കബനീ നദി |ഫോട്ടോ: എം.വി. സിനോജ്
വയനാട്ടിലെ കബനീനദീതടത്തിൽ നിന്നുള്ള 21 ടി.എം.സി. വെള്ളം ഉൾപ്പെടെ 30 ടി.എം.സി. വെള്ളം കാവേരി ജലതർക്ക ട്രിബ്യൂണൽ കേരളത്തിന് അനുവദിച്ചിട്ട് പന്ത്രണ്ടുവർഷം കഴിഞ്ഞെങ്കിലും ഇതുപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. കബനീനദി ഒഴുകുന്ന പുല്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ വരൾച്ചയുടെ പിടിയിലായിട്ടും ഇക്കാര്യത്തിൽ കാര്യമായ ഇടപെടലുണ്ടായില്ല.
കടമാൻതോടിൽ അണകെട്ടി വെള്ളം ഉപയോഗിക്കാൻ പദ്ധതിയുണ്ടെങ്കിലും ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശത്ത് വലിയ തോതിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നതിനാൽ ഇതേക്കുറിച്ച് ഒരുഭാഗത്ത് ആശങ്കയും പ്രതിഷേധവുമുണ്ട്. പാരിസ്ഥിതികമായ ആശങ്കകളും നിലനിൽക്കുന്നു. ഇക്കാര്യത്തിലൊന്നും വ്യക്തതവരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വലിയ പദ്ധതികളല്ല, സൂക്ഷ്മ ജലസേചന പദ്ധതികളാണ് ആവശ്യമെന്ന വാദവും ഉയരുന്നുണ്ട്.
കബനീതടത്തിലെ വെള്ളത്തിന്റെ വിഹിതം വിനിയോഗിക്കാൻ ബാണാസുരസാഗർ ഡാം, കാരാപ്പുഴ ജലസേചനപദ്ധതി എന്നിവമാത്രമാണ് വയനാട്ടിലുള്ളത്. ഇവയ്ക്ക് 3.64 ടി.എം.സി. വെള്ളം ഉപയോഗിക്കാനുള്ള ശേഷിയാണുള്ളത്. കൂടാതെ, ജില്ലയിൽ ഏകദേശം 75,000 കിണറുണ്ട്. ആയിരത്തിൽപ്പരം വലിയ കുളങ്ങളും അഞ്ഞൂറിലേറെ ചെറുതും വലുതുമായ തടയണകളും. എല്ലാം ചേർന്നാലും പരമാവധി 5.5 ടി.എം.സി. വെള്ളം മാത്രമാണ് സംഭരിക്കാനാവുക.
പിടിപ്പുകേടിന്റെ കഥകൾ
94 ടി.എം.സി. വെള്ളം കബനിയിലേക്ക് ഒഴുകുന്നുവെന്ന പഴയ കണക്കുപ്രകാരമാണ് കേരളത്തിന് 21 ടി.എം.സി. വെള്ളം അനുവദിച്ചത്. മഴ പെയ്തുവീഴുന്നതിന്റെ 53 ശതമാനം പുറത്തേക്കൊഴുകുന്നുവെന്ന നീരൊഴുക്ക് ഗുണാങ്കപ്രകാരമാണിത് കണക്കാക്കിയത്. എന്നാൽ, വയനാട്ടിൽ വയലുകളുൾപ്പെടെയുള്ള സംഭരണ മേഖലകൾ തരംമാറ്റപ്പെട്ടതിനാൽ 70 ശതമാനം പുറത്തേക്കൊഴുകുന്ന സാഹചര്യമാണിപ്പോഴുള്ളത്. 110 ടി.എം.സി.യോളം വെള്ളം ഇപ്പോൾ പുറത്തേക്കൊഴുകുന്നുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. കടമാൻതോടിൽനിന്ന് ഒഴുകുന്ന വെള്ളം ഇപ്പോൾ പ്രയോജനപ്പെടുന്നത് ബീച്ചനഹള്ളി അണക്കെട്ടിലൂടെ കർണാടകയ്ക്കാണ്. 3,45,729 ഹെക്ടർ സ്ഥലത്ത് ജലസേചനം, രണ്ട് വൈദ്യുതനിലയങ്ങൾ, മൈസൂരു, ബെംഗളൂരു നഗരങ്ങളിൽ കുടിവെള്ളം എന്നിവയ്ക്ക് അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുമ്പോൾ കബനി അരപ്പട്ടയായ മുള്ളൻകൊല്ലി, പുല്പള്ളി പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ ഉണങ്ങി നശിച്ച് വിണ്ടുകീറിക്കിടക്കുകയാണ്.
കാവേരി വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണൽ കബനി സബ്ബേസിൽനിന്ന് കേരളത്തിന് അനുവദിച്ച 21 ടി.എം.സി. ജലം ഉപയോഗപ്പെടുത്തുന്നതിനുള്ള ഒമ്പതു പദ്ധതികൾക്ക് വയനാട് കബനി സബ് ബേസിൻ പ്രോജക്ട്സ് രൂപം നൽകിയിരുന്നു. ഇതിന്റെ ഒന്നാം ഘട്ടമാണ് നൂൽപ്പുഴ, കടമാൻതോട്, ചുണ്ടാലിപ്പുഴ, തൊണ്ടാർ പദ്ധതികൾ.
കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്നുനദികളിൽ ഏറ്റവും വലുതാണ് കബനി. പനമരം, ബാവലി, മാനന്തവാടി പുഴകൾ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ നീരൊഴുക്കുകളുടെ ആകത്തുകയാണിത്. 210 കിലോമീറ്ററാണ് കബനിയുടെ നീളം. ഇതിൽ 56 കിലോമീറ്ററാണ് വയനാട്ടിലൂടെ ഒഴുകുന്നത്. കാവേരി നദീതടത്തിലേക്ക് കേരളം സംഭാവനചെയ്യുന്ന 147 ടി.എം.സി. ജലത്തിൽ 96 ടി.എം.സി.യും നൽകുന്നത് കബനിയാണ്. 2007-ലെ കാവേരി നദീജല ട്രിബ്യൂണൽ വിധിപ്രകാരം തമിഴ്നാടിന് 419 ടി.എം.സി.യും കർണാടകയ്ക്ക് 270 ടി.എം.സി.യും കേരളത്തിന് 30 ടി.എം.സി.യും പുതുച്ചേരിക്ക് ഏഴ് ടി.എംസി. ജലവുമാണ് അനുവദിച്ചിട്ടുള്ളത്. കേരളത്തിന് ലഭിക്കുന്ന 30ൽ 21 ടി.എം.സി.യും കബനിയുടെ വൃഷ്ടിപ്രദേശത്ത് സംരക്ഷിക്കണമെന്നാണ് വിധിയിൽ പറയുന്നത്. ആറ്് ടി.എം.സി. ഭവാനിപ്പുഴയുടെ തീരത്തും മൂന്നു ടി.എം.സി. പാമ്പാർ തടത്തിലും ഉപയോഗപ്പെടുത്തണം.
(തുടരും)
Content Highlights: Pulpally the land of black gold, climate change, livelihood vulnerability
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..