ഓരോ മഴക്കാലമെത്തുമ്പോഴും മലയോരത്തുള്ളവരുടെ മനസിലെത്തുന്ന ഒരു ചോദ്യമുണ്ട് ചുഴലിക്കാറ്റിനെയും സുനാമിയെയും പ്രവചിക്കുന്ന പോലെ ഉരുള്‍പൊട്ടലുകളെ പ്രവചിക്കാനാകുമോ. മഴ മരണപ്പെയ്ത്ത് പെയ്യുമ്പോള്‍ പൊട്ടിച്ചിതറിവരും മുമ്പേ മലകളെ തടുക്കാനാകുമോ. മലവെള്ളപ്പാച്ചിലില്‍ ശ്വാസംമുട്ടി മരിക്കുന്നതിന് തൊട്ടുമുമ്പെങ്കിലും പ്രാണനും കൊണ്ട് ഓടാനാകുമോ ഓരോ മലനാട്ടിലുള്ളവരുടെയും ഉള്ളില്‍ ഈയൊരു ചോദ്യമുണ്ട്.
ഉരുള്‍പൊട്ടലുകളെ പ്രവചിക്കാനാകുമോ?
ഉരുള്‍പൊട്ടലുകള്‍ പോലുള്ള ഭൗമ പ്രതിഭാസങ്ങൾ ചുഴലിക്കാറ്റോ സുനാമിയൊ പ്രവചിക്കുന്നതുപോലെ മുന്‍കൂട്ടി പ്രവചിക്കാനാകില്ലെന്ന് ഐ.ആര്‍.ടി.സി മുന്‍ ഡയറക്ടര്‍ ഡോ.ശ്രീകുമാര്‍ പറയുന്നു. കാരണം ഓരോ പ്രദേശത്തെയും മണ്ണിന്റെ ഘടനയും മണ്ണിന്റെ സ്വഭാവവും അവിടെ ലഭിക്കുന്ന മഴയും വളരെ വ്യത്യസ്തമാണ്. ഒരോ പ്രദേശവും ഇത്തരം വ്യത്യാസങ്ങള്‍ പ്രകടമാക്കുന്നതുകൊണ്ട് തന്നെ സ്റ്റാൻഡേഡ് സ്‌കെയിലില്‍ ഇത്ര മഴ പെയ്തുകഴിഞ്ഞാല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകും എന്ന് പ്രവചിക്കാന്‍ കഴിയില്ല. പക്ഷേ ചില പ്രദേശങ്ങളില്‍ പഠനം നടത്തി ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കാനാകും. മലകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ വിലയിരുത്തുക. ഉദാഹരണത്തിന് മലഞ്ചെരുവുകളില്‍ പുതിയതായി ഒരു ഉറവ പൊട്ടിവരികയും ആ പ്രദേശത്ത് കൂടുതല്‍ മഴ പെയ്യുകയും ചെയ്താല്‍ ഈ ഭാഗത്ത് ഉരുള്‍പൊട്ടല്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്താം. എന്നാല്‍ കേരളത്തിലെ എല്ലാ ഭാഗങ്ങളിലും ഇത്തരത്തില്‍ ഒരു നിരീക്ഷണ സംവിധാനം പ്രാവര്‍ത്തികമല്ല. ചുഴലികാറ്റ് കര തൊടുന്ന സമയം വരെ നമുക്ക് കൃത്യമായി പ്രവചിക്കാനും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും കഴിയുന്നുണ്ട്. എന്നാല്‍ ഉരുള്‍പൊട്ടലിന്റെ കാര്യത്തില്‍ ഇത്തരം പ്രവചനങ്ങള്‍ നമ്മുടെ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലെന്നും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
.jpg?$p=c295164&&q=0.8)
ഓരോ ഗ്രാമത്തിലും ഓരോ മഴമാപിനികള്‍
ഒന്നോ രണ്ടോ ദിവസം മഴയുടെ അളവ് പത്ത് സെന്റീമീറ്ററില്‍ കൂടുതല്‍ ആണെങ്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാം. 2018ന് ശേഷം കേരളത്തിലെ മഴമാപിനികളുടെ എണ്ണം വളരെ കുറവാണെന്ന കാര്യം സര്‍ക്കാരിന് ഉള്‍പ്പെടെ ബോധ്യപ്പെട്ടതാണെന്ന് ഡോ. ശ്രീകുമാര്‍ വ്യക്തമാക്കുന്നു. എല്ലാ പ്രദേശങ്ങളിലും മഴമാപിനികള്‍ സ്ഥാപിക്കുക നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ മഴമാപിനികള്‍ സ്ഥാപിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. എന്നാല്‍ ഇത് പോരാ എന്നാണ് തന്റെ അഭിപ്രായമെന്ന് ഡോ. ശ്രീകുമാര്‍ വ്യക്തമാക്കുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി കൂടുതല്‍ മഴ മാപിനികള്‍ സ്ഥാപിക്കുകയാണ് വേണ്ടത്. 2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ച് കാലാവസ്ഥാമാറ്റം പ്രകടമായിട്ടുണ്ട്. അതി തീവ്രമഴയും ഉരുള്‍പൊട്ടലുകളും ഉള്ള നാടായി കേരളം മാറിക്കഴിഞ്ഞു. അതിനാല്‍ നാം മുന്‍കരുതല്‍ എടുത്തേപറ്റു. അതിനാല്‍ തന്നെ അടിയന്തിരമായി കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഴമാപിനികള്‍ സ്ഥാപിക്കേണ്ടതുണ്ട്.
കൊക്കയാറില്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മഴയുടെ കണക്ക് ലഭ്യമായിരുന്നില്ല. ദുരന്തം സംഭവിച്ച പ്രദേശത്തിന്റെ തൊട്ടടുത്ത പ്രദേശത്ത് നിന്നുവേണം വേണം മഴയുടെ കണക്ക് ലഭിക്കാന്‍. എന്നാല്‍ കൊക്കയാറിന് തൊട്ടടുത്ത ഒരു പ്രദേശത്തുനിന്നും ഔദ്യോഗികമായി കണക്ക് ലഭ്യമായില്ല.
ഇതിനായി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഒരു റിട്ട. എഇഒ അദ്ദേഹത്തിന്റെ വീട്ടില്‍ മഴമാപിനി സ്ഥാപിച്ചതായി അറിയാന്‍ കഴിഞ്ഞു. അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഥിരമായി മഴയുടെ തോത് അളക്കുന്നതായി വ്യക്തമായി. അദ്ദേഹം നല്‍കിയ വിവരം അനുസരിച്ച് ഉരുള്‍പൊട്ടിയ ദിവസം കൊക്കയാര്‍ പ്രദേശത്ത് രാവിലെ എട്ട് മുതല്‍ 11 മണിവരെ 114 മില്ലിമീറ്റര്‍ മഴയാണ്. ഇത്തരത്തില്‍ സ്‌കൂളുകളിലും കോളേജുകളും എന്തിന് നമ്മുടെ വീടുകളില്‍ പോലും മഴമാപിനികള്‍ സ്ഥാപിക്കാം. വയനാട്ടില്‍ ഹ്യൂംസ് എന്നൊരു സംഘടന മഴമാപിനികളുടെ നെറ്റ്വര്‍ക്ക് ഉണ്ടാക്കുകയും നിശ്ചിത അളവില്‍ കൂടുതല്‍ മഴ പെയ്താല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുന്നുണ്ട്. മൊബൈല്‍ ആപ്പുകളിലേക്ക് മഴയുടെ കണക്ക് എത്തും. ഇതേ മാതൃകയിലുള്ള പ്രവര്‍ത്തനം നമ്മുടെ മലയോര മേഖലയില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ശ്രീകുമാര്‍ വ്യക്തമാക്കുന്നു.
റെയില്‍ഫോള്‍ ത്രെഷോള്‍ഡ് അനാലിസിസ് (rainfall threshold analysis) വഴി ഉരുള്‍പൊട്ടലുകളെ നമുക്ക് പ്രവചിക്കാനാകുമെന്ന് കേരള യൂണിവേഴ്‌സിറ്റി ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ സജിന്‍കുമാര്‍ വ്യക്തമാക്കി. പക്ഷേ ഇതിന് ഏറ്റവും അത്യാവശമായിട്ട് ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനോ ഓട്ടോമാറ്റിക് റെയിന്‍ ഗേജോ വേണം. ഓരോ വില്ലേജിലും ഓരോ മഴമാപിനയെങ്കിലും വേണം. ഈ മഴമാപിനികള്‍ തരുന്ന മഴയുടെ കണക്ക് അടിസ്ഥാനപ്പെടുത്തി നമുക്ക് ഉരുള്‍പൊട്ടലുകളെ പ്രവചിക്കാം. പക്ഷേ നമ്മുടെ നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ല. പത്ത് പ്രാവശ്യം ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് കൊടുത്തിട്ട് അതില്‍ ഒരു പ്രാവശ്യം ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ പോലും അതിനെ വളരെ വിജയകരമായ പ്രവചനം ആയാണ് ലോകമെമ്പാടും വിലയിരുത്തുന്നത്. കാരണം നമ്മള്‍ രക്ഷിച്ചത് കുറെ മനുഷ്യ ജീവനുകളാണ് സജിന്‍ കുമാര്‍ വ്യക്തമാക്കി.

ഗാഡ്ഗിലായിരുന്നു ശരി
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാൻ പലര്‍ക്കും ആയിട്ടില്ല. അതുകൊണ്ടാണ് ഗാഡ്ഗിലിനെ ചൊല്ലി വിവാദങ്ങള്‍ ഉണ്ടായത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹം കൃത്യമായിട്ട് വ്യക്തമാക്കുന്നുണ്ട് ഏതൊക്കെ പ്രദേശങ്ങളില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കും, ആ പ്രദേശം വീട് വയ്ക്കാന്‍ വാസയോഗ്യമാണോ അതുമല്ലെങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യാമോ ഏതൊക്കെ സ്ഥലങ്ങളില്‍ കൃഷി ചെയ്യാം ഇതെക്കെ ഗാഡ്ഗില്‍ വിശദ്ദമാക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. പക്ഷേ ഇത് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ നാം പരാജയപ്പെട്ടുപോയി. പ്രശ്‌നബാധിത പ്രദേശങ്ങളെ വില്ലേജ് അടിസ്ഥാനത്തിലാണ് അടയാളപ്പെടുത്തിയിട്ടുളളത്. അതിന് പകരം ഏതൊക്കെ വാര്‍ഡുകളിലാണ് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതെന്ന് കൃത്യമായി പറയുകയാണ് വേണ്ടതെന്നും ഡോക്ടര്‍ ശ്രീകുമാര്‍ പറയുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ചെക്ക്ഡാം പണിയുക, പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കുക ഇതൊക്കെ തെറ്റ് തന്നെയാണ്. ഇത് തന്നെയാണ് ഗാഡ്ഗില്‍ പറഞ്ഞതും ശ്രീകുമാര്‍ വ്യക്തമക്കി.
വീടിരിക്കുന്ന ഇടം സുരക്ഷിതമാണോ എങ്ങനെ അറിയാം
മലയോര മേഖലയില്‍ നിങ്ങള്‍ വീട് വയ്ക്കുകയാണെങ്കില്‍ വീട് വയ്ക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തിന്റെ അക്ഷാംശവും രേഖാംശവും കണ്ടുപിടിക്കുക. ഇത് നമ്മുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാണ്. അക്ഷാംശവും രേഖാംശവും മനസിലാക്കിയാല്‍ KSDMA സൈറ്റില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെ പ്രത്യേക മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നമ്മുടെ അക്ഷാംശവും രേഖാംശവും രേഖപ്പെടുത്തിയാല്‍ വീടിരിക്കുന്ന സ്ഥലം സുരക്ഷിതമാണോ എന്ന് മനസിലാക്കാനാകും. ഹൈ ഹസാഡ് സോണില്‍ ആണ് നിങ്ങളുടെ സ്ഥലമെങ്കില്‍ അവിടെ ഒരു കാരണവശാലും ഒരു നിര്‍മ്മിതിയും നടത്താന്‍ പാടില്ല.
ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ടുള്ള ഇത്തരം വിവരങ്ങളെ പഞ്ചായത്ത് തലത്തിലേക്ക് എത്തിച്ച് ജനകീയമാക്കുകയാണ് വേണ്ടതെന്നും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം മാപ്പുകള്‍ കൊണ്ട് മാത്രം കാര്യമില്ല, അവ പഞ്ചായത്ത് അധികൃതര്‍ക്ക് കൂടി മനസിലാകുന്ന വിധത്തിലാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും KSDMA യുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പിലെ വിവരങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് മാറിയിട്ടില്ല. നമ്മുടെ ഇടം സുരക്ഷിതമാണോയെന്ന് നമുക്ക് തന്നെ പരിശോധിക്കാന്‍ കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമാണ്.
ഇന്ന് മലയോര മേഖലയില്‍ ചില ഇടങ്ങളിലെങ്കിലും ജനങ്ങള്‍ സുരക്ഷിതമായ ഇടം കിട്ടിയാല്‍ മാറിത്താമസിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് മുന്നോട്ട് വരുന്നുണ്ട്. ഈ മാറ്റം സര്‍ക്കാര്‍ ഉള്‍കൊണ്ടുകൊണ്ട് ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കേണ്ടതുണ്ട്.
പ്രതിരോധിക്കാൻ പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ (Nature Based Solution)
പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ ഉരുള്‍പൊട്ടലുകളെ നമുക്ക് ഒരു പരിധിവരെ തടയാനാകും.
ഭൂമിയുടെ ചരിവും മുകള്‍ മണ്ണിന്റെ സ്വഭാവം തുടങ്ങിയ ഘടകങ്ങളെ ആസ്പദമാക്കി മുളകള്‍ നടാം. എല്ലാ മുളകളും നടാന്‍ ആകില്ല. ആ പ്രദേശത്തിന് അനുയോജ്യമായ മുളകള്‍ വേണം നടാന്‍. ഇത് ഒരു പരിധിവരെ ഉരുള്‍പൊട്ടലിനെ പ്രതിരോധിക്കാം.
രാമച്ചം (vetiver) രാമച്ചം ഉരുള്‍പൊട്ടലിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായൊരു മാര്‍ഗമാണ്. പുറംരാജ്യത്ത് പല സ്ഥലങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. വലിയ മലകളില്‍ ഇത് അത്ര പ്രായോഗികമല്ല പക്ഷേ ചെറിയ ചരിവുള്ള പ്രദേശങ്ങളില്‍ രാമച്ചം ഫലപ്രദമാണ്. ജിയോ ടെക്‌സറ്റൈല്‍സും രാമച്ചവും ഒരുമിച്ച് ഉപയോഗിക്കുകയാണെങ്കില്‍ മണ്ണിടിച്ചില്‍ പോലുള്ള സാഹചര്യം ഒഴിവാക്കാനാകും. ചില പ്രദേശങ്ങളില്‍ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ചെയ്താല്‍ മാത്രം മതിയെന്നും ശ്രീകുമാര്‍ വ്യക്തമാക്കുന്നു.
ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ നിര്‍മ്മിത ബുദ്ധി
ഉരുള്‍പൊട്ടലുകള്‍ പ്രവചിക്കുക എന്ന് പറയുന്നത് സാങ്കേതികപരമായി വളരെ ബുദ്ധിമുട്ടുള്ളകാര്യമായിരുന്നു. കഴിഞ്ഞ 100 വര്‍ഷങ്ങളായി ശാസ്ത്രജ്ഞന്‍മാര്‍ ഇതിനായി ശ്രമിച്ചുകൊണ്ടിരുന്നതാണ്. കഴിഞ്ഞ ഒരു 10 വര്‍ഷമായി നിര്‍മിത ബുദ്ധിയില്‍ ഉണ്ടായ മാറ്റം ഉരുള്‍പൊട്ടല്‍ പ്രവചനവുമായി ബന്ധപ്പെട്ട് വലിയൊരു കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ടെന്ന് യുഎന്‍ഇപി ദുരന്തനിവാര വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി വ്യക്തമാക്കുന്നു.
ഇന്ന് ലോകത്തുള്ള എല്ലാ ഉരുള്‍പൊട്ടല്‍ മേഖകളെയും ഒന്നിച്ച് ചേര്‍ത്തുകൊണ്ടുള്ള ഒരു പ്രൊജക്ട് ലോകബാങ്ക് നടത്തുന്നുണ്ട്. എങ്ങനെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാവുക എന്ന് നിര്‍മ്മിത ബുദ്ധിക്ക് ഇന്ന് പ്രവചിക്കാനായിട്ട് സാധിക്കും. അതിന് ആവശ്യമായ ഡേറ്റ നമ്മള്‍ കൊടുക്കണം. നമ്മുടെ നാട്ടില്‍ ഇനിയും ആ രംഗം വേണ്ടത്രെ പുരോഗതി നേടിയിട്ടില്ല. ആഗോളരംഗത്ത് ഉണ്ടായ ഈ മാറ്റം ഉള്‍കൊണ്ട് നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ കഴിയും. ഇത് ഏറ്റവും പ്രധാന്യമുള്ള കാര്യമാണ് ഇതാണ് ഇനി നമ്മള്‍ ചെയ്യേണ്ടത്.
നിര്‍മ്മിത ബുദ്ധിയുടെ അടിസ്ഥാനം ഡേറ്റയാണ്. എത്രയും കൂടുതല്‍ ഡേറ്റ നമുക്ക് ഉണ്ടോ അത്രയും കൃത്യമായിരിക്കും ഈ ഡേറ്റ ഉപയോഗിച്ചുകൊണ്ടുള്ള വിവരങ്ങളും. കേരളത്തില്‍ കഴിഞ്ഞ 30-40 വര്‍ഷങ്ങളായി നടന്ന എല്ലാ ഉരുള്‍പൊട്ടലുകളും അതിന്റെ സമയം സ്ഥലം ആ സമയത്തുണ്ടായ മറ്റു സാഹചര്യങ്ങള്‍ തുടങ്ങിയ എല്ലാ ഡേറ്റയും ലഭ്യമാണെങ്കില്‍ നിര്‍മിത ബുദ്ധിക്ക് ഇക്കാര്യത്തില്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്താന്‍ സാധിക്കും.
പക്ഷേ കേരളത്തില്‍ ഉരുള്‍പൊട്ടലിന്റെ കാര്യത്തില്‍ മാത്രമല്ല പൊതുവെ എല്ലാകാര്യത്തിലും ഡേറ്റയുടെ സ്ഥിതി കുറച്ച് മോശമാണെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ കൈവശം ധാരാളം ഡേറ്റയുണ്ട്. എന്നാല്‍ ഈ ഡേറ്റ മുഴുവനും പേപ്പര്‍ രൂപത്തിലായിരിക്കും. ഡേറ്റയുടെ ഡിജിറ്റലൈസേഷന്‍ എന്നു പറയുമ്പോള്‍ പോലും നമ്മള്‍ ഒരു ഡേറ്റ പ്രിന്റ് ചെയ്ത് പി.ഡി.എഫ് രൂപത്തിലേക്ക് മാറ്റിയാണ് അയയ്ക്കാറ്. എന്നാല്‍ പിഡിഎഫ് ഡേറ്റ കംപ്യൂട്ടറിന് വായിക്കുക എളുപ്പമല്ല. അതുകൊണ്ട് തന്നെ ആദ്യം ഡേറ്റയുടെ ഡിജിറ്റലൈസേഷന്‍ നമ്മളെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള കാര്യമാണ്. രണ്ടാമത് ചെയ്യേണ്ടത് ഡേറ്റ പങ്കുവയ്ക്കുന്ന ഒരു സംസ്‌കാരം നമുക്കുണ്ടാകണം. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ആ സ്ഥലത്ത് ചെയ്തിരുന്ന കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ആ സ്ഥലത്തെ മഴയുടെ വിവരങ്ങള്‍ ഉണ്ടെങ്കില്‍ ഇവയെല്ലാം പരസ്പരം പങ്കുവയ്ക്കുന്ന മനോഭാവം സര്‍ക്കാരിനകത്തുണ്ടാകണം. ഈ വിഷയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് ഇത്തരം വിവരങ്ങള്‍ ലഭ്യമാകുന്ന സംവിധാനവും നമുക്ക് ഉണ്ടാകണം. സാങ്കേതിക വിദ്യ യഥാര്‍ത്ഥത്തില്‍ നമുക്ക് ഇന്നൊരു വിഷയമല്ല.
മണ്ണില്‍ കുടുങ്ങിയവരെ എങ്ങനെ രക്ഷപ്പെടുത്താം
ഉരുള്‍പൊട്ടല്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിപ്പോയിട്ടുണ്ടോയെന്ന് അറിയാനും ഉണ്ടെങ്കില്‍ അവരെ രക്ഷപ്പെടുത്താനുമുള്ള പുതിയ നിരവധി സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്.
ഇന്ത്യയില്‍ തന്നെ ദേശീയ ദുരന്ത നിവാരണ സേനയുടെ കൈവശം ഇത്തരം ഉപകരണങ്ങള്‍ ഉണ്ട്. പക്ഷേ, വിമാനമാര്‍ഗമോ ട്രെയിന്‍മുഖേനയോ ദുരന്ത സ്ഥലത്ത് ഉപകരണങ്ങള്‍ എത്തിച്ച് തിരച്ചില്‍ നടത്താന്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ എടുക്കും. മണ്ണില്‍ കുടുങ്ങിപ്പോയവരെ ജീവനോടെ രക്ഷിക്കാന്‍ കഴിയുന്ന നിര്‍ണായക മണിക്കൂറുകള്‍ ആയിരിക്കും ഇത്. അതുകൊണ്ട് തന്നെ ഇത്തരം ഉപകരണങ്ങള്‍ നമ്മുടെ സമീപപ്രദേശത്ത് തന്നെ ലഭ്യമാകുന്നതിനുള്ള സംവിധാനം ഒരുക്കണം. കുറഞ്ഞ പക്ഷം ജില്ലാ ആസ്ഥാനങ്ങളിലെങ്കിലും ഇത്തരം ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം. ഭൂകമ്പം ഉണ്ടാകുമ്പോള്‍ തിരച്ചില്‍ നടത്താന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തിലും നമ്മള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. മൃതദേഹങ്ങള്‍ ഇത് ഉപയോഗിച്ച് കണ്ടെത്താനാകും. പക്ഷേ ഒരു പരിധിവരെ ആഴത്തില്‍ മാത്രമെ ഗൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഫലപ്രദമാകൂ. നല്ല ആഴത്തിലാണ് മൃതദേഹമെങ്കില്‍ അത് കണ്ടുപിടിക്കാനുള്ള ഉപകരണങ്ങള്‍ ആഗോളതലത്തില്‍ പോലും ലഭ്യമല്ലെന്നും മുരളി തുമ്മാരുകുടി വ്യക്തമാക്കുന്നു.
ഉരുളിനെ പേടിച്ച് മലയിറങ്ങണോ?
വളരെ തീവ്രമായ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകള്‍ താമസിക്കണോ എന്നതും ചോദ്യമാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആളുകള്‍ താമസിക്കുകയാണെങ്കില്‍ അപകട സാധ്യത കുറയ്ക്കാനുള്ള സംവിധാനങ്ങള്‍ നമുക്ക് ഉണ്ടാകണം. പുതിയ റോഡ്, ക്വാറികള്‍ പ്രദേശത്തെ കൃഷിരീതികള്‍ ഇവയൊക്കെയാണ് ഉരുള്‍പൊട്ടല്‍ സാധ്യത കുട്ടുന്ന ഘടകങ്ങള്‍. ഇത് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തണം. ഒരു പ്രദേശം ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതാണെന്ന് നമുക്ക് മനസിലായാല്‍ ആ പ്രദേശത്തേക്ക് പുതിയ ആളുകള്‍ വന്ന് താമസിക്കുന്ന സാഹചര്യം ഉണ്ടാകരുത്. പഞ്ചായത്തില്‍ ഒരാള്‍ വീട് വയ്ക്കാനായി പെര്‍മിഷന് വേണ്ടിവരുമ്പോള്‍ അത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയാണെങ്കില്‍ അത് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടത് ഉണ്ട്. വിദേശ രാജ്യങ്ങളില്‍ ഒക്കെ ഇത്തരം സംവിധാനങ്ങള്‍ സര്‍വ്വ സാധാരണമാണ്. അവിടങ്ങളില്‍ അപകട സാധ്യതയുള്ള മേഖലകളില്‍ വീട് വയ്ക്കാന്‍ കഴിയില്ല. നമ്മള്‍ വീടുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എന്തൊക്കെ അപകട സാധ്യതകളാണ് ഉള്ളത് എന്നൊക്കെ മുന്‍കൂട്ടി പറയുന്ന രീതിയും മറ്റ് രാജ്യങ്ങളില്‍ ഉണ്ട്. ഇത് നമ്മുടെ പഞ്ചായത്ത് തലത്തിലേക്ക് വരണം എന്നും മുരളി തുമ്മാരുകുടി വ്യക്തമാക്കി.
ഉരുള്‍പൊട്ടല്‍ നേരിടാന്‍ ജനങ്ങളെ പരിശീലിപ്പിക്കണം
ഉരുള്‍പൊട്ടലിന് ശേഷമുള്ള രക്ഷാപ്രവര്‍ത്തനം വളരെ പ്രൊഫഷണലായിട്ട് ചെയ്യേണ്ട ഒന്നാണ്. ഉരുള്‍പൊട്ടുന്ന സ്ഥലത്ത് വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളില്‍ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് കൂടുതല്‍ ആളുകളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഈ ഘട്ടത്തില്‍ ഒരു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ അത് പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തില്‍ ആയിരിക്കണമെന്നും മുരളി തുമ്മാരുകുടി വ്യക്തമാക്കുന്നു .
ഒരു അപകടം ഉണ്ടാകുമ്പോള്‍ അവിടെ ആദ്യം ഓടിയെത്തുന്നത് പ്രദേശവാസികള്‍ ആയിരിക്കും. ലോകത്ത് എവിടെയാണെങ്കിലും ഇത് തന്നെയാണ് സംഭവിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങളെ പരിശീലിപ്പിക്കുകയാണ് വേണ്ടത്. ഉരുള്‍പൊട്ടല്‍ ഉണ്ടാകുമോയെന്ന് മനസിലാക്കാനും ഇനി ഉണ്ടായാല്‍ ആ സാഹചര്യത്തെ നേരിടാനും ആളുകളെ സജ്ജരാക്കേണ്ടത് അനിവാര്യമാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ മോക്ക്ഡ്രില്‍ നടത്തണം. അപകടം അടുത്ത പ്രദേശങ്ങളില്‍ അറിയിക്കാന്‍ സൈറന്‍ വേണ്ടതും അത്യാവശമാണ്. ഉരുള്‍പൊട്ടല്‍ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ആശയവിനിമയ സങ്കേതങ്ങള്‍ എല്ലാം തകരാറിലാകും ഈ സാഹചര്യത്തിലാണ് അപകടം അടുത്തുള്ള പ്രദേശങ്ങളിലുള്ളവരെ അറിയിക്കാന്‍ സൈറന്‍ അനിവാര്യമാണ്. ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ പള്ളികള്‍ മുഖേനയാണ് സൈറന്‍ നല്‍കുന്നത്. പണ്ടൊക്കെ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ പള്ളിമണി അടിയ്ക്കുന്ന സംവിധാനം ഉണ്ടായിരുന്നു. ഇപ്പോള്‍ നിലവിലുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാന്‍ കഴിയണം. അപകടം ഉണ്ടാകുമ്പോള്‍ ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പരിശീലിപ്പിക്കപ്പെട്ട ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനും കഴിയണം. ഇതിനുള്ള സംവിധാനങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഒരോ പഞ്ചായത്തിലും ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മല പൊട്ടുമോയെന്ന് ചീഞ്ഞ മണ്ണിന്റെ ഗന്ധം പറയും
കവളപ്പാറ ഉരുള്‍പൊട്ടലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് ചാത്തന്‍ മൂപ്പന്‍. മൂപ്പന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് മുത്തപ്പന്‍ മലയ്ക്കടിയില്‍ ശ്വാസം മുട്ടിമരിച്ചത്. മൂപ്പന്‍ മാത്രം രക്ഷപ്പെട്ടത് നാട്ടുകാര്‍ക്ക് പോലും വിശ്വസനീയമായിരുന്നില്ല. എങ്ങനെ മൂപ്പന്‍ രക്ഷപ്പെട്ടു എന്നതിന് ഉത്തരം മൂപ്പന് പ്രകൃതിയെ അറിയാമായിരുന്നു, മണ്ണിനെയും മലകളെയും അറിയാമായിരുന്നു എന്നതാണ്. നിര്‍ത്താതെ പെയ്ത മഴയ്‌ക്കൊപ്പം മുത്തപ്പന്‍ മലയ്ക്ക് താഴേക്ക് ഒലിച്ചുവന്നവെള്ളം മൂപ്പന്റെ മുറ്റത്തുകൂടിയാണ് ഒഴുകിയത്. ആ വെള്ളത്തിന് വല്ലാത്തൊരു ദുര്‍ഗന്ധമുണ്ടായിരുന്നുവെന്ന് മൂപ്പന്‍ പറയുന്നു. ആ ചീഞ്ഞ ഗന്ധം വരാനുള്ള വലിയ ദുരന്തത്തിന്റെ സൂചനയാണ് എന്ന് മൂപ്പന് മനസിലായി. മൂപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ മലയ്ക്ക് എന്തോ പന്തികേട് പറ്റിയിട്ടുണ്ട്. മൂപ്പന്‍ വൈകാതെ ഭാര്യയെയും കൂട്ടി വീട് വിട്ടിറങ്ങി. ബന്ധുക്കളോട് ഉള്‍പ്പെടെ മാറാന്‍ ആവശ്യപ്പെട്ടെങ്കിലും മൂപ്പന്റെ വാക്കുകള്‍ക്ക് ആരും കാത് കൊടുത്തില്ല. കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ നടന്ന് മൂപ്പനും ഭാര്യയും കോളനിയ്ക്ക് പുറത്ത് എത്തിയും അവര്‍ക്ക് പിന്നിലായി മുത്തപ്പന്‍മല പൊട്ടിവീണു.
മൂപ്പന്റെ അനുഭവത്തിന്റെ ശാസ്ത്രീയ പിന്‍ബലം ഒന്നും അവകാശപ്പെടാനില്ല. പക്ഷേ മണ്ണിനെയും മലയെയും അറിയാം എന്ന ഒറ്റക്കാരണം കൊണ്ട് രക്ഷപ്പെട്ടയാളാണ് മൂപ്പന്‍.
മഴയെ തടുക്കാന്‍ നമുക്കാവില്ല. അത് പെയ്യട്ടെ, പക്ഷേ മലകളെ പൊട്ടിച്ചിതറാതെ സംരക്ഷിക്കാന്‍ നമുക്കായേക്കാം. അതുമല്ലെങ്കില്‍ മുപ്പനെ പോലെ മലയ്ക്കും മണ്ണിനും മഴയ്ക്കും പന്തികേടുണ്ടെന്ന് തിരിച്ചറിയാനുള്ള കണ്ണുകള്‍ നമുക്കുണ്ടാകണം. അതിന് മണ്ണിനെയും മലകളെയും മനസിലാക്കണം. മലതുരക്കുമ്പോഴും മരം മുറിയ്ക്കുമ്പോഴും എന്നെങ്കിലും ഒരിക്കല്‍ സംഹാരതാണ്ഡവമാടാന്‍ അവയ്ക്കാകുമെന്ന ഉള്‍വിളി നമുക്കുണ്ടാകണം. പ്രകൃതിയിലെ ഒന്നിനെയും മാറ്റാന്‍ മാറ്റിവയ്ക്കാന്‍ നമുക്കവകാശമില്ലെന്ന ബോധ്യത്തോടെയാകണം നമ്മുടെ ഒരോ ഇടപെടലും.
വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയ പോലെ ഓരോ പ്രദേശത്തും മഴമാപിനികള്‍ ഉണ്ടാകണം. വീട് വയ്ക്കുന്ന സ്ഥലം സുരക്ഷിതമാണോയെന്ന് ബില്‍ഡിങ് പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ അധികൃതരോട് ചോദിക്കാനുള്ള പ്രായോഗിത എങ്കിലും മലയോരനിവാസികള്‍ക്ക് ഉണ്ടായേ മതിയാകു. ഉരുള്‍പൊട്ടല്‍ അപൂര്‍വ പ്രതിഭാസം അല്ലാതെയായി മാറിക്കഴിഞ്ഞു. അതിനെ ഉള്‍കൊണ്ടുള്ള പ്രായോഗിക സമീപനത്തോടെ ജീവിക്കുകയേ ഇനി വഴിയുള്ളു. കലഹിക്കുകയല്ല കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുകയാണ് വേണ്ടത് കാരണം പ്രാണനോളം വലുതല്ല മറ്റൊന്നും.
Inputs From: Aswathi Anil, Shihab Koya Thangal, Vishnu Kottangal
Content Highlights: Landslide in kerala mitigation and prevention disaster management
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..