അമ്മയുടെ തലയടിച്ചു പൊട്ടിച്ചു, വസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; ലഹരിമരുന്നിന്റെ കാണാലോകം


കെ.പി നിജീഷ് കുമാര്‍കുട്ടികള്‍ നടന്നടക്കുന്ന ചതിയുടെ പുതിയവഴികളും, കെട്ടുകഥപോലെ തോന്നുന്ന അനുഭവങ്ങളും, ലഹരിക്കടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളും സാക്ഷരകേരളം മനസ്സിലാക്കേണ്ടതുണ്ട്.  നാളത്തെ പൗരന്മാരായ യുവത്വത്തെ ലഹരിയുടെ ഈ വിഷലോകത്തുനിന്നും തിരിച്ചുനടത്തേണ്ടത് നാമോരോരുത്തരുടെയും കടമയാണ്. ബോധവല്‍ക്കരണം തുടര്‍ന്നുകൊണ്ടേയിരിക്കണം, നിയമങ്ങള്‍ ശക്തമാകണം, സമൂഹം ഒറ്റക്കെട്ടായി നിന്നുപോരാടാണം. നിയമസംവിധാനങ്ങള്‍ക്കപ്പുറം വീട്ടകങ്ങളും ലഹരിക്കെതിരേയുള്ള പോരാട്ടത്തില്‍ അണിചേരേണം. ജീവിതമാണ് ലഹരിയെന്ന് യുവത്വത്തെ ബോധ്യപ്പെടുത്താന്‍ നമുക്കാവണം. ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാതൃഭൂമി ഡോട് കോം മുന്നോട്ട് വെക്കുകയാണ് 'വലിച്ചെറിയൂ ഈ വിഷലോകം'

പ്രതീകാത്മക ചിത്രം

യുവത്വത്തെ ലക്ഷ്യം വെച്ച് പല വഴിയെത്തുന്നു പല തരം ലഹരികള്‍. മണമില്ല, പുകയില്ല, ആരും തിരിച്ചറിയില്ല. ഇവര്‍ക്ക് മുന്നില്‍ അനാവൃതമാകുന്നതോ ഊഹിക്കാനാവാത്ത വിഭ്രാന്തലോകം. ഇത് സിന്തറ്റിക്ക് ലഹരിയുടെ പുതിയ കാലം. മുറിബീഡിയില്‍നിന്നു മാറി, മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന മറ്റൊരു ലോകത്തിൽ കുടുക്കി ന്യൂജന്‍ ലഹരി മാഫിയകള്‍ കാത്തിരിക്കുമ്പോള്‍ അടിതെറ്റി വീഴുകയാണ് യുവജനങ്ങള്‍. ലഹരിയുടെ മായികവഴികളില്‍ അകപ്പെട്ട് സ്വന്തബന്ധങ്ങള്‍ മറക്കുന്നു. ലിംഗവ്യത്യാസമില്ലാതെ ഏഴാം ക്ലാസുകാരന്‍ പോലും, പുതുലഹരിക്ക് അടിമപ്പെടുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കും. കുട്ടികള്‍ നടന്നടക്കുന്ന ചതിയുടെ പുതിയ വഴികളും, കെട്ടുകഥപോലെ തോന്നുന്ന അനുഭവങ്ങളും, ലഹരിക്കടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളും സാക്ഷരകേരളം മനസ്സിലാക്കേണ്ടതുണ്ട്. യുവത്വത്തെ ലഹരിയുടെ ഈ വിഷലോകത്തുനിന്നു തിരിച്ചുനടത്തേണ്ടത് നാമോരോരുത്തരുടെയും കടമയാണ്. ബോധവല്‍ക്കരണം തുടര്‍ന്നുകൊണ്ടേയിരിക്കണം, നിയമങ്ങള്‍ ശക്തമാകണം, സമൂഹം ഒറ്റക്കെട്ടായി നിന്നുപോരാടാണം. നിയമസംവിധാനങ്ങള്‍ക്കപ്പുറം വീട്ടകങ്ങളും ലഹരിക്കെതിരേയുള്ള പോരാട്ടത്തില്‍ അണിചേരേണം. ജീവിതമാണ് ലഹരിയെന്ന് യുവത്വത്തെ ബോധ്യപ്പെടുത്താന്‍ നമുക്കാവണം. ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാതൃഭൂമി ഡോട് കോം മുന്നോട്ട് വെക്കുന്നു- 'വലിച്ചെറിയൂ ഈ വിഷലോകം'

ഒരു ദിവസം രാത്രി ഒമ്പത് മണിയോടെയാണ് തൃശ്ശൂരിലെ ലഹരിവിരുദ്ധ സക്വാഡിലേക്ക് ഒരു ഫോണ്‍ വിളിയെത്തുന്നത്. പെട്ടെന്ന് വീട്ടിലെത്തണമെന്നും മകന്റെ കാര്യം പറയാനാണെന്നുമായിരുന്നു അഭ്യർത്ഥന. വിളിച്ചത് ഒരു സ്ത്രീയാണ്. മകന്‍ പ്ലസ്ടു വിദ്യാര്‍ഥി. പോലീസുകാര്‍ അമ്മ പറഞ്ഞ അഡ്രസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ ഒരു കുട്ടിയുണ്ട് വീടിന്റെ ഒരുഭാഗത്ത് പോലീസുകാരുടെ വരവ് അത്ര ഇഷ്ടമില്ലാത്ത തരത്തിലിരിക്കുന്നു. വിളിച്ചത് ഞാനാണെന്ന് പറഞ്ഞ് ഒരു സ്ത്രീ മുന്നോട്ട് വന്നു. പെട്ടെന്നാണ് പോലീസുകാരന്‍ അമ്മയുടെ നെറ്റിയിലേക്ക് നോക്കുന്നത്. അല്‍പ്പം മുഴച്ചിരിക്കുന്നത് കണ്ടു. എന്താണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു അവനോട് ചോദിക്കാന്‍. പോലീസുകാരന്‍ കുട്ടിയോട് കാര്യം ചോദിച്ചു. സംഭവം ഇതാണ്. ലഹരിക്കടിമയാണ് കുട്ടി. അമ്മയോട് ആയിരം രൂപ ചോദിച്ചപ്പോള്‍ കൊടുത്തില്ല. അതിന്റ ദേഷ്യത്തിന് അമ്മയെ ഇടിച്ചതിന്റെ പാടാണ് നെറ്റിയില്‍. ഒപ്പം വീട്ടിലെത്തിയ പോലീസുകാരന്‍ ഭിത്തിയില്‍ കണ്ട രക്തക്കറപോലുള്ള പാട് കണ്ടപ്പോള്‍ കാര്യമന്വേഷിച്ചു. അപ്പോഴും അമ്മ പറഞ്ഞു അവനോട് ചോദിക്കാന്‍. അതിനും മറുപടി, പണംചോദിച്ചു കൊടുത്തില്ല. ആ ദേഷ്യത്തിന് അമ്മയുടെ മുഖത്തിനിട്ട് മകന്‍ നല്ല ഇടികൊടുത്തു.ചുണ്ടുപൊട്ടി ചോര ചീറ്റി ചുമരില്‍ തെറിച്ചതിന്റെ പാടായിരുന്നു അത്. അപ്പോഴേക്കും ഒരു പെണ്‍കുട്ടി കടന്നു വന്നു. അമ്പേ മുഷിഞ്ഞ വേഷം. ഈ പ്ലസ്ടുക്കാരന്റെ സഹോദരിയാണ് ഈ സീനിലേക്ക് കടന്നുവന്ന കുട്ടി. മിക്ക ദിവസവും രണ്ട് മൂന്ന് പേര്‍ പ്ലസ്ടുക്കാരനെ കൂട്ടാന്‍ വീട്ടിലെത്തും. പിന്നെ ലഹരി ഉപയോഗമാണ്. അത് വിലക്കിയതിന് പ്ലസ്ടുക്കാരന്‍ സഹോദരിയുടെ ഉടുപ്പുകളെല്ലാം കൂട്ടിയിട്ട് കത്തിച്ചു. ബാക്കിയുള്ള ആ ഉടുപ്പ് മാത്രമാണ് നാണം മറക്കാന്‍ ഈ പെണ്‍കുട്ടിക്കുണ്ടായിരുന്നത്. ഇത് കേരളത്തിലെ ഒരു വീട്ടില്‍ മാത്രം അരങ്ങേറിയ അനുഭവമല്ല. ലഹരിക്കടിമയാകുന്ന കൗമാരക്കാര്‍ രക്ഷിതാക്കള്‍ക്ക് പോലും നിയന്ത്രിക്കാനാവാതെ കൈവിട്ടുപോകുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ്. മനസ്സിലാക്കാന്‍ പോലും ബുദ്ധിമുട്ടേറിയ തലത്തിലേക്ക് മാറിയിരിക്കുന്നു പുതിയ കാലവും പുതിയ ലഹരിയും. പെട്ടെന്ന് കണ്ടെത്തിയാല്‍ ചികിത്സിച്ച് തിരികെ കൊണ്ടുവരാനാകും എന്നുപറയുന്നുണ്ടെങ്കിലും പ്രായപൂര്‍ത്തിയാവുന്നതിന് മുന്നെ ചെറുപ്രായത്തില്‍ ലഹരി ഉപയോഗിച്ച് അതിന് അടിമപ്പെട്ടയാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക അത്ര എളുപ്പമല്ലെന്നാണ് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നത്.

ഒറ്റവലി പന്ത്രണ്ട് മണിക്കൂറിന്റെ മായിക ലോകം

മണമില്ല, പുകയില്ല, ആരും തിരിച്ചറിയില്ല. എം.ഡി.എം.എ. അഥവാ മെത്തലീന്‍ ഡയോക്സി മെത്താംഫിറ്റമീന്‍ എന്ന മാരക മയക്കുമരുന്നാണ് ഇന്ന് യുവജനങ്ങള്‍ക്കിടയിലെ പ്രധാന ഐറ്റം. ഗുളിക രൂപത്തിലും ക്രിസ്റ്റല്‍ രൂപത്തിലുമെത്തുന്ന എം.ഡി.എം.എ. പൊടിച്ച് മൊബൈല്‍ സ്‌ക്രീനില്‍ വിതറി എ.ടി.എം കാര്‍ഡുകൊണ്ട് മിക്സ് ചെയ്ത് നേരെ മൂക്കിലേക്ക് വലിക്കുന്നതാണ് രീതിയെന്ന് പറയുന്നു എക്സൈസ് ഉദ്യോഗസ്ഥര്‍. എട്ട് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയാണ് ഇതിന്റെ ലഹരി നീണ്ട് നില്‍ക്കുക. അനിയന്ത്രിതമായ എനര്‍ജി സമ്മാനിക്കുന്നവെന്നതാണ് എം.ഡി.എം.എയെ യുവജനങ്ങള്‍ക്കിടയില്‍ പ്രചാരണത്തിനിടയാക്കിയത്. അളവും ഉപയോഗക്രമവും പാളിയാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം വരെയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.

കാണുന്നതെല്ലാം ഊട്ടിയിലെ പൂന്തോട്ടം

അമിതമായ ലഹരി ഉപയോഗത്താല്‍ തൃശ്ശൂരിലെ ഒരു വീട്ടില്‍നിന്നും വഴക്കിട്ട് മറ്റൊരു കുഞ്ഞുവീട്ടില്‍ ഒറ്റയ്ക്ക് താമസമാക്കിയ യുവാവിനെ കുറിച്ച് രക്ഷിതാക്കള്‍ തന്നെയായിരുന്നു ഉദ്യോഗസ്ഥരെ അറിയിച്ചത്. സാമാന്യം നല്ല ഭേദപ്പെട്ട കുടുംബം. എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന രക്ഷിതാക്കളുടെ അഭ്യര്‍ഥന മാനിച്ച് അവനെ തേടി എക്സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ അവന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത് എം.ഡി.എം.എ. ഉപയോഗിച്ച് കഴിയുമ്പോള്‍ തനിക്ക് ഈ വീടിന് മുന്നില്‍ കാണുന്നതെല്ലാം ഊട്ടിയിലെ പൂന്തോട്ടം പോലെ അനുഭവപ്പെടുന്നുവെന്നാണ്. നല്ല നിറങ്ങള്‍ കണ്‍മുന്നിലെത്തുന്നു, മഴവില്ല് ചുറ്റി നടക്കുന്നത് പോലെ. സൗമ്യനായി അന്ന് രാവിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ കൂടെ പോയ ചെറുപ്പക്കാരന്‍ വൈകുന്നേരമായപ്പോഴേക്കും മറ്റൊരു മനഷ്യനായി തീര്‍ന്ന കഥയും എക്സൈസ് ഉദ്യോഗസ്ഥര്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

രാവിലെ പതിനൊന്ന് മണിയോടെയാണ് എക്സൈസുകാര്‍ അവനെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോവുന്നത്. സ്റ്റേഷനിലെത്തിച്ച് ഭക്ഷണമൊക്കെ കഴിച്ച് വളരെ നോര്‍മലായി പെരുമാറി ചെറുപ്പക്കാരന്‍. അഞ്ച് മണി ആയപ്പോള്‍ ഒരു ബീഡി കിട്ടുമോ സാറെ എന്ന അവന്റെ ചോദ്യം കേട്ടാണ് ഉദ്യോഗസ്ഥര്‍ അടുത്തേക്ക് പോയത്. പിന്നെ പതിയെ അവന്‍ അവന്‍ അല്ലാതായി മറുകയായിരുന്നു. ചുമരിനിട്ട് തലയടിച്ച് പൊട്ടിക്കാന്‍ തുടങ്ങി, അതിശക്തമായി കൈകൊണ്ട് ചുമരില്‍ ഇടിക്കാന്‍ തുടങ്ങി. ഇട്ട വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ തുടങ്ങി. അടുത്തേക്ക് അടുക്കാന്‍ പറ്റാത്ത അവസ്ഥ. രാവിലെ ഏറെ സൗമ്യനായി തങ്ങളുടെ കൂടെ പോന്ന ചെറുപ്പക്കാരനാണ് ഇതെന്ന് വിശ്വസിക്കാന്‍ പോലും അവര്‍ക്കായില്ല. അത്രമാത്രം ഭ്രാന്തമായ അവസ്ഥയായായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള വീര്യമേറിയ മയക്കുമരുന്നായ എം.ഡി.എം.എ. മാക്സ് ജെല്ലി എക്സ്റ്റസി എന്ന പേരിലും അറിയപ്പെടുന്നു. ഈ ഇനത്തില്‍പ്പെട്ട വെറും 10 ഗ്രാം മയക്കുമരുന്ന് കൈവശം വെയ്ക്കുന്നത് പോലും കഠിനതടവ് കിട്ടാവുന്ന കുറ്റമാണ്. വെറും ഒരു മൈക്രോഗ്രാം ഉപയോഗിച്ചാല്‍ പോലും മണിക്കൂറോളം ഉന്മാദാവസ്ഥ സമ്മാനിക്കുന്ന എം.ഡി.എം.എ. പോലുള്ള മാരക മയക്കുമരുന്നുകളുമായി എങ്ങനെയാണ് വിദ്യാസമ്പന്നരെന്ന് പറയുന്ന കൊച്ചു കേരളത്തിലെ യുവജനങ്ങള്‍ ഇത്ര വലിയ രീതിയില്‍ ഇഷ്ടത്തിലായത്? മുമ്പ് പല രീതിയിലുള്ള ഗുളികകളും ഇന്‍ഞ്ചക്ഷനും കഞ്ചാവുമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എം.ഡി.എം.എയിലേക്കും ഹെറോയിനിലേക്കും കൂടുതല്‍ ആളുകള്‍ ലഹരി തേടി പോവുന്നുവെന്ന് എക്സൈസ് വകുപ്പ് നല്‍കുന്ന കണക്കുകള്‍ പറയുന്നത്.

സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന എം.ഡി.എം.എ. ചികിത്സാരംഗത്ത് ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കുറഞ്ഞ അളവിലുള്ള ഉപയോഗം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ ലഹരി നില്‍ക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ഗോവ, ബെംഗളൂരു, ചെന്നൈ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ലഹരിമരുന്നുകളെല്ലാം തന്നെ കേരളത്തിലേക്ക് എത്തുന്നത്. ഇവിടങ്ങളില്‍നിന്ന് ചെറിയ തുകയ്ക്ക് വലിയ അളവില്‍ ലഹരിമരുന്ന് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വന്ന് വന്‍വിലയ്ക്ക് വില്‍പന നടത്തുകയാണ് ചെയ്യുന്നത്. പെണ്‍കുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസും എക്സൈസും പറയുന്നത്. ഇവയുടെ ചെറിയ അളവിലുള്ള ഉപയോഗം തന്നെ ഹൃദ്രോഗം, ഓര്‍മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകല്‍, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.


കണക്കുകള്‍ ഞെട്ടിക്കും

സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുടെ ദക്ഷിണേന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നുവെന്നാണ് എക്സൈസും പോലീസും പറയുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 42 കോടിയോളം രൂപ വിലവരുന്ന 42.07 കിലോ എം.ഡി.എം.എ സംസ്ഥാനത്ത് എത്തിയെന്നാണ്‌ എക്സൈസ് വകുപ്പിന്റെ കണക്കുകള്‍. ഇത്തരം കേസുകളും അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്.

ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്ന മാരക മയക്കുമരുന്നായ മെത്തലീന്‍ ഡയോക്സി മെത്താംഫിറ്റമീന്‍ പൊടി, ക്രിസ്റ്റല്‍ രൂപങ്ങളില്‍ ലഭിക്കുന്നതിനാല്‍ അതീവ രഹസ്യമായും അതിലേറെ സുരക്ഷിതമായും കൊണ്ടുനടക്കാമെന്നതാണ് ഇതിനെ പ്രിയപ്പെട്ടതാക്കുന്നു എന്നും എക്സൈസ് അധികൃതര്‍ പറയുന്നു. മുമ്പ് പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്തായിരുന്നു വിപണനമെങ്കില്‍ ഇപ്പോള്‍ ഹൈദരാബാദും ബെംഗളൂരുവുമടക്കം വന്‍നഗരങ്ങളില്‍ രഹസ്യനിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് ഗ്രാമിന് നാലായിരത്തിനും അയ്യായിരത്തിനും വിറ്റിരുന്നത് ആവശ്യക്കാര്‍ കൂടിയതോടെ 10,000 രൂപയില്‍ വരെയെത്തിയെന്നാണ് ലഭിക്കുന്ന വിവരം.

എക്സൈസ് വകുപ്പിന്റെ കണക്കുപ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെ 3.54 കിലോ എം.ഡി.എം.എ. സംസ്ഥാനത്തുനിന്ന് പിടികൂടിയിട്ടുണ്ട്. 2021- ല്‍ കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും സൃഷ്ടിച്ച സവിശേഷ സാമൂഹിക സാഹചര്യത്തില്‍ ഇതിന്റെ വിപണനവും ഉപയോഗവും കൂടുതലായിരുന്നു. 6.60 കിലോയാണ് ആ വര്‍ഷം പിടിച്ചെടുത്തത്. 2020-ല്‍ 563 ഗ്രാമും 2019-ല്‍ 230 ഗ്രാമും പിടികൂടിയെങ്കില്‍ 2018-ല്‍ ഇത് 31.14 കിലോയായിരുന്നു. ആ വര്‍ഷം സെപ്റ്റംബറില്‍ മാത്രം വിവിധ ജില്ലകളില്‍നിന്നായി 26.08 കിലോ പിടിച്ചെടുത്തു.

കൂട്ടുകാരുടെയും വില്‍പനക്കാരുടെയും സമ്മര്‍ദത്തിന് വഴങ്ങി രസത്തിന് ഉപയോഗിച്ച് തുടങ്ങുന്നവര്‍ പിന്നീട് ഇതിന്റെ വിപണനക്കാരായി മാറുന്ന പ്രവണതയും കണ്ടുവരുന്നു. എം.ഡി.എം.എ ഉപയോഗം വരുത്തിവെക്കുന്ന മാരക ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവര്‍ ഗണ്യമായി വര്‍ധിച്ചെന്ന് മാനസിക ആരോഗ്യവിദഗ്ധരും പറയുന്നുണ്ട്.


ലഹരിമരുന്ന് കടത്തിന് സ്ത്രീകള്‍

കോവിഡ് കാലത്തിന് ശേഷമാണ് സത്രീകളെ വലിയ തോതില്‍ കഞ്ചാവ് കടത്തിനും മയക്ക് മരുന്ന് കടത്തിനുമായി ഉപയോഗപ്പെടുത്തുന്നത് കൂടുതല്‍ കണ്ടു തുടങ്ങുന്നതെന്ന് അധികൃതര്‍ പറയുന്നു. ഭാര്യാ ഭര്‍ത്താക്കന്‍മാരെന്ന വ്യാജേന മുറിയെടുക്കുകയും അത് വഴി ലഹരിമരുന്ന് വില്‍പ്പനയും കടത്തും സജീവമാക്കുകയുമാണ്. ഒപ്പം അനാശാസ്യ പ്രവര്‍ത്തനവും നടക്കും. പതിനെട്ട് വയസ്സ് കഴിഞ്ഞാല്‍ പിന്നെ ഹോട്ടലുകളില്‍ റെയ്ഡിനും മറ്റും പോലീസ് എത്തില്ലെന്നതാണ് സ്ത്രീകളെ കൂടുതല്‍ ഇറക്കാന്‍ കാരണം. പിടിക്കുമ്പോള്‍ ലിവിങ് ടുഗെതര്‍ പേര് പറഞ്ഞ് രക്ഷപ്പെടും. ഇത് പോലീസിനേയും വലയ്ക്കുന്നുണ്ട്. പോലീസും എക്സൈസും പിടികൂടുന്ന ഭൂരിഭാഗം ലഹരിമരുന്ന്, കഞ്ചാവ് കേസുകളിലും സ്ത്രീകള്‍ പെടുന്നുണ്ട്. സ്ത്രീകളുമായി യാത്ര ചെയ്യുമ്പോള്‍ അത്ര പെട്ടെന്ന് പോലീസ് പിടികൂടാനുള്ള സാധ്യതയില്ലാത്തതും ഇവരെ കൂടുതല്‍ ഉപയോഗിക്കുന്നതിന് കാരണമാകുന്നുവെന്ന് പോലീസും പറയുന്നു.

എവിടെ നശിപ്പിക്കും പിടിച്ചെടുത്തവ?

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ വിവിധ ലഹരിമരുന്ന് കേസുകളിലായി പിടികൂടിയ തൊണ്ടിമുതലുകളുടെ മതിപ്പുവില 2000 കോടി രൂപയോളം വരുമെന്നാണ് എക്സൈസ് നല്‍കുന്ന വിവരം. പോലീസിന്റെ സഹായത്തോടെയാണ് ഇവ സൂക്ഷിക്കുന്നത്. സായുധ ക്യാമ്പുകളില്‍ സ്‌ട്രോങ് റൂമുകള്‍ സജ്ജീകരിച്ച് പ്രത്യേക വിജ്ഞാപനമിറക്കും.

കഞ്ചാവ്-5870 കിലോ, ഹാഷിഷ്-166 കിലോ, ബ്രൗണ്‍ഷുഗര്‍-750 ഗ്രാം, ഹെറോയിന്‍- 601 ഗ്രാം, എം.ഡി.എം.എ.-31 കിലോ, എല്‍.എസ്.ടി-26.87 ഗ്രാം, മാജിക് മഷ്‌റൂം-164 ഗ്രാം, കൊഡീന്‍ 21 ലിറ്റര്‍ തുടങ്ങിയവ എക്‌സൈസ് സൂക്ഷിക്കുന്നുണ്ട്. ട്രമഡോള്‍ അടങ്ങിയ സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസിന്റെ 47,486 ഗുളികകളാണ് എക്‌സൈസിന്റെ കൈവശമുള്ളത്. 25,112 നൈട്രോസെപ്പാം ഗുളിഗകളും 103.21 ഗ്രാം അല്‍ഡപ്രസോളവും പിടികൂടിയിരുന്നു. ആംഫീറ്റമിന്‍(345 ഗ്രാം), ലോറാസെപ്പാം (646 ഗുളികകള്‍) കൊക്കെയിന്‍ (12 ഗ്രാം) എന്നിവയും ഗോഡൗണിലുണ്ട്.

ആവിയാകുന്ന എല്‍.എസ്.ഡി.

അന്തരീക്ഷ ഊഷ്മാവില്‍ തുറന്നിരുന്നാല്‍ ആവിയായിപ്പോകാനിടയുള്ള മയക്കുമരുന്നാണ് എല്‍.എസ്.ഡി. കോടതി സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഇവ പരിശോധനയ്ക്ക് അയക്കുന്നത്. കോടതി നടപടികള്‍ക്കിടെ ഇവ ചൂടേറ്റ് ആവിയാവിപ്പോകാനിടയുണ്ട്. സ്‌ട്രോങ് റൂമികളിലെ ഉയര്‍ന്ന ചൂടും എല്‍.എസ്.ഡിയെ അപ്രത്യക്ഷമാക്കും.

കുട്ടികളെ നിരന്തരം നിരീക്ഷിക്കണം
എ.ഉമേഷ്(എ.സി.പി., സ്‌പെഷ്യല്‍ ബ്രാഞ്ച്, കോഴിക്കോട് സിറ്റി)

താന്‍ മുതിര്‍ന്നുകഴിഞ്ഞുവെന്ന് കാണിക്കാന്‍ ലഹരി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ചിന്തിക്കുന്ന അവസ്ഥയിലേക്ക് കുട്ടികള്‍ എത്തിയിട്ടുണ്ട്. പിടിക്കപ്പെടുന്ന കുട്ടികളില്‍ പലരും ഉദ്യോഗസ്ഥരോട് പറയുന്നത് ഇങ്ങനെയാണ്. അവരെ ബോധവല്‍ക്കരണത്തിലൂടെയല്ലാതെ മാറ്റിയെടുക്കാനാവില്ല. ചെറിയ കുട്ടികള്‍ കുറ്റം ചെയ്താന്‍ ശിക്ഷിക്കപ്പെടില്ലെന്ന ഒരു തെറ്റായ ധാരണ കുട്ടികളില്‍ ഉണ്ടാക്കാനാണ് ലഹരി വില്‍പ്പനക്കാര്‍ ആദ്യം ശ്രമിക്കുന്നത്. ഇതില്‍ കുട്ടികള്‍ വീഴുകയും ചെയ്യുന്നു. കുട്ടികളുടെ ഇഷ്ടങ്ങള്‍ സാധിച്ചുകൊടുത്തുകൊണ്ടാണ് ആദ്യം വിതരണക്കാര്‍ ഇവരെ തേടിയെത്തുന്നത്.അങ്ങനെ കുട്ടികള്‍ അറിയാതെ വില്‍പ്പനക്കാരുടെ കെണിയിലാവുകയാണ്. വീട് വിട്ടാല്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായതിനാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടത് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നാണ്. ചെറിയ പ്രായത്തിലെ ലഹരിക്ക് അടിമപ്പെട്ടാല്‍ തിരിച്ചറിയാന്‍ വൈകിപ്പോയാല്‍ അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരിക വളരെ പ്രയാസമുള്ള കാര്യമാണെന്ന യാഥാര്‍ഥ്യം എല്ലാവരും തിരിച്ചറിയണം. അതുകൊണ്ടു തന്നെ കുട്ടികളെ നിരന്തരം നിരീക്ഷിക്കുക തന്നെ വേണം.

Content Highlights: Anti drugs campaign 2022 Valicheriyoo vishalokam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented