സ്വാതന്ത്ര്യവും തുല്യതയും നേടിത്തന്ന സമര ചരിത്ര വഴികളെ മറക്കാതിരിക്കാം


വി.ഡി സതീശന്‍

2 min read
Read later
Print
Share

വൈക്കം സത്യാഗ്രഹം സ്മാരക ഹാൾ

നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സത്യഗ്രഹ സമരവും അതുണ്ടാക്കിയ സാമൂഹിക ചലനങ്ങളും അണയാ ജ്വാലയായി, നിത്യ പ്രചോദനമായി, ദീപ്ത സ്മരണയായി തുടരുന്നു. അയിത്തത്തിനെതിരെ നടന്ന ചരിത്രപരമായ പോരാട്ടമാണ് വൈക്കം സത്യഗ്രഹം. വൈക്കം മഹാദേവ ക്ഷേത്ര മതില്‍ക്കെട്ടിന്ചുറ്റുമുള്ള പൊതുനിരത്തുകളില്‍ 'അവര്‍ണ'രെന്ന് മുദ്രകുത്തി, നൂറ്റാണ്ടുകളായി മാറ്റിനിര്‍ത്തപ്പെട്ട സാധാരണക്കായ മനുഷ്യര്‍ക്ക് വേണ്ടി നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ വിജയകരമായ പരിസമാപ്തിയിലാണ് തീണ്ടല്‍പ്പലക വലിച്ചെറിയപ്പെട്ടത്. കോണ്‍ഗ്രസിന്റെ ത്യാഗോജ്ജ്വല സമര ചരിത്രത്തിലെ ഏറ്റവും മഹത്തരമായ ഒരേടാണ് വൈക്കം സത്യഗ്രഹം.

കോണ്‍ഗ്രസ് നേതൃനിരയിലെ ശക്തനും നിത്യ സ്മരണീയനുമായ വ്യക്തിത്വമാണ് ടി.കെ മാധവന്‍. അദ്ദേഹവും ഗാന്ധിജിയുമായി 1921 ല്‍ നടന്ന കൂടിക്കാഴ്ചയാണ് രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെയാകെ അവകാശ പോരാട്ടങ്ങളുടെ ആദ്യ കാല്‍വെയ്പായ വൈക്കം സത്യഗ്രഹ സമരത്തിലേക്ക് നയിച്ചത്. സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമായി 1923-ലെ കക്കിനട കോണ്‍ഗ്രസ് സമ്മേളനത്തില്‍ ടി.കെ മാധവനാണ് അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ച് പാര്‍ട്ടിയുടെ അംഗീകാരം നേടിയത്. തുടര്‍ന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി കാര്യപരിപാടി തയാറാക്കുകയും പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റികളോട് അയിത്തോച്ചാടനത്തിനായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

1924 ജനുവരിയില്‍ എറണാകുളത്ത് അയിത്തോച്ചാടന പ്രചരണ കമ്മിറ്റി രൂപീകരിച്ചു. മഹാത്മ ഗാന്ധിയുടെ അനുമതിയോടെ 1924 മാര്‍ച്ച് 30ന് വൈക്കം സത്യഗ്രഹം ആരംഭിച്ചു. 603 ദിനങ്ങള്‍ നീണ്ടു നിന്നതായിരുന്നു ഈ സമരം. അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സമരമായിരുന്നു അത്. ക്ഷേത്ര പ്രവേശനമെന്ന വന്‍സാമൂഹിക മുന്നേറ്റത്തിനാണ് വൈക്കത്ത് തുടക്കമായത്. ടി.കെ മാധവനൊപ്പം കെ. കേളപ്പന്‍, കെ.പി കേശവമേനോന്‍, ബാരിസ്റ്റര്‍ എ.കെ പിള്ള എന്നിവരും മുന്‍നിരയില്‍ നിന്നു. സി. രാജഗോപാലാചാരി, ആചാര്യ വിനോബ ഭാവെ, ഇ.വി രാമസ്വാമി നായ്ക്കര്‍ എന്നീ ദേശീയ നേതാക്കള്‍ വൈക്കത്തെത്തി. മന്നത്തു പദ്മനാഭന്‍ നയിച്ച സവര്‍ണ ജാഥ സമരഗതിക്ക് വന്‍ കുതിപ്പ് പകര്‍ന്നു.

ഗാന്ധിജിയുടെ പിന്തുണയും കോണ്‍ഗ്രസിന്റെ അടിയുറച്ച നയസമീപനവും സഹന സമരമെന്ന രാഷ്ട്രീയ ആയുധത്തിന്റെ ശക്തിയും ആയിരമായിരം സമര ഭടന്‍മാരുടെ ത്യാഗവും ഒറ്റ ജ്വാലയായി ഉയര്‍ന്നു, അത് നാടാകെ പടര്‍ന്നു. ഹൃദയങ്ങള്‍ സമത്വത്തിന്റെ തിരിതെളിച്ചു. ജാതിവെറിയുടെ ഇരയായ ചിറ്റേടത്തു ശങ്കുപ്പിള്ളയെന്ന ധീര രക്തസാക്ഷിക്ക് ആയിരം പ്രണാമം.

1924 ല്‍ സത്യഗ്രഹ സ്ഥലത്ത് ശ്രീനാരയണ ഗുരുദേവനെത്തി. 1925 മാര്‍ച്ചില്‍ മഹാത്മജി വൈക്കത്ത് എത്തി. ആധുനിക ഭാരത്തിലെ ഏറ്റവും വലിയ രണ്ടു മഹാത്മാക്കളുടെ പാദസ്പര്‍ശത്തിലൂടെ വൈക്കത്ത് നൂറ്റാണ്ടുകളായി ആട്ടിയിട്ടുറപ്പിച്ച അനാചാരം മാത്രമല്ല മനസുകളിലെ ഇരുട്ടും മാറി. തീണ്ടല്‍പ്പലക വിലിച്ചറിഞ്ഞ ആ സമര വിജയമാണ് ആധുനിക കേരളത്തെയും ക്ഷേത്ര പ്രവേശനമെന്ന മഹത്തായ തീരുമാനത്തെയും സൃഷ്ടിച്ചതും ഉറപ്പിച്ചതും നിലനിര്‍ത്തിയതും.

മാഹാത്മജിയെ ശ്രീ നാരായണ ഗുരുവിനെ വിനോബ ഭാവെയെ ടി.കെ മാധവനെ കെ.കേളപ്പനെ മന്നത്ത് പത്മനാഭനെ കെ.പി കേശവമേനോനെ അവര്‍ക്കൊപ്പം അണിനിരന്ന പതിനായിരങ്ങളെ നമുക്ക് നന്ദിയോടെ പ്രണമിക്കാം. അവര്‍ തെളിച്ച പാതയാണ് കേരളത്തിന്റെ എല്ലാ മുന്നേറ്റങ്ങള്‍ക്കും അടിസ്ഥാനം. അവരുടെ പോരാട്ടമാണ് ഊര്‍ജം.

ഉജ്ജ്വലമായ ആ പോരാട്ടവീര്യവും സഹന സമര പാരമ്പര്യവും രാജ്യത്തെ വിഴുങ്ങുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരായ പോരാട്ടത്തിലും നമുക്ക് കരുത്താകണം. വൈക്കത്തുയര്‍ന്ന തീജ്ജ്വാലയുടെ കെടാത്ത ശതവര്‍ഷങ്ങളെ സാക്ഷിയാക്കി നമുക്ക് പ്രതിജ്ഞ ചെയ്യണം. ഇന്ത്യക്കായി, ജനാധിപത്യത്തിനായി, തുല്യതക്കായി, സ്വാതന്ത്യത്തിനായി, അക്ഷീണം അണുകിട വിട്ടുകൊടുക്കാതെ ഞങ്ങള്‍ പോരാടും. അതാണ് ഈ നാട് ഈ അവസരത്തില്‍ ആവശ്യപ്പെടുന്നത്.

'ഒരു അനീതി എവിടെ സംഭവിച്ചാലും അത് എല്ലായിടത്തെയും നീതിക്ക് നേരെയുള്ള കടന്നാക്രമണമാണ്..' ഈ വാക്കുകള്‍ വൈക്കത്തെ സമരത്തിന്റെ അന്തസത്ത ഉള്‍പേറുന്നതാണെന്ന് മാത്രമല്ല ഇന്നത്തെ ഇന്ത്യയുടെ പൊള്ളുന്ന യാഥാര്‍ഥ്യത്തിന്റെ നേര്‍ചിത്രവുമാണ്. സ്വാതന്ത്ര്യവും തുല്യതയും ജനാധിപത്യവും നേടിത്തന്ന സമര ചരിത്ര വഴികളെ നമുക്ക് മറക്കാതിരിക്കാം, സമകാലിക ഇന്ത്യ ആ സമരവഴികള്‍ ആവശ്യപ്പെടുന്നുണ്ട്.

Content Highlights: vaikom satyagraha-vd satheesan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented