.
എല്ലാവരോടും സൗമ്യമായി പെരുമാറുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട പെണ്‍കുട്ടിയായിരുന്നു കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ ബിജിഷ. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന അച്ഛന്റെ വരുമാനത്തിന് തുണയാവാൻ ടെലികോം കമ്പനിയുടെ ഓഫീസില്‍ ജോലിയുണ്ട്. പഠിച്ച സ്കൂളില്‍ ഇടയ്ക്ക് ക്ലാസെടുക്കാന്‍ പോവും. അങ്ങനെയിരിക്കെയാണ് 2021 ഡിസംബര്‍ 12-ന് ബിജിഷയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തികമായി കുടുംബത്തിന് കാര്യമായ പ്രശ്നമൊന്നുമില്ലാഞ്ഞിട്ടും മറ്റ് വിഷയങ്ങളൊന്നുമില്ലാഞ്ഞിട്ടും എന്തിന് ബിജിഷ ആത്മഹത്യ ചെയ്തുവെന്ന ചോദ്യമാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനെ ഓണ്‍ലൈന്‍ റമ്മികളിയിലേക്കും ലോണ്‍ ആപ്പിലേക്കുമൊക്കെ എത്തിച്ചത്. ഓണ്‍ലൈന്‍ റമ്മി കളിയാണ് മരണകാരണമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടും അതിപ്പോഴും വിശ്വസിക്കാനായിട്ടില്ല കുടുംബത്തിന്. പക്ഷേ, പോലീസ് കണ്ടെത്തിയിരിക്കുന്നത് ആരെയും ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ബിജിഷ 35 പവന് സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തി. എന്നാല്‍, ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും തുക നഷ്ടപ്പെട്ടതായി കുടുംബത്തിനറിയാന് കഴിഞ്ഞത്. ഈ അക്കൗണ്ടിന്റെ തുമ്പു പിടിച്ച് പോയാൽ എത്തുന്നത് സംസ്ഥാനത്തിന് പുറത്തേക്കാണ്. ഇതോടെയാണ് മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്കിയതും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതും.

കോവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ആദ്യം ചെറിയരീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു. യു.പി.ഐ. ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണമടക്കം പണയംവെച്ചു. ഓണ്‍ലൈന്‍ വായ്പ നല്കുന്ന കമ്പനികളില്‍നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്കിയവര് ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്നുണ്ട് ബിജിഷയുടെ ബന്ധുക്കള്‍.വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
സ്ഥിരമായി മോഷണത്തില്‍ ഏര്പ്പെട്ടിരിക്കുന്നയാളെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മോഷണം നടത്തിയത് റമ്മി കളിച്ച കടം വീടാനാണെന്ന് പോലീസിനോട് പറഞ്ഞ സംഭവവും കോഴിക്കോട്ടുണ്ടായിട്ടുണ്ടെന്ന് പറയുന്നു സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ഉമേഷ്. റമ്മി കളിച്ച് കൈയിലുള്ള പണം മുഴുവന്‍ തീര്‍ന്നപ്പോഴാണ് മോഷണത്തിലേക്കിറങ്ങിയത്. രണ്ട് തവണ മാല മോഷ്ടിച്ചു. അതും മതിയാവാതെ ബൈക്ക് മോഷണത്തിലേക്കിറങ്ങി. തുടര്‍ന്ന് പ്രതി പിടികൂടിയപ്പോള്‍ ചോദ്യം ചെയ്തപ്പോഴാണ് ലക്ഷങ്ങള്‍ റമ്മി കളിച്ച് ലോണ്‍ ആപ്പുകളില്‍ കടമുള്ളതായി പോലീസിനോട് പറഞ്ഞത്. ഇയാള്‍ ഇപ്പോള്‍ ജയിലുലുമാണ്. മോഷണത്തിന് പുറമെ പെട്ടെന്ന് പണമുണ്ടാക്കാനായി കഞ്ചാവ് വില്‍പ്പനയിലേക്കും ലഹരിമരുന്ന് വില്‍പ്പനയിലേക്കും വരെ കടന്നവരുന്നുണ്ടെന്് പറയുന്നു പോലീസ്.
റമ്മികളി നിരോധിക്കാത്തത് കൊണ്ടു തന്നെ ഇതിന്റെ പേരില്‍ പോലീസിന് കേസെടുക്കാനാവാത്ത അവസ്ഥയാണ്. ലോണ്‍ ആപ്പുകളെല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സംസ്ഥാനത്തിന് പുറത്തായത് കൊണ്ടു തന്നെ ഇതിന് പിന്നാലെ പോവാനും പോലീസിന് കഴിയുന്നില്ലെന്ന് പറയുന്നു ഉമേഷ്. വിദ്യാര്‍ഥികള്‍ മുതല്‍ സര്‍ക്കാര്‍ ജോലിക്കാര്‍ വരെ ഇത്തരക്കാരുടെ വലയിലാവുന്നുവെന്നതാണ് ഏറ്റവും ഭീകരമായ അവസ്ഥ.
ലോണ്‍ആപ്പില്‍ തിരിച്ചടവ് മുടങ്ങി; കള്ളനാക്കിയും റേപ്പിസ്റ്റായും പ്രചാരണം
റമ്മി കളിച്ച് കടക്കാരനായതിന് പരിഹാരം തേടുന്നതിനിടെയാണ് വയനാട് സ്വദേശിയായ യുവാവിന്റെ (പേരും വയനാട്ടിലെ യഥാര്‍ഥ സ്ഥലവും സ്വകാര്യത പരിഗണിച്ച് വ്യക്തമാക്കുന്നില്ല) ഫോണിലേക്ക് റമ്മി കമ്പനി തന്നെ ലോണ്‍ ആപ്പിനെ ലിങ്ക് വഴി പരിചയപ്പെടുത്തുന്നത്. ആരോടും കൈനീട്ടാതെ ഒരീടും ആവശ്യമില്ലാതെ പണം തരാന്‍ ലോണ്‍ ആപ്പുകാര്‍ റെഡിയായിരുന്നു. അവര്‍ക്ക് വേണ്ടിയിരുന്നത് ഫോണിനുള്ളിലേക്കുള്ള ആക്സസ് മാത്രം. രണ്ടാമതൊന്ന് ആലോചിക്കാതെ ആക്സസ് നല്‍കുകയും ചെയ്തു. പക്ഷേ, വായ്പാതിരിച്ചടവ് മുടങ്ങിയതോടെ ആപ്പുകാരുടെ യഥാര്‍ഥ സ്വഭാവം അറിഞ്ഞു. തന്നെ കള്ളനാക്കിയും റേപ്പിസ്റ്റായും മുദ്രകുത്തി ഫോട്ടോ മോര്‍ഫ് ചെയ്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്താണ് ആപ്പുകാര്‍ പകരം വീട്ടിയതെന്ന് പറയുന്നു ഈ യുവാവ്.
സുഹൃത്ത് നല്കിയ ലിങ്കില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്നെ ഫോണിലെ കോണ്ടാക്ട്, ഫോട്ടോ എന്നിവയ്ക്കൊപ്പം ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍ എന്നിവയെല്ലാം ഇവര്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. മറ്റ് ഈടോ പ്രശ്നങ്ങളോ ഒന്നുമില്ലാത്തതിനാല്‍ മൊബൈല്‍ ആപ്പ് വായ്പയിലേക്ക് എളുപ്പം വീഴുകയും ചെയ്തു.

ലോണ്‍ എടുത്ത് ഏഴാം ദിവസം പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടുള്ള വിളിയെത്തി. ദിവസമായില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ പിന്നെ തെറിവിളിയായി. പണമില്ലെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പണം വായ്പ വാങ്ങി തിരിച്ചടക്കാനായി സമ്മര്‍ദ്ധം. അതിനുള്ള ലിങ്കും അവര്‍ തന്നെ അയച്ചുകൊടുത്തു. രക്ഷയില്ലാതെ അതും ചെയ്തു.
തെറിവിളിയും ഫോണ്‍ വിളിയും മൈന്‍ഡ് ചെയ്യാതെ നിന്നെങ്കിലും ഫോണ്‍ ഹാക്ക് ചെയ്ത കോണ്ടാക്ട് നമ്പര്‍ ഉപയോഗിച്ച് അമ്മ, അച്ഛന്, ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരെയൊക്കെ ചേര്‍ത്ത് അവര്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന് പറയുന്നു ഈ യുവാവ്. അഡ്മിനായി നിന്നത് പണം തട്ടിപ്പ് ആപ്പിലെ ജീവനക്കാര്‍. ഇതിലേക്ക് തന്റെ ഫോട്ടോ വെച്ച് യുവാവ് കള്ളാനാണെന്നു പറഞ്ഞ് സന്ദേശം അയച്ചു തുടങ്ങി. പണം അടപ്പിക്കാന്‍ ഗ്രൂപ്പിലെ എല്ലാവരും തയ്യാറാവണമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ കൈവശപ്പെടുത്തിയ ഗ്രൂപ്പ് അംഗങ്ങളുടെ അടക്കം ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നുമായി ഭീഷണി. ഒപ്പം സുഹൃത്തുക്കളെയും മറ്റ് ബന്ധുക്കളേയും ഫോണ്‍വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
രാത്രികാലങ്ങളില്‍ പോലും സഹോദരി, അമ്മ, ബന്ധുക്കള്‍ എന്നിവരുടെയെല്ലാം ഫോണിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞ് കൊണ്ടിരിക്കും. വിളിക്കുന്നവരിൽ മലയാളികളുമുണ്ട്. പലതും തിരിച്ച് വിളിക്കാന്‍ പറ്റാത്ത നമ്പറുകള്‍. പരാതി കൊടുത്തെങ്കിലും ലോക്കല്‍ പോലീസ് പോലും അപമാനിച്ചിറക്കിയെന്നും പറയുന്നു യുവാവ്.
ലേ മെറിഡിയനില്‍ താമസം, പ്രത്യേക വണ്ടി... (ചതിക്കുഴികൾ അനവധിയാണ് അടുത്ത ലക്കത്തിൽ അറിയാം)
പരമ്പര 3- എനിക്ക് ടെക്സ്റ്റൈല്സില്ല, പണവും കിട്ടിയിട്ടില്ല; എന്റെ പരസ്യം കണ്ടാരും റമ്മി കളിക്കല്ലേ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..