'ഞങ്ങളെ മനുഷ്യരായി കാണണം, ഞങ്ങൾക്കൊരു വെക്കേഷനെങ്കിലും വേണ്ടെ?


അശ്വതി അനിൽ | അഞ്ജന രാമത്ത്

സ്മാർട്ടാണ് കുട്ടികൾ. അങ്കണവാടികളോ-അന്വേഷണ പരമ്പര-ഭാഗം 3

SERIES

പ്രതീകാത്മക ചിത്രം | PTI

വകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെ പോരാട്ടങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്. മിനിമം വേതനം, പിഎഫ്, ഇ.എസ്.ഐ ആനുകൂല്യം, അവധി തുടങ്ങി ഏറ്റവും അടിസ്ഥാനപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ക്ക് പോലും 45 വര്‍ഷങ്ങള്‍ക്കിപ്പുറവും സമരം നടത്തേണ്ട ഗതികേടാണ് അവരുടേത്.

'ഞങ്ങളെ മനുഷ്യരായി കാണണം'

അങ്കണവാടി വര്‍ക്കര്‍മാരെ മനുഷ്യരായി കാണാന്‍ തയ്യാറാവണമെന്നാണ് അങ്കണവാടി ആന്‍ഡ് ക്രഷ് വര്‍ക്കേര്‍സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) പ്രസിഡന്റ് കൃഷ്ണവേണി ശര്‍മ്മ പ്രതികരിച്ചത്.

സ്‌കൂളിലും കോളേജിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമ്മര്‍ വെക്കേഷന്‍ കാലം ഉള്ളപ്പോള്‍ ഞങ്ങള്‍ക്ക് അതൊന്നും ബാധകമല്ല. ശനിയാഴ്ച പോലും അവധിയില്ലാതെ പ്രവര്‍ത്തിക്കുന്നവരാണ് അങ്കണവാടി ജീവനക്കാര്‍. ഇത് ശരിയായ നടപടിയാണോ? ദിവസക്കൂലിക്ക് പോലും 1000 രൂപ വരെ കിട്ടുന്ന ഈ കാലത്ത് അമ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അങ്കണവാടി സംവിധാനത്തിലെ ജീവനക്കാര്‍ക്ക് ഓണറേറിയമായി കൊടുക്കുന്നത് പരമാവധി 12000 രൂപയാണ്. ഇത് 21000 രൂപയായി വര്‍ധിപ്പിക്കണം. സര്‍വേ പോലെയുള്ള അധികജോലികള്‍ക്ക് പ്രത്യേക വേതനം നല്‍കണം. മറ്റെല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള പിഎഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ ഞങ്ങള്‍ക്കും അനുവദിക്കണം. പെന്‍ഷന്‍ മിനിമം 5000 രൂപയാക്കണം തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ട് 'ഉണ്ണാവൃതം-മിണ്ടാവൃതം' എന്ന പേരില്‍ സമരമടക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.

Read More: ഞങ്ങളെവിടെ കളിക്കും, ഞെങ്ങിഞെരുങ്ങി എങ്ങനെ ഇവിടെ വളരും?
Read More: 24 മണിക്കൂര്‍ പോരെന്ന് തോന്നും..! ഞങ്ങളല്ലേ ശരിക്കും പോരാളികള്‍?

കൃഷ്ണവേണി

ലോകത്തിലെ എല്ലാ സര്‍വേകളും നടത്തുന്നത് ഈ അങ്കണവാടി ജീവനക്കാരാണ്. പോഷകവിതരണത്തിനും കണക്കെടുപ്പുകള്‍ക്കുമായി പോഷണ്‍ ട്രാക്കര്‍ എന്ന സംവിധാനമുണ്ട്. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് മാത്രം നടത്തേണ്ട ഈ കണക്കെടുപ്പുകള്‍ക്കായി നല്ലൊരു ഫോണോ ഇന്റര്‍നെറ്റ് അലവന്‍സോ അനുവദിച്ചിട്ടില്ല. കേന്ദ്രം ഏര്‍പ്പെടുത്തിയ പെര്‍ഫോമന്‍സ് അലവന്‍സ് നിലച്ചു. സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടാല്‍ കേന്ദ്രപദ്ധതിയാണെന്ന് പറയും, കേന്ദ്രത്തോട് ആവശ്യപ്പെട്ടാല്‍ സംസ്ഥാനസര്‍ക്കാരിനോട് പറയാന്‍ പറയും. ആവശ്യം ഉന്നയിക്കാന്‍ ഒരു നാഥനില്ലാത്ത സ്ഥിതിയാണ് ഞങ്ങള്‍ക്കുള്ളത്. ഞങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലായ് 16 മുതല്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്താനാണ് തീരുമാനം.

സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങള്‍ സര്‍ക്കാരിന്റെ പദ്ധതിയാണ്. സംസ്ഥാനത്ത് ഏതാനും കെട്ടിടങ്ങള്‍ മാത്രം സ്മാര്‍ട്ട് ആക്കിയതുകൊണ്ട് എന്താണ് നേട്ടമുള്ളത്. ചിലത് ഹൈടെക്ക് ആവുമ്പോള്‍ സ്വന്തം കെട്ടിടം പോലുമില്ലാതെ അല്ലെങ്കില്‍ ഉള്ള കെട്ടിടത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ വീര്‍പ്പമുട്ടുകയാണ് മറ്റ് ചില അങ്കണവാടികള്‍. ഇത് പരിഹരിക്കപ്പെടണം.

കേരള അങ്കണവാടി ആന്റ് ക്രഷ് വര്‍ക്കേര്‍സ് യൂണിയന്‍ (ഐഎന്‍ടിയുസി)സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ ഉണ്ണാവ്രതം മിണ്ടാവ്രതം ധര്‍ണ

'ഐസിഡിഎസ് സ്വകാര്യവത്കരണം തടയണം'

ഐസിഡിഎസ് സ്വകാര്യവത്കരണത്തിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് അങ്കണവാടി വര്‍ക്കേര്‍സ് ആന്റ് ഹെല്‍പ്പേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷീബ കെ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കുള്ള പോഷകാഹാരത്തിനുള്ള ഫണ്ട് വിഹിതം വെട്ടിക്കുറച്ചു. ഞങ്ങള്‍ക്കുള്ള ഓണറേറിയം പി.എഫ്.എം.എസ് (public fund managemetn system) വഴിയാണ് നടത്തുന്നത്. മികപ്പോഴും ഇത് വൈകിയാണ് ജീവനക്കാരിലേക്കെത്തുന്നത്. മിനിമം വേതനം 21000 എത്തുന്ന രീതിയില്‍ ഓണറേറിയത്തിലെ കേന്ദ്രവിഹിതം വര്‍ധിപ്പിക്കണം. പെര്‍ഫോര്‍മന്‍സ് അലവന്‍സിന് മുടക്കമില്ലാതെ കൊടുക്കണം. യൂണിയന്റെ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 26 മുതല്‍ 29 വരെ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വര്‍ക്കേര്‍സ് ആന്റ് ഹെല്‍പ്പേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തും.

അങ്കണവാടികളുടെ ശോചനീയവസ്ഥയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇടപെടേണ്ടത്. ആറായിരത്തില്‍പ്പരം അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടമില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അങ്കണവാടികളുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ രാഷ്ട്രീയഭേദമന്യേ ഇത് പരിഹരിക്കപ്പെടേണ്ടതാണ്. സ്ഥലം കണ്ടെത്താനും മറ്റും പൊതുജനങ്ങള്‍ കൂടി സഹകരിക്കേണ്ടതാണ്.

ആശ്വാസം ഗ്രാറ്റ്വിവിറ്റി വിധി

അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന സുപ്രീം കോടതിയുടെ നിര്‍ണായക വിധി അടുത്തിടെയാണ് പുറത്തുവന്നത്. ഗുജറാത്ത് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയനാണ് (സി.ഐ.ടി.യു.) വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഈ വിധി നേടിയത്. ഗ്രാറ്റുവിറ്റി നിയമത്തിലെ 'എസ്റ്റാബ്ലിഷ്മെന്റ് 'എന്നതിന്റെ നിര്‍വചനത്തില്‍ വരുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികളെന്നും വിദ്യാഭ്യാസവും പോഷകാഹാര വിതരണവുമുള്‍പ്പെടെ സുപ്രധാന സേവനങ്ങള്‍ നിര്‍വഹിക്കുന്ന അങ്കണവാടി ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ സമയമായെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

രാജ്യത്താകമാനം വരുന്ന ലക്ഷക്കണക്കിന് അങ്കണവാടി ജീവനക്കാര്‍ക്ക് വലിയ ആശ്വാസം തരുന്ന സുപ്രീംകോടതി വിധിയെ കുറിച്ച് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വര്‍ക്കേര്‍സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.ആര്‍ സിന്ധു വ്യക്തമാക്കുന്നു

എ.ആർ സിന്ധു

എംപ്ലോയി-എംപ്ലോയര്‍ റിലേഷന്‍ഷിപ്പ് ഉണ്ടെങ്കിലും അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കാന്‍ കഴിയില്ല എന്നായിരുന്നു നേരത്തെയുള്ള വിധി. ഇത് തൊഴിലാളികളുടെ പക്ഷത്ത് നില്‍ക്കുന്ന വിധിയായിരുന്നില്ല. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഗ്രാറ്റുവിറ്റി നിയമത്തിനുകീഴിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ് ഈ വിധിയുടെ ഏറ്റവും വലിയ പ്രാധാന്യം. രാജ്യത്താകമാനമുള്ള അങ്കണവാടി ജീവനക്കാര്‍ക്ക് അതില്‍ അവകാശവാദമുന്നയിക്കാനാവും.

കേരളമുള്‍പ്പടെ കുറച്ച് സംസ്ഥാനങ്ങളില്‍ വിരമിക്കുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഗ്രാറ്റുവിറ്റി നിയമത്തില്‍ ഉള്‍പ്പെടുത്തിയൊന്നുമല്ല അത് കൊടുക്കുന്നത്. ഇനി അത് അവകാശമായി രാജ്യത്താകെ അംഗീകരിക്കപ്പെടുന്നു എന്നതാണ് ഈ വിധിയുടെ പ്രാധാന്യം. ജീവനക്കാരുടെ ശമ്പളത്തില്‍ ഉള്‍പ്പടെ ഇതിന്റെ മാറ്റങ്ങള്‍ ഉണ്ടാവും. അങ്കണവാടി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ പറഞ്ഞിരുന്ന ന്യായങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. വിദ്യാഭ്യാസവും പോഷകാഹാരവിതരണവുമുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്ന ജീവനക്കാരുടെ വേതന വ്യവസ്ഥ പരിഷ്‌കരിക്കാന്‍ സമയമായെന്നും അവരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തണമെന്നും സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഗുജറാത്തിലെ അങ്കണവാടികളുടെ വിഷയത്തിലാണ് വിധിയെങ്കിലും രാജ്യത്തുടനീളം ദുരിതജീവിതം നയിക്കുന്ന അങ്കണവാടി ജീവനക്കാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുന്നതിന് ഈ വിധി കാരണമാകും.

കേരളത്തില്‍ മെച്ചപ്പെട്ട സ്ഥിതി

ഇന്ത്യയില്‍ തന്നെ ആദ്യമായി അങ്കണവാടി ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കിയത് കേരളമാണ്. സുശീല ഗോപാലന്‍ സാമൂഹിക ക്ഷേമ മന്ത്രിയായിരിക്കുമ്പോഴാണ് ആദ്യമായി അധിക തുക നല്‍കുന്നതിന് തുടക്കമിട്ടത്. നിങ്ങള്‍ക്ക് ഇത് കൊടുക്കാന്‍ സാധിക്കില്ല എന്ന നിലപാടായിരുന്നു അന്ന് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരുന്നത്. പെന്‍ഷനെ കുറിച്ച് ഉള്‍പ്പടെ എഴുതി ചോദിച്ചപ്പോള്‍ അത് കൊടുക്കാന്‍ പാടില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. പിന്നീട് തുടരെയുള്ള സമരങ്ങളുടെയൊക്കെ ഭാഗമായി മറ്റ് പല സംസ്ഥാനങ്ങളും കുറച്ച് ആനുകൂല്യങ്ങളൊക്കെ കൊടുക്കാന്‍ തയ്യാറായി.

അങ്കണവാടി ജീവനക്കാര്‍ക്ക് നിലവില്‍ ഏറ്റവും മെച്ചപ്പെട്ട വേതനം ലഭിക്കുന്നത് കേരളത്തിലാണ്. പല സംസ്ഥാനങ്ങളിലും വര്‍ക്കേഴ്സിന്റെ ശമ്പളത്തിന്റെ പകുതി മാത്രമേ ഹെല്‍പ്പേഴ്സിന് ലഭിക്കുന്നുള്ളു. കേരളത്തില്‍ ആ അന്തരം കുറവാണ്. ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും കേരളം കൊടുക്കുന്നുണ്ട്. കേരളത്തില്‍ അങ്കണവാടികളുടെ താരതമ്യേന സാഹചര്യവും മെച്ചപ്പെട്ടതാണ്. അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
(തുടരും....)

Content Highlights: Performance of Anganwadi Centres in Kerala indepth study

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented