-
താലിബാന് അഫ്ഗാനിസ്താന്റെ നിയന്ത്രണമേറ്റെടുത്തതോടെ ഭീതിയിലാണ് രാജ്യത്തെ സ്ത്രീകള്‍.ആരോടും പ്രതികാരം ചെയ്യില്ലെന്നും സ്ത്രീകളോട് വിവേചനം ഉണ്ടാകില്ലെന്നും താലിബാന്‍ വ്യക്തമാക്കിയെങ്കിലും തൊണ്ണൂറുകളില്‍ താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയപ്പോള്‍ നേരിട്ട ദുരനുഭവങ്ങളേല്‍പ്പിച്ച മുറിവുകള്‍ പലരുടെയും മനസ്സിലുണ്ട്. ബുര്‍ഖ മാത്രം ധരിക്കണം, പുരുഷന്മാരുടെ അകമ്പടിയോടെ മാത്രമേ പുറത്തിറങ്ങാവൂ തുടങ്ങി വിദ്യാഭ്യാസമുള്‍പ്പടെയുളള അടിസ്ഥാന ആവശ്യങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിച്ചവരാണ് താലിബാന്‍. തങ്ങളുടെ കല്പനകളെ എതിര്‍ക്കുന്നവരെ, ലംഘിക്കുന്നവരെ പൊതുസ്ഥലത്ത് പരസ്യമായി ശിക്ഷിക്കും. പലപ്പോഴും ചാട്ടവാറടിയായിരിക്കും ശിക്ഷ. സ്ത്രീകളെ വെറും ലൈംഗിക അടിമകളായി മാത്രം കാണുന്ന താലിബാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വീണ്ടും കൂച്ചുവിലങ്ങിടുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. ആ ഇരുണ്ടകാലത്തേക്ക് മടങ്ങിപ്പോകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഹെറാത്ത് പ്രൊവിന്‍ഷ്യന്‍ കൗണ്‍സില്‍ മുന്‍ അംഗവും സ്ത്രീ അവകാശ പ്രവര്‍ത്തകയുമായ അഫ്ഗാന്‍ സ്വദേശി ഫാത്തിമ ജഫാരിയുടെ ലേഖനം അഫ്ഗാന്‍ സ്ത്രീകള്‍ക്ക് വേണ്ടത് ലോകത്തിന്റെ പിന്തുണ മാത്രമാണെന്ന് പറയുന്നു. അഫ്ഗാന്‍ സ്ത്രീകളുടെ ശബ്ദമാകാന്‍ ലോകം തയ്യാറാകണമെന്നും ഭീതിതമായ ഇക്കാലത്ത് തങ്ങളെ ഒറ്റപ്പെടുത്തരുതെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു.
ഒരിക്കല്‍ക്കൂടി, അഫ്ഗാനിസ്താന് താലിബാന്റെ കൈകളിലായിരിക്കുന്നു. അഫ്ഗാനിസ്താനില്‍ ഒരു ഇസ്ലാമിക് സ്റ്റേറ്റ് കെട്ടിപ്പടുക്കുകയെന്നുളളതാണ് താലിബാന്റെ അജണ്ട. നേരത്തേ അഫ്ഗാനിസ്താന്‍ പിടിച്ചടക്കിയപ്പോഴുണ്ടായ താലിബാന്റെ ക്രൂരതകളില്‍നിന്ന് ഇപ്പോഴും അഫ്ഗാന്‍ ജനത മോചിതരായിട്ടില്ല- കിരാതമായ വധശിക്ഷകള്‍, സ്ത്രീകളുടെ അവകാശലംഘനങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍- എല്ലാം ഇസ്ലാമിന്റെ പേരിലായിരുന്നു.
ഇന്ന്, അഫ്ഗാന്‍ ഭീതിയുടെ ചുഴിയിലാണ്, തീവ്രനിരാശയിലാണ്, വിവരിക്കാനാകാത്ത മനഃക്ലേശത്തിലാണ്. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയ ദിവസം താലിബാന്‍ ഭരണത്തെ കുറിച്ചുളള ഭയത്തില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. അവളുടെ വീട് കഴിഞ്ഞിരുന്നത് അവളുടെ വരുമാനത്തിലായിരുന്നു.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി അന്താരാഷ്ട്ര സമൂഹം നമ്മുടെ രാജ്യത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തതായി ഞങ്ങള്‍ അഫ്ഗാനിസ്താനിലെ സ്ത്രീകള്‍ സമ്മതിക്കുന്നു. സര്‍ക്കാര്‍ കെട്ടിപ്പടുക്കുന്നതിനും അഫ്ഗാനിസ്താനിലെ തീവ്രവാദ സംഘങ്ങള്‍ക്കെതിരേ പൊരുതുന്നതിന് വേണ്ടി അഫ്ഗാന്‍ ദേശീയസേനയെ സജ്ജമാക്കുന്നതിന് വേണ്ടിയും കോടിക്കണക്കിന് രൂപയാണ് ചെലവ് ചെയ്തത്.
ഞങ്ങള്‍ക്ക് വേണ്ടി അവര്‍ പോരാടി. അവരുടെ ത്യാഗങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങള്‍ക്കതെല്ലാം അറിയാം, അതിലെല്ലാം വളരെധികം നന്ദിയുളളവരുമാണ്. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ അഴിമതിക്കെതിരേ പോരാടുന്നതിലും ലോകത്തിന്റെ വിശ്വാസം നേടുന്നതിലും പരാജയപ്പെട്ടു. ഞങ്ങള്‍ക്കറിയാം സര്‍ക്കാര്‍ സത്യസന്ധരായിരുന്നില്ലെന്നും ഞങ്ങളെ താലിബാന് വിട്ടുകൊടുത്ത് പോയെന്നും. എന്നാല്‍ ഏറ്റവും മോശമായ ഈ സമയത്ത് ലോകം ഞങ്ങളെ ഒറ്റയ്ക്കാക്കരുത്, ഇപ്പോഴാണ് ഞങ്ങള്‍ക്ക് ഏറ്റവുമധികം സഹായം വേണ്ടത്.
ഇപ്പോള്‍, ഞങ്ങള്‍, അഫ്ഗാന്‍ സ്ത്രീകള്‍ അന്ധകാരത്തിനെതിരായ ഞങ്ങളുടെ പോരാട്ടം ലളിതമായി അവസാനിപ്പിക്കില്ല കാരണം ആ കറുത്ത ദിനങ്ങളിലേക്കുളള തിരിച്ചുപോക്ക് ഞങ്ങള്‍ നിരസിക്കുകയാണ്. പക്ഷേ അതിന് ഞങ്ങള്‍ക്ക് ലോകത്തിന്റെ പിന്തുണ ആവശ്യമുണ്ട്. ഈ സമയത്ത് നിങ്ങളോട് ഞങ്ങള്‍ പണമല്ല ആവശ്യപ്പെടുന്നത്, ഞങ്ങള്‍ക്ക് വേണ്ടി പൊരുതണമെന്നല്ല ആവശ്യപ്പെടുന്നത്, ഞങ്ങളാഗ്രഹിക്കുന്നത് ഞങ്ങളെ നിങ്ങള്‍ വിശ്വസിക്കണമെന്നുമാത്രമാണ്. നിങ്ങള്‍ ഞങ്ങളുടെ ശബ്ദമാകണമെന്ന് ആഗ്രഹിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിന് താലിബാനെ സമ്മര്‍ദ്ദത്തിലാക്കണമെന്ന് നിങ്ങളുടെ സര്‍ക്കാരുകളോട് നിങ്ങള്‍ ആവശ്യപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. താലിബാനോട് മനുഷ്യാവകാശങ്ങളെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും ബഹുമാനിക്കണമെന്നാവശ്യപ്പെടണം.
അന്താരാഷ്ട്ര അംഗീകാരമില്ലാതെ താലിബാന് അതിജീവിക്കാനാവില്ല. അഫ്ഗാനിസ്താനെ ഭരിക്കണമെങ്കില്‍ അന്താരാഷ്ട്ര പിന്തുണ അവര്‍ക്കാവശ്യമാണ്. അഫ്ഗാനിസ്താനിലെ നിഷ്‌കളങ്കരായ ജനങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിനുളള അവസരമായി ലോകം ഈ അവസരത്തെ ഉപയോഗിക്കണം.
ഞങ്ങളുടെ അവകാശങ്ങള്‍ക്കായി ഞങ്ങള്‍ പോരാടും തോക്കുകൊണ്ടല്ല, മറിച്ച് ഞങ്ങളുടെ ഹൃദയം കൊണ്ട്. ഞങ്ങള്‍ വിജയിക്കും. മാധ്യമങ്ങളില്‍ ഞങ്ങളുടെ സാന്നിധ്യമറിയിച്ചുകൊണ്ട്, കാബൂളിലെയും ഹെരാത്തിലെയും തെരുവുകളില്‍ പ്രകടനം നടത്തിക്കൊണ്ട് തീവ്രവാദത്തിനെതിരായ ഞങ്ങളുടെ പോരാട്ടം ഞങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. പക്ഷേ ഞങ്ങള്‍ക്ക് ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് എല്ലാ പിന്തുണയും ആവശ്യമുണ്ട്.
ചുരുക്കത്തില്‍, നീതി നടപ്പാക്കുന്നതിനായി, ജനങ്ങളെ കണ്ണടച്ച് കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുന്നതിന് വേണ്ടി, വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടി ആരോഗ്യവും അഫ്ഗാനിസ്താനിലെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും വേണ്ടി ഞങ്ങള്‍ക്ക് തീര്‍ച്ചയായും സമാധാനം വേണ്ടതുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയില്ലാതെ, മനുഷ്യാവകാശങ്ങളുടെ തത്വങ്ങളും, സമാധാനത്തിനുളള വ്യവസ്ഥകളും ലംഘിക്കുന്ന സംഘങ്ങളുടെ ശിക്ഷയും നടപടികളും ഗൗരവത്തോടെ നിരീക്ഷിക്കാതെ ഉചിതമായ സുസ്ഥിരമായ സമാധാനം അഫ്ഗാനിസ്താന് നേടാനാകില്ല.
അഫ്ഗാന്‍ സ്ത്രീകളെന്ന നിലയില്‍, ഞങ്ങളുടെ അടുത്ത ഭരണഘടനാപരമായ നിയമത്തിന് രാഷ്ട്രീയപരമായും നിയമപരമായുമുളള പിന്തുണ വേണം, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ രാജ്യത്തെ തീവ്രവാദത്തിനെതിരേ, പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതികള്‍ക്കെതിരേ, നിതീകേടിനെതിരേ, അഴിമതിക്കെതിരേ, പോരാടുന്നതിന് ഞങ്ങള്‍ക്ക് നിയമപരമായ ഇടം വേണം, ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് പോലെ. സ്വന്തം ജീവിതം അഭിമാനത്തോടെ ജീവിക്കുന്നതിന് വേണ്ടി വിനീതമായി ഞാന്‍ നിങ്ങളുടെ പിന്തുണ അഭ്യര്‍ഥിക്കുന്നു.
ലേഖിക ഹെറാത്ത് പ്രൊവിന്‍ഷ്യന്‍ കൗണ്‍സില്‍ മുന്‍ അംഗവും സ്ത്രീ അവകാശ പ്രവര്‍ത്തകയുമാണ്
പരിഭാഷ - രമ്യ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..