മെഡിക്കൽ കോളേജിലെ എല്ലുരോഗ വിഭാഗത്തിൽ നിലത്തു കിടക്കുന്ന രോഗികൾ. വെള്ളിയാഴ്ചത്തെ കാഴ്ച
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ രോഗികള്എത്തുന്ന മെഡിക്കല്‍ കോളേജുകളിലൊന്നാണ് തൃശ്ശൂരിലേത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണിവിടം. ഈ ആശുപത്രി ഒരു പൊതുസ്വത്താണെന്ന വികാരത്തോടെ പ്രവര്‍ത്തിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ് നിലവില്‍. ഇങ്ങനെ പോയാല്‍ ദുരിതം കൂടുകയേ ഉള്ളൂ. മെഡിക്കല്‍ കോളേജിന്റെ ദുഃസ്ഥിതിയെക്കുറിച്ച് ഒരന്വേഷണം.
രോഗികളെ നിലത്തുകിടത്തിയതിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ പേരില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തത് കഴിഞ്ഞ ദിവസമാണ്. സംഭവം നാണക്കേടാണെന്ന തോന്നല്‍ ഉത്തരവാദപ്പെട്ട ആര്‍ക്കെങ്കിലും ഉണ്ടായാലല്ലേ കാര്യമുള്ളൂ. നിസ്സംഗതയ്ക്കുമേല് അടയിരിക്കുന്നവരാണ് അധികാരികളും രാഷ്ട്രീയ നേതൃത്വവുമെങ്കില്‍ മെഡിക്കല്‍ കോളേജ് നന്നാവാന്‍ ഇത്തിരി പ്രയാസപ്പെടും. നിലത്തും സ്ട്രെച്ചറിലും രോഗികള്‍ 'കിടന്നു ചികിത്സ തേടുന്ന' കാഴ്ചയായിരുന്നു വെള്ളിയാഴ്ചയും മെഡിക്കല്‍ കോളേജില്‍ കണ്ടത്.
സാധാരണക്കാരുടെ ആശ്രയകേന്ദ്രം ഇത്രയൊക്കെ മതിയെന്ന് നിശ്ചയിക്കുന്നതാരാണ്? മികച്ചതാക്കണമെന്ന് ചിന്തിക്കാതിരിക്കുന്നത് ആരാണ്? രാഷ്ട്രീയ ഭൂപടത്തില്‍ അത്ര മോശം സ്ഥാനമല്ല ജില്ലയ്ക്ക്. മൂന്നു മന്ത്രിമാര്‍, ശ്രദ്ധിക്കപ്പെടുന്ന ലോക്സഭാംഗങ്ങള്‍, രാഷ്ട്രീയ സ്വാധീനത്തിന്റെ കാര്യത്തില്‍ ശക്തരായവര്‍ ഒക്കെയുണ്ട്. എന്നാല്‍ മെഡി. കോളേജ് ആശുപത്രിയുടെ പോരായ്മകള്‍ പരിഹരിക്കാന്‍ ഒരാളും മുന്കൈയെടുക്കുന്നില്ലെന്നതാണ് വാസ്തവം.
മെഡിക്കല്‍ കോളേജ് തന്റെ മണ്ഡലത്തിലല്ല എന്നതുകൊണ്ടുമാത്രം അവഗണിക്കുന്ന പ്രവണത ജില്ലയിലെ മന്ത്രിമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും ഉണ്ടെന്ന ആരോപണം ശക്തമാണ്. രോഗികളില്‍ നല്ലൊരു പങ്കും ഇവരുടെയൊക്കെ വോട്ടര്‍മാരാണെന്ന തിരിച്ചറിവ് ഇവര്‍ക്കൊന്നും ഇല്ലാതെ പോയല്ലോ...
ഇതൊക്കെ അറിയുന്നുണ്ടോ ആവോ...
• ഹൃദയശസ്ത്രക്രിയാ വിഭാഗത്തില്‍ ഡോക്ടര്‍മാരില്ല, ജീവനക്കാരുമില്ല
• ആശുപത്രിയില്‍ നിന്നു ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാതെ ആളുകള്‍ വലയുന്ന കാര്യം
• എല്ലുരോഗ വിഭാഗത്തില്‍ നിലത്ത് അട്ടിയടുക്കി രോഗികള്‍ ഉണ്ടെന്ന വസ്തുത
• പുതിയ എക്സ്റേ യന്ത്രം വാങ്ങിയശേഷം ഉപയോഗിച്ചത് മൂന്നുമാസം മാത്രമാണെന്ന കാര്യം
• ദന്തചികിത്സയ്ക്ക് വാങ്ങിയ ഉപകരണങ്ങള്‍ പെട്ടിപോലും പൊട്ടിച്ചിട്ടില്ല
• മൂന്നരക്കോടി മുടക്കി വാങ്ങിയ റേഡിയേഷന് യന്ത്രം ഒന്നരവര്‍ഷമായി ഉപയോഗിച്ചിട്ടേയില്ല
• ഇത്രയും വലിയ ആശുപത്രിക്കുള്ളത് രണ്ട് ആംബുലന്‍സ് മാത്രം
• എം.ആര്.ഐ. സ്കാനര്‍ ഇല്ലേയില്ല
.jpg?$p=fdcef9e&w=610&q=0.8)
കേട്ടുമടുത്തു, സര്‍ക്കാര്‍തല പരിഹാരം
മെഡിക്കല്‍ കോളേജിലെ പ്രശ്നങ്ങള്‍ മാധ്യമങ്ങളിലൂടെയും രോഗികള്വഴിയും ശ്രദ്ധയില്‍പ്പെടുമ്പോള്‍ ആശുപത്രിയിലെ ഭരണസംവിധാനം പറയുന്ന സ്ഥിരം വാചകമുണ്ട് -'ഇതിനൊക്കെ പരിഹാരം കാണേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ തലത്തില്‍ പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.'
പരിഹരിക്കേണ്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജിലെ ഭരണവിഭാഗം തിരുവനന്തപുരത്തേക്ക് കത്തയയ്ക്കും. അതവിടെ കിടക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റോ വകുപ്പ് മന്ത്രിയോ ഇതൊന്നും അറിയുക പോലുമില്ല. ഈ മെഡിക്കല്‍ കോളേജ് തെക്കന്‍ കേരളത്തിലല്ലാത്തതിന്റെ ശ്രദ്ധക്കുറവ് മന്ത്രിക്കും ഉണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന മറ്റൊരു ആരോപണം. താന്‍ പറഞ്ഞാല്‍ വിലയില്ലെന്ന് വിലപിക്കുന്ന സ്ഥലം എം.പി.യും കാര്യം സാധിച്ചെടുക്കുന്നതില് പരാജയപ്പെട്ടുപോകുന്ന സ്ഥലം എം.എല്‍.എ.യുമാണ് മെഡിക്കല്‍ കോളേജിന്റെ മറ്റൊരു ബലഹീനത. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നത് ഈ ജില്ലക്കാര്‍ മാത്രമല്ലെന്ന കാര്യം ചിന്തയില്‍പ്പോലും വരാത്ത എം.പി.യും എം.എല്‍.എ.മാരും പാലക്കാട് ജില്ലയിലുമുണ്ട്. ചെറുവിരലനക്കാന്‍ ആരുമില്ല.
ഇടപെടലുണ്ട്, സ്വന്തക്കാര്‍ക്കുവേണ്ടി
മെഡിക്കല്‍ കോളേജില്‍ ജനപ്രതിനിധികള്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞാല്‍ അത് സത്യമല്ലെന്ന് ഇവിടത്തെ ഡോക്ടര്‍മാര്‍ പറയും. ഇഷ്ടക്കാരുടെ ചികിത്സയ്ക്ക് സൗകര്യമൊരുക്കിക്കൊടുക്കണമെന്ന ശുപാര്ശക്കത്തുകള്ക്ക് കുറവില്ല. ശുപാര്‍ശ മൂലം തഴയപ്പെടുന്നത് മറ്റൊരു നിരാലംബനായിരിക്കുമെന്നത് സങ്കടപ്പെടുത്തുന്ന മറ്റൊരു കാര്യം. സ്വന്തക്കാരുടെ ചികിത്സകള്‍ വേഗത്തിലാക്കിക്കിട്ടിയാല് പിന്നെ അടുത്ത ശുപാര്‍ശ വരുമ്പോഴാണിവര് മെഡിക്കല്‍ കോളേജിനെ ഓര്‍ക്കുക.
മെഡിക്കല്‍ കോളേജ് -ഏകദേശ ചിത്രം
• തൃശ്ശൂര്‍ നഗരത്തില്‍നിന്ന് മുളങ്കുന്നത്തുകാവിലേക്ക് മാറ്റിയത് 2005-ല്‍
• 250 ഏക്കര്‍ സ്ഥലം
• 1450 കട്ടിലുകള്‍ (നിലത്തു കിടക്കുന്നവരെക്കൂടി ചേര്‍ത്താല്‍ കിടപ്പുരോഗികള്‍ 2500)
• ഒരു ദിവസം ഒ.പി.യില്‍ മൂവായിരത്തോളം രോഗികള്‍
• അത്യാഹിതവിഭാഗത്തില്‍ ശരാശരി പ്രതിദിനം 500 രോഗികള്‍
• ദിവസവും ഉച്ചവരെ ഈ ആശുപത്രിയിലും പരിസരങ്ങളിലുമായുള്ളത് ഏകദേശം 10,000 പേര്
മെഡിക്കല്‍ കോളേജില്‍ വരുന്നതില്‍ 90 ശതമാനവും സാധാരണക്കാരാണെന്ന് ബോധ്യപ്പെടാന്‍ അതിനുള്ളിലൂടെ ഒന്ന് നടന്നാല്‍ മതി. ഈ വലിയ ആശുപത്രിയുടെ ഉള്‍വശം പൂര്‍ണമായി കണ്ട ഏതെങ്കിലും ഒരു ജനപ്രതിനിധിയുണ്ടോ എന്ന കാര്യം സംശയമാണ്. അങ്ങനെ നടന്നാല്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദൈന്യമുഖങ്ങള് ഏറെ കാണേണ്ടി വരും.
മെഡിക്കല്‍ കോളേജിലെത്തുന്നവരെ അടിമകളെപ്പോലെ കാണുന്ന സമീപനം മാറ്റിവെച്ചാലേ സമഗ്രമാറ്റത്തിന് തുടക്കം കുറിക്കാനാകൂ. നിസ്സാരമായ ഒരു ഉത്തരവ് സര്‍ക്കാര്‍തലത്തില്‍ നിന്നുണ്ടായാല്‍ പരിഹരിക്കാവുന്ന കാര്യങ്ങളാണ് നാളെ നാളെയെന്ന് ഇഴയുന്നത്.
.jpg?$p=183c752&w=610&q=0.8)
ചികിത്സയ്ക്കെത്തിയ പ്രായമായ സ്ത്രീ
ഹൃദയശൂന്യത
ഹൃദ്രോഗവിഭാഗമെന്ന് പേരെഴുതിവെച്ചാല് ഉദ്ദേശിക്കുന്ന കാര്യം സാധിക്കുമോ. ഹൃദ്രോഗവിഭാഗത്തിലെ പ്രൊഫസര്‍ തസ്തിക വര്‍ഷങ്ങള്‍ക്കുമുന്‍പ് അക്കാലത്തെ ഒരു മന്ത്രിയുടെ ഇഷ്ടക്കാരനുവേണ്ടി തിരുവനന്തപുരത്തേക്ക് മാറ്റിയതാണ്. പിന്നീട് ആ തസ്തിക ഇതുവരെ തിരിച്ചെത്തിയില്ല. ഇപ്പോള്‍ പ്രൊഫസര്‍ തസ്തികയേയില്ല തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍. ഒരു ഉത്തരവിറക്കിയാല്‍ തസ്തിക തിരികെ കൊണ്ടുവരാനാകുമെങ്കിലും അത് ചെയ്യുന്നില്ല. പ്രൊഫസര്‍ തസ്തിക തിരികെയെത്തിയാല്‍ ഹൃദ്രോഗ വിഭാഗത്തെ സ്വതന്ത്രവിഭാഗമാക്കാം.
എന്തിനിങ്ങനൊരു മെഡിക്കല്‍ ലൈബ്രറി
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ വന്നതിനുള്ള തെളിവുകള്‍ ഇവിടെനിന്നു ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളാണ്. സാധാരണക്കാര്‍ക്ക് ആനുകൂല്യമടക്കം കിട്ടാന്‍ ഇതുവേണം. എന്നാല്‍ മെഡിക്കല്‍ ലൈബ്രറി എന്നൊരു സംവിധാനം ഇവിടെ വെറും അലങ്കാരമാണ്. ജീവനക്കാരില്ലാത്തതിനാല്‍ ആര്‍ക്കെന്ത് പ്രയോജനം.
ലൈബ്രറിയിലെ പകുതി തസ്തികകളിലും ആളില്ല. ഉത്തരവിറക്കി താത്പര്യമുള്ള തസ്തികകളില്‍ നിയമനങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ ധാരാളം പുറത്തുവരുന്നുണ്ട്.
1500 ഉണ്ടോ, പരിശോധന നടത്താം
ന്യൂറോ വിഭാഗത്തിലെത്തുന്ന രോഗിക്ക് ഇ.ഇ.ജി. പരിശോധന വേണമെങ്കില്‍ പുറത്തെ ലാബിനെ ആശ്രയിക്കണം- കൈയില്‍ 1500 രൂപ കരുതണമെന്നു മാത്രം. ടെക്നീഷ്യന് ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ ഇ.ഇ.ജി. നിശ്ചലം. ഇവിടെയുണ്ടായിരുന്ന താത്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയായിരുന്നു. പകരം ജീവനക്കാരനെ നിയമിക്കാന്‍ ഒരു ഉത്തരവിറക്കേണ്ട കാര്യം മാത്രമേയുള്ളൂ. അത് ചെയ്യണ്ടേ..
രോഗികള്‍ക്കുനേരെ പല്ലിളിക്കുന്നു
സ്ഥലപരിമിതിയുടെ പേരില്‍ മൂന്നുമാസമായി ദന്ത ശസ്ത്രക്രിയാവിഭാഗം പ്രവര്‍ത്തിക്കുന്നില്ല. മറ്റൊരു ചികിത്സാവിഭാഗത്തിന്റെ വികസനത്തിനായാണ് ദന്ത ശസ്ത്രക്രിയാവിഭാഗം താത്കാലികമായി നിര്‍ത്തിയത്. രണ്ടാഴ്ചയ്ക്കകം പുനരാരംഭിക്കാമെന്നാണ് പറഞ്ഞിരുന്നത്. അത് പറഞ്ഞിട്ട് മൂന്ന് മാസമായി.
അപകടങ്ങളില്‍പ്പെട്ട് വരുന്നവര്‍ക്ക് ദന്തശസ്ത്രക്രിയ നടത്തിയിരുന്നത് ഇവിടെയാണ്.
നാണമില്ലാത്തത് കഷ്ടം
മൂന്നുമാസമായി കേടായിക്കിടക്കുകയാണ് ഇവിടത്തെ ഒരു എക്സ്റേ യന്ത്രം. യന്ത്രം നന്നാക്കാനായി കമ്പനിക്കാരെയെത്തിക്കാന് ആര്‍ക്കും വയ്യ. മെഡിക്കല്‍ കോളേജ് അധികൃതര്‍ വിളിച്ചിട്ട് വരുന്നില്ലെന്നാണ് വിവരം. എങ്കില്‍ പിന്നെ മന്ത്രിമാര്‍ക്ക് ഇടപെട്ടുകൂടെ?. നടന്നതുതന്നെ! ഒരു കോടിയിലേറെ രൂപ വെള്ളത്തിലാക്കാന്‍ എന്തെളുപ്പം.
എന്തിനു വാങ്ങി ഈ റേഡിയേഷന് യന്ത്രം
അര്‍ബുദ ചികിത്സയ്ക്ക് മൂന്നരക്കോടി രൂപ മുടക്കി ഒന്നരവര്‍ഷംമുന്‍പ് വാങ്ങിയ റേഡിയേഷന് യന്ത്രം ഇതുവരെ പ്രവര്‍ത്തിപ്പിക്കാനായില്ല. ആണവോര്ജവകുപ്പില്നിന്ന് രാസവസ്തു ലഭിക്കാത്തതാണ് ഒടുവിലത്തെ പ്രതിസന്ധി. അപേക്ഷ നല്കി മാസങ്ങളായി കാത്തിരിപ്പിലാണ് മെഡിക്കല്‍ കോളേജ്; ഇടപെടാന്‍ ആരുമില്ലാതെ.
ചക്രക്കസേര വേണോ... ആധാര്‍ വയ്ക്ക്
ചക്രക്കസേര കിട്ടാന്‍ ഈട് നല്കണമെന്നൊരു വ്യവസ്ഥ എന്തൊരു നാണക്കേടാണ്. മെഡിക്കല്‍ കോളേജില്‍ ഇതാണ് സ്ഥിതി. ?െസ്ട്രച്ചര് കിട്ടാനും ഇതുതന്നെ വഴി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ രോഗികള്‍ക്കൊപ്പം വരുന്നവര്‍ തന്നെ ?െസ്ട്രച്ചറില് രോഗികളെയും തള്ളികൊണ്ടുപോകുകയാണ് പതിവ്. പിന്നീട് സ്ട്രച്ചര്‍ തിരിച്ചെത്തിക്കാതെ പലയിടത്തായി കൊണ്ടിടും. ഇതുമൂലം പിന്നാലെ വരുന്ന രോഗികള്‍ ബുദ്ധിമുട്ടുകയാണ്.
കൊണ്ടുപോകുന്ന ചക്രക്കസേരകളും ട്രോളികളും തിരിച്ചെത്തിക്കുന്നതിന് വേണ്ടിയാണ് ഈടായി രോഗികളില്‍നിന്ന് എന്തെങ്കിലും വാങ്ങുന്നത്. ആധാര്‍ കാര്‍ഡ് തുടങ്ങി കൈയിലുള്ള രേഖകളാണ് ചക്രക്കസേര ലഭിക്കാന്‍ ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വരുന്ന കുറച്ചുപേരുടെ കൈയിലൊന്നും ഇത്തരം രേഖകള്‍ ഉണ്ടാകാറില്ല. സഹായത്തിന് ജീവനക്കാരെ നിയമിച്ചാല്‍ ഈ നാണക്കേട് ഒഴിവാക്കാം.
(തുടരും)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..