ഞങ്ങളെവിടെ കളിക്കും, ഞെങ്ങിഞെരുങ്ങി എങ്ങനെ ഇവിടെ വളരും? പരമ്പര- ഭാഗം 1


അശ്വതി അനിൽ | അഞ്ജന രാമത്ത്

5 min read
Series
Read later
Print
Share

അടിമുടി ഹൈടെക്കും സ്മാർട്ടുമായാണ് നമ്മുടെ കുട്ടികൾ പിറന്നുവീഴുന്നത് തന്നെ. എന്നാൽ, ഇവരെ സ്കൂൾ വിദ്യാഭ്യാസത്തിന് സജ്ജരാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം പേറുന്ന അങ്കണവാടികൾ ഇവരെ ഉൾക്കൊള്ളുംവിധം പുതിയ കാലത്തേക്ക് സജ്ജരാക്കുംവിധം സ്മാർട്ടായിക്കഴിഞ്ഞോ? മാതൃഭൂമി ഡോട് കോം അന്വേഷണ പരമ്പര - 'കുട്ടികള്‍ സ്മാര്‍ട്ടാണ് അങ്കണവാടികളോ?'

വൈക്കത്ത് തകർന്നുവീണ അങ്കണവാടി കെട്ടിടം

ഴിഞ്ഞ കൊല്ലം വരെ അങ്കണവാടിയിൽ പോവാന്‍ മടിയായിരുന്നു വൈഷ്ണവ് എന്ന അപ്പുവിന്. ചെറിയൊരു കെട്ടിടത്തില്‍ മതിയായ കളിപ്പാട്ടങ്ങളില്ലാതെ അവന്‍ അവിടെ ശ്വാസംമുട്ടിയിരുന്നു. എന്നാല്‍ ഇന്ന കഥയാകെ മാറി. അങ്കണവാടി സ്മാര്‍ട്ടായതോടെ അപ്പുവിന് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളും കഥാപുസ്‌കങ്ങളും എല്ലാം ഇന്ന് അവിടെയുണ്ട്. ഡോറ ബുജി, ടോം ആന്‍ഡ് ജെറി എന്നീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ചുമരില്‍ മനോഹരമായി വരച്ചിട്ടുണ്ട്. പണ്ട് നിലത്തിരുന്നാണ് ഭക്ഷണം കഴിച്ചതെങ്കില്‍ ഇന്ന് അതിനായി ടേബിളുണ്ട്, ഇടയ്ക്ക് അല്‍പ്പം കാര്‍ട്ടൂണ്‍ കാണാന്‍ ടി.വിയും. 'ഇന്ന് അങ്കണവാടി ഇല്ലേ?' എന്ന് ചോദിച്ചാണ് അപ്പു ഇപ്പോള്‍ ഉണരുന്നതു തന്നെ. തൃശൂര്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡിലെ അങ്കണവാടിയിലെ വിദ്യാര്‍ഥിയാണ് അപ്പു.

അതേ സംസ്ഥാനത്തെ മറ്റൊരു ജില്ലയായ കോട്ടയം വൈക്കം നഗരസഭയിലെ 25ആം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ വിദ്യാര്‍ഥിയായ കിച്ചുവിന് അങ്കണവാടിയെന്ന് കേട്ടാല്‍തന്നെ പേടിയാണ്. എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാം എന്ന അവസ്ഥയിലുള്ള, മഴ പെയ്താല്‍ ചോരുന്ന, ഓടുവിരിച്ച അങ്കണവാടി കെട്ടിടത്തെ കുറിച്ച് ഓര്‍മ വരുമ്പോഴെല്ലാം ആ കണ്ണില്‍ ഭയം നിഴലിക്കും. അങ്കണവാടി മോശം അവസ്ഥയിലാണെന്ന് പല തവണ പരാതിപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ലെന്ന് അതേ അങ്കണവാടിയിലെ കുട്ടിയായ അശ്വിന്റെ അമ്മ രേവതി പറയുന്നു. മക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അധികൃതര്‍ എന്ത് മറുപടി തരുമെന്ന് ഇവര്‍ ചോദിക്കുന്നു.

ഈ രണ്ട് കാഴ്ചകൾ പറയും കേരളത്തിലെ അങ്കണവാടികളുടെ കഥയത്രയും. ഒരു ഭാഗത്ത് സകല സൗകര്യങ്ങളുമുള്ള, സ്കൂളുകളെ വെല്ലും ഹൈടെക് അങ്കണവാടികൾ മറുഭാഗത്ത് സ്വന്തമായി ചോർന്നൊലിക്കാത്ത കെട്ടിടം സ്വപ്നം കാണുന്ന, കുട്ടികൾ തിങ്ങിനിറഞ്ഞ അങ്കണവാടികളും. അടിമുടി ഹൈടെക്കും സ്മാർട്ടുമായാണ് നമ്മുടെ കുട്ടികൾ പിറന്നുവീഴുന്നത് തന്നെ. എന്നാൽ, ഇവരെ സ്കൂൾ വിദ്യാഭ്യാസത്തിന് സജ്ജരാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം പേറുന്ന അങ്കണവാടികൾ ഇവരെ ഉൾക്കൊള്ളുംവിധം പുതിയ കാലത്തേക്ക് സജ്ജരാക്കുംവിധം സ്മാർട്ടായിക്കഴിഞ്ഞോ?

മൂന്ന് വയസ് മുതല്‍ സ്‌കൂളില്‍ പോവുന്നത് വരെ മാതാപിതാക്കള്‍ക്ക് ഏല്‍പ്പിക്കാവുന്ന 'ഡേ കെയര്‍ സംവിധാനം' എന്ന നിലയിലാണ് അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത്. ഒപ്പം അടിസ്ഥാന വിവരശേഖരണങ്ങളുമുള്‍പ്പെടെ സര്‍ക്കാരിന്റെ പലപദ്ധതികള്‍ക്കും ഊര്‍ജം പകരുന്ന നിരന്തര കര്‍മസേനയാണ് അങ്കണവാടികള്‍. എന്നാല്‍ ഇതാണോ അങ്കണവാടികളുടെ ശരിയായ ധര്‍മം? ഇങ്ങനെ തന്നെയാണോ ഇവ പ്രവര്‍ത്തിക്കേണ്ടത്.? ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായി നിര്‍വഹിക്കാനുള്ള ഭൗതിക സാഹചര്യം അങ്കണവാടികള്‍ക്കുണ്ടോ, ആവശ്യത്തിന് ജീവനക്കാരുണ്ടോ?, എന്തൊക്കെയാണ്‌
അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍? ഇവയെ കുറിച്ച് അന്വേഷിക്കുകയാണ് മാതൃഭൂമി ഡോട്ട്കോം.

സുവര്‍ണ ജൂബിലിയിലേക്ക് കുതിച്ച് അങ്കണവാടി സംവിധാനം

രാജ്യത്ത് 1975 ഒക്ടോബര്‍ രണ്ടിനാണ് അങ്കണവാടി സംവിധാനം നിലവില്‍ വരുന്നത്. ഐ.സി.ഡി.എസ് ശിശു വികസന മന്ത്രാലയത്തിന്റെ കിഴില്‍ വരുന്ന സംയോജിത ശിശുവികസന സേവന പദ്ധതിയിലുള്‍പ്പെടുന്നതാണ് അങ്കണവാടികള്‍. ആറ് വയസ്സുവരെയുള്ള കുട്ടികളുടെ പോഷക ആരോഗ്യനിലവാരം മെച്ചപ്പെടുത്തുക. ശിശുക്കളുടെ ശരിയായ മാനസിക, ശാരീരിക, സാമൂഹിക വികസനത്തിനു വേണ്ട അടിത്തറയിടുക, മരണം, രോഗാവസ്ഥ, പോഷക ദാരിദ്ര്യം, സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് എന്നിവ സംഭവിക്കുന്നത് കുറയ്ക്കുക, ശിശു വികസനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വിവിധ വകുപ്പുകളുടെ നയങ്ങളും നടപടികളും ഫലപ്രദമായി ഏകോപിപ്പിക്കുക, ശരിയായ പോഷണ ആരോഗ്യ ശിക്ഷണത്തിലൂടെ കുട്ടികളുടെ ആരോഗ്യ പോഷക ആവശ്യങ്ങള്‍ നോക്കാന്‍ രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന വിധത്തില്‍ അവരുടെ ശേഷി വര്‍ധിപ്പിക്കുക. ഇവയെല്ലമാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

പൂരക പോഷകാഹാരം, രോഗപ്രതിരോധം, ആരോഗ്യ പരിശോധന, റഫറല്‍ സേവനങ്ങള്‍, സ്‌കൂള്‍ പൂര്‍വ്വ അനൗപചാരിക വിദ്യാഭ്യാസം പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം എന്നീ സേവനങ്ങളാണ് പ്രധാനമായും അങ്കണവാടികള്‍ നല്‍കുന്നത്.

പ്രവര്‍ത്തനം ഇങ്ങനെ..

ഒരു വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവരാണ് ഓരോ അങ്കണവാടികളിലും ഉണ്ടാവുക. ഒരു വര്‍ക്കര്‍ മാത്രമുള്ള മിനി അങ്കണവാടികളും കേരളത്തിലുണ്ട്. സ്വന്തം സ്ഥലം, അടുക്കള, ശുചിമുറി, സ്റ്റോര്‍ റൂം, പഠനമുറി എന്നിവ ഉള്‍പ്പെടുന്ന കെട്ടിടം, കുടിവെള്ളത്തിനുള്ള സംവിധാനം എന്നിവയാണ് അടിസ്ഥാനപരമായി ഓരോ അങ്കണവാടിക്കും വേണ്ടത്. സാധാരണനിലയിൽ രാവിലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് അങ്കണവാടികള്‍ പ്രവര്‍ത്തിക്കുക. കുട്ടികളുടെ പഠനം, മാനസിക വളര്‍ച്ച, ആരോഗ്യം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളാണ് അങ്കണവാടികളെ നയിക്കുന്നത്. ഇതിന് പുറമേ ഗര്‍ഭിണികളായ സ്ത്രീകളുടേയും അമ്മമാരുടേയും നവജാതശിശുക്കളുടേയും വയോജനങ്ങളുടേയും ആരോഗ്യനിരീക്ഷണത്തിനുള്ള സമാന്തര സംവിധാനമായും അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ഥലമില്ല, കെട്ടിടമില്ല.. തിങ്ങിഞെരുങ്ങി ആയിരത്തിലേറെ അങ്കണവാടികള്‍

'വൈക്കത്ത് അങ്കണവാടി കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നുവീണ് നാലുവയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു.. 'വാര്‍ത്ത പുറത്ത് വന്നിട്ട് ദിവസങ്ങള്‍ പിന്നിടുന്നതേ ഉള്ളൂ.. തകര്‍ന്നുവീണ കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ അറിയാന്‍ കഴിഞ്ഞത് വികസിത കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ്.

1980ലാണ് പ്രസ്തുത അങ്കണവാടി നിര്‍മിച്ചത്. അന്ന് മുതല്‍ ഇന്നുവരെ വൈക്കത്തെ വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. വാടകയ്ക്ക് നിരവധി കെട്ടിടങ്ങളില്‍ മാറി മാറി പ്രവര്‍ത്തിച്ചു. അവസാനമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഭിത്തിയാണ് അകത്തുള്ള അലമാരയുടെ ഭാരം പോലും താങ്ങാന്‍ കഴിയാതെ തകര്‍ന്നുവീണത്. പരിക്ക് ഒരാളില്‍ മാത്രം ഒതുങ്ങിയത് ഭാഗ്യമെന്ന് കരുതാം, അല്ലാത്തപക്ഷം കേരളം കേള്‍ക്കേണ്ടിയിരുന്നത് ദാരുണമായ മറ്റൊരു വാര്‍ത്തയായിരിക്കും. അപകടത്തെ തുടര്‍ന്ന് ഈ അങ്കണവാടി പൂട്ടിയിട്ട് പന്ത്രണ്ടോളം കുട്ടികളും അധ്യാപകയും സമീപത്തെ വാടകക്കെട്ടിടത്തില്‍ താല്‍ക്കാലിക അങ്കണവാടിയായി പ്രവര്‍ത്തിക്കുകയാണ്. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു.

അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലെങ്കില്‍ അതുണ്ടാക്കി കൊടുക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. എന്നാല്‍ നിരവധി തവണ സ്വന്തം അങ്കണവാടി കെട്ടിടമെന്ന ആവശ്യം ഉയര്‍ന്നിട്ടും ഇതില്‍ നടപടി ഉണ്ടായിട്ടില്ല.

കടുത്തുരുത്തി ചിറക്കുന്നില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത് റോഡരികിലെ കടമുറിയിലാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള ജീര്‍ണിച്ച കെട്ടിടമാണിത്. കുട്ടികള്‍ ഇരിക്കുന്ന ഭാഗത്ത് മച്ചില്ലാത്തതിനാല്‍ അപകടമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ശുചിമുറിയില്ലാത്തതിനാല്‍ കുട്ടികള്‍ കെട്ടിടത്തിന് പിറകിലാണ് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഇവിടെ വനിത ശിശുക്ഷേമ വകുപ്പ് പരിശോധന നടത്തിയിരുന്നു.

സ്മാര്‍ട്ട് അങ്കണവാടിയായെങ്കിലും സ്ഥലപരിമിതിയുടെ പ്രശ്‌നങ്ങളെക്കുറിച്ചാണ് തൃശൂരുള്ള രമണി ടീച്ചര്‍ പറയുന്നത്. അങ്കണവാടിയില്‍ കിഡ്‌സ് ഫ്രണ്ട്ലിയായ ടോയ്ലെറ്റ് സൗകര്യം വരെ ഇപ്പോഴുണ്ട്. പക്ഷേ സ്ഥലപരിമിതി വലിയൊരു പ്രശ്നമാണ്. കുട്ടികള്‍ക്ക് ഒന്ന് ഓടിക്കളിക്കാനുള്ള സ്ഥലമില്ല. അങ്കണവാടിയില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ വരുമ്പോള്‍ കുട്ടികള്‍ ഒതുങ്ങിക്കൂടേണ്ടി വരും. കളിസ്ഥലം ഇല്ലാത്തതിനാല്‍ തൊട്ടപ്പുറത്തുത്തുളള പറമ്പിലാണ് കുട്ടികള്‍ കളിക്കുന്നത്.

കോഴിക്കോട് നഗരപരിധിയിലെ അങ്കണവാടിയിലെ റീന ടീച്ചറും സമാനപ്രശ്നമാണ് നേരിടുന്നത്. കുടുസ്സുമുറിയിലാണ് 12 കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ടത്. കോഴിക്കോട് നഗരപരിധിയിലെ കോട്ടുളിയില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത് കടമുറിയുടെ ഒന്നാം നിലയിലാണ്. വളരെ ഇടുങ്ങിയ പടികൾ കയറിവേണം മുകളിലെത്താന്‍. അങ്കണവാടി വര്‍ക്കറുടെ ശ്രദ്ധതെറ്റി കുഞ്ഞുങ്ങള്‍ പുറത്തേക്ക് ഓടിയാല്‍ നേരെ എത്തുന്നത് മെയിന്‍ റോഡിലേക്കാണ്. ചെറിയ മുറിയില്‍ അസൗകര്യങ്ങളില്‍ ഞെരുങ്ങിയാണ് ഇവര്‍ മുന്നോട്ട് പോവുന്നത്.

അതേസമയം പത്ത് സെന്റ് സ്ഥലത്ത് മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളുമുണ്ട്. സ്വന്തം കെട്ടിടവും പ്ലേ ഗ്രൗണ്ടും കിണറും തുടങ്ങി എല്ലാ സൗകര്യ സംവിധാനങ്ങളുമുള്ള ഇത്തരം അങ്കണവാടികള്‍ വര്‍ക്കര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുന്ന ആശ്വാസം ചെറുതല്ല.

ഞങ്ങള്‍ക്കും വേണം സ്വന്തം കെട്ടിടം..

അങ്കണവാടികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സ്ഥലപരിമിധി. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ഏകദേശം 33,115 അങ്കണവാടികളാണ് ഉള്ളത്. ഇതില്‍ ആറായിരത്തി അഞ്ഞൂറോളം അങ്കണവാടികള്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മിക്ക വാടകക്കെട്ടിടങ്ങളും തീരം സൗകര്യമില്ലാത്ത കുടുസു മുറികളാണ്. ശൗചാലയങ്ങളും സ്വന്തം കിണറുമില്ലാതെ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളും നിരവധിയാണ്.

ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 33,115 അങ്കണവാടികള്‍ കേരളത്തിലുണ്ടെന്നാണ് കണക്കുകള്‍. അങ്കണവാടി വര്‍ക്കര്‍ , ഹെല്‍പ്പര്‍ എന്നിങ്ങനെ രണ്ട് പേര്‍ ഒരോ അങ്കണവാടികളിലുമുണ്ടാവും. ഇതില്‍ 129 എണ്ണം ഒരു വര്‍ക്കര്‍ മാത്രമുള്ള മിനി അങ്കണവാടികളാണ്. 33,115 അങ്കണവാടിയില്‍ 24,360 എണ്ണം സ്വന്തം കെട്ടിടത്തിലും 6498 വാടക കെട്ടിടത്തിലുമാണ്.

1000 രൂപയാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ കെട്ടിടം വാടകയ്ക്കെടുക്കാന്‍ പഞ്ചായത്ത് കൊടുക്കുന്ന തുകയുടെ പരിധി. മുന്‍സിപ്പാലിറ്റി ആണെങ്കില്‍ 4000 രൂപ വരെ ലഭിക്കും. ഒരു ഹാള്‍, അടുക്കള, സ്റ്റോര്‍ റൂം, ശുചിമുറി എന്നിവ അടങ്ങുന്ന ചെറിയ വീടിന് പോലും അയ്യായിരം രൂപ വരെ വാടക വാങ്ങുന്ന കാലത്താണ് 1000 രൂപയ്ക്ക് കെട്ടിടം വാടകയ്ക്കൊപ്പിക്കാനുള്ള നെട്ടോട്ടം. കെട്ടിടം കിട്ടിയാല്‍ തന്നെ മറ്റുള്ള അറ്റക്കുറ്റപ്പണികള്‍ക്കുള്ള പണം ടീച്ചറിന്റേയും ഹെല്‍പ്പറിന്റേയും കയ്യില്‍നിന്ന് പോകും. കിണറില്ലെങ്കില്‍ വെള്ളം അടുത്ത വീട്ടില്‍ നിന്ന് ചുമന്നുകൊണ്ടുവരുന്നതും ഇവരുടെ ജോലിയാവും.

വര്‍ഷാവര്‍ഷം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അതിലെ ക്ലാസ് മുറികളും ഹൈടെക് ആക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെങ്കിലും അങ്കണവാടികളെ പാടേ അവഗണിച്ച മട്ടാണ്. മൂന്ന് മുതല്‍ ആറ് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുമക്കളെ രക്ഷിതാക്കള്‍ വിശ്വസിച്ചേല്‍പ്പിച്ച് പോകുന്ന ഇടമായിട്ട് പോലും പല അങ്കണവാടികൾക്കും ഇപ്പോഴും സ്വന്തമായി കെട്ടിടം പോലും ഇല്ലെന്നത് നാണക്കേടല്ലാതെ മറ്റെന്താണ്?

(തുടരും)

Content Highlights: Performance of Anganwadi Centres in Kerala indepth study

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
NH
Premium

7 min

തിരുവനന്തപുരത്ത് 3 റീച്ചിലും വണ്ടി ഓടിത്തുടങ്ങി, ചെങ്കവിളയ്ക്ക് ശേഷം ഇനിയെന്ത്? | പണി തീരുന്ന പാത 05

Aug 11, 2023


waste plant
SERIES

10 min

പൂട്ടിപ്പോയവ നിരവധി, സര്‍ക്കാരിന് പാഠങ്ങള്‍ പലത്; ആവിക്കലിന്റെ ഭാവിയെന്ത്?| പരമ്പര

Aug 30, 2022


pulpally

4 min

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജീപ്പുണ്ടായിരുന്ന ഗ്രാമം; തലവര മാറി പുല്‍പ്പള്ളി

Mar 31, 2022


Most Commented