പ്രതീകാത്മക ചിത്രം
എല്ലാ പിഡോഫൈലുകളും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാറില്ല എന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ. അതായത് കുട്ടികളെ നേരിട്ട് ഉപദ്രവിക്കുന്നവരും അല്ലാത്തവരുമായ പിഡോഫൈലുകളുണ്ട്. എന്നാല്‍, രണ്ട് തരത്തിലുമുള്ള ആളുകളും സമൂഹത്തിന് ഭീഷണിയാണ്. പൊതുവേ നാമറിയുന്നത് ആദ്യവിഭാഗക്കാരെപ്പറ്റി മാത്രമാണ്. എന്നാല്‍ രണ്ടാമത്തെ വിഭാഗവും പരോക്ഷമായ രീതിയില്‍ കുഞ്ഞുജീവിതങ്ങളെ താറുമാറാക്കി കൊണ്ടിരിക്കുകയാണെന്ന് എത്ര പേര്‍ക്കറിയാം.
കുഞ്ഞുങ്ങളെ നേരിട്ടുപയോഗിക്കാത്ത ഇവരില്‍ വലിയൊരു ശതമാനമാണ് ചൈല്‍ഡ് പോണോഗ്രാഫിയുടെ സജീവപ്രേക്ഷകര്‍. കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങളോടുള്ള തീവ്രമായ അടിമത്തം ഇവരുടെ പ്രത്യേകതയാണ്. ഇവര്‍ തന്നെയാണ് ഇത്തരം ലക്ഷോപലക്ഷം അശ്ലീല സൈറ്റുകളുടെ ഉപയോക്താക്കളും. ഇത്തരക്കാര്‍ മൂലം ലോകത്ത് എത്രയോ കുട്ടികള്‍ അശ്ലീല ചിത്രീകരണത്തിന്റെ ലോകത്തേക്ക് വലിച്ചിഴക്കപ്പെട്ടിട്ടുണ്ടാകും. അംഗീകരിക്കാന്‍ വിഷമം തോന്നുമെങ്കിലും, പുറംലോകമറിയാതെ ഒരുപാടുപേര് നമുക്കുചുറ്റും ഈ പ്രശ്നവുമായി നടപ്പുണ്ട് എന്നത് തന്നെയാണ് വസ്തുത.
വൈദ്യശാസ്ത്രം എങ്ങനെ പറഞ്ഞാലും ഇതിനെ ഒരു മനോരോഗമായി പൊതുസമൂഹം കണക്കാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇതിനെ ഒരു സദാചാര പ്രശ്നമായി മാത്രമാണ് സമൂഹം നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തില്‍നിന്നു തിരസ്കൃതരാകുമെന്ന ഭയം മൂലം സ്വന്തം അവസ്ഥ മറച്ചുപിടിച്ച് നടക്കേണ്ടി വരികയും തല്‍ഫലമായി കടുത്ത വൈകാരിക പ്രശ്നങ്ങള്‍ക്ക് പോലും മനഃശ്ശാസ്ത്ര ചികിത്സകളൊന്നും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതും അവരെ അപകടത്തിലാക്കാം. പാര്‍ശ്വവത്കരിക്കുന്നതും തരംതാഴ്ത്തി കാണിക്കുന്നതും അവരെ കൂടുതല്‍ അപകടകാരികളാക്കുകയേ ഉള്ളൂ.
കൗമാരത്തില്‍ തന്നെ ഇത്തരം താല്പര്യങ്ങള് കണ്ടെത്താനോ മാനസിക സംഘര്‍ഷങ്ങളും കുറ്റവാസനകളും ഒഴിവാക്കാനുതകുന്ന നടപടികളെടുക്കാനോ ഉള്ള അവസരങ്ങള്‍ നമ്മുടെ നാട്ടില്‍ ഇല്ല. മറ്റ് പെരുമാറ്റ വൈകല്യങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഇത്തരം കുട്ടികളെ നിരീക്ഷണ ബോധമുള്ളവര്‍ക്ക് മാത്രമേ കണ്ടെത്താനാകൂ. മാനസികമായി തളര്‍ത്താതെ ഈ വിഷയം ചര്‍ച്ച ചെയ്യാനും അവരുടെ താല്പര്യങ്ങളില് കുറച്ച് താല്‍ക്കാലിക മാറ്റങ്ങളെങ്കിലും വരുത്തി സ്വകാര്യത ഉറപ്പുവരുത്തി ചികിത്സ നല്‍കുക എന്നതാണ് പരിഹാരം. തുടക്കത്തിലേ കണ്ടെത്തിയാല്‍ ഇവരെ സമൂഹത്തിന് പ്രയോജനകരമാക്കി മാറ്റാനും സാധിക്കും.
Read More:
3) മിഠായി തന്നു മയക്കുന്നവരെല്ലാം മനോവൈകൃതം ഉള്ളവരല്ല | നേരിടാം പിഡോഫീലിയ; സംരക്ഷിക്കാം കുട്ടികളെ 03
വിദേശ മാതൃകകളുണ്ട്, ജര്‍മനിയിലേക്ക് നോക്കൂ
ജര്‍മനിയിലെ 'Prevention Project Dunkelfeld' പിഡോഫൈലുകളെ പീഡകരാക്കുന്നതില്നിന്നു സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ഒരു സംരംഭമാണ്. Dunkelfeld എന്ന ജര്‍മന്‍ വാക്കിന് dark field എന്നാണ് ഇംഗ്ലീഷ് അര്‍ഥം. ഇരുണ്ട സ്ഥലങ്ങളില്‍നിന്ന് പിഡോഫൈലുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്നതാണ് ഇതിന്റെ ഉദ്ദേശം. സ്വന്തം വൈകല്യാവസ്ഥയെക്കുറിച്ച് മനസ്സിലാക്കി അതിന്റെ അസുഖകരമായ പരിണിതഫലങ്ങള്‍ തടയണമെന്നാഗ്രഹിക്കുന്ന പിഡോഫൈലുകള്ക്ക് സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടുള്ള സൗജന്യ സ്വാന്ത്വന ചികിത്സ അവിടെ ലഭിക്കുന്നു. 2005-ലാണ് ഇത്തരമൊരു സംവിധാനം ആരംഭിക്കുന്നത്.
വോക്സ് വാഗന് ഫൗണ്ടേഷന് എന്ന ജര്‍മന്‍ സംഘടനയാണ് ഇത്തരമൊരു സംവിധാനത്തിന് തുടക്കമിട്ടത്. ലൈംഗിക കുറ്റവാളികളാകാതെ ഇത്തരക്കാരെ സഹായിക്കാനാണ് 'Prevention Project Dunkelfeld' ശ്രമിക്കുന്നത്. മരുന്നുകള്‍, കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി എന്നിവയിലൂടെ ഇത്തരക്കാരെ സമൂഹവുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ സഹായിക്കുന്നു.
പിഡോഫീലിയ ഒരു സദാചാര പ്രശ്നം മാത്രമായി കാണുന്നിടത്താണ് സംഗതി ഗുരുതരമാകുന്നത്. ഇതോടെ ഇത്തരം മാനസികാവസ്ഥയുള്ളവര്‍ അത് വെളിപ്പെടുത്താന്‍ മടിക്കുകയും അത് അറിഞ്ഞോ അറിയാതെയോ നിരവധി കുട്ടികളെ ബാധിക്കുകയും ചെയ്യുന്നിടത്ത്് പ്രതിസന്ധി രൂക്ഷമാകുന്നത്. അതുകൊണ്ടുതന്നെ നേരിടാം പിഡോഫീലിയ; സംരക്ഷിക്കാം നമ്മുടെ കുട്ടികളെ.
(അവസാനിച്ചു)
Content Highlights: Pedophilia, child abuse, Child Pornography Site
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..