കൊളവള്ളിയിൽ കബനീ നദിയുടെ വരണ്ടുണങ്ങി വിണ്ടുകീറിയ കരയിലൂടെ കുടിവെള്ളവുമായി ആദിവാസി സ്ത്രീകൾ | ഫോട്ടോ: എം.വി. സിനോജ്
തൊണ്ണൂറുകളുടെ അവസാനംമുതല്‍ പ്രകടമായ കാലാവസ്ഥാ വ്യതിയാനമാണ് പുല്‍പള്ളിയെ തകര്‍ത്തുകളഞ്ഞത്. ഡക്കാന്‍ പീഠഭൂമി പ്രദേശത്തെ കാലാവസ്ഥ നീലഗിരി ജൈവമണ്ഡലത്തിലേക്ക് കടന്നുകയറുന്നത് ആദ്യം പ്രകടമായത് പുല്പള്ളിയിലാണ്. തൊണ്ണൂറുകളുടെ അവസാനം കടുത്ത വരള്‍ച്ച അനുഭവപ്പെട്ടുതുടങ്ങി. കബനിയും വറ്റി. ഇതോടെ കൃഷി പൂര്‍ണമായും നശിച്ചു. വരുമാനമില്ലാത്ത കര്‍ഷകര്‍ തോട്ടങ്ങളിലെ മരങ്ങള്‍ വെട്ടിവിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്താന്‍ തുടങ്ങി. മരങ്ങള്‍ മുറിച്ചുമാറ്റിയതോടെ കര്‍ണാടകത്തില്‍നിന്നുള്ള ചൂടുകാറ്റ് തീവ്രമായി കടന്നുവന്നു. വയനാട്ടിലെ മറ്റിടങ്ങളില്‍ പെയ്യുന്ന മഴയുടെ ചെറിയൊരു ശതമാനം മാത്രമാണ് ഇപ്പോഴും ഈ ബെല്‍റ്റില്‍ കിട്ടുന്നത്. എന്നാലും രണ്ടു പ്രളയങ്ങളും ഈ മേഖലയിലെ കൃഷിയെ ബാധിച്ചു. മഴയെ അടിസ്ഥാനമാക്കി വയനാടിനെ നാലുമേഖലകളാക്കി തിരിച്ചാല്‍ ഏറ്റവും കുറച്ച് മഴകിട്ടുന്ന നാലാം മേഖലയിലാണ് മുള്ളന്‍കൊല്ലിയും പുല്പള്ളിയും. ഒന്നാം സോണില്‍പ്പെടുന്ന ഹൈറേഞ്ച് മേഖലകളില്‍ കിട്ടുന്ന മഴയെ അപേക്ഷിച്ച് 2500 മില്ലീമീറ്ററിന്റെ കുറവാണ് ഓരോവര്‍ഷവും രേഖപ്പെടുത്തപ്പെടുന്നത്. ആദ്യത്തെ സോണില്‍ 4000 മില്ലീമീറ്റര്‍ മഴ കിട്ടുമ്പോള്‍ നാലാം സോണില്‍ കിട്ടുന്നത് പരമാവധി 1500 മില്ലീമീറ്റര്‍ മാത്രമാണ്.
ചെറിയ കാലയളവില്‍ ഇത്രയധികം വിളമാറ്റം നടന്ന പ്രദേശം രാജ്യത്തുതന്നെ വേറെയുണ്ടാവില്ലെന്ന് ഇവിടത്തെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും ഭൂവിനിയോഗത്തെക്കുറിച്ചും പഠിച്ച മുന്‍ ജില്ലാമണ്ണുസംരക്ഷണ ഓഫീസര്‍ പി.യു. ദാസ് പറഞ്ഞു. 1940-'50കളിലാണ് ഈ മേഖലയിലേക്കുള്ള കുടിയേറ്റം കാര്യമായി തുടങ്ങിയത്. വാറ്റുപുല്ലും കപ്പയും കാപ്പിയുമായിരുന്നു ആദ്യകാലത്തെ കൃഷി. '70-കളില്‍ ഇത് കുരുമുളകിലേക്കു മാറി. ഇതോടെ കാപ്പിച്ചെടികളും മറ്റു തണല്‍മരങ്ങളും മുറിച്ചുമാറ്റുന്ന പ്രവണതയും തുടങ്ങിയെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വൃക്ഷങ്ങളുടെ മേല്ച്ചാര്ത്തിന്റെ സാന്ദ്രത കുറഞ്ഞതോടെ സൂര്യപ്രകാശം നേരിട്ട് മണ്ണില്പ്പതിക്കാന് തുടങ്ങി. ക്രമേണ മണ്ണിന്റെ ജൈവാംശവും വളക്കൂറും നഷ്ടമായിത്തുടങ്ങി. സൂക്ഷ്മജീവികള്‍ കുറഞ്ഞു. മഴയും കുറഞ്ഞതോടെ മണ്ണ് വരണ്ടു. ഈ മേഖലയില്‍നിന്ന് കര്‍ണാടക അതിര്‍ത്തിയിലേക്ക് 16 കിലോമീറ്ററാണ്. ഇതില്‍ നാലുകിലോമീറ്റര്‍ വെട്ടത്തൂര്‍ വനമാണ്. ബാക്കിസ്ഥലം തുറന്നുകിടക്കുന്നു. കബനീനദിയിലെത്തുന്ന ഈ ദൂരത്തെ മരങ്ങള്‍ ഏതാണ് പൂര്‍ണമായും നഷ്ടമായി.
ഇടതൂര്‍ന്ന മുളങ്കാടുകളും നഷ്ടമായതോടെ ഡക്കാന്‍ പീഠഭൂമി പ്രദേശത്തുനിന്നുള്ള ചുടുകാറ്റ് ഒരു തടസ്സവുമില്ലാതെ കടന്നുകയറാന്‍ തുടങ്ങി. ഇതോടെ അന്തരീക്ഷം വരണ്ടുണങ്ങി. പ്രദേശത്തോടുചേര്ന്നുള്ള തേക്ക് പ്ലാന്റേഷനുകളും വരള്‍ച്ചയെയും മണ്ണിന്റെ ഘടനാമാറ്റത്തെയും ത്വരപ്പെടുത്തി. പ്രദേശത്ത് ധാരാളമുണ്ടായിരുന്ന തലവയലുകളും തലക്കൊല്ലികളും ചതുപ്പും ഇതേ സമയത്തുതന്നെ ക്രമാനുഗതമായി കുറഞ്ഞുവന്നു. നെല്‍വയലുകളിലെ വാഴക്കൃഷിയും കമുകുകൃഷിയും ജലശോഷണത്തെ തീവ്രമാക്കുകയും ചെയ്തു. ഉറവകളടഞ്ഞതോടെ നീര്‍ച്ചാലുകള്‍ വരണ്ടു. ഒരു ചതുരശ്ര കിലോമീറ്ററിന് 2.5 കിലോമീറ്റര്‍ എന്നതാണ് ഈ മേഖലയിലെ നീര്‍ച്ചാലുകളുടെ സാന്ദ്രത. കബനീനദിയിലേക്കുള്ള ഒഴുക്കുവഴിയിലെ അവസാനപ്രദേശമാണ് പുല്പള്ളിയും മുള്ളന്‍കൊല്ലിയും. കിട്ടുന്ന മഴവെള്ളം ചെറിയദൂരം സഞ്ചരിച്ച് അതിവേഗം കബനിയിലെത്തുന്നതിനിടയില് തങ്ങിനില്ക്കാനുള്ള ഇടങ്ങള്‍ തീരെ കുറവാണ്. ഈര്‍പ്പമില്ലെങ്കില്‍ അതിവേഗം വരണ്ടുണങ്ങുന്നതാണ് ഈ അതിര്‍ത്തിമേഖലയിലെ കറുത്തമണ്ണ്. അത് വിളകളുടെ വേരുപടലത്തെ അപകടകരമായി ബാധിച്ചു. ഇതോടെ പലതും കൃഷിചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഇവിടത്തെ മണ്ണിനെ മാറ്റിയതായി പി.യു. ദാസ് പറയുന്നു. സൂക്ഷ്മതല ജലസേചനപദ്ധതികള്‍ മാത്രമാണ് ഇവിടെ ഇനി പരിഹാരമെന്നും അദ്ദേഹം പറയുന്നു.
മണ്ണിന് സ്വാഭാവികമായി 25 ശതമാനം ഈര്‍പ്പം വേണ്ടിടത്ത് ഇവിടത്തെ പരിശോധനകളില്‍ കണ്ടെത്തിയത് ആറുശതമാനം മാത്രമാണ്. ഓര്‍ഗാനിക് കാര്‍ബണ്‍ ഒരു ടണ്ണിന് അഞ്ചു കിലോഗ്രാം വേണ്ടിടത്ത് 800 മുതല്‍ 1.3 കിലോഗ്രാം മാത്രമാണ് ഇവിടെയിപ്പോഴുള്ളത്.
.jpg?$p=95c9f93&&q=0.8)
ആദ്യകാല സിനിമാ തിയേറ്ററായ ജോസ്
കാണാനുണ്ടോ കുരുമുളക്
കുരുമുളക് വിറ്റശേഷം എടുത്ത ലോണിന്റെ വാര്‍ഷിക തിരിച്ചടവായിരുന്നു പുല്പള്ളിയുടെ ശീലം. മാര്ച്ചുമാസമാവുമ്പോഴേക്ക് ഇവിടത്തെ സര്‍വീസ് സഹകരണ ബാങ്കിന്റെ ശാഖ ഉത്സവപ്പറമ്പുപോലെയാവും. വായ്പ തിരിച്ചടയ്ക്കാനെത്തിയ കര്‍ഷകരെക്കൊണ്ട് ബാങ്കിന് ശരിക്കും വീര്‍പ്പുമുട്ടും. അത്ര കൃത്യമായി സാമ്പത്തിക അച്ചടക്കം പാലിച്ച സമൂഹമായിരുന്നു ഇവിടത്തേത്. കൃഷി നശിച്ച് കടംകയറി ബാങ്കുകളുടെ കുടിയിറക്കുഭീഷണി നേരിടുന്ന വിധിവൈപരീത്യത്തിനു മുന്നിലാണിപ്പോള്‍ ഇതേ കര്‍ഷകരും പിന്മുറക്കാരും.
കുരുമുളകുവിലയുടെ ബലത്തിലാണ് പുല്പള്ളിക്കാര് വീടുണ്ടാക്കാനും കുട്ടികളെ പഠിപ്പിക്കാനും മുന്‍പിന്‍ നോക്കാതെ വായ്പയെടുത്തത്. 2004 മുതല്‍ 2010 വരെ പുല്പള്ളിയിലെ ഒരു ദേശസാത്കൃതബാങ്ക് വിദ്യാഭ്യാസ വായ്പയായി നല്‍കിയത് ഏഴുകോടി രൂപയാണ്. ഇത് സംസ്ഥാനത്തുതന്നെ ഒരു ബാങ്ക് ശാഖ നല്കിയ കൂടിയ വായ്പത്തുകയായിരിക്കുമെന്നാണ് കരുതുന്നത്. പ്രതിസന്ധി പെരുകുകയും കടം കുമിയുകയും ചെയ്തതോടെ ബാങ്കുകളും പുല്‍പള്ളിയെ കൈവിട്ടു. 1986-നുശേഷം ഒരു പൊതുമേഖലാ ബാങ്കും ഇവിടെ ശാഖ തുറന്നിട്ടില്ല.
കുരുമുളകുകൃഷിയിലെ വരുമാനം ഉപയോഗിച്ച് മറ്റു കൃഷികളിലേക്കിറങ്ങിയവര്ക്കും പിന്നെ കൈപൊള്ളി. കര്‍ണാടകയില്‍ സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷിചെയ്ത കര്‍ഷകരും വിലത്തകര്ച്ചകാരണം കടത്തില്‍ കുടുങ്ങിയെന്ന് കോളറാട്ട്കുന്നിലെ ജോസഫ് പറഞ്ഞു. ജോസഫിനെപ്പോലെ ബാങ്കിന്റെ നോട്ടീസ് കിട്ടിയ സീതാമൗണ്ടിലെ പുഞ്ചക്കല്‍ ജോസഫ് ബാങ്കിലെ ബാധ്യതതീര്‍ക്കാന്‍ സ്ഥലം വില്ക്കാന് ആലോചിച്ചെങ്കിലും ആര്‍ക്കും വേണ്ടാത്ത അവസ്ഥയായതോടെ ആ ശ്രമം ഉപേക്ഷിച്ചു. നേരത്തേ 40 ലക്ഷംവരെ വിലപറഞ്ഞ സ്ഥലം ഇപ്പോള്‍ 20 ലക്ഷത്തിനുപോലും ആര്‍ക്കും വേണ്ടെന്ന് അദ്ദേഹം പറയുന്നു. പറമ്പില്‍ പണിയെടുപ്പിക്കാന്പോലും കൈയില്‍ പണമില്ല. ഒരേക്കര്‍ ഭൂമിക്ക് നികുതിയടയ്ക്കാന്‍ 220 രൂപ വേണം. അതുപോലും പ്രയാസമാണ്. കാലാവസ്ഥയെ മാത്രം ആശ്രയിച്ചാണ് ഇപ്പോഴും കൃഷി. കബനി വറ്റിത്തുടങ്ങിയതോടെയാണ് തങ്ങളുടെ കഷ്ടകാലം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
മാറിയ കാലാവസ്ഥയും മണ്ണും വെല്ലുവിളിച്ചുതുടങ്ങിയതോടെ പിടിച്ചുനില്‍ക്കാനായി 2003-2004 കാലത്തോടെ മിക്കവരും പശുക്കളെ വളര്‍ത്താന്‍ തുടങ്ങി. എല്ലാവീട്ടിലും പശുക്കളായി. 2013-'14 കാലത്ത് പുല്പള്ളിയില് 22,000 ലിറ്റര്‍വരെ പാലളന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ അഞ്ചും പുല്പള്ളിയില് ഒരു ക്ഷീരോത്പാദക സഹകരണ സംഘവുമാണിന്നുള്ളത്. പാലുവിറ്റും പിടിച്ചുനില്ക്കാന് പറ്റാതായതോടെ ഇപ്പോള്‍ മിക്കവരും പശുക്കളെയും വിറ്റു. എല്ലാവീട്ടിലും ഒരു പശുവെന്ന നിലമാറി ഇപ്പോള്‍ പത്തുവീട്ടില്‍ ഒരു പശുവായി.
(തുടരും)
Content Highlights: Pulpally the land of black gold, climate change, livelihood vulnerability
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..