യുണൈറ്റഡ് നേഷൻസ് ഓഫ് ഇന്ത്യ അഥവാ മമതയാകട്ടെ എ.ഐ.സി.സി. പ്രസിഡന്റ്


ബിജു സി.പി.മമത ബാനർജി | Photo: ANI

എതിരാളികളിൽനിന്ന് എന്നല്ല, നീചന്മാരിൽനിന്ന് ആയാൽപോലും കാര്യങ്ങൾ പഠിക്കണമെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട് ചാണക്യൻ. നീചാദ്യപ്യുത്തമം വിദ്യാം എന്നാണ് നിർദേശം. കൊള്ളാവുന്നതാണെന്നു തോന്നിയാൽ സ്വീകരിച്ചേക്കണം. കൊല്ലം രണ്ടായിത്തി നാനൂറു കഴിഞ്ഞെങ്കിലും രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളിൽ ഇന്നും ചാണക്യനാണല്ലോ നമ്മുടെ കൾട്ട് ഫിഗർ.

അഞ്ചെട്ടു കൊല്ലം മുമ്പ്, 2014 കാലത്താണ് സംഘപരിവാറിലെ പല വിഭാഗങ്ങളും ഘർവാപസി ആഘോഷമാക്കിയത്. അത് നല്ലൊരു പാഠമാക്കാവുന്നതാണ് കോൺഗ്രസിന്. സ്വീകരിക്കാനായാൽ അവർക്കു കൊള്ളാം! അല്ലാതെന്തു പറയാൻ! നീ നന്നായാൽ നിനക്കു കൊള്ളാം എന്നാണല്ലോ പ്രമാണം! കോൺഗ്രസിൽ നിന്ന് വിട്ടു പോയവരെ കോൺഗ്രസിലേക്കു തിരികെ കൊണ്ടു പോകുന്ന ഒരു ഘർവാപസി! ഓ എന്തു നല്ല നടക്കാത്ത സ്വപ്നം എന്ന് പണ്ടത്തെ ശ്രീനിവാസൻ സിനിമാമട്ടിൽ ചമ്മിയൊരു ചിരി ചിരിക്കാനേ കോൺഗ്രസ് നേതാക്കൾക്ക് താത്പര്യമുണ്ടാവൂ.പണ്ടത്തെ കോൺഗ്രസ് അങ്ങനെയായിരുന്നല്ലോ. കുറേ പേർ വിട്ടു പോയാൽ ഉള്ളിൽ നിൽക്കുന്നവർക്ക് കൂടുതൽ സ്‌പെയ്‌സ് കിട്ടുമായിരുന്നു. ഇപ്പോൾ ഭ.ജ.പായുടെ സ്ഥിതി ഏതാണ്ട് അങ്ങനെ ആയിട്ടുണ്ട്. അത് അധികാരത്തിന്റെ കാന്തശക്തിയാണ്. ഒരു ന്യൂട്ടോണിയൻ പൊളിറ്റിക്കൽ ഫിലോസഫി പറയാനാണെങ്കിൽ രാഷ്ട്രീയം തൊഴിലാക്കിയവരെ എപ്പോഴും അധികാരം അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിച്ചു കൊണ്ടേയിരിക്കും. സിംപിളാണത്. ഭയങ്കര പവറുമാണ്.

വിട്ടുപോയ കൂട്ടരെയെല്ലാം കോൺഗ്രസിലേക്ക് തിരികെ കൂട്ടുക എളുപ്പമല്ല. ബാലഗംഗാധാര തിലകനും ഉറ്റമിത്രം മുഹമ്മദലി ജിന്നയും ഇ.എം.എസും എ.കെ.ജിയും ഒക്കെ കോൺഗ്രസിൽനിന്ന് വിട്ടുപോയവരാണല്ലോ. തൽക്കാലം വിട്ടുകളയാം പഴങ്കഥകൾ. ഇപ്പോൾ, ഘർവാപസിക്കാര്യം നോക്കാം!

കോൺഗ്രസിലേക്കാണെങ്കിലും ഘർ വാപസിക്കും വേണം ചില നിബന്ധനകൾ. അധികാരത്തിന്റെ ഗുരുത്വാകർഷണബലത്തിൽ പെട്ട് പാർട്ടി വിട്ട് നേരേ ചെന്ന് ഭ.ജ.പായിൽ മാർഗം കൂടിയവരെ ഉടനെ തിരികെ കൂട്ടിയേക്കരുത്. അതിൽ ശകലം ഒരു അനീതിയുണ്ട്. ഒച്ച വേറിട്ടു കേൾപ്പിച്ചു നിൽക്കുവോരെ ആദരവോടെ കൂട്ടി തിരികെ കൊണ്ടുപോയി അഗ്രാസനം നൽകണം. അതാണ് വേണ്ടത്.

ഇപ്പോൾ പ്രധാനമായും മൂന്നു പേരാണ് അതിൽ. പടിഞ്ഞാറ് ശരത് പവാർ, കിഴക്ക് മമത, തെക്കായി ജഗൻ മോഹൻ. പിളർന്നു മാറി വലുതായവരാണ് മൂവരും. അതിൽ ശരത് പവാറിന്റെ മഹാരാഷ്ട്രയിൽ മാത്രമല്ലേ പരിഗണിക്കാൻ മാത്രം കുറച്ച് കോൺഗ്രസുകാർ വേറേയായി ഉള്ളൂ. യു.പിയിലെക്കാൾ ഭേദമാണെങ്കിലും ബംഗാളിലും ആന്ധ്രയിലും കോൺഗ്രസിൽ ചില നേതാക്കന്മാരും അങ്ങിങ്ങ് ചില നെടുവീർപ്പുകളും മാത്രമേ ബാക്കിയുള്ളൂ. അതു കൊണ്ട് പ്രദേശ് കോൺഗ്രസുകളെ ജഗന്റെയും മമതയുടെയും പക്കൽ ഏൽപ്പിച്ചു കൊടുക്കുന്നതു കൊണ്ട് വലിയ പ്രശ്‌നമൊന്നും ഉണ്ടാകാൻ പോകുന്നില്ല. മഹാരാഷ്ട്രയിൽ കാര്യം അങ്ങനെയല്ല. കുറച്ച് കോൺഗ്രസുകാർ ഇപ്പോളും ബാക്കിയുണ്ട്. അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാവുന്നയാൾ ശരത് പവാർ തന്നെ ആയിരിക്കും!

പവാറുമായിട്ടു മാത്രമേ നല്ലൊരു ഡീൽ ഉണ്ടാക്കേണ്ടതായി വരികയുള്ളൂ. അത് ശകലം ഒരു ടഫ് ഗെയിം ആയിരിക്കും. സംഗതി ശരിയാണ്, ഉദ്ധവ് താക്കറേ ശിവസേനക്കാരനാണ്. കോൺഗ്രസും എൻ.സി.പിയും വീണ്ടും ഒന്നിച്ചാൽ ശിവസേനയ്ക്ക് ക്ഷീണമാകുമെന്നതും ശരി. എന്നാലും കണ്ടേടത്തോളം നമ്പാവുന്ന കക്ഷിയാണ് ഉദ്ധവ് താക്കറേ. രാജദ്വാരേ ശ്മശാനേ ച യസ്തിഷ്ഠതി സ ബാന്ധവഃ - രാജമാളികയിലായിരിക്കുമ്പോഴും ശ്മശാനത്തിലായിരിക്കുമ്പോളും കൂടെ നിൽക്കുന്നവനാണ് യഥാർഥ ബന്ധു-എന്ന ചാണക്യലക്ഷണം പാലിക്കുന്നുണ്ടല്ലോ ഉദ്ധവ് താക്കറേ. പവാറുമായുള്ള ടഫ് ഗെയിം സ്മൂത്ത് ആക്കാൻ ഉദ്ധവിന്റെ സഹായം തേടുന്നത് ഗുണമേ ചെയ്യൂ. ഈ മൂന്ന് ഇടങ്ങളിൽ ഘർവാപസി നടത്താനായി കഴിഞ്ഞാൽ തമിഴ്‌നാട്ടിലൊക്കെ ചില പൊട്ടും പൊടിയും തനിയെ തിരികെ കോൺഗ്രസിലേക്ക് എത്തിയെന്നും വരാം.

തെലങ്കാനയിൽ ഇപ്പോൾ ചന്ദ്രശേഖർ റാവുവിനുള്ളതു പോലെ ഒരു സമ്പൂർണ സർവാധിപത്യം ഒരു കാലത്ത് വിശാല ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടിക്ക് ഉണ്ടായിരുന്നതാണ്. ആ തെലുങ്കുദേശം പാർട്ടി ഇപ്പോൾ യു.പിയിലെ കോൺഗ്രസിനെപ്പോലെ ഉപ്പ് വെച്ച കലം ആയിട്ടുണ്ട്. എന്നാൽ, തെലങ്കാനയിലെ കോൺഗ്രസ് പാർട്ടിക്ക് എം.എൽ.എമാരൊക്കെ കുറവാണെങ്കിലും സ്ഥിതി താരതമ്യേന ഭേദം തന്നെയാണ്.

പാർട്ടിയുടെ പെർഫോമൻസ് അത്ര മോശമൊന്നുമല്ല എന്നൊക്കെ പറയാമെങ്കിലും പിടിച്ചുകയറാൻ ബുദ്ധിമുട്ടുള്ള ഒരിടമാണ് പഞ്ചാബ്. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലൊക്കെ എ.എ.പിയുമായി ധാരണയിലെത്താതെ വഴിയില്ല. അതിനു പറ്റുന്ന പി.സി.സികൾ രൂപ്പെടുത്തുകയേ തൽക്കാലം നിലവൃത്തിയുണ്ടാവൂ. എ.എ.പിയോടു ചേരുന്നതുകൊണ്ട് വാസ്തവത്തിൽ കോൺഗ്രസിന് നഷ്ടമൊന്നുമില്ല. ഡൽഹിയിലൊക്കെയുള്ള ചില നേതാക്കളെ 'അക്കോമഡേറ്റ്' ചെയ്യുന്ന പ്രശ്‌നമേ ഉണ്ടാവൂ. ഒരു പാൻ ഇന്ത്യൻ അർബൻ മിഡിൽക്ലാസ്സിനു മുന്നിൽ എ.എ.പി.-കോൺഗ്രസ് ചങ്ങാത്തം കോൺഗ്രസിന് ഗുണമാവുകയല്ലേ ഉള്ളൂ.

ഗതേ ശോകോ ന കർത്തവ്യോ ഭവിഷ്യം നൈവ ചിന്തയേത്
വർത്തമാനേഷു കാര്യേഷു വർത്തയന്തി വിചക്ഷണാം

എന്നും പറഞ്ഞിട്ടുണ്ട് ചാണക്യൻ.
കഴിഞ്ഞ കാലത്തെ (മണ്ടത്തരങ്ങളെ) ഓർത്ത് വിഷമിച്ചിട്ടും ഭാവികാലത്തെ (നടക്കില്ലെന്നു പേടിക്കുന്ന സ്വപ്നങ്ങളെ) ആലോചിച്ചിട്ടും മനസ്സ് വിഷമിക്കരുത്. ഇന്ന് ചെയ്യാനുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിലാവണം ബുദ്ധിമാന്റെ ശ്രദ്ധ.

ഭ.ജ.പാ. ഒരു പ്രധാനഘടകമല്ലാത്ത മറ്റൊരു വലിയ സംസ്ഥാനമാണ് ഒഡിഷ. 2024 ആകുമ്പോഴേക്ക് നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദൾ ഭരണം അവിടെ സിൽവർ ജൂബിലിയിലേക്ക് എത്തും. സഞ്ജയ് ഗാന്ധിയുടെ ക്ലാസ്‌മേറ്റ് ആയിരുന്ന നവീൻ പട്‌നായിക്കിന്റെ പാർട്ടി ഒരു തരത്തിൽ പറഞ്ഞാൽ കോൺഗ്രസിന്റെ ഒരു ഒഡീഷിയൻ പതിപ്പാണ്. ഒരു നേതൃകുടുംബത്തിനു ചുറ്റുമുള്ള ഒരാൾക്കൂട്ടം. കലിംഗം പണ്ടേ, ഭാരത വർഷത്തിൽ നിന്ന് ഒന്നു വേറിട്ട ഒരു നിലയാണല്ലോ കൈക്കൊള്ളാറ്. 55 - 60 ശതമാനം വോട്ടു വിഹിതത്തിന് ഇപ്പോളും ഒരാക്ഷേപവുമില്ലാത്ത ബി.ജെ.ഡി. തൽക്കാലം അവിടെ മറ്റാരെയും ഗൗനിക്കാനിടയില്ല. അധികാരത്തിന്റെ ഗുരുത്വബലം മൂലം കേന്ദ്രത്തിലേക്കുള്ള ആകർഷണത്താൽ അച്ചുതണ്ട് അല്പം വലത്തോട്ടു ചെരിഞ്ഞ് അങ്ങനെ നിൽക്കുമെന്നേ ഉള്ളൂ.

തീവ്ര ദേശീയതാവാദം പട്‌നായിക്കുമാർക്ക് ഉള്ളതാണ്. അതു പക്ഷേ, ഒരു കലിംഗ ദേശീയതയാണ്. ഒരു തരത്തിൽ, മതം കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ശിവസേനയുടേതും ശകലം തീവ്രത കൂടുതലുള്ള മറാത്താ ദേശീയവാദമാണല്ലോ. അത്തരം വിവിധ ദേശീയതകളുടെ ഒരു യൂണിയനാണ് ഇന്ത്യ എന്നാണല്ലോ കോൺഗ്രസും ഭരണഘടനയുമൊക്കെ പറയുന്നത്. ദേശീയതകളുടെ ലോക്കൽ തീവ്രങ്ങളെ വഴക്കി മെരുക്കി നിർത്തുന്നത് നെഹ്രുവിന്റെ കാലം മുതലേ വലിയ പരിപാടിയായിരുന്നു. ഇന്ന് തീരെ കേൾക്കാനില്ലാത്ത ആ പരിപാടിയാകുന്നു ദേശീയോദ്ഗ്രഥനം.

നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ആധുനിക ഇന്ത്യ സൃഷ്ടിച്ചതിനു സമാന്തരമായ ഒരു നിലയായിരുന്നു കോൺഗ്രസിനും ഉണ്ടായിരുന്നത്. കേന്ദ്രത്തിൽ നെഹ്രു കുടംബവും ചുറ്റും കുറേ ആളുകളും. ഓരോ സംസ്ഥാനത്തും തനിക്കു താൻപോന്ന നാട്ടുകോൺഗ്രസുകളും. അങ്ങനെ ഒരുപാട് നാട്ടുകോൺഗ്രസുകളുടെ ഒരു ഫെഡറേഷനായിരുന്നല്ലോ എ.ഐ.സി.സി.

ആധുനിക ഇന്ത്യ പണിതൊരുക്കുന്ന പണിപ്പാടുകൾക്കിടയിൽ അത്തരം ചില കാര്യങ്ങളിൽ നെഹ്രുവിനും അംബേദ്കറിനുമൊക്കെ ഒരു പിഴവു പറ്റിയിട്ടുണ്ട്. നെഹ്രുവിന്റെ ക്യാപ്റ്റൻ പദവി റദ്ദു ചെയ്യണമെന്ന് സംഘകുടുംബം അതി ആഗ്രഹം പുലർത്തുന്നത് ആ ക്യാപ്റ്റൻസിയിൽ രാഷ്ട്രനിർമാണം നടത്തിയ മെത്തഡോളജിയോടുള്ള കടുത്ത എതിർപ്പു കൊണ്ട് കൂടിയാണ്. നെഹ്രുവിന്റെ രീതിശാസ്ത്രം പാശ്ചാത്യ ആധുനികതയുടേത് ആയിരുന്നല്ലോ. സംഘത്തിനു വേണ്ടതാകട്ടെ പൗരസ്ത്യ പൗരാണികതയും. അതിനാൽ നെഹ്രുവിന്റെ കാര്യം മാത്രം പറയണമെന്ന് നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളതിനാൽ അംബേദ്കറെയും പട്ടേലിനെയുമൊന്നും ഭ.ജ.പാ. നേതാക്കൾ കുറ്റം പറയാറില്ലെന്നേ ഉള്ളൂ.

ഗാന്ധിവധം ശാരീരികം മാത്രമായിപ്പോയതിന്റെ പാളിച്ചയിൽനിന്ന് പാഠം പഠിച്ചവർ നെഹ്രുവധം ആശയപരമായിരിക്കാൻ ആസൂത്രണം ചെയ്തിട്ടുണ്ട്. നമ്മൾ പറഞ്ഞ വീഴ്ച നെഹ്രു ഉൾപ്പെടെ അന്നത്തെ നേതാക്കൾ എല്ലാവരുടേതുമാണ്. ഒരു പാട് ജനപദങ്ങളെ ചേർത്തും കോർത്തും ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച എക്‌സിക്യൂട്ടീവ് സ്റ്റേറ്റ് പിന്നീട് ഒരുപാട് പൊളിഞ്ഞും ചേർന്നും പലപാട് മാറിയെങ്കിലും, ഒരിക്കലും ഒരു നേഷൻ സ്റ്റേറ്റ് -ദേശരാഷ്ട്രം- ആയില്ല. എക്കാലത്തും ഇന്ത്യ ദേശീയതകളുടെ ഒരു സമാഹാരമായിരുന്നു. ആണ്.

സ്വാതന്ത്ര്യം കിട്ടിയ കാലത്ത് വിദേശരാജ്യമോ രാജ്യങ്ങളുടെ ഭാഗമോ ഒക്കെ ആയിരുന്ന ചില കുഞ്ഞുദേശീയതകളും പിന്നീട് ഇന്ത്യൻ യൂണിയനിലേക്ക് ചേർന്നിട്ടുണ്ടല്ലോ. വിവിധ ദേശീയതകളുടെ സമാഹാരമാണ് ഇന്ത്യ എന്നൊക്കെ അഭിമാനത്തോടെ പറയുകയും നാനാത്വത്തിൽ ഏകത്വം കണ്ടു പിടിക്കുകയുമൊക്കെ ചെയ്‌തെങ്കിലും ഒരൊറ്റ പേരിടൽ കൊണ്ട് ചിരസ്ഥായിയാക്കാമായിരുന്ന ആ നാനാത്വമുറപ്പിക്കലിനുള്ള അവസരം കളഞ്ഞു കുളിച്ചതാണ് നെഹ്രുവും ടീമും ചെയ്ത മണ്ടത്തരം.

യുണൈറ്റഡ് നേഷൻസ് ഓഫ് ഇന്ത്യ എന്നായിരുന്നു 1947-ലെ ആ പുതിയ രാജ്യത്തിന് പേരിടേണ്ടിയിരുന്നത്. പക്ഷേ, ബ്രിട്ടീഷ് മോഡലുകളോടുള്ള കടുത്ത ആഭിമുഖ്യം കാരണം യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്ന അമേരിക്കൻ മോഡൽ അവർ അറബിക്കടലിലേക്ക് പോലും അടുപ്പിച്ചില്ല. കാര്യം വേണ്ടപ്പെട്ടയിടങ്ങളിലൊക്കെ പറഞ്ഞും എഴുതിയും വെച്ചിട്ടുണ്ടെങ്കിലും യുണൈറ്റഡ് നേഷൻസ് ഓഫ് ഇന്ത്യ എന്ന ആ പവൻമാറ്റ് പേര് സ്ഥാപിച്ചെടുക്കാൻ ഇനിയത്ര എളുപ്പമല്ല.

ഒരു പേരിൽ എന്തിരിക്കുന്നു എന്നൊക്കെ സാഹിത്യക്കാർ പറയും. അവർക്ക് അങ്ങനെ ചുമ്മാ കുത്തിയിരുന്നങ്ങു പറഞ്ഞാൽ മതിയല്ലോ! പേര് അങ്ങനെയായിരുന്നെങ്കിൽ രാജ്യത്തെക്കുറിച്ചുള്ള സങ്കല്പനം തന്നെ മറ്റൊന്നാകുമായിരുന്നു. ആ! അതൊക്കെ ഇനി പറഞ്ഞിട്ടെന്തു കാര്യം. നെഹ്രുവിന്റെ പോയ ബുദ്ധി ഇനി പിടിച്ചാൽ കിട്ടുമോ! ഗതം ഗതം സർവമുപേക്ഷണീയം (പോനാൽ പോഹട്ടും പോടാ!) എന്ന് പറഞ്ഞത് ചാണക്യനല്ലെങ്കിലും വഴി വേറെയില്ലല്ലോ!

പേരിൽ അങ്ങനെയല്ലെങ്കിലും കാര്യത്തിൽ അങ്ങനെയായിരുന്ന യുണൈറ്റഡ് നേഷൻസ് ഓഫ് ഇന്ത്യയിൽ ദേശീയോദ്ഗ്രഥനം വലിയ പരിപാടിയായിരുന്നു പണ്ട്. തെക്കും വടക്കും നടുക്കും കിഴക്കും പടിഞ്ഞാറുമൊക്കെയുള്ള ലോക്കൽ തീവ്രദേശീയതകളെ ഒരു സമന്വയത്തിൽ വഴക്കി നിർത്തുന്ന പരിപാടി. പലത് എന്നൊരു പരിപാടിയേ ഇല്ല. എല്ലാം 'ഒരൊറ്റ' മതി എന്നും രാജ്യമാകെ ഒരൊറ്റ ദേശീയതയിലേക്ക് മുറ്റി വരികയാണു വേണ്ടതെന്നും പറയുമ്പോൾ തെറിച്ചും മുഴച്ചും പൊടിച്ചുമൊക്കെ നിൽക്കുന്ന കൊമ്പും തളിരും കായുമൊക്കെ ചെത്തിയരിഞ്ഞു നിരപ്പാക്കുകയാണ് വേണ്ടത് എന്നാവും. ചെത്തലും അരിയലും പൊളിക്കലും ചതയ്ക്കലുമാകും രാഷ്ട്രനിർമാണം.

ദേശീയതകളുടെ ഫെഡറേഷനായ ഇന്ത്യയിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ കോൺഫെഡറേഷനായേ എ.ഐ.സി.സിക്ക് നിലനിൽക്കാനാവൂ. ഒരു തരത്തിൽ പറഞ്ഞാൽ, അസോസിയേഷൻ ഓഫ് ഇന്ത്യൻ കോൺഗ്രസ് കമ്മിറ്റീസ് കൂടിയാണ് എ.ഐ.സി.സി. നാട്ടുരാജ്യങ്ങളുടെ മികവാണ് മൊത്തരാജ്യത്തിന്റെ മികവാകുക. ആ ഘടനയേ ഘടന നിങ്ങളുടെ. നാട്ടുകോൺഗ്രസുകൾക്ക് മികവുണ്ടെങ്കിലേ മൊത്തക്കോൺഗ്രസിനും അതുണ്ടാവൂ. മുകളിൽ ഒരു ബൈൻഡിങ് ഫോഴ്സ് ആയി നിൽക്കുകയേ വേണ്ടൂ നെഹ്രു കുടുംബം. കാര്യങ്ങൾ നടത്താൻ പ്രാപ്തിയുള്ളവരെ അതിന് ചുമതലപ്പെടുത്തി ചുമ്മാ ആ ബൈൻഡിങ് ഫോഴ്സ് ആയി മാറി നിൽക്കുക. ആർജിച്ച സമ്പത്തുകളെ രക്ഷിച്ചു നിർത്താനുള്ള ഒരേയൊരു വഴി അവയെ ത്യജിക്കലാണെന്നും പറഞ്ഞിട്ടുണ്ട് ചാണക്യൻ. എങ്ങനെയെന്നാൽ, തടാകത്തിലെ ജലം ചെറിയ നീർച്ചാലുകളിലൂടെ ഒഴുക്കി വിടുന്നതു പോലെ. ഉപാർജിതാനാം അർഥാനാം ത്യാഗ ഏവ ഹി രക്ഷണം. തടാകോദര സംസ്ഥാനാം പരീവാഹ ഇവാംഭസഃ.

ശരിയാണ് ശശി തരൂരും മല്ലികാർജുൻ ഖാർഗെയും ദിഗ്‌വിജയ് സിങ്ങും മുകുൾ വാസ്‌നിക്കും ജയറാം രമേഷും കമൽനാഥും ഒക്കെ ഒക്കെ നല്ല കോൺഗ്രസുകാരാണ്. മികച്ച മതേതര നിലപാടുള്ളവർ. ആധുനിക ഇന്ത്യയെക്കുറിച്ചും ദേശീയോദ്ഗ്രഥനം എന്ന ആശയത്തെക്കുറിച്ചുമൊക്കെ മികച്ച ബോധ്യമുള്ളവർ. എന്നാൽ, ഇപ്പോൾ രാജ്യമാകെ കോൺഗ്രസിന് ഒരു വീര്യം പകരാൻ മമത ബാനർജിയെപ്പോലൊരു നേതാവാണ് വേണ്ടത്. വീറിനു വീറ്, നാട്ടിൽ പിന്തുണ, സീനിയോറിറ്റി പാകത്തിന,് സ്ത്രീയാണെന്ന വലിയ മേന്മ, ലളിതജീവിതം ഉന്നത ചിന്ത തുടങ്ങി തൽക്കാലം അത്യാവശ്യമുള്ള ഗുണങ്ങൾ ഒരുവിധമൊക്കെ ഒത്തു ചേർന്നിട്ടുള്ള ഒരു നേതാവിനെ കാണണമെങ്കിൽ ചെല്ലുവിൻ ഭവാന്മാരാ ദീദിതൻ നികടത്തിൽ.

എ.ഐ.സി.സി. പ്രസിഡന്റായി മമതയെ തറവാട്ടിലേക്ക് തിരികെ എത്തിക്കാൻ കോൺഗ്രസുകാർക്ക് കഴിയുമോ! ജഗൻ മോഹനെയും ശരത് പവാറിനെയുമൊക്കെ വിളിച്ച് വിളിപ്പുറത്ത് വരുത്താൻ! എങ്കിൽ, കാശ്മീരിലെ ഗുലാം നബിയുടെ ഡെമോക്രാറ്റിക് ആസാദ് പാർട്ടിയും ഒരു നാട്ടുകോൺഗ്രസായി പടയൊരുക്കി പാളയത്തിലേക്കു വന്നേക്കും.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ പ്രസിഡന്റ് വന്നിട്ട് അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരമായി നടത്തിയാലും മതി. അതായിരിക്കും കൂടുതൽ നന്നാവുക. യുദ്ധത്തിന് നിരവധി പേർ വേണമെന്ന് പണ്ട് ചാണക്യൻ പഠിപ്പിട്ടുണ്ട്- ബഹുഭിർ രണഃ എന്ന്. ആളെക്കൂട്ടാൻ ഘർവാപസിയല്ലാതെ വേറെ വഴിയൊന്നും തൽക്കാലം ഇല്ല. ആ ഘർവാപസിയാകട്ടെ ദ നേഷൻ വാണ്ട്സ് ഇറ്റ് ടു ഹാപ്പെൻ... ആണ്!

കോൺഗ്രസ് ഒരു തരത്തിൽ പറഞ്ഞാൽ കാടു പോലെയാണ്. കാടിന് ചില പൊതുനയങ്ങൾ ഉണ്ടെന്നേയുള്ളൂ. ചട്ടങ്ങളും ചിട്ടകളും നിയമങ്ങളുമില്ല. ഒരു പരസ്പരലയത്തിൽ അങ്ങനെയങ്ങു നിൽക്കും. ഔഷധവൃഷങ്ങളും വിഷച്ചെടികളും വളരും. മാളങ്ങളിൽ മുയലും മൂർഖനും വാഴും. തീയും വരൾച്ചയും കൈയേറ്റങ്ങളും കെടുത്തിക്കളയും കാടിനെ. വനനശീകരണവും കൈയേറ്റങ്ങളും വല്ലാതെ വ്യാപകമായിട്ടുണ്ട് ഇപ്പോൾ. തീയും വരൾച്ചയും രൂക്ഷം. അവിടവിടെ ചില മരങ്ങളും പടർപ്പുകളും മാത്രമായി ചുരുങ്ങിപ്പോയി കാട്. ചില മാളങ്ങളിൽ പതുങ്ങിക്കിടക്കുന്ന സിംഹങ്ങൾ കാട്ടിലെ രാജാക്കന്മാരാണെന്ന് കഥപ്പുസ്തകങ്ങളിലുണ്ടെന്നേയുള്ളൂ. പ്രായം ചെന്ന് കണ്ണു മങ്ങി പല്ലുകൊഴിഞ്ഞ് ദുർബലൻ അങ്കിളിനെപ്പോലെയായ സിംഹങ്ങളെ ഒരു കുറുനരിയും ഒരു മുയലും പേടിക്കില്ല, മാനിക്കില്ല.

ജീര്യന്തേ ജീര്യതഃ കേശാ ദന്താഃ ജീര്യന്തി ജീര്യതഃ
ജീര്യതശ്ചക്ഷുഷീശ്രോത തൃഷ്‌ണൈകാ തരുണായതേ

എന്ന് ചാണക്യൻ.
മുടിയും പല്ലും കൊഴിഞ്ഞ് കണ്ണും ചെവിയും മങ്ങിയാലും തൃഷ്ണ തരുണാവസ്ഥയിൽ നിൽക്കും എന്ന്.

മറ്റെല്ലാറ്റിലും ജരാനരകൾ ബാധിച്ചാലും ഇച്ഛയിൽ താരുണ്യമുണ്ടെങ്കിൽ അത് നിശ്ചയദാർഢ്യമേകും. ഇച്ഛാതരുണന്മാർക്കേ ലക്ഷ്യപ്രാപ്തിയുള്ളൂ. പലേടങ്ങളിലും മരുവൽക്കരണം വന്നെങ്കിലും കാടിന്റെ പരപ്പ് ഇപ്പോഴും ബാക്കിയുണ്ട്. മഴ കൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകൾ പലതുണ്ട് മണ്ണിൻ മനസ്സിൽ. ആ മഴകൾ പെയ്യുമോ, പെയ്യിക്കാനാവുമോ എന്നതാണ് ക്വിന്റൽ കനമുള്ള ചോദ്യം. ഇച്ഛയ്‌ക്കൊത്ത വഴി ലക്ഷ്യപ്രാപ്തിയിലേക്ക് മുന്നേറാനുള്ള ഗട്‌സ് ഉണ്ടാവുമോ എന്നതാണ് ആ ചോദ്യത്തിന്റെ സാരാംശം.

Content Highlights: AICC, Mamata Banerjee, Congress President, Bengal CM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented