മുറിവിൽ മുളകുതേക്കുന്നതരത്തിൽ അപവാദാക്രമണത്തിനുകൂടി ഇരയാക്കുന്ന ഭീകരത


പ്രതീകാത്മക ചിത്രം

റ്റവും ഹീനമായ കുറ്റകൃത്യമാണ് ലൈംഗികാതിക്രമമെന്ന് സമൂഹവും നീതിപീഠവും അംഗീകരിക്കുമ്പോൾത്തന്നെ അതിജീവിതകളോട് നീതിപൂർവം പെരുമാറുന്നില്ലെന്ന ആക്ഷേപം കൂടിവരുകയാണ്. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സംഭവങ്ങളിൽപ്പോലും നീതി അകലെയാകുമ്പോൾ, അറിയപ്പെടാത്ത കേസുകളിലെ സ്ഥിതി എത്രമാത്രം ഭീകരമാകും! ലൈംഗികാതിക്രമക്കേസുകളിലെ തെളിവെടുപ്പും വിചാരണയും വാദപ്രതിവാദവും അതിജീവിതയ്ക്ക് വീണ്ടും വീണ്ടും മാനക്ഷയമുണ്ടാക്കുകയും അവരെ വേദനിപ്പിക്കുകയും മടുപ്പിക്കുകയും ചെയ്യുന്നെന്നാണ് പ്രധാന ആക്ഷേപം. നീതിക്കുവേണ്ടിയുള്ള ശ്രമത്തിൽനിന്ന്, ഫലത്തിൽ പിന്തിരിപ്പിക്കുംവിധമാകുന്ന ഇത്തരം അനുഭവങ്ങളുടെ പരിച്ഛേദമാണ് അഞ്ചുദിവസമായി മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയ ‘നീതിദേവതേ കൺതുറക്കൂ’ എന്ന പരമ്പര.

അതിക്രമത്തിനുപുറമേ മുറിവിൽ മുളകുതേക്കുന്നതരത്തിൽ അപവാദാക്രമണത്തിനുകൂടി ഇരയാക്കുന്ന ഭീകരത ഇക്കാലത്തും നിലനിൽക്കുന്നു. ലൈംഗികാതിക്രമമുണ്ടായാൽ പരാതി നൽകുന്നത് അലോസരമായിക്കാണുന്ന പോലീസുദ്യോഗസ്ഥർപോലുമുണ്ട്. പരാതി കിട്ടിയാൽ ആശ്വസിപ്പിക്കുകയും അതിവേഗം അന്വേഷണത്തിന് നടപടി സ്വീകരിക്കുകയും ചെയ്യുന്നതിനുപകരം, കേസെടുത്താലുണ്ടാകുന്ന നൂലാമാലകളെക്കുറിച്ചുപറഞ്ഞ് പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യാതിരിക്കുകയോ വൈകിക്കുകയോ ചെയ്യുന്നതുമുതൽ തുടങ്ങുന്നു അനീതി. അന്വേഷണം പൂർത്തിയാക്കി തയ്യാറാക്കുന്ന കുറ്റപത്രം നിയമജ്ഞർ പരിശോധിച്ച് കുറ്റമറ്റതാക്കിയല്ല കോടതിയിൽ സമർപ്പിക്കുന്നത്. അതിജീവിതകൾക്കുവേണ്ടി കോടതിയിൽ ഹാജരാകുന്ന പ്രോസിക്യൂട്ടർമാർക്ക് കേസ് പഠിക്കുന്നതിലും ഇടപെടുന്നതിലും പരിമിതികളോ ന്യൂനതകളോ സംഭവിക്കുന്നതും പ്രതികൂലമാകുന്നു.

കോടതിയിൽ നടക്കുന്ന വിചാരണ രഹസ്യസ്വഭാവത്തോടെയാക്കുന്നത് അതിജീവിതമാരുടെ താത്‌പര്യം സംരക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്. എന്നാൽ, പ്രതിഭാഗം വക്കീലന്മാരുടെ ചോദ്യംചെയ്യൽ പലപ്പോഴും ഭേദ്യംചെയ്യുന്നതിന് തുല്യമാകുന്നു. അതിക്രമത്തിനിരയായവരെ വീണ്ടും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഈ ഭേദ്യങ്ങളെ പലപ്പോഴും തടയുന്നില്ലെന്നുമാത്രമല്ല, അതിജീവിതയാണെന്ന പരിഗണനപോലും ലഭിക്കുന്നില്ലെന്ന പരാതികളാണുയരുന്നത്. 15 ദിവസം രാവിലെമുതൽ വൈകീട്ടുവരെ പ്രതിഭാഗത്തെ ഏഴ് വക്കീലന്മാരുടെ ക്രോസിന് ഇരയായ ദുരനുഭവത്തെപ്പറ്റി ലൈംഗികാതിക്രമത്തിൽ അതിജീവിതയായ നടി തുറന്നുപറയുകയുണ്ടായി.

സത്യത്തിനുപിറകെയല്ല, തെളിവുഭാരത്തിനുപിറകെമാത്രം പോകുന്ന നീതിനിർവഹണസമ്പ്രദായമാണ് പ്രോസിക്യൂഷനിൽ എല്ലാ ഭാരവുമേറ്റുന്നത്. ഇതാണ് ഇത്തരം വിചാരണയുടെ മൗലികമായകുഴപ്പമെന്ന് നിയമജ്ഞർതന്നെ ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമക്കേസുകൾ ശരിയായി കൈകാര്യംചെയ്യുന്നതിന് അന്വേഷണവും കോടതിനടപടികളും കൂടുതൽ മാനുഷികവും സഹാനുഭൂതിയുള്ളതുമാകേണ്ടതുണ്ട്. ലൈംഗികപീഡനക്കേസുകളിൽ ഭൂരിഭാഗവും നിയമത്തിന്റെ പഴുതുകളിലൂടെ തള്ളിപ്പോകുന്നു. പഴുതടച്ച് കുറ്റവാളികൾക്ക് ശിക്ഷയുറപ്പാക്കാൻ കേസുമായി ബന്ധപ്പെടുന്ന പോലീസുദ്യോഗസ്ഥർക്കും പ്രോസിക്യൂട്ടർക്കും നീതിപീഠത്തിനുമൊക്കെ ഉത്തരവാദിത്വമുണ്ട്. സത്യം സാങ്കേതികത്വങ്ങളിൽ കുരുങ്ങി ഒടുങ്ങിപ്പോകാനുള്ളതല്ല. പോലീസും പ്രോസിക്യൂഷനും തമ്മിലുള്ള ഐക്യവും ഏകോപനവും ഇത്തരം കേസുകളിൽ പ്രധാനമാണ്. പല ജില്ലയിലും പോലീസ്-പ്രോസിക്യൂഷൻ യോഗങ്ങൾപോലും നടക്കാറില്ലെന്നതാണ് വസ്തുത. എന്തുകൊണ്ട് സ്ത്രീപീഡനക്കേസുകൾ കോടതിയിൽനിന്ന് തള്ളിപ്പോകുന്നെന്ന്‌ പരിശോധിക്കാൻ ഇത്തരം കൂടിയാലോചനകൾ ആവശ്യമാണ്.

കേസുകളിൽ വകുപ്പുകൾ ചേർക്കുന്നതിൽ പോലീസിന് അടിക്കടി സംഭവിക്കുന്ന പിഴവുകൾ നാണംകെടുത്തുകയാണ്‌. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പല വിദേശരാജ്യങ്ങളിലുമുള്ളതുപോലെ പോലീസിന്റെ ഭാഗമായി ലോ ഓഫീസർ തസ്തിക ഉണ്ടാക്കുന്ന കാര്യം ആലോചിക്കേണ്ടതാണ്. ഇതിനെക്കാളെല്ലാം പ്രധാനം അതിജീവിതകൾക്ക് ബന്ധുക്കളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയും സ്നേഹവുമാണ്. അവരുടെ കുറ്റംകൊണ്ടല്ല ആക്രമിക്കപ്പെട്ടതെന്നും അവരെ ചേർത്തുനിർത്തേണ്ടതും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടതും പൊതു ഉത്തരവാദിത്വമാണെന്ന ബോധമാണ്‌ ഉണ്ടാകേണ്ടത്. ലൈംഗികാതിക്രമം നേരിട്ടവരോട് ഐക്യദാർഢ്യം കാട്ടുന്നതിനുപകരം അവരെ ഇകഴ്ത്താൻ ശ്രമിക്കുന്ന മനോനിലയും കുറ്റകരമാണ്.

മാതൃഭൂമി മുഖപ്രസംഗം

Content Highlights: survivor friendly court rooms mathrubhumi editorial

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented