പ്രതീകാത്മക ചിത്രം
മനോരോഗം മാറുമോ? മാറും എന്നുതന്നെയാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എന്നിട്ടും ഇപ്പോഴും എന്തുകൊണ്ടാണ് ആശുപത്രികളിലും തെരുവുകളിലും മനോരോഗികള്‍ എന്ന വിശേഷണവുമായി ഇത്രയേറെ പേര്‍ക്ക് കഴിയേണ്ടിവരുന്നത്? മനോരോഗ ചികിത്സയിലും രോഗം മാറിയവരുടെ പുനരധിവാസത്തിലും നമുക്ക് പിഴയ്ക്കുന്നുണ്ടോ?. വലിയ ഇടപെടൽ വേണ്ടതാണ് ഈ വിഷയത്തില്‍. ഒരന്വേഷണം.
തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ പൂര്‍ത്തിയായി രോഗം ഭേദമായ നൂറോളം പേര്‍ ബന്ധുക്കള്‍ ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് അവിടെതന്നെ തുടരുന്നുവെന്ന വിവരം മനുഷ്യാവകാശകമ്മിഷന്റെ ശ്രദ്ധയില്‍ പെടുന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. മാനസികാസ്വാസ്ഥ്യങ്ങളുളളവരെ ഉള്‍ക്കൊളളാന്‍ നമ്മുടെ സമൂഹം എത്രത്തോളം പാകമായിട്ടുണ്ടെന്ന ചര്‍ച്ചകളിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടിയത്. രോഗിയുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ വിവാഹബന്ധത്തിന് തടസ്സമുണ്ടാകുമെന്ന ചിന്ത, രോഗം ഭേദമായവര്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയാകുമോ എന്ന ഭയം, സാമൂഹികമായ ഒറ്റപ്പെടല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് രോഗം ഭേദമായിക്കഴിഞ്ഞാലും ആശുപത്രികളില്‍ കഴിയുന്നവരെ തിരികെ കൂട്ടുന്നതില്‍നിന്ന് കുടുംബാംഗങ്ങളെ പിന്തിരിപ്പിക്കുന്നത്. ചികിത്സയുടെ ഫലപ്രാപ്തിയെ പോലും ഇത് ബാധിച്ചേക്കാം.
മനഃശാസ്ത്ര ചികിത്സാരംഗം ഏറെ പുരോഗതി പ്രാപിച്ച ഇക്കാലത്ത് ഒട്ടുമിക്ക മാനസികരോഗ പ്രശ്നങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുണ്ട്. പക്ഷേ, മാനസികരോഗിയെന്ന് ഒരിക്കല്‍ മുദ്രകുത്തപ്പെട്ടാല്‍ മരണംവരെ ആ പേര് മായാതെ നില്‍ക്കുമെന്നതിനാല്‍ സാമൂഹിക കാഴ്ചപ്പാടുകളെ ഭയന്ന് ചികിത്സിക്കാന്‍ മടിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴുമുണ്ട്. ശരീരം പോലെ പ്രാധാന്യമേറിയതാണ് മനസ്സും. ശരീരത്തിന് രോഗം വന്നാല്‍ താരതമ്യേന വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതിനാല്‍ ചികിത്സയും എളുപ്പമാണ്. പക്ഷേ, മനസ്സിനെ ബാധിക്കുന്ന രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന തരത്തില്‍ മാനസിക അസ്വസ്ഥതകളുടെ നിഴല്‍ വീഴുന്നതോടെയാണ് പലപ്പോഴും ചികിത്സക്കായി മനസ്സില്ലാമനസ്സോടെ തയ്യാറെടുക്കുന്നത്. ആധുനികയുഗത്തിലും മാനസികമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ മന്ത്രവാദത്തെയും പ്രാര്‍ഥനാചികിത്സകളെയും ആള്‍ദൈവങ്ങളെയുമെല്ലാം സമീപിക്കുന്നവരും കുറവല്ല. ഇതും പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നു. അഭിമുഖീകരിക്കേണ്ടി വരുന്ന സാമൂഹിക പരിഹാസവും അപമാനവുമാണ് പലപ്പോഴും ഇത്തരം ഉപാധികളെ ആശ്രയിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ നിരവധി പ്രതിസന്ധികളിലൂടെ കടന്ന് രോഗികളെ ഏതെങ്കിലും പൊതുസ്ഥലത്തോ കുറച്ചുകൂടി മനഃസാക്ഷി ശേഷിക്കുന്നവര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉപേക്ഷിക്കുകയോ ചെയ്യും.
തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ പൂര്‍ത്തിയാക്കി രോഗം ഭേദമായ 43 സ്ത്രീകളെയും 57 പുരുഷന്‍മാരെയും ബന്ധുക്കള്‍ ഏറ്റെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിട്ടുള്ളത്. ഇതില്‍ 24 സത്രീകളും 42 പുരുഷന്‍മാരും ഇതര സംസ്ഥാനക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേപോലെ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെയും തൃശ്ശൂരിലെയും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അന്യസംസ്ഥാനക്കാരുള്‍പ്പെടെ ഏറ്റെടുക്കാനാളില്ലാതെ നൂറോളം ആളുകളാണ് ഉള്ളത്. |
മാനസിക രോഗമുള്ളവര്‍ മാത്രമല്ല, അവരെ ചികിത്സിക്കേണ്ട കേന്ദ്രങ്ങളുടെ സ്ഥിതിയും കഷ്ടമാണ്. 'പലപ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ തിരികെ അയയക്കുക എന്നുള്ളതാണ് ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മാനസികനില തെറ്റിയവരില്‍നിന്ന് അവരുടെ നാട് ഏതെന്ന് ചിലപ്പോള്‍ ഭാഷയിലെ വ്യത്യാസങ്ങള്‍ കൊണ്ട് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍, ഏത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നുള്ളതൊക്കെ കണ്ടെത്തുക എളുപ്പമല്ല. ത്രിപുരയില്‍ നിന്നുള്ളയാളുകള്‍ വരെ കേരളത്തിലെ മനോരോഗകേന്ദ്രങ്ങളിലുണ്ട്. മലയാളികളായ രോഗം പൂര്‍ണമായും ഭേദമായ ആളുകളെ ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ പുനരധിവസിപ്പിക്കാനുള്ള സ്ഥിരം സംവിധാനം കേരളത്തിലില്ല.
സന്നദ്ധ സംഘടനകളും മറ്റ് അഭയകേന്ദ്രങ്ങളിലുമായാണ് ഇങ്ങനെയുള്ളവരെ താമസിപ്പിക്കുക. ചിലര്‍ക്ക് യാത്രാചെലവ് നല്‍കി നാട്ടിലേക്ക് കയറ്റിവിടും. രോഗം ഭേദമായാലും മാനസിക രോഗികള്‍ക്ക് സമൂഹത്തിന്റെയും ബന്ധുക്കളുടെയും കരുതലും പരിചരണവും വേണം. എങ്കില്‍ മാത്രമേ അവര്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരൂ. അതിന് ബന്ധുക്കള്‍ ഏറ്റെടുക്കാത്തവരെ സംരക്ഷിക്കാന്‍ സ്ഥിരം സംവിധാനമൊരുക്കണമെന്ന് നിരവധി തവണ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് ഇതുവരെ നടപ്പിലായിട്ടില്ല.' സാമൂഹിക പ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന എന്‍.ശിവന്‍ പറയുന്നു.
തിരുവനന്തപുരം വെമ്പായം കന്യാകുളങ്ങരയില്‍ മാനസിക വിഭ്രാന്തി നേരിടുന്ന ദേവന്‍ എന്ന വ്യക്തിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ മര്‍ദിച്ചത് വാര്‍ത്തയായിരുന്നു. ആരോ പകര്‍ത്തിയ മര്‍ദനദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ വലിയതോതില്‍ പ്രചരിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വെമ്പായം കന്യാകുളങ്ങര പ്രദേശങ്ങളില്‍ ദേവനെ കാണാം. നാളിതുവരെ പൊതുജനങ്ങള്‍ക്ക് ഒരുവിധത്തിലുമുള്ള ഉപദ്രവങ്ങള്‍ ഇയാളിൽനിന്ന് ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി മനോനില തെറ്റിയ ഇയാള്‍ക്ക് മര്‍ദനമേറ്റെങ്കിലും അതിന് കാരണക്കാരനായ ആളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ദേവനെപ്പോലെ സംസ്ഥാനത്ത് അലഞ്ഞുതിരിയുന്ന നിരവധി ആളുകളുണ്ട്. അതില്‍ കൃത്യമായൊരു കണക്ക് ആരോഗ്യവകുപ്പിന്റെ പക്കലില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരക്കാരെ സംരക്ഷിക്കാനും പൊതുജനങ്ങളില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഒഴിവാക്കാനുമുള്ള പദ്ധതി നമുക്കില്ല. 1987-ലെ മെന്റല്‍ ഹെല്‍ത്ത് ആക്ടിന് പകരമായി 2017-ല്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് നിലവില്‍ വന്നു. ഇതനുസരിച്ച് അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കാനായി പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, ഇതുവരെ നടപ്പായിട്ടില്ല.
ഈയൊരൊറ്റ കാരണം കൊണ്ട് തന്നെ തെരുവില്‍ മാനസിക രോഗികള്‍ അലഞ്ഞുതിരിയുന്ന സാഹചര്യമുണ്ടാക്കുന്നു. മാത്രമല്ല, ബന്ധുക്കള്‍ ഏറ്റെടുക്കാതെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നവരെ സംരക്ഷിക്കാനും ഇത്തരം കേന്ദ്രങ്ങള്‍ ഉപയോഗിക്കാം. പലപ്പോഴും രോഗം ഭേദമായാലും ബന്ധുക്കള്‍ എത്താത്തവരെ സമൂഹത്തിലേക്ക് തുറന്നുവിടുകയെന്നത് മാത്രമാണ് നിലവില്‍ ചെയ്യാന്‍ സാധിക്കുക. അല്ലെങ്കില്‍ ഏതെങ്കിലും സന്നദ്ധ സംഘടനകള്‍ ഇവരെ ഏറ്റെടുത്ത് ഏതെങ്കിലും അഗതി മന്ദിരത്തിലേക്ക് മാറ്റേണ്ടി വരും. രോഗം മാറിയെങ്കിലും സമൂഹവുമായി പെട്ടെന്ന് ഇടപഴകാന്‍ തക്ക പക്വത ചിലപ്പോള്‍ മറ്റുള്ളവരേക്കാള്‍ കുറഞ്ഞിരിക്കാം. മാത്രമല്ല നീണ്ടകാലത്തിന് ശേഷമാകാം പുറംലോകവുമായി അവര്‍ ബന്ധപ്പെടുന്നത് തന്നെ. അത് വലിയ ആശയക്കുഴപ്പത്തിനും കാരണമാകുന്നു. തെരുവില്‍ അലഞ്ഞുനടക്കുന്നവരില്‍ ഇത്തരക്കാരുമുണ്ട്.
1987-ലെ നിയമ പ്രകാരം ഇങ്ങനെ അലഞ്ഞുതിരിയുന്നവരെ പരാതി ലഭിച്ചാല്‍ പോലീസിന് കസ്റ്റഡിയിലെടുത്ത് നേരിട്ട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാമായിരുന്നു. പുതിയ നിയമം വന്നപ്പോള്‍, കസ്റ്റഡിയിലെടുക്കുന്ന ആളിനെ നേരെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കണം. തുടര്‍ന്ന് ഡോക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത്. ഇത് മാത്രമല്ലm അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ മൂലം പൊതുജനത്തിനോ അയാള്‍ക്കോ ജീവന് ഭീഷണിയുണ്ടെങ്കില്‍ മാത്രമേ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാനും പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കാനും പുതിയ നിയമം അനുവദിക്കുന്നുള്ളു. മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളൊന്നുമുണ്ടാക്കുന്നില്ലെങ്കില്‍ പരാതി ലഭിച്ചാലും അധികൃതര്‍ക്ക് നടപടിയെടുക്കാനാകില്ലെന്നതാണ് വാസ്തവം.
നിയമത്തിലുണ്ട്, പ്രവൃത്തിയിലില്ല
മാനസിക വെല്ലുവിളി നേരിടുന്നവരെ പുനഃരധിവസിപ്പിക്കേണ്ടതെങ്ങനെയെന്ന് നിയമത്തില്‍ പറയുന്നുണ്ട്. രോഗമുക്തി വന്നവര്‍ക്ക് സാധ്യമായ തൊഴില്‍ പരിശീലനം നല്‍കണം. അവര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിച്ച് അതിന്റെ വരുമാനം അവര്‍ക്ക് തന്നെ നല്‍കി അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കണം. ഇങ്ങനെയൊക്കെയാണെങ്കിലും രോഗമുക്തി വന്നവര്‍ക്ക് വേണ്ടി പ്രത്യേക പുനരധിവാസ കേന്ദ്രമെന്നത് ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. ഇങ്ങനെയുള്ളവരുടെ ക്ഷേമം ഉറപ്പാക്കാന്‍ ജില്ല, സംസ്ഥാന തലങ്ങളില്‍ മെന്റല്‍ ഹെല്‍ത്ത് റിവ്യു ബോര്‍ഡുകള്‍ വേണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. സംസ്ഥാന ബോര്‍ഡിലേക്ക് ആളുകളെ നിയമിച്ച് ഉത്തരവിറങ്ങിയെങ്കിലും അതിന്റെ പ്രവര്‍ത്തനമെങ്ങനെ വേണമെന്നോ ആവശ്യമായ പണം എങ്ങനെ കണ്ടെത്തണമെന്നോ ഉത്തരവിലില്ല. മാത്രമല്ല, ജില്ലാ തലങ്ങളില്‍ റിവ്യൂ ബോര്‍ഡുകള്‍ രൂപീകരിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ചിന്തിക്കുന്നതുപോലുമില്ല. മാത്രമല്ല മാനസിക രോഗികളോടുള്ള ക്രൂരതയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പക്ഷെ, അതൊന്നും നടപ്പാകുന്നില്ല എന്നും കാണാം.
നീണ്ട കാലത്തോളം രോഗചികിത്സയുടെ തടവറയില്‍ കഴിഞ്ഞുകൂടിയ ആളുകളാണ്. ഇരുട്ടില്‍നിന്ന് പ്രകാശത്തിലേക്ക് ആശങ്കയോടെ കടന്നുവരുന്നവര്‍. അവരോട് അല്‍പമെങ്കിലും കരുണ കാണിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവരുടെ ജീവനും സ്വത്തും മറ്റുപൗരന്മാര്‍ക്കെന്നപോലെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കടമയുണ്ട്. ചികിത്സയ്ക്ക് ശേഷം പുറത്തെത്തുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതും മാനസികാസ്വാസ്ഥ്യങ്ങളെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തവുമാണ്. സമൂഹത്തിന്റെയും ബന്ധുക്കളുടെയും പിന്തുണയുണ്ടെങ്കില്‍ മാത്രമേ സാധാരണ ജീവിതത്തിലേക്ക് അവരെ പറിച്ച് നടാനൊക്കു. ശ്രദ്ധയും പരിചരണവും ലഭിച്ചില്ലെങ്കില്‍ ഒരിക്കല്‍ പൊട്ടിപ്പോയ പളുങ്കുപാത്രങ്ങള്‍ പോലെ കൂട്ടിച്ചേര്‍ക്കാനാകാത്ത മനസും ശരീരവുമായി അവര്‍ വീണ്ടും രോഗത്തിന്റെ ഇരുട്ടിലേക്ക് പോകും.
രോഗത്തോടും രോഗികളോടുമുള്ളത് അശാസ്ത്രീയ സമീപനം
പണ്ട് കാലത്ത് വസൂരിയടക്കമുള്ള രോഗങ്ങള്‍ വന്നാല്‍ ദൈവത്തിന്റെ ശാപത്തിന്റെ ഭാഗമാണെന്ന് കരുതിയിരുന്നു. ഇങ്ങനെ മൂന്ന് രോഗാവസ്ഥകളോടാണ് പൊതുവെ അജ്ഞതയും അതുമൂലമുള്ള അവജ്ഞയുമൊക്കെ കണ്ടിരുന്നത്. പ്രധാനമായും മാനസിക രോഗങ്ങള്‍, കുഷ്ഠരോഗം, ക്ഷയം എന്നിവയാണവ. ഇതില്‍ കുഷ്ഠവും ക്ഷയവും ചികിത്സ കൊണ്ട് ഭേദപ്പെടുമെന്ന അവസ്ഥ വന്നതോടെ അതിനോടുള്ള സമീപനങ്ങള്‍ ഏറെക്കുറെ മാറിയിട്ടുണ്ട്. പണ്ട് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രമെന്നത് ഈ മൂന്ന് രോഗങ്ങള്‍ വന്നവരെ പാര്‍പ്പിക്കുന്ന കേന്ദ്രങ്ങളായിരുന്നു. ഇവ മൂന്നും ചികിത്സയില്ലാത്ത രോഗങ്ങളാണെന്ന ചിന്തയാണ് കാരണം.
എന്നാല്‍, മാനസിക രോഗത്തോടും രോഗികളോടുമുള്ള സമീപനത്തില്‍ ഇന്നും വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. രോഗത്തിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകളാണ് അധികവും. അവര്‍ കുഴപ്പക്കാരാണ്, ചികിത്സിച്ചിട്ട് കാര്യമില്ല തുടങ്ങിയ ധാരണകളാണ് അധികവും. പ്രായമായവരേപ്പോലെ ഇവരെയും പിന്നെ നടതള്ളുകയാണ് പതിവ്. ലോകത്ത് ഇരുപതിൽ ഒരാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അങ്ങനെ നോക്കിയാല്‍ നമ്മളില്‍ ഏറിയും കുറഞ്ഞുമൊക്കെ എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ട്.
മാനസികാരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് വിടുതല്‍ ചെയ്തതിന് ശേഷം അവരെ തിരികെ വീടുകളിലേക്ക് സ്വീകരിക്കാതിരിക്കുന്ന സാഹചര്യങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. വീണ്ടും ഒറ്റപ്പെടലും അവഗണനയുമുണ്ടാകുമ്പോള്‍ രോഗാവസ്ഥ തീവ്രമാകും. ഇത് വളരെക്കാലമായി നിലനില്‍ക്കുന്ന പ്രശ്നമാണ്. ഇങ്ങനെയുള്ള ആളുകളെ ഉപേക്ഷിക്കുന്നത് തടയാന്‍ മാനസികാരോഗ്യ കേന്ദ്രങ്ങളും പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ പോലെ വികേന്ദ്രീകൃതമാകണം. അങ്ങനെ വന്നാൽ ആളുകളെ ഉപേക്ഷിച്ച് കടന്നുകളയുന്ന പ്രവണത നന്നായി കുറയ്ക്കാൻ സാധിക്കും.
-ഡോ. മോഹൻ റോയ് (മാനസികാരോഗ്യ വിദഗ്ധൻ, ആർ.എം.ഒ, തിരുവനന്തപുരം മെഡിക്കൽ കോളേജ്)
Content Highlights: series on mental health issues and treatment centres
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..