'കോവിഡ് കാലത്തുപോലും ധനസഹായത്തിന് മടിച്ച മറ്റു സംസ്ഥാനങ്ങളുടെ നയം കേരളം പിന്തുടരണോ?'


ഡോ.ടി.എം. തോമസ് ഐസക്

ധനഉത്തരവാദിത്വനിയമങ്ങളെ പൊളിച്ചെഴുതണം. വിദ്യാഭ്യാസ, ആരോഗ്യച്ചെലവുകള്‍ നിക്ഷേപച്ചെലവുകളായി കണക്കാക്കണം. വികസനോന്മുഖ ധനനയമാണ് വേണ്ടത്

പ്രതീകാത്മക ചിത്രം | Photo: PTI

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്സഭയിലെ ഉപധനാഭ്യര്‍ഥനകള്‍ക്കു മറുപടി പറഞ്ഞുകൊണ്ട് ഞെട്ടിക്കുന്ന ഒരു വിവരം വെളിപ്പെടുത്തി. നവംബര്‍ 30-ന് എല്ലാ സംസ്ഥാനങ്ങള്‍ക്കുംകൂടി ട്രഷറിയില്‍ ചെലവഴിക്കാതെ മിച്ചമായി 3.08 ലക്ഷംകോടി രൂപയുണ്ടായിരുന്നു. 28 സംസ്ഥാനങ്ങളില്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കുമാത്രമേ ട്രഷറിയില്‍ പണം ഇല്ലാത്തതുകൊണ്ട് റിസര്‍വ് ബാങ്കില്‍നിന്ന് കൈവായ്പ അഥവാ വേസ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് എടുക്കേണ്ടിവന്നുള്ളൂ.

ഈ സംസ്ഥാനങ്ങളുടെ പേരു പറഞ്ഞില്ലെങ്കിലും അതിലൊന്ന് കേരളമാണെന്ന് നിസ്സംശയം പറയാം. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം കേരളം പിന്തുടര്‍ന്ന ധനനയം ജനങ്ങളെ സഹായിക്കുന്നതിനു പരമാവധി പണം ചെലവഴിക്കുക എന്നുള്ളതാണ്. അപൂര്‍വം ദിവസങ്ങളില്‍ മാത്രമേ, കേരളത്തിന്റെ ട്രഷറിയില്‍ ചെലവഴിക്കാതെ പണം മിച്ചമായി ഇരുന്നിട്ടുള്ളൂ.

ധന ഉത്തരവാദിത്വനിയമം

കേന്ദ്രത്തിന്റെ നിര്‍ബന്ധത്തിനുവഴങ്ങി എല്ലാ സംസ്ഥാനങ്ങളും ധന ഉത്തരവാദിത്വനിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. അതുപ്രകാരം ധനക്കമ്മി സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനത്തില്‍ അധികമാകരുത്. വായ്പയെടുക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അനുവാദം വേണമെന്നുള്ളതുകൊണ്ട് ഈ നിബന്ധന പാലിക്കാതെ നിര്‍വാഹമില്ല. ഏതെങ്കിലും ഒരുവര്‍ഷം പരിധിയില്‍ക്കവിഞ്ഞ് വായ്പ എടുത്തെന്നിരിക്കട്ടെ, അത് പിറ്റേവര്‍ഷത്തെ അനുവദനീയവായ്പയില്‍ തട്ടിക്കിഴിക്കും. രണ്ടാം നിബന്ധന റവന്യൂക്കമ്മി പൂജ്യം ആക്കണമെന്നതാണ്. റവന്യൂ വരുമാനത്തെക്കാള്‍ കൂടുതല്‍ റവന്യൂച്ചെലവ് പാടില്ല. അഥവാ വായ്പയെടുക്കുന്ന പണംകൊണ്ട് ശമ്പളവും പെന്‍ഷനും ക്ഷേമപ്രവര്‍ത്തനവും പാടില്ല.

ഈ രണ്ടാം നിബന്ധന നമുക്കു സ്വീകാര്യമല്ല. കാരണം, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ വലിയതുക വര്‍ഷംതോറും നമ്മള്‍ ചെലവഴിക്കുന്നു. ഇതു വേണ്ടെന്നു വെക്കാനാവില്ല. ഈ ചെലവ് റവന്യൂച്ചെലവായിട്ടാണു കേന്ദ്രം പറയുന്നത്. നമ്മള്‍ അതിനെ മാനവവിഭവ വികസനത്തിനുള്ള നിക്ഷേപമായിട്ടാണു കാണുന്നത്.

ട്രഷറി മിച്ച പ്രതിഭാസം

ധന ഉത്തരവാദിത്വ നിയമങ്ങള്‍ പാസാക്കിയതിനുശേഷമാണ് ട്രഷറിയില്‍ മിച്ചം പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. വായ്പയെടുത്ത പണം ട്രഷറിയില്‍ കിടന്നാലും റവന്യൂച്ചെലവുകള്‍ക്കുവേണ്ടി ഉപയോഗിക്കാനാവില്ല. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും ഈ നിയമം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ പട്ടിണിയിലാകാം, രോഗികളാകാം, പരമദരിദ്രരാകാം അവയൊന്നും പ്രശ്‌നമല്ല. പ്രശ്‌നം കേന്ദ്രം അടിച്ചേല്‍പ്പിച്ച നിയമം പാലിക്കുകയാണ്.

അങ്ങനെ, 2005 ആയപ്പോഴേക്കും ട്രഷറികളില്‍ 50,000 കോടിരൂപ മിച്ചമുണ്ടായിരുന്നു. 2015 ആയപ്പോഴേക്കും അത് 1.50 ലക്ഷംകോടി രൂപയായി. 2021 മാര്‍ച്ചില്‍ അത് 2.5 ലക്ഷംകോടി രൂപയായി. ഇപ്പോള്‍ കേന്ദ്ര ധനമന്ത്രി പറയുന്നു, മൂന്നുലക്ഷംകോടി രൂപ കവിഞ്ഞെന്ന്. കോവിഡ്കാലത്തെ ഇന്ത്യയിലെ ജനങ്ങളുടെ ദയനീയാവസ്ഥ ഞാന്‍ വിശദീകരിക്കേണ്ടല്ലോ. എന്നാലും, കേന്ദ്രം അനുവദിച്ച വായ്പയില്‍നിന്ന് ഇതിനു പണം ചെലവഴിക്കുന്നില്ല.

വിവിധ സംസ്ഥാനങ്ങളുടെ നില

2021-ല്‍ പണം ചെലവാക്കാതെ ഓരോ സംസ്ഥാനവും ട്രഷറിയില്‍ എത്ര മിച്ചംവെച്ചെന്നു വിശദീകരിക്കാന്‍ കേന്ദ്രമന്ത്രി തയ്യാറായില്ല. അതുകൊണ്ട് ഊഹിക്കുകയേ നിര്‍വാഹമുള്ളൂ. റിസര്‍വ് ബാങ്ക് കോവിഡിനു തൊട്ടുമുമ്പുള്ള വര്‍ഷത്തെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപ്രകാരം ബിഹാര്‍ 17,390 കോടി രൂപയും യു.പി. 19,880 കോടി രൂപയും മധ്യപ്രദേശ് 11,280 കോടി രൂപയും ഉത്തരാഖണ്ഡ് 19,880 കോടി രൂപയും രാജസ്ഥാന്‍ 5807 കോടി രൂപയും ട്രഷറിയില്‍ മിച്ചമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. മഹാരാഷ്ട്രപോലുള്ള സമ്പന്നസംസ്ഥാനങ്ങളും പിന്നിലല്ല. അവരുടെ മിച്ചം 14,119 കോടി രൂപയാണ്. പശ്ചിമബംഗാളിന് 13,170 കോടി രൂപയും.

മിച്ചം പണം എന്തുചെയ്യുന്നു?

ഇങ്ങനെ ട്രഷറിയില്‍ മിച്ചംവരുന്ന പണം റിസര്‍വ് ബാങ്ക് ഇന്ത്യാ സര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുവേണ്ടി നിക്ഷേപിക്കുന്നു. 14 ദിവസമാണ് സാധാരണഗതിയില്‍ ഈ സെക്യൂരിറ്റികളുടെ കാലാവധി. ഇപ്പോള്‍ 3.75 ശതമാനം പലിശ ലഭിക്കും. ട്രഷറിയില്‍ കിടന്നാല്‍ അതില്‍നിന്ന് ഒരു വരുമാനവും ഉണ്ടാവില്ലല്ലോ. അതുകൊണ്ട് റിസര്‍വ് ബാങ്ക് ചെയ്യുന്നതിനോട് ആര്‍ക്കും എതിര്‍പ്പുമില്ല.

എന്നാല്‍, ഇങ്ങനെ ചെലവാക്കാതെ മിച്ചംവെക്കുന്നത് കമ്പോളത്തില്‍നിന്ന് വായ്പയായി എടുക്കുന്ന പണമാണല്ലോ. ഇതും നമ്മള്‍ പറയുന്നതനുസരിച്ച് റിസര്‍വ് ബാങ്കാണ് ടെന്‍ഡര്‍ വിളിച്ച്, പലിശ നിശ്ചയിച്ച് വായ്പയെടുത്തുതരുന്നത്. ഇതിനിപ്പോള്‍ ശരാശരി 7.5 ശതമാനം പലിശ സംസ്ഥാനങ്ങള്‍ നല്‍കേണ്ടിവരുന്നുണ്ട്. ഇങ്ങനെ 7.5 ശതമാനം പലിശയ്‌ക്കെടുത്ത പണമാണ് കേന്ദ്രസര്‍ക്കാരിന് 3.75 ശതമാനം പലിശയ്ക്കു തിരിച്ചുനല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വായ്പയെടുക്കലിന് സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡി നല്‍കുന്ന ഒരേര്‍പ്പാടാണ് ഇതെന്ന് വേണമെങ്കില്‍ പറയാം.

പതിയിരിക്കുന്ന അപകടം

വായ്പയെടുത്ത പണം മൂലധനച്ചെലവിനേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണല്ലോ പ്രമാണം. എന്നാല്‍, ടെന്‍ഡര്‍ വിളിച്ചുകൊടുത്ത നിര്‍മാണപ്രവൃത്തികളുടെ ബില്ലുകള്‍ വരുമ്പോഴല്ലേ മൂലധനച്ചെലവ് നടത്താനാകൂ. അതുകൊണ്ടാണ് ഈ പണം ചെലവഴിക്കാനാവാതെ ട്രഷറിയില്‍ മിച്ചം വരുന്നത്. ഇങ്ങനെ തുടര്‍ച്ചയായി വരുമ്പോള്‍ തത്കാലം വായ്പയെടുക്കുന്നതു കുറയ്ക്കാനാണ് പല സംസ്ഥാനസര്‍ക്കാരുകളും തീരുമാനിക്കുക. അതുകൊണ്ട് അനുവദനീയമായ മൂന്നുശതമാനം വായ്പപോലും പലരും എടുക്കുന്നില്ല. 2005-'06നും 2014-'15നും ഇടയില്‍ മൂന്നു ശതമാനത്തിനുപകരം 1.9 ശതമാനംമുതല്‍ 2.6 ശതമാനംവരെ മാത്രമേ എല്ലാ സംസ്ഥാനങ്ങളുംകൂടി വായ്പ എടുത്തുള്ളൂ. ഇവിടെയും കേരളത്തിന്റെ നിലപാട് വ്യത്യസ്തമാണ്. അനുവദനീയമായ വായ്പ മുഴുവന്‍ എടുക്കുകയും അവ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ നിക്ഷേപത്തിനും പശ്ചാത്തലസൗകര്യങ്ങള്‍ക്കുംവേണ്ടി മുതല്‍മുടക്കുകയും ചെയ്യുക എന്നതാണു നയം.

സംസ്ഥാനങ്ങള്‍ വായ്പ പൂര്‍ണമായി ഉപയോഗിക്കാത്തത് ചൂണ്ടിക്കാണിച്ച് ധനഉത്തരവാദിത്വ നിയമം റിവ്യൂ ചെയ്യുന്നതിനു നിയോഗിച്ച എന്‍.കെ. സിങ് കമ്മിറ്റി സംസ്ഥാനങ്ങളുടെ വായ്പപ്പരിധി മൂന്നുശതമാനത്തില്‍നിന്ന് 1.75 ശതമാനമായി കുറയ്ക്കണമെന്ന് നിര്‍ദേശിച്ചു. ഇദ്ദേഹംതന്നെയായിരുന്നു 15-ാം ധനകാര്യ കമ്മിഷന്റെ ചെയര്‍മാനായി നിയോഗിക്കപ്പെട്ടത്. തന്റെ കമ്മിറ്റിയുടെ നിര്‍ദേശം ധനകാര്യ കമ്മിഷന്റെ തീര്‍പ്പായിട്ട് അദ്ദേഹം കൊണ്ടുവരുമെന്ന് ഭയപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍, കോവിഡ് അത്തരമൊരു അജന്‍ഡ നീട്ടിവെക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതരാക്കി.

ആശ്വാസകരമായ സ്ഥിതിവിശേഷമോ

ഏതായാലും കേന്ദ്ര ധനമന്ത്രി സംസ്ഥാനങ്ങളുടെ സാമ്പത്തികനില വളരെ ആശ്വാസകരമായ സ്ഥിതിയിലാണെന്ന നിഗമനത്തിലാണ് ലോക്സഭയില്‍ എത്തിച്ചേര്‍ന്നത്. കേന്ദ്രസര്‍ക്കാരാണെങ്കില്‍ ധനഉത്തരവാദിത്വ നിയമത്തിനൊന്നും വലിയ വില കല്പിക്കാറില്ല. കേന്ദ്രത്തിന്റെ ധനക്കമ്മി 2000-ങ്ങളില്‍ ആറു ശതമാനത്തിനും 3.5 ശതമാനത്തിനും ഇടയ്ക്കായിരുന്നു. റവന്യൂക്കമ്മിയാവട്ടെ, 4.5 ശതമാനത്തിനും 2.1 ശതമാനത്തിനും ഇടയ്ക്കായിരുന്നു. എന്നാലും സാമ്പത്തിക അച്ചടക്കത്തിന്റെ കുതിരകയറ്റം സംസ്ഥാനങ്ങളുടെ മേലാണ്.

കേരളത്തിന്റെ ശരിയായ നയം

കേരളത്തിന്റെ റവന്യൂക്കമ്മി കടവും എല്ലാം ചൂണ്ടിക്കാണിച്ച് ഇവിടെയാകെ കുഴപ്പമാണെന്നു വ്യാഖ്യാനിക്കുന്ന ചില പണ്ഡിതരും രാഷ്ട്രീയക്കാരും ഉണ്ട്. കോവിഡ് കാലത്തുപോലും കൈയിലുള്ള പണം പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കാത്ത മറ്റു സംസ്ഥാനസര്‍ക്കാരുകളുടെ നയമാണോ കേരളത്തില്‍ പിന്തുടരേണ്ടത്? ധന ഉത്തരവാദിത്വനിയമങ്ങളെ പൊളിച്ചെഴുതണം. വിദ്യാഭ്യാസ, ആരോഗ്യച്ചെലവുകള്‍ നിക്ഷേപച്ചെലവുകളായി കണക്കാക്കണം. പശ്ചാത്തലസൗകര്യ നിര്‍മാണത്തിനുവേണ്ടി അധികവായ്പ എടുക്കാനുള്ള അനുവാദം വേണം. ഇത്തരത്തിലുള്ള വികസനോന്മുഖ ധനനയമാണ് വേണ്ടത്.

Content Highlights: Thomas Isaac Column Dhanavicharam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented