ജി.ആർ.അനിൽ
നിലവില്‍ സംസ്ഥാനത്തെ ഹോട്ടലുകളിലെ വിലക്കയറ്റ വാര്‍ത്തകള്‍ വളരെ ഏറെ ഗൗരവമേറിയതാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഹോട്ടലുകളെ ഗ്രേഡ് തിരിച്ച് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില നിശ്ചയിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായും മന്ത്രി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഹോട്ടല്‍ ഭക്ഷണങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് മാതൃഭൂമി ഡോട് കോം പ്രസിദ്ധീകരിച്ച 'വയറ്റത്തടിച്ച് വിലക്കയറ്റം' എന്ന പരമ്പരയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് സാധാരണക്കാരന് ആശ്വാസകരമാകും വിധത്തിലുള്ള നടപടികളും പദ്ധതികളും എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകുമെന്നാണ് മന്ത്രി വ്യക്തമാക്കി.
ഹോട്ടലുകളിലെ വിലവര്‍ധനവുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് വേണ്ടി കളക്ടര്‍, സിവില്‍ സപ്ലൈസ് ഓഫീസര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരു ടീമിനെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കളക്ടര്‍മാരേയും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍മാരേയും സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറേയും പങ്കെടുപ്പിച്ചുകൊണ്ട് ഈ കാലയളവില്‍ ഓണ്‍ലൈനായി രണ്ട് യോഗങ്ങള്‍ ചേരുകയും ചെയ്തു. ഓരോ ജില്ലകളിലും ഈ ടീമിന്റെ നേതൃത്വത്തില്‍ നേരിട്ടുള്ള ഇടപെടലുകള്‍ നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
ഹോട്ടലുകളെ ഗ്രേഡ് തിരിക്കും
ഹോട്ടലുകളിലെ ഭക്ഷണങ്ങളുടെ വില നിയന്ത്രണത്തിനായി ഹോട്ടലുകളെ ഗ്രേഡ് തിരിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില നിശ്ചയിക്കാന്‍ നിയമപരമായുള്ള അധികാരം സര്‍ക്കാരിനില്ല. എന്നാല്‍ ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നത് ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കും. അതിനുള്ള നടപടികളാണ് ഇപ്പോള്‍ ചെയ്തു വരുന്നത്.
അടിക്കടിയുള്ള വില വര്‍ധനവുമായി ബന്ധപ്പെട്ടുള്ള വിലക്കയറ്റവുമായുള്ള പരാതികള്‍ പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ വേണ്ടി ഭക്ഷ്യ സുരക്ഷാ വകുപ്പും സിവില്‍ സപ്ലൈസ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് വകുപ്പും പുതിയ പദ്ധതികള്‍ ഉണ്ടാക്കേണ്ടതുണ്ട്. അതനുസരിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ മുമ്പില്‍ ഈ വിഷയം വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് തന്നെ ഇതിന് രൂപം കൊടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സുഭിക്ഷ ഹോട്ടലുകളെ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതി
ഈതോടൊപ്പം തന്നെ സാധാരണക്കാരന് സഹായകമാകും വിധത്തില്‍ സംസ്ഥാനത്ത് സുഭിക്ഷ, ജനകീയ ഹോട്ടലുകള്‍ പോലുള്ള സംരഭങ്ങള്‍ പുതിയ രൂപത്തില്‍ സംസ്ഥാനത്ത് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടും അതിലധികവും ജനകീയ ഹോട്ടലുകളാണ് നിലവില്‍ എല്ലാ പഞ്ചായത്തുകളിലുമുള്ളത്. കോര്‍പ്പറേഷനില്‍ അഞ്ചെണ്ണമുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പ് നേരിട്ട് നടത്തുന്ന സുഭിക്ഷ ഹോട്ടല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 47 എണ്ണം ഇതിനകം തന്നെ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ജനകീയ ഹോട്ടല്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടി ലഭിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ജനകീയ ഹോട്ടലുകള്‍ ഇല്ലാത്തിടത്തേക്ക് സുഭിക്ഷ ഹോട്ടലുകളെ വ്യാപിപ്പിക്കുന്നത്.
നഗരങ്ങളില്‍ ഇത്തരം ഹോട്ടലുകള്‍ ആരംഭിക്കാന്‍ ആവശ്യമായ സ്ഥല സൗകര്യം ലഭ്യമല്ല എന്നത് ഒരു പ്രശ്‌നമാണ്. മെഡിക്കല്‍ കോളേജ്, ആര്‍സിസി തുടങ്ങിയ സാധാരണക്കാരായ ജനങ്ങളുള്ളിടത്ത് ഇത്തരത്തില്‍ ഹോട്ടലുകള്‍ ആരംഭിക്കുന്നത് ഒരുപാട് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ആശ്വാസമാകും. എന്നാല്‍ പ്രധാനപ്രശ്‌നം ഇത്തരം ഇടങ്ങളില്‍ ആവശ്യമായ സ്ഥലം ലഭിക്കുന്നില്ല എന്നതാണ്. ആ പ്രദേശത്തെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും മറ്റും സംസാരിച്ച് ആവശ്യമായ സ്ഥല സൌകര്യം ഏറ്റെടുത്ത് നടത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
മൊബൈല്‍ യൂണിറ്റുകളായി വിതരണം
സ്ഥലം ലഭിക്കാത്തിടങ്ങളില്‍, നഗരങ്ങളെ കേന്ദ്രീകരിച്ച് വാഹനത്തില്‍ ഭക്ഷണം വിതരണം നടത്താനുള്ള പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയും ഉണ്ട്. മഹിളാ യൂണിറ്റുകള്‍ക്ക് നല്‍കിയിട്ട് അവര്‍ നഗരങ്ങളില്‍ ഭക്ഷണം മൊബൈല്‍ വാഹനങ്ങളിലായി എത്തിക്കുന്ന തരത്തിലുള്ള ആലോചനകളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Interview with Minister of Food and Civil Supplies of Kerala G. R. Anil


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..