ചികിത്സ കഴിഞ്ഞെത്തിയ ഉമ്മൻ ചാണ്ടിയെ കാണാൻ ശശി തരൂർ എത്തിയപ്പോൾ
രമേശ് ചെന്നിത്തലയില്‍നിന്ന് ശശി തരൂരിലേക്കുള്ള ദൂരമാണ് 'സമദൂരം'. അതില്‍ എന്‍എസ്എസ് 'ശരിദൂരം' കണ്ടെത്തിയിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രിയങ്കരനായിരുന്നപ്പോള് തരൂര്‍ എന്‍എസ്എസ്സിന് ഡല്‍ഹി നായരായിരുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതോടെ തരൂര്‍ നേതൃത്വത്തിന്റെ കണ്ണിലെ കരടായി. ഗുഡ്ബുക്കില്‍ നിന്ന് പുറത്തായി. നേതൃത്വത്തിന് സ്വീകാര്യനല്ലാത്ത തരൂര്‍ വളരെപ്പെട്ടെന്ന് എന്‍എസ്എസ്സിന് പ്രിയങ്കരനാകുന്നു. വിശ്വപൗരനാകുന്നു.
ഒരു നായര്‍ക്ക് മറ്റൊരു നായരെ പിടിക്കില്ലെന്ന മന്നം പറഞ്ഞത് താനും അനുഭവിക്കുന്നുവെന്ന തരൂരിന്റെ പ്രയോഗം ഒരാള്‍ക്കാണോ രണ്ട് പേര്‍ക്കാണോ ഏറ്റത്. മന്നം ജയന്തി സമ്മേളനത്തില്‍ നായര്‍ മേല്‍വിലാസത്തില്‍ ഊന്നി സംസാരിച്ച തരൂര്‍ മലയാളിക്ക് പുതുമയായി. ജാതികൊടിക്കൂറയാക്കുന്ന തരൂര്‍ വിമര്‍ശിക്കപ്പെട്ടു. ഇന്നിപ്പോള്‍ ചെന്നിത്തലയ്ക്കും കെ.സി വേണുഗോപാലിനും മുന്നില്‍ എന്‍എസ്എസ്സിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാണ് തരൂര്‍.
%20(1).jpg?$p=4a838d5&&q=0.8)
വി.ഡി സതീശനോടുള്ള എന്‍എസ്എസ്സിന്റെ പ്രീതിക്കുറവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പെരുന്നയിലെത്തുന്ന പതിവ് സതീശനിന്നോളമില്ല. ചെന്നിത്തലയ്ക്കാകട്ടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പണ്ടേ പോലെ പിടിയില്ല താനും. ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണെറിയുമ്പോള്‍ തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. അതിനിടെയാണ് ചെന്നിത്തലയെ തള്ളി തരൂരിനെ എന്‍എസ്എസ് പ്രതിഷ്ഠിക്കുന്നത്. തരൂരിന്റെ വരവറിഞ്ഞ് ഒരു മുഴം മുന്നെയുള്ള നീക്കമോ ആലോചിച്ചുള്ള നീക്കമോ രണ്ടുമാവാം.
കോഴിക്കോട്ട് നിന്ന് തുടങ്ങിവച്ച യാത്ര പെരുന്നയിലെത്തിയപ്പോള്‍ തന്നെ തരൂര്‍ രാഷ്ട്രീയ ലക്ഷ്യം നേടിക്കഴിഞ്ഞു. തുടക്കത്തില്‍ ആ യാത്രയ്ക്ക് ഉടക്ക് വച്ച നേതാക്കള്‍ തന്നെ തരൂരിന്റെ റേറ്റിങ് ഉയര്‍ത്തി. മുസ്ലിം ലീഗിനും കത്തോലിക്ക സഭയ്ക്കും എല്ലാം യോജിപ്പുള്ള മേഖല ഇപ്പോള്‍ തരൂരാണ്. പാണക്കാട്ടെ സന്ദര്‍ശനവും മുജാഹിദ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും കഴിഞ്ഞ് കോട്ടയത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പോലും വിശേഷിപ്പിക്കാന്‍ ചിലര്‍ മത്സരിച്ചു. കോട്ടയത്ത് ഏതെങ്കിലും സീറ്റില്‍ മത്സരിക്കാന്‍ വരെ ആ ആഹ്വാനം നീണ്ടു.
ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ കണ്ട ശേഷം തരൂര്‍ നയം കൃത്യമായി വ്യക്തമാക്കി. നിയമസഭയിലേക്ക് അങ്കം കുറിക്കാന്‍ മോഹം. രോഗി ഇച്ഛിച്ചതും വൈദ്യന് കല്പിക്കുന്നതും ഒന്ന് തന്നെയായാല്‍ എന്തുചെയ്യും. കേരളത്തില്‍ സജീവമാകണമെന്ന് സഭാ അധ്യക്ഷന്‍ ആവശ്യപ്പെടുന്നു. ശിരസ്സാവഹിക്കുമെന്ന് പറയാന്‍ തരൂരിന് ശരവേഗമായിരുന്നു. മധ്യതിരുവതാംകൂറില്‍ സിഎംഐ, സി.എസ്.ഐ സഭാ നേതാക്കളേയും കണ്ട തരൂരിന്റെ അടുത്ത വേദി കോഴഞ്ചേരിയില്‍ മാരാമണ്‍ കണ്‍വെന്‍ഷനാണ്. മര്‍ത്തോമ്മാ സഭയുടെ മനസ്സിലിരിപ്പ് കൂടി അതോടെ വ്യക്തമാകും.
ദേശീയ രാഷ്ട്രീയം വിട്ട തരൂരിന്റെ കേരള രാഷ്ട്രീയത്തിലേക്കുളള സജീവ എന്‍ട്രിയാണ് ഇപ്പോള്‍ കാണുന്നത്. സംസ്ഥാന രാഷ്ട്രീയമാണ് ഇനി തട്ടകം. അത് കോണ്‍ഗ്രസില്‍ ഉണ്ടാക്കാവുന്ന ചലനങ്ങള്‍ ചെറുതാവില്ല. സതീശനും സുധാകരനും നയിക്കുന്ന നേതൃത്വം തരൂരിനെ എങ്ങനെ ഡീല്‍ ചെയ്യും. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് നായകനെ തേടുന്ന എ ഗ്രൂപ്പ്. കരുണാകരന് ശേഷമുള്ള ഐ ഗ്രൂപ്പിന് എന്നത്തേയും പോലെ ഒരൊറ്റ നേതാവില്ല. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ചരടുവലിച്ച യുവനേതാക്കള്‍ തരൂരിന് പിന്നിലേക്ക് ചുവടുമാറ്റിയേക്കാം.
സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കാതെ പ്രഫഷണലായി നീങ്ങി കോണ്‍ഗ്രസില്‍ പ്രത്യേകിച്ച് സംഘടനാ പദവിയില്ലാതെ തന്നെ തരൂര്‍ കോണ്‍ഗ്രസിനപ്പുറം സ്വാധീന ശക്തിയാകാനുളള ശ്രമത്തിലാണ്. കോണ്‍ഗ്രസില്‍ ഇപ്പോഴും നിര്‍ണായക ശക്തിയായ എ ഗ്രൂപ്പിന്റെ പിന്ബലമാണോ തരൂരിന്റെ ധൈര്യം എന്ന് സംശയിക്കുന്നവരും കുറവല്ല. രണ്ടുവട്ടം പ്രതിപക്ഷത്തായതോടെ ചെറിയ പൊടിക്കൈകള്‍ കൊണ്ട് തിരിച്ചുവരവ് എളുപ്പമല്ലെന്ന് ചിന്തിക്കുന്ന യുഡിഎഫ് നേതാക്കളും കുറവല്ല. യുഡിഎഫിന്റെ രക്ഷയ്ക്ക് തരൂരിനെ വിളിക്കൂ മുദ്രാവാക്യം വിളി ഉയരുന്ന കാലം വിദൂരമല്ല.
2024 ലേക്കുള്ള സൂചന നീളുമ്പോള്‍ എം.പിമാരില്‍ പകുതി പേര്‍ക്കും ഡല്‍ഹി മടുത്തുകഴിഞ്ഞു. നിയമസഭാ സീറ്റ് തേടി ചിലര്‍ യാത്ര തുടങ്ങിക്കഴിഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന തരൂരിനെ എന്തുവിലകൊടുത്തും ലോക്സഭയിലേക്ക് തന്നെ അയക്കാന്‍ നേതൃത്വം കൊണ്ടുപിടിച്ചു ശ്രമിക്കും കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയെ ലോക്സഭയിലെത്തിക്കാന്‍ കാണിച്ച മുല്ലപ്പള്ളിയുടെ വെമ്പല്‍ ആരും മറന്നിട്ടുണ്ടാവില്ല. അതിന്റെ ആവര്‍ത്തനവും വൈകാതെ നടക്കും. തരൂര്‍ നയം വ്യക്തമാക്കി കഴിഞ്ഞു. ആലോചിച്ചുറപ്പിച്ചുള്ള നീക്കമാണ് നടക്കുന്നത്. കേവലം ഒരു എം.കെ രാഘവന്റെ മാത്രം ബുദ്ധിയില്‍ വിരിഞ്ഞതല്ല ഈ നീക്കങ്ങളൊക്കെ.
തരൂരിന്റെ ലക്ഷ്യം മുഖ്യമന്ത്രി കസേരയാണ്. അത് കണ്ടറിഞ്ഞാണ് സതീശനും സംഘവും സമാന്തര നീക്കം എന്ന പരിച ഉയര്‍ത്തി നേരിടാന്‍ നോക്കിയത്. അത് ദുര്‍ബലമായതോടെ തത്കാലം അവഗണിക്കലായി തന്ത്രം. എന്നാലും ഈ ചോദ്യം വൈകാതെ അവര്‍ അഭിമുഖീകരിക്കേണ്ടി വരും. തരൂര്‍ ഒരു വോട്ടുബാങ്കായി നിലയുറപ്പിക്കും. സമുദായങ്ങളുടെ സമ്മര്‍ദം ഉറപ്പ്. തരൂരാണോ സതീശനാണോ നയിക്കുക എന്ന് പറയാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും.
കൂട്ടായ നേതൃത്വം എന്ന ഫോര്‍മുലയില്‍ ചിലപ്പോള്‍ ഒതുങ്ങില്ല കാര്യങ്ങള്‍. താക്കോല്‍ സ്ഥാനമാണ്. രാഷ്ട്രീയ കളികള്‍ ഏറെ ബാക്കിയുണ്ട്. അതുകൊണ്ട് അധികാരത്തിലേക്ക് എത്താനുള്ള പൂട്ട് തുറക്കാനാകുമോ എന്നത് വേറെ കാര്യം. അതോ കോണ്‍ഗ്രസ് തരൂരിനെ കൈവിടുമോ...
Content Highlights: Shashi Tharoor, kerala politics
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..