പ്രതീകാത്മക ചിത്രം
'സംസ്ഥാന- ജില്ലാതല ഓട്ടമത്സരത്തില്‍ ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവും മൂന്നാംസ്ഥാനവും കിട്ടുന്നവര്‍ക്ക് പി.ടി.ഉഷയുടേയോ ഷൈനി വിത്സന്റെയോ മികവില്ലെന്ന് പറഞ്ഞ് സമ്മാനം നല്കാതിരിക്കുമോ? നിലവാരം ആരാണ് തീരുമാനിക്കുന്നത്??' ഇത്തവണ മികച്ച സീരിയലിനുളള പുരസ്കാരം നല്‍കേണ്ടെന്ന ജൂറിയുടെ തീരുമാനത്തോട് സീരിയല്‍ അഭിനേതാവ് കിഷോര്‍ സത്യ പ്രതികരിച്ചത് മറുചോദ്യമുന്നയിച്ചുകൊണ്ടാണ്. അതേസമയം സീരിയലുകളുടെ ഉളളടക്കം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന നടനാണ് താനെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
29-ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്കാരത്തിനായി സംവിധായകന് ആര്.ശരത് ചെയര്‍മാനായ ജൂറിക്ക് മുമ്പാകെ ഇത്തവണ എത്തിയത് ആറ് സീരിയലുകളാണ്. വിവിധ സ്വകാര്യ ചാനലുകളിലായി നാല്പതോളം സീരിയലുകള്‍ കേരളത്തില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വെറും ആറെണ്ണം മാത്രം പുരസ്കാരത്തിനായി സമര്‍പ്പിക്കപ്പെട്ടത്. അതിനാല്‍ തന്നെ പരിഗണനയ്ക്കെത്തിയ ആറുസീരിയലുകള് മാത്രം വിലയിരുത്തി മേഖലയില്‍ നിലവാരത്തകര്‍ച്ചയുണ്ടെന്ന് അടച്ചാക്ഷേപിക്കരുതെന്നാണ് സീരിയല്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ച വാദം. കലാമൂല്യവും സാമൂഹ്യപ്രതിബദ്ധതയുമുള്പ്പടെ ജൂറി ചൂണ്ടിക്കാണിച്ച വീഴ്ചകള്‍ അംഗീകരിക്കാനും അവരില്‍ പലരും തയ്യാറായിട്ടുമില്ല.

പൊതുഅംഗീകാരമുളള എന്തുമാണോ മേന്മയുളളത്?