരാളെ സ്വന്തം ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് യാഥാര്‍ഥ്യബോധത്തോടെ പ്രശ്‌നപരിഹാരത്തിന് പ്രാപ്തമാക്കുന്ന പ്രക്രിയ അഥവാ സഹായമാണ് കൗണ്‍സലിങ്. അല്ലാതെ ഉപദേശകനോ പ്രശ്‌നപരിഹാരം കണ്ടെത്തി തരുന്ന ആളോ അല്ല എന്നുള്ളത് ഓര്‍ക്കണം. ആര്‍ക്കും മറ്റൊരാളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. ഒരു പ്രശ്‌നം അനുഭവിക്കുന്നവര്‍ക്കു മാത്രമേ അതു പരിഹരിക്കാനും കഴിയൂ. എന്നാല്‍, ഒരാളുടെ വിഷമസ്ഥിതിയില്‍ അയാളെ മനസ്സിലാക്കി കൂടെ നില്‍ക്കല്‍ ഏറെ പ്രധാനമാണ്. അതാണ് കൗണ്‍സിലിങ്ങിന്റെ മര്‍മം. ചിലപ്പോള്‍ രോഗികള്‍ക്ക് മാത്രമല്ല രോഗികളെ പരിചരിക്കുന്നവര്‍ക്കും കൗണ്‍സിലിങ് വേണ്ടി വരാറുണ്ട്. നീണ്ടകാലം വേണ്ടിവരുന്നതുകൊണ്ട് തന്നെ രോഗികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അതിനെയൊക്കെ സമയാസമയം പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.
കൗണ്‍സിലിങ് വേണം
ഓരോ വ്യക്തികളും വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രശ്‌നങ്ങളെയും അങ്ങനെ കാണണം. മരുന്ന് മാത്രമല്ല രോഗികള്‍ക്ക് വേണ്ടത്. ആ രോഗാവസ്ഥകളെക്കുറിച്ച് ചുറ്റുമുള്ളവര്‍ക്ക് ബോധവത്കരണം കൊടുക്കണം. അങ്ങനെ നോക്കുമ്പോള്‍ കൗണ്‍സിലിങ് അത്യാവശ്യമാണ്. രോഗത്തേപ്പറ്റിയുള്ള ശരിയായ ധാരണ എല്ലാവര്‍ക്കുമുണ്ടാകണം. എന്നാല്‍ മാത്രമെ അവരെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാനാകു.- കലാ മോഹന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് |
Content Highlights: series on mental health issues and treatment centre
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..