ആചാര്യ വിനോബാ ഭാവേയുടെ ഭൂദാന പ്രസ്ഥാനം വഴി കേരളത്തില്‍ ആദ്യമായി ഭൂമി കിട്ടിയവരാണ് നിലമ്പൂരിലെ ഭൂദാനം കോളനിക്കാര്‍. 2019ല്‍ കവളപ്പാറ ഉരുള്‍പൊട്ടലില്‍ മുത്തപ്പന്‍മല ആര്‍ത്തലച്ച് വന്ന് ആദ്യം പതിച്ചത് കോളനിയ്ക്ക് മുകളിലേക്കാണ്. ആദിവാസി കോളനി ഒന്നാകെ ഉരുള്‍ കവര്‍ന്നു. കൊല്ലം മൂന്ന് കഴിഞ്ഞു. പുത്തുമലയിലും പെട്ടിമുടിയിലുമുള്ളവർ പലരും പുതിയ ഭൂമിയിൽ, പുതിയ വീട്ടിൽ കയറി താമസം തുടങ്ങിയപ്പോൾ ഇന്നും ഭൂദാനം കോളനിയിലെ 32 വീട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്പിൽ തന്നെയാണ്. ഇവര്‍ക്ക് വീട് വയ്ക്കാന്‍ ആവശ്യമായ പണം നല്‍കിക്കഴിഞ്ഞുവെന്നാണ് ഔദ്യോഗിക വിശദീകരണം. ബാങ്കിൽ വന്ന പണം എന്തിനാണെന്ന് അറിയാതെ അത് മുഴുവൻ പലവകയിൽ ചെലവാക്കിക്കഴിഞ്ഞു കോളനിയിലെ ആദിവാസികൾ. പല സ്ഥലങ്ങളിലും പകരം ഭൂമിയും വീടുമൊക്കെ സംഘടിപ്പിക്കാൻ സർക്കാർ ഏജൻസികളും ജനപ്രതിനിധികളും വിവിധ വകുപ്പുകളും മുൻകൈയെടുത്തപ്പോൾ ഈ ആദിവാസി കുടുംബങ്ങളുടെ കാര്യത്തിൽ മാത്രം ഒരു ഏകോപനവുമുണ്ടായില്ല. സങ്കേതികമായി ഇനി ഇവർക്ക് വീടിനോ ഭൂമിക്കോ പണം കിട്ടില്ല. അതിനർഥം ശിഷ്ടകാലം മുഴുവൻ അവർ ഈ ദുരിതാശ്വാസ ക്യാമ്പിൽ തന്നെ കഴിയണം. എന്നാൽ, ജൂൺ മുപ്പത് വരെ മാത്രമേ ഇവർക്ക് ക്യാമ്പിൽ കഴിയാനാവൂ. അത് കഴിഞ്ഞാൽ എവിടെപ്പോവും എന്നൊരു ചോദ്യമുണ്ട് ഈ 32 ആദിവാസി കുടുംബങ്ങൾക്ക് മുന്നിൽ. ജീവൻ മാത്രം ബാക്കിവെച്ച് ഉരുൾ കാട്ടിയ കനിവ് പോലും നമ്മുടെ ഔദ്യോഗിക സംവിധാനങ്ങൾ ഇവരോട് കാട്ടുന്നില്ല എന്നതാണ് വാസ്തവം. ഈയൊരു ഏകോപനമില്ലായ്മയും ഉത്തരവാദിത്തമില്ലായ്മയും ദുരിതബാധിതരുടെ പുനരധിവാസത്തിൽ മുഴുവൻ നിഴലിട്ടുനിൽക്കുന്നുണ്ട്.
ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് ഭൂദാനം കോളനിയില്‍ ഉള്ളവര്‍. ഇവരുടെ ഉരുൾ കവർന്ന 32 വീടുകളിൽ 16 വീടുകളുടെ പണി ജൂണ്‍ അവസാനത്തോടെ തീരും. ബാക്കി 16 വീടുകളുടെ പണി ഭാഗികമായി മാത്രമെ പൂര്‍ത്തികരിച്ചിട്ടുള്ളു. ഇതില്‍ ചില വീടുകളുടെ തറകെട്ടല്‍ കഴിഞ്ഞു. ചിലതിന്റെ തറ പോലും കെട്ടിയിട്ടില്ല. ഭുരന്തമുണ്ടായി മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യത്തിന് കവളപ്പാറ വാര്‍ഡ് മെമ്പര്‍ ദിലീപ് നല്‍കുന്നൊരു മറുപടിയുണ്ട്. ക്യാമ്പില്‍ കഴിയുന്നവരുടെ അക്കൗണ്ടിലേക്ക് വീട് വയ്ക്കാനാവശ്യമായ സര്‍ക്കാര്‍ സഹായം നേരിട്ട് എത്തുകയായിരുന്നു.

ഈ പണം ഇവര്‍ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ചെയ്തത്. ദുരന്തം ഉണ്ടായി മൂന്ന് മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ആദ്യ ഗഡു എന്ന നിലയില്‍ 95,100 രൂപ ഇവരുടെ അക്കൗണ്ടില്‍ കയറിയിരുന്നു. ഈ പണം വീട് പണിയ്ക്കുള്ളത് ആണെന്ന് പോലും ആദിവാസികള്‍ക്ക് അറിവുണ്ടായിരുന്നില്ല. ബന്ധപ്പെട്ട വകുപ്പ് ഇക്കാര്യം ആദിവാസികളെ ബോധ്യപ്പെടുത്തിയും ഇല്ല.
ഇനി ഇവര്‍ക്ക് ഈ പണം വീണ്ടും ലഭിക്കാന്‍ മാര്‍ഗമില്ലെന്നും ദിലീപ് പറയുന്നു. ഇങ്ങനെ സംഭവിക്കാതെ ഇരിക്കണമായിരുന്നെങ്കില്‍ ആദ്യം ഐടിഡിപി വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമായിരുന്നുവെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. എസ്.ടി വിഭാഗത്തിന് വേണ്ടി മാത്രമുള്ളതാണ് ഈ വകുപ്പ്. പണം നേരിട്ട് ഇവര്‍ക്ക് നല്‍കാതെ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വീട് പണി നടത്തിയിരുന്നെങ്കിൽ 32 കുടുംബങ്ങള്‍ക്ക് ഇന്നും ക്യാമ്പില്‍ കഴിയേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. കവളപ്പാറയ്ക്ക് അടുത്തുള്ള ചളിക്കല്‍ കോളനികാര്‍ക്കായി മുന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഫെഡറല്‍ബാങ്ക് ചെമ്പന്‍കൊല്ലി എന്ന സ്ഥലത്ത് വീടുകള്‍ വെച്ചുനല്‍കിയിരുന്നു. പ്രളയംബാധിച്ച കോളനിക്കാരെ ഫലപ്രദമായി പുനരധിവസിപ്പിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ഇതേ മാതൃകയില്‍ ഐടിഡിപി ഡിപ്പാര്‍ട്ട്‌മെന്റ് കോളനിക്കാര്‍ക്കുള്ള വീടുകളുടെ നിര്‍മാണം ഏറ്റെടുക്കണമായിരുന്നുവെന്നും ദിലീപ് പറഞ്ഞു.
32 കുടുംബങ്ങളില്‍ 16 പേര്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തു. എന്നിട്ടും മൂന്ന് വര്‍ഷമായി അവരും ക്യാമ്പില്‍ തന്നെയാണ്. ബാക്കി 16 പേര്‍ പണം പലവഴിക്ക് ഉപയോഗിച്ചു. ആദ്യ ഗഡു കൊടുക്കുമ്പോള്‍ തന്നെ ഇവര്‍ പണം ഇങ്ങനെ പലവഴിക്ക് ഉപയോഗിക്കുമെന്ന് ഉത്തരവാദപ്പെട്ടവര്‍ക്ക് അറിയാമായിരുന്നുവെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. ഇനി കോളനിക്കാരുടെ വീട് പണിയില്‍ എന്തെങ്കിലും പുരോഗതി വേണമെങ്കില്‍ ഐടിഡിപി ഫണ്ട് കണ്ടെത്തി നേരിട്ട് പണി ഏറ്റെടുത്ത് നടത്തണമെന്നും ദിലീപ് വ്യക്തമാക്കി.
പുനരധിവാസത്തിന് വേണ്ടി കോടതി കയറി കവളപ്പാറക്കാര്‍
ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായിട്ടുപോലും ഐടിഡിപി ഡിപ്പാര്‍ട്ട്മെന്റ് പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. ദുരന്തം സംഭവിച്ച് ആറുമാസമെത്തിയിട്ടും കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ ഒരു ഇടപെടലും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കവളപ്പാറ കോളനിക്കൂട്ടായ്മയ്ക്ക് വേണ്ടി കോടതിയില്‍ പോകേണ്ടിവന്ന ഗതികേട് ഉണ്ടായത്. ദുരന്തം ഉണ്ടായ ഉടനെ സര്‍ക്കാരും ലോകത്തിന്റെ പല ഭാഗത്തുനിന്നും സഹായ വാഗ്ദാനങ്ങളും ലഭിച്ചുവെങ്കിലും ഇതൊന്നും വേണ്ടവിധം തങ്ങളിലേക്ക് എത്തിയില്ലെന്നും ദിലീപ് പറയുന്നു. കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പുനരധിവാസത്തിന്റെ കാര്യത്തില്‍ അല്‍പ്പമെങ്കിലും പുരോഗതിയുണ്ടായതെന്നും ദിലീപ് വ്യക്തമാക്കി.
അബ്ദുള്‍ വഹാബ് എം.പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ ഭൂമി ഏറ്റെടുക്കുകയും ഈ ഭൂമിയില്‍ എം.എ യൂസഫലി 33 വീടുകള്‍ വെച്ചുനല്‍കുകയും ചെയ്തു. ഇവിടെ ഒരു വര്‍ഷം കൊണ്ടാണ് പുനരധിവാസം നടപ്പിലായത്. അന്നത്തെ ജില്ലാ കളക്ടറായിരുന്ന ജാഫര്‍ മാലിക്ക് 67 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി ആലക്കല്ല് എന്ന സ്ഥലത്ത് ഒന്‍പതേകാല്‍ ഏക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു. നവകേരളം ഭൂദാനം എന്ന് പേരിട്ട് ഈ പ്രൊജക്ട് അട്ടിമറിക്കപ്പെട്ടു. ഇതിനെതിരെയും ആദിവാസികള്‍ കോടതിയെ സമീപിച്ചു. മുണ്ടേരി ചളിക്കലിലെ ആദിവാസി കോളനി വെള്ളം കയറി പൂര്‍ണമായും നശിച്ചുപോവുകയും ഇവര്‍ക്കായി ചെമ്പന്‍കൊല്ലി എന്ന സ്ഥലത്ത് നാല് ഏക്കറോളം ഭൂമി കണ്ടെത്തുകയും അവിടെ ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെ 34 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ഇന്ന് അവിടെ ചളിക്കല്‍ കോളനിക്കാര്‍ സുഖമായി താമസിച്ചുവരുന്നു.
നവകേരളം പദ്ധതി അട്ടിമറിക്കപ്പെട്ടതോടെ ആദിവാസികള്‍ കോടതിയെ സമീപിച്ചു. ജാഫര്‍ മാലിക്ക് കണ്ടെത്തിയ സ്ഥലം തന്നെ ആദിവാസികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്തു. ഈ സ്ഥലത്താണ് ഇന്ന് വീടുകള്‍ ഉയരുന്നത്. 24 കുടുംബങ്ങള്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തി സ്വന്തമായി വീട് നിര്‍മ്മിച്ചു താമസം തുടങ്ങി. വീട് നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെ 110 കുടുബങ്ങള്‍ ഇതിനോടകം വീട് വെച്ച് താമസം ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ളത് ഈ 32 പേരാണ്. അതില്‍ 16 പേരുടെ എവിടെ ഇനി അന്തിയുറങ്ങും എന്നത് ചോദ്യചിഹ്നമാണ്.

16 വീടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. പക്ഷേ, അപ്പോഴും മൂന്ന് വര്‍ഷത്തോളമാണ് അതിന് വേണ്ടിവന്ന സമയം.
33 കര്‍ഷകരുടെ 28 ഏക്കറോളം ഓളം കൃഷിഭൂമി ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്‍കൂനകളാക്കപ്പെട്ട് കിടക്കുകയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് കൃഷിക്കനുയോജ്യമായ ബദല്‍ സംവിധാനം ഒരുക്കുകയോ ഇവരുടെ ലോണുകള്‍ തീര്‍പ്പാക്കാന്‍ വേണ്ട നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി.
ക്യാമ്പിലും കുടിയിറക്ക് ഭീഷണി
പോത്തുകല്ലിലെ ഒരു ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സ്ഥിതിചെയ്യുന്നത്. മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ക്യാമ്പ് ജൂണ്‍ 30 വരെ പ്രവര്‍ത്തിക്കാന്‍ മാത്രമെ സര്‍ക്കാര്‍ അനുമതിയുള്ളു. 30ന് ക്യാമ്പ് ഒഴിയണമെന്നാണ് നിര്‍ദ്ദേശം. ക്യാമ്പില്‍ നിന്ന് കുടിയൊഴിപ്പിച്ചാല്‍ ഇവര്‍ എങ്ങോട്ട് പോകുമെന്നും ദിലീപ് ചോദിക്കുന്നു.

കൈയൊഴിഞ്ഞ് ഐടിഡിപി ഡിപ്പാര്‍ട്ടമെന്റ്
കവളപ്പാറ കോളനിക്കാരുടെ പുനരധിവാസം ഇഴഞ്ഞു നീങ്ങുന്നതെന്താണെന്ന് ഐടിഡിപി ഡിപ്പാര്‍ട്ടുമെന്റില്‍ വിളിച്ച് അന്വേഷിച്ചു. കോളനിക്കാര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണല്ലോ എന്ന ചോദ്യത്തിന് ആണോ എന്നായിരുന്നു മറുചോദ്യം. കോളനിക്കാരുടെ സാഹചര്യം വിശദീകരിച്ചപ്പോള്‍ ഐടിഡിപി എപിഒയുടെ മറുപടി ഡിപ്പാര്‍ട്ട്‌മെന്റിന് ചെയ്യാനുള്ളത് എല്ലാം ചെയ്തു, കോളനിക്കാര്‍ക്ക് വീട് പണിയാന്‍ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് വീട് പണി നടക്കാത്തത് എന്നായിരുന്നു. പണം നേരിട്ട് അക്കൗണ്ടിലേക്ക് നൽകാനേ ഡിപ്പാര്‍ട്ട്‌മെന്റിന് കഴിയുകയുള്ളൂവെന്നും ഐപിഒ പറയുന്നു. വീട് പണിയാനുള്ള പണം അക്കൗണ്ട് വഴി നല്‍കിയതോടെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവാദിത്തം തീര്‍ന്നു എന്ന് സാരം. പിന്നെ എന്തിനാണ് ആദിവാസികള്‍ക്കായി ഇങ്ങനെയൊരു വകുപ്പ് എന്നത് പ്രസക്തമായ ചോദ്യം.
ജൂണ്‍ 30 വരെ ക്യാമ്പില്‍ തുടരാനെ അനുമതിയുള്ളുവെന്ന കാര്യം ശ്രദ്ധിയില്‍പ്പെടുത്തിയപ്പോള്‍ കോളനിക്കാര്‍ ഇതുവരെ അനുഭവിച്ച കഷ്ടപ്പാടുകള്‍ തങ്ങള്‍ക്ക് അറിയാവുന്നതാണെന്നും ബദല്‍ സംവിധാനങ്ങള്‍ തേടുമെന്നുമായിരുന്നു എപിഒയുടെ മറുപടി.
പുനരധിവാസം പൂര്‍ത്തിയാകാതെ പുത്തുമലയും
പുത്തുമലയില്‍ മൊത്തം 98 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടിയിരുന്നത്. 98 വീടുകളും സ്‌പോണ്‍സര്‍ ചെയ്യാമെന്നേറ്റ് ഒരു ഏജന്‍സി ജില്ലാ ഭരണകൂടത്തെ സമീപിക്കുന്നു. ഇതിനിടെ മാതൃഭൂമി സ്‌നേഹഭൂമി എന്ന പേരില്‍ ഏഴ് ഏക്കര്‍ സ്ഥലം പുത്തന്‍കൊല്ലി എന്ന സ്ഥലത്ത് വീട് വയ്ക്കാനായി വാങ്ങി നല്‍കിയിരുന്നു. പക്ഷേ, വീട് വയ്ക്കാമെന്നേറ്റ ഏജന്‍സി അവസാന നിമിഷം പിന്മാറി. ഇതോടെ പകരം സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ജില്ലാ ഭരണകൂടം പദ്ധതിയുമായി മുന്നോട്ടു പോയത്. 98 പേരില്‍ 44 നാലോളം പേര്‍ സര്‍ക്കാരിന്റ 10 ലക്ഷം രൂപയുടെ സ്‌കീം കൈപ്പറ്റി. ഇതില്‍ 6 ലക്ഷം രൂപ സ്ഥലത്തിനും നാല് ലക്ഷം രൂപ വീട് വയ്ക്കാനുമാണ് നല്‍കുന്നത്. ഇങ്ങനെ പണം കൈപ്പറ്റി പോയവരില്‍ സ്ഥലം കണ്ടെത്താനൊ വീടുവയ്ക്കാനൊ കഴിയാത്തവര്‍ ഇന്നുമുണ്ട്. ഇവരിന്നും വാടകവീടുകളിലാണ് കഴിയുന്നത്.

അവശേഷിക്കുന്ന 54 പേര്‍ക്കാണ് പൂത്തങ്കൊല്ലിയില്‍ വീട് ഒരുങ്ങുന്നത്. ഈ 54 പേര്‍ പുത്തുമലയില്‍ എങ്ങനെയാണ് താമസിച്ചിരുന്നത് അതുപോലെ ഒന്നിച്ച് താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അംഗനവാടിയും പാര്‍ക്കും വായനശാലയും ഒക്കെയുള്ള ഒരു മാതൃകാ പുനരധിവാസമാണ് പുത്തങ്കൊല്ലിയില്‍ വിഭാവനം ചെയ്തത്. പക്ഷേ അംഗനവാടിയും പാര്‍ക്കും പോയിട്ട് പുതിയ വീടുകള്‍ നിര്‍മിച്ച സ്ഥലത്തേക്ക് പോകാന്‍ നല്ലൊരു റോഡ് പോലും നിര്‍മിക്കാന്‍ ഇതുവരെ പ്രാദേശിക ഭരണകൂടത്തിനൊ ജനപ്രതിനിധികള്‍ക്കോ കഴിഞ്ഞിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി മാറി പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതോടെയാണ് പുത്തുമല പുനരധിവാസത്തില്‍ മെല്ലെപ്പോക്ക് തുടങ്ങിയതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇനിയും പൂര്‍ത്തിയാക്കാനുള്ളത് ആറ് കുടുംബങ്ങള്‍ക്കുള്ള വീടുകളാണ്. ഇതിപ്പോഴും നിര്‍മാണ ഘട്ടത്തിലാണ്.
ദുരന്തമുണ്ടായി മൂന്ന് വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഇവരൊക്കെ വാടകവീടുകളിലും ബന്ധുവീടുകളിലുമായി കഴിയുകയാണ്. സ്പോണ്‍സര്‍മാര്‍ ഉണ്ടായിട്ടും ജില്ലാഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിടിപ്പുകേടുകൊണ്ട് പുനരധിവസിക്കപ്പെടേണ്ടവര്‍ ബലിയാടുകളാവുകയാണ്.
മൂന്നര മാസത്തിനുള്ളില്‍ വീട് നിര്‍മിച്ച് പെട്ടിമുടി
പുനരധിവാസം പൂര്‍ണമായി നടപ്പിലാക്കപ്പെട്ടത് 2020 ല്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയിലാണ്. കണ്ണന്‍ ദേവന്‍ കമ്പനി നേരിട്ടു നടത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ തോട്ടം തൊഴിലാളികളും സംതൃപ്തരാണ്.

പെട്ടിമുടിയില്‍ ജീവന്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയത്. വീട് നഷ്ടപ്പെട്ട 8 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് മൂന്നര മാസത്തിനുള്ളില്‍ കൊട്ടിയാര്‍ വാലിയില്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയില്‍ വീടുകള്‍ കണ്ണന്‍ദേവന്‍ കമ്പനി വെച്ചുനല്‍കി. 12 ലക്ഷം രൂപ ചെലവില്‍ 510 സ്‌ക്വയര്‍ ഫീറ്റിലാണ് കമ്പനി വീടുകള്‍ വെച്ചുനല്‍കിയത്. പരിക്കുകളോടെ രക്ഷപ്പെട്ടവരെ കമ്പനിയുടെ നേതൃത്വത്തില്‍ ചികിത്സിക്കുന്നുണ്ട്. പെട്ടിമുടിയില്‍ അവശേഷിക്കുന്ന തൊഴിലാളികളെ കണ്ണന്‍ദേവന്റെ മറ്റ് എസ്റ്റേറ്റുകളിലേക്ക് മാറ്റി. പുനരധിവസിപ്പിക്കപ്പെട്ട പ്രദേശത്തിനടുത്തല്ല തൊഴിലാളികള്‍ ജോലിചെയ്യുന്നത് എന്നത് മാത്രമാണ് ഉയര്‍ന്നുവരുന്ന ആക്ഷേപം. തൊഴില്‍ ചെയ്യുന്ന എസ്റ്റേറ്റിന് അടുത്തുതന്നെയുള്ള ലയങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. എന്നാലും എസ്‌റ്റേറ്റിലെ ജോലി അവസാനിച്ചാലും സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു ഇടം കൊട്ടിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലിന്റെ ഇരകള്‍ക്കുണ്ട്.
പുനരധിവാസമല്ല കൂട്ടിക്കലില്‍ ജപ്തിനോട്ടീസ്
കൂട്ടിക്കലിലും കൊക്കയാറിലും ഉരുള്‍പൊട്ടലിന്റെ ഇരകളെ തേടിയെത്തുന്നത് ആശ്വാസമോ പുനരധിവാസമോ അല്ല ബാങ്കില്‍ നിന്നുളള ജപ്തി നോട്ടീസ് ആണ്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മാതൃഭൂമി വാര്‍ത്ത നല്‍കുകയും ഈ വിഷയത്തെപറ്റി മുഖപ്രസംഗം എഴുതുകയും ചെയ്തിരുന്നു.
സാധാരണ കര്‍ഷകരാണ് കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലിന് ഇരയായത്. സ്ഥലത്തിന്റെ ആധാരവും മറ്റും ബാങ്കില്‍വെച്ചാണ് പലരും കൃഷിക്കാവശ്യമായ വായ്പ എടുത്തത്. ആ സ്ഥലം ഇന്ന് ഉരുള്‍പൊട്ടിയൊഴുകിയ തരിശുഭൂമിയാണ്. ഈ സാഹചര്യം പരിഗണിക്കാതെയാണ് ബാങ്കുകാര്‍ നോട്ടീസ് അയയ്ക്കുന്നത്. ഇത്തരത്തില്‍ ഒരു വാര്‍ഡില്‍മാത്രം 80 പേര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
കവളപ്പാറയില്‍ ഏറ്റവും ആദ്യം പുനരധിവസിപ്പിക്കപ്പെടേണ്ടവരായിരുന്നു ഭൂദാനം കോളനിയിലുള്ളവര്‍. ഭാഗികമായി വീട് നഷ്ടപ്പെട്ടവര്‍ പോലും പുനരധിവസിക്കപ്പെട്ടപ്പോള്‍ ആണ് ഏറ്റവും അര്‍ഹതപ്പെട്ട ഭൂദാനം കോളനിക്കാര്‍ വഴിയാധാരം ആയത്. ബാക്കിയുള്ള എല്ലാവരും പുനരധിവസിപ്പിക്കപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇവരിപ്പോഴും ക്യാമ്പില്‍ തുടരേണ്ടിവരുന്നത്. കവളപ്പാറയിലെ മാത്രം കാര്യമെടുക്കുമ്പോള്‍ അവര്‍ ആദിവാസിവിഭാഗത്തില്‍ പെട്ടവര്‍ ആയത് കൊണ്ട് മാത്രമാണ് എന്നാണ് ഉത്തരം.
ഫണ്ട് കൈമാറി എന്ന് പറഞ്ഞ് ഉത്തരവാദിത്തം തീര്‍ക്കാനാണെങ്കില്‍ ആദിവാസികളുടെ ഉന്നമനത്തിന് എന്ന പേരിലുള്ള ഈ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസക്തി എന്താണ്. എന്ത് കൊണ്ടാണ് ഇത്തരം ജനവിഭാഗങ്ങളെ കാലാകാലങ്ങളായി സര്‍ക്കാരുകള്‍ പ്രത്യേക പരിഗണന നല്‍കി സംരക്ഷിച്ചുപോരുന്നത് എന്നെങ്കിലും ഐപിഡിപിയിലെ എപിഒമാരെങ്കിലും അറിഞ്ഞിരിക്കണം.
കവളപ്പാറയിലായാലും പുത്തുമലയിലായാലും നിമിഷങ്ങള്‍കൊണ്ട് ജീവിതം നഷ്ടപ്പെട്ടവരാണ് ഉരുള്‍പൊട്ടലിന്റെ ഇരകള്‍. എല്ലാം നഷ്ടപ്പെട്ടവരെ, ഇന്നും ഉരുള്‍പൊട്ടലിന്റെ ഭീതിയില്‍ ജീവിക്കുന്നവരെ, പ്രിയപ്പെട്ടവരുടെ ചീഞ്ഞളിഞ്ഞ മൃതശരീരം തിരിച്ചറിയാന്‍ പോലും ആകാതെ വാവിട്ട നിലവിളിച്ചവരെ ആ ഓര്‍മ്മ ഇന്നും വേട്ടയാടുന്നവരെ അവരെയാണ് ഇന്നും ക്യാമ്പിലിട്ട് നരകിപ്പിക്കുന്നത്.
എന്തിന്റെ പേരില്‍ ആയാലും മൂന്ന് വര്‍ഷത്തോളം ഒരുവിഭാഗത്തെ ക്യാമ്പില്‍ കഴിയാന്‍ വിട്ടത് ഓര്‍ത്ത് നാം തലകുനിച്ചേ മതിയാകു. കൂട്ടിക്കല്‍ ഉള്‍പ്പെടെയുള്ള മലയോരമേഖലയിലുള്ള കര്‍ഷകര്‍ക്ക് ബാങ്ക് നോട്ടീസിന്റെ സമ്മര്‍ദത്തിലേക്ക് കൂടി തള്ളിവിടാതെ അനുഭാവപൂര്‍ണമായ സമീപനം ഉണ്ടാകണം. മനുഷ്യത്തമുണ്ടാകണം.
ഉരുള്‍പൊട്ടുന്ന മലകളെ തിരിച്ചറിയാന്‍ പ്രതിരോധിക്കാന്‍, ഇനി ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ ഫലപ്രദമായി നേരിടാന്‍ കേരളം ഒട്ടും തന്നെ പര്യാപ്തമല്ലെന്നാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ പറഞ്ഞുവയ്ക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് സംഭവിച്ച ഉരുള്‍പൊട്ടലിന്റെ ഇരകള്‍ ഇന്ന് തെരുവിലേക്കിറങ്ങേണ്ട അവസ്ഥയിലാണ്. അവരെ പരിഗണിക്കാനോ ചേര്‍ത്തുപിടിക്കാനോ നമുക്കായിട്ടില്ല. അപ്പോള്‍ പിന്നെ ഇനിയൊരു ഉരുള്‍പൊട്ടലുണ്ടായാല്‍ കേരളം എങ്ങനെ നേരിടാനാണ്.?
Content Highlights: Landslide rehabilitation, progress In Kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..