എല്ലാവർക്കും സ്മാർട്ടാവണം, അങ്കണവാടികളുടെ തലക്കുറി മാറ്റുമോ ഗ്രേഡിങ്?


അശ്വതി അനിൽ |അഞ്ജന രാമത്ത്

വികസനവും സ്മാര്‍ട്ടാകലുമെല്ലാം ഭാഗികമാവരുത്. പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ണമായും അര്‍ഹിച്ചവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്. - കുട്ടികള്‍ സ്മാര്‍ട്ടാണ്, അങ്കണവാടികളോ? അന്വേഷണ പരമ്പര അവസാന ഭാഗം

SERIES

.

കുട്ടിക്കസേര, ടേബിള്‍, ചുവരിലെങ്ങും കൗതുകമുണര്‍ത്തും പലവര്‍ണ ചിത്രങ്ങള്‍, ടിവി, മ്യൂസിക് സംവിധാനം, കളിസ്ഥലങ്ങള്‍.. പാര്‍ക്കുകളെ കുറിച്ചോ വിനോദ കേന്ദ്രങ്ങളെ കുറിച്ചോ അല്ല പറയുന്നത്, നമ്മുടെ കേരളത്തിലെ പുത്തന്‍ അങ്കണവാടികളെ കുറിച്ചാണ്. അതാണ് സ്മാര്‍ട്ട് അങ്കണവാടി..

ആയിരങ്ങള്‍ ഫീസ് കൊടുത്ത് പഠിക്കാന്‍ വിടുന്ന നേഴ്സറികളോട് കിടപിടിക്കുന്ന സജീകരണങ്ങളാണ് ഓരോ സ്മാര്‍ട്ട് അങ്കണവാടികളിലും ഒരുക്കിയിരിക്കുന്നത്. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കളിസ്ഥലം, ടിവി, ഹാള്‍, പൂന്തോട്ടം തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ടാകുന്ന അങ്കണവാടികളാണ് സ്മാര്‍ട്ട് അങ്കണവാടികള്‍. സ്ഥലപരിമിതി അനുസരിച്ച് പത്ത്, ഏഴ്, അഞ്ച് സെന്റുകളിലാണിവ നിര്‍മിക്കുക. കേരളത്തില്‍ 155 സ്മാര്‍ട്ട് അങ്കണവാടിക്ക് സര്‍ക്കാര്‍ നിര്‍മാണാനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി പൂജപ്പുരയിലാണ് ആരംഭിച്ചത്.

അങ്കണവാടികള്‍ സ്മാര്‍ട്ടാകുമ്പോള്‍ കുട്ടികള്‍ക്കും പഠിക്കാനുള്ള താല്‍പര്യം കൂടുതലാണെന്ന് ടീച്ചര്‍മാര്‍ പറയുന്നു. കൗതുകമുണര്‍ത്തുന്ന ചിത്രങ്ങളും കളിസ്ഥലങ്ങളും കുട്ടികളുടെ ക്രിയാത്മക വളര്‍ച്ചയേയും ബുദ്ധിവികാസത്തേയും സ്വാധീനിക്കും. പണ്ട് വരാന്‍ മടിപിടിച്ചിരുന്ന കുട്ടികള്‍ പലര്‍ക്കും അങ്കണവാടി സ്മാര്‍ട്ട് ആയതോടെ താല്‍പര്യം കൂടിയെന്നാണ് കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭയിലുള്‍പ്പെടുന്ന പൊടിക്കളത്തെ സ്മാര്‍ട്ട് അങ്കണവാടി ടീച്ചര്‍ മിനി പറയുന്നത്. സ്ഥലസൗകര്യങ്ങളുള്ള സാധാരണ കോണ്‍ക്രീറ്റ് കെട്ടിടമായിരുന്നു നേരത്തെ ഞങ്ങളുടെ അങ്കണവാടി. എന്നാല്‍ സ്മാര്‍ട്ട് അങ്കണവാടി എന്ന ലക്ഷ്യത്തോടെ നഗരസഭയുടെ നേതൃത്വത്തില്‍ പണികള്‍ ആരംഭിച്ചു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച അങ്കണവാടി കണ്ടാല്‍ കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഒന്നിരിക്കാന്‍ തോന്നും. അങ്കണവാടിയുടെ മുഖച്ഛായ തന്നെ മാറിപ്പോയി. കെട്ടിടത്തിന്റെ ഭംഗി മാത്രമല്ല, അകത്തെ സൗകര്യങ്ങളും ഹൈ ക്ലാസ് ആണ്. ശിശു സൗഹൃദ കസേര, ടേബിള്‍, ടോയ്‌ലെറ്റ്, മുറ്റം നിറയെ കളിക്കാനുള്ള സംവിധാനങ്ങള്‍ തുടങ്ങി മികച്ച സൗകര്യങ്ങള്‍ കണ്ട് പഠിക്കാനെത്തുന്നവരുടെ എണ്ണവും കൂടി.. ആവശ്യങ്ങള്‍ ഒരു മടിയും കൂടെ ജനപ്രതിനിധിയോടും നഗരസഭാ അധികൃതരോടും തുറന്നുപറയാനും കഴിയുന്നുണ്ട്' ടീച്ചര്‍ പറഞ്ഞു.

കണ്ണൂര്‍ ശ്രീകണാപുരം നഗരസഭയിലുള്‍പ്പെടുന്ന പൊടിക്കളത്തെ സ്മാര്‍ട്ട് അങ്കണവാടി

അതേസമയം സ്മാര്‍ട്ട് അങ്കണവാടി ആയിട്ടും സ്ഥലപരിമിതി വെല്ലുവിളികളായ അങ്കണവാടികളും സംസ്ഥാനത്തുണ്ട്. അത്തരമൊരു ദുരിതത്തെ കുറിച്ചാണ് തൃശൂര്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ അങ്കണവാടി ടീച്ചര്‍ പറഞ്ഞത്. കെട്ടിടമുണ്ട്, ടേബിളും കസേരയുമെല്ലാം ഉണ്ട്. പക്ഷേ, കുട്ടികള്‍ക്ക് ഓടിക്കളിക്കാനുള്ള സ്ഥലമില്ല. ഉള്ള സ്ഥലത്ത് ഞെരുങ്ങിയിരിക്കേണ്ട അവസ്ഥയാണ്. കുട്ടികള്‍ക്ക് കളിക്കാന്‍ തൊട്ടടുത്ത പറമ്പിലേക്ക് പോകണമെന്ന് രമണി ടീച്ചര്‍ പറഞ്ഞു.

ഞങ്ങള്‍ 'സ്മാര്‍ട്ട്' അല്ല, 'മിനി' ആണ്

സാധാരണ അങ്കണവാടികളില്‍ പോലും രണ്ട് പേര്‍ക്ക് ചെയ്ത് തീര്‍ക്കാനാവാത്ത അത്രയും ജോലിഭാരമുള്ളപ്പോള്‍ അതിലേറെ ദുരിതം അനുഭവിക്കുന്ന മറ്റൊരു വിഭാഗമാണ് മിനി അങ്കണവാടിയിലെ വര്‍ക്കര്‍മാര്‍. ഒരു വര്‍ക്കര്‍ മാത്രമുള്ള അങ്കണവാടികളാണ് മിനി അങ്കണവാടികള്‍. ആയിരം പേര്‍ക്ക് ഒരു അങ്കണവാടി എന്നാണ് കണക്ക്. 800ല്‍ താഴെ ജനസംഖ്യയുള്ള ഇടങ്ങളിലാണ് ഇവ നിലവിലുള്ളത്. കേരളത്തില്‍ 129 മിനി അങ്കണവാടികളുണ്ടെന്നാണ് കണക്ക്. പ്രധാനമായും എസ്.സി, എസ്.എസ് ടി കോളനികളെ കേന്ദ്രീകരിച്ചാണ് ഇത്തരം അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളും ജനസംഖ്യയും കുറവാണെങ്കിലും ജോലിഭാരത്തിന് കുറവൊന്നുമില്ലെന്നാണ് വയനാട് മുട്ടിലിലെ ടീച്ചറായ സജിത പറഞ്ഞത്. ' ഒന്നരവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. ഒമ്പത് കുട്ടികള്‍ മാത്രമേ ഉള്ളൂ, പക്ഷെ ജോലി അധികമാണ്. പഠിപ്പിക്കലും പാകം ചെയ്യലും കണക്കെടുപ്പും തുടങ്ങി പണിയോട് പണിയാണ്. മിനി അങ്കണവാടി എന്ന വിഭാഗത്തില്‍ നിന്ന് മാറ്റുകയോ അല്ലെങ്കില്‍ ഒരാളെ കൂടി ഹെല്‍പറായി അനുവദിച്ച തരണമെന്നാണ് അധികൃതരോട് അഭ്യര്‍ഥിക്കാനുള്ളതെന്നും സജിത പറഞ്ഞു.

അങ്കണവാടി ആശ്വാസവും ആശങ്കയും..

'കൂലിപ്പണിക്ക് പോകുന്നവരാണ് ഞങ്ങള്‍. കുഞ്ഞിനെ പകല്‍ നേരം നോക്കാന്‍ വീട്ടില്‍ ആരും ഉണ്ടാവില്ല. അതുകൊണ്ട് മൂന്ന് വയസായപ്പോള്‍ തന്നെ അങ്കണവാടിയില്‍ ചേര്‍ത്തു. ഞങ്ങളില്ലാത്ത സമയം അത്രയും സമയം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ ഒരിടമായല്ലോ എന്നായിരുന്നു സമാധാനം. മികച്ച സൗകര്യങ്ങളില്ലെങ്കിലും കൃത്യസമയത്ത് നല്ല ഭക്ഷണവും സംരക്ഷണവും കുഞ്ഞിനുണ്ടാവുമല്ലോ. ഞങ്ങളെപ്പോലെയുള്ള അച്ഛനമ്മമാര്‍ക്ക് അങ്കണവാടി ഒരു ആശ്വാസം തന്നെയാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യമുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ടീച്ചര്‍ നോക്കിക്കോളുമല്ലോ. പാട്ടും കഥകളുമെല്ലാം കുഞ്ഞ് വേഗത്തില്‍ പഠിച്ചെടുക്കാറുണ്ട്' പാലക്കാട് തോണിപ്പാടം സ്വദേശി മോഹനകുമാരി പറഞ്ഞു.

അതേസമയം അങ്കണവാടി കെട്ടിടം ഇടിഞ്ഞ് മകന്റെ മേലേക്ക് വീണ ഞെട്ടലൊഴിഞ്ഞിട്ടില്ല കോട്ടയം വൈക്കം സ്വദേശിയായ അജീഷിന്. ചുമരിടിഞ്ഞ് വീണ് മകന്‍ ഗൗതമിന്റെ കാലിനും ദേഹത്തും ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റു. മുഖത്തെ എല്ലുകള്‍ക്കും പൊട്ടലും ചതവുമുണ്ടായി. ഏപ്രിലിലായിരുന്നു സംഭവം. ചികിത്സ ഇപ്പോഴും തുടരുകയാണ്. അന്ന് അങ്കണവാടിയിലേക്ക് കുട്ടികള്‍ വരാന്‍ വൈകിയത് കൊണ്ടുമാത്രമാണ് വന്‍ ദുരന്തം ഒഴിഞ്ഞത്. കാലപ്പഴക്കംമൂലം ജീര്‍ണതയിലായ വീടിന്റെ ഇടുങ്ങിയ ഒരു ഭാഗം അങ്കണവാടിക്കായി കണ്ടെത്തിയ അധികൃതരുടെ ശ്രദ്ധക്കുറവാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അജീഷ് പറഞ്ഞു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. അങ്കണവാടിയുടെ അവസ്ഥയെ കുറിച്ച് എത്രയോ തവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കൊടുത്ത പരാതിയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ നന്നാക്കാന്‍ ഇപ്പോള്‍ ഫണ്ടില്ലെന്ന് പറയും. ഇപ്പോള്‍ മറ്റൊരു വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. അപകടമുണ്ടായതുകൊണ്ട് മാത്രം വിഷയത്തില്‍ കളക്ടറും മന്ത്രിയുമൊക്കെ ഇടപെട്ടിട്ടുണ്ട്' അജീഷ് പറഞ്ഞു.

സ്മാര്‍ട്ട് അങ്കണവാടി മികച്ച തീരുമാനമാണെന്ന് മലപ്പുറം തിരൂര്‍ സ്വദേശി സൗമ്യ പറഞ്ഞു. അങ്കണവാടിയിലെ സൗകര്യം കണ്ട് മക്കള്‍ക്ക് ഇനി സ്‌കൂളില്‍ പോവുമ്പോള്‍ അവിടെ ഇഷ്ടമാവുമോയെന്നാണ് പേടി. നേരത്തെ നിലത്തിരുന്നാണ് കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നത്. സ്മാര്‍ട്ട് ആയതോടെ ഭക്ഷണം കഴിക്കാന്‍ മേശയും കസേരയും നല്‍കി. ടിവിയും പാട്ടുമെല്ലാം ഇപ്പോള്‍ ഞങ്ങളുടെ അങ്കണവാടിയിലുണ്ട്. എല്ലായിടത്തും ഇതേ സൗകര്യം ഉണ്ടാവണമെന്നും സൗമ്യ പറഞ്ഞു.

വൈക്കം നഗരസഭ 25-ാം വാർഡിലെ നാലാം നമ്പർ അങ്കണവാടിയുടെ ചുമര് ഇടിഞ്ഞുവീണപ്പോള്‍

അവബോധം വേണം, രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും

അങ്കണവാടികള്‍ വഴി കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് അവബോധ ക്ലാസുകള്‍ നല്‍കുന്നതിനെ പറ്റി സംസാരിക്കുകയാണ് സാമൂഹികവൈകാരിക പഠനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയായ അപര്‍ണ വിശ്വനാഥന്‍.

ചെറിയ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന കാലമാണിത്. അങ്കണവാടി കാലഘട്ടമെന്നത് കുട്ടികള്‍ക്ക് കരുതലും പരിചരണവും വളരെയധികം വേണ്ട സമയവും. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് കൃത്യമായ അവബോധ ക്ലാസുകള്‍ അങ്കണവാടികള്‍ വഴി നല്‍കണം മാതാപിതാക്കള്‍ക്കാണ് അവര്‍ക്കുള്ള മാനസിക പിന്തുണ മികച്ച രീതിയില്‍ നല്‍കാനാവുക.

അപര്‍ണ വിശ്വനാഥന്‍

കുട്ടിയുടെ മാനസിക വികാസത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിക്കുന്ന ഇക്കാലയളവില്‍ രക്ഷകര്‍ത്താകള്‍ കുട്ടികളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോവണമെന്നത് മനസിലാക്കേണ്ടതുണ്ട്. ശാസ്ത്രീയവും പ്രായോഗികവുമായ രീതിയില്‍ ഇവര്‍ക്ക് ബോധവത്കരണം നടത്തണം. ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണ വളരെ വലുതായിരിക്കും

അങ്കണവാടികള്‍ക്ക് ഗ്രേഡിങ്ങ്

അങ്കണവാടികള്‍വഴി നല്‍കുന്ന സേവനത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് മാര്‍ക്കിടുന്ന സംവിധാനം നിലവില്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മികവിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി എന്നീ വിഭാഗങ്ങളിലായി ഗ്രേഡും നല്‍കും.

അങ്കണവാടി കെട്ടിടം, ശൗചാലയം, കളിസ്ഥലം, കുട്ടികളുടെ എണ്ണം, സുരക്ഷ, ഭവനസന്ദര്‍ശനം, കൗമാര ക്ലബ്ബ് തുടങ്ങിയ 26 കാര്യങ്ങള്‍ പരിശോധിച്ചാണ് മാര്‍ക്കിടുന്നത്. 75 മുതല്‍ 100 മാര്‍ക്കുവരെ ലഭിക്കുന്നവ എ വിഭാഗത്തിലും 50 മുതല്‍ 74 വരെയുള്ളവ ബിയിലും 36 മുതല്‍ 49 വരെയുള്ളവ സിയിലും 35ന് താഴെയുള്ളവ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തും. ഓരോ വര്‍ഷവും 10 ശതമാനം അങ്കണവാടികളെങ്കിലും തൊട്ടടുത്ത ഗ്രേഡിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ നിര്‍ദേശം. ആദ്യം സൂപ്പര്‍വൈസറും പിന്നീട് ശിശുവികസന പദ്ധതി ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍ എന്നിവരും ഇടയ്ക്കിടെ അങ്കണവാടി സന്ദര്‍ശിച്ച് ഗ്രേഡിങ് ഉറപ്പാക്കണം. ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും പ്രവര്‍ത്തനം വിലയിരുത്തി ഗ്രേഡിങ്ങില്‍ മാറ്റംവരുത്താം. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള പഞ്ചായത്തുതല കമ്മിറ്റിയും ഓരോ വര്‍ഷവും സന്ദര്‍ശിച്ച് ഗ്രേഡിങ് നല്‍കണം.

ഡി ഗ്രേഡില്‍നിന്ന് ഉയരാത്തവയ്ക്ക് നെഗറ്റീവ് മാര്‍ക്ക് നല്‍കും. സി, ഡി ഗ്രേഡുകളിലുള്ളവയുടെ നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി രൂപവത്കരിക്കണം. ഡി ഗ്രേഡില്‍ ഉള്‍പ്പെടുന്ന അങ്കണവാടികളിലെ പ്രവര്‍ത്തകര്‍ക്ക് എ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള അവസരം നല്‍കണം. ഗ്രേഡ് തിരിച്ചുള്ള കണക്കും നിലവാരം ഉയര്‍ത്തുന്നതിനായി സ്വീകരിച്ച നടപടിയും ശിശുവികസനപദ്ധതി ഓഫീസര്‍മാരുടെ ഓരോ മാസത്തെയും യോഗത്തില്‍ അവലോകനം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

സ്മാര്‍ട്ട് അങ്കണവാടി രൂപരേഖ

ഇടപെടണം തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാരുകള്‍

രാജ്യത്ത് രണ്ട് ലക്ഷം അങ്കണവാടികള്‍ ആധുനികവത്കരിക്കുമെന്ന് ഇക്കുറി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2022-23 സംസ്ഥാന ബജറ്റില്‍ ഐസിഡിഎസ് പദ്ധതിക്കായി 188 കോടി രൂപയാണ് നീക്കിവെച്ചത്. ആഴ്ചയില്‍ രണ്ട് ദിവസം പാലു മുട്ടയും വിതരണം ചെയ്യുന്നതുള്‍പ്പെടെ വിശപ്പ് രഹിത ബാല്യം പദ്ധതിക്കായി 61.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

അങ്കണവാടിക്കായി തദ്ദേശസ്ഥാപനങ്ങളും കേന്ദ്രസര്‍ക്കാരും സാമ്പത്തികം കണ്ടെത്തേണ്ടതുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ (പഞ്ചായത്ത്/നഗരസഭ) തങ്ങളുടെ പദ്ധതി വിഹിതത്തിന്റെ അഞ്ച് ശതമാനമാണ് വനിതാ ശിശുക്ഷേമത്തിനായി മാറ്റിവെക്കേണ്ടത്. എന്നാല്‍ സാമ്പത്തികത്തിന്റെ കുറവ് പറഞ്ഞ് പലതദ്ദേശസ്ഥാപനങ്ങളും അങ്കണവാടികളെ പലപ്പോഴും ഒഴിവാക്കുകയാണ് പതിവ്. രാഷ്ട്രീയമുതലെടുപ്പ് ഈ രംഗത്തും കുറവല്ല എന്നാണ് പൊതു ആക്ഷേപം.

എന്നാല്‍ വികസനവും സ്മാര്‍ട്ടാകലുമെല്ലാം ഭാഗികമാവരുത്. പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ണമായും അര്‍ഹിച്ചവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്. രാഷ്ട്രീയമോ അതിര്‍ത്തികളോ ഇതില്‍ തടസ്സമാവരുത്. കുഞ്ഞുങ്ങളാണ്, ഭാവി വാഗ്ദാനങ്ങളാണ്..

മുഴുവന്‍ അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടം-
മന്ത്രി വീണാ ജോര്‍ജ്

അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമെന്ന് വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. 33,115 അങ്കണവാടിയില്‍ 24,360 എണ്ണം സ്വന്തം കെട്ടിടത്തിലും 6498 വാടക കെട്ടിടത്തിലുമാണ്. ഈ വര്‍ഷത്തോടെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കും.

അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സമഗ്രമായ പഠനത്തിന് ശേഷമാണ് ഇത്തരം പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയത്. കരിക്കുലം ജെന്‍ഡര്‍ ഓഡിറ്റിങ് നടത്തി പരിഷ്‌കരിച്ച് ലിംഗ സമത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ച് കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വികാസമാണ് ലക്ഷ്യമിടുന്നത്.


(അവസാനിച്ചു)

Content Highlights: Performance of Anganwadi Centres in Kerala indepth study

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented