.
വര്‍ഷങ്ങള്‍ പഴക്കം തോന്നുന്ന കടമുറി. അതിനുള്ളില്‍ കൂട്ടിയിട്ട അരിച്ചാക്കുകള്‍. മണ്ണെണ്ണ നിറച്ചുവച്ച വീപ്പ. പരിമിതമായ സ്ഥലസൗകര്യം. മൂക്കിലേക്ക് അടിച്ചുകയറുന്ന അരിയുടെയും മണ്ണെണ്ണയുടെയും ഗന്ധം. മൊത്തത്തില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ ഓര്‍മപ്പെടുത്തുന്ന സെറ്റപ്പ്. നാട്ടിന്‍പുറത്തെ റേഷന്‍ കടകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പൊതുവേ ആളുകളുടെ മനസ്സിലേക്കെത്തുന്ന രൂപമാണിത്. എന്നാല്‍ കാലത്തിനൊപ്പം ഇനി റേഷന്‍ കടകളും അടിമുടി മാറുകയാണ്. അരിയും ഗോതമ്പും മണ്ണെണ്ണയും മാത്രമല്ല ബാങ്കിങ് ഇടപാടും അക്ഷയ സേവനസൗകര്യവും ലഭ്യമാകുന്ന ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍.
വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലാണ് റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നത്. മിനി ബാങ്കിങ്, അക്ഷയകേന്ദ്രം, മാവേലി സ്റ്റോര്‍, മിനി ഗ്യാസ് ഏജന്‍സി, മില്‍മാ ബുത്ത് - ഇവയെല്ലാം ഒന്നിച്ചുചേര്‍ത്ത് 'കെ-സ്റ്റോര്‍' (കേരള സ്റ്റോര്‍) ആയാണ് റേഷന്‍ കടകളുടെ ന്യൂജന്‍ പരിവേഷം. നിലവിലെ റേഷന്‍ കടകളില്‍നിന്ന് തിരഞ്ഞെടുത്ത ആയിരത്തോളം കടകളാണ് ഇത്തരത്തില്‍ സ്മാര്‍ട്ടാകുന്നത്. എല്ലാ റേഷന്‍ കാര്‍ഡുകാര്‍ക്കും കെ-സ്റ്റോര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.
Also Read
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കര്‍മ്മ പദ്ധതികളിലുള്‍പ്പെടുത്തിയാണ് റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നത്. കഴിഞ്ഞ മേയ് 20ന് ആദ്യ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാരണം ഇത് ജൂണിലേക്ക് നീട്ടി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 14 ജില്ലകളിലും അഞ്ചു കെ-സ്റ്റോറുകള്‍ വീതം തുറക്കാനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നത്.
മാവേലി സ്റ്റോറുകള്‍വഴി നിലവില്‍ നല്‍കിവരുന്ന 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കെ-സ്റ്റോറിലൂടെ വില്‍ക്കും. 5000 രൂപ വരെയുള്ള പണമിടപാടും റേഷന്‍ കടകള്‍ വഴി നടത്താം. പാല് ഉള്‍പ്പെടെയുള്ള മില്‍മ ഉത്പന്നങ്ങളും അഞ്ച് കിലോവരുന്ന ചോട്ടു ഗ്യാസ് സിലിന്‍ഡറും റേഷന്‍ കടകളില്‍ നിന്ന് വാങ്ങാം. വെള്ളം, വൈദ്യുതി തുടങ്ങിയ ബില്ലുകള്‍ അടയ്ക്കാനും വിവിധ സര്‍ക്കാര്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും കെ-സ്റ്റോറിലുണ്ടുകുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.

സ്മാര്‍ട്ട് കാര്‍ഡ് വഴി പണം
കാര്‍ഡ് ഉടമകള്‍ക്ക് ബാങ്കിലോ എടിഎമ്മിലോ പോകാതെ റേഷന്‍ കടകളില്‍നിന്ന് പണം പിന്‍വലിക്കാം എന്നതാണ് കെ-സ്റ്റോറിന്റെ പ്രധാന ഹൈലൈറ്റ്. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇത് വലിയ ഉപകാരപ്രദമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ബാങ്കുമായി ബന്ധിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ് വഴി സ്വന്തം അക്കൗണ്ടില്‍ നിന്നാണ് കാര്‍ഡ് ഉടമകള്‍ക്ക് എടിഎം മാതൃകയില്‍ പണം പിന്‍വലിക്കാനാവുക. പരമാവധി എടുക്കാവുന്ന തുക 5000 രൂപയാണ്. ഇടപാട് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ റേഷന്‍ കടയില്‍നിന്ന് നേരിട്ട് പണം കൈപറ്റാം. ഈ പണം അതാത് ബാങ്കുകള്‍ റേഷന്‍ കട ലൈസന്‍സിയുടെ അക്കൗണ്ടിലേക്ക് കൈമാറും. ഇതിന് ചെറിയ കമ്മീഷനും ലൈസന്‍സികള്‍ക്ക് ലഭിക്കും.
.jpg?$p=2922c1a&w=610&q=0.8)
ഭക്ഷ്യഭദ്രതാ നിയമം നിലവില്‍വന്നതുമുതല്‍ റേഷന്‍ കടകളില്‍ ബാങ്കിങ് സേവനം ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് ഇത് യാഥാര്‍ഥ്യമാകുന്നത്. റേഷന്‍ കടകളില്‍ അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇ-പോസ് മെഷീനുകള്‍ വഴിതന്നെയാണ് മിനിബാങ്കിങ് സേവനവും. വാണിജ്യ ബാങ്കുകളുടെ സഹായത്തോടെയാണ് എടിഎമ്മിന് സമാനമായ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നാല് ബാങ്കുകള്‍ പദ്ധതിയില്‍ പങ്കാളികളാകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
നിത്യോപയോഗ സാധനങ്ങള്‍ ഒരിടത്ത്
റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് കുറഞ്ഞ വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ മാവേലി സ്റ്റോറുകളെയാണ് മിക്കവരും ആശ്രയിക്കുന്നത്. സബ്സിഡി നിരക്കില്‍ 13 ഇന സാധനങ്ങള്‍ ഇവിടെനിന്നു ലഭിക്കും. അധിക സ്ഥലങ്ങളിലും ഒരു പഞ്ചായത്തില്‍ ഒരു മാവേലി സ്റ്റോര്‍ മാത്രമേ കാണുകയുള്ളു. അതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരും. എന്നാല്‍ കെ-സ്റ്റോര്‍ സംസ്ഥാനത്തുടനീളം വ്യാപകമാകുന്നതോടെ ഈ പ്രശ്നം പരിഹാരിക്കാമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ പ്രതീക്ഷ. ഒരുവിധം എല്ലാ വാര്‍ഡുകളിലും ഓരോ റേഷന്‍ കടകളെങ്കിലും ഉണ്ടാകുമെന്നതിനാല്‍ നേരത്തെ മാവേലി സ്റ്റോറില്‍നിന്നു വാങ്ങിയിരുന്ന ഉത്പന്നങ്ങള്‍ സബ്സിഡി നിരക്കില്‍ തൊട്ടടുത്തുള്ള റേഷന്‍ കടകള്‍ വഴി തന്നെ വാങ്ങാനാകും.
മാവേലി സ്റ്റോര്‍, ഗ്യാസ് ഏജന്‍സി
ദൂരപരിധി രണ്ട് കിലോമീറ്റര്‍
രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ബാങ്കുകള്‍, അക്ഷയകേന്ദ്രം, മാവേലി സ്റ്റോര്‍ എന്നിവ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ 14000ത്തോളം റേഷന്‍ കടകളും സ്മാര്‍ട്ടാക്കുകയാണ് ലക്ഷ്യം. 300 ചതുരശ്ര അടിയുള്ള റേഷന്‍ കടകളെയാണ് കെ-സ്റ്റോറിനായി പരിഗണിക്കുക. സംസ്ഥാനത്ത് ആകെയുള്ള റേഷന്‍ കടകളില്‍ മതിയായ സ്ഥലവും സൗകര്യങ്ങളുമുള്ള ആയിരത്തിലേറെ റേഷന്‍ കടകള്‍ അധികസേവനങ്ങള്‍ ലഭ്യമാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച ആവശ്യമായ സൗകര്യമുണ്ടെന്ന് പരിശോധനയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടാല്‍ ആ ലൈസന്‍സികള്‍ക്ക് കെ-സ്റ്റോര്‍ അനുവദിക്കും.
200 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള റേഷന്‍ കടകളാണ് ഇപ്പോഴുള്ളവയില്‍ ഭൂരിഭാഗവും. 300 മുതല്‍ 500 ചതുരശ്ര അടി വരെ വലിപ്പമുള്ളവയാകും പുതിയ കേരള സ്റ്റോറുകള്‍. ഭാവിയില്‍ ഇത് ചെറിയൊരു സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലേക്കും മാറിയേക്കാം.
.jpg?$p=0b745a6&w=610&q=0.8)
കക്കരമുക്ക് റേഷന്‍കട ലൈസന്‍സി (കോഴിക്കോട് ജില്ലയില്‍ കെ-സ്റ്റോര്‍ അനുമതി ലഭിച്ച റേഷന്‍ കട ഉടമ)
സാമ്പത്തിക സഹായം
പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള റേഷന്‍കടകളുടെ പശ്ചാത്തല സൗകര്യം വിപുലമാക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. ഏഴ് ശതമാനം പലിശനിരക്കില്‍ രണ്ടുലക്ഷം രൂപവരെ പദ്ധതിക്കായി വായ്പ അനുവദിക്കും. ഈ പണം ചെലവഴിച്ച് കടയില്‍ ആവശ്യമായ മാറ്റങ്ങളും പുതിയ സൗകര്യങ്ങളും ഉള്‍ക്കൊള്ളിക്കാം. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവരുടെ രണ്ട് ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കുമെന്നാണ് വാഗ്ദാനം.
.jpg?$p=430c1f1&w=610&q=0.8)
റേഷനരി വിതരണത്തിന് പുറമേ പുതുതായി ബാങ്കിങ്, അക്ഷയ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്കുമ്പോള് ഇവയില്‍ പരിജ്ഞാനമുള്ള ജീവനക്കാരനെയും കടകളില്‍ ആവശ്യമാണ്. ഇതിനായി രണ്ട് ജീവനക്കാരേയും നിയോഗിക്കാമെന്നാണ് നിര്‍ദേശം. അരിയും മണ്ണണ്ണയ്ക്കും പുറമേ മറ്റുനിരവധി സാധനങ്ങളുടെ വില്‍പ്പനകൂടി സാധ്യമാകുന്നതോടെ റേഷന്‍ ഉടമകളുടെ കമ്മീഷന് വരുമാനം വര്‍ധിക്കുമെന്നും അതിനാല്‍ ജീവനക്കാരെ നിയോഗിക്കുന്നത് വലിയ പ്രയാസകരമാകില്ലെന്നുമാണ് സര്‍ക്കാര്‍ പക്ഷം. ഇതോടൊപ്പം കെ-സ്റ്റോര്‍ ലൈസന്‍സികള്‍ക്ക് ബാങ്കുകളുടെ സഹായത്തോടെ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കും.
റേഷന്‍ കടക്കാരുടെ ആശങ്ക
റേഷന്‍കടകള്‍ സ്മാര്‍ട്ടാകുന്ന പദ്ധതിയെ വ്യാപാരികള്‍ ഒരേ മനസ്സോടെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പോര്‍ട്ടബിലിറ്റി സംവിധാനം നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് വലിയ ആശങ്കയുണ്ട്. സ്മാര്‍ട്ട് റേഷന്‍ കടകള്‍ തേടി കാര്‍ഡുടമകള്‍ പോയാല്‍ സാധാരണ റേഷന്‍ കടകളുടെ വരുമാനം കുറയുമെന്നാണ് മിക്കവരുടെയും ആശങ്ക. സേവനങ്ങള്‍ക്കായി എത്തുന്നവര്‍ റേഷന്‍സാധനങ്ങളും അതേ സ്റ്റോറില്‍നിന്ന് വാങ്ങിയാല്‍ സാധാരണ റേഷന്‍ വ്യാപാരികളുടെ നിലനില്‍പ്പ് ഭീഷണിയിലാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ ഭക്ഷ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനവും നല്‍കിയിട്ടുണ്ട്.
സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്

സ്മാർട്ട് റേഷൻ
കാർഡുമായി.
ഫോട്ടോ: സി.ബിജു
ഇ-പോസ് മെഷീന്റെ കടന്നുവരവും പഴയ പുസ്കത രൂപത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് ആയി മാറിയതും ഭക്ഷ്യവിതരണ രംഗത്തെ വലിയ മാറ്റങ്ങളിലൊന്നാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് മുതലാണ് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളുടെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചത്. പോക്കറ്റില്‍ സൂക്ഷിക്കാവുന്ന എടിഎം കാര്‍ഡ് രൂപത്തിത്തിലായി റേഷന്‍ കാര്‍ഡുകള്‍. പുസ്തക രൂപത്തില്‍ നിലവിലുള്ള റേഷന്‍ കാര്‍ഡുകളുടെ അഞ്ച് നിറത്തിലും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളും ലഭ്യമാണ്. ഇവ തിരിച്ചറില്‍ കാര്‍ഡായി ഒപ്പംകൊണ്ടുനടക്കാനും സാധിക്കും.
ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മാത്രമേ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് ലഭിക്കുകയുള്ളു. അതേസമയം മുഴുവന്‍ കാര്‍ഡ് ഉടമകളും നിര്‍ബന്ധമായും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിലേക്ക് മാറണമെന്ന് സര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും എത്രയും വേഗത്തില്‍ എല്ലാവര്ക്കും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇനി കെ-സ്റ്റോറുകള്‍ വഴി അടുമുടി സ്മാര്‍ട്ടാകുന്ന റേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ എല്ലാവര്ക്കും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ അത്യാവശ്യമായി വന്നേക്കാം. പലര്‍ക്കും ഇതിനോടകം സ്മാര്‍ട്് റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കിലും സ്മാര്ട്ടായുള്ള അത്തരം സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള അവസരം ഇതുവരെ കിട്ടിയിട്ടില്ല. കെ-സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സ്മാര്‍ട്ട് കാര്‍ഡുകള്‍ ശരിക്കും സ്മാര്‍ട്ടായി തന്നെ ഉപയോഗപ്പെടുത്താനാകും.
മുകളില്‍ പറഞ്ഞതെല്ലാം കെ-സ്റ്റോര്‍ പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ വിശദമായ രൂപരേഖയാണ്. എന്നാല്‍ ഇത്തരമൊരു വിപുലമായ പദ്ധതി പരിമിതമായ സൗകര്യങ്ങളില്‍ നട്ടംതിരിയുന്ന നമ്മുടെ നാട്ടിലെ റേഷന്‍ കടകളില്‍ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നത് വലിയൊരു ചോദ്യമാണ്. പലവ്യജ്ഞന സാധനങ്ങളുടെ വിതരണത്തിനായി തുടങ്ങിയ ശബരി സ്റ്റോര്‍ ഉള്‍പ്പെടെ മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സമാന പദ്ധതികള്‍ പലതും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പാഠം റേഷന്‍ വ്യാപാരികളുടെ മുമ്പിലുണ്ട്. ആ തിരിച്ചടികളില്‍ നിന്നെല്ലാം വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോകണം. അങ്ങനെയെങ്കില്‍ മാത്രമേ സ്മാര്‍ട്ട് റേഷന്‍ കടയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷയ്ക്ക് വകയുള്ളു. കെ-സ്റ്റോറുകള്‍ സംസ്ഥാനത്തെ ഭക്ഷ്യവിതരണ രംഗത്ത് വലിയ വിപ്ലവം തീര്‍ക്കുമോയെന്ന് കണ്ടുതന്നെ അറിയേണ്ടി വരും.
തുടരും...
ഒന്നാം ഭാഗം - എന്തും കിട്ടും അടിമുടി സ്മാര്‍ട്ടാണ് കെ സ്റ്റോര്‍
രണ്ടാം ഭാഗം - സ്മാര്‍ട്ടാവുന്നത് എത്ര കാലത്തേക്ക്
മൂന്നാം ഭാഗം - സര്‍ക്കാരിന് സ്മാര്‍ട്ടാകാന്‍ മൂസ മോഡല്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..