ഇതാണോ വനിതാ സൗഹാര്‍ദമായ സംസ്ഥാനം? കാവല്‍ പ്രതിക്ക് വേണ്ടിയാകരുത് | നീതിദേവതേ കണ്‍തുറക്കൂ 03


രമ്യ ഹരികുമാര്‍(remyaharikumar@mpp.co.in)നമ്മുടെ കോടതിമുറികള്‍ അതിജീവിത സൗഹൃദം (സര്‍വൈവര്‍ ഫ്രണ്ട്ലി) ആകേണ്ടതില്ലേ? ഒരന്വേഷണം- നമുക്ക് വേണ്ടേ അതിജീവിത സൗഹാര്‍ദ കോടതിമുറികള്‍. ഭാഗം 03

Representative Image | Photo: Gettyimages.in

കാലോചിതമായ നവനിര്‍മിതികള്‍ എല്ലാ മേഖലയിലും നടന്നുകൊണ്ടിരിക്കുന്ന, 'ന്യൂ നോര്‍മലി'ലേക്കുള്ള സാമൂഹികപരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്ന ഇക്കാലത്ത് കോടതികള്‍ അപരിഷ്‌കൃതരീതികള്‍ തുടരണോ? നമ്മുടെ കോടതിമുറികള്‍ അതിജീവിത സൗഹൃദം (സര്‍വൈവര്‍ ഫ്രണ്ട്ലി) ആകേണ്ടതില്ലേ? ഒരന്വേഷണം- നമുക്ക് വേണ്ടേ അതിജീവിത സൗഹാര്‍ദ കോടതിമുറികള്‍. ഭാഗം 03

മൂഹത്തില്‍ നിലയും വിലയുമുളള, നല്ല മനുഷ്യരാരും ഇങ്ങനെ ചെയ്യില്ലെന്നാണ് ലൈംഗികാതിക്രമത്തെ കുറിച്ചുളള പൊതുബോധം.
ഞാനും നിങ്ങളും തമ്മില്‍ നല്ല ബന്ധമാണെന്ന് കരുതി അയാള്‍ മറ്റൊരു വ്യക്തിയോട് അതിക്രമം കാണിക്കില്ലെന്ന് എങ്ങനെ പറയാനാകും.
ഒരു വ്യക്തിയുമായി നല്ല ലൈംഗിക ബന്ധമുളളപ്പോള്‍ തന്നെ മറ്റൊരാളോട് ലൈംഗികാതിക്രമം ചെയ്യാം. ഇതുമനസ്സിലാക്കാതെ അയാള്‍ നല്ല മനുഷ്യനാണ് എന്നുപറഞ്ഞ് അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ എന്തുന്യായമാണ് ഉളളത്.

എനിക്കൊരു ജീവിതമില്ലേ?

'എന്റെ പതിന്നാലുവയസ്സില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ 26 വയസ്സായി. ഇതുവരെ എന്നെ കോടതിയില്‍ വിളിപ്പിച്ചിട്ടുപോലുമില്ല. എനിക്കൊരു ജീവിതമില്ലേ. കാര്യങ്ങളുടെ ഗൗരവം അറിയാത്തതിനാല്‍ അന്നുപോലും എനിക്കിത്രയും മാനസിക സംഘര്‍ഷം ഉണ്ടായിരുന്നില്ല. എല്ലാവരും ചോദിച്ചുതുടങ്ങി കല്യാണം കഴിക്കുന്നില്ലേയെന്ന്. കേസ് മുന്നോട്ടുകൊണ്ടുപോകാതിരിക്കാന്‍ എന്താണ് വഴിയെന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഞാന്‍ മൊഴിമാറ്റി പറഞ്ഞാല്‍ അവിടെ അവസാനിക്കുമല്ലോ, എനിക്ക് മതിയായി.' ജീവിതത്തിലുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് ജീവിതം അന്യസംസ്ഥാനത്തേക്ക് പറിച്ചുനടേണ്ടി വന്ന ഒരു അതിജീവിതയുടേതാണ് ഈ വാക്കുകള്‍. 2013-ല്‍ എഫ്.ഐ.ആര്‍. ഇട്ട കേസില്‍ വര്‍ഷങ്ങളായിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി അറിയുന്നത്.

ബന്ധുവീട്ടില്‍ കൂട്ടുകിടക്കാന്‍ ചെന്ന സാഹചര്യം മുതലെടുത്ത് സഹോദരസ്ഥാനത്തുളള വ്യക്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായി. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ അന്യസംസ്ഥാനത്തെത്തിച്ച് അബോര്‍ഷന്‍ നടത്തി. ഇതിനിടയില്‍ പ്രതിയുടെ വിവാഹം കഴിഞ്ഞു. മകള്‍ക്ക് സംഭവിച്ചുപോയത് ആ മാതാപിതാക്കള്‍ രഹസ്യമാക്കി വെച്ചു. പക്ഷേ വിവാഹിതനായ പ്രതി പെണ്‍കുട്ടിയെ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ ബന്ധുക്കളും നാട്ടുകാരും വിവരമറിഞ്ഞു. നില്‍ക്കക്കള്ളിയില്ലാതെ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി. രക്ഷിതാക്കള്‍ നല്‍കിയ മിസ്സിങ്ങ് കേസിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. നടന്നതെല്ലാം പെണ്‍കുട്ടി പൊലീസില്‍ അറിയിച്ചു. പോലീസ് കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജാക്കുകയും അവിടെ നിന്ന് വഞ്ചിയൂരുളള അത്താണിയിലേക്കും തുടര്‍ന്ന് നിര്‍ഭയ ഹോമിലേക്കും പെണ്‍കുട്ടി മാറ്റപ്പെട്ടു. നിര്‍ഭയയില്‍ നിന്ന് ഇറങ്ങിയിട്ടും കേസ് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിക്കാതായതോടെയാണ് അതിജീവിത പോലീസ് സ്‌റ്റേഷനില്‍ എത്തുന്നത്.

'പോലീസ് എനിക്ക് ഒരു വിശദീകരണവും നല്‍കിയില്ല സമയമാകുമ്പോള്‍ വിളിക്കും എന്നുപറഞ്ഞ് വല്ലാതെ ദേഷ്യപ്പെട്ടു. വളരെ മോശമായ രീതിയിലാണ് എന്നോട് സംസാരിച്ചത്. ഗര്‍ഭിണിയായിരിക്കേ ഒന്നരമാസത്തില്‍ നടന്ന അബോര്‍ഷന്‍ പ്രതി പറഞ്ഞതുപ്രകാരം അവര്‍ ആറാം മാസത്തിലാണ് നടന്നതെന്ന് എഴുതിച്ചേര്‍ത്തു. അതോടെ കേസില്‍ അച്ഛനും അമ്മയും പ്രതികളായി. അന്വേഷണത്തെ തുടര്‍ന്ന് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുകയും അടുത്തിടെ രക്ഷിതാക്കളെ കോടതിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഓരോ തവണയും കോടതി വിളിപ്പിക്കും അടുത്തൊരു ഡേറ്റ് തരും. അന്യസംസ്ഥാനത്ത് താമസിക്കുന്ന രക്ഷിതാക്കള്‍ക്ക് കേസിനുവിളിക്കുമ്പോള്‍ നാട്ടിലെത്താനുളള പണച്ചെലവ് താങ്ങാനാവുന്നില്ല. ഇതിന് പുറമേയാണ് വക്കീല്‍ ഫീസ്. അച്ഛന്‍ തെറ്റൊന്നും ചെയ്തിട്ടില്ല കോടതിയില്‍ വരില്ലെന്ന വാശിയിലാണ്. വാറണ്ടായി, അമ്മയും സഹോദരങ്ങളും എന്നോട് മിണ്ടുന്നില്ല.' കുടുംബത്തില്‍ നിന്നുപോലും ഒറ്റപ്പെട്ടുപോയ അതിജീവിത കഴിയുന്നത് അമ്മൂമ്മയുടെ കൂടെയാണ്.

ഇതോ വനിതാസൗഹൃദ സംസ്ഥാനം?
ദീദി ദാമോദരന്‍
തിരക്കഥാകൃത്ത്, ഫെമിനിസ്റ്റ്

മദ്യലഹരിയിലുളള ഭര്‍ത്താവില്‍ നിന്ന് മര്‍ദനമേറ്റ് കോഴിക്കോട്ടെ ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു സ്ത്രീ ഓടിക്കയറി വന്നു. പോലീസ് സ്റ്റേഷനില്‍ വനിതാപോലീസുകാര്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല വളരെ മോശമായ പെരുമാറ്റമാണ് അവരില്‍ നിന്നുണ്ടായത്. ശരീരം മുഴുവന്‍ മുറിവുമായി രക്തമൊലിപ്പിച്ചു ചെന്ന ഒരു സ്ത്രീ തനിച്ചുപോയി മെഡിക്കല്‍ എടുക്കേണ്ട സാഹചര്യമാണ് അന്നവിടെ ഉണ്ടായത്. അര്‍ധരാത്രിയില്‍ ആത്മരക്ഷാര്‍ഥം സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഒരു സ്ത്രീയോട് സഹതാപം പോലും പൊലീസുകാര്‍ക്ക് തോന്നിയില്ല. നടന്നതെല്ലാം ആ സ്ത്രീ വിവരിക്കുമ്പോള്‍ അതുമായി ബന്ധമില്ലാത്ത ചോദ്യങ്ങളാണ് അന്ന് പോലീസുകാര്‍ അവരോട് ചോദിക്കുന്നത്. ഇതാണോ വനിതാ സൗഹാര്‍ദമായ സംസ്ഥാനം? ഈ സ്ഥാപനങ്ങള്‍ എല്ലാം തന്നെ ആണുങ്ങളുടെ ഒരു ക്ലബ്ബാണ്. അവിടെ ഇടയ്ക്ക് അപശബ്ദവുമായി വരുന്ന പരാതികള്‍ അവിടെ തന്നെ നുളളിക്കളയാനുളള പണികള്‍ അവര്‍ ചെയ്യും.

മുന്‍ധാരണകളെ മാറ്റിവെക്കൂ

മുന്‍കാലങ്ങളെ അപേക്ഷിച്ച് പോലീസിന്റെ അതിജീവിതയോടുളള സമീപനത്തില്‍ മാറ്റം വരുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാല്‍ ഒരു കണികപോലും മാറ്റം വന്നിട്ടില്ലെന്ന് അതിജീവിതമാരും അവര്‍ക്കുവേണ്ടി നിലകൊളളുന്നവരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെടുന്നു. വനിതാസൗഹാര്‍ദമാക്കാന്‍ വനിതാ ഹെല്‍പ് ഡെസ്‌കുകള്‍ ഉള്‍പ്പടെയുളളവ രൂപീകരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും പരാതിയുമായെത്തുന്നവര്‍ കാണുന്നത് ഹെല്‍പ് ഡെസ്‌ക് എന്ന ബോര്‍ഡും ഒഴിഞ്ഞ കസേരകളുമാണ്. മതിയായ ഉദ്യോഗസ്ഥരില്ലെന്നുളളത് പോലീസ് സേന നേരിടുന്ന വെല്ലുവിളിയാണെന്നത് അംഗീകരിച്ചാല്‍ തന്നെയും വനിതാപോലീസിന്റേതുള്‍പ്പടെയുളളവരുടെ പെരുമാറ്റം അസഹനീയമായിരിക്കും. പരാതിക്കാരിയുടെ സ്വഭാവശുദ്ധിയുടെ ഇഴകീഴിറിയുളള പരിശോധന ആരംഭിക്കുന്നത് സ്റ്റേഷനില്‍ നിന്നാണ്.

പോലീസ് മാറ്റത്തിന്റെ പാതയില്‍
എ.ഐ.ജി. ഹരിശങ്കര്‍ ഐപിഎസ്

നമ്മുടെ നീതിനിര്‍വഹണ സംവിധാനത്തില്‍ ഇപ്പോഴും ഒരു ബലാത്സംഗം ഇങ്ങനെയായിരിക്കും അതിജീവിത ഇങ്ങനെയായിരിക്കണം പെരുമാറേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നുളളത് സത്യമാണ്. പക്ഷേ സമൂഹം പുരോഗമിക്കുന്തോറും അതില്‍ മാറ്റങ്ങള്‍ വരും. അത് അംഗീകരിക്കണം. 'സമ്മതം' സംബന്ധിച്ച് ഇപ്പോഴും ഒരു പൊതുബോധ്യം ഉണ്ടായിട്ടില്ല. ഒരുമിച്ച് സൗഹൃദം പങ്കിട്ടതും വാട്‌സാപ് സന്ദേശങ്ങളയക്കുന്നതും ശാരീരികബന്ധത്തിനുളള സമ്മതമല്ല. അതുപോലെ ഒരു അതിജീവിത എങ്ങനെയെല്ലാം പെരുമാറണമെന്നും ആര്‍ക്കും നിഷ്‌കര്‍ഷിക്കാനാകില്ല. 1860 ലെ ക്രിമിനല്‍ പ്രൊസീജര്‍ കോഡിന് 2013-ലാണ് ഒരു ഭേദഗതി ഉണ്ടാകുന്നത്. അത് adapt ചെയ്യാന്‍ സമയമെടുക്കും. നിയമവശങ്ങള്‍ സംബന്ധിച്ച പരിശീലനങ്ങള്‍ പോലീസിന് നല്‍കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസമുളള നിരവധി ഉദ്യോഗസ്ഥര്‍ സേനയിലേക്ക് എത്തുന്നുണ്ട്. ഓപ്പണ്‍ റിക്രൂട്ട്‌മെന്റിലൂടെ വനിതകളും സേനയിലേക്ക് എത്തുന്നുണ്ട്. പോലീസ് സേന മാറ്റത്തിന്റെ പാതയിലാണ്.

മൊഴിയില്‍ മായം ചേര്‍ക്കല്ലേ

പോലീസ് ഫയല്‍ ചെയ്ത 161 കണ്ടാല്‍ തന്നെ അവര്‍ എത്രപണം പ്രതിയില്‍ നിന്ന് കൈപറ്റിയിട്ടുണ്ടെന്ന് വ്യക്തമാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് പറയുന്നു. പരാതിയുമായി എത്തുന്നവരോട് കേസെടുക്കില്ലെന്ന് പോലീസ് ഒരിക്കലും പറയില്ല. പകരം മടുപ്പിച്ചുകളയുന്ന രീതിയില്‍ പെരുമാറും. ചിലര്‍ അതോടെ പിന്‍വാങ്ങും. രണ്ടാമത്, പ്രതിയെ അറസ്റ്റ് ചെയ്യാന്‍ മനഃപൂര്‍വം കാലതാമസം വരുത്തും. 'സത്യസന്ധമായി അന്വേഷിക്കുന്നവരാണെങ്കില്‍ 161-ല്‍ യാതൊരു കളളത്തരവുമുണ്ടായിരിക്കില്ല. പോലീസിന് ആദ്യം നല്‍കിയ മൊഴിയില്‍ തന്നെ എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല. കഠിനമായ പീഡനം നേരിടേണ്ടി വന്നാല്‍ ആദ്യമൊഴിയില്‍ ഒന്നും വിട്ടുപോകാതെ പറയുക എളുപ്പമല്ല. അതിജീവിത മനസാന്നിധ്യം വീണ്ടെടുത്ത് കൊടുക്കുന്ന രണ്ടാമത്തെ മൊഴി അതിനാല്‍ തന്നെ അത്യാവശ്യമാണ്. അവിടെ പോലീസ് പ്രതിയെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ പ്രോസിക്യൂട്ടര്‍ അല്പം വിയര്‍ക്കേണ്ടി വരും.' പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രോസിക്യൂട്ടര്‍ പറഞ്ഞു. പോലീസ് എഴുതിവെക്കുന്നത് പോലെയായിരിക്കണം അതിജീവിത കോടതിയില്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത്. അവരുടെ കോടതിയിലെ മൊഴിയും 161 ഉം തമ്മില്‍ പൊരുത്തക്കേടുകള്‍ വന്നാല്‍ അത് കേസിനെ ദോഷകരമായി ബാധിക്കും. അതിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കുകയും ചെയ്യും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എസ്. ഹരിശങ്കറിനെ പോലെ അതിജീവിതമാര്‍ക്കുവേണ്ടി അവസാനം വരെ പോരാടുന്ന പൊലീസ് ഉദ്യോഗസ്ഥരെയും വിസ്മരിച്ചുകൂടാ.

ചാരിത്ര്യം, മാറ്റംവേണം നിലപാടുകളിൽ
പി.ഇ. ഉഷ, കേരള മഹിള സമഖ്യ സൊസൈറ്റി മുൻ ഡയറക്ടർ

ചാരിത്ര്യം ഉളള ഒരു പെണ്‍കുട്ടി/സ്ത്രീയുടെ അടുത്ത് പ്രണയിക്കുമ്പോഴും അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ ഒരു ഉത്തരവാദിത്തമുണ്ട്. അതേ സമയം ചാരിത്ര്യം നഷ്ടപ്പെട്ട ഒരുവളോട് ആര്‍ക്കുവേണമെങ്കിലും എങ്ങനെയും പെരുമാറാം അതാണ് ഇവിടെ കണ്ടുവരുന്നത്. 'നമ്മുടെ സമൂഹം ചാരിത്ര്യത്തിന് അമിത പ്രധാന്യം കല്പിക്കുന്നവരാണ്. അതുനഷ്ടപ്പെട്ടത് നിങ്ങളുടേതല്ലാത്ത കാരണം കൊണ്ടായാലും പ്രയോജകന്‍ നിങ്ങളാണ്. ഇത് സംസ്ഥാനത്തിന്റെ പരാജയമാണ്. പക്ഷേ ഉത്തരവാദിത്തം പെണ്‍കുട്ടിയുടെ തലയില്‍ ചാര്‍ത്തുന്നു. അതിജീവിത സൗഹാര്‍ദത്തിന് ആദ്യം ഈ നിലപാടുകള്‍ മാറണം. കുടുംബത്തിലും നീതിനിര്‍വഹണ സംവിധാനങ്ങളിലും മാറ്റം പ്രതിഫലിക്കണം. വാളയാര്‍ കേസില്‍ പെണ്‍കുട്ടിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സോജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ ഓര്‍മയില്ലേ?''

'അതാലോചിക്കുമ്പോള്‍ എനിക്ക് ശരീരം മുഴുവന്‍ പെരുത്തു കയറും,കോടതിയില്‍പ്പോക്ക് ഞാന്‍ വെറുത്തു '-ഭാഗം 01

ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ..!; പാട്രിയാര്‍ക്കല്‍ ചോദ്യങ്ങള്‍ പ്രതിധ്വനിക്കുന്ന കോടതിമുറികള്‍- ഭാഗം 02

Content Highlights: mathrubhumi series on survivor friendly court rooms, life of rape survivors

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022

Most Commented