പ്രതീകാത്മക ചിത്രം
പുല്പള്ളിയിൽനിന്ന് കബനിയിലേക്കുള്ള വഴിയിലെ അവസാനത്തെ വലിയ കവലയാണ് പെരിക്കല്ലൂർ. ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളോടുള്ള പ്രേമമാണ് കബനിക്കരയിലെ ഈ ഗ്രാമത്തിന്റെ ഹൈലൈറ്റ്. പാലായിലേക്കും പൊൻകുന്നത്തേക്കുമെല്ലാമുള്ള ബസുകൾ തൊട്ടടുത്ത നാട്ടിലേക്കുള്ള ബസുകളെപ്പോലെ ഈ കവലയിൽ ആളെ കാത്തുകിടക്കുന്നതു കാണാം.
കോട്ടയത്തെയും പത്തനംതിട്ടയിലെയും ഗ്രാമങ്ങളിൽനിന്ന് രാത്രിബസുകൾ ഇങ്ങോട്ടും പണ്ടുമുതലേ ഓടുന്നുണ്ട്. 1979-ൽ ആദ്യ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങിയതുമുതൽ പെരിക്കല്ലൂരുകാർ ആനവണ്ടിയെ ചങ്കിലേറ്റിയതാണ്. റോഡരികിലുള്ള ഒരേക്കർ സ്ഥലം സെയ്ന്റ് തോമസ് പള്ളി ഡിപ്പോ നിർമാണത്തിനായി വിട്ടുനൽകി. പുതിയ ബസുകളെത്തുമ്പോൾ നാട്ടുകാർ സ്വീകരണത്തിനായി ഒത്തുകൂടി. ബസുകൾ വൃത്തിയാക്കാനും ബോർഡെഴുതാനും അലങ്കാരപ്പണികളൊരുക്കാനും അവർതന്നെ മുന്നിൽനിൽക്കും. ഹർത്താലിനും പണിമുടക്കിനും ജീവനക്കാർക്ക് ഭക്ഷണമെത്തിച്ച് അവരങ്ങേറ്റെടുക്കും.
ആ ബസുകൾ വെറും ബസുകളല്ല, പകരം തങ്ങളുടെ വേരുകളെ പരസ്പരം കോർത്തുനിർത്തുന്ന കണ്ണികളാണെന്ന് ഈ കുടിയേറ്റക്കാർക്കറിയാം. ഇപ്പോൾ പക്ഷേ, ഈ ആനവണ്ടിയിലേറി വേരുകളിലേക്ക് തിരിച്ചുപോവുന്നതിനെക്കാളധികം സാമ്പത്തികസുരക്ഷിതത്വം തേടി വിദേശത്തെ വാഗ്ദത്തഭൂമികളാണ് ഈ നാട്ടുകാരിൽ കൂടുതലുമിപ്പോൾ തിരയുന്നത്.
മണ്ണിനോട് പൊരുതി; പ്രതിസന്ധികളോടും
മണ്ണിനോടു പൊരുതിയാണ് പുല്പള്ളി പൊന്നുവിളയിച്ചത്. മണ്ണും വിളയും ചതിച്ചെങ്കിലും തോൽക്കാതെ വിദേശങ്ങളിലേക്ക് കുടിയേറി ആ സുവർണകാലം നിലനിർത്താനാണ് പുല്പള്ളിയിപ്പോൾ ശ്രമിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളാണ് ഇവിടത്തെ യുവാക്കളുടെ സ്വപ്നഭൂമി. സ്ത്രീകൾ ഇസ്രയേലിലേക്ക് പോവുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനം ഒരു കുടിയേറ്റ കാർഷിക ഗ്രാമത്തെ സാമ്പത്തികമായി പ്രയാസത്തിലാക്കുകയും വിദേശങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ഒരുപക്ഷേ അത്യപൂർവമായിരിക്കും. തിരുവിതാംകൂറിൽനിന്ന് പുല്പള്ളിയിലേക്കുള്ള കുടിയേറ്റം പ്രകടമായി കാണാമായിരുന്നെങ്കിൽ കാർഷികമേഖലയുടെ തകർച്ച കാരണമുള്ള കുടിയിറക്കം പ്രകടമായി കാണുന്നില്ലന്നേയുള്ളൂവെന്ന് ഏറെക്കാലം പുല്പള്ളിയിൽ പ്രാദേശിക മാധ്യമപ്രവർത്തകനായ കെ.ആർ. സതീശൻനായർ പറയുന്നു. പല വീടുകളിലും ആളില്ലാത്ത അവസ്ഥയാണിപ്പോൾ. മിക്കവരും വിദേശങ്ങളിലാണ്.
2010-നുശേഷമാണ് ഇവിടെനിന്ന് ജോലിതേടി വിദേശ രാജ്യങ്ങളിലേക്കുള്ള ഒഴുക്കിനു വേഗമേറിയത്. കൃഷിയിൽനിന്ന് വരുമാനം കുറഞ്ഞതോടെയാണ് ആളുകൾ വിദേശജോലിയെ ആശ്രയിക്കാൻ തുടങ്ങിയത്. പഠനത്തിനും മെച്ചപ്പെട്ട വേതനത്തിനുമായി യുവാക്കൾ പറന്നുതുടങ്ങി. കുട്ടികളുടെ പഠനത്തിനും വായ്പ തിരിച്ചടയ്ക്കാനുള്ള പണം കണ്ടെത്താനും വഴിയില്ലാതായതോടെ സാധാരണക്കാരും മറുനാടൻ ജോലികളിലേക്ക് തിരിഞ്ഞു.
ഇറ്റലി, യു.കെ., ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് തുടക്കത്തിൽ ആളുകൾ പോയിരുന്നത്. സമീപകാലത്തായി കൂടുതൽപ്പേരും ഇസ്രയേലിനെയാണ് ഉന്നംവെക്കുന്നത്. രോഗീപരിചരണമാണ് അവിടത്തെ ജോലി. ജോലിക്കാവശ്യമായ പരിശീലനം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നേടിയെടുക്കാമെന്നതാണ് കൂടുതലാളുകളെയും ഇതിലേക്ക് അടുപ്പിക്കുന്നത്. താമസവും ഭക്ഷണവും ജോലിയുടെ ഭാഗമായി ലഭിക്കുന്നതും ഇസ്രയേൽ ജോലിയിലേക്ക് ആളുകളെ അടുപ്പിക്കുന്നു.
മുള്ളൻകൊല്ലി പഞ്ചായത്തിൽനിന്നു മാത്രം 400-ലേറെ സ്ത്രീകൾ ഇങ്ങനെ പോയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പഞ്ചായത്തിലെ നാലു വാർഡുകൾ ഉൾക്കൊള്ളുന്ന പെരിക്കല്ലൂരിൽനിന്നാണ് കൂടുതൽപ്പേർ പോയിട്ടുള്ളത്. ഇരുനൂറിലേറെപ്പേർ ഇവിടന്ന് ഇസ്രയേലിലേക്ക് വിമാനം കയറിയിട്ടുണ്ടാവുമെന്ന് പ്രദേശവാസിയായ ഡാമിൻ ജോസഫ് പറയുന്നു. ഇവരെല്ലാവരും നല്ലനിലയിലാണ്. ഒരുലക്ഷംമുതൽ ഒന്നരലക്ഷംവരെയാണ് ഇസ്രയേലിൽ രോഗീപരിചരണത്തിന് കിട്ടുന്ന ശമ്പളം. ഏജന്റുമാർ മുഖേനയാണ് ജോലി തരപ്പെടുന്നത്. തുടക്കകാലത്ത് നാല്-അഞ്ച് ലക്ഷം രൂപയായിരുന്നു ഏജന്റുമാർ വാങ്ങിയിരുന്നത്.
പിന്നീട് ഏഴ്-ഒമ്പതു ലക്ഷം രൂപവരെയായി. ഇപ്പോൾ 12 ലക്ഷം രൂപവരെയാണ് ഏജന്റുമാർ വാങ്ങുന്നതെന്നാണ് വിവരം. പ്രായം അമ്പതു കഴിഞ്ഞു, ഇല്ലെങ്കിൽ ഇസ്രയേലിലേക്ക് പോവാമായിരുന്നെന്ന് ജപ്തിനടപടി നേരിടുന്ന ശശിമല സ്വദേശിനിയായ വീട്ടമ്മ. പൊന്നുവിളഞ്ഞ ഭൂമിയിൽനിന്ന് സുവർണകാലം മാഞ്ഞുപോവുന്നതിന്റെ വേദന അവരുടെ വാക്കുകളിൽ വിറകൊള്ളുന്നുണ്ടെങ്കിലും കുടിയേറ്റകാലത്ത് മണ്ണിലധ്വാനിച്ച് പടുത്തുയർത്തിയ പാരമ്പര്യം കൈവിടാതെ ഈ നാട് അതിന്റെ പ്രതിസന്ധികളെ മറികടക്കുമെന്ന ആത്മവിശ്വാസവും അതിലൊരുപോലെ തുടിക്കുന്നു.
(അവസാനിച്ചു)
Content Highlights: Pulpally the land of black gold, climate change, livelihood vulnerability
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..