വര: ബി.എസ്.പ്രദീപ് കുമാർ
നടക്കാം അവള്‍ക്കൊപ്പം
കൈയോ കാലോ തല്ലിയൊടിച്ചു എന്നുപറയുന്നതുപോലെയുളള കുറ്റകൃത്യമല്ല ബലാത്സംഗം. ഒരു സ്ത്രീയുടെ വ്യക്തിത്വമാണ് ഇവിടെ ഹനിക്കപ്പെടുന്നത്. പേരിനപ്പുറം അതിജീവിതയ്ക്ക് പരിമിതികള്‍ മാത്രമേയുള്ളൂ. ആ പരിമിതികളില്‍ കൂടിയും അവരെ മുന്നോട്ടുനടത്താന്‍ നമ്മുടെ സംവിധാനത്തിന് കരുത്തുണ്ടാകണം. പാളിച്ചകളുണ്ടാകാം. തിരുത്തലുകളിലൂടെയും ആവര്‍ത്തിച്ചുള്ള പരിശീലനങ്ങളിലൂടെയും അത് മാറ്റിയെടുക്കാനാകണം
മുറിവേല്‍പ്പിക്കുന്ന സ്പര്ശങ്ങള്
ആരെങ്കിലും അറിയാതെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍പ്പോലും അസ്വസ്ഥരാവുന്നവരാണ് നാം. ശരീരം നമ്മുടെ വൈയക്തികമായ ഇടമാണ്. അവിടെയാണ് ബലാത്കാരമായി ഒരാള്‍ കൈകടത്തുന്നത്. ആ ശരീരം വീണ്ടും കീറിമുറിച്ചുള്ള പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വൈദ്യപരിശോധന. സാഹചര്യത്തെളിവുകളും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും മാത്രമാണ് അതിജീവിതയ്ക്ക് കോടതിയില്‍ ഹാജരാക്കാനുള്ള തെളിവുകള്‍ എന്നതുകൊണ്ടുതന്നെ വൈദ്യപരിശോധന നടത്താതിരിക്കാനുമാവില്ല. സംഭവം നടന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് പരാതിയുമായി മുന്നോട്ടുപോകാന്‍ അതിജീവിത തീരുമാനിക്കുന്നതെങ്കിലും ബലാത്സംഗത്തെത്തുടര്‍ന്ന് അതിജീവിത ഗര്‍ഭിണിയാണെങ്കിലും ഈ പരിശോധന നടത്തും. ഈ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അതിജീവിതയെ ചേര്‍ത്തുപിടിക്കുകയും മനോ?ധൈര്യം കൊടുക്കുകയും മാത്രമാണ് നമുക്ക് ചെയ്യാനാവുക.
വൈകാരികമായ പ്രക്ഷുബ്ധതകള്‍ കടന്ന് സമയമേറെയെടുത്താണ് അതിജീവിത നടന്ന സംഭവങ്ങള്‍ ഡോക്ടറോട് ആവര്‍ത്തിക്കുക. അതിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശോധന. അതിജീവിതയെ സഹായിക്കുക എന്നതുതന്നെയാണ് വൈദ്യപരിശോധനയുടെ ലക്ഷ്യവും. എന്നാല്‍, ഇവിടെയും ചിലപ്പോള്‍ മുന്‍വിധികള്‍ അവര്‍ നേരിടേണ്ടി വരുന്നു. എതിര്പ്പുപ്രകടിപ്പിക്കാതെ പരിശോധനയോട് സഹകരിക്കുന്നവരെ, പരിശോധന കഴിഞ്ഞോ ഡോക്ടറേ എന്ന ചോദ്യമുന്നയിക്കുന്നവരെയെല്ലാം അവളുടെ സ്വഭാവം ശരിയല്ലെന്ന രീതിയില്‍ വിലയിരുത്തുന്ന ഡോക്ടര്‍മാരും നമുക്കിടയിലുണ്ട്.
Read More :
ആ പരിശോധന ഇങ്ങനെ
അതിജീവിത എത്തിക്കഴിഞ്ഞാല്‍ അധികം വൈകാതെ പരിശോധന നടത്തണം. സമയം വൈകുന്തോറും ഫൈന്ഡിങ്സ് നഷ്ടപ്പെടാനാണ് സാധ്യത. പരിശോധനയ്ക്കായി ഏറ്റവും ചുരുങ്ങിയത് ഒരു മണിക്കൂര്‍ വേണ്ടിവരും. സമ്മതം വാങ്ങി, ഹിസ്റ്ററി ചോദിച്ചറിഞ്ഞതിന് ശേഷം മാത്രമാണ് പരിശോധന നടത്തുക. മുറിവുകള്‍ ഒരുപാടുണ്ടെങ്കില്‍ സമയം കൂടുതലെടുത്തേക്കാം. തലമുതല്‍ കാലുവരെയുളള പരിശോധനയാണ് നടത്തുക. പത്തുപേജുകളുളള ഒരു ബുക്ക്ലെറ്റില്‍ കണ്ടെത്തലുകള്‍ കൃത്യമായി രേഖപ്പെടുത്തണം. പോക്സോ കേസുകളില്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ പരിശോധന നടത്താനാവൂ. കുട്ടി വീട്ടുകാരുടെ സഹായമില്ലാതെ വരുന്ന കേസുകളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമോ, കുട്ടിക്ക് വിശ്വാസമുളളയാളോ പരിശോധന നടത്താം. കാഷ്വാലിറ്റിയിലെ നഴ്സിന് താല്‍ക്കാലിക ഗാര്‍ഡിയനായി കൂടെ നില്ക്കാം. കാഷ്വാലിറ്റിയില്‍ ഉളള സീനിയര്‍ വനിതാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരിശോധന നടത്താം. കുട്ടികളാണെങ്കില്‍ ഒറ്റ സിറ്റിങ്ങില്‍ എല്ലാം അവര്‍ക്ക് താങ്ങാന്‍ പറ്റില്ല. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ സമയം നല്‍കികൊണ്ടായിരിക്കണം അവരെ പരിശോധിക്കേണ്ടത്. ഒരുപാട് പരിക്കുണ്ടെങ്കില്‍ അനസ്തേഷ്യ കൊടുത്ത് നോക്കേണ്ടി വരും. |
മാഞ്ചെസ്റ്ററിലെ സെക്ഷ്വല്‍ അസോള്‍ട്ട് റഫറല്‍ സെന്ററില്‍ ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കിട്ടിയ പരിശീലനത്തില്‍ അതിജീവിതമാരെ കൈകാര്യംചെയ്യുന്ന രീതി തന്നെ സ്വാധീനിച്ച കാര്യം ഡോ. ഷേര്‍ളി വാസു പങ്കുവെച്ചിരുന്നു. സഹായം തേടി വിളിക്കുന്നവരെ കാറുമായിച്ചെന്ന് സെന്ററിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതാണ് അവിടത്തെ രീതി. ആ വാഹനം ഓടിക്കുന്നവര്‍ സ്ത്രീകളായിരിക്കും. ആ വാഹനത്തില്‍ വെക്കുന്ന പാട്ടുപോലും സ്ത്രീശബ്ദത്തിലുള്ളതായിരിക്കും. സെന്ററിന്റെ കവാടത്തില്‍ ഇവരെ കാത്ത് ഒരു വനിതാ കൗണ്‍സലര്‍ നില്‍പ്പുണ്ടാകും. അതിജീവിത വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ അവരെ നെഞ്ചോടുചേര്‍ത്ത് ആലിംഗനം ചെയ്ത് തോളില്‍ തട്ടി സമാശ്വസിപ്പിച്ച് റിസപ്ഷനിലെത്തിക്കും. അവിടെ അവര്‍ക്കായി സ്വകാര്യ ഇടമൊരുക്കും. അതിജീവിതയ്ക്ക് സ്വസ്ഥമായി ഇരുന്ന് കരയുന്നതിനുള്ള ഇടം. മാനസികനില വീണ്ടെടുത്താല്‍ വൈദ്യ പരിശോധനയുടെ ആവശ്യകതയും കേസിന്റെ രീതികളുമെല്ലാം കൗണ്‍സലര്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കും.
വൈദ്യപരിശോധനയ്ക്ക് അതിജീവിതമാരെ അവര്‍ മാനസികമായി തയ്യാറെടുപ്പിക്കുകയാണ്. ബലാത്സംഗം നടത്തിയ വ്യക്തി ബലപ്രയോഗം നടത്തിയതിനാല്‍ ഇനിയും വേദനിക്കുമോ എന്ന ഭയം അവര്‍ക്കുണ്ടാകും.
വീണ്ടും പരിചയമില്ലാത്ത ഒരു വ്യക്തിയുടെ മുന്നില്‍ സ്വകാര്യഭാഗങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നതിന്റെ നാണക്കേടുണ്ടാകാം. ആശങ്കകളുമായെത്തുന്ന, എല്ലാം മറക്കാന്‍ എന്തെങ്കിലും മരുന്നുതരാമോ എന്ന് ചോദിക്കുന്ന, എങ്ങനെയെങ്കിലും മരിച്ചാല്‍ മതിയെന്ന് പറയുന്ന ആളുകളെയാണ് അവര്‍ പരിശോധനയിലെത്തിക്കുന്നത്. (അതിജീവിതയ്ക്കൊപ്പം ഈ കൗണ്‍സിലര്‍ കോടതിയിലുമുണ്ടാകും. അവരെ തലോടിയും കൈകളില്‍ തടവിയും സമാശ്വസിപ്പിച്ചുകൊണ്ടിരിക്കും.) ഇത്തരമൊരു സമീപനം ഇവിടെ ചിന്തിക്കാന്‍പോലും സാധ്യമാണോ? ഒരു തടവുപുള്ളിയോടെന്ന പോലെയാണ് നാം അതിജീവിതമാരെ പലപ്പോഴും കൈകാര്യംചെയ്യുന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ്, അര്‍ധരാത്രിയില്‍ പരിശോധനയ്ക്കെത്തിയത് ഉറക്കത്തിന് ഭംഗംവരുത്തിയതിന്റെ ദേഷ്യത്തില്‍ ബലാത്സംഗക്കേസിന് വരാന്‍ കണ്ട സമയം എന്ന് ആത്മഗതം ചെയ്ത ഡോക്ടറെ ആരോഗ്യമന്ത്രി നേരിട്ടെത്തി താക്കീതുചെയ്തിട്ടുള്ള നാടുകൂടിയാണ് കേരളം.
![]() "ഒരുപാട് നാള് കഴിഞ്ഞെന്ന് പറഞ്ഞാലും നമുക്കത് ലളിതമായി എടുക്കാന്‍ ആകില്ല. പരാതി പരാതി തന്നെയാണ്. അതിജീവിതയ്ക്ക് നമ്മുടെ ഭാഗത്തുനിന്ന് പാളിച്ചയില്ലാത്ത രീതിയില്‍ വൈദ്യപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുകയാണ് വേണ്ടത്. എന്നാല്‍, ഒരു തവണ പരിശോധന നടത്തിയതിനുശേഷം രണ്ടുമാസം മുമ്പ് സംഭവിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ വീണ്ടും പരിശോധിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരിക്കല്‍ പരിശോധിച്ചുകഴിഞ്ഞാല്‍ ലഭിക്കുന്ന കണ്ടെത്തലുകള്‍ തന്നെയായിരിക്കും രണ്ടാമത് പരിശോധിക്കുമ്പോഴും ലഭിക്കുന്നത്. ഡോക്ടര്‍ക്ക് കണ്ടെത്തലില്‍ സംശയങ്ങള്‍ തോന്നുകയാണെങ്കില്‍ അക്കാര്യംമാത്രം രണ്ടാമത് പരിശോധിപ്പിക്കണം. കുറച്ചുകൂടി അനുകമ്പയോടെ, ശ്രദ്ധയോടെ നാം അവരെ സമീപിക്കണം. ഗൈനക്കോളജിസ്റ്റ്, ഫൊറന്‍സിക്, സൈക്കോളജിസ്റ്റ് എന്നിവരുള്‍പ്പെടുന്ന ഒരു മികച്ച ടീം ഇതിനായി വേണം. സ്വകാര്യത ലഭിക്കുന്ന മുറികളും ഒരുക്കണം. എല്ലാ ആശുപത്രികളിലും കഴിയണമെന്നില്ല. താലൂക്ക് അടിസ്ഥാനത്തിലോ, ജില്ലാ ആശുപത്രികളിലോ ഒരുക്കാനാകണം." - ഡോ. കെ. ശശികല (ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍(റിട്ട), ഫൊറന്‍സിക് വകുപ്പ് മുന്‍മേധാവി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്) |
കേസുകളില്‍ ആത്മാര്‍ഥമായി ഇടപെടുന്ന ഡോക്ടര്‍മാര്‍ കോടതിമുറികളില്‍ അപമാനിക്കപ്പെടുന്ന സംഭവങ്ങളും അരങ്ങേറാറുണ്ട്. കോഴിക്കോട് കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന വിചാരണയില്‍ അഞ്ചുവയസ്സുള്ള കുട്ടിയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടറോട് കുട്ടി ബലാത്സംഗം ചെയ്തതായി പറഞ്ഞോ എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. ഉപദ്രവിച്ചു എന്നുപറഞ്ഞെന്ന് മറുപടി നല്കിയ ഡോക്ടറോട് ഉപദ്രവം നുള്ളിയതോ, അടിച്ചതോ ആയിക്കൂടെ? എന്നായി അടുത്ത ചോദ്യം.
ആ വാക്കുപറയാന്‍ മാത്രം കുട്ടി വളര്‍ന്നിട്ടില്ല, രാത്രി രണ്ടുമണിക്ക് ദേഹത്ത് രക്തവുമായി കുട്ടി പരിശോധനയ്ക്ക് എത്തുമ്പോള്‍ അത് നുള്ളിയതല്ലെന്ന് മനസ്സിലാക്കാനുള്ള ബോധം ഇല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഈ പദവിയില്‍ ഇരുന്ന് ജോലിചെയ്യാന്‍ തനിക്ക് അര്‍ഹതയില്ലെന്നാണ് അര്‍ഥമെന്ന് രോഷത്തോടെ പറയേണ്ടി വന്നു ഡോക്ടര്‍ക്ക്. ഇവിടെ കോടതിയില്‍ സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയിലെത്തുന്നു ഡോക്ടര്‍.
വിചാരണ വൈകുന്നതിനാല്ത്തന്നെ പലപ്പോഴും സര്‍വീസില്‍നിന്ന് വിരമിച്ചശേഷം കോടതിയില്‍ വിചാരണയ്ക്കായി എത്തേണ്ടിവരുന്ന സാഹചര്യവുമുണ്ട്.
'സഖി' ഉത്തമസഖിയാകണം
പരാതി നല്കല്, മൊഴിയെടുക്കല്‍, വൈദ്യപരിശോധന, അതിജീവിതയ്ക്ക് ആവശ്യമായ കൗണ്‍സലിങ്, വീട്ടിലേക്ക് മടങ്ങാനാകാത്തവര്‍ക്ക് ഒരിടം തുടങ്ങി ഒരു കുടക്കീഴില് എല്ലാം ലഭ്യമാക്കുക എന്ന ആശയത്തിലാണ് സഖി വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. സംസ്ഥാനത്ത് പല ജില്ലകളിലും സഖി മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിഭാവനംചെയ്ത മാതൃകയിലുള്ള പ്രവര്‍ത്തനവുമായി സഖി ഇനിയും ഉയര്‍ന്നുവന്നിട്ടില്ല. |
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..