ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജീപ്പുണ്ടായിരുന്ന ഗ്രാമം; തലവര മാറി പുല്‍പ്പള്ളി


എ.കെ. ശ്രീജിത്ത്

കാലാവസ്ഥാവ്യതിയാനം ഒരു കുടിയേറ്റ കാര്‍ഷികഗ്രാമത്തെ സാമ്പത്തികമായും സാമൂഹികമായും എങ്ങനെ തകര്‍ത്തു എന്നറിയാന്‍ വയനാട്ടിലെ പുല്പള്ളിയിലേക്ക് വന്നാല്‍മതി. ഒരുകാലത്ത് ജീവിക്കാനായി കുടിയേറിയവര്‍ ഇന്ന് തിരിച്ചിറങ്ങുകയാണ്... ജീവിക്കാനായി മറുനാടുകളിലേക്ക് ചേക്കേറുകയാണ്...

പ്രതീകാത്മക ചിത്രം

1987; മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനി മാനേജിങ് ഡയറക്ടര്‍ 1987-ല്‍ വയനാട്ടിലെ പുല്പള്ളിയിലെത്തി. പുല്പള്ളി എങ്ങനെ ഇന്ത്യയില്‍ത്തന്നെ ഏറ്റവുംകൂടുതല്‍ ജീപ്പുള്ള ഗ്രാമമായി എന്ന കൗതുകമന്വേഷിച്ചായിരുന്നു ആ സന്ദര്‍ശനം. അതിനു പിന്നിലുണ്ടായിരുന്നത് വലിയ രഹസ്യമൊന്നുമല്ല, മണ്ണില്‍ അവര്‍ വിളയിച്ച കറുത്തപൊന്നായിരുന്നു കാര്യം. പുല്പള്ളിയില്‍നിന്ന് കുരുമുളക് വില്‍ക്കാന്‍പോയാല്‍ മഹീന്ദ്രയുടെ പുത്തന്‍ ജീപ്പുമായി മടങ്ങിവരാമെന്നൊരു ചൊല്ലുപോലുമുണ്ടായിരുന്നു. എണ്‍പതുകളില്‍ 2500 ജീപ്പുകളെങ്കിലും പുല്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ നാട്ടുവഴികളില്‍ ഓടിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ആ കാലത്തിന്റെ സ്മാരകമായി ഇന്ന് വയനാട്ടില്‍ ഏറ്റവുംനല്ല ഗ്രാമീണറോഡുകളുള്ള ഗ്രാമപ്പഞ്ചായത്തുകളാണ് പുല്പള്ളിയും മുള്ളന്‍കൊല്ലിയും.

ആ കാലത്ത് കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഇവിടെനിന്നാണ് ജീപ്പുകള്‍ കൊണ്ടുപോയിരുന്നതെന്നതും ഇവിടത്തുകാരുടെ ഓര്‍മയിലെ കൗതുകമാണ്.

കുരുമുളക് ഒരുനാടിനുണ്ടാക്കിയ പെരുമയാണത്. പുല്പള്ളി മരകാവ് ജങ്ഷനിലെ ജോസ് വട്ടമറ്റത്തിന് തന്റെ തോട്ടത്തില്‍നിന്ന് 100 ക്വിന്റല്‍ കുരുമുളക് പറിച്ചെടുത്തുവിറ്റത് ഓര്‍മയുണ്ട്. കറുത്തപൊന്നിന്റെ സുവര്‍ണകാലത്താണത്. ഏഴരയേക്കറിലാണ് ജോസിന്റെ കൃഷി. 1985 കാലത്തൊക്കെ ഒരേക്കറില്‍നിന്ന് 15 ക്വിന്റല്‍വരെ കിട്ടിയിരുന്നു. പുല്പള്ളിയുടെയും സുവര്‍ണകാലമായിരുന്നു അത്.

2022; ഇന്ന് അതൊന്നുമല്ല കഥ. ഇക്കൊല്ലം ജോസിന്റെ തോട്ടത്തില്‍നിന്നു കിട്ടിയത് 35 കിലോഗ്രാം കുരുമുളകാണ്. കാലാവസ്ഥ മാറിയതോടെയാണ് കൃഷി നശിച്ചുതുടങ്ങിയതെന്ന് ജോസ്. രണ്ടായിരത്തിനുശേഷം അനുഭവപ്പെട്ടുതുടങ്ങിയ കടുത്ത ചൂടും വരള്‍ച്ചയുമാണ് പുല്പള്ളിയുടെ തലവര മാറ്റിയത്.

കാലാവസ്ഥാവ്യതിയാനത്തിനൊപ്പം ദ്രുതവാട്ടംപോലുള്ള രോഗങ്ങള്‍ തോട്ടങ്ങളില്‍ പടര്‍ന്നുപിടിച്ചു. കുരുമുളകുകൃഷി പൂര്‍ണമായി നശിച്ചതോടെ പുല്പള്ളിയിലെ കുടിയേറ്റക്കര്‍ഷകരെല്ലാം കനത്തപ്രതിസന്ധിയിലായി. കടംകേറി നില്‍ക്കക്കള്ളിയില്ലാതായതോടെ വീട്ടുനികുതിപോലും മിക്കവര്‍ക്കും അടയ്ക്കാനാവുന്നില്ല.

ഒരുകാലത്ത് മണ്ണില്‍ കറുത്തപൊന്ന് വിളയിക്കാന്‍ കുടിയേറിയവര്‍ ഇന്ന് ജീവിക്കാന്‍ വഴിതേടി യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്‍പ്പെടെ കുടിയേറാനുള്ള ശ്രമത്തിലാണ്. രണ്ടുപഞ്ചായത്തുകളില്‍നിന്ന് ഒട്ടേറെ സ്ത്രീകള്‍ ഇപ്പോള്‍ത്തന്നെ ഇസ്രയേല്‍പോലുള്ള രാജ്യങ്ങളിലേക്ക് വീട്ടുജോലിക്കായി പോയിട്ടുണ്ട്.

ഉള്ളതെല്ലാം വിറ്റുപെറുക്കി മക്കളെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കെത്തിക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നത്.

കാലാവസ്ഥ മാറി പുല്‍പ്പള്ളിയുടെ തലവരയും

വയനാട്ടിലെ ഏറ്റവും സമ്പന്നമായ കുടിയേറ്റ ഗ്രാമമായിരുന്നു പുല്പള്ളി. 1982 മുതൽ 95 വരെയുള്ള കാലം കുരുമുളകുകൃഷിയിൽനിന്നുള്ള വരുമാനമാണ് ഈ ഗ്രാമത്തിന്റെ സാമ്പത്തിക അടിത്തറ രൂപപ്പെടുത്തിയത്. കുരുമുളക് പറിക്കാനായി മാത്രം തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും ഇടുക്കിയിൽ നിന്നുമുൾപ്പെടെ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികൾ ഇവിടെ വന്ന് തമ്പടിച്ചിരുന്നു.

ശരാശരി ഒരേക്കറിൽ 15-20 ക്വിന്റൽ വരെയായിരുന്നു 1985-’86 കാലത്ത് പുല്പള്ളിയിലെ കുരുമുളക് ഉത്പാദനം. 1978-ൽ ക്വിന്റലിന് 475 രൂപയുണ്ടായിരുന്ന വില 1985-ൽ 5000 രൂപയിലെത്തിയതോടെയാണ് പുല്പള്ളിയുടെ തലവര തെളിഞ്ഞതെന്ന് കർഷകനായ ജോസ് പറയുന്നു. കൊച്ചിയായിരുന്നു അന്ന് കുരുമുളകു വണ്ടികളുടെ ലക്ഷ്യം. വയനാടൻ ചുരമിറങ്ങുന്ന ലോറികൾ പോകുന്ന വഴിയിലൊക്കെ കുരുമുളകിന്റെ മണം പരത്തിയതും അന്നത്തെ തലമുറയുടെ സുഗന്ധമുള്ളൊരോർമ.

കുരുമുളകുകൊടിയിൽ കണ്ണുംപൂട്ടി വിശ്വസിച്ച് കാർഷിക, വിദ്യാഭ്യാസ, വായ്പകളെടുത്തവരെല്ലാം പിന്നീട്‌ കടത്തിലായി. സുവർണകാലത്ത് കെട്ടിപ്പൊക്കിയ വലിയ മനോഹരമായ വീടുകൾ പുല്പള്ളിയിലെ ഏതുൾനാടൻവഴിയിലും കാണാം. ഇപ്പോൾ ഒന്നു പെയിന്റടിക്കാൻ വിചാരിച്ചാൽ പറ്റുന്നില്ലെന്ന് അതുപോലൊരു വീട്ടിലെ സ്വീകരണമുറിയിലിരുന്ന് കോളറാട്ടുകുന്ന് ചാരുവേലിൽ തോമസ് പറയുന്നു. വായ്പയെടുത്തും അല്ലാതെയും വലിയ വീടുകളുണ്ടാക്കിയ മിക്കവരുടെയും അവസ്ഥ ഇതുതന്നെയാണ്. ധനകാര്യസ്ഥാപനങ്ങളിൽനിന്നും മറ്റും ജപ്തിനടപടികൾക്കെത്തുന്നവർ വലിയ വീടുകൾ കാണുന്നതോടെ തെറ്റിദ്ധരിച്ച് കണ്ണിൽച്ചോരയില്ലാതെയാണ് പെരുമാറുന്നതെന്നും തോമസ് പറയുന്നു.

കുടിയേറ്റത്തിന്റെ കഥ

1940-കളിലാണ് തിരുവിതാംകൂറിൽനിന്ന് പുല്പള്ളിയിലേക്കുള്ള കുടിയേറ്റം തുടങ്ങിയത്. അതുവരെ ഹ്രസ്വകാല വിളകളിൽ ജീവിതം പുലർത്തിയവർ 1973-ൽ ഭൂമിക്ക് പട്ടയം കിട്ടിയതോടെയാണ് കുരുമുളകുപോലുള്ള ദീർഘകാല വിളകളിലേക്ക് മാറിത്തുടങ്ങിയത്. പുല്പള്ളി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി അങ്ങനെ കുടിയേറ്റകർഷകരുടെ പൊന്നുവിളയുന്ന മണ്ണായി. എഴുപതുകളിൽ ഇവിടത്തെ കറുത്ത മണ്ണിൽ കുരുമുളക് വേരുപിടിച്ചതോടെ പുല്പള്ളിയിൽ പൊന്നുവിളഞ്ഞു. ആ കാലത്താണ് പുല്പള്ളിയിൽ വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നത്. ഒക്ടോബറോടെ കുരുമുളക് പറിക്കാനായി തൊഴിലാളികൾ ഇങ്ങോട്ടൊഴുകിത്തുടങ്ങും. കെട്ടിടനിർമാണത്തിനായും ധാരാളം പേരെത്തി.

തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു ഏറെയും. തഞ്ചാവൂർ, വേളാങ്കണ്ണി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് തമിഴരേറെയെത്തിയത്. തൊഴിലാളികൾക്കായി സ്വാഗത്, ജോസ് ടാക്കീസുകളിൽ പ്രത്യേക സിനിമാപ്രദർശനങ്ങൾ അക്കാലത്ത് പതിവായിരുന്നു. സ്വാഗത് തിയേറ്ററിൽ അന്ന് 500 പേർക്കാണ് ഇരുന്നു സിനിമകാണാനാവുക. ഒരുരൂപമുതൽ നാലു വരെയൊക്കെയായിരുന്നു ടിക്കറ്റ് നിരക്ക്. നവംബർമുതൽ ജനുവരിവരെ തിയേറ്റർ ഒരു പൂരപ്പറമ്പായിരുന്നെന്ന് ഉടമ ടോമി മാത്യു. ജോസിലും അതുതന്നെ അവസ്ഥ. 500 പേരിൽ 450 പേരും തമിഴ്നാട്ടുകാരായിരുന്നു. സീറ്റ് തികയാത്തതിനാൽ ഒരുപാടുപേർ നിന്നുതന്നെ കാണും. സ്വാഗത് തിയേറ്റർ ഇപ്പോഴില്ല. ജോസും അടഞ്ഞുകിടക്കുന്നു.

തമിഴ്നാട്ടിൽനിന്ന് പണിക്കുവന്നവരിൽ കുറെ പ്പേർ പിന്നെ തിരിച്ചുപോയില്ല. അവരൊത്തുകൂടി താമസിച്ച മീനംകൊല്ലി കാലംചെന്നപ്പോൾ ഒരു തമിഴ് സെറ്റിൽമെന്റുതന്നെയായി. ഒരു പഞ്ചായത്ത് വാർഡിൽ ആരു ജയിക്കണമെന്ന് തീരുമാനിക്കാനുള്ള അംഗബലം ഈ സെറ്റിൽമെന്റിനുണ്ടായിരുന്നെന്ന് പുല്പള്ളിയിലെ മാധ്യമപ്രവർത്തകനായ കെ.ആർ. സതീശൻ നായർ പറയുന്നു. കാർഷികമേഖല തകരാൻ തുടങ്ങിയതോടെ ഈ കുടിയേറ്റക്കാരിലെ പുതുതലമുറ തമിഴ്നാട്ടിലേക്കുതന്നെ തിരിച്ചുപോവാൻ തുടങ്ങി. ഒരുപക്ഷേ, പുല്പള്ളിയിൽനിന്നുള്ള ആദ്യത്തെ കുടിയിറക്കവും ഇതുതന്നെയാവും.

ഒരു നാടാകെ കടത്തില്‍

പുല്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ 3500 പേരെങ്കിലും സർഫാസി (സെക്യൂരിറ്റൈസേഷൻ ആൻഡ് റീ കൺസ്ട്രക്‌ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട്) പ്രകാരം ജപ്തിനടപടികൾ നേരിടുന്നുണ്ടെന്നാണ് ഫാർമേഴ്സ് റിലീഫ് ഫോറം പോലുള്ള കർഷകസംഘടനകൾ പറയുന്നത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെ ഈ വർഷം ജനുവരിമുതലാണ് സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾ ജപ്തിനടപടിയിലേക്ക് കടന്നത്.

നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെ വന്ന മൊറട്ടോറിയം പ്രഖ്യാപനം സത്യത്തിൽ ചതിക്കുഴിയായിരുന്നെന്ന് ജപ്തിനോട്ടീസ് കിട്ടിത്തുടങ്ങിയപ്പോഴാണ് വായ്പയെടുത്തവർക്ക് മനസ്സിലായത്. സർക്കാരിന്റെ മൊറട്ടോറിയം പ്രഖ്യാപനം ആർ.ബി.ഐ. അംഗീകരിക്കാത്തതിനാൽ പ്രാബല്യത്തിൽ വന്നിരുന്നില്ല. പ്രതിഷേധം ഭയന്ന് പക്ഷേ, ആ കാലയളവിൽ ബാങ്കുകൾ നടപടികൾക്ക് മുതിർന്നിരുന്നില്ല. ഈ മാസങ്ങളിലെ തിരിച്ചടവു മുടങ്ങിയതോടെ പലിശയും പിഴപ്പലിശയും ചേർന്ന് വലിയബാധ്യത വായ്പക്കാർക്കു വന്നുചേരുകയും ചെയ്തു.

വയനാട് ജില്ലയിൽ മാത്രം 15,000 പേർക്കെങ്കിലും സർഫാസി നിയമപ്രകാരം നോട്ടീസ് കിട്ടിയിട്ടുണ്ടാവുമെന്നാണ് നിഗമനം. ഇതിനുപുറമേ ബ്ലേഡ് പലിശക്കാരും പുല്പള്ളി മേഖലയിൽ പിടിമുറുക്കുകയാണെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാചെയർമാൻ പി.എം. ജോർജ് പറഞ്ഞു. മിക്കവരും കടക്കെണിയിലാണെങ്കിലും മാനാഭിമാനം ഭയന്ന് പുറത്തുപറയാൻ മടിക്കുകയാണെന്നും അദ്ദേഹം. വരൾച്ച കടുത്ത 2000-ത്തിനുശേഷമാണ് ഇതിനുമുമ്പ് പുല്പള്ളി ഇതുപോലെ കാർഷിക, സാമൂഹിക മേഖലകളിൽ വലിയ പ്രതിസന്ധിയെ മുഖാമുഖം കണ്ടത്.

കടക്കെണിയിൽ കുടുങ്ങി 2002 മുതൽ 2004 വരെ പുല്പള്ളി പോലീസ് സർക്കിൾ പരിധിയിൽ 124പേർ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്. ഇതിൽ മിക്കവരും കർഷകരായിരുന്നു.

കടക്കെണിയിൽ കുടുങ്ങി ആത്മഹത്യകൾ പെരുകിയതോടെ രാഷ്ട്രീയഭേദമെന്യേ കർഷകർ സംഘടിക്കുന്നതിനും പുല്പള്ളി വേദിയായത് ഇക്കാലത്താണ്. എ.സി. വർക്കിയുടെ നേതൃത്വത്തിലുള്ള ഫാർമേഴ്സ് റിലീഫ് ഫോറം കർഷകരെ ചേർത്തുനിർത്തി സമരമുഖത്തെത്തിച്ചതോടെയാണ് പുല്പള്ളിയുടെ പ്രതിസന്ധി കുറെയൊക്കെ പുറംലോകത്തെത്തിയത്.

(തുടരും)

Content Highlights: Pulpally the land of black gold, climate change, livelihood vulnerability


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented