വെയ് രാജാ വെയ്, പത്ത് വെച്ചാൽ നൂറ്, നൂറ് വെച്ചാൽ മരണം, ഇതിനൊക്കെ ആര് സമാധാനം പറയും?


കെ.പി നിജീഷ് കുമാർ nijeeshkuttiadi@mpp.co.inഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയുടെ പുതിയ പതിപ്പ് മാത്രമാണ് ഓൺലൈൻ റമ്മി. പണ്ട് പത്ത് വെച്ച് നൂറു വാരുകയായിരുന്നു ലക്ഷ്യമെങ്കിൽ ഇന്നത് ആയിരങ്ങളും ലക്ഷങ്ങളുമായി. എന്നാൽ, കാശു വാരാൻ കാശെറിയുന്നവർ അറിയുന്നില്ല അവർ നടന്നടുക്കുന്നത് കടക്കെണിയിലേയ്ക്ക് മാത്രമല്ല, മരണത്തിലേയ്ക്ക് കൂടിയാണെന്ന്. കേവലമൊരു സാമ്പത്തിക തട്ടിപ്പിനപ്പുറത്തേയ്ക്ക് നീളുന്നതാണ് ഈ റമ്മി കളിയുടെ അധോലോകം. സ്കൂൾ കുട്ടികൾ തൊട്ട് തു​ടങ്ങുകയാണ് ഇരകളുടെ നീണ്ടനിര. നാട്ടിലെ നിയമസംവിധാനമാവട്ടെ തീർത്തും നിസ്സഹായരായി നോക്കിനിൽക്കുകയുമാണ്. ഒരു അന്വേഷണം. മരണം ഡീൽ ഉറപ്പിക്കുന്ന ഓൺലൈൻ റമ്മി......

Series

പ്രതീകാത്മക ചിത്രം

കോവിഡ് കാലം ഗള്‍ഫിലെ ജോലി നഷ്ടപ്പെടുത്തി ജീവിതം പൂര്‍ണമായും ചോദ്യചിഹ്നമായി വീട്ടിൽ അടച്ചിട്ടതോടെയാണ് അപ്രതീക്ഷിതമായി ഒരു സന്ദേശം കോഴിക്കോട്ടുകാരന്‍ പ്രജീഷിന്റെ (യഥാര്‍ഥ പേരല്ല) ഫോണിലേക്കെത്തുന്നത്. ബോണസായി 8850 രൂപയ്ക്ക് അര്‍ഹനായിട്ടുണ്ടെന്നും ഇതുപയോഗിച്ച് ഓണ്‍ലൈന്‍ റമ്മി കളിച്ച് കൂടുതല്‍ പണം നേടാമെന്നുമായിയിരുന്നു സന്ദേശം. കൂടെയൊരു ലിങ്കുമുണ്ട്. ആ പ്രതിസന്ധിക്കാലത്ത് മറ്റൊന്നുമാലോചിക്കാതെ ലിങ്കില്‍ കയറി കളി തുടങ്ങി. നിബന്ധനകള്‍ പലതും കമ്പനി മുന്നോട്ടുവെച്ചുവെങ്കിലും അതൊന്നും വായിച്ചുനോക്കാതെ എല്ലാത്തിനും ആക്സസ് കൊടുത്തു. കളിയിലേയ്ക്ക് ആകര്‍ഷിക്കാനും അതിൽ പിടിച്ചിരുത്താനും ആദ്യ ഘട്ടത്തില്‍ തുച്ഛമായ പണം തിരിച്ചുകിട്ടിയതോടെ ആവേശമായി. പിന്നെയാണ് യഥാര്‍ഥ റമ്മികളിയിലേക്ക് കടന്നത്. ഇ-വാലറ്റില്‍ പണം വേണമെന്നു മാത്രമായിരുന്നു കമ്പനിയുടെ നിബന്ധന. ഓരോ പ്രാവശ്യം കളി കഴിയുമ്പോഴും അക്കൗണ്ടില്‍ നിന്ന് പണം ചോര്‍ന്നുകൊണ്ടേയിരുന്നു.

കിട്ടിയ പണം നഷ്ടപ്പെട്ടതോടെ കയ്യിലുള്ള മോതിരം വിറ്റ് കളി തുടര്‍ന്നു. അതും നഷ്ടപ്പെടുകയും ഒരു രൂപ പോലും തിരിച്ചുകിട്ടാതിരിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന തോന്നലുണ്ടായത്. പതുക്കെ പിന്‍മാറി, ആരോടും ഒന്നും പറയാതെ നാണക്കേടുകൊണ്ട് മിണ്ടാതിരുന്നു. ഏതോ ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട റമ്മി പരസ്യത്തില്‍ കൗതുകം കൊണ്ട് ക്ലിക്ക് ചെയ്തത് മാത്രമാണ് തനിക്ക് ഓണ്‍ലൈന്‍ റമ്മിയുമായുള്ള ബന്ധമെന്ന് പറയുന്നു പ്രജീഷ്. പിന്നീടാണ് ലിങ്കുകള്‍ ഫോണിലേക്ക് ടെക്സ്റ്റ് സന്ദേശമായി വരാന്‍ തുടങ്ങിയത്. അപ്പോഴത്തെ പ്രതിസന്ധിയില്‍ വെറുതെയൊരു ഭാഗ്യപരീക്ഷണത്തിനുമിറങ്ങി.

റമ്മി കളി

ഓണ്‍ലൈന്‍ റമ്മി കള്‍ചര്‍, റമ്മി സര്‍ക്കിള്‍, ജംഗിള്‍ റമ്മി, റമ്മി ഗുരു, ഏസ് റമ്മി, റമ്മി പാഷന്‍, സില്‍ക്ക് റമ്മി ആപ്പുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ആപ്പുകളില്‍ ലഭിക്കുന്ന 13 കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കളി. ഗെയിമിന്റെ വാലറ്റില്‍ പണം അയക്കണം. 200 രൂപയ്ക്കും 500 രൂപയ്ക്കുമെല്ലാം കളി ജയിക്കാന്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ പണമിറക്കാന്‍ തുടങ്ങും. 5000 ലേക്കും 10000 ലേക്കും കളി മാറും. പണം നഷ്ടമാവുമ്പോള്‍ 500 ഉം 1000 ഉം ബോണസായി നല്‍കി കളി തുടരാന്‍ പ്രേരിപ്പിക്കും. വലിയ തുകയ്ക്ക് കളിക്കുമ്പോള്‍ കാര്‍ഡുകള്‍ നല്‍കാതിരിക്കുകയും തിരിമറി നടത്തുകയും ചെയ്യും. ചൂതാട്ടത്തില്‍ അടിമപ്പെട്ട് ഒടുവില്‍ കടക്കെണിയില്‍ പെടും. എല്ലാം നഷ്ടപ്പെട്ടവയില്‍ ആത്മഹത്യയില്‍ ഉത്തരം കത്തെുമെന്ന് പോലീസ് പറയുന്നു.

നിര്‍മിത ബുദ്ധി ഉപയോഗിച്ച് എതിര്‍വശത്ത് കളി നിയന്ത്രിക്കുമ്പോള്‍ കുരുക്ക് തിരിച്ചറിഞ്ഞത് കൊണ്ടാണ് അന്ന് കുറച്ചു മാത്രം പണം തനിക്ക് നഷ്ടപ്പെട്ടുപോയതെന്ന് പറയുന്നു പ്രജീഷ്. ഇത് റമ്മിയുടെ അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെട്ട പ്രജീഷിന്റെ കഥ. ഇങ്ങനെ തിരിച്ചറിയാതെ കുരുക്കില്‍ മുറുകി ജീവിതവും സ്വത്തും നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേരളത്തിൽ മാത്രം ആത്മഹത്യ ചെയ്തത് 20 പേരാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

പരാതികള്‍ ഉയര്‍ന്നതോടെ ഇടക്കാലത്ത് നിരോധനം വന്നിരുന്നുവെങ്കിലും വീണ്ടും പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുകയായിരുന്നു. തിരുവനന്തപുരത്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍ റമ്മി കളിച്ച് കടബാധ്യതയിലായി ആത്മഹത്യ ചെയ്തതോടെയാണ് ഇത് വീണ്ടും സജീവ ചര്‍ച്ചയായത്. ആ മരണത്തെ കുറിച്ച് മറ്റൊരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകളും ആരുടേയും കണ്ണു തുറപ്പിക്കുന്നതാണ്.

എരിഞ്ഞടങ്ങുമ്പോള്‍ അവന്‍ ബാക്കി വയ്ക്കുന്നത് എനിക്കും നിങ്ങള്‍ക്കുമെല്ലാം പാഠമാകുന്ന, എല്ലാവരെയും തുറിച്ചുനോക്കുന്ന കുറേ ചോദ്യങ്ങളാണ്. നന്മയുടെയും ആത്മാര്‍ഥതയുടെയും കഠിനാധ്വാനത്തിന്റെയും മാതൃക തന്നെയായിരുന്നു അയാള്‍. വലിയ സ്വപ്നങ്ങള്‍ കണ്ടവന്‍. വിവാഹമടക്കം എല്ലാറ്റിലും തന്റെമാത്രം തീരുമാനത്തിലുറച്ചുനിന്നവന്‍. കെട്ടിപ്പൊക്കിയ സ്വപ്നങ്ങളിലേക്ക് കണ്ണും കയ്യും നീട്ടിയവന് കാലിടറുന്നത് അവന്‍ പോലും അദ്യം തിരിച്ചറിഞ്ഞില്ലെന്ന് വേണം കരുതാന്‍. ആദ്യ പരീക്ഷണത്തില്‍ ആയിരങ്ങള്‍ കൈകളിലെത്തി. ഹരമായി. വിരലുകളോടിച്ച് സ്‌ക്രീനില്‍ പരതി മത്സരിച്ചു. ആയിരങ്ങള്‍ പതിനായിരങ്ങളുടെ പരീക്ഷണങ്ങളിലേക്ക്. പകലും രാത്രിയുമറിയാതെ തുടര്‍ന്ന ദിനങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍... കയ്യില്‍ മൊബൈലില്ലെങ്കിലും ഇരു പെരുവിരലുകളും ചലിപ്പിച്ചുകൊണ്ടിരുന്ന ഒരുതരം വീറ്. അത് വിഹ്വലതയിലേക്കോ വിഷാദത്തിലേക്കാ വീണതെന്ന് അവനും അറിഞ്ഞിരിക്കില്ല ആദ്യം. ഇരുട്ടുമുറികളില്‍ സ്‌ക്രീന്‍ വെളിച്ചത്തിലേക്ക് മാത്രം കണ്ണും മനസ്സും തുറിപ്പിച്ചതോടെ നഷ്ടങ്ങളുടെ കണക്കവനെ മെല്ലെ പിടിച്ചു താഴ്ത്തിത്തുടങ്ങി. നേടിയതും ചേര്‍ത്തുനിര്‍ത്തിയതുമെല്ലാം ഊര്‍ന്നൊലിച്ചുതുടങ്ങി. തിരിച്ചറിഞ്ഞവര്‍ തിരുത്താന്‍ പടിച്ചപണി പതിനെട്ടും നോക്കി. പറഞ്ഞും പിടിച്ചു നിര്‍ത്തിയും പല നഷ്ടങ്ങളും തിരുത്തിയും നികത്തിയും പരമാവധി മുറുക്കിപ്പിടിച്ചു. അസാധാരണമായ അന്തര്‍മുഖത്വം, അതിലേറെ നിശബ്ദതയോടെ അവന്‍ കുതറിമാറിക്കൊണ്ടിരുന്നു. അതിനോടകം അവന്‍ നേടിയതും സൃഷ്ടിച്ചതും അവനായി കിട്ടിയതുമെല്ലാം ഏറെക്കുറെ നഷ്ടമായിരുന്നു. കരകയറാനാവാത്ത ഒരു കയമായിരുന്നില്ല. തിരിച്ചുവരാനാകാത്തവനുമായിരുന്നില്ല. എന്നിട്ടും ഏവരെയും അമ്പരപ്പിച്ച് ഒറ്റപ്പോക്ക്. അത്യന്തം അച്ചടക്കവും അസാമാന്യ പ്രതിഭയും അതിലേറെ ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള ഒരുവനാണ് സ്വയം ഇങ്ങനെ കീഴടങ്ങിയത്. എത്രയോ തട്ടിപ്പുകാരെയും വഞ്ചകരെയും ചതിക്കുഴികളെയും തുറന്നുകാട്ടാന്‍ മുന്നിട്ടിറങ്ങിയവന്‍. നിന്റെ വാരിക്കുഴി നീ കാണാതെ പോയല്ലോ

ഇങ്ങനെ മരണത്തിലേക്ക് എടുത്തു ചാടിയതും ജീവനും സ്വത്തും കൈവിട്ടുപോയവരും ഏറെയുണ്ട് നമുക്ക് മുന്നില്‍. അന്വേഷങ്ങള്‍ പല വഴിക്ക് നടക്കുമ്പോഴും നിരോധനമടക്കമുള്ള കാര്യങ്ങള്‍ സജീവ ചര്‍ച്ചയാകുമ്പോഴും ഇന്റര്‍നെറ്റിന്റെ മായാലോകത്ത് കൈവിരല്‍ ചലിപ്പിച്ച് സ്വയം കുഴിതോണ്ടുന്നവര്‍ ഇപ്പോഴുമുണ്ട്.

17 പേരാണ് തമിഴ്‌നാട്ടില്‍ മാത്രം ജീവനൊടുക്കിയത്. കേരളത്തില്‍ പുറത്തറിഞ്ഞ ഏറ്റവും ഒടുവിലത്തെ സംഭവം തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകന്റേതാണ്. 1960 ലെ ഗെയിമിങ് ആക്ട് പ്രകാരം പണം കൊണ്ടുള്ള വാതുവെപ്പുകളും കളികളും നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പരിധിയില്‍ കഴിവും ബുദ്ധിശക്തിയും ആവശ്യമുള്ള ഗെയിമുകള്‍ വരില്ലെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഈ ഗണത്തിലാണ് നിര്‍മിത ബുദ്ധി എതിരാളിയായിട്ടുള്ള റമ്മി കളി. അതിനാല്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് കേസെടുക്കാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്.

ഐ.എസ്.ആര്‍.ഒയില്‍ ജോലി, റമ്മി കളിച്ച് കടമാക്കിയത് 20 ലക്ഷത്തോളം രൂപ

ഐ.എസ്.ആര്‍.ഒയിലെ ജീവനക്കാരനും തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയുമായ വിനീത് റമ്മി കളിച്ച് 20 ലക്ഷം രൂപയുടെ കടക്കാരനാണായത്.ഒടുവില്‍ ഗത്യന്തരമില്ലാതെ വിനീത് ഡിസംബര്‍ 13-ാം തീയതി വീടിന് സമീപത്ത് തൂങ്ങിമരിച്ചു. ജീവനൊടുക്കാന്‍ കാരണം ഓണ്‍ലൈന്‍ റമ്മിയാണെന്ന വിവരം ഏറെ വൈകിയാണ് വീട്ടുകാരുമറിഞ്ഞത്.

ഒരു വര്‍ഷത്തിലധികമായി വിനീത് പതിവായി ഓണ്‍ലൈന്‍ റമ്മി കളിക്കാറുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് വലിയ തുകയ്ക്കാണ് റമ്മി കളിച്ചത്. തുടര്‍ന്ന് 12 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായി. ഈ ബാധ്യത ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തീര്‍ത്തെങ്കിലും വിനീത് വീണ്ടും ഓണ്‍ലൈന്‍ റമ്മി കളി തുടരുകയായിരുന്നു.

പിന്നീട് 20 ലക്ഷത്തോളം രൂപയുടെ കടബാധ്യത വിനീതിനുണ്ടായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സാമ്പത്തികബാധ്യത രൂക്ഷമായതോടെ വീട്ടിലും പ്രശ്‌നങ്ങളുണ്ടായി. ഒരിക്കല്‍ വിനീത് വീട് വിട്ടിറങ്ങുകയും ചെയ്തു. പിന്നീട് പോലീസാണ് യുവാവിനെ കണ്ടെത്തി തിരികെ എത്തിച്ചത്.

ഈയടുത്ത കാലത്ത് ആത്മഹത്യ ചെയ്ത തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകന് റമ്മി കളിച്ച് 35 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായെന്ന് പറയുന്നു സുഹൃത്തുക്കള്‍. പല തവണ പലരും മുന്നറിയിപ്പ് നല്‍കിയെങ്കിലും അതിന് ശ്രദ്ധകൊടുക്കുന്നതിന് അപ്പുറത്തേക്കെത്തിയിരുന്നു കാര്യങ്ങള്‍. പണം തിരിച്ചടക്കാന്‍ മറ്റ് വഴിയില്ലാതായതോടെ ആത്മഹത്യ മാത്രമായി മുന്നിലുള്ള മാര്‍ഗം. പക്ഷെ റമ്മി കളിച്ചു കടബാധ്യതനായി എന്ന കാര്യം അംഗീകരിക്കാന്‍ ഇപ്പോഴും ആ യുവാവിന്റെ ബന്ധുക്കള്‍ക്കായിട്ടില്ല. നിയമസഭയില്‍ മന്ത്രി ഗണേഷ് കുമാറടക്കം യുവാവിന്റെ പേര് പറഞ്ഞ് വിഷയം സജീവ ചര്‍ച്ചയാക്കിയതോടെയാണ് ഓണ്‍ലൈന്‍ റമ്മി നിരോധനം വീണ്ടും വലിയ ചര്‍ച്ചയാവുന്നത്.

ഓണ്‍ലൈന്‍ റമ്മി വഴി ലോണ്‍ ആപ്പ് കുടുക്കിലേക്കും മോഷണത്തിലേക്കും
(അതേ കുറിച്ച് അടുത്ത ലക്കത്തിൽ)

2-ഗെയിം മാത്രമല്ല, ലോണുമുണ്ട് റമ്മിയിൽ, അടവു മുടങ്ങിയാൽ റേപ്പിസ്റ്റാവും, കുടുംബം കലക്കും

3- എനിക്ക് ടെക്‌സ്റ്റൈല്‍സില്ല, പണവും കിട്ടിയിട്ടില്ല; എന്റെ പരസ്യം കണ്ടാരും റമ്മി കളിക്കല്ലേ'.

Content Highlights: Online rummy play series

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented