ഒരാളെ ജീവനോടെ രക്ഷിക്കുന്നത് മാത്രമല്ല രക്ഷാപ്രവര്‍ത്തനം. ഉരുള്‍പൊട്ടലിന്റെ കാര്യമെടുക്കുമ്പോള്‍ ഒരാളെ ജീവനോടെയൊ അല്ലാതെയൊ പുറത്തെടുക്കുന്നതും രക്ഷാപ്രവര്‍ത്തനം തന്നെയാണ്. പ്രിയപ്പെട്ടവരുടെ ജീവന് എന്ത് സംഭവിച്ചു എന്ന് തീര്‍പ്പുകല്‍പ്പിക്കാന്‍ കണ്ണീരോടെ കാത്തുനില്‍ക്കുമ്പോള്‍ മണ്ണായി മാറും മുമ്പ് മൃതദേഹങ്ങളെ രക്ഷപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഉരുള്‍പൊട്ടലില്‍ ഏറ്റവും നിര്‍ണായകവും ഏറ്റവും ബുദ്ധിമുട്ടേറിയതും രക്ഷാപ്രവര്‍ത്തനം തന്നെയാണ്. മാസങ്ങളോളം മൃതദേഹങ്ങള്‍ക്കായി തിരഞ്ഞ് ഒടുവില്‍ നിരാശരായി മടങ്ങേണ്ടി വന്നവരുണ്ട്. 2019 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇരുപതോളം മൃതദേഹങ്ങള്‍ ഇന്നും മണ്ണിനടിയില്‍ ആണ്. അവരിന്നും പ്രിയപ്പെട്ടവരുടെ മനസില്‍ നെരിപ്പോടായി എരിയുന്നുണ്ട്.
ഓരോ ഉരുള്‍പൊട്ടലുണ്ടാകുമ്പോഴും രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന നിരവധി വെല്ലുവിളികളുണ്ട്, പ്രയാസങ്ങളുണ്ട്, അവരെ ഇന്നും ഉറക്കം കെടുത്തുന്ന മാനസിക സംഘര്‍ഷങ്ങളുണ്ട്. ഇത്തരം ദുരിതങ്ങളുണ്ടാകുമ്പോള്‍ എന്‍ഡിആര്‍എഫിനും ഫയര്‍ഫോഴ്‌സിനുംമുമ്പേ ആദ്യം ഓടിയെത്തുന്നത് നാട്ടുകാര്‍ ആയിരിക്കും പ്രാദേശിക ജനപ്രതിനിധികള്‍ ആയിരിക്കും. സമീപത്തെ സ്റ്റേഷനിലെ പോലീസുകാര്‍ ആയിരിക്കും. ഇവര്‍ ആരും തന്നെ ഉരുള്‍പൊട്ടല്‍ പോലെയൊരു ദുരന്തത്തെ കൈകാര്യം ചെയ്യാന്‍ പരിശീലനം നേടിയവരും ആയിരിക്കില്ല. അതുകൊണ്ട് തന്നെ ഉള്ളുലയ്ക്കുന്ന കാഴ്ചകളെ കരളുറപ്പോടെ നേരിട്ടവര്‍ക്ക് പറയാന്‍ ഒരുപാട് അനുഭവങ്ങളുണ്ട്. ആ അനുഭവങ്ങള്‍ പറയും ഇനിയൊരു ഉരുള്‍പൊട്ടലിനെ നേരിടാന്‍ കേരളം എത്രത്തോളം പര്യാപ്തമാണെന്ന്.
സഹദിന്റെ മനസില്‍ ഇന്നും നോവായി ആ മൂന്ന് പേര്
(മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
2019 ഓഗസ്റ്റ് ഏഴിന് തന്നെ മേപ്പാടി പഞ്ചായത്തില്‍ മഴപെയ്തു തുടങ്ങിയിരുന്നു. പുത്തുമലയുടെ ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. സഹദ് ഉള്‍പ്പെടെയുള്ള മെമ്പര്‍മാരോട് പുത്തുമല സന്ദര്‍ശിക്കാന്‍ പഞ്ചായത്തില്‍ നിന്ന് നിര്‍ദ്ദേശം വന്നു. നിറഞ്ഞ് ഒഴുകുന്ന തോടും ഇടിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളുമൊക്കെ ഈ യാത്രയില്‍ പഞ്ചായത്ത് അംഗങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിറ്റേദിവസം ഏട്ടാം തിയ്യതിയും കനത്ത മഴയ്ക്കാണ് മേപ്പാടി പഞ്ചായത്ത് സാക്ഷ്യം വഹിച്ചത്. അന്ന് വെളുപ്പിനെ രണ്ട് മണിയോടെയാണ് വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ ആദ്യ സൂചനകള്‍ പുത്തുമല കാണിച്ചുതുടങ്ങിയത്. രണ്ട് വീടുകള്‍ ഇടിഞ്ഞു. ഇതോടെ പ്രദേശത്തെ 300 ഓളം കുടുംബങ്ങളെ പഞ്ചായത്ത് മെമ്പര്‍മാരും നാട്ടുകാരും ചേര്‍ന്ന് ക്യാമ്പിലേക്ക് മാറ്റി.
ഉച്ചയ്ക്ക് 12 മണിക്ക് സഹദ് ഉള്‍പ്പെടെയുള്ളവര്‍ ഓരോ വീട്ടിലും കയറി ഇറങ്ങി വീടുകളില്‍ ആരും ഇല്ലെന്ന് ഉറപ്പുവരുത്തികൊണ്ടിരുന്നു. നാല് പേര്‍ മാത്രം ക്യാമ്പില്‍ പോകാതെ വീടുകളില്‍ തങ്ങിയിരുന്നു. ആ നാലു പേരും ഇന്ന് ജീവനോടെയില്ല. ഇതില്‍ സഹദ് മൂന്ന് പേരോട് നേരിട്ട് ക്യാമ്പിലേക്ക് പോകാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഒരാള്‍ ആടിന് തീറ്റകൊടുക്കാന്‍ വന്നതാണ് ഉടനെ പോകാമെന്ന മറുപടിയാണ് നല്‍കിയത്. മറ്റൊരാള്‍ അലമാരയില്‍ വെച്ചിരിക്കുന്ന രേഖകൾ എടുക്കാന്‍ വന്നതാണ് എന്നാണ് പറഞ്ഞത്. സമീപത്തെ മറ്റൊരു പ്രദേശമായ മുണ്ടക്കൈയിൽ മണ്ണിടിച്ചില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സഹദും സംഘവും അങ്ങോട്ടുപോകുന്നത് അവിടെയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയപ്പോഴേക്കും പുത്തുമല പൊട്ടിവന്നിരുന്നു. വാര്‍ത്ത അറിഞ്ഞ് ഓടിയെത്തിയവര്‍ കണ്ടത് നടുക്കുന്ന കാഴ്ചയാണ്.
ഇരുട്ടുമൂടി ഭയാനകമായ അന്തരീക്ഷം. പട്ടാപ്പകലായിരുന്നിട്ടു പോലും മുന്നിലുള്ള ഒന്നും കാണാന്‍ പറ്റുന്നായിരുന്നില്ല. ജനങ്ങളുടെ അവസ്ഥ അതിലും ഭീകരമായിരുന്നു പ്രിയപ്പെട്ടവര്‍ ഉരുള്‍പൊട്ടലിൽ പെട്ടോയെന്ന ഭയത്തില്‍ അച്ഛനമ്മാര്‍ മക്കളെ തിരയുന്നു. കുട്ടികള്‍ അച്ഛനമ്മമാര്‍ക്ക് വേണ്ടി നിലവിളിക്കുന്നു. സഹദ് ഉള്‍പ്പെടെയുള്ളവര്‍ ആ കാഴ്ചകള്‍ക്ക് മുമ്പില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു. എല്ലാം നഷ്ടപ്പെട്ട ആ ജനങ്ങള്‍ക്ക് തങ്ങള്‍ മാത്രമെയുള്ളു ആശ്രയം എന്ന തിരിച്ചറിവില്‍ സഹദ് ഉള്‍പ്പെടെയുള്ളവര്‍ ധൈര്യം വീണ്ടെടുത്തു. മരിച്ചവര്‍ മരിച്ചു ഇനിയൊരാള്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെടരുത്, അതിനുവേണ്ടിയുളള
ഇടപെടലാണ് ഇവര്‍ ആദ്യം നടത്തിയത്. ഉരുള്‍പൊട്ടലിലേക്ക് പ്രിയപ്പെട്ടവരെ തിരഞ്ഞ് ഇറങ്ങാന്‍ തുടങ്ങിയവരെ പിടിച്ചുമാറ്റേണ്ട സാഹചര്യം പോലും ഉണ്ടായി.
പുത്തുമല തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു തൊട്ടടുത്ത നഗരമായ മേപ്പാടിയിലേക്ക് പോകാനോ അവിടെ നിന്ന് ഇങ്ങോട്ട് വരാനോ പറ്റുമായിരുന്നില്ല. വൈദ്യുതിയോ, ഫോണിന് റെയ്‌ഞ്ചോ ഉണ്ടായിരുന്നില്ല. പുറംലോകത്തേക്കുള്ള മാര്‍ഗങ്ങളെല്ലാം അടഞ്ഞുകിടന്നു. തന്റെ ഫോണ്‍ ഓഫാകുന്നതിന് മുമ്പ് സഹദ് 16 മിനിട്ടോളം വരുന്ന വീഡിയോ ഷൂട്ട് ചെയ്ത് രണ്ട് കിലോമീറ്റര്‍ അകലേക്ക് പോയി മാധ്യമപ്രവര്‍ത്തകനായ ഒരു സുഹൃത്തിന് അയച്ചുകൊടുത്തു. ഇങ്ങനെയാണ് പുത്തുമല ദുരന്തം പുറംലോകം അറിയുന്നത്. ആര്‍ത്തലച്ചുവന്ന ഉരുളിനൊപ്പം ഒലിച്ചുപോയ അഞ്ചോളം പേരെ അവിടെയുണ്ടായിരുന്നവര്‍ തന്നെ രക്ഷപ്പെടുത്തി. സമീപത്തുള്ള വീട്ടില്‍ തന്നെയാണ് സഹദും സംഘവും അന്ന് തങ്ങിയത്. പുലര്‍ച്ചെ അഞ്ചുമണിയോടെ ദുരന്തമുണ്ടായി സ്ഥലത്ത് ഇവര്‍ വീണ്ടുമെത്തി. റവന്യൂ ഉദ്യോഗസ്ഥരും ജില്ലാകളക്ടറും ഉള്‍പ്പെടെയുള്ള സംഘം അപ്പുറത്ത് നില്‍ക്കുന്നുണ്ട്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ കഴിയും എന്നല്ലാതെ ഒരു സഹായവും ആര്‍ക്കും ചെയ്യാന്‍ പറ്റുന്നില്ല. എട്ട് മണിയോടെ ചെളിയില്‍ പുതഞ്ഞ് ഒരാളുടെ കാല് കണ്ടു. ധൈര്യമുള്ള മൂന്ന് നാല് പേരെയും കൂട്ട് സഹദും സംഘവും ഒരു ഫോര്‍വീലര്‍ ജീപ്പുമെടുത്ത് പുറപ്പെട്ടു. ഇടിഞ്ഞുകൊണ്ടിരിക്കുന്ന അപകടകരമായ ഭാഗത്തേക്കാണ് ഇവര്‍ പുറപ്പെട്ടത്.
പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് സഹദ് പറയുന്നു. തങ്ങള്‍ പോയില്ലെങ്കില്‍ ബന്ധുക്കള്‍ കാണാതായ പ്രിയപ്പെട്ടവരെ തേടിപ്പോകുമെന്ന് ഉറപ്പായിരുന്നു. തലേന്ന് ക്യാമ്പിലേക്ക് പൊയ്‌ക്കൊള്ളാമെന്ന് സഹദിനോട് പറഞ്ഞ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ അവിടെയുണ്ടായിരുന്നു. നാലാമത്തെ മൃതശരീരം മരക്കൂട്ടങ്ങള്‍ക്ക് ഇടയിലായിരുന്നതിനാല്‍ യന്ത്ര സംവിധാനങ്ങള്‍ എത്തുന്നത് വരെ ഇവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ സ്‌ട്രെച്ചര്‍ പോലും ഉണ്ടായിരുന്നില്ല. ഒരു കട്ടില്‍ പൊളിച്ചെടുത്ത് അതിന്റെ കാലില്‍ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി മൃതദേഹങ്ങള്‍ ചുമലില്‍ വെച്ചാണ് താഴേക്ക് ഇറക്കിയത്. 24 മണിക്കൂറോളം അഞ്ച്- ആറ് ജെസിബികള്‍ വിശ്രമമില്ലാതെ പണിയെടുത്താണ് പുത്തുമലയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കിയത്.
മൃതദേഹങ്ങള്‍ മാറിപ്പോയത് മൂലം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഇടയില്‍, ചിതയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് മൃതദേഹം തിരിച്ചുവാങ്ങി യഥാര്‍ത്ഥ അവകാശികളെ ഏല്‍പ്പിക്കേണ്ട നിസ്സാഹായാവസ്ഥയും സഹദിനും സംഘത്തിനും ഇതിനിടയില്‍ നേരിടേണ്ടി വന്നിരുന്നു.
തിരച്ചിലിനിടെ പോലീസിനെ കുഴക്കിയ ഹിറ്റാച്ചി ഡ്രൈവര്‍മാര്‍
(പോലീസ് ഓഫീസര്‍,കവളപ്പാറ)
ഉരുള്‍പൊട്ടല്‍ പോലൊരു ദുരന്തം ഉണ്ടാകുമ്പോള്‍ പോലീസ് അവിടെ എന്തെല്ലാം ചെയ്യുന്നുവെന്ന് കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സിഐ മനോജ് പറയറ്റ പറയുന്നു
ഓഗസ്റ്റ് എട്ടിനാണ് പുത്തുമലയ്‌ക്കൊപ്പം കവളപ്പാറയിലും ദുരന്തഭൂമിയായത്. ഓഗസ്റ്റ് ആറ് മുതല്‍ തന്നെ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. നിലമ്പൂരിന്റെ പല ഭാഗങ്ങളും ഇതിനോടകം വെള്ളത്തിലായിരുന്നു. ബോട്ട് ഉള്‍പ്പെടെ വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള യാതൊരു സജ്ജീകരണങ്ങളും ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തില്‍ സെന്‍സര്‍ ഇല്ലാത്ത ലോറി ഉപയോഗിച്ചാണ് പോലീസ് ഈ സാഹചര്യത്തെ നേരിട്ടത്. രാത്രി ഉറങ്ങാതെ നാട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരുന്നു.
വെള്ളപ്പൊക്കത്തില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിനിടയ്ക്ക് ആണ് പോലീസിനെ തേടി ആ വാര്‍ത്ത എത്തുന്നത്. കവളപ്പാറയില്‍ ഉരുള്‍പൊട്ടി. ഉടന്‍ സിഐ മനോജ് പറയറ്റയും സംഘവും അങ്ങോട്ട് തിരിച്ചു. ദുരന്തത്തെ കുറിച്ച് അന്വേഷിച്ചുകൊണ്ട് നാട്ടുകാരായ നിരവധി പേരുടെ കോള്‍ ആണ് അദ്ദേഹത്തിന് ലഭിച്ചത്. അപ്പോഴൊന്നും ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ഇത്രയധികം പേര്‍ ദുരന്തത്തില്‍ അകപ്പെട്ടിട്ടുണ്ട് എന്നോ അദ്ദേഹത്തിന് മനസിലായിരുന്നില്ല. വാർത്താവിനിമയം സുഗമമാക്കുകയാണ് ആദ്യം മനോജ് പറയറ്റ ചെയ്തത്. കാരണം കവളപ്പാറയില്‍ എന്ത് സംഭവിച്ചു എന്ന് പുറംലോകത്തിന് അറിയാന്‍ യാതൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. അദ്ദേഹം ബി.എസ്.എന്‍.എല്‍ അധികൃതരെ ബന്ധപ്പെട്ടു. ഡീസല്‍ എത്തിച്ചാല്‍ ടവര്‍ ചാര്‍ജ്ജ് ചെയ്ത് തരാമെന്ന് ബിഎസ്എല്‍എല്‍ അധികാരികള്‍ അറിയിച്ചതോടെ പോലീസ് സംഘം പെട്രോള്‍ പമ്പില്‍ പോയി ഡീസല്‍ ശേഖരിച്ചു നല്‍കി. രാത്രി രണ്ട് മണിക്ക് എത്തി ടവര്‍ ചാര്‍ജ്ജ് ചെയ്ത ആ ഉദ്യോഗസ്ഥനെ മനോജ് പറയറ്റ ഇന്നും നന്ദിയോടെ ഓര്‍ക്കുന്നുണ്ട്. ടവര്‍ പ്രവര്‍ത്തനക്ഷമമായതോടെയാണ് സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് നിലമ്പൂരിന് പുറത്തുള്ളവർ അറിയുന്നത്. ദുരന്തം ഉണ്ടാകുമ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധി സിഗ്നല്‍ ലഭിക്കാത്ത, ചാര്‍ജ്ജില്ലാത്ത മെബൈല്‍ ഫോണുകളും വൈദ്യുതി ഇല്ലാത്ത സാഹചര്യമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു.
അടുത്ത പ്രതിസന്ധി കവളപ്പാറയിലേക്ക് എത്തിപ്പെടുക എന്നതായിരുന്നു. മരങ്ങള്‍ വീണും മറ്റും റോഡുകള്‍ ബ്ലോക്കായിരുന്നു. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ ഈ പ്രതിസന്ധി നാട്ടുകാര്‍ പരിഹരിച്ചിരുന്നു. പ്രദേശത്തു തന്നെയുള്ള ജെ.സി.ബികള്‍ ഉപയോഗിച്ച് റോഡ് വൃത്തിയാക്കിത്തുടങ്ങിയിരുന്നു.
സംഭവസ്ഥലത്ത് നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി പോലീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോധ്യപ്പെട്ടത്. ആ സമയത്ത് എത്രയൊക്കെ വീടുകള്‍ ആണ് പോയതെന്നോ എവിടെയാണ് ഉത്ഭവസ്ഥാനമെന്നോ എന്തൊക്കെയാണ് സംഭവിച്ചതെന്നോ ആദ്യ ഘട്ടത്തില്‍ മനസിലായില്ല. പ്രദേശവാസികള്‍ പറഞ്ഞതനുസരിച്ച് അവിടെ ലഭ്യമായ ജെ.സി.ബികള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എത്ര ആഴത്തില്‍ മണ്ണുണ്ട് എന്നുപോലും ഈ സമയം മനസിലായിരുന്നില്ല. ജെ.സി.ബികള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍കൊണ്ട് പ്രദേശത്ത് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് വൈകാതെ മനസിലായി. 220 ടണ്ണിന് മുകളില്‍ ഭാരമുള്ള ഹിറ്റാച്ചികള്‍ സാധാരണ ക്രഷറുകളില്‍ ആണ് ഉണ്ടാകാറ്. മറ്റു ജില്ലകളില്‍ ഉള്‍പ്പെടെയുള്ള ഇത്തരം സംവിധാനങ്ങള്‍ കവളപ്പാറയിലെത്താന്‍ നാല് ദിവസത്തോളം എടുത്തു.
220 ടണ്ണിന് മുകളില്‍ ഭാരമുള്ള ഹിറ്റാച്ചികള്‍ ഉപയോഗിച്ചാല്‍ മാത്രമെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം കാര്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നുള്ളു. 24 അടി താഴ്ചയിലാണ് മണ്ണ് മൂടി കിടന്നിരുന്നത്. അതുകൊണ്ട് തന്നെ ശാസ്ത്രീയമായൊരു തിരച്ചിലൂടെ മാത്രമെ മണ്ണിലകപ്പെട്ടവരെ വീണ്ടെടുക്കാന്‍ കഴിയുമായിരുന്നുള്ളു. ഈ ഘട്ടത്തിലാണ് ഫയര്‍ഫോഴ്‌സും എന്‍.ഡി.ആര്‍എഫ് സംഘവും സന്നദ്ധ പ്രവര്‍ത്തകരും കവളപ്പാറയിലേക്ക് എത്തുന്നത്.
കവളപ്പാറയില്‍ ചുമതല ഏറ്റെടുത്ത ഉടനെ മനോജ് പറയറ്റ ആദ്യം ചെയ്‌തൊരു കാര്യമുണ്ട്. പ്രദേശത്തേക്ക് അനാവശ്യമായി ആളുകള്‍ കടന്നുവരാതിരിക്കാന്‍ മൂന്ന് തട്ടിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തി. ഉദ്ദേശിച്ച വാഹനങ്ങളെ കടത്തിവിടാനും ആവശ്യമില്ലാത്ത ഒരാള് പോലും പ്രദേശത്ത് എത്താതെ ഇരിക്കാനും ഇത് മൂലം സാധിച്ചു.
ഉരുള്‍പൊട്ടലില്‍ വീടുകള്‍ പലതും ദൂരേയ്ക്ക് തെറിച്ചുപോയിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ ഓരോ വീടും എവിടെയായിരുന്നുവെന്ന് മാപ്പ് ചെയ്തു. രാത്രി എട്ടുമണിയോടെയാണ് കവളപ്പാറയില്‍ ദുരന്തം ഉണ്ടാകുന്നത്. അതിനാല്‍ തന്നെ അധികം പേരും വീടുകളില്‍ തന്നെ ഉണ്ടായിരുന്നു. തിരച്ചില്‍ ഒന്ന് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ഒരു വീട് എത്ര ദൂരേയ്ക്ക് തെറിച്ചുപോയിരിക്കാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് മനസിലായി. ഈ നിഗമനത്തില്‍ മുന്നോട്ടുപോയ തിരച്ചിലിനൊടുവില്‍ 11 പേരൊഴികെ ബാക്കി എല്ലാവരെയും കണ്ടെടുക്കാനായി.
ഈ ഘട്ടത്തില്‍ നേരിടേണ്ടി വന്ന മറ്റൊരു തലവേദന ഡിസാസ്റ്റര്‍ ടൂറിസം ആയിരുന്നു. ഇത്രയും വലിയ ഒരു ദുരന്തം ഉണ്ടായിട്ടും അത് കാണാനായി നിരവധി പേരാണ് കവളപ്പാറയിലേക്ക് എത്തിയത്. ഈ സമയത്ത് നിലമ്പൂര്‍ മേഖല മുഴുവന്‍ പ്രളയത്തില്‍ അകപ്പെട്ടിരുന്നു. എല്ലാ സ്ഥലത്തും രക്ഷാപ്രവര്‍ത്തനം ആവശ്യമായിരുന്നു. അതുകൊണ്ട് നിലമ്പൂരിന്റെ അതിര്‍ത്തി കടന്നെത്തുന്നവരെ പല ഭാഗത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചുവിടുകയാണ് പോലീസ് ആദ്യം ചെയ്തത്. പോലീസിന്റെ കണ്ണുവെട്ടിച്ച് എന്നിട്ടും കവളപ്പാറയിലേക്ക് എത്തിയവരുണ്ട്. നാല് സ്ഥലങ്ങളില്‍ അണ് ഇത്തരക്കാരെ തടയാന്‍ പോലീസിനെ നിയോഗിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മരം മുറിക്കുന്നയന്ത്രം, കോണ്‍ക്രീറ്റ് തല്ലിപ്പൊട്ടിക്കാനാവശ്യമായ ഉപകരണങ്ങള്‍ എല്ലാം ഉടന്‍ തന്നെ എത്തിക്കുക എന്നതും വെല്ലുവിളിയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകള്‍ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ ട്രെയിനിങ്ങ് ലഭിച്ച ആളുകളെ കവളപ്പാറയിലേക്ക് അയച്ചിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ സഹായമായതായും മനോജ് പറയറ്റ ചൂണ്ടിക്കാട്ടുന്നു. രക്ഷാപ്രവര്‍ത്തകർക്ക് വേണ്ട ഭക്ഷണം തയ്യാറാക്കാന്‍ പാചക തൊഴിലാളികള്‍ സന്നദ്ധരായി വന്നു. ഹിറ്റാച്ചികള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഇന്ധനം വലിയ ബാരലുകളില്‍ ശേഖരിച്ച് ചുമലില്‍ ഏറ്റിയാണ് തിരച്ചില്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിച്ചത്. ഇതുമൂലം ഒരു വാഹനത്തിന് പോലും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായില്ല.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഹിറ്റാച്ചിയിലെ ഡ്രൈവര്‍മാര്‍ മാനസിക സമ്മര്‍ദ്ദത്തിലായതാണ്. 17 ദിവസത്തോളം തിരച്ചില്‍ നടത്തിയപ്പോള്‍ അവസാന ദിവസത്തിന്റെ തൊട്ടുതലേന്ന് വരെ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. അഴുകിയ മൃതദേഹങ്ങള്‍ ഹിറ്റാച്ചി ഉപയോഗിച്ച് എടുത്തപ്പോള്‍ ഡ്രൈവര്‍മാര്‍ പലരും ഭയന്നുപോയി. രാത്രിയില്‍ ഉറങ്ങുമ്പോഴൊക്കെ പെയ് എന്ന് പറഞ്ഞ് നിലവിളിച്ച് തിരിച്ചുപോകാന്‍ ഒരുങ്ങി. ഇവരില്‍ മിക്കവരും അന്യ സംസ്ഥാന തൊഴിലാളികള്‍ ആയിരുന്നു കൂടുതല്‍ ദിവസം നില്‍ക്കാനുള്ള തയ്യാറെടുപ്പുകളോടയല്ല ഇവരില്‍ പലരും വന്നിരിക്കുന്നത്. നമ്മള്‍ കൊടുക്കുന്ന ഭക്ഷണം പോലും ഇവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായി. പ്രത്യേക താമസസ്ഥലം ഏര്‍പ്പെടുത്തി സ്വന്തം ജീപ്പിലും പോലീസ് ജീപ്പിലും ഒക്കെയാണ് ഇവരെ കൊണ്ടുവന്നതും തിരിച്ചുകൊണ്ടാക്കുന്നതും. പ്രത്യേക ഭക്ഷണവും വീട്ടിലിടാനുള്ള വസ്ത്രം വരെ പോലീസ് ക്രമീകരിച്ചു നല്‍കി. ഡ്രൈവര്‍മാരെ സ്വാന്ത്വനിപ്പിച്ച് സമാധാനിപ്പിച്ച് എന്നും ഡ്യൂട്ടിക്ക് എത്തിക്കുക എന്നത് പോലീസിനെ സംബന്ധിച്ച് അപ്രതീക്ഷിത വെല്ലുവിളി ആയിരുന്നു. ഉച്ചവരെ മാത്രം ജോലി ചെയ്ത് ശീലിച്ച തൊഴിലാളികളെകൊണ്ടാണ് തുടര്‍ച്ചയായി 14 ഉം 17 ഉം മണിക്കൂര്‍ വരെ തിരച്ചില്‍ നടത്തിയത്. പലരും പല ഘട്ടത്തില്‍ തിരിച്ചുപോകാന്‍ ഒരുങ്ങിയതാണ്. കൂടെയിരുന്ന് വ്യക്തിപരമായി സംസാരിച്ചും മറ്റുമാണ് പലരെയും പിന്തിരിപ്പിച്ചത്. ദൗത്യത്തില്‍ അവരുടെ ആവശ്യകത അവരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് തിരച്ചില്‍ കാര്യക്ഷമമാകുന്നതില്‍ നിര്‍ണായകമായത്.
മൃതദേഹങ്ങള്‍ കിട്ടിയാല്‍ അത് തിരിച്ചറിയുകയായിരുന്നു അടുത്ത പ്രതിസന്ധിഘട്ടം. അടുത്ത ബന്ധുക്കള്‍ പോലും ഈ സാഹചര്യത്തില്‍ നിസ്സഹായരായി. അമ്മയുടെ മൃതദേഹം ഏത് ഭാര്യയുടെത് ഏത് എന്നൊന്നും തിരിച്ചറിയാനാകാത്ത വിധം ഭീകരമായിരുന്നു ആദ്യത്തെ ദിവസത്തെ സാഹചര്യം. ഇത് തിരച്ചിലിന്റെ അവസാന ദിവസത്തേക്ക് അടുക്കുമ്പോള്‍ മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നതാണ് പോലീസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ദിവസങ്ങള്‍ പഴകി മണ്ണിനടിയില്‍ നിന്ന് വീണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തുക എന്നത് പോലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. അടുത്തുള്ള മുസ്ലീം പള്ളിയില്‍ വെച്ചാണ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തും പോസ്റ്റ്‌മോര്‍ട്ടം ചെയ്തതും എല്ലാം. ഈ മൃതദേഹങ്ങള്‍ക്കരില്‍ സമയം ചെലവിട്ടത് പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ദിവസങ്ങളോളം ഉറക്കം കെടുത്തുന്ന ഒന്നായിരുന്നു.
അന്ന് പെട്ടിമുടിയില്‍ ലയങ്ങളുടെ സ്ഥാനത്ത് ഒരു ചെളിക്കുമ്പാരം
(വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇരവികുളം നാഷ്ണല്‍ പാര്‍ക്ക്)
ഓഗസ്റ്റ് ആറിന് 10.30നാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. ആ ദിവസങ്ങളില്‍ 100 സെന്റിമീറ്റര്‍ ആണ് മഴ പെയ്തത്. ഓഗസ്റ്റ് ഏഴിന് രാവിലെ ആറര ഏഴ് മണിയോട് കൂടിയാണ് ഉരുള്‍പൊട്ടലുണ്ടായ വിവരം ഇരവികുളം നാഷ്ണല്‍പാര്‍ക്കിലെ വൈല്‍ഡ് ലൈഫ് വാര്‍ഡനായ
ജോബ് അറിയുന്നത്. കെ.ഡി.എച്ച്.പിയുടെ ഒരു തൊഴിലാളി ഓടിവന്ന് അവരുടെ വീടിന്റെ അടുത്തേക്ക് മണ്ണിടിഞ്ഞ് വീണു എന്നാണ് പറയുന്നത്. ഉടന്‍ തന്നെ ജോബ് അവിടെയുണ്ടായിരുന്ന സ്റ്റാഫിനെയും കൂട്ടി അങ്ങോട്ട് പുറപ്പെട്ടു. നാല് കിലോമീറ്റര്‍ മുന്നോട്ടുപോകാനെ അവര്‍ക്ക് കഴിഞ്ഞുള്ളു. വഴിയില്‍ പല ഭാഗങ്ങളിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. റോഡിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നു, എല്ലാത്തിലും പുറമെ കാഴ്ച മറച്ച് മൂടല്‍ മഞ്ഞും. ഒരുവിധം അവിടെ എത്തിയപ്പോള്‍ കണ്ടത് വീടുകളുടെ സ്ഥാനത്ത് ചെളികൂമ്പാരം ആണ്. കൂടെ വന്ന സ്റ്റാഫ് അപ്പോഴാണ് വാച്ചര്‍മാരും പെട്ടുപോയിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിക്കുന്നത്. ലിസ്റ്റ് എടുത്ത് നോക്കിയപ്പോള്‍ വനം വകുപ്പിന്റെ ഏഴ് വാച്ചര്‍മാരും അവരുടെ കുടുംബവും മണ്ണിലടിയിലാണെന്ന് അറിയുന്നത്. ഫോണിന് റേഞ്ചില്ല. മൂന്ന് ദിവസമായി വൈദ്യുതി ഇല്ലാത്തതിനാല്‍ ടവര്‍ ടൗണ്‍ ആയിരുന്നു. ഒഫീസ് ജനറേറ്ററിലാണ് പ്രവര്‍ത്തിപ്പിച്ചത്. രാജമല ബിഎസ്എന്‍എല്‍ ടവര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പിന്നെ മൂന്നാര്‍ ടവര്‍ കിട്ടുന്ന ഭാഗത്ത് പോയി നിന്നാണ് വനം വകുപ്പ് മേധാവിയെ വിവരം അറിയിച്ചത്. ഇദ്ദേഹം മന്ത്രിയെ ബന്ധപ്പെടുകയും മന്ത്രി ബന്ധപ്പെടുകയും മന്ത്രിയോട് കാര്യങ്ങള്‍ ധരിപ്പിക്കുകയുമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും. ജോബിനും സംഘത്തിനും ഒരു മൂന്ന് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.
വാച്ചര്‍മാര്‍ ഉള്‍പ്പെടെ പത്ത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് സംഭവം അറിഞ്ഞ ഉടനെ പെട്ടിമുടിയ്ക്ക് തിരിയ്ക്കുന്നത്. പോകുമ്പോള്‍ നടന്ന ദുരന്തത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു.
ഇത്രയും വലിയൊരു ദുരന്തത്തെ കൈകാര്യം ചെയ്യാനുള്ള യാതൊരു ഉപകരണങ്ങളും ഇല്ലാതെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്നത്. തങ്ങള്‍ക്ക് ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം ലഭിച്ചിരുന്നില്ലെന്നും ജോബ് പറയുന്നു. രക്ഷപ്പെടുത്താന്‍ അവിടെ ഉണ്ടായിരുന്നത് ആകെ മൂന്ന് പേര് ആണ് അവരെ രക്ഷപ്പെടുത്തി. പിന്നെ ഉണ്ടായിരുന്ന് ബോഡി റിക്കവര്‍ ചെയ്യുക മാത്രമായിരുന്നുവെന്ന് ജോബ് പറയുന്നു. കുറെ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. ചെളിയില്‍ ജെസിബി ഉപയോഗിക്കാന്‍ പറ്റില്ല. ഹിച്ചാറ്റി മാത്രമെ പറ്റുകയുള്ളു. ആദ്യം ജെ.സി.ബി ആണ് രക്ഷാപ്രവര്‍ത്തനത്തിനായി വന്നത്. അത് താഴ്ന്നുപോയി. പിന്നീട് ഹിറ്റാച്ചി വരേണ്ടിവന്നു. ഒരു വണ്ടി എതിരെ വന്നാല്‍ പോലും സ്ഥലം കൊടുക്കാന്‍ കഴിയാത്ത അത്ര വീതി കുറഞ്ഞ റോഡായിരുന്നു പെട്ടിമുടിയിലേക്കുള്ളത്. ഇതും വെല്ലുവിളിയായി. 70 ആള്‍ക്കാരാണ് മണ്ണിനടിയിലേക്ക് താന്നുപോയത്. ഇതില്‍ 66 പേരെയും വീണ്ടെടുക്കാന്‍ കഴിഞ്ഞു. ഇത് സര്‍ക്കാരും വിവിധ ഡിപ്പാര്‍മെന്റുകളും സംയുക്തമായി പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും ജോബ് പറയുന്നു.
സെന്തിലിനെ ഇന്നും ഉറക്കം കെടുത്തി പെട്ടിമുടിയിലെ ദുരന്ത ദിനങ്ങള്‍
പെട്ടിമുടി ദുരന്തം ആദ്യം അറിഞ്ഞ പെട്ടിമുടിക്കാരന്‍ അല്ലാത്ത ഒരാള്‍ സെന്തിലാണ്. സെന്തിലിന്റെ നേതൃത്വത്തിലാണ് സംഭവം പുറം ലോകത്തെ അറിയിക്കുന്നത്
(കെഡിഎച്ച്പി പെട്ടിമുടി ഡിവിഷന്‍ ഫീല്‍ഡ് ഓഫീസര്‍)
പെട്ടിമുടിയില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം കനത്ത മഴ പെയ്യുന്നു. നൂല്‍മഴ മാത്രം ശീലിച്ച തേയിലത്തോട്ടങ്ങളിലേക്ക് ആ ദിവസം പെയ്തത് തുള്ളിക്കൊരുകുടം കണക്കെ പേമാരിയാണ്.
സംഭവദിവസം രാത്രി 11.50ന് രണ്ടുപേര്‍ രാത്രി ഓടിക്കിതച്ച് വീട്ടിലേക്കെത്തുന്നു. തൊഴിലാളികള്‍ താമസിച്ചിരുന്ന ലൈന്‍സ് എല്ലാം ഇടിഞ്ഞുപൊളിഞ്ഞു, കരണ്ടില്ല, കുറേ പേര്‍ മരിച്ചു, ആരെയും കാണാന്‍ പറ്റുന്നില്ല, എന്നെല്ലാം അവര്‍ സെന്തിലിനോട് അലറിക്കരഞ്ഞുകൊണ്ടുപറയുന്നു. സെന്തിലിന്റെ കീഴില്‍ ജോലിചെയ്യുന്ന മേഘനാഥനും അദ്ദേഹത്തിന്റെ അളിയന്‍ കാന്തിരാജനും ആയിരുന്നു ആ രണ്ടുപേര്‍.
അവരുടെ കൂടെ സംഭവസ്ഥലത്തേക്ക് പോകാന്‍ തുനിഞ്ഞ സെന്തിലിനെ അവര്‍ വിലക്കി. പോകാന്‍ കഴിയുന്ന സാഹചര്യം അല്ലെന്നും തങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ് ഇങ്ങോട്ട് എത്തിയതെന്നും മറ്റുരണ്ടുപേരെ അയ്ക്കാമെന്നും പറഞ്ഞ് ഇവര്‍ മടങ്ങുന്നു. ഈ സമയം സെന്തിലും ഭാര്യയും കുഞ്ഞുമാണ് വീട്ടില്‍ താമസം. ഇവരുടെ വീടിന്റെ മുന്നിലുള്ള പാലം കടന്നുവേണം പുറത്തേക്ക് പോകാന്‍. ആ പാലം കടന്നാല്‍ മാത്രമെ ഈ സംഭവം പുറംലോകത്തെ അറിയിക്കാന്‍ കഴിയു.
ആ പാലം നിറഞ്ഞുകവിഞ്ഞ് വെള്ളം ഒഴുകുന്നു. അതുകൊണ്ട് ആരെങ്കിലും വരുന്നത് വരെ കാത്തിരിക്കുകയേ സെന്തിലിന് നിവൃത്തിയുണ്ടായിരുന്നുള്ളു. പുലര്‍ച്ചെ നാലര ആയപ്പോള്‍ നാല് പേർ എത്തി. ഇവരെയും കൂട്ടി കയറ് കെട്ടിയും മറ്റും ഒരു വിധം പാലം കടക്കുന്നു. പക്ഷേ വഴിയില്‍ ഉടനീളം മണ്ണിടിച്ചിലും ഇരുള്‍പൊട്ടലും. പോകുന്ന വഴിയില്‍ 13 സ്ഥലത്ത് ഇത്തരത്തില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിരുന്നു. ഒരുവിധത്തില്‍ ഇവര്‍ രാജമല ആശുപത്രിയില്‍ എത്തുന്നു. മൂന്ന് കിലോമീറ്റര്‍ 2.30 മണിക്കൂര്‍ എടുത്താണ് ഇവര്‍ കടന്നത്.
രാജമല ഹോസ്പിറ്റലില്‍ വിവരം അറിയിച്ച ഇവര്‍ വീണ്ടും മുന്നോട്ട് പോയി. രാജമല ഫാക്ടറി ഡിവിഷനില്‍ എത്തിയ ഇവര്‍ അവിടെയുള്ള ലയങ്ങളിലെ തൊഴിലാളികളെ പെട്ടിമുടി ദുരന്തം അറിയിക്കുന്നു. കയ്യില്‍ കിട്ടിയ തൂമ്പയും മണ്‍വെട്ടിയും കയറുകളും എടുത്ത് രാജമല എസ്റ്റേറ്റിലെ തൊഴിലാളികള്‍ പെട്ടിമുടിയിലേക്ക് ഓടി. ഈ സമയത്ത് സെന്തിലും സംഘവും രാജമല സെക്ഷനിലെ അസിസ്റ്റന്റ് മാനേജറെ വിവരം അറിയിക്കുന്നു. ഇദ്ദേഹം മറ്റ് കമ്പനി അധികൃതരെയും. മൂന്ന് ദിവസമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാല്‍ ബൈക്കെടുത്ത് കിലോമീറ്ററുകള്‍ സഞ്ചരിച്ച് സിഗ്നല്‍ കണ്ടുപിടിച്ചാണ് ഇവര്‍ ദുരന്തം പുറംലോകത്തെ അറിയിക്കുന്നത്. അപ്പോഴേക്കും സമയം പുലര്‍ച്ചെ 6.15 കഴിഞ്ഞിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും 10.30 കഴിഞ്ഞിരുന്നു. മൂന്നാറില്‍ നിന്ന് പെട്ടിമുടിയിലേക്കുള്ള വഴിയില്‍ ഉടനീളം മണ്ണിടിച്ചില്‍ രൂപപ്പെട്ടതിനാല്‍ ഫയര്‍ഫോഴ്‌സ് ആദ്യ സംഘം നടന്നാണ് പെട്ടിമുടിയിലെത്തുന്നത്. പിന്നീട് വഴി സഞ്ചാരയോഗ്യമാക്കിയ ശേഷമാണ് വാഹനങ്ങള്‍ക്ക് പെട്ടിമുടിയിലെത്താന്‍ കഴിയുന്നത്.
ദുരന്ത സ്ഥലം കാണാന്‍ വേണ്ടി എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘം എത്തുന്നത് 11 മണിക്കാണ്. വൈകുന്നേരത്തോടെയാണ് കൂടുതല്‍ സജ്ജീകരണങ്ങളുമായി എന്‍ഡിആര്‍എഫും മിലിട്ടറിയും പെട്ടിമുടിയിലേക്കെത്തുന്നത്.
നാല് ലൈന്‍ വീടുകളിലായി 30 വീട് ആണ് ഉണ്ടായിരുന്നത്. ഈ 30 വീടുകളിലായി 82 പേരാണ് താമസിച്ചിരുന്നത്. 12 പേര്‍ മാത്രമാണ് ഇതില്‍ രക്ഷപ്പെട്ടത്. ബാക്കി 70 പേരും മരിച്ചു. മൂന്ന് മാസത്തോളം നടത്തിയ തിരച്ചിലില്‍ 66 പേരുടെ മൃതശരീരം കിട്ടി... നാല് പേരെ ഇനിയും കിട്ടാനുണ്ട്.
ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് പെട്ടിമുടിയില്‍ ഉണ്ടായതെന്ന് സെന്തില്‍ പറയുന്നു. തലേന്ന് വരെ തങ്ങളുടെ കൂടെ പണിയെടുത്തവരാണ് ഒരു രാത്രി പുലര്‍ന്നപ്പോഴേക്കും മണ്ണിനടിയിലായത്. അതിന്നും സെന്തിലിന് ഉള്‍ക്കൊള്ളാനായിട്ടില്ല.
തങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ നാല് ലൈന്‍ വീടുകളുടെ സ്ഥാനത്ത് മണ്‍മേടാണ് കണ്ടത്. 30 വീടുകളില്‍ അവിടെ കുറെ ജീവനുകളും ഉണ്ടായിരുന്നു എന്നതിന്റെ ഒരു സൂചന പോലും ഇല്ലായിരുന്നു. ചെളിയില്‍ പുതഞ്ഞും വലിയ പാറക്കല്ലുകള്‍ക്കിടയിലും കുടുങ്ങിക്കിടക്കുന്ന മനുഷ്യരെയാണ് കണ്ടത്. സഹപ്രവര്‍ത്തകര്‍ പലരും ഇത് കണ്ട് തല കറങ്ങി വീണു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കമ്പനിയുടെ ഭാഗത്തു നിന്നും ഇരുപതോളം ഹിറ്റാച്ചികള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നാല് പേരെ ഒഴികെ ബാക്കിയെല്ലാവരെയും വീണ്ടെടുക്കാനായത്. ആ നാല് പേര്‍ ഇന്നും സെന്തില്‍ ഉള്‍പ്പെടെയുള്ളവരുടെ വിങ്ങലാണ്.
ശക്തമായ മഴയും കഴുത്തറ്റം ചെളിയും വകവയ്ക്കാതെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സെന്തിലിന് കൈവെള്ളയിലെന്ന പോലെ പെട്ടിമുടിയെ അറിയാമായിരുന്നു. സെന്തില്‍ ഒരു മാപ്പ് വരച്ചു, അതില്‍ ഓരോ വീടും ആ വീടുകളിലെ ഓരോ ആള്‍ക്കാരെയും അടയാളപ്പെടുത്തി. അതില്‍ ഒരു യുവതിയുടെ വയറ്റില്‍ ആറ് മാസം പ്രായമായ കുഞ്ഞ് ജീവന്‍ വളരുന്നുണ്ടായിരുന്നു. ജനിച്ച് ആറ് മാസം ആയ കുഞ്ഞും ഉണ്ടായിരുന്നു. അത്രയും കൃത്യമായി സെന്തിലിന് പെട്ടിമുടിക്കാരെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ സാധിച്ചു.
ആദ്യ ലൈന്‍സില്‍ ഉള്ളവരുടെ മൃതദേഹം പുഴയിലൂടെ 14 കിലോമീറ്റര്‍ ദൂരത്തേക്ക് ഒലിച്ചുപോയിരുന്നു.
മരണത്തോളം മറക്കാത്ത ഒരു ഓര്‍മയുണ്ട് സെന്തിലിന് പറയാന്‍ അതിങ്ങനെ ആണ്.
പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരു മൃതശരീരം കണ്ടു.ധാരാളം സ്വര്‍ണാഭരണങ്ങള്‍ ഒക്കെ ധരിച്ചിരുന്നു അവര്‍. മൃതദേഹം തിരിച്ചറിഞ്ഞപ്പോള്‍ സെന്തിലിന് വളരെ അടുത്ത് അറിയാവുന്ന ഒരു അമ്മൂമ്മയായിരുന്നു അത്. പക്ഷേ ക്ലീന്‍ ചെയ്ത് മൃതദേഹം പുറത്തേക്ക് എടുത്തപ്പോള്‍ തല കാണുന്നില്ല. ഹിറ്റാച്ചി ഉപയോഗിച്ച് എടുത്തപ്പോള്‍ തല ഭാഗം മുറിഞ്ഞ് പോയി. പാറ നീക്കിയപ്പോള്‍ ഹിറ്റാച്ചി അബദ്ധത്തില്‍ തല ഭാഗത്ത് തട്ടിയതാണ്. സാവാള പോലെ, കഴുത്തിന് മുകളില്‍ നൂല് പോലെ ഞരമ്പുകള്‍ ഇരിക്കുന്നത് ആണ് കണ്ടത്. ആ കാഴ്ച മരണത്തോളം കണ്ണില്‍ നിന്ന് മാഞ്ഞ് പോകില്ലെന്ന് സെന്തില്‍ പറയുന്നു.
മൂന്ന് മാസത്തോളം ആണ് പെട്ടിമുടി തന്നെ കരയിച്ചതെന്ന് സെന്തില്‍ പറയുന്നു. ആര് എന്ത് ചോദിച്ചാലും താന്‍ കരയുമായിരുന്നു. സെന്തില്‍ ആദ്യം ജോലിക്ക് ചേര്‍ന്നത് പെട്ടിമുടി ഡിവിഷനില്‍ ആണ്. പെട്ടിമുടിക്കാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ഡയറി സെന്തില്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
കുട്ടികള്‍ മാത്രം 38 പേരാണ് മരിച്ചത്. കോവിഡ് അല്ലായിരുന്നുവെങ്കില്‍ ഇവരില്‍ പലരും തമിഴാനാട്ടിലെ സ്‌കൂളുകളില്‍ ആയിരുന്നെനെ.. അങ്ങനെ ആണെങ്കില്‍ ഇന്നും അവരെങ്കിലും ജീവിനോടെ ബാക്കിയായേനെ.
ഒന്‍പത് മാസം പ്രായമായ ഒരു കുട്ടി അമ്മയോട് ഒട്ടിച്ചേര്‍ന്ന് മരിച്ചുകിടക്കുന്നതും കാണേണ്ടിവന്നു. ഇതൊക്കെ കാണാന്‍ ആണെങ്കില്‍ എന്തിനാണ് ജീവിച്ചിരിക്കുന്നത് എന്നുപോലും തോന്നിയതായി സെന്തില്‍.
മൃതദേഹങ്ങളുടെ അടുത്തിരുന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം കഴിക്കേണ്ടിവന്നത്. മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. മൂന്ന് മാസത്തോളമാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ക്ക് ഒപ്പം സമയം ചെലവഴിക്കേണ്ടിവന്നത്. മൂന്നാറിന് അപ്പുറത്ത് മറ്റൊരു നഗരം പോലെയായിരുന്നു പെട്ടിമുടി. അത്രയും ആഘോഷത്തോടെ ജീവിച്ച, ജീവിക്കാന്‍ ഒരുപാട് ആഗ്രമുള്ള ആള്‍ക്കാരുകൂടിയായിരുന്നു പെട്ടിമുടിക്കാര്‍. ഫോര്‍വീലര്‍ ജീപ്പ് ഉള്‍പ്പെടെ 21 വാഹനങ്ങളാണ് ഉരുളിനൊപ്പം ഒലിച്ചുപോയത്.
മൃതദേഹങ്ങള്‍ സ്വന്തം കൈയ്യില്‍ കോരിയെടുത്ത് ഒരു പഞ്ചായത്ത് സെക്രട്ടറി
മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി
ഫയലില്‍ ഒപ്പിടുക മാത്രമാകും പഞ്ചായത്ത് സെക്രട്ടറിമാരുടെ പണി. പക്ഷേ ഇവിടെയൊരു പഞ്ചായത്ത് സെക്രട്ടറി മാറിയിരുന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിന് പകരം മണ്ണില്‍ പുതഞ്ഞ 70തോളം ജീവനുകളെ തേടി ഇറങ്ങി. ചെളിയിലും വെള്ളത്തിലും പുതഞ്ഞ ആ മൃതദേഹങ്ങള്‍ കൈകളില്‍ കോരിയെടുത്തും തോളിലെടുത്തും ആ പഞ്ചായത്ത് സെക്രട്ടറി രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. എന്ത് വികാരമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന ചോദ്യത്തിന് മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി ഡോ. അജിത്ത് കുമാറിന് കൃത്യമായൊരു മറുപടിയുണ്ട്. അവര്‍ പെട്ടിമുടിക്കാര്‍ ആണ്, അവരില്‍ പലരും എന്റെ സുഹൃത്തുക്കളാണ്, അവര്‍ക്കുണ്ടായ ദുരന്തം എന്റെ കുടുംബത്തിലുണ്ടായ ദുരന്തം പോലെയാണ്.
ആ ദിവസങ്ങളെ അജിത്ത് കുമാര്‍ ഓര്‍ത്തെടുക്കുന്നു:
പെട്ടിമുടി ദുരന്തം ഉണ്ടായതിന്റെ പിറ്റേദിവസമാണ് പഞ്ചായത്തും ജില്ലാ ഭരണകൂടവുമൊക്കെ സംഭവം അറിയുന്നത്. മൂന്നാര്‍ പ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴ ആശയവിനിമയത്തിനുള്ള എല്ലാ സാധ്യതകളെയും തകര്‍ത്ത് കളഞ്ഞിരുന്നു. കണ്ണന്‍ ദേവന്‍ കമ്പനിപോലും ഈ സംഭവം അറിയുന്നത് നേരം പുലര്‍ന്നിട്ടാണ്. ദുരന്തം ഉണ്ടായത് അറിയാന്‍ പുറം ലോകം വൈകിയത് മൂലം രക്ഷാപ്രവര്‍ത്തനങ്ങളും വൈകി. മൂന്നാറിനെയും രാജമലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാലം ഒഴുകിപ്പോയത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ ദുര്‍ഘടമായ മറ്റുവഴികളിലൂടെയല്ലാതെ പെട്ടിമുടിയിലേക്ക് എത്താന്‍ സാധിക്കുമായിരുന്നില്ല.
ഉച്ചയോടെയാണ് താത്കാലിക പാലം നിര്‍മിച്ച് ആംബുലന്‍സ് ഉള്‍പ്പെടെ പെട്ടിമുടിയിലേക്ക് എത്തുന്നത്.
രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ നേരിട്ട പ്രധാന പ്രതിസന്ധി ഓരോ മൃതദേഹം എടുക്കുമ്പോഴും അനുഭവിച്ച മാനസിക സംഘര്‍ഷമാണ്. കൊടും തണുപ്പ് പ്രദേശത്ത് അനുഭവപ്പെട്ടതും രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. പല മൃതദേഹങ്ങളും പുഴയിലൂടെ ഒലിച്ചുപോയിരുന്നു. വെളളത്തിന്റെ താപനില അഞ്ച് ഡിഗ്രി സെന്റീഗ്രേഡിന് താഴേക്ക് പോയ അവസ്ഥയും ഉണ്ടായിട്ടുണ്ട്.
ഈ തണുത്തവെള്ളത്തില്‍ ഇറങ്ങിയ സ്‌കൂബാ ഡൈവേഴ്‌സിന് മസിലിന് ബുദ്ധിമുട്ട് നേരിട്ട് അവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം പോലും ഉണ്ടായി.
പെട്ടിമുടിക്കാര്‍ക്കും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ ആത്മബന്ധം ഉണ്ടായിരുന്നു. കാരണം ഇടമലക്കുടിയ്ക്ക് ഇടയിലുള്ള ഗേറ്റ് വേ ആയിരുന്നു പെട്ടിമുടി. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ പെട്ടിമുടിയില്‍ വരുന്നത് പതിവായിരുന്നു.
വീണ്ടും ഒരു മലയിടിച്ചില്‍ ഉണ്ടാകുമോയെന്ന് ഭയന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതുകൊണ്ട് തന്നെ രാത്രിയില്‍ തിരച്ചില്‍ നടത്തിയിരുന്നില്ല. രാവിലെ 8 മുതല്‍ നാല് മണിക്ക് മുമ്പേ തന്നെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായിരുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 4000 അടി പെക്കത്തില്‍ ഉള്ള സ്ഥലമായിരുന്നു. അതുകൊണ്ട് തന്നെ നല്ല തണുപ്പും കോരിച്ചൊരിയുന്ന മഴയും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമോയെന്ന ഭയവും അതിന് പുറമെ ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയും ഇത്തരം പ്രതിസന്ധികളെല്ലാം തരണം ചെയ്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരോ, ആദിവാസികളോ, കണ്ണന്‍ ദേവന്‍ അധികൃതരോ പോലും സാധാരണ പോകാത്ത 10 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി എന്ന സ്ഥലത്തുപോയി മൃതദേഹം എടുക്കേണ്ടിവന്നു. പോകുന്ന വഴിക്ക് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വാഹനങ്ങള്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത പ്രദേശമായതിനാല്‍ ഇത്രയും ദൂരം മൃതദേങ്ങള്‍ ചുമന്നാണ് വാഹനത്തില്‍ എത്തിച്ചത്.
രക്ഷാപ്രവര്‍ത്തനം നടത്തിയ സമയത്ത് നേരിട്ട പ്രധാന പ്രതിസന്ധി അട്ടശല്യം ആയിരുന്നു. 28 ദിവസത്തോളം ആണ് അട്ടകടിയേറ്റത്. ദേഹത്തും മുഖത്തും മാത്രമല്ല തലയില്‍ വരെ അട്ട കടിച്ചു. അതിന്റെ ബുദ്ധിമുട്ട് ഇന്നും നേരിടുന്നുണ്ട്.
ഒരിക്കലും ദുരന്തം ഉണ്ടാകില്ല എന്ന് ഉറപ്പുള്ള ഇടമായിരുന്നു പെട്ടിമുടി. ഞങ്ങള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന് കരുതിയ പല സ്ഥലങ്ങളും ഉണ്ടായിരുന്നു അവിടെ നിന്ന് ഞങ്ങള്‍ ആളുകളെ മാറ്റിയിരുന്നു.
അത്രയും സന്തോഷത്തോടെ സ്‌നേഹത്തോടെ സമാധാനത്തോടെ ആളുകള്‍ ജീവിച്ച ഇടമായിരുന്നു പെട്ടിമുടി. അതുകൊണ്ട് തന്നെ ആ ദുരന്തം ഉള്‍കൊള്ളാന്‍ ആകുമായിരുന്നില്ല. അതാണ് രക്ഷാപ്രവര്‍ത്തനത്തിന് പഞ്ചായത്ത് അധികൃതര്‍ ഒന്നിച്ച് ഇറങ്ങാനുണ്ടായ സാഹചര്യം.
ആറുമാസം മകനെ മണ്ണില്‍ തിരഞ്ഞൊരു അച്ഛന്‍

ഉരുള്‍പൊട്ടലില്‍ കാണാമറയത്തായ മകന്റെ മൃതദേഹം തിരയാന്‍ ഒറ്റയ്ക്ക് പുറപ്പെട്ട ഒരച്ഛനുണ്ട്. ഷണ്‍മുഖനാഥന്‍. ആറ് മാസത്തോളം പെട്ടിമുടിയിലെ ദുരന്തഭൂമി ഉഴുത് മറിച്ചിട്ടും പ്രകൃതി ആ മകനെ അച്ഛനില്‍ നിന്ന് ഇന്നും മറച്ചുവയ്ക്കുന്നു.
മൂത്തമകന്‍ ദിനേശ് കുമാര്‍ 22 വയസ്. ഇളയമകന്‍ നിധീഷ് കുമാര്‍ 19 വയസ്. രണ്ട് പേരെയും ഉരുള്‍ കവര്‍ന്നു. ഇതില്‍ ദിനേശ് കുമാറിന്റെ മൃതദേഹം ഇന്നും വീണ്ടെടുക്കാനായിട്ടില്ല.
ഷണ്‍മുഖനാഥന്‍ ജനിച്ചുവളര്‍ന്ന ഇടമാണ് പെട്ടിമുടി. ബന്ധുക്കളെല്ലാം പെട്ടിമുടിയിലാണ് താമസം. മക്കളെ കൂടാതെ മൂന്ന് സഹോദരങ്ങളെയും ഉരുള്‍പൊട്ടലില്‍ ഷണ്‍മുഖനാഥന് നഷ്ടമായി. മൂന്നാര്‍ നഗരത്തില്‍ തന്നെയാണ് ഷണ്‍മുഖനാഥന്‍ മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പം താമസിച്ചിരുന്നത്.
സഹോദരങ്ങളുടെ പേരക്കുട്ടികളുടെ പിറന്നാള്‍ ആഘോഷത്തിനായി കേക്കും വാങ്ങിപ്പോയതാണ് മക്കള്‍ ഇരുവരും. പിന്നെ മടങ്ങിവന്നില്ല.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും ഷണ്‍മുഥനാഥന് തന്റെ ആദ്യത്തെ കണ്‍മണിയെ പെട്ടിമുടിയിലെവിടെയോ ഉപേക്ഷിച്ചു പോകാന്‍ ആകുമായിരുന്നില്ല. അവന്റെ മൃതദേഹം അയാള്‍ക്ക് വേണമായിരുന്നു. ഉദക ക്രിയ ചെയ്ത് ബന്ധുക്കളുടെയും അവന്റെ അനിയെന്റെയും അടുത്ത് സംസ്‌കരിക്കണമായിരുന്നു. ആറ് മാസത്തോളം ആണ് ഷണ്‍മുഖനാഥന്‍ പെട്ടിമുടിയില്‍ മകനെ തിരഞ്ഞ് പോയത്. എല്ലാ അവധി ദിവസങ്ങളിലും പോകും സുഹൃത്തുക്കളും കൂടെയുണ്ടാകും ജെസിബി ഉപയോഗിച്ചു അന്തിയോളം തിരച്ചില്‍ നടത്തും ,പക്ഷേ പ്രകൃതി കനിഞ്ഞില്ല ആ മകന്‍ ഇന്നും കാണാമറയത്ത് ആണ്.
അന്ന് ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്താതെ മകനുവേണ്ടി പ്രകൃതിയോട് പെട്ടിമുടിയിലെ മണ്ണിനോട് പോരാടിയ ആ അച്ഛന്‍ ഇന്ന് കണ്ണീര്‍ വാര്‍ക്കുന്നുണ്ട്. അവസാനം വരെ ശ്രമിച്ചിട്ടും തോറ്റുപോയ ഒരച്ഛന്റെ വേദനയും നിസഹായവസ്ഥയും ആ കണ്ണീരിലുണ്ട്. എന്നാലും ഞാന്‍ ശ്രമിച്ചല്ലോ എന്ന ആശ്വാസത്തില്‍ അയാള്‍ കണ്ണുനീര്‍ തുടയ്ക്കുമ്പോള്‍.. ഇനിയൊരു അച്ഛനെയും പ്രകൃതി ഇങ്ങനെ കരയിക്കല്ലേയെന്ന് പ്രാര്‍ഥിക്കാനെ കഴിയൂ...
(തുടരും....)
Inputs From: Aswathi Anil, Shihab Koya Thangal, Vishnu Kottangal
Content Highlights: Evacuation for landslide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..