മാനമൊന്ന് കറുത്താല്‍, മഴക്കാറൊന്ന് വട്ടമിട്ടാല്‍ ഇന്ന് നെഞ്ചുപിടയ്ക്കും മലയാളിയുടെ. മലയോരത്താണ് താമസമെങ്കില്‍ പ്രാണനും നെഞ്ചോടു ചേര്‍ത്ത് രക്ഷപ്പെടാനുള്ള വ്യഗ്രതയിലാവും നമ്മള്‍. മഴ ഇപ്പോൾ കവികള്‍ വാഴ്ത്തുന്ന കാല്‍പനിക സൗന്ദര്യമല്ല. മരണമാണ്. തീരാദുരിതമാണ്. ഉറക്കമില്ലാ രാവുകളാണ് ഓരോ മഴക്കാലവും നമുക്കിന്ന് സമ്മാനിക്കുന്നത്. വേനല്‍മഴ ഇപ്പോഴേ നാശം വിതച്ചുതുടങ്ങി. കാലവർഷം കൊമ്പുകുലുക്കി എത്തിക്കഴിഞ്ഞു. എന്താവും ഈ കാറും കോളും ഇക്കുറി മലയാളത്തിന്റെ മലനാടിനായി കരുതിവച്ചത്? വേദന തിന്ന കഴിഞ്ഞകാല ദുരന്തങ്ങളില്‍ നിന്ന് എന്തു പാഠമാണ് നമ്മള്‍ പഠിച്ചത്. മുറ തെറ്റാതെ നടക്കുന്ന ദിനാചരണങ്ങൾക്കും പ്രകടനങ്ങൾക്കുമിടയിൽ ആശങ്കയോടെ ഒരു അന്വേഷണം. ഉരുൾ പൊട്ടി തീരുമോ കേരളം...
മഴയെ പേടിച്ച് എങ്ങോട്ട് പോകും?
മലയോരത്തുണ്ടാകുന്ന ഉരുള്‍പൊട്ടല്‍ പേടിച്ച് മല ഇറങ്ങാമെന്ന് കരുതിയാലോ പുഴയോരത്ത് വെള്ളപ്പൊക്കം. മഴ എത്തുമ്പോള്‍ മലയ്ക്കും പുഴയ്ക്കും ഇടയിലെ ദുരിതക്കടലാവുകയാണ് കേരളീയരുടെ മണ്‍സൂണ്‍. പണ്ട് ഉരുള്‍പൊട്ടല്‍ വല്ലപ്പോഴുമുള്ള പ്രതിഭാസം ആയിരുന്നെങ്കില്‍ 2019 മുതല്‍ ഉരുള്‍പൊട്ടല്‍ എല്ലാവര്‍ഷവും പതിവ് തെറ്റിക്കാതെ എത്തുന്ന വിരുന്നുകാരനായി. പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കല്‍, കൊക്കയാര്‍ അങ്ങനെ 2021 വരെ തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകള്‍ക്ക് കേരളം സാക്ഷിയായിട്ടുണ്ട്. ഏകദേശം 182 ജീവനാണ് നമുക്ക് ഇതുവരെ നഷ്ടമായത്. 20 ഓളം പേര്‍ ഇന്നും പ്രിയപ്പെട്ടവരുടെ നെഞ്ചില്‍ ഒരു നെരിപ്പോടായി മണ്ണിലെവിടെയോ പുതഞ്ഞുകിടപ്പുണ്ട്.
2022 ല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് പ്രവചിക്കാനാവില്ല. കുറഞ്ഞപക്ഷം നമുക്കെങ്കിലും മഴയൊ ചുഴലിക്കാറ്റോ പോലെ പ്രവചിക്കാവുന്ന ഒന്നല്ല ഉരുള്‍പൊട്ടല്‍. വിദേശരാജ്യങ്ങളില്‍ ചിലത് ഉരുള്‍പൊട്ടലുകൾ പ്രവചിക്കാന്‍ കഴിയുന്ന നിലവാരത്തിലേക്ക് സാങ്കേതികവിദ്യയെ വികസിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് അവിടെയെത്താന്‍ ദൂരങ്ങള്‍ താണ്ടണം. പക്ഷേ നമുക്ക് ചെയ്യാന്‍ കഴിയുന്ന ചിലതുണ്ട്. നിതാന്ത ജാഗ്രത, മുന്‍കരുതല്‍.. ആ ജാഗ്രയും മുന്‍കരുതലും എത്രത്തോളം ഫലപ്രാപ്തമാകും എന്നതിനെ ആശ്രയിച്ചിരിക്കും മലയടിവാരത്തെ മനുഷ്യ ജീവനുകളുടെ സുരക്ഷിതത്വം. ഇനി ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടാകരുത് എന്ന് തന്നെയാണ് പ്രാര്‍ഥന, പക്ഷേ നമ്മുടെ പ്രതിരോധവും ജാഗ്രതയും മറികടന്ന് ഒരു ഉരുള്‍പൊട്ടലിനെ കൂടി നേരിടാന്‍ കേരളം പര്യാപ്തമായോ എന്ന ഒരു ചോദ്യം നമുക്ക് മുന്നിലുണ്ട്... അതിന് ഉത്തരമായി ഒരു സംഭവം വിവരിക്കാം.
കറുപ്പായിക്ക് നഷ്ടമായത് പന്ത്രണ്ട് പേരെ
സംഭവം നടന്നത് 2020ല്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയിലാണ്. നൂല്‍ മഴ മാത്രം പെയ്ത് ശീലിച്ച മൂന്നാറില്‍ അന്ന് പെയ്തത് തുള്ളിക്കൊരു കുടം കണക്കെയുള്ള പേമാരിയാണ്. സംരക്ഷിത വനമേഖലയായ രാജമലയും കടന്ന് വേണം പെട്ടിമുടിയിലെത്താന്‍. ഇതുവരെയും മനുഷ്യ ഇടപെടല്‍ കാര്യമായി നടന്നിട്ടില്ലാത്ത സ്ഥലം. തേയിലത്തോട്ടങ്ങള്‍ക്കിടയില്‍ അരിച്ചെത്തുന്ന കോടമഞ്ഞും കാട്ടരുവികളും വരയാടുകളുമൊക്കെയുള്ള സ്വര്‍ഗം പോലൊരിടം. അവിടെ ലയങ്ങളില്‍ സമാധാനത്തോടെ അന്തിയുറങ്ങാന്‍ കിടന്ന കുറെ മനുഷ്യര്‍. പുറത്ത് മഴ തകര്‍ത്ത് പെയ്യുമ്പോള്‍ കമ്പിളിപ്പുതപ്പിനിടയില്‍ ചുരുണ്ടുകൂടി ഉറക്കത്തിലേക്ക് വഴുതി വീഴാന്‍ തുടങ്ങിയ അവര്‍ക്ക് മുകളിലേക്കാണ് ഉരുള്‍ പൊട്ടിവീണത്. 70 പേരുടെ പ്രാണനാണ് ഉരുള്‍പാച്ചിലിനൊപ്പം കുത്തിയൊലിച്ചു പോയത്. രക്ഷപ്പെട്ടത് അപൂര്‍വം ചിലര്‍. അതില്‍ ഒരാളാണ് കറുപ്പായി. പേരകുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 12 പേരെയാണ് കറുപ്പായിക്ക് നഷ്ടമായത്. ബാക്കിയായത് കറുപ്പായിയും ഒരു മകളും മാത്രം.
തകര്‍ന്നടിഞ്ഞ ലയങ്ങള്‍ക്കിടയില്‍ നിന്ന് കറുപ്പായി പുലര്‍ച്ചെ അഞ്ച് മണിവരെ മരുമകന്റെ കരച്ചില്‍ കേട്ടിരുന്നു. ഇന്നും അറുപത് പിന്നിട്ട ആ അമ്മയുടെ ഉള്ളില്‍ പ്രാണനുവേണ്ടി പിടഞ്ഞുവിളിച്ച ആ മകന്റെ കരച്ചിലുണ്ട്.
ഒരുപക്ഷേ അയാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞേനെ. അയാളെപ്പോലെ നിരവധി പേരെയും. ദുരന്തമുണ്ടായത് രാത്രി 10.30 ന് ദുരന്തം അറിഞ്ഞ് പുറംലോകത്ത് നിന്ന് ആദ്യ സംഘം എത്തുന്നത് പിറ്റേന്ന് രാവിലെ പത്തുമണിയോടെ. ദുരന്തം പുറംലോകത്തെ അറിയിക്കാന്‍ കഴിയാത്ത വിധം പെട്ടിമുടിയിലെ വാർത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായിരുന്നു. മനുഷ്യ സാധ്യമായതെല്ലാം ഉപയോഗിച്ച് ദുരന്തം ലയത്തിന് പുറത്തൊരാളെ അറിയിച്ചിട്ടും അയാള്‍ക്ക് മറ്റുള്ളവരെ അറിയിക്കാനൊ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും എത്തിപ്പെടാന്‍ സാധിക്കാത്ത വണ്ണം പെട്ടിമുടിയിലേക്കുള്ള വഴികളെല്ലാം മഴ തകര്‍ത്തിരുന്നു. പെട്ടിമുടി ഒരു ഉദാഹരണം മാത്രം. ഏതൊരു ദുരന്തം ഉണ്ടായാലും ഇതൊക്കെ തന്നെയാണ് അവിടങ്ങളിലെ സാഹചര്യം. ആ സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ കേരളം സജ്ജമാണോ എന്നതാണ് നമുക്ക് മുന്നിലെ ചോദ്യം.
സൂചന കണ്ട് പഠിച്ച് പുത്തുമല
2018 ലെ മഹാപ്രളയത്തോടെയാണ് കേരളത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നത്. മഹാപ്രളയത്തിന്റെ കൊടുതികളില്‍ നിന്ന് കരകയറി തുടങ്ങിയപ്പോഴേക്കും പിറ്റേ വര്‍ഷം ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തമെന്തി 2019 ഓഗസ്റ്റ് എട്ടിന് വയനാട് മേപ്പാടിയ്ക്ക് അടുത്തുള്ള പുത്തുമലയില്‍ വൈകുന്നേരത്തോടെ ഉരുള്‍പൊട്ടലുണ്ടായി. പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ദുരന്തം മുന്നില്‍ കണ്ട് ആളുകളെ ഒഴിപ്പിച്ചത് കൊണ്ട് മരണം 22ല്‍ ഒതുങ്ങി. വലിയ ദുരന്തത്തിന് മുന്നോടിയായി പുത്തുമലയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതൊരു അപായസൂചനയായി നാട്ടുകാര്‍ക്ക് തോന്നിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ മരണം നൂറ് കവിഞ്ഞേനെ... തേയിലത്തോട്ടങ്ങള്‍ ഉള്‍പ്പെടുന്ന ജനവാസ മേഖലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റായ സഹദ് കിലോമീറ്ററുകള്‍ സഞ്ചരിച്ച് മൊബൈലിന് റേഞ്ച് ഉള്ളിടം തേടിപ്പിടിച്ച് സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തതോടെയാണ് പുത്തുമലയിലേക്ക് കേരളത്തിന്റെ കണ്ണെത്തുന്നത്.
ആ മണ്ണിനടിയിലെവിടെയോ പതിനാെന്ന് പേർ
ഇതേ ദിവസം രാത്രി തന്നെയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ലിന് അടുത്തുള്ള കവളപ്പാറ കോളനിയ്ക്ക് മുകളിലേക്ക് മുത്തപ്പന്‍മല പൊട്ടിവീണത്. സമീപത്തെ തോട്ടില്‍ വെള്ളം പൊങ്ങുന്നതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ശ്രമിച്ച നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിമിഷനേരം കൊണ്ട് മണ്ണിനടിയിലായി. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ താറുമാറായതിനാല്‍ ദുരന്തം പുറംലോകം അറിയാന്‍ സമയമെടുത്തു. സംഭവം അറിഞ്ഞ് പോലീസ് ഉള്‍പ്പെടെയുള്ളവര്‍ എത്തിയപ്പോഴാകട്ടെ കവളപ്പാറയ്ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഇടയില്‍ ചാലിയാര്‍ കരകവിഞ്ഞ് ആര്‍ത്തലച്ച് ഒഴുകി. ആ പ്രതിബന്ധവും കടന്ന് കവളപ്പാറയില്‍ എത്തിയപ്പോഴാകട്ടെ കണ്ടത് മുത്തപ്പന്‍ കുന്നിന് താഴെ മറ്റൊരു കുന്നാണ്. നിമിഷങ്ങൾ കൊണ്ട് രൂപപ്പെട്ട ആ വലിയ കുന്നിനടിയില്‍ നിന്നാണ് 59 പേരെ വീണ്ടെടുത്തത്. 11 പേര്‍ ഇനിയും ആ മണ്ണിനടിയില്‍ എവിടെയോ ഉണ്ട്.




.jpg?$p=028b367&q=0.8&f=16x10&w=284)
+10
2021 ഒക്ടോബര്‍ 17 നാണ് കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. എത്തവണത്തെയും പോലെ നിര്‍ത്താതെ പെയ്ത മഴയായിരുന്നു ഇവിടെയും വില്ലന്‍. റബ്ബര്‍ തോട്ടമേഖലയില്‍ നിന്നാണ് ഉരുള്‍പൊട്ടിയെത്തിയത്. കൂട്ടിക്കലിലും കൊക്കയാറിലുമായി 20 തോളം ജീവനുകളാണ് നഷ്ടപ്പെട്ടത്.
തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങള്‍ നാല് ദുരന്തങ്ങള്‍ എന്നിട്ടും കേരളം എന്ത് പഠിച്ചു എന്നത് ചോദ്യമാണ്. ദുരന്തങ്ങളെക്കാള്‍ വലിയ ദുരന്തമായി നമ്മുടെ സംവിധാനങ്ങള്‍ മാറുന്നുണ്ടോയെന്നത് ചോദ്യമാണ്. പ്രിയപ്പെട്ടവരെയും ഒരു ആയുസ്സിന്റെ സമ്പാദ്യമൊക്കെയും നഷ്ടപ്പെട്ട് ജീവന്‍ മാത്രം ബാക്കിയായവരുടെ ജീവിതം ഇന്ന് എന്താണ് എന്നത് വിലയിരുത്തപ്പെടേണ്ടതുണ്ട്.
ഓരോ മഴക്കാലമെത്തുമ്പോഴും നമുക്ക് മുന്നില്‍ ഉയരേണ്ട ചോദ്യങ്ങളുണ്ട്. എന്താണ് ഉരുള്‍പൊട്ടലുകള്‍ക്ക് കാരണം? ആരാണ് ഇതിന് ഉത്തരവാദി. ഇനിയും ഒരു ദുരന്തമുണ്ടായാല്‍ അതിനെ നേരിടാന്‍ കേരളം സജ്ജമാണോ? ദുരന്തബാധിതരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതില്‍ നാം എത്രമാത്രം വിജയിച്ചു.?
(തുടരും....)
Watch Video
Inputs From: Aswathi Anil, Shihab Koya Thangal, Vishnu Kottangal
Content Highlights: Landslides in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..