പ്രതീകാത്മക ചിത്രം
ലോകകപ്പ് മത്സരം നടക്കുന്ന ഖത്തറിലെ വേദികളിലൊന്നായ ഖലീഫ സ്റ്റേഡിയമാണ് സ്ഥലം. വീല്‍ചെയറിലുള്ളവര്‍ക്ക് സ്‌റ്റേഡിയത്തിന്റെ മുന്‍നിരകളിലിരുന്ന് കളി കാണാന്‍ അധികൃതര്‍ സ്ഥലമൊരുക്കിയിരിക്കുന്നു. സ്റ്റേഡിയത്തില്‍ മാത്രമല്ല, കളി കാണാനെത്തുന്ന വീല്‍ചെയറിലുള്ളവര്‍ക്ക് പാര്‍ക്കിങ് മുതല്‍ ഗ്യാലറി വരെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ എത്തിച്ചേരാം. സൗകര്യപ്രദമായ റാമ്പുകള്‍, വീല്‍ചെയറിലുള്ളവരെ സഹായിക്കാന്‍ നിരവധി വളണ്ടിയര്‍മാരും അവര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ചെയര്‍ സൗഹൃദമായ ടോയ്‌ലെറ്റും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വീല്‍ചെയറിലുള്ള നിരവധി പേരാണ് ലോകകപ്പ് കാണാന്‍ ഖത്തറിലെത്തിയിരിക്കുന്നത്. സ്റ്റേഡിയം മാത്രമല്ല, പൊതുസ്ഥലങ്ങളെല്ലാം വീല്‍ചെയര്‍ സൗഹൃദവും ഭിന്നശേഷി സൗഹൃദവുമാണ്. കൂടാതെ ഖത്തര്‍ എല്ലാ പൊതു ഇടങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങളും പരിഗണനയും നല്‍കുന്നുമുണ്ട്. ഖത്തര്‍ ലോകകപ്പിന്റെ അംബാസിഡര്‍ ഭിന്നശേഷിക്കാരനായ ഗാനിം അല്‍ മുഫ്താഹ് ആയിരുന്നു എന്നുകൂടി ഓര്‍ക്കുക. കാല്‍പന്ത് കളിയിലെ വിസ്മയങ്ങള്‍ മാത്രമല്ല ഖത്തര്‍ ലോകത്തിന് നല്‍കുന്നത്, ഭിന്നശേഷിക്കാര്‍ക്ക് നല്‍കേണ്ടുന്ന പരിഗണനയുടെ നല്ലൊരു മാതൃക കൂടിയാണ്.

ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുന്നതോടെ പുറംലോകത്തേക്കുള്ള വാതില്‍ എന്നന്നേക്കുമായി അടഞ്ഞുപോകുന്ന എത്രയോ മനുഷ്യരുണ്ട് നമുക്ക് ചുറ്റും. മറ്റെല്ലാവരേയും പോലെ സാമൂഹികജീവിതം വേണമെന്ന് ആഗ്രഹിക്കുമ്പോഴും കുടുംബത്തിനുള്ളില്‍ നിന്നുപോലും വിലക്കുകളുടേയും ചോദ്യങ്ങളുടേയും കടമ്പകള്‍ കടക്കേണ്ടവര്‍. കഷ്ടപ്പാടിനേയും അതിജീവിച്ച് സാഹസികമായി ഒരാള്‍ വീല്‍ചെയറില്‍ പൊതുഇടങ്ങളിലേക്കിറങ്ങിയാല്‍, പരസഹായമില്ലാതെ, പരസഹായമുണ്ടെങ്കില്‍ കൂടി അവര്‍ക്ക് എവിടെ വരെ എത്താന്‍ സാധിക്കും? വീല്‍ചെയര്‍ സൗഹൃദമായ എത്ര സ്ഥലങ്ങളാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്? രോഗമോ അപകടമോ കാരണം വീല്‍ചെയറിലേക്ക് ഒതുക്കപ്പെട്ടവരാണ് അവര്‍. മറ്റുള്ളവരെപ്പോലെ എല്ലാത്തരം അവകാശങ്ങളും പരിഗണനകളും അവര്‍ക്കും വേണം. എന്നാല്‍ അതുറപ്പാക്കേണ്ട നിയമങ്ങള്‍ പോലും പലപ്പോഴും കടലാസിലൊതുങ്ങുകയാണ്. അതേസമയം ദീര്‍ഘവീക്ഷണത്തോടെ മികച്ച മാതൃകകള്‍ നടപ്പാക്കുന്ന സ്ഥലങ്ങളും നമുക്ക് ചുറ്റുമുണ്ടെന്നത് ഒഴിവാക്കാന്‍ കഴിയാത്ത മറ്റൊരു യാഥാര്‍ഥ്യമാണ്.

#MyTrainToo... വിരാലി തുടക്കമിട്ട മുന്നേറ്റം
വീല്‍ചെയര്‍ ഉപയോഗിക്കുന്നവരുടെ ട്രെയിന്‍ യാത്ര എന്നുമൊരു ദുരിതമാണ്. പ്ലാറ്റ്‌ഫോമിന് ഏറെ മുകളിലുള്ള ട്രെയിനിലേക്ക് വീല്‍ചെയര്‍ പൊക്കിയെടുത്ത് വെയ്ക്കുക എന്നത് ശ്രമകരം തന്നെ. പലരും പോര്‍ട്ടര്‍മാരുടെ സഹായത്തോടെയാണ് ട്രെയിനിലേക്ക് കയറുന്നതും ഇറങ്ങുന്നതുമെല്ലാം. വിരാലി മോദി എന്ന ഭിന്നശേഷി അവകാശപ്രവര്‍ത്തക തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ഒരിക്കല്‍ പങ്കുവെച്ചതിങ്ങനെയാണ്, ' വെറുമൊരു ലഗേജ് ആയി മാത്രമാണ് ഭിന്നശേഷിക്കാരായ ആളുകളെ റെയില്‍വേയിലെ പല പോര്‍ട്ടര്‍മാരും കാണുന്നത് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. ട്രെയിനിലേക്ക് കയറ്റാനായി എടുത്തുയര്‍ത്തുന്നതിനിടെ നാല് തവണ തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടിവന്നതായാണ് വിരാലി പറയുന്നത്. ഇതിനെതിരേ ഓണ്‍ലൈനിലൂടെ അവള്‍ #MyTrainToo എന്ന പേരില്‍ ക്യാംപയിനും ആരംഭിച്ചിരുന്നു. ട്രെയിന്‍ യാത്ര എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാംപയിന് റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണന ലഭിച്ചു. തുടര്‍ന്ന് സുരേഷ് പ്രഭു കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെയാണ് രാജ്യത്തെ 500 റെയില്‍വേ സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് ട്രെയിനിലേക്ക് കയറാനുള്ള റാംപ് സൗകര്യം ഒരുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്ത് തന്നെ ആദ്യമായി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനാണ് ആദ്യമായി വീല്‍ചെയര്‍ ഉപയോക്താക്കള്‍ക്കായി പോര്‍ട്ടബിള്‍ റാംപ് സ്ഥാപിച്ചത്. 2017ലായിരുന്നു ഇത്.

എന്നോ വരാനിരിക്കുന്ന വീല്‍ചെയര്‍ സുഹൃത്തിന് വേണ്ടി വീട്ടില്‍ സ്ഥാപിച്ച ആ റാമ്പ്
വീല്‍ചെയര്‍ ഉപയോഗിക്കുന്നവരായി ഒരാള്‍ പോലുമില്ല നിലമ്പൂര്‍ സ്വദേശിയായ അനുമോളുടെ വീട്ടില്‍. യു.കെയില്‍ സ്‌പെഷ്യല്‍ ചൈല്‍ഡ് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അനുമോള്‍ നാട്ടില്‍ പുതിയ വീട് നിര്‍മിച്ചപ്പോള്‍ ആ വീട്ടില്‍ പക്ഷെ വീല്‍ചെയറുകള്‍ക്ക് പോകാന്‍ പറ്റിയ റാമ്പ് ഉണ്ടായിരുന്നു, വീല്‍ചെയര്‍ സൗഹൃദമായ ടോയ്ലെറ്റും അകത്തളവും ഉണ്ടായിരുന്നു. എപ്പോഴെങ്കിലും തന്റെ വീട്ടിലേക്ക് അതിഥിയായി എത്തിയേക്കാവുന്ന ഒരു വീല്‍ചെയര്‍ധാരിക്ക് വേണ്ടിയാണ് അനുമോള്‍ ഈ റാമ്പുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ഒരേപോലെ വന്നുപോകാവുന്ന ഒരു വീട്. ഇന്‍ക്ലൂസീവ് ആയ കാഴ്ചപ്പാട്.. മറ്റുള്ളവരില്‍ നിന്ന് അനുമോളേയും കുടുംബത്തേയും വേറിട്ട് നിര്‍ത്തുന്നത് ഈ ചിന്തയാണ്. വീല്‍ചെയറിലുള്ള സുബീന എന്ന കൂട്ടുകാരിയെ പരിചയപ്പെട്ടതും ആ പരിചയം സൗഹൃദത്തിലേക്കെത്തിയതുമാണ് റാമ്പ് സ്ഥാപിക്കുന്നതുവരെ എത്തിച്ചതെന്ന് അനുമോള്‍ പറഞ്ഞു. പിന്നീട് സുബീനയെപ്പോലെ നിരവധി സുഹൃത്തുക്കളും അനുമോളുടെ സൗഹൃദവലയത്തിലേക്കെത്തി. 'വീല്‍ചെയറിലായതിനാല്‍ പുറത്തിറങ്ങാനോ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനോ ഒന്നും കഴിയാറില്ലെന്ന് സുബീന പറഞ്ഞപ്പോഴാണ് സുബീനയെപ്പോലെയുള്ളവര്‍ക്ക് വേണ്ടി നമ്മളൊക്കെ എന്താണ് ചെയ്യുന്നതെന്ന് ആലോചിച്ചത്. നിലമ്പൂര്‍ കാണാന്‍ ആഗ്രഹമുണ്ട്, വീടുപണി കഴിഞ്ഞാല്‍ ഒരിക്കല്‍ അങ്ങോട്ട് വരാമെന്നും സുബീന പറഞ്ഞു. പക്ഷെ വീല്‍ചെയറിലുള്ള അവള്‍ തന്റെ വീട് കാണാനെത്തുമ്പോള്‍ എങ്ങനെ അകത്തേക്ക് കയറും എന്ന് അപ്പോഴാണ് ആലോചിച്ചത്. എന്നാല്‍ പിന്നെ വീട്ടില്‍ റാമ്പ് ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. ഒപ്പം വീട് പൂര്‍ണമായും വീല്‍ചെയര്‍ സൗഹൃദമാക്കുകയും ചെയ്തു.' നമ്മള്‍ ഒരു മാതൃക കാണിച്ചാലല്ലേ ചുറ്റുമുള്ളവര്‍ അതിനെക്കുറിച്ച് ഒന്ന് ആലോചിക്കുകയെങ്കിലും ചെയ്യുകയുളളൂ. വീട് നിര്‍മാണത്തിന് ശേഷം വീല്‍ചെയറിലുള്ള തന്റെ സുഹൃത്തുക്കള്‍ നിലമ്പൂരുള്ള വീട്ടിലേക്കെത്തിയെന്നും വീണ്ടും വരുമെന്ന് വാക്ക് നല്‍കി വളരെ സന്തോഷത്തോടെയാണ് അവര്‍ തിരിച്ചുപോയതെന്നും അനുമോള്‍ പറഞ്ഞു. താനിപ്പോള്‍ ജോലി ചെയ്യുന്ന യു.കെയില്‍ എല്ലാസ്ഥലങ്ങളും ഭിന്നശേഷി സൗഹൃദമാണ്. സമൂഹവും അനുഭാവപൂര്‍വമാണ് ഭിന്നശേഷിക്കാരെ പരിഗണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒറ്റദിവസം കൊണ്ട് വീല്‍ചെയര്‍ ഫ്രണ്ട്‌ലി ആയ തരംഗം ടെക്‌സ്‌റ്റൈല്‍സ്
മസ്‌കുലര്‍ ഡിസ്ട്രോഫി ബാധിച്ച ദിവ്യ ശശിധരന്‍ എന്ന 34 വയസ്സുകാരി പങ്കുവെച്ച ഷോപ്പിങ് അനുഭവം ഇങ്ങനെ, മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന ജനിതകരോഗാവസ്ഥ മൂലം ശാരീരിക പരിമിതികള്‍ നേരിടുന്ന വ്യക്തിയാണ് ഞാന്‍, സ്റ്റെപ്പുകള്‍ കയറുവാനോ സ്വന്തമായി നടക്കാനോ സാധിക്കില്ല . ഒട്ടുമിക്ക കടകളും പടിക്കെട്ടുകള്‍ നിറഞ്ഞതായതുകൊണ്ട് മിക്കപ്പോഴും കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നത് ഒരു ആഗ്രഹമായി മാത്രം നിലനിന്നിരുന്നു. ഇലക്ട്രോണിക് ഗാഡ്ജറ്റ്സ് മുതല്‍ പച്ചക്കറിയും പഴങ്ങളും വരെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ തിരഞ്ഞെടുക്കുന്നതായിരുന്നു ശീലം. കഴിഞ്ഞ ഓണത്തിനും ഓണകോടി വാങ്ങാന്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരതി നോക്കിയെങ്കിലും മനസ്സിന് ഇഷ്ടപ്പെട്ടത് കണ്ടെത്താനായില്ല അങ്ങനെയാണ് ബുദ്ധിമുട്ടാണെങ്കിലും കടയില്‍ പോയി എടുക്കാമെന്ന് തീരുമാനിച്ചത്. പാര്‍ക്കിങും ഒരു സ്റ്റെപ്പും മാത്രമുള്ള കോട്ടയം കഞ്ഞിക്കുഴിയിലെ തരംഗ സില്‍ക്സിലാണ് പോയത്. വീല്‍ചെയര്‍ ഇല്ലാത്തതിനാല്‍ കസേരയിലിരുത്തി എടുത്താണ് കടയുടെ അകത്തെത്തിച്ചത്. ഈ സംഭവം കണ്ട് കടയുടമ പ്രസാദ് അടുത്തുണ്ടായിരുന്നു. കടയിലേക്ക് ഒരു വീല്‍ചെയര്‍ വാങ്ങണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. എന്തായാലും ഒരാഴ്ചയ്ക്കുള്ളില്‍ ഷോപ്പിലേക്ക് വീല്‍ചെയര്‍ വാങ്ങുമെന്നും അടുത്ത തവണ വരുമ്പോഴേക്കും വീല്‍ചെയര്‍ റാമ്പും കടയിലുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഷോപ്പിങ് ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് എന്നെ അമ്പരിപ്പിച്ച സംഭവം നടന്നത്. തുണികള്‍ നോക്കിയിരിക്കുന്നതിനിടെ പെട്ടന്ന് എന്റെ മുന്നിലേക്കെത്തിയ വീല്‍ചെയര്‍ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഒരാഴ്ചയ്ക്കുള്ളില്‍ എന്ന് സമയം പറഞ്ഞ വീല്‍ചെയര്‍ ഒരു മണിക്കൂറിനുള്ളില്‍ കണ്ടപ്പോള്‍ എന്റെ കണ്ണുകളില്‍ അതിശയമായിരുന്നു. അന്ന് മനസ്സ് നിറഞ്ഞാണ് ഷോപ്പിങ് കഴിഞ്ഞ് തിരിച്ചുവന്നത്. റാമ്പും കൂടി സ്ഥാപിച്ച കടയിലേക്ക് ഒറു തവണ കൂടി പോകാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ഞാന്‍.. ദിവ്യ പറഞ്ഞു.

കണ്ടുപഠിക്കണം കൊച്ചി മെട്രോയെ..
ഭിന്നശേഷിക്കാര്‍ക്ക് ആരുടെയും സഹായമില്ലാത്തെ കയറിച്ചെല്ലാന്‍ കഴിയുന്ന ഇടങ്ങള്‍ വളരെ കുറവാണ് നമ്മുടെ നാട്ടില്‍. എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാണ് മെട്രോ ട്രെയിനിന്റേയും സ്‌റ്റേഷനുകളുടേയുമെല്ലാം രൂപകല്‍പന. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഡോ. സിജു വിജയന്‍ മെട്രോ യാത്രയെ കുറിച്ച് പങ്കുവെച്ചത് ഇങ്ങനെയായിരുന്നു. '
'യാത്രകളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും യാത്രപോകാനൊരുങ്ങുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് പോകാനുള്ള സ്ഥലത്തെക്കുറിച്ചല്ല. അവിടെ വീല്‍ചെയര്‍ കയറുന്ന സ്ഥലമാണോ, സ്റ്റെപ്പുകള്‍ മാത്രമാണോ ഉണ്ടാവുക, മറ്റാരെങ്കിലും എന്റെ വീല്‍ചെയര്‍ എടുത്ത് കയറ്റേണ്ടിവരുമോ എന്നൊക്കെയാണ്. അങ്ങനെയാണ് മുന്‍പുണ്ടായിരുന്ന അനുഭവങ്ങളെല്ലാം. വീല്‍ചെയര്‍ കടന്നുപോകാന്‍ വേണ്ടി നിര്‍മ്മിച്ച റാമ്പുകള്‍ ഉണ്ടെങ്കില്‍ തന്നെ പലയിടത്തും അതിലൂടെ ഒറ്റയ്ക്ക് വീല്‍ചെയര്‍ കയറ്റി സഞ്ചരിക്കാന്‍ പറ്റുന്ന അവസ്ഥയിലുമായിരിക്കില്ല. റാമ്പിന്റെ നിര്‍മ്മാണവും ചെരിവും വീല്‍ചെയര്‍ കടന്നുപോകാന്‍ കഴിയുന്ന തരത്തിലുള്ളതാകാറില്ല. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാനുള്ളതാണ് എന്ന ചിന്തയില്ലാതെ നിര്‍മ്മിച്ചതാണ് ഇവയെല്ലാം.
മെട്രോ സ്റ്റേഷന് മുന്നിലെ റോഡു മുതല്‍ റെയില്‍വേ പ്ലാറ്റ്ഫോമും കടന്ന് ട്രെയിനിനകത്ത് പ്രവേശിക്കുന്നത് വരെ ഒരിഞ്ച് പൊക്കമുള്ള ഒരു സ്റ്റെപ്പ് പോലുമില്ല.. തികച്ചും വീല്‍ചെയര്‍ ഫ്രണ്ട്ലി എന്ന സങ്കല്‍പ്പത്തിന്റെ സുന്ദര കാഴ്ച. പ്ലാറ്റ്‌ഫോമിലേക്ക് വീല്‍ചെയറിലൂടെ സുഗമമായി സഞ്ചരിക്കാം. പ്ലാറ്റ്‌ഫോമിനടത്ത് പ്രത്യേകമായ് മാര്‍ക്ക് ചെയ്ത ഏരിയയില്‍ വീല്‍ചെയര്‍ നിര്‍ത്താം. മെട്രോ ട്രെയിന്‍ എത്തിയാല്‍ വളരെ സിംപിളായി അകത്തേക്ക് കയറാം. ട്രെയിനും പ്ലാറ്റ്‌ഫോമും
ഒരോ ലെവലില്‍ ആയതിനാലാണ് ഈ സൗകര്യം. ട്രെയിനിനകത്ത് വീല്‍ചെയറിന് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലം. ഇറങ്ങാനും ഇതേ സൗകര്യങ്ങള്‍. ഭിന്നശേഷിക്കാരനായ യാത്രക്കാരനെ സഹായിക്കാന്‍ ജീവനക്കാരും സദാസന്നദ്ധം. കൊച്ചി മെട്രോ ഭിന്നശേഷിക്കാരെ പരിഗണിക്കുന്ന വിധം എല്ലാതരത്തിലും മാതൃകാപരമാണ്- ഡോ. സിജു വിജയന്‍ പറഞ്ഞു.

ആര്‍ക്കുമെത്താം, ജഡായുപ്പാറയിലേക്ക്..
കേരളത്തിലെ വിനോദസഞ്ചാര മേഖല പൂര്‍ണമായും വീല്‍ചെയര്‍ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിലാണ് ബാരിയര്‍ ഫ്രീ കേരള എന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. എന്നാല്‍ വര്‍ഷം അഞ്ച് പിന്നിട്ടിട്ടും കേന്ദ്രങ്ങളൊന്നും പൂര്‍ണമായും ബാരിയര്‍ ഫ്രീ ആയില്ലെന്ന് മാത്രമല്ല പലയിടത്തും ദുരിതം കൂടുകയും ചെയ്തു. വീല്‍ചെയര്‍ സൗഹൃദമാക്കാന്‍ പലതും ചെയ്തുകൂട്ടുന്നുണ്ടെങ്കിലും പോയി നോക്കുമ്പോഴായിരിക്കും പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാവുകയെന്ന് പലപ്പോഴും ഭിന്നശേഷി സമൂഹവും നിരന്തരം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. അതിരപ്പള്ളിയിലും തേക്കടിയിലും വാഗമണ്ണിലുമെല്ലാം ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട് താനും. എന്നാല്‍ കൊല്ലത്തെ ജഡായുപ്പാറ പൂര്‍ണമായും വീല്‍ചെയര്‍ സൗഹൃദമാണ്. ജഡായുപ്പാറയുടെ മുകളില്‍ വരെ റാമ്പിലൂടെ സഞ്ചരിക്കാം. കാഴ്ചകള്‍ കാണാം. വീല്‍ചെയറിലുള്ളവര്‍ക്ക് വേണ്ടുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.

വീല്‍ചെയറുകള്‍ക്കായി വഴിയൊരുക്കി തളി ക്ഷേത്രവും
പൂര്‍ണമായും വീല്‍ചെയര്‍ സൗഹൃദമായി മാറിയിരിക്കുകയാണ് കോഴിക്കോട്ടെ തളി ക്ഷേത്രം. ഇതുവരെ ഭിന്നശേഷിക്കാര്‍ക്ക് ക്ഷേത്രത്തിനകത്തേയ്ക്ക് എത്താന്‍ പ്രയാസമായിരുന്നു. ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'സക്ഷമ' എന്ന സംഘടനയുടെ ഇടപെടലിലൂടെയാണ് മാറ്റത്തിന് വഴി തുറന്നത്. ക്ഷേത്രത്തിന്റെ വടക്കേ ഗോപുരവാതില്‍ വഴി ദേവസ്വം നിര്‍മിച്ച സ്ഥിരമായ റാംപിലൂടെ ഭിന്നശേഷിക്കാരായ ഭക്തര്‍ക്ക് വീല്‍ചെയര്‍ ഉപയോഗിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാം. വീല്‍ചെയറും റാമ്പ് റെയിലുകളും സക്ഷമ തന്നെയാണ് സംഭാവന ചെയ്തത്. ഇനി വീല്‍ചെയറിലുള്ളവര്‍ക്ക് വീല്‍ചെയറില്‍ ഇരുന്നുകൊണ്ടുതന്നെ ശ്രീകോവില്‍ പ്രദക്ഷിണം നടത്താം.
റാമ്പും വീല്‍ചെയര്‍ സൗഹൃദ ടോയ്ലെറ്റുമെല്ലാം ഉള്ള പൊതുസ്ഥാപനങ്ങളും കെട്ടിടങ്ങളും ഇഷ്ടം പോലെയുണ്ട് കേരളത്തില്‍. പക്ഷെ അതില്ലാത്ത സ്ഥലങ്ങളാണ് ഏറെ എന്നതാണ് ദൗര്‍ഭാഗ്യകരം. കേരളവും മാറ്റത്തിന്റെ ചുവടുപിടിക്കുന്നില്ലെന്നല്ല, പക്ഷെ അതിവേഗം വികസിക്കുന്ന കേരളത്തില്‍ പുരോഗമന ചിന്താഗതിയുള്ള സമൂഹത്തിന്റെ വേഗതയ്ക്കനുസരിച്ച് ഭിന്നശേഷി സൗഹൃദത്തിലേക്കുള്ള മാറ്റത്തിന് വേഗതയില്ലെന്നതാണ് സത്യം. കോടികള്‍ ചെലവാക്കി ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ ഗുണം കിട്ടേണ്ടവര്‍ക്ക് കൂടി പ്രയോജനപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഭരണാധികാരികള്‍ തയ്യാറാവണം. പൊതുവിടങ്ങളില്‍ ഭിന്നശേഷി സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് അധികൃതര്‍ വ്യക്തതയോടെ മനസ്സിലാക്കണം. ചെറിയ പരിഷ്‌കാരങ്ങളാവും ചിലപ്പോള്‍ വലിയ മാറ്റത്തിലേക്ക് വഴിതുറക്കുന്നത്. ഇനിയും അവര്‍ക്ക് നേരെ കണ്ണടച്ചുനില്‍ക്കാന്‍ പാടില്ല. നമ്മളിലൊരുവരായ അവരെ ഇനിയും കൂടുതല്‍ ചേര്‍ത്തുപിടിക്കാം. സമൂഹത്തിലെ മുഴുവന്‍ ആളുകളും തങ്ങളുടെ ചുറ്റുമുള്ള വിവിധങ്ങളായ പരിമിതികള്‍ നേരിടുന്ന ആളുകളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരും നടന്നടുക്കുന്നത് An Inclusive Society എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാകുന്നതിലേക്കാണ്. എല്ലാഭിന്നശേഷിക്കാര്‍ക്കും പ്രാപ്യമായ പൊതുസ്ഥലമുള്ള കേരളമാവട്ടെ നമ്മുടെ അടുത്ത ലക്ഷ്യം.
(അവസാനിച്ചു)
കൂടുതല്‍ വായനയ്ക്ക്
- ഒറ്റയ്ക്കൊരു യാത്ര,ഷോപ്പിങ്..നിങ്ങള്‍ അനുവദിക്കാത്ത ഞങ്ങളുടെ സ്വപ്നങ്ങള്‍| പൊതുഇടം ഞങ്ങളുടേതുംകൂടി
- 'തീയേറ്റര്‍, ടെക്‌സ്‌റ്റൈല്‍സ്, ഹോട്ടല്‍..ഞങ്ങളിവിടെ അന്യരോ?
- റാമ്പില്‍ മാത്രം തീരുന്നതല്ല ഞങ്ങളുടെ പ്രശ്‌നങ്ങള്‍
- 'പദ്ധതി രൂപീകരിച്ചാല്‍ മാത്രം പോരാ, നടപ്പാക്കുകയും വേണം
വീല്‍ചെയറിലുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനക്ഷമതയെ കുറിച്ചുള്ള പരമ്പരയെ കുറിച്ചുള്ള നിങ്ങളുടെ പ്രതികരണങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം.. onlinedeskmbi@gmail.com
Content Highlights: Public space accessibility of wheelchair users model
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..