തെങ്ങ് ചതിച്ചില്ല,ചതിച്ചത് തെങ്ങിനെ; ലോകം നാളികേരത്തിനുമുന്നിൽ തുറന്നുവെക്കുന്ന സാധ്യതകൾ


By പി. ലിജീഷ്‌

3 min read
Read later
Print
Share

സാധ്യതകളിലേക്ക് വാതിൽതുറക്കാനുള്ള സമഗ്ര നാളികേര നയമാണ് വേണ്ടത്. ആ നയത്തിൽ താങ്ങുവില വെറും അലങ്കാരമാകരുത്. സംഭരണം കണ്ണിൽ പൊടിയിടാനാകരുത്. വൈവിധ്യവത്കരണം പ്രഖ്യാപനത്തിൽ ഒതുങ്ങരുത്. ലോകം നാളികേരത്തിനുമുന്നിൽ തുറന്നുവെക്കുന്ന സാധ്യതകൾ എന്തെല്ലാമാണ്? പ്രതിസന്ധികൾ എന്ത്? മാതൃഭൂമി അന്വേഷിക്കുന്നു. പരമ്പര ഭാഗം ഒന്ന്

.

‘ശോഭനമായ ഭാവിക്കും ജീവിതത്തിനുംവേണ്ടി നാളികേരക്കൃഷി’

-അന്താരാഷ്ട്ര നാളികേര സമൂഹം അംഗീകരിച്ച 2022-ലെ ലോകനാളികേര ദിനത്തിന്റെ പ്രമേയം ഇതാണ്. നാളികേരത്തിന്റെ ഭാവി ശോഭനംതന്നെയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പക്ഷേ, അതിഭീകരമായ വിലയിടിവിന്റെ കയത്തിൽനിന്നുകൊണ്ട് ‘ശോഭനമായ ഭാവിയും ജീവിതവും’ പറഞ്ഞിട്ട് എന്തുകാര്യം


തെങ്ങിലൂടെ രാജ്യം 2021-'22 വർഷം നേടിയത് 7236 കോടി രൂപയുടെ വിദേശനാണ്യം. തേങ്ങയുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും കയറ്റുമതിയിലൂടെ 3236.83 കോടി രൂപ, കയർ, കയർ ഉത്പന്നങ്ങൾ എന്നിവയിലൂടെ നാലായിരം കോടി രൂപയും. ഒറ്റവിളയിൽനിന്ന് ഒരുവർഷം 900 മില്യൺ ഡോളറിന്റെ നേട്ടം... തെങ്ങും തേങ്ങയും ചില്ലറക്കാരനല്ലെന്ന് സുവ്യക്തം. കയറ്റുമതിയുടെ ഗ്രാഫ് നോക്കിയാൽ ഏതാനും വർഷങ്ങളായി കുതിപ്പുകാണാം. വെറും രണ്ടുവർഷംകൊണ്ടുള്ള മുന്നേറ്റം 38 ശതമാനം. വിലയിടിവിന്റെ ആഴക്കയത്തിൽ നിൽക്കുമ്പോൾ ആശ്വാസമേകുന്ന വാർത്ത. പഴമൊഴി ഇവിടെ അക്ഷരാർഥത്തിൽ ശരിയാണ് -തെങ്ങ് ചതിക്കില്ല.

പക്ഷേ, ഇത്രയും വിദേശനാണ്യംതരുന്ന നാളികേരമേഖലയുടെ വികസനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന പ്രോത്സാഹനം എത്രത്തോളമുണ്ട്. ഇനി ആ കണക്കുനോക്കാം. കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയം വിവിധ നാളികേരവികസന പദ്ധതികൾക്കായി നാളികേര വികസന ബോർഡിന് 2021-'22 വർഷം അനുവദിച്ചത് 110 കോടി രൂപ, 2022-'23 വർഷവും കിട്ടിയത് ഇതേതുക. 2019-20 വർഷം 212 കോടി രൂപ അനുവദിച്ചിരുന്നു. അവിടെനിന്നാണ് കുത്തനെയുള്ള ഇറക്കം. 20 വർഷംമുമ്പെയുള്ള കണക്കിലാണ് ഇന്നും നാളികേര വികസന ബോർഡ് കൃഷിക്കും വൈവിധ്യവത്കരണത്തിനുമെല്ലാം സഹായം നൽകുന്നത്. നിരക്ക് പരിഷ്‌കരിച്ചാൽ 500 മുതൽ ആയിരം കോടി രൂപവരെ ഒരു വർഷം ചെലവഴിക്കാനാകും. കേവലം 110 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ 300-ഓളം ജീവനക്കാരും വൻസംവിധാനങ്ങളുമുള്ള ഒരു ബോർഡ് വേണോ?, സംശയം ന്യായം.

ഇനി രാജ്യത്തെ നാളികേരക്കൃഷിയുടെ 35 ശതമാനവും വഹിക്കുന്ന കേരളം ഏതാനും വർഷങ്ങളായി നാളികേരമേഖലയ്ക്ക് വകയിരുത്തുന്ന ബജറ്റ് വിഹിതം നോക്കാം. 2020-21ൽ 74.21 കോടി, 2021-22ൽ 75.47 കോടി, 2022-23ൽ 73.90 കോടി രൂപ. ബോർഡിനെ അപേക്ഷിച്ച് മെച്ചമാണെങ്കിലും ആനുപാതികമായ വർധന ഇവിടെയുമില്ല. മുൻവർഷത്തെക്കാൾ വിഹിതം കുറയുകയും ചെയ്തു. നാളികേരമേഖലയുടെ വികസനത്തിനായി രൂപവത്കരിച്ച ഏജൻസികളെല്ലാം വിലയിടിവിന്റെ കാലത്ത് വെറും നോക്കുകുത്തി. ഇന്നേവരെകാണാത്ത വിലയിടിവിലൂടെയാണ് നാളികേരമേഖല കടന്നുപോകുന്നത്. ഈ ഘട്ടത്തിൽപ്പോലും മനസ്സറിഞ്ഞ് താങ്ങേകാൻ കേന്ദ്രമോ, സംസ്ഥാനമോ ആരുമില്ല.

സാധ്യതകളെ മനസ്സിലാക്കി ഇടപെടണം

കയറ്റുമതിസാധ്യതയുള്ളതും ലാഭകരമായതുമായ നാളികേര ഉത്പന്നങ്ങൾ ഏതെന്നു മനസ്സിലാക്കി അവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കണം. സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമായിരിക്കണം അത്. ഇതിന് നല്ല പഠനം നടത്തണം. വെളിച്ചെണ്ണയെ ഭക്ഷ്യഎണ്ണയായി മാത്രം കാണാതെ അതിന്റെ വ്യാവസായിക സാധ്യതകൂടി ഉപയോഗപ്പെടുത്തണം. വെളിച്ചെണ്ണയിൽനിന്ന് പ്രകൃതിദത്ത ഒലിയോ കെമിക്കൽസ് വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ കഴിയും. ഇൻഡൊനീഷ്യയും ഫിലിപ്പീൻസും ഇതിൽ ഏറെ മുന്നേറിയിട്ടുണ്ട്. -ആർ. ജ്ഞാനദേവൻ, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസനബോർഡ്

എണ്ണക്കുരു മാത്രമല്ല തേങ്ങ

എണ്ണക്കുരു എന്ന സങ്കല്പത്തിന്റെ തോടുപൊട്ടിച്ച് വ്യാവസായികം, ആരോഗ്യസംരക്ഷണം, പരിസ്ഥിതിസംരക്ഷണം എന്നീ മേഖലകളിലൊക്കെ തേങ്ങ ലോകവിപണിയിൽ ചുവടുറപ്പിച്ചുകഴിഞ്ഞു. ഇന്ത്യയിലും കേരളത്തിലും പക്ഷേ, ഇതിന്‌ വേഗം വളരെ കുറവാണ്. നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 3236 കോടി രൂപ കഴിഞ്ഞവർഷം നേടിയെങ്കിലും ഇതിന്റെ 63.78 ശതമാനവും ഒറ്റ ഉത്പന്നത്തിൽനിന്നാണ് -ഉത്തേജിത കരി അഥവാ ആക്ടിവേറ്റഡ് കാർബൺ. 13.25 ശതമാനമാണ് വെളിച്ചെണ്ണയുടെ വിഹിതം. ചിരകി സംസ്കരിച്ച തേങ്ങ -4.91, ഉണങ്ങിയ തേങ്ങ -3.1, ചിരട്ടക്കരി -2.34, കൊപ്ര -4.29, ഡെസിക്കേറ്റഡ് കോക്കനട്ട് -3.67, മറ്റുള്ളവ -4.66 എന്നിങ്ങനെയാണ് മറ്റ് മൂല്യവർധിത ഉത്പന്നങ്ങളുടെ വിഹിതം. ചിരട്ട ഒഴിച്ചാൽ മറ്റുള്ള ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ഇപ്പോഴും പിന്നിൽ. ഇതുതന്നെയാണ് നാളത്തെ സാധ്യതയും.

2021-'22ലെ കണക്കുപ്രകാരം 728 കോടി രൂപയുടെ വിവിധ നാളികേര ഉത്പന്നങ്ങൾ ഇന്ത്യ ഇറക്കുമതിചെയ്തു. ആഭ്യന്തര ഉത്പാദനം കൂട്ടിയാൽ ഇത് കുറയ്ക്കാനാകും. വെന്ത വെളിച്ചെണ്ണ, തൂൾത്തേങ്ങ, തേങ്ങാപ്പാൽ, ക്രീം, ഇളനീർ, തേങ്ങാവെള്ളം, നീര ഉത്പന്നങ്ങൾ, ഉത്തേജിത കരി തുടങ്ങിയ ഉപോത്പന്നങ്ങളുടെ നിർമാണം ത്വരപ്പെടുത്തിയാൽ കയറ്റുമതിമൂല്യം പതിനായിരം കോടി കവിയാൻ അധികസമയം വേണ്ട. പക്ഷേ, പ്രോത്സാഹനം ഇന്നത്തെനിലയിൽ പോരാ. നാളികേര വികസനബോർഡും സംസ്ഥാന നാളികേര വികസന കോർപ്പറേഷനുമെല്ലാം അടിമുടി മാറിയേതീരൂ.

2050-ൽ വേണം 45,000 മില്യൺ തേങ്ങ

പരമ്പരാഗതവും അല്ലാത്തതുമായ നാളികേര ഉത്പന്നങ്ങളുടെ ആവശ്യകത കൂടുമെന്നുതന്നെയാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2050 ആകുമ്പോഴേക്കും 45,000 മില്യൺ തേങ്ങ ആവശ്യമായിവരുമെന്നാണ് ഐ.സി.എ.ആർ.-സി.പി.സി.ആർ.ഐ.യുടെ പ്രവചനം. എന്നാൽ, ഇന്നത്തെ നിലവെച്ച് 36,000 മില്യൺ തേങ്ങയുടെ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. ഒമ്പതിനായിരം മില്യൺ തേങ്ങയുടെ കുറവ് നികത്താൻ ഉത്പാദനത്തിൽ വർഷംതോറും 3.2 ശതമാനം വളർച്ചയുണ്ടാകണം. (തുടരും)

Content Highlights: coconut farming

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
representative image
Premium

4 min

ആർക്കാണ് സ്വവർഗ വിവാഹങ്ങളെ ഇത്ര പേടി? | പരമ്പര ഒന്നാം ഭാഗം

Apr 22, 2023


Bali Theyyam

3 min

തെയ്യമില്ലാ കാലങ്ങളിൽ തെയ്യം കലാകാരന്മാർ എന്ത് ചെയ്യും?| തെയ്യക്കാലം -03

Dec 1, 2022

Most Commented