പതിമൂന്നാം പിറന്നാളിന് ബിയർ പാർട്ടി, ഇല്ലെങ്കിൽ ആത്മഹത്യാഭീഷണി, പക്ഷേ, ഇതിനൊക്കെയുണ്ട് രക്ഷാമാർഗം


അഞ്ജന ശശിശരീരത്തിന് രോഗം വരുമ്പോള്‍ മാത്രമല്ല നമ്മള്‍ സംരക്ഷണം നല്‍കേണ്ടത്. മനസ്സിനും ശരീരത്തിനേപ്പാലെ പ്രാധാന്യമുണ്ടെന്ന് നമ്മുടെ സമൂഹം ഇനിയും മനസ്സിലാക്കേണ്ടയിരിക്കുന്നു. പരമ്പര അവസാനിക്കുന്നു

Series

ഇല്ലസ്ട്രേഷൻ: വി.ബാലു

പ്ലസ് വണിനു പഠിക്കുന്ന പ്രണവ് കൂട്ടുകാരന്റെ വീട്ടില്‍ പഠിക്കാന്‍ പോയതായിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അവനില്‍ എന്തോ മാറ്റം കണ്ട് അമ്മ കാര്യം ചോദിച്ചു. മടിച്ചു മടിച്ചാണെങ്കിലും അവന്റെ കൂട്ടുകാരന്‍ അവനെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചത് അവന്‍ അമ്മയോട് പറഞ്ഞു. കൂട്ടുകാരന്‍ ഗൗതം അമ്മയില്ലാത്ത കുട്ടിയാണ്. അച്ഛന്‍ വിദേശത്താണ്. പ്രായമായ അമ്മമ്മ മാത്രമാണ് അവന്റെ വീട്ടിലുള്ളത്. പ്രണവിന്റെ അമ്മയും അച്ഛനും കാര്യം പരസ്പരം സംസാരിച്ച ശേഷം ഈ വിഷയം ആരോടും പറയണ്ട എന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്. പ്രണവിന്റെ കൂട്ടുകാരനെ വഴക്കുപറഞ്ഞാല്‍ ആ കുട്ടി എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നതായിരുന്നു രക്ഷിതാക്കളുടെ പേടി. എന്നാല്‍ അത് പ്രണവിന് നല്‍കിയ മാനസിക പ്രഹരം വലുതായിരുന്നു. അവന്‍ വിഷാദത്തിന്റെ പിടിയിലാവാന്‍ അധികദിവസം വേണ്ടിവന്നില്ല. രക്ഷിതാക്കളോടുള്ള മാറാത്ത അവിശ്വാസം അവനില്‍ ഉടലെടുത്തുകഴിഞ്ഞിരുന്നു. അത് അവനെ ആത്മഹത്യാശ്രമത്തില്‍ എത്തിക്കുകയും ചെയ്തു. ഇവിടെ കുട്ടിയുടെ മനഃശക്തി കുറഞ്ഞതല്ല, പകരം അവന് തുണയാവാന്‍ വീട്ടുകാര്‍ക്ക് സാധിക്കാതിരുന്നതാണ് ഈ ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ആത്മഹത്യ ചെയ്യും എന്ന് പറയുന്ന കുട്ടികള്‍ അത് ചെയ്യില്ല എന്ന പൊതുബോധം തെറ്റാണെന്ന് ഡോ. രാഗേഷ് അഭിപ്രായപ്പെടുന്നു. എനിക്ക് സഹായം ആവശ്യമുണ്ടെന്നാണ് കുട്ടി ഈ ഭീഷണിയിലൂടെ അര്‍ഥമാക്കുന്നത്. ഒരു പ്രശ്നത്തെ ഒരേയൊരു കണ്ണിലൂടെ മാത്രമേ കുട്ടികള്‍ നോക്കിക്കാണുന്നുള്ളൂ. എല്ലാത്തിനും മറുവശമുണ്ടെന്നും പരിഹാരമാര്‍ഗ്ഗങ്ങളും സാന്ത്വനമാര്‍ഗങ്ങളും ഉണ്ടെന്നും കുട്ടികള്‍ തിരിച്ചറിയാതെ പോവുകയാണ് ചെയ്യുന്നത്. മരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നതും ഇതിന്റെ ഭാഗമാണ്. എളുപ്പം കൈയില്‍ കിട്ടുന്ന പാരസെറ്റാമോള്‍ പോലുള്ള ഗുളികകള്‍ എത്രയെണ്ണം കഴിച്ചാല്‍ മരിക്കുമെന്നൊക്കെ അന്വേഷിക്കുന്ന, അത് ഗൂഗിളില്‍ തിരയുന്ന കുട്ടികള്‍ ധാരാളമായുണ്ട്. പെട്ടന്നുള്ള തോന്നലില്‍ നിന്നുള്ള ആത്മഹത്യ ആയാലും ആലോചിച്ചെടുത്ത തീരുമാനം ആണെങ്കിലും ആത്മഹത്യ ചെയ്യുന്ന ആളുടെ അപ്പോഴത്തെ മാനസികാവസ്ഥയും തലച്ചോറിന്റെ പ്രവര്‍ത്തനവും സാധാരണക്കാരുടേതുപോലെ സ്വാഭവികമേ ആവില്ല. നോര്‍മല്‍ അല്ല എന്നര്‍ഥം. പെട്ടന്നുണ്ടാവുന്ന തീരുമാനമാണെങ്കില്‍പ്പോലും ഇതിനുമുമ്പേ രോഗ ലക്ഷണങ്ങള്‍ കുട്ടിയില്‍ പ്രകടമായിട്ടുണ്ടാവാം. അത് തിരിച്ചറിയാതെ പോവുന്നതാണ് പലപ്പോഴും അപകടങ്ങളിലേക്കെത്തിക്കുന്നത്.

ഈ കാലത്ത് സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണ് കുട്ടികള്‍ക്ക് പഴയ കാലത്തെപ്പോലെ മനസ്സിന് കട്ടിയില്ല എന്ന വാചകം. എന്തെങ്കിലും ചെറിയ പ്രശ്നത്തിനുമുകളില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു എന്നതാണ് പൊതുവേയുള്ള തോന്നല്‍. അതുകൊണ്ടുതന്നെ ചില അച്ഛനമ്മമാര്‍ക്ക് സ്വന്തം കുട്ടിയോട് കടുപ്പിച്ച് എന്തെങ്കിലും പറയാനോ പ്രവര്‍ത്തിക്കാനോ ഉള്ളില്‍ പേടിയുണ്ട്. വഴക്ക് പറഞ്ഞാല്‍ വിഷമിക്കുമോ, എന്തെങ്കിലും ചെയ്ത് കളയുമോ എന്നൊക്കെയുള്ള പേടിയില്‍ കുട്ടിയെ എന്തെങ്കിലും പറയാന്‍ പേടിയാണെന്ന് പറയുന്നവരാണ് രക്ഷിതാക്കളില്‍ മിക്കവരും. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അത് അഭിമുഖീകരിക്കാതെ, കൂടുതല്‍ കുരുക്കുകളില്‍ പെടാന്‍ ആഗ്രഹിക്കാതെ പോകുന്നവരാണ് ഇന്ന് അധികവും. സ്വന്തം കുട്ടിക്ക് പ്രശ്നമുണ്ടാവുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാതെ, പ്രശ്നം ലളിതമാക്കി വിടുമ്പോള്‍ അത് കുട്ടിയുടെ മനസ്സിനെ വളരെ നെഗറ്റീവായി ബാധിക്കും. അതാണ് പ്രണവിന്റെ കാര്യത്തില്‍ സംഭവിച്ചത്.

Read More: പറക്കേണ്ട പ്രായമല്ലേ, എന്തിനിങ്ങനെ പ്രാണനൊടുക്കുന്നു? | അന്വേഷണ പരമ്പര ഒന്നാം ഭാഗം വായിക്കാം
Read More: 'എല്ലാവരും പറഞ്ഞത് ആ പെണ്‍കുട്ടിയോട് വെള്ളത്തിലേക്ക് എടുത്ത് ചാടാനാണ് '| അന്വേഷണ പരമ്പര രണ്ടാം ഭാഗം വായിക്കാം

പ്രവണതകള്‍ തിരിച്ചറിയാം

ആത്മഹത്യാശ്രമങ്ങള്‍ നടത്തുന്നവരും ആത്മഹത്യചെയ്യുന്നവരുമായ ആളുകളില്‍ 80 ശതമാനവും മുന്നറിയിപ്പ് സൂചനകള്‍ നല്‍കിയിട്ടുണ്ടാവുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഭക്ഷണ, ഉറക്ക ശീലങ്ങളിലെ മാറ്റങ്ങള്‍പോലും ചിലപ്പോള്‍ മുന്നറിയിപ്പായിരിക്കാം. സുഹൃത്തുക്കളോടൊപ്പവും കുടുംബാംഗങ്ങള്‍ക്കൊപ്പവുമുള്ള പതിവ് പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള പിന്‍വലിയല്‍, അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍, തട്ടിക്കയറിയും ദേഷ്യത്തോടെയുമുളള സംസാരിക്കല്‍, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം, സ്വഭാവ മാറ്റം, നിരന്തരമായ വിരസത, ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, സ്വന്തം ശരീരത്തെക്കുറിച്ചും പരിമിതികളെക്കുറിച്ചുമുള്ള പരാതികള്‍, സന്തോഷകരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം നഷ്ടപ്പെടല്‍, മരിക്കുന്നതിനെക്കുറിച്ച് സംസാരിക്കുക, നേരിട്ടോ അല്ലെങ്കില്‍ പരോക്ഷമായോ ആത്മഹത്യാ ഭീഷണികള്‍ മുഴക്കുക, അമിതമായ കുറ്റബോധം, ലജ്ജ അല്ലെങ്കില്‍ തിരസ്‌കരണം, വിചിത്രമായ ചിന്തകള്‍ എന്നിവയ്ക്ക് ശേഷം പെട്ടെന്നുള്ള സന്തോഷം തുടങ്ങിയവയെല്ലാം ആത്മഹത്യാ പ്രവണതയുടെ ലക്ഷണങ്ങളാണ്. എന്നാല്‍ ഈ ലക്ഷണങ്ങളെല്ലാം ആത്മഹത്യാ പ്രേരണ ഉള്ളവരില്‍ മാത്രമല്ല കണ്ടുവരുന്നത് എന്നതും വസ്തുതയാണ്. തുടര്‍ച്ചയായി ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്ന കുട്ടികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി തിരിച്ചറിയാന്‍ ഭൂരിഭാഗം രക്ഷിതാക്കള്‍ക്കും കഴിയുന്നില്ല എന്ന വസ്തുതയാണ് കുട്ടികള്‍ക്കിടയിലെ ഭയാനകമായ ആത്മഹത്യാനിരക്ക് കാണിക്കുന്നത്. അതിനാല്‍, കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പലപ്പോഴും അംഗീകരിക്കപ്പെടാതെയും ശ്രദ്ധിക്കപ്പെടാതെയും അവശേഷിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍, അശാസ്ത്രീയമായ രീതിയില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നു.

ശരീരത്തിനൊപ്പം മനസ്സിനുംവേണം ചികിത്സ

കുട്ടിക്ക് നന്നായി ഒന്നു പനിച്ചാല്‍, അവളൊന്ന് ചുമച്ചാല്‍ ഡോക്ടറുടെ അടുത്തേക്ക് ഓടിച്ചെല്ലാന്‍ രക്ഷിതാക്കള്‍ അധികസമയമെടുക്കാറില്ല. എന്നാല്‍ പലപ്പോഴും കുട്ടികളിലുണ്ടാവുന്ന സ്വഭാവ പ്രശ്നങ്ങളെ നമ്മള്‍ ഗൗനിക്കാറില്ല. കുട്ടിയല്ലേ അവന്‍ അധികം സംസാരിക്കാത്തത് കാര്യമാക്കേണ്ട, അധികം ഇടപഴകാത്തത് നോക്കണ്ട, ഭക്ഷണം കഴിക്കാത്തത് കാര്യമാക്കേണ്ട എന്നൊക്കെ രക്ഷിതാക്കള്‍ കരുതും. കുട്ടി പുറത്തുപോയി കളിക്കാത്തതോ, സമയത്ത് കുളിക്കാത്തതോ, മുറി വൃത്തികേടാക്കി വെക്കുന്നതോ ഒന്നും രക്ഷിതാക്കള്‍ക്ക് പലപ്പോഴും വിഷയമല്ല. ഒരു പ്രായത്തില്‍ അങ്ങനെയൊക്കെ ഉണ്ടാവുമെന്ന് പറഞ്ഞ് അവഗണിക്കുകയാണ് പൊതുവേ പതിവ്. ഇതിനെ ഗൗനിക്കില്ലെന്നത് മാത്രമല്ല വിഷയം. ഇത്തരം പല കേസുകളിലും ചികിത്സ ആവശ്യമായി വരാറുണ്ട്. മനഃശാസ്ത്ര സമീപനം വേണ്ടിടത്ത് അതുനല്‍കുകതന്നെ വേണം. പലപ്പോഴും ചില കുട്ടികള്‍ക്ക് കൗണ്‍സിലിംഗിനു പുറമേ മരുന്നു കഴിക്കേണ്ടി വരാറുണ്ട്. പനി വന്നാല്‍ ചികിത്സിക്കുന്നത് പോലെ തന്നെയാണ് വിഷാദം വന്ന് ചികിത്സിക്കുന്നതും. ശരീരത്തിന് രോഗം വരുമ്പോള്‍ മാത്രമല്ല നമ്മള്‍ സംരക്ഷണം നല്‍കേണ്ടത്. മനസ്സിനും ശരീരത്തിനേപ്പാലെ പ്രാധാന്യമുണ്ടെന്ന് നമ്മുടെ സമൂഹം ഇനിയും മനസ്സിലാക്കേണ്ടയിരിക്കുന്നു. നമ്മുടെ കൂട്ടികളെ കൂടുതല്‍ അപകടങ്ങളിലേക്ക് എറിഞ്ഞുകൊടുക്കാതിരിക്കാന്‍ ഇതുകൂടിയേ തീരൂ.

പ്രതിരോധിക്കുന്നത് എങ്ങനെ?

ഒളിപ്പിച്ചുവെച്ച മൊബൈലില്‍ മെസേജ് അയക്കുന്നതു കണ്ടാണ് ആരതിയെ ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപിക എഴുന്നേല്‍പ്പിച്ചുനിര്‍ത്തിയത്. ഫോണ്‍ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോള്‍ കുറെ മെസേജുകള്‍ കണ്ടു. മറ്റൊരു സ്‌കൂളില്‍ പഠിക്കുന്ന, അവള്‍ പ്രണയിക്കുന്ന കുട്ടിയുമായുള്ള സന്ദേശങ്ങളായിരുന്നു അതില്‍. അടുത്ത ദിവസം രക്ഷിതാവിനെ വിളിച്ച് ക്ലാസില്‍ വന്നാല്‍ മതിയെന്ന് അധ്യാപിക പറഞ്ഞു. വീട്ടില്‍ അറിയിക്കരുതെന്ന് ആരതി പറഞ്ഞിട്ടും അധ്യാപിക സമ്മതിച്ചില്ല. ഉടനെ വീട്ടിലേക്ക് വിളിച്ച് അറിയിക്കുകയും ചെയ്തു. ക്ലാസില്‍നിന്ന് ഇറങ്ങിയോടിയ കുട്ടി സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍നിന്നും താഴേക്ക് എടുത്തുചാടി. മരിച്ചില്ലെങ്കിലും സാരമായ പരിക്കുകളുണ്ടായിരുന്നു.

സ്‌കൂളുകളില്‍ ഇത്തരം ശ്രമങ്ങളുണ്ടാവുന്ന സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ കൗണ്‍സിലിംഗ് സംവിധാനം കൊണ്ടുവന്നത്. അതിനായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമായും കൗണ്‍സിലര്‍മാര്‍ വേണമെന്ന നിബന്ധനവെച്ചു. കേരളത്തിലെ മിക്ക സ്‌കൂളുകളിലും അത് കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിക്കുന്നു. വനിതാ ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നാണ് ഇത്തരമൊരു സംരംഭം നടന്നുവരുന്നത്. കോവിഡ് കാലത്തും ഓണ്‍ലൈനായി നല്ല രീതിയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. ചില എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കോവിഡ് കഴിഞ്ഞ് സ്‌കൂള്‍ തുറന്നശേഷം വിദ്യാര്‍ഥികളില്‍ മിക്കവരിലും പ്രകടമായ മാറ്റമാണ് കണ്ടുവരുന്നതെന്ന് കോഴിക്കോട്ടെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ കൗണ്‍സിലിംഗ് നടത്തുന്ന ആതിരാ കൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. 'കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്. കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കിയ ശേഷം തിരിച്ചിറങ്ങുമ്പോള്‍ മിക്ക കുട്ടികളും നേരിട്ട് വന്നു വിഷമങ്ങള്‍ പറയാറുണ്ട്. ലഹരി ഉപയോഗവും പോക്സോ കേസുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ നേരിട്ടുവന്ന് പ്രശ്നങ്ങള്‍ പറയുന്നത് കൂടിയിട്ടുണ്ട്. കൂടാതെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കാറുണ്ട്. അപ്പോള്‍ ആ കുട്ടികളെയും വിളിച്ച് സംസാരിക്കും. കൂടുതല്‍ മെഡിക്കല്‍ ശ്രദ്ധ ആവശ്യമായ കേസുകളെ റഫറന്‍സ് ലെറ്റര്‍ കൊടുത്ത്് ഡോക്ടര്‍മാരുടെ അടുത്തേക്ക് പറഞ്ഞുവിടാറാണ് പതിവ്.'

പതിമൂന്നാം പിറന്നാളിന് ബിയറും സിഗററ്റും ഉള്‍പ്പെട്ട പാര്‍ട്ടി വേണമെന്ന് പറഞ്ഞാണ് മകള്‍ കരഞ്ഞതെന്നും അതുകേട്ട് തങ്ങളാകെ ഞെട്ടിപ്പോയെന്നും കൊച്ചി സ്വദേശി സെറിന്‍ പറയുന്നു. 'വീട്ടില്‍ ഇതുവരെ അത്തരത്തിലൊരു സന്ദര്‍ഭമുണ്ടായിട്ടില്ല എന്നതിനാല്‍ ആദ്യം തമാശയാണെന്നാണ് കരുതിയത്. എന്നാല്‍ ആത്മഹത്യാഭീഷണി മുഴക്കിയപ്പോഴാണ് സത്യമാണെന്ന് മനസ്സിലായപ്പോള്‍ അവളെ കൗണ്‍സിലിംഗിന് കൊണ്ടുപോയി. സ്‌കൂളില്‍വെച്ച് പലതരത്തിലുള്ള ലഹരി നുണഞ്ഞിട്ടുണ്ടെന്നും സുഹൃത്തിന്റെ ബോയ്ഫ്രണ്ടിന്റെ സുഹൃത്തുവഴിയാണ് ലഹരി സാധനങ്ങള്‍ കിട്ടുന്നതുമെന്ന ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിലെ പല കുട്ടികളും ലഹരിക്ക് അടിമകളാണെന്ന് കണ്ടെത്തി. പലരെയും വിമുക്തി പോലുള്ള സ്ഥലങ്ങളിലേക്ക് അയച്ചു.' സെറിന്റേത് കേരളത്തില്‍ ഒറ്റപ്പെട്ട അനുഭവമല്ല. സംസ്ഥാനത്തെ കുട്ടികളില്‍ ലഹരി ഉപയോഗം കൂടുന്നതായി പോലീസും ശരിവെക്കുന്നുണ്ട്. ഇത്തരം കുട്ടികളില്‍ വിഷാദരോഗവും ആത്മഗഹത്യാ പ്രവണതയും വളരെ കൂടുതലാണെന്ന് ഡോ. ബേബി ശാരി പറയുന്നു.

മിക്ക കുട്ടികള്‍ക്കും തങ്ങളെ മനസ്സിലാക്കാനും കൂടെ നില്‍ക്കാനും ആരുമില്ലെന്ന തോന്നലാണ് ആത്മഹത്യയിലേക്ക് എത്തിക്കുന്നത്. അവര്‍ക്കായി സമയവും ഊര്‍ജ്ജവും നല്‍കാന്‍ തയ്യാറുള്ളവരെ മാത്രമേ കുട്ടികള്‍ക്ക്് വിശ്വാസത്തിലെടുക്കാന്‍ സാധിക്കൂ. അധ്യാപകര്‍, രക്ഷിതാക്കള്‍, അനധ്യാപകര്‍, സ്‌കൂളിലെ കൗണ്‍സിലര്‍മാര്‍ ആര്‍ക്കുവേണമെങ്കിലും ഈ റോളിലേക്ക് കടന്നുവരാം. എല്ലാം തുറന്നുപറയാന്‍ സാധിക്കും എന്നു വിശ്വാസം വന്നാല്‍ പല തീരുമാനങ്ങളും മാറിമറിയും. പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ആ കുട്ടിയെ സംരക്ഷിക്കാനും ആ കുട്ടിക്കു മുകളില്‍ ഒരു കണ്ണുണ്ടാവാനും അവര്‍ ശ്രമിക്കും.

ആത്മഹത്യ തടയാന്‍ പോലീസിന് 11 ഇന നിര്‍ദ്ദേശം

കോവിഡ് കാലം കഴിഞ്ഞ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന സാഹചര്യത്തിലും കുട്ടികളിലെ ആത്മഹത്യാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഡി.ജി.പി. നേരിട്ട് ഇടപെട്ടു. ആത്മഹത്യാനിരക്ക് കുറയ്ക്കാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് 11 ഇന നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്താനാണ് നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി പോലീസും ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ബോധവത്കരണവും കൗണ്‍സിലിങ്ങും നടത്തിവരുന്നുണ്ട്. പോലീസിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്.

* ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ഉപയോഗം കുട്ടികളില്‍ നിയന്ത്രിക്കണം
* വിഷാദരോഗം ഒഴിവാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവത്കരണം നല്‍കണം.
* കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ അധ്യാപകര്‍ക്ക് ഉത്തരവാദിത്തം നല്‍കണം
* കോവിഡ് നിയന്ത്രണങ്ങള്‍ മാറിയതിനാല്‍ കുട്ടികളെ കളിക്കളങ്ങളിലേക്ക് കൊണ്ടുവരണം.
* മാതാപിതാക്കളുടെ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകരുത്.
* കുടുംബ പ്രശ്‌നങ്ങളുള്ള വീടുകളില്‍നിന്നുള്ള കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കണം
* സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് പരിപാടി സംഘടിപ്പിക്കണം
* രക്ഷാകര്‍ത്താക്കള്‍ക്ക് സാങ്കേതിക പരിജ്ഞാനം നല്‍കണം
* പരീക്ഷാപ്പേടി മാറ്റാന്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണം
* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിവിരുദ്ധ പദ്ധതികള്‍ വേണം
* കുട്ടികളും രക്ഷാകര്‍ത്താക്കളും തമ്മിലുള്ള തര്‍ക്കം കുറയ്ക്കാന്‍ ഇടപെടണം

കോവിഡ് കാലത്തെ ചിരിയും നിനവും

കോവിഡ് കാലത്ത് 2020 ജൂലായില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഒരു കണക്ക് അവതരിപ്പിച്ചിരുന്നു. 2020 മാര്‍ച്ച് 25 മുതല്‍ ജൂലായ് 6 വരെ കേരളത്തില്‍ 66 കുട്ടികള്‍ ആത്മഹത്യ ചെയ്തു എന്നതായിരുന്നു ആ കണക്ക്. ആ സമയത്ത് കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കേവലം 34 മാത്രമായിരുന്നു. ജൂലൈ 9ന് തന്നെ കേരളത്തിലെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ 'ചിരി' എന്ന കൗണ്‍സിലിംഗ് പ്രോഗ്രാം പ്രഖ്യാപിച്ചു. കൊവിഡ് കാലത്താരംഭിച്ച പല മാനസികാരോഗ്യ പരിപാടികളിലും കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി. അങ്ങിനെ മാനസികപിരിമുറക്കം കുറക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച വിവിധ പദ്ധതികള്‍ വഴി 10,000ത്തിലേറെ കുട്ടികള്‍ക്കാണ് കഴിഞ്ഞ രണ്ടുവര്‍ഷം കൗണ്‍സിലിംഗ് നല്‍കിയത്. സ്റ്റൂഡന്റ് പോലീസുമായി ചേര്‍ന്ന് CAP ഡെസ്‌ക് (കേഡറ്റ് ആന്റ് പോലീസ്) എന്നപേരില്‍ തിരുവനന്തപുരത്ത് രൂപീകരിച്ച പദ്ധതിക്ക് കീഴിലാണ് ചിരിയും ഉള്ളത്. കേരള പോലീസിന്റെ വിവിധ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാമുകള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാന റിസോഴ്‌സ് സെന്ററായി CAP പ്രവര്‍ത്തിക്കുന്നു. CAP ഡെസ്‌ക് എന്നത് സൗഹൃദപരമായ ടെലിഫോണിക് ഇടപെടലുകളിലൂടെ ദുരിതമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനുള്ള ഒരു സപ്പോര്‍ട്ട് പ്രോഗ്രാമാണ്. ലോക്ക്ഡൗണിന്റെ പ്രാരംഭ ഘട്ടത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് പ്രോഗ്രാമും കുട്ടികളോടുള്ള നമ്മുടെ ഉത്തരവാദിത്തവും സംയുക്തമായി വിജയകരമായി ആരംഭിച്ച കുട്ടി ഡെസ്‌ക് മാതൃകയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഈ സംരംഭത്തിലൂടെ 4700 കുട്ടികളെ ഇതിനകം പിന്തുണച്ചു.

കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി. ഇതുവരെ ചിരിയിലേക്ക് സഹായം ആവശ്യപ്പെട്ട് എത്തിയത് 31084 കോളുകളാണ്.
ഇവയില്‍ ഫോണ്‍ അഡിക്ഷന്‍, ഗെയിം അഡിക്ഷന്‍, മാനസിക സമ്മര്‍ദം താങ്ങാന്‍ കഴിയാത്തവ തുടങ്ങിയ
11003 കേസുകളാണ് ഉള്ളത്. ഇതുവരെ
ആറ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സേവന തല്‍പരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധര്‍, മന:ശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതിയാണ് ഇവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നത്.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍
ചിരി... 9497900200
ചൈല്‍ഡ്ലൈന്‍ -1098

പറക്കേണ്ട പ്രായമല്ലേ, എന്തിനിങ്ങനെ പ്രാണനൊടുക്കുന്നു? | അന്വേഷണ പരമ്പര ഒന്നാം ഭാഗം വായിക്കാം
'എല്ലാവരും പറഞ്ഞത് ആ പെണ്‍കുട്ടിയോട് വെള്ളത്തിലേക്ക് എടുത്ത് ചാടാനാണ് '| അന്വേഷണ പരമ്പര രണ്ടാം ഭാഗം വായിക്കാം

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).

Content Highlights: Children, Suicide, exams, stress, mobile adiction, ado

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented